Tuesday, May 3, 2011

ഗൃഹാതുരം



എന്റെയും എന്റെ ചുറ്റുമുള്ളവരുടെയും ഉൾത്തുടിപ്പുകളിൽ നിന്ന് കടമെടുത്ത് പ്രവാസത്തെക്കുറിച്ച് ഞാൻ കുറേയേറെ എഴുതിയിട്ടുണ്ട്. കൈകാര്യം ചെയ്യാനും, നേരിടാനും, ചിന്തിക്കാനും, നോക്കിക്കാണാനും ബുദ്ധിമുട്ടുള്ള ഒരു വിഷയമായിരുന്നു അത്.

ദിവസവും ജീവിച്ചുതീർക്കുന്ന, പൊള്ളുന്ന യാഥാർത്ഥ്യമായിരുന്നിട്ടും ആ ചിന്തകളെ എങ്ങിനെയൊക്കെയോ ഞാൻ എന്റെ മനസ്സിന്റെ പിന്നമ്പുറത്തേക്ക് തള്ളിനീക്കാറുണ്ടായിരുന്നു. ഏതെങ്കിലുമൊരു കോണിലേക്ക് മാറ്റിവെച്ച്, അത് സ്വയമേവ അപ്രത്യക്ഷമായിത്തീരുമെന്ന് ഞാൻ ആശിച്ചു. അതുണ്ടായില്ല. അങ്ങിനെയങ്ങു പോകാൻ അത് തയ്യാറില്ലായിരുന്നു.

ഈയടുത്ത കാലത്തായി ആ പ്രവാസാനുഭവം എന്നെ വല്ലാതെ അലട്ടുണ്ടായിരുന്നു. പ്രവാസാനുഭവം എന്ന് അതിനെ വിളിക്കുന്നത് അത്രകണ്ട് ശരിയല്ല എന്നു തോന്നുന്നു. ശരിയായ വാക്ക് ഗൃഹാതുരം എന്നാണ്. അതെ, ഗൃഹാതുരം വീടിനുവേണ്ടിയുള്ള ദാഹം.

അതെന്നെ അലട്ടാൻ തുടങ്ങുമ്പോൾത്തന്നെ, ഞാനതിനെ നേരിടാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കും. അതുമായി ഒളിച്ചുകളിക്കുക, തീവ്രത കുറയ്ക്കാൻ നോക്കുക, മറക്കാൻ ശ്രമിക്കുക, അങ്ങിനെയൊന്ന് അവിടെയില്ലെന്ന് വെറുതെ ഭാവിക്കുക...പക്ഷേ, എന്തുതന്നെ ചെയ്താലും കൂടുതൽ ശക്തിയോടെ അതെന്റെ വാതിലിൽ വന്നുമുട്ടി വിളിക്കും. വീണ്ടും ഞാൻ അടവുമാറ്റിയെന്നിരിക്കട്ടെ, അപ്പോൾ പൂർവ്വാധികം ബലത്തോടെ അതെന്റെ വീടിനകത്തേക്ക് അണപൊട്ടിയൊഴുകിയ ജലം പോലെ വന്നു നിറയും. വികാരങ്ങളുടെ ഒരു പെരുമഴ. ഒരു ശക്തിക്കും തടയാനോ, നിയന്ത്രിക്കാനോ കഴിയാത്ത വികാരവിക്ഷോഭത്തിന്റെ ഒരു പ്രവാഹം.

ഇനിയും എനിക്ക് ഒളിച്ചുകളിക്കാനാവില്ലെന്ന് അപ്പോൾ ഞാൻ തിരിച്ചറിയും. തിരിച്ചറിയുകയും, അംഗീകരിക്കുകയും, സാധൂകരിക്കുകയും ചെയ്യേണ്ടുന്ന ഒരു ബിന്ദുവിലേക്ക് ആ പ്രവാഹം എത്തിച്ചേർന്നിരിക്കുന്നു എന്ന്‌ അപ്പോൾ എനിക്ക് ബോദ്ധ്യപ്പെടും. അതിന് ഒരു പേര് ആവശ്യമാണ്. അതിന് ഒരു വ്യക്തിത്വം ആവശ്യമാണ്. അതിന്റേതായ ഒരു സ്ഥലവും. എന്തിന്റെയെങ്കിലും-ഒരുപക്ഷേ ഒരു സ്ഥലത്തിന്റെയെങ്കിലും- സ്വന്തമായിരിക്കാൻ ആ ഗൃഹാതുരത എന്നോട് ആവശ്യപ്പെടുന്നതുപോലെ. ആത്മബന്ധം എന്ന് നിങ്ങൾ വിളിക്കുന്നത് ഇതിനെയൊക്കെയായിരിക്കും, അല്ലേ?

