Sunday, June 29, 2014

സംഗീത സം‌വിധായകന്‍

(ഹസ്സന്‍ ബ്ലാസിം* എന്ന ഇറാഖി എഴുത്തുകാരന്റെ "The Corpse Exhibition and other stories of Iraq" എന്ന കഥാ സമാഹാരത്തിലെ 'The Composer" എന്ന കഥയുടെ വിവര്‍ത്തനം)

മുന്‍‌കൂര്‍ ജാമ്യം - ഗ്രന്ഥകര്‍ത്താവിന്റെ അനുവാദമില്ലാതെ ഒരു രചന പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നറിയാഞ്ഞിട്ടല്ല. ബ്ലാസിമിന്റെ മേല്‍‌വിലാസം കിട്ടാന്‍ കുറേ അന്വേഷിച്ചു. കിട്ടിയില്ല. എന്തായാലും മനസ്സില്‍ തട്ടുന്ന എന്തെങ്കിലും വായിച്ചാല്‍, കേട്ടാല്‍, അത് (കച്ചവട ലക്ഷ്യമില്ലാതെ) മറ്റുള്ളവരുമായി പങ്കുവെക്കുന്നതില്‍ തെറ്റില്ല എന്ന സ്വയം ബോദ്ധ്യത്തിന്റെയും, ഫേസ്‌ബുക്കിലെ ചൊറിയലുകളല്ലാതെ, കാര്യമായ എന്തെങ്കിലും എഴുതിയിട്ട് നാളുകള്‍ കുറച്ചേറെയായതിന്റെയുമൊക്കെ ജാമ്യത്തില്‍, ഇന്നലെ രാത്രി തച്ചിനിരുന്ന് ഒറ്റയടിക്ക് എഴുതി തീര്‍ത്തതാണ്‌.

സംഗീത സം‌വിധായകന്‍

അല്‍ അമാറ പട്ടണത്തിലായിരുന്നു ജാഫര്‍ അല്‍ മുതലബിയുടെ ജനനം. 1973-ല്‍ അയാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് ബാത്ത് പാര്‍ട്ടിയില്‍ ചേര്‍ന്നു. അതേ വര്‍ഷം തന്നെ അയാളുടെ ഭാര്യ രണ്ടാമത്തെ മകന്‌ ജന്മം നല്‍കി. ഒരു പ്രൊഫഷണല്‍ തന്ത്രിവാദ്യക്കാരനും ദേശഭക്തിഗാനങ്ങളുടെ സംഗീതസം‌വിധായകനുമായിരുന്നു അയാള്‍. 1991-ല്‍ കിര്‍ക്കുക് നഗരത്തിലുണ്ടായ കലാപത്തില്‍ അയാള്‍ കൊല്ലപ്പെട്ടു.

‌‌‌‌*********************************

അയാള്‍ എങ്ങിനെയാണ്‌ മരിച്ചത് എന്ന് ഇന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും. അതാ, അവിടെയിരുന്ന് മീനിന്റെ വില പറഞ്ഞ് തൊള്ളയിടുന്ന ആ വയസ്സിയെ കണ്ടോ? അതെന്റെ അമ്മയാണ്‌. ബാഗ്ദാദിലേക്ക് തിരിച്ചു വന്നതു മുതല്‍ ഞങ്ങള്‍ മീന്‍ വിറ്റാണ്‌ ജീവിക്കുനന്ത്. ആ ഒരു കുട്ട മീന്‍ വില്‍ക്കാന്‍ ഞാന്‍ ഒന്ന് അവരെ സഹായിക്കട്ടെ. അതിനുശേഷം ഏതെങ്കിലും ചായക്കടയില്‍ പോയിരുന്ന് നമുക്ക് സംസാരിക്കാം.

