Friday, May 31, 2013

ബസ്രയിലേക്ക്


അങ്ങിനെ, വിചാരിച്ചതുപോലെ കാര്യങ്ങളൊക്കെ നീങ്ങുകയാണെങ്കില്‍, അധികം വൈകതെ, ഇറാഖിലേക്ക് പോവുകയായി. ബസ്രയിലേക്ക്. ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്രം തേടി വലഞ്ഞെത്തിയ ദരിദ്രനായ സിന്‍‌ബാദും, ഏഴു സഞ്ചാരങ്ങളിലൂടെ ലോകം കണ്ട ധനികനായ സിന്‍‌ബാദും തമ്മില്‍ കണ്ടുമുട്ടി വര്‍ത്തമാനം പറഞ്ഞിരുന്ന ബസ്ര.

വിവരം പറഞ്ഞപ്പോള്‍ പല സുഹൃത്തുക്കളും ചോദിച്ചു. ചിലര്‍ ഭയപ്പാടോടെ, ചിലര്‍ ദു:ശ്ശങ്കകളോടെ, അത്ഭുതത്തോടെ, സഹതാപത്തോടെ, ചുരുക്കം ചിലര്‍ കൌതുകത്തോടെ, എന്തു കൊണ്ട് ഇറാഖ്? ഇവിടെ സുരക്ഷിതമായ മറ്റേതെങ്കിലും എണ്ണപ്പാടത്തേക്ക് മതിയായിരുന്നില്ലേ? അവിടേക്കുതന്നെ പോണോ? ഒന്നുകൂടി ആലോചിച്ചിട്ട് പോരേ? അപകടമുള്ള സ്ഥലമല്ലേ?

പോണം. പോയേ തീരൂ. ഒരുതരത്തില്‍ പറഞ്ഞാല്‍ ആഗ്രഹിച്ചിരുന്നതാണ് ഈ യാത്ര.

ആ നാട് എനിക്ക് പ്രിയപ്പെട്ടതാണ്. കഥകള്‍ പറഞ്ഞുപറഞ്ഞ് ആയിരത്തൊന്നു രാത്രികള്‍ മരണത്തെ അതിജീവിച്ച ഷെഹ്‌റസാദെ എന്ന കഥാകാരിയുടെയും അബ്ബാസിദിന്റെ ഖലീഫ ഹാറൂണ്‍ റഷീദിന്റെയും നാടു മാത്രമല്ല എനിക്ക് ഇറാഖ്.

1990-മുതല്‍ തുടങ്ങിയ ഒരു യുദ്ധത്തിന്റെ ടൈം‌ലൈന്‍ സൌകര്യപൂര്‍വ്വം 2003-ലേക്ക് നീട്ടിവെച്ച് രണ്ട് ദശാബ്ദക്കാലമായി നടക്കുന്ന ഒരു യുദ്ധത്തെ വെറും ഒരു ദശാബ്ദത്തിലേക്ക് ഒതുക്കി ആചരിക്കുകയാണ് ഇന്ന് ലോകം. ഒന്നര ദശലക്ഷംപൌരന്മാരെ ലോകത്തുനിന്നുതന്നെ ‘വിമോചിപ്പിക്കുക‘യും, രണ്ടര ദശലക്ഷം ആളുകള്‍ക്ക് അംഗഭംഗം വരുത്തുകയും, നാലര ദശലക്ഷം ആളുകളെ പലായനം ചെയ്യിക്കുകയും ചെയ്ത ഒരു യുദ്ധത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്.

ആ നാട്ടിലേക്കാണ് പോകുന്നത്.

അവിടെ ഞാന്‍ കണ്ടിട്ടില്ലാത്ത അച്ഛനമ്മമാരും കുട്ടികളുമുണ്ട്. ഫലൂജയിലെയും ബസ്രയിലെയും കുട്ടികള്‍. യുദ്ധത്തില്‍ ചിന്നിച്ചിതറിയ യൂറേനിയത്തിന്റെ വികിരണമേറ്റ് ജനിതകവൈകല്യങ്ങളോടെയും രക്താര്‍ബ്ബുദത്തോടെയും ജനിച്ച ലക്ഷക്കണക്കിനു കുട്ടികളും ജീവിച്ചിരിക്കുന്ന മുതിര്‍ന്ന മനുഷ്യരുമുള്ള ഇറാഖ്. അവിടേക്കാണ് അടുത്ത മാസം ഞാനെത്തുക.

