Friday, May 31, 2013

മാതൃപീഡനം


കേരളത്തിലെന്നല്ല, ലോകത്തുതന്നെ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ട, ഇപ്പോഴും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീ വള്ളിക്കാവിലെ സുധാമണിയായിരിക്കും.

മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ (Multiple Personality Disorder) എന്ന അസുഖമുള്ള മകളെ തക്കസമയത്ത് വേണ്ടും‌വണ്ണം ചികിത്സിക്കാതിരിക്കുകയും മറിച്ച് അതില്‍ വമ്പിച്ച ഒരു സാധ്യത മുന്‍‌കൂട്ടി കാണുകയും ചെയ്ത അവളുടെ അച്ഛനമ്മമാര്‍ തന്നെയായിരിക്കണം ഈ കേസിലെ ആദ്യത്തെ പ്രതികള്‍.

അതിനെ സമര്‍ത്ഥമായി ചൂഷണം ചെയ്യുകയായിരുന്നു അവരുടെ പിന്നാലെ കൂടിയ പുരുഷ സന്ന്യാസി സമൂഹം. മാനസികാസ്വാസ്ഥ്യമുള്ള ഒരു പെണ്‍‌കുട്ടിയെ കൊണ്ടുനടന്ന് വില്‍പ്പനച്ചരക്കാക്കുന്ന, സിനിമയിലും ജീവിതത്തിലും നമ്മള്‍ കണ്ടുപരിചയിച്ച ആ പതിവു പെണ്‍ വാണിഭസംഘത്തിന്റെ കുറച്ചുകൂടി പരിഷ്കൃതമായ രൂപമായിരുന്നു അക്കൂട്ടര്‍. അതിന്റെ ഇരയായിരുന്നു സുധാമണി എന്ന സ്ത്രീ.

ആ കഥാപാത്രം വികസിക്കുന്നത്, അവര്‍ ആ പീഡനത്തെ സ്വയം ആസ്വദിക്കുകയും അതുണ്ടാക്കുന്ന വാണിജ്യ-വാണിഭത്തിന്റെ അനന്തമായ സാധ്യതകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെയാണ്. മറ്റു പലരും നിരീക്ഷിച്ചതുപോലെ, ഒരു കോര്‍പ്പറേറ്റിന്റെ വളര്‍ച്ചയാണ് അന്നുമുതല്‍ക്കിന്നോളം. തന്നെ പീഡിപ്പിച്ചവരെപ്പോലും കൂടെ നിര്‍ത്തി, അവരെക്കൊണ്ടും, അവരെ ഉപയോഗിച്ച് മറ്റുള്ളവരെക്കൊണ്ടും, അവര്‍ക്കും തനിക്കും വേണ്ടി ആ സ്ഥാപനത്തെ അവര്‍ വളര്‍ത്തുകയായിരുന്നു.

സാധാരണയായി പീഡനത്തിന് ഇരയാകുന്ന സ്ത്രീയ്ക്ക് വിധിക്കപ്പെട്ടിട്ടുള്ളത് പശ്ചാത്താപഭരിതവും, എല്ലാവരാലും വര്‍ജ്ജിക്കപ്പെട്ടതുമായ ഒരു പില്‍ക്കാലജീവിതമാണെങ്കില്‍, സുധാമണി എന്ന സ്ത്രീയ്ക്കാകട്ടെ, ജീവിതം മാന്യവും മഹിതവും പുഷ്ക്കലമാവുകയുമാണ് ചെയ്യുന്നത്.

നാട്ടില്‍ നടക്കുന്ന ചെറിയതും വലിയതുമായ പീഡനകഥകള്‍ കുറ്റകൃത്യങ്ങളായും, പരസ്പരാരോപണങ്ങളായും, കുറ്റവിചാരണകളും വിധിതീര്‍പ്പുകളുമായി മാറുമ്പോള്‍, ഇവിടെ ഒരു പീഡനവും, അതിലെ ഇരയും, അതിലെ പങ്കാളികളും പതുക്കെപ്പതുക്കെ വളര്‍ന്നുവരുന്ന ഒരു ആഘോഷമായിത്തന്നെ മാറുന്നു. അമൃത ചാനലിലെ അവരുടെ ലോകസഞ്ചാരദൃശ്യങ്ങള്‍ അതിന്റെ ഉത്തമോദാഹരണമാണ്. അത് സ്ഥിരമായി നോക്കിക്കാണുമ്പോള്‍ അറിയാതെ നമ്മളും അതിലെ മായികപ്രപഞ്ചത്തിലേക്ക് വീണുപോകാന്‍ ഇടയുണ്ട്.

സൂക്ഷ്‌മതയോടെയും ശ്രദ്ധയോടെയും അരങ്ങേറുന്ന, ആരും കുറ്റക്കാരല്ലാത്ത, എല്ലാവരും സന്തോഷം പങ്കിടുന്ന, ഒരു പീഡന കഥയാണ് അവിടെ നിത്യവും അരങ്ങേറുന്നത്.