അങ്ങിനെ ആ പ്രവാഹത്തെ നേരിടേണ്ടിവരുമ്പോൾ, സുരക്ഷിതത്വത്തിന്റെ വിഭ്രമതീരങ്ങളിൽ ആ തിരകൾ ഉയരുന്നത് കണ്ടിരിക്കുന്നതിനുപകരം, ആ ജലത്തിൽ നീന്താൻ ഞാൻ ഒടുവിൽ തീരുമാനിക്കുന്നു. അങ്ങിനെ തീരുമാനിക്കുന്നതിന് ഒരു കാരണമുണ്ട്.  കണ്ടില്ലെന്നു നടിക്കുന്ന സാഗരഗർജ്ജനം എന്നെങ്കിലുമൊരിക്കൽ സുനാമിയായി വളരുമെന്ന് അനുഭവത്തിൽനിന്ന് എനിക്കറിയാം എന്നതുതന്നെ. വികാരങ്ങൾക്കും സംവേദനങ്ങൾക്കും ആ ഒരു സ്വഭാവമുണ്ട്. ദ്രവത്വം.

അതിനെ-ഗൃഹാതുരതയെ-അകറ്റിനിർത്താൻ വേണ്ടി ഞാൻ കാണിച്ച ചെറിയ ചെറിയ സൂത്രങ്ങൾ, ചെയ്യാതെ ഒഴിവാക്കിയതും, കൃത്യമായ ദൂരത്തിൽ നിർത്തിയതുമായ കാര്യങ്ങൾ, അതൊക്കെ ഇന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. ഉദാഹരണത്തിന്, ബാഗ്ദാദിന്റെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും കഴിവതും കാണാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. പാചകം വളരെയധികം ഇഷ്ടമായിരുന്നിട്ടും, ഇറാഖിന്റെ സ്വന്തം വിഭവങ്ങൾ, നിവൃത്തിയുള്ളിടത്തോളം ഞാൻ ഒഴിവാക്കി. പകരം, എന്റെ ഗൃഹാതുരതയിൽനിന്ന്, ഏറെ ദൂരമകലെ മറ്റേതോ സ്ഥലത്തേക്ക് എന്നെ വിമോചിപ്പിക്കുന്ന രുചിശീലങ്ങളിലേക്ക് ഞാൻ കൂടുമാറി. ഇറാഖി സംഗീതം കേൾക്കുന്നതും, എന്നെക്കൊണ്ടാവുന്നതുപോലെ, ഞാൻ ഒഴിവാക്കി. സുഹൃത്തുക്കളോടും, വീട്ടുകാരോടും, അപരിചിതരോടും സംസാരിക്കുമ്പോൾ ഒരിക്കൽ പോലും ‘അത്’ കടന്നുവരാതിരിക്കാൻ ഞാൻ സൂക്ഷിച്ചു. എങ്ങിനെയെങ്കിലും ‘അത്’ വന്നാലാകട്ടെ, ഞാനതിനെ വഴിതിരിച്ചുവിടും. അല്ലെങ്കിൽ കേട്ടില്ലെന്നു നടിക്കും. മറ്റു ഇറാഖികളെ കണ്ടുമുട്ടാനുള്ള അവസരങ്ങളും ഞാൻ പരമാവധി കുറച്ചു. ഇറാഖികളുടെ കടകൾ, ഭക്ഷണശാലകൾ, അങ്ങിനെ എല്ലാം, എല്ലാം..പക്ഷേ, ചിത്രങ്ങളും, ഓർമ്മകളും, വാക്യങ്ങളും, സ്ഥലങ്ങളും മനസ്സിൽനിന്ന് മായ്ക്കാനായിരുന്നു ഏറെ ക്ലേശം.

എന്റെ ആ തന്ത്രങ്ങളൊന്നും ഫലിച്ചില്ല. അതുകൊണ്ടാണ് ഇന്ന് ഇവിടെ ‘അതി’നെക്കുറിച്ച് എനിക്ക് എഴുതേണ്ടിവരുന്നത്.

എനിക്കിനിയെന്റെ വീട്ടിലേക്ക് തിരിച്ചുപോകാൻ കഴിയില്ല എന്ന സത്യത്തിനുനേരെയാണ് ഞാൻ ഇത്രനാളും മുഖം തിരിച്ചിരുന്നത്. 2003 മുതൽ ശബ്ദിക്കാതെ കഴിഞ്ഞിരുന്നെങ്കിൽ എനിക്കൊരുപക്ഷേ അതിനു കഴിയുമായിരുന്നു. എന്നാൽ, ഇനി ഒരിക്കലും അതിനു പറ്റില്ല. ബാഗ്ദാദിൽ കാലുകുത്തുന്ന മാത്രയിൽ, മറ്റുപലരെയും പോലെ, ഞാനും ഏതെങ്കിലുമൊരു ജനാധിപത്യകൽത്തുറുങ്കിനകത്ത് പെട്ടുപോകും. എന്റെ മാത്രമല്ല, എന്റെ കുടുംബത്തിന്റെ ജീവനും ഞാൻ അപകടത്തിലാക്കും. അതൊരു വലിയ ഉത്തരവാദിത്ത്വമാണ്. ആളുകൾക്ക് അതൊന്നും മനസ്സിലാവില്ല. മൂഢന്മാർ. മൂഢതക്കും അപ്പുറമാണവർ. വെറുതെ ഇരുന്ന് എന്റെ ബ്ലോഗ്ഗുകൾ വായിച്ച് ഗീർവ്വാണം നടത്തുന്നവർ. അവർക്ക് യാതൊന്നും മനസ്സിലാവില്ല. കാരണം, അധിനിവേശത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കണമെന്ന് അവർക്ക് ഒരാഗ്രഹവുമില്ല. അവർ കാണാൻ മടിക്കുന്നു. സ്വന്തം ജീവൻ കൊണ്ട് ഞാനും മറ്റു ചിലരും കളിക്കുന്നത് എങ്ങിനെയാണെന്ന സത്യം കാണാൻ അവർ മടിക്കുന്നു. അവിശ്വാസം, ധാർഷ്ട്യം, അചഞ്ചലത്വം, തിമിരം..വെറുതെയിരുന്ന്, എഴുതിയതെല്ലാം വായിച്ച് ഇക്കിളിയാകുന്നു അവർക്ക്..ഒന്നുകിൽ ആ എഴുതിയതിനെയൊക്കെ അവർ സ്നേഹിക്കുന്നു..അല്ലെങ്കിൽ വെറുക്കുന്നു.. കഴിഞ്ഞു...രണ്ടാമതൊരാലോചനയോ, യുക്തിപരമായി ചിന്തിക്കലോ, ഒന്നുമില്ല. ഭാവനയും യാഥാർത്ഥ്യവുമില്ല..മനുഷ്യന്മാർ മൂഢന്മാരാണ്..

ഈയൊരു കാരണംകൊണ്ടായിരിക്കണം, ഇറാഖിനെക്കുറിച്ച് ഞാൻ അധികമൊന്നും എഴുതാതിരുന്നത്..കാരണം, ഒരുപക്ഷേ എന്റെ ഉള്ളിന്റെ ഉള്ളിലെവിടെയോ നഷ്ടപ്പെട്ട ലക്ഷ്യമായിത്തീർന്നിട്ടുണ്ടായിരിക്കാം അത്. എല്ലാവരും ഉറങ്ങുമ്പോൾ, എന്നെ കാർന്നുതിന്നുന്ന, അസ്ഥികളും, ഓർമ്മകളും മാത്രം ബാക്കിയായ ഒരു ഗൃഹാതുരത.