അവിടേക്ക് എന്നെ വലിച്ചടുപ്പിക്കുന്ന മറ്റു രണ്ടുപേരുണ്ട്. ഒന്ന്, ഒരിക്കല്‍ അവിടെയുണ്ടായിരുന്ന, “റിവര്‍ ബെന്‍ഡ്’ എന്ന മറക്കുടപ്പേരില്‍ ഒളിച്ചിരുന്ന്, 2003 മുതല്‍ ‘ബാഗ്ദാദ് ബണിംഗ്’ എന്ന ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയിരുന്ന, എന്റെ ആ പഴയ ബൂലോഗ സഹയാത്രിക. 2007-ലെ ഒരു പ്രഭാതത്തിലാണ് ആദ്യം സിറിയയിലേക്കും പിന്നീട് ജോര്‍ദ്ദാനിലേക്കും അവള്‍, തന്റെ അച്ഛനമ്മമാരോടൊപ്പം, ജീവന്‍ കയ്യില്‍ പിടിച്ച് പലായനം ചെയ്തത്. അതിനുശേഷം അവള്‍ എവിടെയാണെന്ന് ലോകത്തിനറിയില്ല. ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും. ഒരു പക്ഷേ സുഖമായി എവിടെയെങ്കിലും കഴിയുന്നുണ്ടായിരിക്കും. അതല്ലെങ്കില്‍, കുടിയേറിപ്പാര്‍ത്ത ഏതെങ്കിലുമൊരു നാട്ടിലെ അഭയാര്‍ത്ഥി ക്യാമ്പില്‍, ഇനിയൊരുപക്ഷേ ഈ ചുറ്റുവട്ടത്തെ ഏതെങ്കിലുമൊരു എണ്ണപ്പാട നഗരത്തിലെ ഒരു സുഖവില്‍പ്പനശാലയില്‍. അറിയില്ല. ഇറാഖ്, ബസ്ര, എനിക്ക് അവളാണ്. അവളെപ്പോലുള്ള ലക്ഷം മനുഷ്യാത്മാക്കളാണ്.

ലൈല അന്‍‌വറിന്റെയും നാടാണ് അത്. തന്റെ ഉറ്റവരും ഉടയവരുമായ ലക്ഷക്കണക്കിനാളുകളെ നീണ്ട രണ്ടു പതിറ്റാണ്ടായി കൊന്നും തിന്നും മദിക്കുന്ന പാശ്ചാത്യ വിമോചന സേനകള്‍ക്കെതിരെ, അതിന്റെ രാഷ്ട്രീയ നൈതികതക്കും, മതബോധത്തിനും, സദാചാരസങ്കല്‍പ്പങ്ങള്‍ക്കുമെതിരെ,എന്തിന് ചിലപ്പോഴൊക്കെ അതിന്റെ കലാ-സാഹിത്യ-സംഗീതത്തിനുപോലും എതിരെ, ചിലപ്പോഴൊക്കെ അപസ്മാരബാധിതയെപ്പോലെ നിരന്തരം എഴുതുകയും ചീത്ത വിളിക്കുകയും ശപിക്കുകയും ചെയ്യുന്ന ലൈല അന്‍‌വറിന്റെ നാട്.

ബസ്ര, ഫലൂജ, മൊസൂല്‍, ബാഗ്ദാദ് - ശവപ്പറമ്പുകളായി മാറിയ പുരാതന നഗരങ്ങളുടെ നാട്.

അവിടേക്കാണ് പോവുക.

രണ്ടു പതിറ്റാണ്ടായി നടക്കുന്ന ആ വംശഹത്യയെ, ഒരു ഭാവഭേദവുമില്ലാതെ, ഒരു പ്രതികരണവുമില്ലാതെ, നിശ്ശബ്ദമായി ആചരിച്ചു നടക്കുന്ന നാണം‌കെട്ട ശേഷിച്ച ലോകത്തിന്റെ പേരില്‍ അവിടെപ്പോയി, അവരുടെ ചരിത്രസന്ധിയില്‍ പങ്കളിയാകണം. അതിസുരക്തിതമായ തൊഴിലിടത്തിന്റെ മുള്‍വേലികള്‍ക്കകത്തു നിന്ന് ഒരിക്കലെങ്കിലും പുറത്തിറങ്ങാന്‍ പറ്റിയാല്‍, അന്ന്, പ്രാചീനമായ യൂഫ്രട്ടീസിന്റെയും ടൈഗ്രിസിന്റെയും കരയില്‍ നിന്ന് അവര്‍ക്ക് ബലിതര്‍പ്പണം ചെയ്യണം.

കാണണം ഇറാഖിനെ, ബസ്രയെ. മറ്റൊരു ജോലിസാധ്യതയേക്കാള്‍, അവിടെനിന്ന് കിട്ടിയേക്കാവുന്ന ചോരപുരണ്ട പച്ചനോട്ടുകളേക്കാള്‍ എന്നെ ക്ഷണിക്കുന്നത് ഇതൊക്കെയാണ്. ഒരുപക്ഷേ, ലൈല അന്‍‌വര്‍ എന്റെ മുഖത്താട്ടും. “പോ, പോയി യാങ്കികള്‍ക്ക് വിടുപണി ചെയ്യ് നശിച്ച മദ്രാസി” എന്ന് അവള്‍ എന്നെ പുലഭ്യം പറയുമായിരിക്കും.

എന്നാലും ശരി, ഒരിക്കലെങ്കിലും എനിക്ക് അവിടേക്ക് പോയേ തീരൂ.

No comments: