Monday, August 22, 2011

ഒരു അഭ്യർത്ഥന


സുഹൃത്തുക്കളെ,

പത്മനാഭക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കുന്നതിനെതിരെ
‘ദേവപ്രശ്നം‘ എന്ന അപഹാസ്യമായ രീതി ഉപയോഗിച്ച് തിരുവിതാംകൂർ രാജവംശവും, ആധുനിക പത്മനാഭദാസന്മാരും നടത്തിത്തുടങ്ങിയിരിക്കുന്ന നീക്കങ്ങളെ ചെറുക്കാനും പരാജയപ്പെടുത്താനും സാക്ഷര കേരളം മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതുവരെ കണ്ടെടുത്ത സ്വത്തുക്കൾ ക്ഷേത്രത്തിന്റെയും രാജകുടുംബത്തിന്റെയും രക്ഷാധികാരത്തിൽ ഇനിയും ഉറപ്പിച്ചുനിർത്താനും, സംസ്ഥാനത്തിന്റെയും അതിലെ ജനങ്ങളുടെയും പൊതുവായ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നതിൽനിന്ന് അതിനെ തടയുകയുമാണ് ഈ പുതിയ ദേവപ്രശ്നത്തിന്റെ ലക്ഷ്യമെന്നത് പകൽ പോലെ വ്യക്തമാണ്.

ഈ സ്വത്തുക്കൾ എങ്ങിനെ രാജവംശത്തിന്റെയും പിന്നീട് ക്ഷേത്രത്തിന്റെയും കൈകളിലെത്തിച്ചേർന്നുവെന്ന് ഇതിനോടകം തന്നെ പലതവണ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളിൽനിന്ന്, അവരുടെ വിയർപ്പിന്റെ ഫലത്തിൽനിന്ന് രാജകേസരിമാർ കാലാകാലങ്ങളായി തട്ടിയെടുത്ത സ്വത്തുക്കളാണവ. അവ ഒരുകാലത്തും തിരിച്ച് ജനങ്ങളിലേക്കെത്താതിരിക്കാനും രാജവംശത്തിന്റെ കൈയ്യിരിപ്പായി നിലനിർത്താനും വേണ്ടി നടത്തുന്ന പുതിയ തൃപ്പടിദാന  കപടനാടകമാണ് ഈ ദേവപ്രശ്നത്തിലൂടെ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ‘ബി’ നിലവറ തുറന്നാൽ രാജവംശത്തിന്റെ ചൈതന്യം ക്ഷയിച്ചുപോകുമെന്നും, നാടിനുമാത്രമല്ല, ലോകത്തിനുതന്നെ ഇത് വിപത്ക്കരമായേക്കുമെന്നൊക്കെയുള്ള ബൃഹത്തായ കണ്ടുപിടുത്തങ്ങളാണ് ദേവപ്രശ്നത്തിലൂടെ നിത്യേനയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു നിലവറ തുറന്നാൽ ക്ഷയിച്ചുപോകുന്ന രാജവംശത്തിന്റെ ചൈതന്യം എന്തുതരം ചൈതന്യമായിരിക്കും?

നാൾക്കുനാൾ ജനാധിപത്യ റിപ്പബ്ലിക്ക് സങ്കൽ‌പ്പങ്ങളിലേക്ക് പതുക്കെപ്പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിരുന്ന്, തിരിച്ച് രാജഭരണത്തിന്റെ പ്രാകൃകാലഘട്ടത്തിലേക്ക് നീങ്ങാൻ കവടി നിരത്തി ജനങ്ങളെ ആഹ്വാനം ചെയ്യുന്ന വംശത്തിന്റെ ആ ചൈതന്യത്തെ നമുക്ക് കടപുഴക്കിയെറിഞ്ഞേ തീരൂ.

നിലവറ തുറക്കുന്നതിനെതിരെ തിരുവിതാംകൂർ രാജവംശം സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഹരജിക്കെതിരെ കക്ഷി ചേരാൻ കൾച്ചറൽ ഫോറം എന്ന സംഘടന തീരുമാനിച്ചിരിക്കുന്നു. സാമ്രാജ്യത്ത്വ-ഫ്യൂഡൽ ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു ജനകീയ സാംസ്കാരിക സംഘടനയാണ് കൾച്ചറൽ ഫോറം.

