
നീതി നിഷേധിക്കപ്പെടുന്ന കഥകള്‍ നമ്മെ വേട്ടയാടുകതന്നെയാണ്.
രണ്ടുമാസം മുന്‍പ് ദുബായില്‍ ഒരു കാറപകടം നടന്നു. അപകടത്തെത്തുടര്‍ന്ന്, കാര്‍ ഓടിച്ചിരുന്ന ജോസഫ് എന്ന ഫിലിപ്പിനൊ യുവാവിനെ പോലീസ് അറസ്റ്റു ചെയ്യുകയും, ഗുരുതരമായി പരിക്കുപറ്റിയ ഭാര്യ ഇമല്‍ഡയെ ആശുപത്രിയിലാക്കുകയും ചെയ്തു. ഭാര്യയെ ഒരു നോക്കു കാണുവാന്‍ പോലും അധികാരികള്‍ ആ മനുഷ്യനെ സമ്മതിച്ചില്ല. എന്തായാലും, ദയവുതോന്നിയ ആശുപത്രി ജീവനക്കാര്‍ ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കാന്‍ ആ സ്ത്രീയെ സഹായിച്ചുവെന്ന് അന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തീരെ അവശനിലയിലായിരുന്ന ആ സ്ത്രീക്ക് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും. രണ്ടുദിവസങ്ങള്‍ക്കുശേഷം, ഭര്‍ത്താവിന്റെ സാമീപ്യമില്ലാതെ ഇമല്‍ഡ മരിച്ചു. ഭാര്യയുടെ മരണം കഴിഞ്ഞ്, രണ്ടു ദിവസത്തിനുശേഷമാണ് ജോസഫിനു ജാമ്യം കിട്ടിയത്. എങ്കിലും കോടതി കേസ്സെടുത്തിരുന്നു.
കാറപകടത്തിനെക്കുറിച്ചുള്ള കോടതി തീര്‍പ്പില്‍, ഭാര്യയുടെ മരണത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത്, മക്കള്‍ക്കും (ഇമല്‍ഡയുടെ കുടുംബത്തിനും!!) ബ്ളഡ് മണി കൊടുക്കാന്‍ ദുബായിലെ ബഹുമാനപ്പെട്ട കോടതി ഇന്നലെ ആ നിര്‍ഭാഗ്യവാനോട് ഉത്തരവിട്ടതോടെ ആ മനുഷ്യന്റെ ദുരിതചക്രം ഇനിയും നീളുമെന്ന് ഉറപ്പായിരിക്കുന്നു.
അവിശ്വസനീയമായി തോന്നിയേക്കാം നമുക്ക് ഈ കഥ. ഒരു മനുഷ്യനെ പീഡിപ്പിക്കുന്നതിന് ഒരതിരില്ലേ?
സാധാരണഗതിയില്‍, ഭീമമായ തുക ഉള്‍പ്പെടുന്ന ഈ ബ്ളഡ് മണി സമ്പ്രദായം ഇസ്ളാമിക അടിത്തറയുള്ളതും, ഗള്‍ഫ് നാടുകളിലെ ശിക്ഷാവിധികളില്‍ പ്രധാനവും, സാധാരണവുമാണ്. മിക്കവാറും കേസ്സുകളില്‍ ന്യായീകരിക്കാവുന്ന ഒരു ശിക്ഷാമുറയാണത്. മറ്റൊരാളുടെ മരണത്തിന് അറിഞ്ഞോ അറിയാതെയോ നാം കാരണമായിട്ടുണ്ടെങ്കില്‍, അതിനു വിലകൊടുത്തേ മതിയാകൂ. ഒരു ജീവന്റെ വില ലോകത്തിലെ മൊത്തം പണത്തിനില്ലെന്ന സത്യം അപ്പോഴും എവിടെയൊക്കെയോ ബാക്കിയാകുന്നുണ്ടെങ്കിലും.
എങ്കിലും ഇവിടെ ഈ കേസ് മറ്റു ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അപകടം നടന്നയുടന്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത്, ആ മനുഷ്യനെ തത്ക്കാലത്തേക്ക് വിട്ടയക്കാന്‍ എന്തായിരുന്നു ഇത്ര വലിയ നിയമതടസ്സം? പരിക്കുപറ്റിയ ഭാര്യയുടെ അടുത്തുണ്ടാകാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍, ഒരു പക്ഷേ ആ സ്ത്രീ ഇന്ന് ജീവനോടെയുണ്ടാകുമായിരുന്നുപോലും അനുമാനിക്കുന്നതിലും തെറ്റുണ്ടോ?