ഇറാഖും ഇറാനും തമ്മിലുള്ള യുദ്ധം കഴിഞ്ഞതിനുശേഷം എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ നിരീശ്വരവാദം പരസ്യമാക്കാന്‍ തുടങ്ങിയത് വലിയ പ്രശ്നങ്ങളുണ്ടാക്കി. ഒരു ദിവസം ഷര്‍ട്ടില്‍ നിറയെ ചോരയുമായി വൈകുന്നേരം അച്ഛന്‍ വീട്ടില്‍ വന്നു. ഏതോ ഒരു കൂട്ടുകാരന്റെ ഇടികൊണ്ട് മൂക്കില്‍നിന്ന് ചോരയൊലിച്ചതായിരുന്നു. ഒരു ചായക്കടയിലിരുന്ന് അവരിരുവരും ചീട്ട് കളിക്കുമ്പോളായിരുന്നു പെട്ടെന്ന് അച്ഛന്‍ ദൈവത്തിനും പ്രവാചകനുമെതിരെ തെറി വിളിക്കാന്‍ തുടങ്ങിയത്. മൂപ്പര്‍ സ്വന്തമായി രചിച്ച് സംഗീതം കൊടുത്തവയായിരുന്നു അത്. നല്ലൊരു സംഗീത സം‌വിധായകനായിരുന്നു അച്ഛന്‍ എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ആദ്യം അദ്ദേഹം സൈന്യത്തിനു യോജിച്ച തരത്തില്‍ ഒരു പാട്ടിന്‌ ട്യൂണ്‍ കൊടുത്തു. പിന്നെ അതിലൊരു തെറി ചേര്‍ത്തു. "നിന്റെ ഇമാമിന്റെ പെങ്ങളുടെ..." എന്ന്.

ആദ്യമൊക്കെ ആളുകള്‍ അച്ഛന്റെ ഈ ഭാവന കേട്ടപ്പോള്‍ പൊട്ടിച്ചിരിച്ചു. പിന്നെപ്പിന്നെ അവര്‍ അച്ഛനില്‍ നിന്ന് അകലം പാലിക്കാനും ദൈവത്തോട് മാപ്പപേക്ഷിക്കാനും തുടങ്ങി. തെരുവില്‍ വെച്ചു കണ്ടാല്‍ കാണാത്ത മട്ടില്‍ നടന്നുപോയി ചിലര്‍. ഇരുമ്പ് നിറച്ച ഒരു ട്രക്ക് ഒരു ദിവസം നിന്നെ ചതച്ചരക്കും എന്ന് ഒരു സുഹൃത്ത് പരിഹസിക്കുകയും ചെയ്തു. പക്ഷേ, അച്ഛന്റെ സര്‍ക്കാര്‍ ബന്ധങ്ങള്‍ ഓര്‍ത്ത് എല്ലാവര്‍ക്കും അദ്ദേഹത്തെ പേടിയായിരുന്നു. മൂക്കില്‍ ഇടികൊണ്ടതിന്റെ പിറ്റേന്ന് തന്നെ പരുക്കേല്‍‌പ്പിച്ച അബു അലയെക്കുറിച്ച് അച്ഛന്‍ പാര്‍ട്ടി തലസ്ഥാനത്തേക്ക് ഒരു റിപ്പോര്‍ട്ടയച്ചു. രണ്ടു ദിവസത്തിനുശേഷം അബു അല അപ്രത്യക്ഷനായി. രണ്ടാം ഖദിസ്സിയ എന്ന ഒരു സമീപ പ്രദേശത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. തൊഴിലില്‍ ഇളയവരായ സൈനികോദ്യോഗസ്ഥര്‍ക്കും, രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലും കേന്ദ്രപ്രദേശങ്ങളിലുമുള്ള പട്ടണങ്ങളില്‍നിന്ന് വന്നവര്‍ക്കും, സര്‍ക്കാരിലുള്ള കുര്‍ദുകളുടെ കുടുംബങ്ങള്‍ക്കും വേണ്ടി സര്‍ക്കാര്‍ നിര്‍മ്മിച്ച വീടുകളായിരുന്നു അവിടെയുണ്ടായിരുന്നത്. മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമായി ജീവിക്കുന്ന ഒരേയൊരു കുടുംബം ഞങ്ങളുടേതായിരുന്നു. ചുറ്റുമുള്ള കുടുംബങ്ങളെല്ലാം സൈന്യത്തില്‍നിന്ന് ശമ്പളം പറ്റുമ്പോള്‍, അച്ഛന്‍ രചിച്ച ദേശഭക്തിഗാനങ്ങളില്‍നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ഞങ്ങള്‍ ജീവിച്ചുപോന്നിരുന്നത്. മേയറേക്കാളും, പാര്‍ട്ടിയിലെ പല ഉന്നതന്മാരേക്കാളുമൊക്കെ ഉയര്‍ന്ന പദവിയുണ്ടായിരുന്നു അദ്ദേഹത്തിന്‌. കാരണം, ഇന്നും ആളുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന പല ദേശഭക്തിഗാനങ്ങള്‍ക്കും ഒന്നിലേറെ തവണ പ്രസിഡന്റില്‍നിന്ന് സമ്മാനങ്ങള്‍ വാങ്ങിയ ആളായിരുന്നു എന്റെ അച്ഛന്‍.