ഇതാണ് സംഗതി, ഇതാണ് വസ്തുത എന്നു കാണുമ്പോഴാണ്, ഞാനതിനെ അടച്ചുവെക്കുന്നത്, മാറ്റിനിർത്തുന്നത്, മൂടിവെക്കുന്നത്. എങ്ങിനെ അതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകും, ഒരിക്കലും തിരിച്ചുപോകാനാവില്ല എന്ന സാധ്യതയെ എങ്ങിനെ എനിക്ക് സഹിക്കാനാകും..ആ വിചാരം തന്നെ എന്നെ കൊല്ലുന്നു.

അതിനെ നേരിടാമെന്നു വെക്കുക. എനിക്കിന്ന് പതിനാറോ, പതിനെട്ടോ, ഇരുപത്തിനാലോ, മുപ്പതു പോലുമോ അല്ല..‘ജീവിതത്തിന്റെ മദ്ധ്യ‘ത്തിലാണ് ഞാനിന്ന്..ആ വാക്കിന്റെ അർത്ഥം എന്തുതന്നെയായിക്കൊള്ളട്ടെ..അപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്, അങ്ങിനെയെങ്കിൽ എന്ന് എനിക്കതിനു കഴിയും? എന്നേക്കാൾ പ്രായമായവർക്ക് ഈ ചോദ്യം കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. കാരണം, അവർക്കറിയാം, സമയം അതിവേഗം കഴിയുകയാണെന്ന്. അതുകൊണ്ട്, നിശ്ശബ്ദതയുടെ മതിൽക്കെട്ടിനകത്ത്, അവർ ആ ചിന്തയെ നിരോധിക്കുന്നു..എനിക്കത് മനസ്സിലാക്കാൻ കഴിയും..തീർച്ചയായും കഴിയും..ആ വേദന സഹിക്കാവുന്നതിനും അപ്പുറമാണ്. ചില സമയങ്ങളിൽ ചിന്തയെ നിരോധിക്കുന്നത് നല്ലതാണെന്നും വരാം.

അപ്പോൾ, നമ്മുടെ മോഹങ്ങളെയും പ്രതീക്ഷകളെയും കൊണ്ട് നമ്മളെന്തു ചെയ്യും? ഒരിക്കലും തിരിച്ചുപോകാനാവില്ലെന്ന ചിന്തയെ നമ്മളെന്തു ചെയ്യും? എവിടെയാണതിനെ ഒളിപ്പിക്കുക..എങ്ങിനെ..എത്ര നാൾ?

ബാഗ്ദാദിലേക്ക് പോകുന്നു എന്ന് ഏതെങ്കിലുമൊരു വിദേശി പറയുമ്പോൾ എന്നിൽ അസൂയയുടെയും രോഷത്തിന്റെയും വികാരങ്ങൾ നിറയുന്നു. ഞാൻ എന്നോടുതന്നെ പറയും..ആ വൃത്തികെട്ടവൻ എവിടേക്കുവേണമെങ്കിലും പൊയ്ക്കൊള്ളട്ടെ. ഇതാ, ഞാൻ ഇവിടെ, എന്റെ സ്വന്തം നാട്ടിൽ കാലുകുത്താൻ പോലുമാകാതെ..ഓരോ തവണയും, ഉള്ളിൽ അൽ‌പ്പാൽ‌പ്പമായി മരിച്ചുകൊണ്ട്..

കഴിഞ്ഞ പ്രാവശ്യം ഒരു പരിചയക്കാരൻ ബാഗ്ദാദിൽ പോകുന്നതിനുമുൻപ് എന്നോട് ചോദിച്ചു, എന്തെങ്കിലും കൊണ്ടുവരേണ്ടതുണ്ടോ എന്ന്..ഞാൻ പറഞ്ഞു, എനിക്ക് വേണം..അൽ‌പ്പം മണ്ണ്, പുഴക്കടവിൽനിന്ന് അൽ‌പ്പം ചെളി, ഒരു പ്ലാസ്റ്റിക്ക് ബാഗിൽ..എനിക്കത് വാസനിക്കണം..ആ ഒരു കൈപ്പിടി മണ്ണ് എനിക്കൊരിക്കലും കാണാൻ കഴിഞ്ഞില്ല..വാസനിക്കാനായില്ല.അത് എവിടെയോ നഷ്ടമായി, മറ്റു പലതിന്റെയും കൂടെ..