അവിടെ ആള്‍ദൈവവും ആത്മീയതയും, സര്‍വ്വചരാചരങ്ങളെയും ആശ്ലേഷിക്കുന്ന വിശുദ്ധമാതൃത്വത്തിന്റെ അമ്മിഞ്ഞപ്പാലുമൊന്നുമല്ല ഉള്ളത്. അതൊക്കെ വെറും ഒരു പുകമറ മാത്രം ഒരു സ്ത്രീയെയും, അവരിലൂടെ മറ്റു സ്ത്രീകളെയും ഉപയോഗിച്ച്, കുറച്ചു പുരുഷന്മാര്‍ നടത്തുന്ന ഒരു വലിയ പെണ്‍‌വാണിഭവും, അതിലൂടെ നിര്‍മ്മിച്ചെടുക്കുന്ന ഒരു കച്ചവട സാമ്രാജ്യവും.

ബസ്രയിലേക്ക്


അങ്ങിനെ, വിചാരിച്ചതുപോലെ കാര്യങ്ങളൊക്കെ നീങ്ങുകയാണെങ്കില്‍, അധികം വൈകതെ, ഇറാഖിലേക്ക് പോവുകയായി. ബസ്രയിലേക്ക്. ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്രം തേടി വലഞ്ഞെത്തിയ ദരിദ്രനായ സിന്‍‌ബാദും, ഏഴു സഞ്ചാരങ്ങളിലൂടെ ലോകം കണ്ട ധനികനായ സിന്‍‌ബാദും തമ്മില്‍ കണ്ടുമുട്ടി വര്‍ത്തമാനം പറഞ്ഞിരുന്ന ബസ്ര.

വിവരം പറഞ്ഞപ്പോള്‍ പല സുഹൃത്തുക്കളും ചോദിച്ചു. ചിലര്‍ ഭയപ്പാടോടെ, ചിലര്‍ ദു:ശ്ശങ്കകളോടെ, അത്ഭുതത്തോടെ, സഹതാപത്തോടെ, ചുരുക്കം ചിലര്‍ കൌതുകത്തോടെ, എന്തു കൊണ്ട് ഇറാഖ്? ഇവിടെ സുരക്ഷിതമായ മറ്റേതെങ്കിലും എണ്ണപ്പാടത്തേക്ക് മതിയായിരുന്നില്ലേ? അവിടേക്കുതന്നെ പോണോ? ഒന്നുകൂടി ആലോചിച്ചിട്ട് പോരേ? അപകടമുള്ള സ്ഥലമല്ലേ?

പോണം. പോയേ തീരൂ. ഒരുതരത്തില്‍ പറഞ്ഞാല്‍ ആഗ്രഹിച്ചിരുന്നതാണ് ഈ യാത്ര.

ആ നാട് എനിക്ക് പ്രിയപ്പെട്ടതാണ്. കഥകള്‍ പറഞ്ഞുപറഞ്ഞ് ആയിരത്തൊന്നു രാത്രികള്‍ മരണത്തെ അതിജീവിച്ച ഷെഹ്‌റസാദെ എന്ന കഥാകാരിയുടെയും അബ്ബാസിദിന്റെ ഖലീഫ ഹാറൂണ്‍ റഷീദിന്റെയും നാടു മാത്രമല്ല എനിക്ക് ഇറാഖ്.

1990-മുതല്‍ തുടങ്ങിയ ഒരു യുദ്ധത്തിന്റെ ടൈം‌ലൈന്‍ സൌകര്യപൂര്‍വ്വം 2003-ലേക്ക് നീട്ടിവെച്ച് രണ്ട് ദശാബ്ദക്കാലമായി നടക്കുന്ന ഒരു യുദ്ധത്തെ വെറും ഒരു ദശാബ്ദത്തിലേക്ക് ഒതുക്കി ആചരിക്കുകയാണ് ഇന്ന് ലോകം. ഒന്നര ദശലക്ഷംപൌരന്മാരെ ലോകത്തുനിന്നുതന്നെ ‘വിമോചിപ്പിക്കുക‘യും, രണ്ടര ദശലക്ഷം ആളുകള്‍ക്ക് അംഗഭംഗം വരുത്തുകയും, നാലര ദശലക്ഷം ആളുകളെ പലായനം ചെയ്യിക്കുകയും ചെയ്ത ഒരു യുദ്ധത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്.

ആ നാട്ടിലേക്കാണ് പോകുന്നത്.

അവിടെ ഞാന്‍ കണ്ടിട്ടില്ലാത്ത അച്ഛനമ്മമാരും കുട്ടികളുമുണ്ട്. ഫലൂജയിലെയും ബസ്രയിലെയും കുട്ടികള്‍. യുദ്ധത്തില്‍ ചിന്നിച്ചിതറിയ യൂറേനിയത്തിന്റെ വികിരണമേറ്റ് ജനിതകവൈകല്യങ്ങളോടെയും രക്താര്‍ബ്ബുദത്തോടെയും ജനിച്ച ലക്ഷക്കണക്കിനു കുട്ടികളും ജീവിച്ചിരിക്കുന്ന മുതിര്‍ന്ന മനുഷ്യരുമുള്ള ഇറാഖ്. അവിടേക്കാണ് അടുത്ത മാസം ഞാനെത്തുക.

അവിടേക്ക് എന്നെ വലിച്ചടുപ്പിക്കുന്ന മറ്റു രണ്ടുപേരുണ്ട്. ഒന്ന്, ഒരിക്കല്‍ അവിടെയുണ്ടായിരുന്ന, “റിവര്‍ ബെന്‍ഡ്’ എന്ന മറക്കുടപ്പേരില്‍ ഒളിച്ചിരുന്ന്, 2003 മുതല്‍ ‘ബാഗ്ദാദ് ബണിംഗ്’ എന്ന ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയിരുന്ന, എന്റെ ആ പഴയ ബൂലോഗ സഹയാത്രിക. 2007-ലെ ഒരു പ്രഭാതത്തിലാണ് ആദ്യം സിറിയയിലേക്കും പിന്നീട് ജോര്‍ദ്ദാനിലേക്കും അവള്‍, തന്റെ അച്ഛനമ്മമാരോടൊപ്പം, ജീവന്‍ കയ്യില്‍ പിടിച്ച് പലായനം ചെയ്തത്. അതിനുശേഷം അവള്‍ എവിടെയാണെന്ന് ലോകത്തിനറിയില്ല. ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും. ഒരു പക്ഷേ സുഖമായി എവിടെയെങ്കിലും കഴിയുന്നുണ്ടായിരിക്കും. അതല്ലെങ്കില്‍, കുടിയേറിപ്പാര്‍ത്ത ഏതെങ്കിലുമൊരു നാട്ടിലെ അഭയാര്‍ത്ഥി ക്യാമ്പില്‍, ഇനിയൊരുപക്ഷേ ഈ ചുറ്റുവട്ടത്തെ ഏതെങ്കിലുമൊരു എണ്ണപ്പാട നഗരത്തിലെ ഒരു സുഖവില്‍പ്പനശാലയില്‍. അറിയില്ല. ഇറാഖ്, ബസ്ര, എനിക്ക് അവളാണ്. അവളെപ്പോലുള്ള ലക്ഷം മനുഷ്യാത്മാക്കളാണ്.

ലൈല അന്‍‌വറിന്റെയും നാടാണ് അത്. തന്റെ ഉറ്റവരും ഉടയവരുമായ ലക്ഷക്കണക്കിനാളുകളെ നീണ്ട രണ്ടു പതിറ്റാണ്ടായി കൊന്നും തിന്നും മദിക്കുന്ന പാശ്ചാത്യ വിമോചന സേനകള്‍ക്കെതിരെ, അതിന്റെ രാഷ്ട്രീയ നൈതികതക്കും, മതബോധത്തിനും, സദാചാരസങ്കല്‍പ്പങ്ങള്‍ക്കുമെതിരെ,എന്തിന് ചിലപ്പോഴൊക്കെ അതിന്റെ കലാ-സാഹിത്യ-സംഗീതത്തിനുപോലും എതിരെ, ചിലപ്പോഴൊക്കെ അപസ്മാരബാധിതയെപ്പോലെ നിരന്തരം എഴുതുകയും ചീത്ത വിളിക്കുകയും ശപിക്കുകയും ചെയ്യുന്ന ലൈല അന്‍‌വറിന്റെ നാട്.

ബസ്ര, ഫലൂജ, മൊസൂല്‍, ബാഗ്ദാദ് - ശവപ്പറമ്പുകളായി മാറിയ പുരാതന നഗരങ്ങളുടെ നാട്.

അവിടേക്കാണ് പോവുക.

രണ്ടു പതിറ്റാണ്ടായി നടക്കുന്ന ആ വംശഹത്യയെ, ഒരു ഭാവഭേദവുമില്ലാതെ, ഒരു പ്രതികരണവുമില്ലാതെ, നിശ്ശബ്ദമായി ആചരിച്ചു നടക്കുന്ന നാണം‌കെട്ട ശേഷിച്ച ലോകത്തിന്റെ പേരില്‍ അവിടെപ്പോയി, അവരുടെ ചരിത്രസന്ധിയില്‍ പങ്കളിയാകണം. അതിസുരക്തിതമായ തൊഴിലിടത്തിന്റെ മുള്‍വേലികള്‍ക്കകത്തു നിന്ന് ഒരിക്കലെങ്കിലും പുറത്തിറങ്ങാന്‍ പറ്റിയാല്‍, അന്ന്, പ്രാചീനമായ യൂഫ്രട്ടീസിന്റെയും ടൈഗ്രിസിന്റെയും കരയില്‍ നിന്ന് അവര്‍ക്ക് ബലിതര്‍പ്പണം ചെയ്യണം.

കാണണം ഇറാഖിനെ, ബസ്രയെ. മറ്റൊരു ജോലിസാധ്യതയേക്കാള്‍, അവിടെനിന്ന് കിട്ടിയേക്കാവുന്ന ചോരപുരണ്ട പച്ചനോട്ടുകളേക്കാള്‍ എന്നെ ക്ഷണിക്കുന്നത് ഇതൊക്കെയാണ്. ഒരുപക്ഷേ, ലൈല അന്‍‌വര്‍ എന്റെ മുഖത്താട്ടും. “പോ, പോയി യാങ്കികള്‍ക്ക് വിടുപണി ചെയ്യ് നശിച്ച മദ്രാസി” എന്ന് അവള്‍ എന്നെ പുലഭ്യം പറയുമായിരിക്കും.

എന്നാലും ശരി, ഒരിക്കലെങ്കിലും എനിക്ക് അവിടേക്ക് പോയേ തീരൂ.

ബസ്രയിലെ ചില വീട്ടുകാര്യങ്ങള്‍


തുടര്‍ച്ചയായ കുറിപ്പുകളൊന്നും പ്രതീക്ഷിക്കണ്ട . പലവിധ അസൗകര്യങ്ങളുമുണ്ട്. ഇന്നലെ പോസ്റ്റിയതുപോലുള്ള ചില്ലറ സാധനങ്ങള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി. പുറത്തേക്കൊന്നും പോകാന്‍ അനുവാദമില്ല. നെറ്റ് ഉപയോഗിക്കാനും പലവിധ നിയന്ത്രണങ്ങള്‍ . ജോലിത്തിരക്കും ആവശ്യത്തിലേറെ. 

പിന്നെ, ഇവിടെ, ഇറാഖില്‍ കുറിപ്പുകളല്ല, അധിനിവേശത്തിനും, നഗ്നമായ ചൂഷണത്തിനുമെതിരായ വിമോചനമുന്നേറ്റങ്ങളാണ്‌ ആവശ്യം. അതിനുപകരം,വിഭാഗീയമായ പോരാട്ടങ്ങളിലൂടെയാണ്‌ ഇറാഖികള്‍ കടന്നുപോകുന്നത്. സുന്നികളും, ഷിയകളും തമ്മില്‍ ചരിത്രാതീതമായ വൈരാഗ്യങ്ങളും വാശികളും തീര്‍ത്തുകൊണ്ടിരിക്കുകയാണ്‌.

ബസ്രയില്‍ മാത്രം മുന്നൂറ്റിച്ചില്ല്വാനം എണ്ണക്കിണറുകള്‍ കരയിലും കടലിലുമായി ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. അവയിലെ എണ്ണ മുഴുവന്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ്‌ കണ്മുന്നില്‍ നടക്കുന്നത്. നഗ്നമായ കൊള്ള. അതില്‍നിന്നു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്കുപോലും ഈ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി ചിലവഴിക്കപ്പെടുന്നുമില്ല. ഇറാഖി നേതൃത്വവും അതിനു കൂട്ടുനില്‍ക്കുന്നു. ബസ്ര അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥിതി ഒന്നു കാണണം. പരിതാപകരമാണ്‌....... അടിസ്ഥാനാവശ്യങ്ങളുടെ സ്ഥിതി ഏതാണ്ട് എല്ലായിടത്തും ഇതുപോലെത്തന്നെയാണെന്ന് ഇറാഖി സുഹൃത്തുക്കള്‍ പറയുന്നു. യാത്രയിലുടനീളം, മഹാപാതയുടെ ഇരുവശത്തുമുള്ള മരുഭൂമികളില്‍ യുദ്ധാവശിഷ്ടങ്ങളായി വാഹനങ്ങളും ടാങ്കുകളും ഇപ്പോഴും ചിതറിക്കിടക്കുന്നതു കണ്ടു. ചില സ്ഥലങ്ങള്‍ അസ്‌പൃശ്യമായി തരിശായി കിടക്കുന്നു. കുഴിബോംബുകളുടെ ശവപ്പറമ്പുകളാണത്രെ.

ഇറാഖി സൈന്യവും പാശ്ചാത്യരാഷ്ട്രങ്ങളില്‍നിന്നുള്ള സ്വകാര്യ സുരക്ഷാ ഗുണ്ടകളുമാണ്‌ മഹാപാതകളില്‍ വിഹരിക്കുന്നത്. അവരുടെ വലയത്തിനകത്തുകിടന്നാണ്‌ ബസ്രയിലെ ഈ ഭാഗത്തുള്ളവര്‍ ജീവിക്കുന്നത്. പുറത്തെ കാര്യം എന്തെന്നറിയില്ല. ഏറെക്കുറെ ഇതുപോലെയൊക്കെത്തന്നെയായിരിക്കാനാണ്‌ സാധ്യത.