സഹോദരാ, ഞാന്‍ കഥ ചുരുക്കി പറയാം. യുദ്ധം അവസാനിച്ച് ഒരു വര്‍ഷത്തിനു ശേഷം എഴുത്തുകാര്‍ക്കുണ്ടാവുന്നതെന്ന് പറയുന്ന ആ ഒരു ബ്ലോക്കുണ്ടല്ലോ, അതുണ്ടായി അച്ഛന്‌. പ്രസിഡന്റിന്റെ മഹത്ത്വത്തെക്കുറിച്ച് പ്രസിദ്ധരായ കവികള്‍ അയച്ചുകൊടുത്ത കവിതകള്‍ക്കൊന്നും സംഗീതം കൊടുക്കാന്‍ അദ്ദേഹത്തിനു കഴിയാതായി. മാസങ്ങള്‍ കഴിഞ്ഞു, പിന്നെ കൊല്ലങ്ങള്‍. ഒരു പുതിയ ട്യൂണ്‍ പോലും രചിക്കാന്‍ അദ്ദേഹത്തിനായില്ല. ആ സമയത്ത് അച്ഛന്‍ എന്താണ്‌ ചെയ്തതെന്ന് അറിയാമോ? മതത്തെ കളിയാക്കുന്ന ചെറിയ ചെറിയ കവിതകളെഴുതി ട്യൂണ്‍ കൊടുക്കുകയായിരുന്നു അച്ഛന്‍. തണുപ്പു കാലത്തെ, നേരിയ ചൂടുള്ള ഒരു വൈകുന്നേരം, ഞങ്ങള്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രവാചകന്റെ ഭാര്യമാരുടെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് സ്വയം എഴുതിയ ഒരു പാട്ട് അച്ഛന്‍ പാടുന്നത് കേട്ടു. പെട്ടെന്ന് എന്റെ മൂത്ത ഏട്ടന്‍ ചാടിയെഴുന്നേറ്റ്, അലമാരയില്‍നിന്ന് അച്ഛന്റെ തോക്കെടുത്ത്, മൂപ്പരുടെ ദേഹത്ത് ചാടിക്കയറി, വായക്കകത്തേക്ക് കുത്തിത്തിരുകി. അമ്മ ഓടിവന്ന്, ഇട്ടിരുന്ന ബ്ലൗസ് വലിച്ചു കീറി നിലവിളിച്ചില്ലായിരുന്നെങ്കില്‍ ഏട്ടന്‍ അച്ഛനെ കൊല്ലുമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. ഏട്ടന്‍ ഒരു നിമിഷം പകച്ച് അമ്മയുടെ നെഞ്ചിലേക്ക് നോക്കി. കുടല്‍ പുറത്തേക്ക് ചാടിയ ഒരു മൃഗത്തെപ്പോലെ അമ്മയുടെ മുലകള്‍ അവരുടെ വയറിലേക്ക് തൂങ്ങിനിന്നിരുന്നു. കുട്ടിക്കാലത്തിനുശേഷം അമ്മയുടെ മുലകള്‍ ഞങ്ങള്‍ ആദ്യമായി കാണുന്നത് അന്നാണ്‌. ഞാന്‍ കുളിമുറിയിലേക്ക് പോയി. ഏട്ടന്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. അമ്മക്ക് പഠിപ്പൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അച്ഛനേക്കാള്‍ കാര്യപ്രാപ്തിയുണ്ടായിരുന്നു. അച്ഛനെ ഒരു മകനെപ്പോലെ ലാളിച്ചാണ്‌ അമ്മ പരിചരിച്ചിരുന്നത്. ഖാദിസ്സിയ ജില്ലയിലെ ലൈസന്‍സുള്ള ഒരു വയറ്റാട്ടിയായിരുന്നു അമ്മ. ആളുകള്‍ക്കെല്ലാം ഇഷ്ടവുമായിരുന്നു അവരെ. പ്രാദേശിക പാര്‍ട്ടി ആസ്ഥാനത്തേക്ക് ഏട്ടനെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് കൊടുക്കാന്‍ അച്ഛന്‍ തീരുമാനിച്ചു. പക്ഷേ അവര്‍ അതില്‍ നടപടികളൊന്നും എടുത്തില്ല.