അതിന്റെ കൂടെ, എന്റെ വീടും, എന്റെ ഗൃഹാതുരതയും....


(ലൈലാ അൻ‌വറിന്റെ Homesick എന്ന ലേഖനത്തിന്റെ പരിഭാഷ)


പിൻ‌കുറിപ്പ്: മനുഷ്യന്മാരോടുള്ള ലൈല അൻ‌വറിന്റെ ദേഷ്യവും പരിഹാസവും, അവരുടെ നിർദ്ദയമായ ഭാഷയുമൊക്കെ മനസ്സിലാക്കാനോ, ഉൾക്കൊള്ളാനോ നമുക്ക് കഴിഞ്ഞില്ലെന്നു വരാം. പുറം ലോകത്തിലെ മനുഷ്യരുടെ പൊള്ളവർത്തമാനങ്ങളും അവരുടെ ‘സുജന‘മര്യാദയുമൊന്നും, അധിനിവേശത്തിന്റെ ഇരകളിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുകയേ അരുത്. ലോകത്തെയും തങ്ങളെത്തന്നെയും രോഷത്തോടെയും, സംശയത്തോടെയും ദ്വേഷത്തോടെയും വെറുപ്പോടെയും മാത്രമേ അവർക്ക് കാണാനാകൂ.. വാക്കും, വ്യാകരണവും, പ്രവൃത്തിയുംകൊണ്ട് തങ്ങളെയും മറ്റുള്ളവരെയും അവർ പീഡിപ്പിക്കുകയും മുറിവേൽ‌പ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ അതിന് നമ്മൾ സ്വയം പഴിക്കുക.

തൊട്ടുമുൻപിൽ, ലക്ഷക്കണക്കിനു കുട്ടികൾ ഉപരോധങ്ങളിലും സ്ഫോടനങ്ങളിലും പെട്ട് നിത്യേനയെന്നവണ്ണം മരിക്കുകയും, കൂട്ട പലായനത്തിലൂടെ അഭയാർത്ഥികളായി കഴിയാൻ ഒരു ജനത ഒന്നാകെ വിധിക്കപ്പെടുകയും ചെയ്യുമ്പോൾ, ആയുധവും പണവും ജനാധിപത്യവും കയറ്റുമതിചെയ്ത്, വിരലിലെണ്ണാവുന്ന തെമ്മാടികൾ ലോകത്തെയൊന്നാകെ തങ്ങളുടെ യുദ്ധവിനോദത്തിനുള്ള ഭൂമിയായി മാറ്റുകയും ചെയ്യുമ്പോൾ, ജനാധിപത്യ-പൌരാവകാശത്തിന്റെ ശബ്ദങ്ങൾ കൽത്തുറുങ്കുകളിൽ ആർത്തലച്ചുതീരുമ്പോൾ, രാജകുമാരീകുമാരന്മാരുടെ വിവാഹാഘോഷങ്ങളും നിലക്കാത്ത എറുപന്തുകളികളും ഫോർമുല കാറുകളുടെ പരക്കം പാച്ചിലും, ടെറിഫോക്സ് കൂട്ടയോട്ടങ്ങളും ലൈവ് കണ്ട്, അന്താരാഷ്ട്രദിനാചരണങ്ങൾ അനുഷ്ഠാനപൂർവ്വം ആചരിച്ച് നിർവ്വാണമടയുന്ന നമ്മളോട് അവർക്ക് ഇങ്ങനെയൊക്കെയേ സംസാരിക്കാനാവൂ..

അവരുടെ ഭാഷ എന്തുമായിക്കൊള്ളട്ടെ, ഒന്നുമില്ലെങ്കിലും അവർ ലോകത്തോട് ഇപ്പോഴും നിരന്തരം സംസാരിക്കുകയും, ബഹളം വെക്കുകയും കലഹിക്കുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ.

പക്ഷേ, ബ്രദേഴ്സ് ആന്റ് സിസ്റ്റേഴ്സ്, നമ്മളോ?

1 comment:

Rajeeve Chelanat said...

ഗൃഹാതുരം...