Friday, May 31, 2013

ഒളിപ്പോരുകള്‍, നമ്മുടെയും അവരുടെയും

രാവിലെ പത്രമൊന്ന് ഓടിച്ചുവായിച്ച്, ചായ കുടിച്ച്, ഓട്ട്‌സോ, കോണ്‍‌ഫ്ലേക്സോ, ദോശയും ചമ്മന്തിയുമോ, അല്ലെങ്കില്‍ പൂരിയോ, പുട്ടൊ, ഇഡ്ഡലിയോ, ഉപ്പുമാവോ കഴിച്ച്, ഓഫീസിലെത്തി, സൊറ പറഞ്ഞും, നെറ്റില്‍ ബ്രൗസ് ചെയ്തും ഒഴിവുകിട്ടുമ്പോള്‍ ജോലി ചെയ്തും, ഉച്ചയൂണും വൈകുന്നേര ചായയും കഴിച്ച് വീട്ടിലെത്തി, സീരിയലുകളും വാര്‍ത്തയും കണ്ട്, കുട്ടികളെ കളിപ്പിച്ച്, അവരെ തഞ്ചത്തില്‍ ഉറക്കി, ഒരു കീചകന്‍ ചിരിയുമായി കിടപ്പുമുറിയില്‍ ഭാര്യയുടെ മുകളിലേക്ക് നിങ്ങള്‍ കൂപ്പുകുത്തുന്നു.
 
ഇനി മറ്റൊരു രംഗം വെറുതെ ഒന്ന് സങ്കല്പ്പിച്ചുനോക്കുക. ഒരിക്കലും യാഥാര്‍ത്ഥ്യമാകരുതേ എന്ന പ്രാര്‍ത്ഥനയോടെ വെറുതെ ഒരു സങ്കല്പ്പം.

നിങ്ങളും കുടുംബവും ഏതെങ്കിലുമൊരു കാട്ടിലോ മലയിലോ ജനിക്കുകയും ജീവിക്കുകയും അന്നന്ന് കിട്ടുന്ന കായ്‌കറികളും വേരുമൊക്കെ തിന്ന് ജീവിക്കുന്നു. സ്കൂളും സിനിമകളും പാര്‍ക്കുകളും ഓഫീസ് മന്ദിരങ്ങളും കമ്പ്യൂട്ടറും പത്രം പോലും എന്തെന്ന് നിങ്ങള്‍ക്കറിയില്ല. ആകെ അറിയാവുന്നത്, ആ കാട്ടു / മലമ്പ്രദേശത്തെ മാത്രമാണ്‌. ജീവിക്കണമെങ്കില്‍ രാപ്പകല്‍ എല്ലുമുറിയെ പണിയെടുക്കണമെന്നും. നിങ്ങളെ ജീവിപ്പിക്കുന്നത് അതുമാത്രമാണ്‌.., ആ മലകളും, കാടുകളും അതു തരുന്ന കായ്‌കനികളും അന്നവും വെള്ളവും. അവിടെ ചിലര്‍ വന്ന് നിങ്ങളെ കുടിയിറക്കി ആട്ടിപ്പായിക്കുന്നു. വീട്ടിലെ പുരുഷന്മാരെ വേട്ടയാടുന്നു. സ്ത്രീകളെ ബലാത്‌സംഗം ചെയ്യുന്നു. നിങ്ങളുടെ ഭൂമി കയ്യേറിയവര്‍ നിങ്ങളുടെ കുട്ടികളെ അവരുടെ സംഘത്തിലെ കുട്ടിപ്പട്ടാളത്തിലേക്ക് ദത്തെടുക്കുന്നു. അല്ലെങ്കില്‍ അടിമപ്പണിക്ക് നഗരത്തില്‍ വില്‍‌ക്കുന്നു. നിവൃത്തിയില്ലാതെ നിങ്ങള്‍ തൊട്ടടുത്ത ഗ്രാമത്തിലേക്ക് കിട്ടുന്നതെല്ലാം പെറുക്കിയെടുത്ത് ജീവന്‍ കയ്യില്‍ പിടിച്ച് ഓടുന്നു. അവിടെയും നിങ്ങളെ അവര്‍ വേട്ടയാടുന്നു. അടുത്ത ഗ്രാമത്തിലേക്ക്. പിന്നെ, നിവൃത്തിയില്ലാതെ തൊട്ടടുത്ത സംസ്ഥാനത്തിലേക്ക്. അവിടെ ആരുടെയെങ്കിലും കാരുണ്യത്തിനെയും ദയാവായ്‌പിനെയും ആശ്രയിച്ച്, സര്‍ക്കാരോ ഏതെങ്കിലും സംഘടനകളോ കെട്ടിത്തരുന്ന പ്ലാസ്റ്റിക്ക് കൂടാരങ്ങളില്‍, അവര്‍ വെച്ചുനീട്ടിത്തരുന്ന കഞ്ഞിവെള്ളവും കഴിച്ച്, രോഗബാധിതരായി, അഭയാര്‍ത്ഥികളായി ജീവിക്കേണ്ടിവരുന്നു നിങ്ങള്‍ക്ക്. നിങ്ങളെ നിങ്ങളുടെ ആവാസ വ്യവസ്ഥയില്‍നിന്നും കുടിയിറക്കിയതും, നിങ്ങളുടെ അമ്മപെങ്ങന്മാരെ അപമാനിച്ചതും, നിങ്ങളുടെ ഗ്രാമങ്ങള്‍ക്ക് തീ കൊടുത്ത് വെന്തെരിച്ചതും നിങ്ങളുടെ തന്നെ സ്വന്തം സര്‍ക്കാരാണെന്നും കൂടി കൂട്ടത്തില്‍ ഒന്ന് സങ്കല്പ്പിച്ചുനോക്കുക,