ബസ്ര അന്താരാഷ്ട്രവിമാനത്താവളത്തില്‍നിന്ന് സ്വകാര്യസുരക്ഷാ കമ്പനിയുടെ അകമ്പടിയോടെ വരുമ്പോള്‍ മുന്‍പിലിരിക്കുന്ന സുരക്ഷാമേധാവിയോട് കുശലം നടത്തി. യാത്രയിലുടനീളം അനുഷ്ഠിക്കേണ്ട ജാഗ്രതകളെക്കുറിച്ചായിരുന്നു മാക്ക് സംസാരിച്ചിരുന്നത്.കൂട്ടത്തില്‍ തങ്ങളെപ്പോലുള്ളവര്‍ നേരിടുന്ന അപകടസാധ്യതകളെക്കുറിച്ചും. താന്‍ ജോലിചെയ്യുന്ന സുരക്ഷാകമ്പനിയുടെ ഗുണഗണങ്ങളും വിസ്തരിച്ചു മാക്ക്. ബ്രിട്ടീഷ് സ്ഥാപനമാണത്.

"ബ്ലാക്ക് വാട്ടര്‍ പോലെയുള്ള കമ്പനിയല്ലേ നിന്റേത്" എന്ന് ചോദിച്ചപ്പോള്‍ അവന്റെ മുഖം മങ്ങി.

സ്വരക്ഷക്കായിട്ടല്ലാതെ ഒരിക്കല്‍ പോലും തങ്ങള്‍ തോക്ക് പ്രയോഗിക്കില്ല എന്ന് അവന്‍ സ്വയം ആശ്വസിപ്പിക്കാന്‍ എന്ന വണ്ണം പറഞ്ഞു . "ഫലൂജയിലെ ആ വെടിവെപ്പ് ഒരു നിര്‍ഭാഗ്യമായിപ്പോയി" എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ഫലൂജ മാത്രമല്ല മാക്ക്, ഇറാഖ് മുഴുവനായും ഒരു വലിയ നിര്‍ഭാഗ്യമാണ്‌... . ഈ കങ്കാണിപ്പണിക്ക് കൂട്ടുനില്‍ക്കാന്‍ വന്ന ഞാനും നീയുമൊക്കെ ആ വലിയ നിര്‍ഭാഗ്യത്തിന്റെ ഭാഗങ്ങളാണ്‌. .




മെയ് 21, 2013

ബസ്രയില്‍ നിന്നുള്ള കുറിപ്പുകള്‍


ഇറാഖിൽ വന്നതിനുശേഷമുള്ള ആദ്യത്തെ വൈദ്യപരിശോധന ഇന്നലെ കഴിഞ്ഞു. എല്ലാം വളരെ എളുപ്പത്തിൽ. വണ്ടിയിൽ കൊണ്ടുപോയി, സ്വീകരിച്ചിരുത്തി, അരമണിക്കൂർ കൊണ്ട് പരിശോധനയും നടപടിക്രമങ്ങളും കഴിഞ്ഞു. സമാധാനമായി. 

തിരിച്ചു വന്ന് രാത്രി മുറിയിൽ കിടന്നുറങ്ങുമ്പോൾ അസംഖ്യം കുട്ടികൾ മുറിയിൽ കടന്നുവന്നു. ചെറിയ ചെറിയ കുട്ടികൾ. വർഷങ്ങൾ നീണ്ടുനിന്ന ഉപരോധത്തിൽ ഭക്ഷണവും മരുന്നും കിട്ടാതെ മരിച്ചവർ. ജീവച്ഛവമായവർ. നാടും വീടും ഉപേക്ഷിച്ചുപോയവർ. അച്ഛനും അമ്മയ്ക്കും നഷ്ടമായ കണ്മണികൾ. അത്ഭുതം കൂറുന്ന കണ്ണുകളോടെ അവർ എന്നെ ഏറെ നോക്കി നിന്നു. മുറി വിട്ടുപോവുന്നതിനുമുൻപ് അതിലൊരു കുട്ടി എന്റെ തലയ്ക്കൽ വന്ന് സ്നേഹത്തോടെ എന്നെ തലോടി. എന്നിട്ട് ചെവിയിൽ പറഞ്ഞു.

"സുഖമായി ജീവിച്ചോളൂ പരദേശീ. സ്വന്തം നാട്ടിൽ ഞങ്ങൾക്ക് വിലക്കപ്പെട്ട, ഞങ്ങൾക്ക് കിട്ടാതെ പോയ മരുന്നിന്റെയും മന്ത്രത്തിന്റെയും ബലത്തിലാണ് ഇന്ന് നീ സുഖമായി ഉറങ്ങുന്നതെന്ന് ഓർത്താൽ മതി. ശുഭരാത്രി".