മനപ്പൂര്‍വ്വമായും അല്ലാതെയും സംഭവിക്കുന്ന ജീവഹാനികളെ മുഴുവന്‍ ഒരേ വിധത്തിലാണോ നിയമം കാണേണ്ടതും കൈകാര്യം ചെയ്യേണ്ടതും? യു.എ.ഇ.യില്‍ നിലവിലുള്ള സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ക്ക് പൊതുവെ മനുഷ്യത്വപരമായ ഒരു മുഖച്ഛായയുണ്ട്. സൌദിയെയും കുവൈത്തിനെയുമൊക്കെ അപേക്ഷിച്ചുനോക്കുമ്പോള്‍ വളരെയധികം പരിഷ്ക്കൃതവുമാണ് അത്. നിയമത്തിനു മുന്‍പില്‍ എല്ലാവരും തുല്ല്യരാണെന്ന അടിസ്ഥാനശിലാബലവും അതിനുണ്ട്. പക്ഷേ ഈ കേസ്സും അതില്‍ വന്ന വിധിയും നമ്മെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ഭയപ്പെടണം.
ഏറെ ആഗ്രഹിച്ച്, ഭാര്യയെ മൂന്നേമൂന്നു മാസത്തേക്ക് ഇവിടെ കൊണ്ടുവന്ന, ഒരു മുന്‍കാല ക്രിമിനല്‍ റെക്കോര്‍ഡുകളുമില്ലാത്ത, ഒരു സാധാരണക്കാരനാണ്, ഒരൊറ്റ ദിവസഫലം കൊണ്ട്, ഇന്ന് ഇതൊക്കെ അനുഭവിക്കേണ്ടിവന്നിരിക്കുന്നത്. അപകടത്തിനു കാരണക്കാരന്‍ അയാളാണോ എന്നൊന്നും വാര്‍ത്തയില്‍നിന്ന് ലഭ്യവുമല്ല. സംഭവത്തിന്റെ തലേദിവസം മദ്യപിച്ചിരുന്നതായി ജോസഫ് സമ്മതിച്ചിട്ടുമുണ്ട്. ഇനി അഥവാ, ആണെങ്കില്‍ത്തന്നെ, ഈ വിധമായിരുന്നുവോ ഈ കേസ്സിനെ കൈകാര്യം ചെയ്യേണ്ടിയിരുന്നത്? നിയമത്തെ സാങ്കേതികമായി മാത്രം വ്യാഖ്യാനിക്കാന്‍ അമിതാവേശം കാണിച്ച ഉദ്യോഗസ്ഥരുടെ സമീപനമല്ലേ ഈയൊരു സംഭവത്തെ ഇത്രമാത്രം ദുരന്തപര്യവസായിയാക്കിയത്? നാട്ടിലുള്ള അയാളുടെ മൂന്നു കുട്ടികളുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഇവരാരെങ്കിലും അന്വേഷിക്കാന്‍ മിനക്കെട്ടിട്ടുണ്ടോ? അമ്മയുടെ മരണത്തിന്, മനപ്പൂര്‍വ്വമല്ലാതെയെങ്കിലും കാരണക്കാരനായ അച്ഛന് മക്കളുടെ മേല്‍ ഇനി യാതൊരുവിധ രക്ഷകര്‍ത്താവകാശമില്ലെന്നുപോലും ഇവര്‍ വിധിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
ഭാര്യയെ പരിചരിക്കാനും അവരുടെ അവസാനനിമിഷത്തില്‍ അരികില്‍ ഉണ്ടാകാനും കഴിഞ്ഞിരുന്നെങ്കില്‍ക്കൂടി, ഒരുപക്ഷേ, ഭാര്യയുടെ മരണം, അയാളെ ജീവിതാവസാനം വരെ വേട്ടയാടുമായിരുന്നില്ലേ? ആ മനുഷ്യന്റെ അവസ്ഥയും, അയാളുടെ വേദനയും ലഘൂകരിക്കാനായിരുന്നില്ലേ ഈ നീതിന്യായപാലകര്‍ ശ്രദ്ധിക്കേണ്ടിയിരുന്നത്? ആസന്നമരണയായ ഭാര്യയെ കാണുന്നതില്‍നിന്ന് ജോസഫിനെ വിലക്കിയ ക്രൂരമായ നിയമത്തിന് ആ വിധത്തില്‍ ഒരു പ്രായശ്ചിത്തം ചെയ്യാമായിരുന്നില്ലേ?
പരിഹരിക്കാന്‍ കഴിയാത്ത തെറ്റാണ് സംഭവിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തെ അപ്പാടെ തകര്‍ത്തുതരിപ്പണമാക്കിയ തെറ്റ്. എന്തൊക്കെ ന്യായം പറഞ്ഞാലും, ചുരുങ്ങിയത്, ക്രൂരമായ മനുഷ്യാവകാശലംഘനമെങ്കിലും ആരോപിക്കാവുന്ന ഗുരുതരമായ തെറ്റ്. ആ രംഗത്താകട്ടെ, യുഎ.ഇ. ഇതിനകം തന്നെ ആവോളം ദുഷ്‌പേര് സമ്പാദിച്ചുകൂട്ടിയിട്ടുമുണ്ട്.
നീതിയുടെ വിളക്കുകാലുകളെ കൂടുതല്‍ കാലികവും മാനവികവുമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.