ആദ്യത്തെ അവസ്ഥയിലിരുന്ന് നിങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ നൈതികതയെക്കുറിച്ചും ജനാധിപത്യപരമായ രാഷ്ട്രീയസം‌വാദത്തിന്റെ മഹിമയെക്കുറിച്ചുമൊക്കെ വാചാലമാകാം. ആരും തടസ്സം പറയില്ല. ഓരോരോ അവകാശങ്ങളായി അനുദിനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, ആത്യന്തികമായി നിങ്ങള്‍ ഒരു പൗരനാണ്‌. . നിങ്ങള്‍ക്ക് ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ സമൂഹത്തിന്റെ തന്നെയോ പിന്‍‌ബലമുണ്ട്, മാധ്യമങ്ങളും ക്രമസമാധാനസേനയും നീതിന്യായ സം‌വിധാനങ്ങളുമൊക്കെയുണ്ട് നിങ്ങള്‍ക്ക് കൂട്ടിന്‌. നിങ്ങള്‍ ഒറ്റക്കല്ല.

രണ്ടാമത്തെ അവസ്ഥയിലിരുന്ന് നിങ്ങള്‍ എന്തു ചെയ്യും? നിങ്ങളുടെ ഭൂമിയും വീടും കയ്യേറുന്നവരോട് നിങ്ങള്‍ എന്തു ഭാഷയില്‍ സംസാരിക്കും? എങ്ങിനെ നിങ്ങളുടെ അവകാശങ്ങള്‍ക്കും സ്വത്തിനും വേണ്ടി നിങ്ങള്‍ പൊരുതും? കയ്യേറുന്ന ആ ആളുകളെയും അവരുടെ സില്‍‌ബന്തികളെയും ഏതു മാന്ത്രികദണ്ഡ് ഉപയോഗിച്ചാണ്‌ നിങ്ങള്‍ അകറ്റിനിര്‍ത്തുക? നിങ്ങളുടെ ഗ്രാമങ്ങളെ ചുട്ടെരിച്ചവരോടും നിങ്ങളുടെ സ്ത്രീകളുടെ മാനം നഷ്ടപ്പെടുത്തിയവരോടും, നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊള്ളസംഘങ്ങളിലെ അംഗങ്ങളാക്കിയവരുമായി നിങ്ങള്‍ ഏത്, എന്ത് സമാധാനരാഷ്ട്രീയത്തിന്റെ വട്ടമേശസമ്മേളനമാണ്‌ നടത്തുക?

ചത്തീസ്‌ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തെക്കുറിച്ച് എഴുതിയപ്പോള്‍ ചില സുഹൃത്തുക്കള്‍ സൂചിപ്പിച്ചത്, അക്രമത്തെ അക്രമം കൊണ്ട് നേരിടുന്നതിന്റെയും രാഷ്ട്രീയ സം‌വാദങ്ങള്‍ക്കുപകരം ആയുധത്തിന്റെ രാഷ്ട്രീയം ഉപയോഗിക്കുന്നതിന്റെ അനീതിയെക്കുറിച്ചുമൊക്കെയായിരുന്നു. കൊലയ്ക് കൊല എന്നത് രാഷ്ട്രീയത്തില്‍ പ്രയോഗിക്കേണ്ട സാധനമല്ല. പക്ഷേ, ഇവിടെ, ഈ ചത്തീസ്‌ഗഢിലും ഝാര്‍ഖണ്ഡിലും ഓറീസ്സയിലും ഒന്നും നിങ്ങളുടെയും എന്റെയും കേരളത്തിന്റെ രാഷ്ട്രീയമല്ല അഴിഞ്ഞാടുന്നത്. തീര്‍ത്തും നിശ്ശബ്ദമാക്കപ്പെട്ട ഒരു ജനതയെ അവരുടെ വേരുകളില്‍നിന്ന് പറിച്ചെടുത്തുകളയുകയാണ്‌. .അവരുടെ ഭൂമിയിലെ, അവരുടെ സ്വന്തം സമ്പത്തിനുവേണ്ടി.