നിയമയുദ്ധത്തിലേർപ്പെടുന്നതിന് ചുരുങ്ങിയത് 50,000 രൂപയെങ്കിലും ചിലവു വരുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഒരു ജനകീയ പ്രശ്നം എന്ന നിലയിൽ ഈ വിഷയം ഏറ്റെടുക്കാനും നിയമയുദ്ധത്തിൽ അണിചേരാനും കോടതിചിലവിലേക്ക് നിങ്ങളാലാവും വിധമുള്ള സഹായസഹകരണങ്ങൾ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സംഭാവനകൾ, കെ.വി.പത്മനാഭ, ജോയിന്റ് കൺ‌വീനർ, അക്കൌണ്ട് നമ്പർ 10300100145590, ഫെഡറൽ ബാങ്ക്, സ്റ്റാച്ച്യൂ ജംഗ്‌ഷൻ, തിരുവനന്തപുരം-1 എന്ന പേരിൽ അയക്കുവാൻ താത്പര്യം.

അഭിവാദ്യങ്ങളോടെ

വിനോദ് രാമന്തളി,
കൺ‌വീനർ,
കൾച്ചറൽ ഫോറം

12 comments:

Rajeeve Chelanat said...

ഒരു അഭ്യർത്ഥന

മലമൂട്ടില്‍ മത്തായി said...

On this, I am with you. The erstwhile Royals have no constitutional or legal authority over any temple. If the Royals are indeed servants of Padmanabha, let them be a party in cleaning up the stables and letting in some sunlight to the hidden treasures.

This does not mean that the riches should go to the Government.

Anonymous said...

ആദ്യം സ്വിസ്സ് ബാങ്കില്‍ കിടക്കുന്ന കള്ളപ്പണം കൊണ്ടുവരാന്‍ നോക്ക്....
സന്തോഷ്‌

Rajeeve Chelanat said...

Mathai,

I am happy that at least,after 3-4 years, we have found a common ground on an issue. But, if not to the government (i.e. to the people) where should these riches go?. Anyway, thanks for the minimal support.

സന്തോഷ് എന്ന അനോണീ, ഒരു അനോണി പേരുവെച്ച് കമന്റ് ചെയ്യുന്നത് ഈ ബ്ലോഗ്ഗില്‍ അത്ര പതിവില്ലാത്ത കാര്യമാണ്. സന്തോഷം. സ്വിസ്സ് ബാങ്കിലെ കള്ളപ്പണം കൊണ്ടുവരാന്‍ നടപടികളെടുക്കേണ്ടത്, കേന്ദ്രത്തിലെ വലിയ കള്ളന്മാരല്ലേ? നമ്മള്‍ കൂട്ടിയാല്‍ കൂടുന്ന കാര്യമല്ലല്ലോ സന്തോഷേ അത്?

വായനകള്‍ക്ക് നന്ദി.

അഭിവാദ്യങ്ങളോടെ

മുക്കുവന്‍ said...

ക്ഷേത്രത്തിലെ സ്വത്ത് സര്‍ക്കാരേറ്റെടുക്കണം എന്ന് പറയുമ്പോള്‍, ബാക്കി മതക്കാരുടേയും അതില്‍പെടില്ലെ? അത് ഉള്‍പ്പെടുത്തിയാല്‍ ഞാനും കൂടാമായിരുന്നു.. ഇല്ലേല്‍ ഒരുമതക്കാരുടെ മാത്രം സ്വത്ത് വെട്ടിപ്പിടിക്കുന്നതിനോട് യോജിക്കാന്‍ പ്രയാസമാണു... ദാനം ചെയ്തതോ, വെട്ടിപ്പെടിച്ചതോ ആയ പണ്ടത്തെ തുകകള്‍ ഇപ്പോള്‍ വെട്ടിപ്പിടിക്കാന്‍ നോക്കിയാള്‍ ഒരന്തവുമുണ്ടാവില്ലാല്ലോ രാജീവേ!... ഇത് പറഞ്ഞതുകൊണ്ട് എന്നെ സംഘപരിവാരാക്കല്ലേ!

Rajeeve Chelanat said...

മുക്കുവന്‍,

എല്ലാ മതക്കാരുടെയും ഇത്തരം സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടെടുത്ത് ജനത്തിന്റെ പൊതുനന്മക്ക് ഉപയോഗിക്കണെമെന്നതുതന്നെയാണ് എന്റെ ആഗ്രഹം. അത്, ഇതിനുമുന്‍പുള്ള ചില പോസ്റ്റുകളില്‍ വ്യക്തമാക്കാവുന്നിടത്തോളം, വ്യക്തമാക്കിയിട്ടുമുണ്ട്.