കലാകാരന്മാരുടെ ഇടയിലും പരിസര പ്രദേശങ്ങളിലും അച്ഛന്റെ പേര്‍ ദുഷിക്കാന്‍ തുടങ്ങിയിരുന്നു. അച്ഛന്‌ ഭ്രാന്താണെന്ന് ആളുകള്‍ പറഞ്ഞുതുടങ്ങി. പഴയ സുഹൃത്തുക്കള്‍ അച്ഛനെ ഒഴിവാക്കാനും തുടങ്ങി. അച്ഛന്‍ ബാഗ്ദാദിലേക്ക് പോയി, താന്‍ സംഗീതം നല്‍കിയ പഴയ പടപ്പാട്ടുകള്‍, ആഴ്ചയിലൊരിക്കലെങ്കിലും വീണ്ടും പ്രക്ഷേപണം ചെയ്യാന്‍ റേഡിയോ-ടെലിവിഷന്‍ നിലയങ്ങള്‍ക്ക് അഭ്യര്‍ത്ഥന അയച്ചു. അവയൊക്കെ കാലഹരണപ്പെട്ടു എന്ന് പറഞ്ഞ് അവര്‍ ആ അപേക്ഷകള്‍ മടക്കി. ഈരണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ അവര്‍ അത്തരം പാട്ടുകള്‍ പ്രക്ഷേപണം ചെയ്യാറുണ്ടായിരുന്നുള്ളു. യുദ്ധാരംഭത്തിന്റെയും യുദ്ധം അവസാനിച്ചതിന്റെയും വാര്‍ഷിക ദിനങ്ങളില്‍. എന്തു വില കൊടുത്തും തന്റെ പഴയ പ്രശസ്തിയും പഴയ കാലവും തിരിച്ചുപിടിക്കാന്‍ അച്ഛന്‍ കിണഞ്ഞു പരിശ്രമിച്ചു. പ്രസിഡന്റിനെ നേരിട്ട് കാണാനും ഒരു വിഫലശ്രമം നടത്തിനോക്കി. തന്റെ പാട്ടുകളെക്കുറിച്ചും സംഗീത‌സം‌വിധാനത്തെക്കുറിച്ചും ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് സിനിമാ-നാടക വകുപ്പുകളിലേക്കും അച്ഛന്‍ കത്തയച്ചു. അതും ഫലിച്ചില്ല.

ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോഴും ദൈവത്തെയും അസ്തിത്വത്തെയും ചോദ്യം ചെയ്യുന്ന പത്തു പാട്ടുകള്‍ക്ക് അച്ഛന്‍ സംഗീതം കൊടുത്തു കഴിഞ്ഞിരുന്നു. കൂട്ടത്തില്‍, ആദ്യത്തെ നാലു ഖലീഫുകളെക്കുറിച്ചുള്ള മനോഹരമായ മറ്റൊരു ഗാനവും. ഇടയ്ക്കിടയ്ക്ക് സ്റ്റൂഡിയോകളില്‍ പോയി, മതത്തെ കളിയാക്കിയിട്ടുള്ള തന്റെ പാട്ടുകള്‍ പാടാന്‍ അവസരം തരണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‌ മുഴുത്ത ഭ്രാന്ത് ആരംഭിച്ചുവെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. സ്വാഭാവികമായും ആരും ആ അപേക്ഷ ചെവിക്കൊണ്ടില്ല. ചിലര്‍ അച്ഛനെ ബലമായി പിടിച്ച് പുറത്താക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വരെ ചെയ്തു. ഒടുവില്‍ വീട്ടിലിരുന്ന് സ്വയം ആ പാട്ടുകളൊക്കെ റിക്കാര്‍‌ഡ് ചെയ്യാന്‍ അച്ഛന്‍ തീരുമാനിച്ചു. ഒരു ടേപ് റിക്കാര്‍‌ഡറിന്റെ മുന്‍പിലിരുന്ന് തന്റെ തന്ത്രിവാദ്യം വായിച്ച് അച്ഛന്‍ സ്വയം പാടി അവയൊക്കെ റിക്കാര്‍ഡ് ചെയ്തു.റിക്കാര്‍ഡിംഗ് അത്ര വലിയ മെച്ചമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും അച്ഛന്‍ നന്നായി പാടി. പ്രാതല്‍ കഴിക്കുമ്പോള്‍ അച്ഛന്‍ അത് കേള്‍പ്പിച്ചുതന്നു. ആളുകള്‍ അറിഞ്ഞാലോ എന്ന് പേടിയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അത് എങ്ങിനെയെങ്കിലും കൈക്കലാക്കി നശിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. പക്ഷേ അച്ഛന്‍ എപ്പോഴും അത് കോട്ടിന്റെ പോക്കറ്റില്‍ ഇട്ടു നടന്നു. ഉറങ്ങുമ്പോള്‍, തലയിണയില്‍ പ്രത്യേകമായുണ്ടാക്കിയ അറയില്‍ സൂക്ഷിച്ചു.

ഇന്ന് അത് ഒളിച്ചുവെക്കേണ്ട കാര്യമില്ല. മറ്റുള്ളവര്‍ക്ക് ആവശ്യം വരും. കള്ളന്മാര്‍ക്കും കൊലപാതകികള്‍ക്കുമൊപ്പം മതവും ആവശ്യത്തിലേറെ പുരോഗമിച്ചു കഴിഞ്ഞു. തെരുവിന്റെ പ്രതികരണം ഭ്രാന്തമായിരിക്കാം. പക്ഷേ നമുക്ക് ആകാശത്തേക്ക് ഒരു വെടിയുണ്ട പായിക്കാം. നിങ്ങള്‍ മുന്നോട്ട് പോകൂ. നിങ്ങളൊരു പത്രപ്രവര്‍ത്തകനല്ലേ? നിങ്ങള്‍ക്കത് ഗുണം ചെയ്യും. ഒരു ചെറുപ്പക്കാരനായ പാട്ടുകാരന്‍ ആ പാട്ടുകള്‍ പാടാനും ആധുനികമായ ഒരു സ്റ്റൂഡിയോയില്‍ അത് റിക്കാര്‍‌ഡ് ചെയ്യാനും സമ്മതിച്ചു. ഞാന്‍ പക്ഷേ സമ്മതിച്ചില്ല . ആ പാട്ടുകള്‍ അച്ഛന്‍ റിക്കാര്‍ഡ് ചെയ്ത അതേ വിധത്തില്‍ അവശേഷിക്കണം. ചരിത്രത്തിന്റെ തെളിവായി. ഇത് പകര്‍ത്താനേ പറ്റൂ. ഈ സംഭവങ്ങളെക്കുറിച്ചുള്ള കഥകളൊക്കെ ആളുകള്‍ പെട്ടെന്ന് മറന്നുപോകും. കുറച്ചുകാലം കഴിഞ്ഞാല്‍, ഈ കഥകളൊക്കെ ഭാവനാസൃഷ്ടികളാണെന്ന് അവര്‍ വിശ്വസിക്കും. ചന്തയില്‍ ഞങ്ങളുടെ തൊട്ടടുത്തുള്ള ആളുടെ കാര്യം തന്നെ നോക്കൂ. സവാള വില്‍ക്കുന്ന അബു സാദിക്ക്. ജാസ്സിം നദിക്കരയില്‍ വെച്ച് ഇറാനികളുമായിട്ടുണ്ടായ യുദ്ധത്തെക്കുറിച്ച് അയാള്‍ പറയുമ്പോള്‍ സ്വയം മെനഞ്ഞെടുത്ത ഹോളിവുഡ്ഡ് ച്ഛായയുള്ള കഥയാണോ എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നും.

സര്‍ക്കാര്‍ സൈന്യം പിന്‍‌വലിഞ്ഞു. കുര്‍ദുകളായ പെഷ്മര്‍ഗ* ആയുധധാരികള്‍ കിര്‍ക്കുക്കിലേക്ക് പ്രവേശിച്ചു. കലാപത്തെ ആളുകള്‍ സന്തോഷത്തോടെയാണ്‌ വരവേറ്റത്. ബഹളവും വെടിവെപ്പും മൃതദേഹങ്ങളും കുര്‍ദിഷ് നൃത്തവും പാട്ടുകളുമായിരുന്നു എങ്ങും. ഞങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. ബാത്തിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ താമസിച്ചിരുന്ന ജില്ലയിലെ എല്ലാ വീടുകള്‍ക്കും അവര്‍ തീവെച്ചു. ബാത്തിസ്റ്റുകളെയും പോലീസുകാരെയും സെക്യൂരിറ്റിക്കാരെയും കൊന്ന്, അവരുടെ ശവശരീരങ്ങള്‍ അവര്‍ കെട്ടിത്തൂക്കി. അമ്മ മുട്ടിലിരുന്ന് അവരോട് കെഞ്ചി. ഇത്തവണ അമ്മ ഉടുപ്പ് വലിച്ചുകീറിയില്ല. എന്ത്? എന്റെ അച്ഛനോ? ഇല്ല. ഇല്ല. അച്ഛന്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല. കലാപം തുടങ്ങുന്നതിനും മാസങ്ങള്‍ക്കു മുന്‍പ് മറ്റൊരു പട്ടണത്തിലെ ഭ്രാന്തനായി ദൈവത്തിനെതിരെ പാട്ടുകള്‍ പാടിക്കൊണ്ട്, ഒരൊറ്റ കമ്പി പോലും ബാക്കിയില്ലാത്ത തന്ത്രിവാദ്യവുമായി അലഞ്ഞുതിരിയുകയായിരുന്നു അച്ഛന്‍. വീട്ടില്‍ തീ പടര്‍ന്നു. അമ്മ ബോധം കെട്ട് വീണു. ഞങ്ങള്‍ വീടിന്റെ പുറം മതിലില്‍ ചാരി നിന്നു. അവസാന നിമിഷത്തില്‍ ഞങ്ങളുടെ കുര്‍ദ് അയല്‍ക്കാരിയായ താരിഖുമ്മവന്ന് ആ കലാപകാരികളായ ചെറുപ്പക്കാരോട് തൊള്ളയിട്ട് അവരുടെ ഭാഷയില്‍ സംസാരിച്ചു. ഞങ്ങളെ വിട്ടുതരാന്‍ ആയമ്മ അവരോട് കെഞ്ചി. എന്റെ അമ്മയുടെ സ്നേഹവായ്പും ഉദാരമതിത്വവും, ചുറ്റുവട്ടത്തുള്ള എത്രയോ കുര്‍ദിഷ് സ്ത്രീകളുടെ പ്രസവമെടുത്തതും, ഗര്‍ഭിണികളായ കുര്‍ദിഷ് യുവതികള്‍ക്ക് പരിചരണം നല്‍കിയതും, ഇമാം അലിയുടെ മകന്‍ അബ്ബാസിന്റെ ബഹുമാനാര്‍ത്ഥം അമ്മ അയല്‍ക്കാര്‍ക്ക് അപ്പം കൊടുക്കാറുള്ളതും, അന്‍‌ഫാല്‍ ക്യാമ്പയിനില്‍* പെഷ്‌മര്‍ഗ സേനാനികളോടൊപ്പം യുദ്ധം ചെയ്ത് മരിച്ചുപോയ അവരുടെ മകനെ, അവന്റെ അടുത്ത കൂട്ടുകാരനായ എന്റെ ധീരനായ ഏട്ടന്‍ ഒരിക്കല്‍ കിര്‍ക്കുക്കില്‍ നിന്ന് രക്ഷപ്പെടുത്തിയതും (അതൊരു കള്ളമായിരുന്നു) ഒരു ഈച്ചയെപ്പോലും നോവിക്കാത്ത ഞാന്‍ എത്ര പാവം കുട്ടിയാണെന്നും ഒക്കെ അവര്‍ വിസ്തരിച്ചു. അടങ്ങാത്ത കലിയോടെയാണ്‌ അവര്‍ അവരുടെ വിവരണം അവസാനിപ്പിച്ചത് "ആ വിടന്‍ ജാഫര്‍ അല്‍ മുതലിബി ചെയ്യുന്നതിനൊന്നും ഇവര്‍ ഉത്തരവാദിയല്ല" എന്ന് പറഞ്ഞ് അവര്‍ നിലത്ത് കാര്‍ക്കിച്ചു തുപ്പി. ഞങ്ങള്‍ താരിഖുമ്മയുടെ വീട്ടിലേക്ക് പോയി. പെഷ്മര്‍ഗ കലാപകാരികള്‍ പിന്‍‌വലിഞ്ഞ് റിപ്പബ്ലിക്കന്‍ ഗാര്‍ഡുകള്‍ നഗരത്തിലേക്ക് തിരിച്ചുവരുന്നതുവരെ ഞങ്ങള്‍ ആ വീടു വിട്ട് പുറത്തിറങ്ങിയില്ല.