അവര്‍ക്കുവേണ്ടി നിങ്ങള്‍ നൂറായിരം ലേഖനങ്ങളും വിശകലനങ്ങളും ഐക്യദാര്‍ഡ്യങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. നിങ്ങള്‍ക്ക് അവരോട് സഹാനുഭൂതിയുണ്ട്. അതൊക്കെ സത്യമായിരിക്കാം. പക്ഷേ അവര്‍ക്കുവേണ്ടി നിങ്ങളെന്തു ചെയ്യുന്നു? എന്തു ചെയ്യും? അവരുടെ കാര്യം നോക്കാന്‍ അവര്‍ക്ക് അവര്‍ മാത്രമേ ഉള്ളു. നിങ്ങള്‍ കരുതുന്നുണ്ടോ, കാട്ടില്‍ പ്രതികൂല കാലാവസ്ഥകളോടും പ്രകൃതിയോടും മല്ലിട്ട്, ഊണും ഉറക്കവുമില്ലാതെ, എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്ന തീര്‍ച്ചയോടെ ഒളിപ്പോരാളികളായി അവര്‍ ജീവിക്കുന്നതും കുഴിബോംബുകള്‍ വെച്ച് ആളുകളെ കൊല്ലുന്നതും, കൊല്ലപ്പെട്ടവരുടെ ദേഹത്ത് ആനന്ദനൃത്തം ചവിട്ടുകയും ചെയ്യുന്നത് വെറും ഒരു ടൈം പാസ്സിനുവേണ്ടിയാണെന്ന്? മഹേന്ദ്രകര്‍മ്മയെപ്പോലെ ഒരാളുടെ ദേഹത്തേക്ക് നൂറുകണക്കിനു വെടിയുണ്ടകള്‍ പായിക്കണമെങ്കില്‍ എത്ര രോഷവും നിസ്സഹായതയും ഉണ്ടായിരുന്നിട്ടുണ്ടാവണം അവര്‍ക്കുള്ളില്‍? ഒന്നും രണ്ടുമല്ല, രണ്ടുലക്ഷത്തോളം ആളുകളെയാണ്‌ കുടിയിറക്കി ആട്ടിപ്പായിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെയും മാനംഭംഗത്തിനിരയാവരുടെയും പതിനായിരക്കണക്കിനാണ്‌. ഇത് ഞാനോ നിങ്ങളോ പറയുന്നതല്ല. സര്‍ക്കാരിന്റെ തന്നെ കണക്കുകളാണ്‌..

അവര്‍ക്കാണോ നിങ്ങള്‍ ജനാധിപത്യമര്യാദകളുടെയും രാഷ്ട്രീയ മര്യാദകളുടെയും സ്റ്റഡി ക്ലാസ്സുകളെടുക്കുന്നത്? അവരോടാണോ നിങ്ങള്‍ ബാലറ്റുരാഷ്ട്രീയത്തിന്റെ സംശുദ്ധിയെക്കുറിച്ച് സംസാരിക്കുന്നത്?

നിങ്ങള്‍ക്കവരുടെ കൂടെ കൂടാന്‍ കഴിയുന്നില്ലെങ്കില്‍ സാരമില്ല. വിട്ടേയ്ക്ക്. അവര്‍ക്ക് അവരുടെ മണ്ണും കൂരയും ജീവിതവും ഒക്കെ നഷ്ടമായി. കീ ബോര്‍ഡില്‍ ഞൊട്ടാനല്ലാതെ അവര്‍ക്കുവേണ്ടിഒരു ചെറുവിരല്‍ പോലും അനക്കാന്‍ സമയമില്ലാത്ത നിങ്ങള്‍ അവരോട് നിങ്ങളുടെ രാഷ്ട്രീയമര്യാദകളെക്കുറിച്ചുമാത്രം സംസാരിക്കാതിരിക്കുക.

ജീവന്മരണപോരാട്ടമെന്നൊന്നും പറഞ്ഞാല്‍ നിങ്ങള്‍ക്കും എനിക്കും മനസ്സിലാവില്ല.

No comments: