Tuesday, August 4, 2009

തകരുന്ന വിളക്കുകാലുകള്‍


നീതി നിഷേധിക്കപ്പെടുന്ന കഥകള്‍ നമ്മെ വേട്ടയാടുകതന്നെയാണ്‌.

രണ്ടുമാസം മുന്‍പ്‌ ദുബായില്‍ ഒരു കാറപകടം നടന്നു. അപകടത്തെത്തുടര്‍ന്ന്‌, കാര്‍ ഓടിച്ചിരുന്ന ജോസഫ് എന്ന ഫിലിപ്പിനൊ യുവാവിനെ പോലീസ്‌ അറസ്റ്റു ചെയ്യുകയും, ഗുരുതരമായി പരിക്കുപറ്റിയ ഭാര്യ ഇമല്‍ഡയെ ആശുപത്രിയിലാക്കുകയും ചെയ്തു. ഭാര്യയെ ഒരു നോക്കു കാണുവാന്‍ പോലും അധികാരികള്‍ ആ മനുഷ്യനെ സമ്മതിച്ചില്ല. എന്തായാലും, ദയവുതോന്നിയ ആശുപത്രി ജീവനക്കാര്‍ ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കാന്‍ ആ സ്ത്രീയെ സഹായിച്ചുവെന്ന്‌ അന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു. തീരെ അവശനിലയിലായിരുന്ന ആ സ്ത്രീക്ക്‌ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും. രണ്ടുദിവസങ്ങള്‍ക്കുശേഷം, ഭര്‍ത്താവിന്റെ സാമീപ്യമില്ലാതെ ഇമല്‍ഡ മരിച്ചു. ഭാര്യയുടെ മരണം കഴിഞ്ഞ്‌, രണ്ടു ദിവസത്തിനുശേഷമാണ്‌ ജോസഫിനു ജാമ്യം കിട്ടിയത്. എങ്കിലും കോടതി കേസ്സെടുത്തിരുന്നു.

കാറപകടത്തിനെക്കുറിച്ചുള്ള കോടതി തീര്‍പ്പില്‍, ഭാര്യയുടെ മരണത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത്‌, മക്കള്‍ക്കും (ഇമല്‍ഡയുടെ കുടുംബത്തിനും!!) ബ്ളഡ്‌ മണി കൊടുക്കാന്‍ ദുബായിലെ ബഹുമാനപ്പെട്ട കോടതി ഇന്നലെ ആ നിര്‍ഭാഗ്യവാനോട്‌ ഉത്തരവിട്ടതോടെ ആ മനുഷ്യന്റെ ദുരിതചക്രം ഇനിയും നീളുമെന്ന്‌ ഉറപ്പായിരിക്കുന്നു.

അവിശ്വസനീയമായി തോന്നിയേക്കാം നമുക്ക്‌ ഈ കഥ. ഒരു മനുഷ്യനെ പീഡിപ്പിക്കുന്നതിന്‌ ഒരതിരില്ലേ?

സാധാരണഗതിയില്‍, ഭീമമായ തുക ഉള്‍പ്പെടുന്ന ഈ ബ്ളഡ്‌ മണി സമ്പ്രദായം ഇസ്ളാമിക അടിത്തറയുള്ളതും, ഗള്‍ഫ്‌ നാടുകളിലെ ശിക്ഷാവിധികളില്‍ പ്രധാനവും, സാധാരണവുമാണ്‌. മിക്കവാറും കേസ്സുകളില്‍ ന്യായീകരിക്കാവുന്ന ഒരു ശിക്ഷാമുറയാണത്‌. മറ്റൊരാളുടെ മരണത്തിന്‌ അറിഞ്ഞോ അറിയാതെയോ നാം കാരണമായിട്ടുണ്ടെങ്കില്‍, അതിനു വിലകൊടുത്തേ മതിയാകൂ. ഒരു ജീവന്റെ വില ലോകത്തിലെ മൊത്തം പണത്തിനില്ലെന്ന സത്യം അപ്പോഴും എവിടെയൊക്കെയോ ബാക്കിയാകുന്നുണ്ടെങ്കിലും.

എങ്കിലും ഇവിടെ ഈ കേസ്‌ മറ്റു ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. അപകടം നടന്നയുടന്‍ കേസ്സ്‌ രജിസ്റ്റര്‍ ചെയ്ത്‌, ആ മനുഷ്യനെ തത്ക്കാലത്തേക്ക്‌ വിട്ടയക്കാന്‍ എന്തായിരുന്നു ഇത്ര വലിയ നിയമതടസ്സം? പരിക്കുപറ്റിയ ഭാര്യയുടെ അടുത്തുണ്ടാകാന്‍ അയാള്‍ക്ക്‌ കഴിഞ്ഞിരുന്നെങ്കില്‍, ഒരു പക്ഷേ ആ സ്ത്രീ ഇന്ന്‌ ജീവനോടെയുണ്ടാകുമായിരുന്നുപോലും അനുമാനിക്കുന്നതിലും തെറ്റുണ്ടോ?

മനപ്പൂര്‍വ്വമായും അല്ലാതെയും സംഭവിക്കുന്ന ജീവഹാനികളെ മുഴുവന്‍ ഒരേ വിധത്തിലാണോ നിയമം കാണേണ്ടതും കൈകാര്യം ചെയ്യേണ്ടതും? യു.എ.ഇ.യില്‍ നിലവിലുള്ള സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ക്ക്‌ പൊതുവെ മനുഷ്യത്വപരമായ ഒരു മുഖച്ഛായയുണ്ട്‌. സൌദിയെയും കുവൈത്തിനെയുമൊക്കെ അപേക്ഷിച്ചുനോക്കുമ്പോള്‍ വളരെയധികം പരിഷ്ക്കൃതവുമാണ്‌ അത്‌. നിയമത്തിനു മുന്‍പില്‍ എല്ലാവരും തുല്ല്യരാണെന്ന അടിസ്ഥാനശിലാബലവും അതിനുണ്ട്‌. പക്ഷേ ഈ കേസ്സും അതില്‍ വന്ന വിധിയും നമ്മെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന്‌ ഭയപ്പെടണം.

ഏറെ ആഗ്രഹിച്ച്‌, ഭാര്യയെ മൂന്നേമൂന്നു മാസത്തേക്ക് ഇവിടെ കൊണ്ടുവന്ന, ഒരു മുന്‍‌കാല ക്രിമിനല്‍ റെക്കോര്‍ഡുകളുമില്ലാത്ത, ഒരു സാധാരണക്കാരനാണ്, ഒരൊറ്റ ദിവസഫലം കൊണ്ട്, ഇന്ന്‌ ഇതൊക്കെ അനുഭവിക്കേണ്ടിവന്നിരിക്കുന്നത്‌. അപകടത്തിനു കാരണക്കാരന്‍ അയാളാണോ എന്നൊന്നും വാര്‍ത്തയില്‍നിന്ന്‌ ലഭ്യവുമല്ല. സംഭവത്തിന്റെ തലേദിവസം മദ്യപിച്ചിരുന്നതായി ജോസഫ് സമ്മതിച്ചിട്ടുമുണ്ട്‌. ഇനി അഥവാ, ആണെങ്കില്‍ത്തന്നെ, ഈ വിധമായിരുന്നുവോ ഈ കേസ്സിനെ കൈകാര്യം ചെയ്യേണ്ടിയിരുന്നത്‌? നിയമത്തെ സാങ്കേതികമായി മാത്രം വ്യാഖ്യാനിക്കാന്‍ അമിതാവേശം കാണിച്ച ഉദ്യോഗസ്ഥരുടെ സമീപനമല്ലേ ഈയൊരു സംഭവത്തെ ഇത്രമാത്രം ദുരന്തപര്യവസായിയാക്കിയത്‌? നാട്ടിലുള്ള അയാളുടെ മൂന്നു കുട്ടികളുടെ സ്ഥിതി എന്തായിരിക്കുമെന്ന്‌ ഇവരാരെങ്കിലും അന്വേഷിക്കാന്‍ മിനക്കെട്ടിട്ടുണ്ടോ? അമ്മയുടെ മരണത്തിന്‌, മനപ്പൂര്‍വ്വമല്ലാതെയെങ്കിലും കാരണക്കാരനായ അച്ഛന്‌ മക്കളുടെ മേല്‍ ഇനി യാതൊരുവിധ രക്ഷകര്‍ത്താവകാശമില്ലെന്നുപോലും ഇവര്‍ വിധിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

ഭാര്യയെ പരിചരിക്കാനും അവരുടെ അവസാനനിമിഷത്തില്‍ അരികില്‍ ഉണ്ടാകാനും കഴിഞ്ഞിരുന്നെങ്കില്‍ക്കൂടി, ഒരുപക്ഷേ, ഭാര്യയുടെ മരണം, അയാളെ ജീവിതാവസാനം വരെ വേട്ടയാടുമായിരുന്നില്ലേ? ആ മനുഷ്യന്റെ അവസ്ഥയും, അയാളുടെ വേദനയും ലഘൂകരിക്കാനായിരുന്നില്ലേ ഈ നീതിന്യായപാലകര്‍ ശ്രദ്ധിക്കേണ്ടിയിരുന്നത്‌? ആസന്നമരണയായ ഭാര്യയെ കാണുന്നതില്‍നിന്ന് ജോസഫിനെ വിലക്കിയ ക്രൂരമായ നിയമത്തിന് ആ വിധത്തില്‍ ഒരു പ്രായശ്ചിത്തം ചെയ്യാമായിരുന്നില്ലേ?