അവസാനം ഞങ്ങള്‍ അച്ഛന്റെ തലയില്ലാത്ത ദേഹം കണ്ടെത്തി. ഒരു കട്ടിയുള്ള കയറുകൊണ്ട് ഒരു ട്രാക്ടറില്‍ കെട്ടിയിട്ട നിലയിലാണ്‌ അച്ഛന്റെ ശവശരീരം ഞങ്ങള്‍ കണ്ടെത്തിയത്. ഒരു ദിവസം മുഴുവന്‍ അദ്ദേഹത്തെ അതില്‍ കെട്ടിയിട്ട് നഗരത്തിലെ തെരുവിലൂടെ വലിച്ചിഴച്ചിരുന്നുവത്രെ. സങ്കല്പ്പിക്കാന്‍ പോലും ആവാത്ത വിധത്തിലാണ്‌ അച്ഛന്റെ ദേഹം അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഞങ്ങളുടെ ജീവന്‍ തുലാസിലാടുമ്പോള്‍, അച്ഛന്‍ പ്രാദേശിക പാര്‍ട്ടിയുടെ ആസ്ഥാനത്തിന്റെ അടുത്തായിരുന്നു. പാര്‍ട്ടി അംഗങ്ങളുടെ ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു ആസ്ഥാനത്തിന്റെ മുറ്റം. ഒഴിഞ്ഞ ആ കെട്ടിടത്തിലേക്ക് കയറിയ അച്ഛന്‍ നേരെ അതിന്റെ ഇന്‍ഫര്‍മേഷന്‍ മുറിയിലേക്ക് പോയി. ആദ്യത്തെ യുദ്ധത്തിന്റെ സമയത്ത് ഉച്ചഭാഷിണിയിലൂടെ അച്ഛന്റെ പാട്ടുകള്‍ സം‌പ്രേക്ഷണം ചെയ്തിരുന്ന ആ മുറി അച്ഛന്‌ നന്നായി അറിയാമായിരുന്നു. സൈന്യത്തില്‍നിന്ന് ചാടിപ്പോവുന്നവരെയും പെഷ്മര്‍ഗ ആയുധധാരികളുടെ കൂടെ കക്ഷി ചേരുന്നവരെയും വധിക്കുന്നതിനുമുന്‍പ് ഇതേ ഉച്ചഭാഷിണികളിലൂടെയായിരുന്നു പാര്‍ട്ടി അംഗങ്ങള്‍ ജനങ്ങള്‍ക്ക് അറിയിപ്പ് കൊടുത്തിരുന്നത്. അച്ഛന്‍ താന്‍ റിക്കാര്‍ഡ് ചെയ്ത ടേപ്പ് റിക്കാര്‍‌ഡ് പ്ലെയറിലിട്ട് ഉച്ചഭാഷിണിയിലൂടെ തന്റെ ദൈവനിന്ദാ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തു. പുഞ്ചിരിച്ചുകൊണ്ട് തന്ത്രിവാദ്യം മാറോട് ചേര്‍ത്ത് അദ്ദേഹം അങ്ങിനെ നില്‍ക്കുമ്പോഴായിരുന്നു കലാപകാരികള്‍ കെട്ടിടത്തിനകത്തേക്ക് കയറിവന്നത്. അച്ഛനെ അവര്‍ പുറത്തേക്ക് കൊണ്ടുപോയി......