ഉറക്കം മുറിഞ്ഞു. ബാരക്കിന്റെ ജനലിലൂടെ നോക്കുമ്പോൾ, എവിടെനിന്നോ വന്ന്, നാളെ ഒരുപക്ഷേ എവിടെയെങ്കിലും ഏതെങ്കിലുമൊരു ചാവേറാക്രമണത്തിൽ ചാവാൻ വിധിക്കപ്പെട്ടവരെയുംകൊണ്ട് ബസ്രയിലൂടെ ബാഗ്ദാദിലേയ്ക്ക് പോകുന്ന ട്രെയിൻ കടന്നുപോകുന്നതുകണ്ടു.






മെയ് 20, 2013

ഒളിപ്പോരുകള്‍, നമ്മുടെയും അവരുടെയും

രാവിലെ പത്രമൊന്ന് ഓടിച്ചുവായിച്ച്, ചായ കുടിച്ച്, ഓട്ട്‌സോ, കോണ്‍‌ഫ്ലേക്സോ, ദോശയും ചമ്മന്തിയുമോ, അല്ലെങ്കില്‍ പൂരിയോ, പുട്ടൊ, ഇഡ്ഡലിയോ, ഉപ്പുമാവോ കഴിച്ച്, ഓഫീസിലെത്തി, സൊറ പറഞ്ഞും, നെറ്റില്‍ ബ്രൗസ് ചെയ്തും ഒഴിവുകിട്ടുമ്പോള്‍ ജോലി ചെയ്തും, ഉച്ചയൂണും വൈകുന്നേര ചായയും കഴിച്ച് വീട്ടിലെത്തി, സീരിയലുകളും വാര്‍ത്തയും കണ്ട്, കുട്ടികളെ കളിപ്പിച്ച്, അവരെ തഞ്ചത്തില്‍ ഉറക്കി, ഒരു കീചകന്‍ ചിരിയുമായി കിടപ്പുമുറിയില്‍ ഭാര്യയുടെ മുകളിലേക്ക് നിങ്ങള്‍ കൂപ്പുകുത്തുന്നു.
 
ഇനി മറ്റൊരു രംഗം വെറുതെ ഒന്ന് സങ്കല്പ്പിച്ചുനോക്കുക. ഒരിക്കലും യാഥാര്‍ത്ഥ്യമാകരുതേ എന്ന പ്രാര്‍ത്ഥനയോടെ വെറുതെ ഒരു സങ്കല്പ്പം.

നിങ്ങളും കുടുംബവും ഏതെങ്കിലുമൊരു കാട്ടിലോ മലയിലോ ജനിക്കുകയും ജീവിക്കുകയും അന്നന്ന് കിട്ടുന്ന കായ്‌കറികളും വേരുമൊക്കെ തിന്ന് ജീവിക്കുന്നു. സ്കൂളും സിനിമകളും പാര്‍ക്കുകളും ഓഫീസ് മന്ദിരങ്ങളും കമ്പ്യൂട്ടറും പത്രം പോലും എന്തെന്ന് നിങ്ങള്‍ക്കറിയില്ല. ആകെ അറിയാവുന്നത്, ആ കാട്ടു / മലമ്പ്രദേശത്തെ മാത്രമാണ്‌. ജീവിക്കണമെങ്കില്‍ രാപ്പകല്‍ എല്ലുമുറിയെ പണിയെടുക്കണമെന്നും. നിങ്ങളെ ജീവിപ്പിക്കുന്നത് അതുമാത്രമാണ്‌.., ആ മലകളും, കാടുകളും അതു തരുന്ന കായ്‌കനികളും അന്നവും വെള്ളവും. അവിടെ ചിലര്‍ വന്ന് നിങ്ങളെ കുടിയിറക്കി ആട്ടിപ്പായിക്കുന്നു. വീട്ടിലെ പുരുഷന്മാരെ വേട്ടയാടുന്നു. സ്ത്രീകളെ ബലാത്‌സംഗം ചെയ്യുന്നു. നിങ്ങളുടെ ഭൂമി കയ്യേറിയവര്‍ നിങ്ങളുടെ കുട്ടികളെ അവരുടെ സംഘത്തിലെ കുട്ടിപ്പട്ടാളത്തിലേക്ക് ദത്തെടുക്കുന്നു. അല്ലെങ്കില്‍ അടിമപ്പണിക്ക് നഗരത്തില്‍ വില്‍‌ക്കുന്നു. നിവൃത്തിയില്ലാതെ നിങ്ങള്‍ തൊട്ടടുത്ത ഗ്രാമത്തിലേക്ക് കിട്ടുന്നതെല്ലാം പെറുക്കിയെടുത്ത് ജീവന്‍ കയ്യില്‍ പിടിച്ച് ഓടുന്നു. അവിടെയും നിങ്ങളെ അവര്‍ വേട്ടയാടുന്നു. അടുത്ത ഗ്രാമത്തിലേക്ക്. പിന്നെ, നിവൃത്തിയില്ലാതെ തൊട്ടടുത്ത സംസ്ഥാനത്തിലേക്ക്. അവിടെ ആരുടെയെങ്കിലും കാരുണ്യത്തിനെയും ദയാവായ്‌പിനെയും ആശ്രയിച്ച്, സര്‍ക്കാരോ ഏതെങ്കിലും സംഘടനകളോ കെട്ടിത്തരുന്ന പ്ലാസ്റ്റിക്ക് കൂടാരങ്ങളില്‍, അവര്‍ വെച്ചുനീട്ടിത്തരുന്ന കഞ്ഞിവെള്ളവും കഴിച്ച്, രോഗബാധിതരായി, അഭയാര്‍ത്ഥികളായി ജീവിക്കേണ്ടിവരുന്നു നിങ്ങള്‍ക്ക്. നിങ്ങളെ നിങ്ങളുടെ ആവാസ വ്യവസ്ഥയില്‍നിന്നും കുടിയിറക്കിയതും, നിങ്ങളുടെ അമ്മപെങ്ങന്മാരെ അപമാനിച്ചതും, നിങ്ങളുടെ ഗ്രാമങ്ങള്‍ക്ക് തീ കൊടുത്ത് വെന്തെരിച്ചതും നിങ്ങളുടെ തന്നെ സ്വന്തം സര്‍ക്കാരാണെന്നും കൂടി കൂട്ടത്തില്‍ ഒന്ന് സങ്കല്പ്പിച്ചുനോക്കുക,

ആദ്യത്തെ അവസ്ഥയിലിരുന്ന് നിങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ നൈതികതയെക്കുറിച്ചും ജനാധിപത്യപരമായ രാഷ്ട്രീയസം‌വാദത്തിന്റെ മഹിമയെക്കുറിച്ചുമൊക്കെ വാചാലമാകാം. ആരും തടസ്സം പറയില്ല. ഓരോരോ അവകാശങ്ങളായി അനുദിനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, ആത്യന്തികമായി നിങ്ങള്‍ ഒരു പൗരനാണ്‌. . നിങ്ങള്‍ക്ക് ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ സമൂഹത്തിന്റെ തന്നെയോ പിന്‍‌ബലമുണ്ട്, മാധ്യമങ്ങളും ക്രമസമാധാനസേനയും നീതിന്യായ സം‌വിധാനങ്ങളുമൊക്കെയുണ്ട് നിങ്ങള്‍ക്ക് കൂട്ടിന്‌. നിങ്ങള്‍ ഒറ്റക്കല്ല.

രണ്ടാമത്തെ അവസ്ഥയിലിരുന്ന് നിങ്ങള്‍ എന്തു ചെയ്യും? നിങ്ങളുടെ ഭൂമിയും വീടും കയ്യേറുന്നവരോട് നിങ്ങള്‍ എന്തു ഭാഷയില്‍ സംസാരിക്കും? എങ്ങിനെ നിങ്ങളുടെ അവകാശങ്ങള്‍ക്കും സ്വത്തിനും വേണ്ടി നിങ്ങള്‍ പൊരുതും? കയ്യേറുന്ന ആ ആളുകളെയും അവരുടെ സില്‍‌ബന്തികളെയും ഏതു മാന്ത്രികദണ്ഡ് ഉപയോഗിച്ചാണ്‌ നിങ്ങള്‍ അകറ്റിനിര്‍ത്തുക? നിങ്ങളുടെ ഗ്രാമങ്ങളെ ചുട്ടെരിച്ചവരോടും നിങ്ങളുടെ സ്ത്രീകളുടെ മാനം നഷ്ടപ്പെടുത്തിയവരോടും, നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊള്ളസംഘങ്ങളിലെ അംഗങ്ങളാക്കിയവരുമായി നിങ്ങള്‍ ഏത്, എന്ത് സമാധാനരാഷ്ട്രീയത്തിന്റെ വട്ടമേശസമ്മേളനമാണ്‌ നടത്തുക?

ചത്തീസ്‌ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തെക്കുറിച്ച് എഴുതിയപ്പോള്‍ ചില സുഹൃത്തുക്കള്‍ സൂചിപ്പിച്ചത്, അക്രമത്തെ അക്രമം കൊണ്ട് നേരിടുന്നതിന്റെയും രാഷ്ട്രീയ സം‌വാദങ്ങള്‍ക്കുപകരം ആയുധത്തിന്റെ രാഷ്ട്രീയം ഉപയോഗിക്കുന്നതിന്റെ അനീതിയെക്കുറിച്ചുമൊക്കെയായിരുന്നു. കൊലയ്ക് കൊല എന്നത് രാഷ്ട്രീയത്തില്‍ പ്രയോഗിക്കേണ്ട സാധനമല്ല. പക്ഷേ, ഇവിടെ, ഈ ചത്തീസ്‌ഗഢിലും ഝാര്‍ഖണ്ഡിലും ഓറീസ്സയിലും ഒന്നും നിങ്ങളുടെയും എന്റെയും കേരളത്തിന്റെ രാഷ്ട്രീയമല്ല അഴിഞ്ഞാടുന്നത്. തീര്‍ത്തും നിശ്ശബ്ദമാക്കപ്പെട്ട ഒരു ജനതയെ അവരുടെ വേരുകളില്‍നിന്ന് പറിച്ചെടുത്തുകളയുകയാണ്‌. .അവരുടെ ഭൂമിയിലെ, അവരുടെ സ്വന്തം സമ്പത്തിനുവേണ്ടി.

അവര്‍ക്കുവേണ്ടി നിങ്ങള്‍ നൂറായിരം ലേഖനങ്ങളും വിശകലനങ്ങളും ഐക്യദാര്‍ഡ്യങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. നിങ്ങള്‍ക്ക് അവരോട് സഹാനുഭൂതിയുണ്ട്. അതൊക്കെ സത്യമായിരിക്കാം. പക്ഷേ അവര്‍ക്കുവേണ്ടി നിങ്ങളെന്തു ചെയ്യുന്നു? എന്തു ചെയ്യും? അവരുടെ കാര്യം നോക്കാന്‍ അവര്‍ക്ക് അവര്‍ മാത്രമേ ഉള്ളു. നിങ്ങള്‍ കരുതുന്നുണ്ടോ, കാട്ടില്‍ പ്രതികൂല കാലാവസ്ഥകളോടും പ്രകൃതിയോടും മല്ലിട്ട്, ഊണും ഉറക്കവുമില്ലാതെ, എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്ന തീര്‍ച്ചയോടെ ഒളിപ്പോരാളികളായി അവര്‍ ജീവിക്കുന്നതും കുഴിബോംബുകള്‍ വെച്ച് ആളുകളെ കൊല്ലുന്നതും, കൊല്ലപ്പെട്ടവരുടെ ദേഹത്ത് ആനന്ദനൃത്തം ചവിട്ടുകയും ചെയ്യുന്നത് വെറും ഒരു ടൈം പാസ്സിനുവേണ്ടിയാണെന്ന്? മഹേന്ദ്രകര്‍മ്മയെപ്പോലെ ഒരാളുടെ ദേഹത്തേക്ക് നൂറുകണക്കിനു വെടിയുണ്ടകള്‍ പായിക്കണമെങ്കില്‍ എത്ര രോഷവും നിസ്സഹായതയും ഉണ്ടായിരുന്നിട്ടുണ്ടാവണം അവര്‍ക്കുള്ളില്‍? ഒന്നും രണ്ടുമല്ല, രണ്ടുലക്ഷത്തോളം ആളുകളെയാണ്‌ കുടിയിറക്കി ആട്ടിപ്പായിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെയും മാനംഭംഗത്തിനിരയാവരുടെയും പതിനായിരക്കണക്കിനാണ്‌. ഇത് ഞാനോ നിങ്ങളോ പറയുന്നതല്ല. സര്‍ക്കാരിന്റെ തന്നെ കണക്കുകളാണ്‌..

അവര്‍ക്കാണോ നിങ്ങള്‍ ജനാധിപത്യമര്യാദകളുടെയും രാഷ്ട്രീയ മര്യാദകളുടെയും സ്റ്റഡി ക്ലാസ്സുകളെടുക്കുന്നത്? അവരോടാണോ നിങ്ങള്‍ ബാലറ്റുരാഷ്ട്രീയത്തിന്റെ സംശുദ്ധിയെക്കുറിച്ച് സംസാരിക്കുന്നത്?

നിങ്ങള്‍ക്കവരുടെ കൂടെ കൂടാന്‍ കഴിയുന്നില്ലെങ്കില്‍ സാരമില്ല. വിട്ടേയ്ക്ക്. അവര്‍ക്ക് അവരുടെ മണ്ണും കൂരയും ജീവിതവും ഒക്കെ നഷ്ടമായി. കീ ബോര്‍ഡില്‍ ഞൊട്ടാനല്ലാതെ അവര്‍ക്കുവേണ്ടിഒരു ചെറുവിരല്‍ പോലും അനക്കാന്‍ സമയമില്ലാത്ത നിങ്ങള്‍ അവരോട് നിങ്ങളുടെ രാഷ്ട്രീയമര്യാദകളെക്കുറിച്ചുമാത്രം സംസാരിക്കാതിരിക്കുക.

ജീവന്മരണപോരാട്ടമെന്നൊന്നും പറഞ്ഞാല്‍ നിങ്ങള്‍ക്കും എനിക്കും മനസ്സിലാവില്ല.