സ്വന്തം മണ്ണും ജീവിതവും വിട്ടുപോരേണ്ടിവന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിത്തെറിച്ച പലസ്തീൻ ജനതയുടെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി തുടരുന്ന പോരാട്ടത്തിന്റെ അണയാത്ത നെരിപ്പോടുകളാണ് മഹമ്മൂദ് ദാർവിഷിന്റെയും, സാമി അൽ ഖാസിമിന്റെയും കവിതകൾ. അഡോണിസെന്ന അലി അഹമ്മദ് സയ്യദ് ജനനം കൊണ്ട് സിറിയക്കാരനെങ്കിലും, അദ്ദേഹത്തിന്റെ കവിതകളിലും നിറയുന്നത് രാജ്യഭ്രഷ്ടന്റെ രാഷ്ട്രീയം തന്നെയാണ്.
ദാർവിഷിന്റെ കവിതകളിൽ നീറിപ്പുകയുന്നത്, പലായനത്തിന്റെയും പല കോണുകളിൽനിന്ന് നിരന്തരമായി വഞ്ചിക്കപ്പെടുന്ന പോരാട്ടത്തിന്റെയും എരിയുന്ന കനലുകളാണെങ്കിൽ, ചുരുങ്ങിയ വാക്കുകളും വരികളും കൊണ്ട് അഡോണിസ്, ഒരേസമയം തന്റെ കവിതയെയും രോഷത്തെയും ആളിക്കത്തിക്കുകയാണ് ചെയ്യുന്നത്. സാമിയാകട്ടെ, നിരന്തരമായ ഒരു ആത്മഭാഷണത്തിലൂടെ, ചിലപ്പോൾ ഒരു കറുത്ത ഫലിതത്തിലൂടെ തന്റെ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്യുന്നു.
മറ്റൊരു രാജ്യത്തിലേക്ക്
മഹമ്മൂദ് ദാർവിഷ് (1942-2008)
നമ്മൾ പോകുന്നു
നമ്മുടെ മാംസമല്ലാത്ത മറ്റൊരു രാജ്യത്തിലേക്ക്
നമ്മുടെ അസ്ഥികൾകൊണ്ട് നട്ടതല്ല
അവിടുത്തെ ചെസ്റ്റ്നട്ട് മരങ്ങൾ
നമ്മുടെ പർവ്വതഗീതങ്ങളിലെ ആടുകളല്ല
അവിടുത്ത കല്ലുകൾ
ആ കല്ലുകളുടെ കണ്ണുകളല്ല
അവിടുത്തെ
ലില്ലിപ്പൂക്കൾ
നമുക്കു വേണ്ടി മാത്രമായി ഉദിക്കാത്ത
ഒരു സൂര്യന്റെ നാട്ടിലേക്ക്
പുരാണങ്ങളിലെ സ്ത്രീകൾ നമ്മെ വിളിക്കുന്നു
നമുക്കുവേണ്ടിയും നമുക്കെതിരെയും ഒരു കടൽ
ഗോതമ്പും വെള്ളവും നിഷേധിക്കപ്പെട്ടാൽ
നിങ്ങൾ ഞങ്ങളുടെ സ്നേഹം ഭക്ഷിക്കുക,
ഞങ്ങളുടെ കണ്ണീർ കുടിക്കുക
കവികൾക്കുവേണ്ടി ഒരു കറുത്ത തൂവാല
വെണ്ണക്കല്ലുകളുടെ ഒരു വലിയ നിര
ഞങ്ങൾക്കുവേണ്ടി ശബ്ദമുയർത്തും
ഞങ്ങളുടെ ആത്മാവുകളിൽ
കാലത്തിന്റെ പൊടി പുരളാതിരിക്കാൻ
ഒരു മെതിനിലം.
നമുക്കുവേണ്ടിയും നമുക്കെതിരെയും റോസാപ്പൂക്കൾ
നിങ്ങൾക്കു നിങ്ങളുടെ വിജയം
ഞങ്ങൾക്കു ഞങ്ങളുടെയും
ഞങ്ങളുടെ രഹസ്യമൊഴിച്ച് മറ്റൊന്നും കാട്ടിത്തന്നിട്ടില്ലാത്ത രാജ്യം
വിജയം ഞങ്ങൾക്ക്
സ്വന്തം വീടൊഴിച്ച് മറ്റെല്ലാ വീടുകളിലേക്കും
ഞങ്ങളെ കൊണ്ടുചെന്നെത്തിക്കുന്ന
തേഞ്ഞുപോയ കാലുകളിൽ തീർത്ത് ഒരു സിംഹാസനം
ആത്മാവിന്റെ ആത്മാവിനെ
ആത്മാവിൽത്തന്നെ കണ്ടെത്തിയേ തീരൂ,
ഇല്ലെങ്കിൽ ഇവിടെത്തന്നെ മരിച്ചേ തീരൂ..
യാത്രാ ടിക്കറ്റുകൾ
സമി അൽ ഖാസിം (1930-)
എന്നെ നീ കൊല്ലുന്ന ദിവസം
എന്റെ കയ്യിൽ
യാത്രക്കുള്ള ഒരു ടിക്കറ്റ് കാണും
സമാധാനത്തിലേക്കുള്ള
ടിക്കറ്റുകൾ
പാടങ്ങളിലേക്കും മഴയിലേക്കും
മനുഷ്യരുടെ മനസ്സാക്ഷിയിലേക്കുമുള്ള
ടിക്കറ്റുകൾ
അവ പാഴാക്കരുതേ
പ്രവചനം
അഡോണിസ് (1930-)
സഹസ്രാബ്ദങ്ങൾ നീണ്ട നമ്മുടെ ഉറക്കം
അംഗഭംഗം വന്ന നമ്മുടെ
ചരിത്രത്തിൽനിന്ന്
നമ്മുടെ ജീവിതത്തിന്റെ ശവക്കല്ലറകളിൽ
അടക്കം ചെയ്യപ്പെട്ട രാജ്യത്തിലേക്ക്
അബോധമാക്കപ്പെട്ട, കൊലചെയ്യപ്പെട്ട രാജ്യത്തിലേക്ക്
അനുഷ്ഠാനങ്ങളൊന്നുമില്ലാതെ ഒരു സൂര്യൻ ഉണർന്ന്
മരുഭൂമികളുടെയും വെട്ടുകിളികളുടെയും
സമ്രാട്ടുമാരെ കൊല്ലുന്നു.
തര്‍ജ്ജനിയുടെ വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിത
5 comments:
നാടുനീങ്ങിയവരുടെ മൂന്നു കവിതകള്‍ - പരിഭാഷ
ഹാജ് അമീന്‍ അല്‍ ഹുസ്സൈനിയുടെ കവിതകളും ഉണ്ടാകുമോ എന്തോ?
ഉണ്ടാവും മുരളീ..തെറ്റുകളുടെയും ശരികളുടെയും ഭാഗത്തുനിന്നുകൊണ്ട് കവികളും കവിതകളും ഇപ്പോഴും ഉണ്ടാകുന്നില്ലേ അപ്പോള്‍ പുതിയ തന്ത്രങ്ങളുടെ കവിതകള്‍ ഹുസ്സൈനിമാരും, പുതിയ വംശീയ സങ്കല്‍പ്പങ്ങളുടെ ചിത്രങ്ങള്‍ ഹിറ്റ്‌ലര്‍മാരും രചിച്ചേക്കാം.
വലതുപക്ഷ വ്യതിയാനങ്ങള്‍ക്ക് ഇനിയും അവരെയും, അവയെയും എപ്പോഴും ആവശ്യവും വന്നേക്കും.
പക്ഷേ അപ്പോഴും ആത്മാവുകളില്‍
കാലത്തിന്റെ പൊടി പുരളാതിരിക്കാന്‍
ഒരു മെതിനിലം ചിലരുടെയെങ്കിലും മുറ്റങ്ങളിലും, സമാധാനത്തിലേക്കും മനുഷ്യരുടെ മനസ്സാക്ഷികളിലേക്കുമുള്ള യാത്രാടിക്കറ്റുകള്‍ ചിലരുടെ പോക്കറ്റുകളിലും തീര്‍ച്ചയായും കാണും.
അപ്പോ, എല്ലാം പറഞ്ഞപോലെ,
ഒരു തിരുത്തുണ്ടല്ലോ രാജീവ്? ‘അപ്പോള്‍ പുതിയ തന്ത്രങ്ങളുടെ കവിതകള്‍ ഹുസ്സൈനിമാരും, പുതിയ വംശീയ സങ്കല്‍പ്പങ്ങളുടെ ചിത്രങ്ങള്‍ ഹിറ്റ്‌ലര്‍മാരും രചിച്ചേക്കാം‘ എന്നത് ‘അപ്പോള്‍ പുതിയ തന്ത്രങ്ങളുടെ കവിതകള്‍ ഹുസ്സൈനിമാരും, പുതിയ വംശീയ സങ്കല്‍പ്പങ്ങളുടെ ചിത്രങ്ങള്‍ ഹിറ്റ്‌ലര്‍മാരും ഹുസ്സൈനിമാരും ചേര്‍ന്നും രചിച്ചേക്കാം‘ എന്നല്ലേ വേണ്ടത്?
എന്തായാലും ഹുസ്സൈനിയെക്കുറിച്ച് കേട്ടിട്ടുള്ള, അഥവാ കേട്ടിട്ടുണ്ടെന്ന് സമ്മതിക്കുവാന്‍ മടി കാണിക്കാത്ത ഒരു ഇടതുപക്ഷ പാലസ്റ്റീനിയന്‍ റൊമന്റിസിസ്റ്റിനെയെങ്കിലും കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ട്.
അങ്ങനെത്തന്നെ, എല്ലാം പറഞ്ഞപോലെ :)
rajeev chelanat
vaakkuklude chottilude natakan nalla rasam
Post a Comment