ഈ അഭ്യര്‍ത്ഥന, ഈയൊരാവശ്യത്തിനുവേണ്ടി മുന്നിട്ടിറങ്ങിയ ഒരു സംഘടനക്കുവേണ്ടി ഞാന്‍ തയ്യാറാക്കിയതാണ്. അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ (സാങ്കേതികമായും രാഷ്ട്രീയമായും) എനിക്ക് സാധിക്കില്ല.

അഭിവാദ്യങ്ങളോടെ,

Anonymous said...

email ID യും password ഒക്ക അടിക്കാനുള്ള ടൈം വെസ്റ്റ്‌ ചെയ്യണ്ട എന്ന് കരുതി അനോണിമസ് ഓപ്ഷന്‍ അടിച്ചു എന്നെയുള്ളൂ... മുക്കുവന്‍ പറഞ്ഞതിനോട് നുറു ശതമാനം യോജിക്കുന്നു... നമ്മുടെ ജനാതിപത്യ രാജാക്കന്മാര്‍ ഇതിലും കുടുതല്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നും അടിച്ചുമാടറ്റുന്നതില്‍ ഒരു പരാതിയും ആര്‍ക്കും ഇല്ല.. കേസിനും പോകണ്ട.. ഇത് ഒരു പഴയ രാജകുടുംബം, അവരെ എന്ത് പറഞ്ഞാലും കുഴപ്പമില്ല, ആയതുകൊണ്ട് വഴിയെ പോകുന്നവര്‍ക്കൊക്കെ ഒന്ന് കൊട്ടിയിട്ടു പോകാം എന്ന മനോഭാവം ശരിയാണന്നു തോന്നുന്നില്ല..
Santosh.

Anonymous said...

താങ്കള്‍ ഒരു ക്രിസ്ത്യന്‍ പള്ളിയിലെയോ മുസ്ലിം പള്ളിയിലെയോ സ്വത്ത് പൊതുഖജനാവില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുമോ? അതിനുള്ള ധൈര്യം താങ്കള്‍ക്കോ ഇവിടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കോ ഉണ്ടോ? തിരുവിതാംകൂര്‍ രാജവാഴ്ചക്കാലത്ത് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും മുസ്ലിം ദേവാലയങ്ങള്‍ക്കും പതിച്ചുകൊടുത്ത ഭൂമിയും വസ്തുവകകളും തിരിച്ചേല്‍പ്പിക്കുമോ? ശ്രീ പദ്മനാഭന്‍റെ ധനം കാണുമ്പൊള്‍ മാത്രമെന്താ ഇത്ര ദേശസ്നേഹവും ജനാധിപത്യവിശ്വാസവും? അച്യുതാനന്ദന് എന്താ ഹൈന്ദവ ആചാരങ്ങളോട് ഇത്ര പുച്ഛം? ഒരു മുസ്ലിമിന്‍റെയോ ക്രിസ്ത്യനിയുടെയോ ആചാരങ്ങളേയോ പരിഹസ്സിക്കാന്‍ ഈ സഖാവിനു ധൈര്യമുണ്ടോ?
തിരുവിതാംകൂര്‍ രാജഭരണകാലത്തുള്ള വന്‍വ്യവസായങ്ങളും വികസനങ്ങളുമേ ഇന്നും കേരളത്തിന്‍റെ തെക്കേ പകുതിയിലുള്ളൂ എന്നത് ആര്‍ക്കും വിസ്മരിക്കാന്‍ പറ്റില്ല. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ക്രുരനമാര്‍ ആയിരുന്നോ അല്ലയോ എന്നതല്ലല്ലോ ഇവിടുത്തെ വിഷയം. താങ്കള്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ അച്ഛന്‍ തെറ്റ് ചെയ്താല്‍ മകനും ശിക്ഷിക്കപ്പെടണം എന്നാ മട്ടിലുള്ള നീതിയാവും അത്. രാഷ്ട്രീയക്കാരുടെ ന്യൂനപക്ഷപ്രീണനം എന്നേ ജനം മടുത്തു എന്നത് താങ്കള്‍ ഇനിയും മനസ്സിലാക്കിയില്ലേ

Murali said...

