സുഹൃത്തുക്കളെ,
പത്മനാഭക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കുന്നതിനെതിരെ
‘ദേവപ്രശ്നം‘ എന്ന അപഹാസ്യമായ രീതി ഉപയോഗിച്ച് തിരുവിതാംകൂർ രാജവംശവും, ആധുനിക പത്മനാഭദാസന്മാരും നടത്തിത്തുടങ്ങിയിരിക്കുന്ന നീക്കങ്ങളെ ചെറുക്കാനും പരാജയപ്പെടുത്താനും സാക്ഷര കേരളം മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതുവരെ കണ്ടെടുത്ത സ്വത്തുക്കൾ ക്ഷേത്രത്തിന്റെയും രാജകുടുംബത്തിന്റെയും രക്ഷാധികാരത്തിൽ ഇനിയും ഉറപ്പിച്ചുനിർത്താനും, സംസ്ഥാനത്തിന്റെയും അതിലെ ജനങ്ങളുടെയും പൊതുവായ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നതിൽനിന്ന് അതിനെ തടയുകയുമാണ് ഈ പുതിയ ദേവപ്രശ്നത്തിന്റെ ലക്ഷ്യമെന്നത് പകൽ പോലെ വ്യക്തമാണ്.
ഈ സ്വത്തുക്കൾ എങ്ങിനെ രാജവംശത്തിന്റെയും പിന്നീട് ക്ഷേത്രത്തിന്റെയും കൈകളിലെത്തിച്ചേർന്നുവെന്ന് ഇതിനോടകം തന്നെ പലതവണ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളിൽനിന്ന്, അവരുടെ വിയർപ്പിന്റെ ഫലത്തിൽനിന്ന് രാജകേസരിമാർ കാലാകാലങ്ങളായി തട്ടിയെടുത്ത സ്വത്തുക്കളാണവ. അവ ഒരുകാലത്തും തിരിച്ച് ജനങ്ങളിലേക്കെത്താതിരിക്കാനും രാജവംശത്തിന്റെ കൈയ്യിരിപ്പായി നിലനിർത്താനും വേണ്ടി നടത്തുന്ന പുതിയ തൃപ്പടിദാന കപടനാടകമാണ് ഈ ദേവപ്രശ്നത്തിലൂടെ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ‘ബി’ നിലവറ തുറന്നാൽ രാജവംശത്തിന്റെ ചൈതന്യം ക്ഷയിച്ചുപോകുമെന്നും, നാടിനുമാത്രമല്ല, ലോകത്തിനുതന്നെ ഇത് വിപത്ക്കരമായേക്കുമെന്നൊക്കെയുള്ള ബൃഹത്തായ കണ്ടുപിടുത്തങ്ങളാണ് ദേവപ്രശ്നത്തിലൂടെ നിത്യേനയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു നിലവറ തുറന്നാൽ ക്ഷയിച്ചുപോകുന്ന രാജവംശത്തിന്റെ ചൈതന്യം എന്തുതരം ചൈതന്യമായിരിക്കും?
നാൾക്കുനാൾ ജനാധിപത്യ റിപ്പബ്ലിക്ക് സങ്കൽപ്പങ്ങളിലേക്ക് പതുക്കെപ്പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിരുന്ന്, തിരിച്ച് രാജഭരണത്തിന്റെ പ്രാകൃകാലഘട്ടത്തിലേക്ക് നീങ്ങാൻ കവടി നിരത്തി ജനങ്ങളെ ആഹ്വാനം ചെയ്യുന്ന വംശത്തിന്റെ ആ ചൈതന്യത്തെ നമുക്ക് കടപുഴക്കിയെറിഞ്ഞേ തീരൂ.
നിലവറ തുറക്കുന്നതിനെതിരെ തിരുവിതാംകൂർ രാജവംശം സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഹരജിക്കെതിരെ കക്ഷി ചേരാൻ കൾച്ചറൽ ഫോറം എന്ന സംഘടന തീരുമാനിച്ചിരിക്കുന്നു. സാമ്രാജ്യത്ത്വ-ഫ്യൂഡൽ ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു ജനകീയ സാംസ്കാരിക സംഘടനയാണ് കൾച്ചറൽ ഫോറം.
നിയമയുദ്ധത്തിലേർപ്പെടുന്നതിന് ചുരുങ്ങിയത് 50,000 രൂപയെങ്കിലും ചിലവു വരുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഒരു ജനകീയ പ്രശ്നം എന്ന നിലയിൽ ഈ വിഷയം ഏറ്റെടുക്കാനും നിയമയുദ്ധത്തിൽ അണിചേരാനും കോടതിചിലവിലേക്ക് നിങ്ങളാലാവും വിധമുള്ള സഹായസഹകരണങ്ങൾ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സംഭാവനകൾ, കെ.വി.പത്മനാഭ, ജോയിന്റ് കൺവീനർ, അക്കൌണ്ട് നമ്പർ 10300100145590, ഫെഡറൽ ബാങ്ക്, സ്റ്റാച്ച്യൂ ജംഗ്‌ഷൻ, തിരുവനന്തപുരം-1 എന്ന പേരിൽ അയക്കുവാൻ താത്പര്യം.
അഭിവാദ്യങ്ങളോടെ
വിനോദ് രാമന്തളി,
കൺവീനർ,
കൾച്ചറൽ ഫോറം