(ഇക്കോണമിക്ക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിലെ Staines Verdict എന്ന ലേഖനത്തിന്റെ പരിഭാഷ)
22 ജനുവരി 1999-ന് ഒറീസ്സയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ വെച്ച് ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ജീവനോടെ കത്തിച്ച് കൊന്ന കേസിലെ പ്രതിയായ ധാരാസിംഗിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചുകൊണ്ട് സുപ്രീം കോടതി ഇക്കഴിഞ്ഞ 21 ജനുവരിയിൽ വിധി പുറപ്പെടുവിച്ചു. “പാവപ്പെട്ട ഗോത്രവർഗ്ഗക്കാരെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന സ്റ്റെയിൻസിനെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു, ധാരാസിംഗിന്റെ ഉദ്ദേശ്യമെന്ന്” രേഖപ്പെടുത്താനും കോടതി മടിച്ചില്ല. ഈ പരമാർശം പിന്നീട് രേഖകളിൽനിന്ന് കോടതി തന്നെ സ്വമേധയാ നീക്കം ചെയ്തുവെങ്കിലും.
ഒറീസ്സയിലെ കിയോഞ്ചാര്‍ ജില്ലയിലെ കുഷ്ഠരോഗികൾക്കിടയിൽ 34 വർഷമായി സേവനം അനുഷ്ഠിച്ചിരുന്ന ഒരാളായിരുന്നു ഗ്രഹാം സ്റ്റെയിൻസ്. സ്റ്റെയിൻസിന്റെയും മക്കളുടെയും ദാരുണവധം ആളുകളെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെങ്കിലും, “നിർബന്ധിത മതപരിവർത്തനത്തിനെതിരെ ഉയർന്ന ഗോത്രവിഭാഗത്തിന്റെ രോഷം‘ എന്ന മട്ടിലാണ് ഹിന്ദുത്വശക്തികൾ അതിനെ ന്യായീകരിച്ചത്.. അങ്ങിനെയെങ്കിൽ, എന്തുകൊണ്ടാണ് ക്രിസ്ത്യൻ വിരുദ്ധ പ്രചരണം സംസ്ഥാനത്തു ശക്തിപ്രാപിക്കുകയും, ഭാരതീയ ജനതാ പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതുവരെയും, ഈ സൂചിപ്പിച്ച ഗോത്രവർഗ്ഗ രോഷം ദൃശ്യമാകാതിരുന്നത് എന്ന ചോദ്യത്തിനുമാത്രം ഒരു വിശദീകരണവും ഉണ്ടായില്ല.
ധാരാസിംഗിനെ ശിക്ഷിച്ചുവെങ്കിലും, ധാരാസിംഗിന്റെ ക്രിസ്ത്യൻ-മുസ്ലിം വിരുദ്ധ നിലപാടുകളെ തങ്ങളോ തങ്ങളുടെ പോഷകസംഘടനകളോ ഒരുതരത്തിലും പിന്തുണക്കുന്നില്ലെന്ന ഒരു ധാരണ നിലനിർത്തുന്നതിൽ സംഘപരിവാർ വിജയിച്ചിട്ടുണ്ട്. സ്റ്റെയിൻസിനെപ്പോലുള്ള മിഷണറിമാരുടെ നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ ഉയരുന്ന ജനരോഷം എന്ന പ്രചരണവും പച്ചപിടിക്കുന്നുണ്ട്. ഈ ധാരണയെ ബലപ്പെടുത്തുന്നതിനുമാത്രമേ സുപ്രീം കോടതിയുടെ വിധി സഹായിക്കുന്നുള്ളു.
1998-ൽ ഗുജറാത്തിലെ ഡാംഗ് ജില്ലയിൽ ക്രിസ്ത്യൻ ഗോത്രവർഗ്ഗക്കാർക്കെതിരെ രണ്ടാഴ്ചയോളം നടന്ന അക്രമത്തിനെയും ’നിർബന്ധിത മതപരിവർത്തനത്തിനെതിരെയുള്ള ജനരോഷം‘ എന്ന ന്യായം കൊണ്ടായിരുന്നു സംഘപരിവാർ നേതാക്കൾ സാധൂകരിച്ചത്. അക്രമം തുടങ്ങുന്നതിനും ഏറെ മുൻപുതൊട്ടേ, ഔദ്യോഗിക സംവിധാനങ്ങളുടെ സഹായത്തോടെ, സവിശേഷമായ രീതിയിൽ, വിദ്വേഷപ്രചരണവും, ക്രിസ്ത്യാനികളെ മനപ്പൂർവ്വം പ്രകോപിപ്പിക്കലും നടന്നിരുന്നു.
ഒറീസ്സയിലെ കാന്ധമൽ ജില്ലയിൽ 2008-ൽ നടന്ന ക്രിസ്ത്യൻ വിരുദ്ധ ലഹളയും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നായിരുന്നില്ല. ’സംഘപരിവാറിന്റെ ‘ഘർ വാപസി’ (വീട്ടിലേക്ക് മടങ്ങിപ്പോരൽ-അഥവാ,ക്രിസ്ത്യൻ ഗോത്രവിഭാഗങ്ങളെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുപോകൽ)പരിപാടികളും തുടർച്ചയായ ക്രിസ്ത്യൻ-വിരുദ്ധ പ്രചരണവും ആ പ്രദേശത്തെ സംഘർഷാവസ്ഥയെ മൂർച്ഛിപ്പിച്ചിരുന്നു. സ്വാഭാവികമായും, ബി.ജെ.പി.-ജനതാദൾ സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള ജില്ലാഭരണകൂടവും ഈ അപായസൂചനകൾക്കെതിരെ കണ്ണടക്കുകയും ചെയ്തു. സ്വാമി ലക്ഷ്മണാനന്ദയുടെ വധത്തിന്റെ ഉത്തരവാദിത്ത്വം മാവോയിസ്റ്റുകൾ ഏറ്റെടുത്തുവെങ്കിലും, വിശ്വഹിന്ദുപരിഷത്ത് ക്രിസ്ത്യാനികളെ ഉന്നം വെക്കുകയും, പ്രവീൺ തൊഗാഡിയുടെ നേതൃത്വത്തിൽ, ലക്ഷ്മണാനന്ദയുടെ മൃതദേഹവും വഹിച്ചുള്ള യാത്ര ഒരു തടസ്സവും കൂടാതെ, സംഘർഷഭരിതമായ സ്ഥലങ്ങളിലൂടെ കടന്നുപോവുകയും ചെയ്തു. ആയിരക്കണക്കിന് ക്രിസ്ത്യാനികൾക്കാണ് തങ്ങളുടെ വീടുവിട്ടുപോകേണ്ടിവരുകയും, ഒരുവർഷത്തോളം സർക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവരുകയും ചെയ്തത്. ഇന്നും അവിടുത്തെ ക്രിസ്ത്യൻ ഗോത്രവർഗ്ഗക്കാർ ഭയത്തിലും അരക്ഷിതാവസ്ഥയിലുമാണ് ജീവിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
അധികാരത്തിലേക്കുള്ള ബി.ജെ.പി.യുടെ പ്രവേശനം മുൻകൂട്ടികണ്ട്, 1980 മുതൽക്കുതന്നെ, ഹിന്ദുത്വശക്തികളുടെ നേതൃത്വത്തിൽ ഹിന്ദു ജാഗ്രൻ മഞ്ച്, ബജ്രംഗദൾ തുടങ്ങിയ സംഘടനകൾ രൂപപ്പെട്ടുവന്നിരുന്നു. 1998-ലെ ഡാംഗ് ജില്ലയിലെ ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങളുടെ ഉത്തരവാദിത്ത്വം ഹിന്ദു ജാഗ്രൺ മഞ്ചിനായിരുന്നു. ധാരാം സിംഗ് ആകട്ടെ, ബജ്രംഗദളുമായി ബന്ധമുള്ളയാളും. 1999-ൽ മയൂർഭഞ്ജിൽ വെച്ച് അരുൾ ദാസ് എന്ന റോമൻ കത്തോലിക്കാ പുരോഹിതനെയും, അതേ ജില്ലയിൽ വെച്ച് ഒരു ആഗസ്റ്റ് 26-ന് ഷേക്ക് റഹ്മാൻ എന്ന മുസ്ലിം വ്യാപാരിയെയും വധിച്ചിരുന്നു. സ്റ്റെയിന്‍സ് വധം അന്വേഷിച്ച ഡി.പി.വാധ്വ കമ്മീഷനാകട്ടെ, ഇത്തരം സംഭവങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന തുടർച്ചയായ ന്യൂനപക്ഷവിരുദ്ധ പ്രവർത്തനങ്ങളെയും, അതിനു കിട്ടിക്കൊണ്ടിരിക്കുന്ന ഔദ്യോഗിക സഹായങ്ങളെയും കണ്ടില്ലെന്നും നടിച്ചു. തെളിവുകളുണ്ടായിട്ടുപോലും, ഇതിനുപിന്നിൽ പ്രവർത്തിച്ച സംഘടനകളുടെ വ്യക്തമായ പങ്ക് കാണാൻ കൂട്ടാക്കാതെ, സ്റ്റെയിൻസ് വധത്തിന്റെ പൂർണ്ണ ഉത്തരവാദിത്ത്വം ധാരാസിംഗിലേക്കു മാത്രം ചുരുക്കുകയായിരുന്നു കമ്മീഷൻ ചെയ്തത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള സ്വാതന്ത്ര്യം ഉപയോഗിക്കാൻ (അതായത്, സ്വന്തമിഷ്ട പ്രകാരമുള്ള മതം പിന്തുടരുന്നതിനും പ്രചരിപ്പിക്കുന്നതിനും) ഇന്ത്യയിലെ മറ്റേതൊരു പൌരന്മാരെയും പോലെ, ഗോത്രവർക്കാർക്കും അവകാശമുണ്ട്. സ്റ്റെയിൻസ് നിർബന്ധിത മതപരിവർത്തനം നടത്തി എന്നതിന് ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല. ആർട്ടിക്കിൾ 25 പ്രകാരം ക്രിസ്ത്യാനികൾക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യത്തിനെതിരെയുള്ള സുപ്രീം കോടതിയുടെ മുൻവിധിയെയാണ്- പിന്നീട് പിൻവലിച്ച- ആ ആദ്യത്തെ പരാമർശത്തിൽ കാണാനാവുക. സംഘപരിവാറിന്റെ കീഴിൽ തുടർച്ചയായി ഇപ്പോഴും നടക്കുന്ന വിദ്വേഷപ്രചരണത്തിന്റെയും നുണപ്രചരണത്തിന്റെയും ഫലമായിരുന്നു സ്റ്റെയിൻസ് വധം.
പരിഭാഷകക്കുറിപ്പ്: കുട്ടികളടക്കം മൂന്നുപേരെ ചുട്ടുകൊന്ന വ്യക്തിക്കും, നക്സലൈറ്റ് നേതാവിന്റെ കത്തു കൈമാറി എന്ന (തെളിയിക്കപ്പെടാത്ത കുറ്റം) ആരോപിക്കപ്പെട്ട വ്യക്തിക്കും ഒരേ ശിക്ഷ വിധിക്കുന്ന കോടതികളെ മാനസികചികിത്സക്ക് വിധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കോടതികൾ തന്നെ ക്രിമിനൽ സ്വഭാവം കൈവരിക്കുന്നതാണ് കാണാൻ കഴിയുക.
2 comments:
വിധിവൈപരീത്യങ്ങള്‍ - EPW-ലെ ലേഖനത്തിന്റെ പരിഭാഷ
നീതിന്യായത്തിന്റെ വഴികൾ പിന്നെ പിന്നെ വിച്ത്രമാകുന്നു.
Post a Comment