പരിഹരിക്കാന്‍ കഴിയാത്ത തെറ്റാണ്‌ സംഭവിച്ചിരിക്കുന്നത്‌. ഒരു വ്യക്തിയുടെ ജീവിതത്തെ അപ്പാടെ തകര്‍ത്തുതരിപ്പണമാക്കിയ തെറ്റ്‌. എന്തൊക്കെ ന്യായം പറഞ്ഞാലും, ചുരുങ്ങിയത്, ക്രൂരമായ മനുഷ്യാവകാശലംഘനമെങ്കിലും ആരോപിക്കാവുന്ന ഗുരുതരമായ തെറ്റ്. ആ രംഗത്താകട്ടെ, യുഎ.ഇ. ഇതിനകം തന്നെ ആവോളം ദുഷ്‌പേര് സമ്പാദിച്ചുകൂട്ടിയിട്ടുമുണ്ട്‌.

നീതിയുടെ വിളക്കുകാലുകളെ കൂടുതല്‍ കാലികവും മാനവികവുമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

10 comments:

Rajeeve Chelanat said...

തകരുന്ന വിളക്കുകാലുകള്‍

കണ്ണനുണ്ണി said...

നിയമത്തിനു കണ്ണില്ല എന്ന് പറയുമ്പോള്‍ പോലും.... മാനുഷികമായ മൂല്യങ്ങളെ മാനിക്കാത്ത നിയമങ്ങളെ എങ്ങനെ ആണ് നമ്മള്‍ ബഹുമാനിക്കുക, അനുസരിക്കുക...
ഈ ഒറ്റ സംഭവം കേട്ടപ്പോള്‍ തന്നെ അവിടുത്തെ ഇതുപോലെ ഉള്ള നിയമ വ്യവസ്ഥിതിയോട് വെറുപ്പ്‌ തോന്നുന്നു

പാമരന്‍ said...

പടച്ചോന്‍റെ നിയമമല്ലേ.. മനുഷ്യന്‍ അനുഭവിച്ചല്ലേ മതിയാവൂ..

Joker said...

Blood money will be waved up on the request of her family.This rule is better than India. After the accident the driver ran away from the spot and same person will make same type of accident and kill many people.I know personnaly one driver he killed more than ten people in his driving.But still he is free person and doing the same job.

Always law is going their own way. Philipines Embassy will do needful help for them. Their Embassy not like our 'Brahmin' embassy.

Dubai rules and court is better any other emirates systems.

ജിവി/JiVi said...

ഇദ്ദേഹം മദ്യപിച്ചാണ് വണ്ടിയോടിച്ചിരുന്നത് എന്നാണ് തോനുന്നത്. ജാമ്യം ലഭ്യമാവുന്ന വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ അതിന് ശ്രമിക്കാന്‍ ഇദ്ദേഹത്തിന് കഴിയുമായിരുന്നില്ല എന്നും ഊഹിക്കാം. കോടതിയിലെത്തുന്നതിനുമുമ്പേ തന്നെ ഏറ്റവും വലീയ ശിക്ഷ അയാള്‍ക്ക് കിട്ടിക്കഴിഞ്ഞു. സാധാരണ നിലയില്‍ ഫിലിപ്പീന്‍സ് കോണ്‍സുലേറ്റ് ഇടപെട്ട് അധികം വൈകാതെതന്നെ ഇയാള്‍ മോചിതനാകും. ഫിലിപ്പീന്‍ കോണ്‍സുലാര്‍ ഒരു വേണുരാജാമണി അല്ലെന്നാണ് അറിയുന്നത്.

ചിലപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. ഈ വാര്‍ത്ത വായിക്കുന്നവരില്‍ നല്ലോരു വിഭാഗം മദ്യപിച്ച് വണ്ടിയോടിക്കുകയില്ല, ജീവിതത്തിലൊരിക്കലും, ചുരുങ്ങിയത് ദുബായിലെങ്കിലും. ആ മനുഷ്യന്‍ മോചിപ്പിക്കപ്പെടണം എന്ന് ആഗ്രഹിക്കുമ്പോഴും നിയമത്തെ അങ്ങനെ കുറ്റപ്പെടുത്താനും കഴിയില്ല.

