ദൈവമേ
ഇന്ത്യാ പവലിയണിലെ*
ഒരു കടക്കുള്ളിൽവെച്ച്
നിന്നേക്കാൾ വലിയ കരകൌശലക്കാരനെ ഞാനിന്നു കണ്ടു
അരിമണികളിൽ
പേരെഴുതിക്കൊടുക്കുന്ന
ഒരാളെ.
ചെയ്യുന്ന കൂലിക്ക്
കൃത്യമായി പണം വാങ്ങി
അരി വാങ്ങുന്നവനെ.
അരിയേക്കാൾ വലുതായി
ഇഹപരത്തിൽ
മറ്റൊന്നുമില്ലെന്ന
തിരിച്ചറിവിന്റെ
വെളിച്ചം ഉള്ളിൽ നിറഞ്ഞവനെ
അരിയില്ലാതെ
അന്തരിച്ചവര്‍ക്കുവേണ്ടി**
നിന്നോട്
തന്നാലാവും വിധം
പകരം ചോദിപ്പോനെ
നിന്റെ ക്രൂരമായ
മുൻവിധികളൊന്നുമില്ലാതെ,
നിന്റെ അസമമായ
നീതിബോധമൊന്നുമില്ലാതെ,
സൃഷ്ടിക്കുശേഷം
നീയനുഭവിക്കുന്ന
സബാത്തൊന്നുമില്ലാതെ
അരിക്കാശിനു വേണ്ടി
പണിയെടുക്കുന്നവനെ
എത്ര വലിയ പേരും
അവന്റെ അരിമണിയിലൊതുങ്ങുന്നു
ഒതുങ്ങാത്ത
എല്ലാ വലിയ പേരുകളെയും
അവൻ കത്രിച്ചൊതുക്കുന്നു
പേരുകളിൽനിന്ന്
എല്ലാ വകഭേദങ്ങളും എടുത്തുമാറ്റുന്നു
നിറഭേദമുള്ള എല്ലാ പേരുകളെയും
ഒരേ കറുത്ത ചായം മുക്കി എഴുതുന്നു.
കത്രിച്ച, ചുരുക്കിയ,
ഒരേ നിറത്തിലുള്ള പേരുകളെ
നാനാവർണ്ണത്തിലുള്ളവർക്കായി
വിട്ടുകൊടുക്കുന്നു
എഴുതിയ പേരുകളെ
വിധിദിനത്തിൽ
വിളിച്ചുവരുത്തി
കണക്കെടുക്കുന്ന വിനോദമൊക്കെ
നിനക്കുമാത്രമുള്ളത്.
അവൻ പണിയെടുക്കുന്നു
അരിമണികളിൽ പേരുകൊത്തി
അരി മേടിക്കുന്നു
വാങ്ങിയ പണത്തിന്
അവിടെവെച്ചുതന്നെ
അരിയും കൊടുത്തുതീർക്കുന്നു
ദൈവമേ
അവന്റെ കരകൌശലത്തിനുമുൻപിൽ
നീയാര്?
* ഒരു ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ അനുഭവം
**വള്ളത്തോള്‍ കവിതയില്‍നിന്ന്
Tuesday, February 22, 2011
Subscribe to:
Post Comments (Atom)
6 comments:
ഇന്ത്യന്‍ പവലിയണിലെ ദൈവം
**അതോ വൈലോപ്പിള്ളിയോ?
"ari illaanjnjiTTu" enna vaLLaththOLkkavitha.
വള്ളത്തോള്‍ ആയാലും വൈലോപ്പിള്ളി ആയാലും "ന്നാ നമ്പിടി നാടീങ്ങ്വോ?" എന്ന ചൊല്ല്.
വള്ളത്തോളിന്റെ ‘അരിയില്ലാഞ്ഞിട്ട്’ എന്ന കവിതയാണ്‍് സൂചന അനോണീ..
ദൈവം ഓരോ അരി (ധാന്യ) മണിയിലും അതു ആഹരിക്കാനുള്ള ആളിന്റെ പേർ എഴുതിയിട്ടുണ്ട്.. (കബീർ).
Post a Comment