വീണ്ടും പറയാതെ വയ്യ, സ്വത്ത് സോഷ്യലിസ്റ്റ് സർക്കാരിനെ ഏൽപ്പിക്കുന്നതായിരിക്കും ഏറ്റവും വലിയ തെറ്റ്. (അതെ, നമ്മുടെ സോഷ്യലിസ്റ്റ് സർക്കാരിനെക്കുറിച്ച് തന്നെയാണ് സഖാവേ പറയുന്നത്, സ്വന്തം വരുമാനത്തിന്റെ 72.3% സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും പെൻഷനും വേണ്ടി ചിലവുചെയ്യുന്ന, സ്റ്റേറ്റ് ജി.ഡി.പിയുടെ 32.02% കടം വാങ്ങിക്കൂട്ടിയിരിക്കുന്ന, [സക്കറിയയുടെ വാക്കുകൾ കടമെടുത്ത്] അഴിമതിയുടെയും, കെടുകാര്യസ്ഥതയുടെയും ജനനിന്ദയുടെയും മാത്രം മുഖമുള്ള നമ്മുടെ സ്വന്തം സോഷ്യലിസ്റ്റ് സർക്കാർ - അല്ലാതെ ഒബാമയുടെയോ കാമറോണിന്റെയോ സോഷ്യലിസ്റ്റ് സർക്കാർ അല്ല). ബ്യൂറോക്രസിയുടെ 'വികസനം', പുതിയ പുതിയ തസ്തികകൾ, പൊതുമേഖലാ വ്യവസായം എന്ന തമോഗർത്തത്തിലേക്ക് കൂടുതൽ പണമെറിയൽ, കുഴിവെട്ടിമൂടൽ 'തൊഴിലുറപ്പ്'-'സാമൂഹ്യ സുരക്ഷാ' പദ്ധതികൾ, ഇടനിലക്കാരുടെയും പഞ്ചായത്ത് മെമ്പർ മുതൽ മന്ത്രിപുംഗവന്മാർ വരെയുള്ള രാഷ്ട്രീയ-ബ്യൂറോക്രാറ്റിക് കൂട്ടുകെട്ടിന്റെ കനക്കുന്ന ബാങ്ക് ബാലൻസ് ഇവയെല്ലാം 'വികസന'മായി പ്രതീക്ഷിക്കാം, സോഷ്യലിസ്റ്റ് സർക്കാർ ഇത് ഏറ്റെടുത്താൽ.

പദ്മനാഭന്റെ സ്വത്ത് എന്തുചെയ്യണം, പിന്നെ? രണ്ടുവഴികളേയുള്ളൂ, പ്രായോഗികമായി:
1. Possession is nine-tenths of the law എന്നുണ്ടല്ലോ. അതുകൊണ്ട് സ്വത്ത് ക്ഷേത്ര ട്രസ്റ്റിന്റെ സ്വന്തം എന്ന് കരുതുക.
2. മ്യൂസിയത്തിലാക്കുക.
ഒന്നാമത്തേതിന് സോഷ്യലിസ്റ്റ് സർക്കാരിനെ ഏല്പിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളിൽ ചിലതുണ്ട്. എങ്കിലും സോഷ്യലിസ്റ്റ് സർക്കാരിനെ ഏൽപ്പിക്കുന്നതിലും പതിന്മടങ്ങ് മെച്ചമാണ്. ആർക്കും പരാതിയില്ലാത്തതാണ് (ഒ.കെ, ചേലനാട്ട് സഖാവന്മാർ ഇനിയുമുണ്ടാകുമല്ലോ) നോട്ടമെങ്കിൽ രണ്ടാമത്തേത്.

NITHYAN said...

കളി പപ്പനാവനോടാ രാജീവാ. പപ്പനാവന്റെ നാലു കാസിന് യോഗോണ്ട്വാവാന്ന് പറഞ്ഞാല് ന്താന്ന്വറിയോ. തിര്വോന്തരത്ത് പി.എസ്.സി കിട്ട്വാന്നാ. ഹഹഹ. കേസുകൊടുത്ത വക്കീലിനെ പപ്പനാവന് കൊണ്ടോയി. ഇനി നമ്മളെയും കൊണ്ടോണോ.

Anonymous said...

ഈ അഭ്യര്‍ത്ഥനക്ക് കൂട്ട് നില്‍ക്കുവാന്‍ എനിക്കാവില്ല. ഓം നമോ നാരായണായ - Krishnan

Rajeeve Chelanat said...

നിത്യാ, :-)