Ranjith Jayadevan said...

നിയമത്തിനു കണ്ണുകളില്ല....

Anonymous said...

Joker said...
Their Embassy not like our 'Brahmin' embassy.

അണ്ണനെക്കോണ്ടു ഞാന്‍ തോറ്റു... എവിടെ ചെന്നാലും ഒരു കലിപ്പു വച്ചിട്ടേ പോകൂ. എന്തു ചെയ്യാന്‍...

Rajeeve Chelanat said...

കണ്ണനുണ്ണി,

ദുബായിലെ, അല്ലെങ്കില്‍, പൊതുവെ, യു.എ.ഇ.യിലെ സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ അത്ര വെറുപ്പുളവാക്കുന്നവയൊന്നുമല്ലെന്നാണ് എന്റെ വിശ്വാസം. ഈ സൂചിപ്പിച്ച ബ്ലഡ് മണി എന്ന സമ്പ്രദായത്തില്‍ തെറ്റൊന്നും ഞാനും കാണുന്നില്ല. അതൊക്കെ പോസ്റ്റില്‍ വ്യക്തവുമാണ്. നിയമത്തെ നല്ല രീതിയിലും തെറ്റായ രീതിയിലും വ്യാഖ്യാനിക്കുന്ന നീതിന്യായപാലകരെയും, അവരുടെ അമിതാവേശത്തെയുമാണ് ഇവിടെ ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചത്. ഇവിടെയും നിയമത്തെ അതിന്റെ വഴിക്കു വിട്ടുകൊണ്ട്, ജോസഫ് എന്ന മനുഷ്യനോട് ഒരു മിനിമം നീതി കാണിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നു. അത്തരം നീത്തിന്യായപാലകരെ മോണിറ്റര്‍ ചെയ്യാനും,ആ സംവിധാനം കുറ്റമറ്റതാക്കാനും സര്‍ക്കാരിനു കഴിയണം എന്നു മാത്രമാണ്, പോസ്റ്റിന്റെ കാതലായ ഉള്ളടക്കം.

ജോക്കര്‍, ജിവി,

കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ബ്ലഡ് മണി ഒഴിവാക്കാന്‍ സാധിച്ചേക്കും. എങ്കിലും,ജോസഫ് എന്ന മനുഷ്യന്‍ അനുഭവിച്ച ദുരിതങ്ങള്‍ക്ക് അതൊരു പരിഹാരമാകും എന്ന് എനിക്കു തോന്നുന്നില്ല. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവരും, ശിക്ഷ അനുഭവിക്കുന്നവരും നിരവധിയാണ്. സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞാല്‍, പൊട്ടഭാഗ്യവും, നല്ലൊരു വക്കീലുമുണ്ടെങ്കില്‍, ഒരുപക്ഷേ തലയൂരിപ്പോയേക്കാനും സാധിച്ചേക്കും. എങ്കിലും അത് അത്ര ക്ഷിപ്രസാധ്യമല്ല. തെളിയിക്കപ്പെടുകയും, ന്യായമായിത്തന്നെ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന കേസ്സുകളാണ് മഹാഭൂരിഭാഗവും.

ഇന്ത്യന്‍ എംബസ്സിയുമായി താരതമ്യം ചെയ്യുമ്പോള്‍, മറ്റു പല എംബസ്സികളും എത്രയോ ഭേദപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. യു.എ.ഇ.യിലെ ഇന്ത്യന്‍ എംബസ്സി ഇന്നൊരു ഔട്ട്‌സോഴ്സിങ്ങ് കമ്പനിയാണ്. ഇവിടെ മാത്രമല്ല, മറ്റുള്ള ഗള്‍ഫ് നാടുകളിലും, നിരുത്തരവാദിത്ത്വത്തിനും, കെടുകാര്യസ്ഥതക്കും നമ്മുടെ നയതന്ത്രകാര്യാലയങ്ങള്‍ മുന്‍പന്തിയിലാണെന്ന്, നിത്യേന കേള്‍ക്കുന്ന അനുഭവകഥകളും അത് സാക്ഷ്യപ്പെടുത്തുന്നു.

വായനകള്‍ക്കു നന്ദി.

അഭിവാദ്യങ്ങളോടെ

Sureshkumar Punjhayil said...

:)

ബിനോയ്//HariNav said...

Did you see todays news?