Monday, February 17, 2014

നായാടിയവരും നായാട്ടുകാരും

നാട്ടിന്‍പുറത്തെ ഞങ്ങളുടെ വീട്ടിലും പണ്ട് വരാറുണ്ടായിരുന്നു അവര്‍ . ഏതാണ്ട് ഉച്ചയോടെ. പടിക്കല്‍ നിന്ന് 'മ്പ്രാ',  'മ്പ്രാട്ട്യേ' എന്നൊക്കെ വിളിച്ച് കണ്‍‌വെട്ടത്തുനിന്നും പെട്ടെന്ന് മറയും. തറവാട്ടിലെ അടുക്കളയില്‍നിന്ന് ആരെങ്കിലുമൊരാള്‍ മുറത്തില്‍ നെല്ലോ മറ്റോ കൊണ്ടുപോയി പടിക്കല്‍ വെച്ച് ഓടി തിരിച്ചു വരും. പടിക്കലേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കാണാം, മിന്നല്‍ പോലെ ഒരു രൂപം വന്ന് അതെടുത്തുകൊണ്ടുപോകുന്നത്. അടുക്കളയില്‍നിന്ന് പിന്നെയും ആളോടും. മുറമെടുത്തുകൊണ്ടുവരാന്‍, പിന്നെ ഒരു ശബ്ദവുമില്ലാത്ത ഉച്ചവെയില്‍ മാത്രം ബാക്കിയാകും പടിപ്പുരയില്‍ . എന്തൊരു ദുരൂഹതയായിരുന്നു ആ കാഴ്ച.

കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് പേടിയായിരുന്നു ആ ശബ്ദം. എന്തോ ഒരു അപകടം വരുന്നതുപോലെ തോന്നിച്ചിരുന്നു അതെപ്പോഴും.

വീടിന്റെ കുറേയപ്പുറത്ത് ഒരു നായാടിപ്പറമ്പുമുണ്ടായിരുന്നു. അവിടെയായിരുന്നുവത്രെ അവര്‍ താമസിച്ചിരുന്നത്. പട്ടിയെയും എലിയെയും പെരുച്ചാഴിയെയുമൊക്കെ തല്ലിക്കൊന്ന് ചുട്ടുതിന്നുന്ന മനുഷ്യരല്ലാത്ത ആളുകള്‍ .

ചിലപ്പോള്‍ അടുത്തുള്ള പൂരപ്പറമ്പിലേക്കോ ബന്ധുവീടുകളിലേക്കോ പോകുമ്പോള്‍ എതിരെനിന്ന് നടന്നു വരുന്ന ഒരു രൂപം പെട്ടെന്ന് കാഴ്ചവട്ടത്തുനിന്നും ഓടിമറയുന്നതും കണ്ട ഓര്‍മ്മയുണ്ട്. ഞങ്ങള്‍ നടന്നകലുന്നതുവരെ, ഏതെങ്കിലും ചെടികളുടെയോ മറ്റോ മറവില്‍, തലയില്‍ മുണ്ടിട്ട്,   പതുങ്ങിയിരിക്കുന്ന സാധുരൂപങ്ങള്‍ .

ഒടിയന്മാരെക്കൊണ്ട്  നാറട്ട്ിലെ തറവാടുകളിലെ തമ്പ്രാക്കള്‍ക്കും തമ്പ്രാട്ടികള്‍ക്കും എന്തെങ്കിലുമൊരു ഗുണമെങ്കിലുമുണ്ടായിരുന്നു. ആരെയെങ്കിലും ഒടിക്കാനോ, ഒടിച്ചുമടക്കാനോ അവിഹിതഗര്‍ഭങ്ങള്‍ അലസിപ്പിക്കാനോ അവര്‍ വേണമായിരുന്നു. പാവം നായാടികളെ മാത്രം അതിനു പോലും വേണ്ട. ആട്ടിയകറ്റാനും മറ്റുള്ളവര്‍ക്ക് അറപ്പു തോന്നിക്കാനും മാത്രമായി ഒരുകൂട്ടം മനുഷ്യര്‍ .

അന്നത്തെ ആ വലിയ തറവടുകളിലെ കുട്ടികളൊക്കെ ചിലര്‍ നന്നായും ചിലര്‍ ചീഞ്ഞളിഞ്ഞും ഒന്നിനും കൊള്ളാതെയും പോയി. ചിലരിപ്പോഴും കുടിച്ചും കൂത്താടിയും, കൊല്ലിനും കൊലയ്ക്കുമുള്ള അധികാരമുണ്ടായിരുന്ന സുവര്‍ണ്ണയുഗത്തിനെപ്പറ്റി പഴന്തമിഴ്‌പാട്ടുപാടിയും ഗതികിട്ടാതെ, അമ്പലപ്പറമ്പിലും ആലിന്‍‌ചുവട്ടുകളിലുമിരിക്കുന്നു. പട്ടിയെയും പെരുച്ചാഴിയെയും എലിയെയും ചുട്ടുതിന്നവരുടെ മക്കളും പലരും നന്നായി പഠിക്കുകയും അന്യനാടുകളിലും മറ്റും പോയി അന്തസ്സുള്ള ജീവിതത്തിലേക്ക് കരകയറുകയും ചെയ്തു.

വയറ്റിലെ തീ കെടുത്താന്‍ പട്ടിയെയും എലിയെയുമൊക്കെ തിന്നേണ്ടിവന്ന ഒരു വര്‍ഗ്ഗത്തിനെ പടച്ച്, അതിന്റെ തൊട്ടടുത്ത്, കൂമ്പാരമായി കൂട്ടിയിട്ട നെല്ലുകളും ധാന്യങ്ങളും കുത്തിനിറച്ച മച്ചുകളെയും  പത്തായപ്പുരകളെയും താങ്ങിനിന്നിരുന്ന ആ പഴയ തറവാടുകള്‍ നശിച്ച് നാറാണക്കല്ലു തോണ്ടിയതിനും, മനുഷ്യരായിരുന്നിട്ടും മനുഷ്യരുടെയിടയില്‍ സ്ഥാനമില്ലാതിരുന്നവരെ മനുഷ്യരായി കാണാന്‍ പഠിപ്പിച്ചതിനും, അല്പമെങ്കിലും ആത്മാഭിമാനമുള്ളവരെയൊക്കെയും നായാടി നടക്കുന്ന നായാടികളാക്കുന്ന കാലത്ത് ജീവിക്കാനിട നല്‍കിയതിനും സത്യമായിട്ടും എന്റെ കാലത്തോട് എനിക്ക് നന്ദി പറയാതെ വയ്യ.

ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ വായിച്ചുതുടങ്ങുമ്പോള്‍, നാട്ടുമ്പുറത്തെ ആ പഴയ ഉച്ചക്ക് പടിപ്പുരയില്‍ വന്ന് ഉച്ചത്തില്‍ നിലവിളിച്ചിരുന്ന ആ പഴയ രൂപങ്ങളെ ഓര്‍ത്ത് എന്താണെന്റെയുള്ളില്‍ നിറയുന്നത്. നിലവിളിയോ? ആത്മനിന്ദയോ? അറിയില്ല.

2 comments:

ajith said...

നായാടപ്പെട്ടവര്‍ നായാട്ടുകാരാകാതിരുന്നാല്‍ നന്മ

Baiju Elikkattoor said...

വളരെ unpleasant ആയ ഒരു പൈതൃകം ആണ് നമ്മൾ മലയാളികൾക്ക് ഉള്ളത്......!