ക്ഷമിക്കണം സുഹൃത്തേ. കുറച്ച് മീന്‍ മേടിക്കാന്‍ ഒരു ഇടപാടുകാരന്‍ വന്നിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ എനിക്ക് പോണം. അച്ഛനും കുര്‍ദിഷുകാരിയായ ആ താരിഖുമ്മയുമായിട്ടുള്ള ബന്ധത്തിന്റെ രഹസ്യം ഞാന്‍ നാളെ നിങ്ങള്‍ക്ക് പറഞ്ഞുതരാം.

‌‌‌------------
പരിഭാഷകന്റെ കുറിപ്പുകള്‍ - 2004-ല്‍ ഇറാഖില്‍നിന്ന് പലായനം ചെയ്ത ഹസ്സന്‍ ബ്ലാസിം (Hassan Blasim) ഇപ്പോള്‍ ഫിന്‍‌ലാന്‍ഡില്‍ എഴുത്തും സിനിമാ പ്രവര്‍ത്തനവുമായി കഴിയുന്നു. അതിശക്തമായം തെളിഞ്ഞ ഭാഷയില്‍, സമകാലീന ഇറാഖിന്റെ എല്ലാ ദുരന്തവും പ്രതിഫലിപ്പിക്കുന്നവയാണ്‌ ബ്ലാസിമിന്റെ കഥകള്‍. പ്രത്യേകിച്ചും, The Corpose Exhibition, Iraqi Christ തുടങ്ങിയ തകര്‍പ്പന്‍ കഥകള്‍.

അന്‍ഫാല്‍ ക്യാമ്പയിന്‍ - ഇറാഖിലെ വടക്കന്‍ പ്രവിശ്യകളില്‍ ബാത്തിസ്റ്റ് പാര്‍ട്ടിയുടെയും സദ്ദാമിന്റെയും നേതൃത്വത്തില്‍ കുര്‍ദുകള്‍ക്കെതിരെ നടന്ന വംശഹത്യ

പെഷ്മര്‍ഗ - ആയുധധാരികളായ കുര്‍ദുകളെ വിളിക്കുന്ന പേരാണ്‌ ഇത്. എങ്കിലും ഇന്ന്, ഇറാഖിലെ കുര്‍ദ് പ്രവിശ്യകളുടെ ഔദ്യോഗിക നാമവും ഇതാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ നിലവിലുള്ള ഒരു പോരാളി വര്‍ഗ്ഗമാണ്‌ പെര്‍ഷ്മര്‍ഗകള്‍. സുന്നികള്‍ക്കും സദ്ദാമിനും എതിരെ ശക്തമായ ചെറുത്തുനില്പ്പ് നടത്തിയതും ഒടുവില്‍ സദ്ദാമിനെ തടവിലാക്കാന്‍ സഹായിച്ചതും ഇവര്‍തന്നെയാണ്‌.


23 June 2014

No comments: