Saturday, January 10, 2015

കത്തുകള്‍ തുടരുന്നു (രണ്ടാം ഭാഗം)


പ്രതീക്ഷയുടെ ഒരു രജതരേഖയെങ്കിലും കാണുമെന്ന് കരുതി ചുരുങ്ങിയത് രണ്ടുതവണയെങ്കിലും ഞാന്‍ താങ്കളുടെ കത്തു വായിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. പക്ഷേ ആ ചോളപ്പാടത്തിനരികിലൂടെ വണ്ടിയോടിക്കുമ്പോള്‍ സാധ്യതയുള്ള പരിഹാരങ്ങളെക്കുറിച്ചുള്ള ചിന്ത എന്റെ മനസ്സില്‍ വന്നില്ല എന്നു പറയുന്നത് നുണയായിരിക്കും. 

 ഇത്രയധികം ചോളമുണ്ടായിട്ടും ഇവിടെ, ഇസ്രായേലിലെപ്പോലെ ഇതുക്ണ്ട് പിസ്സ ഉണ്ടാക്കുന്നില്ല. അവരതിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. ചോളം മുകളില്‍ വിതറിയ പിസ്സയാണ്‌ എന്റെ മക്കള്‍ക്ക് ഇഷ്ടം. പിന്നെ ഒബാമ? ബാല്‍ക്കണിയിലിരുന്നു അയാളുടെ കൂടെ ഞാന്‍ ചോളം കഴിക്കുന്നത് ഒരിക്കലും താങ്കള്‍ക്ക് കാണാന്‍ കഴിയില്ല. എന്നിട്ടുവേണം അമേരിക്കയുടെ രാഷ്ട്രത്തലവന്‍ എന്റെ വീടിന്റെ നിലം മുഴുവന്‍ വൃത്തികേടാക്കാന്‍.

 അതുപോട്ടെ, എല്ലാവര്‍ക്കും തികയുന്ന സ്ഥലമില്ലെന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്‌? രാജ്യം തീരെ ചെറുതായിപ്പോയതാണോ  ശരിക്കുള്ള പ്രശ്നം? എനിക്കറിയില്ല, പക്ഷേ ഒരു രാജ്യത്തിനെ എങ്ങിനെ നിര്‍‌വ്വചിക്കണം എന്നതാണ്‌ പ്രധാന പ്രശ്നമെന്ന് എനിക്ക് തോന്നുന്നു. ശരിക്കും അതിന്റെ അതിര്‍ത്തികള്‍ ഏതാണ്‌? രാജ്യം എന്ന് പറയുമ്പോള്‍ താങ്കള്‍ വെസ്റ്റ് ബാങ്കിനെയും ഗാസയെയും ഉള്‍പ്പെടുത്തുന്നുണ്ടോ? നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്ന ഒരു ദിവസം വരുമെന്ന് ഞാന്‍ എന്നും പ്രതീക്ഷിച്ചിരുന്നു. രാജ്യത്തിന്റെ ഔദ്യോഗിക അതിര്‍ത്തികള്‍ എന്താണെന്നും, ആ അതിര്‍ത്തികള്‍ക്കകത്ത് താമസിക്കുന്ന എല്ലാവരും തുല്യാവകാശമുള്ള പൗരന്മാരാണെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഒരിക്കല്‍ ഇസ്രായേല്‍ നടത്തുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. അതിതുവരെ സംഭവിച്ചിട്ടില്ല. പകരം, വെസ്റ്റ് ബാങ്കില്‍നിന്ന് ഒരു നാലായിരം ദുനാം സ്ഥലം ഇസ്രായേല്‍ കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നു എന്ന് ഈയാഴ്ച ഞാന്‍ വായിക്കുകയുണ്ടായി. കുടിയേറ്റപ്പാര്‍പ്പിനോ, അതോ രാജ്യത്തിന്റെ ഉടമസ്ഥതയിലോ മറ്റോ. എന്തായാലും അതിന്റെ അര്‍ത്ഥം, ജൂതന്മാര്‍ക്കു വേണ്ടി പലസ്തീനികളുടെ ഭൂമി മോഷ്ടിക്കുക എന്നതുതന്നെയാണ്‌. പറയൂ എഡ്‌ഗാര്‍, സര്‍ക്കാര്‍ ചെയ്യുന്നതിനെക്കുറിച്ച് നീ എത്രമാത്രം ഭയപ്പെടുന്നു? അതായത്, ലോകം മുഴുവന്‍ ഇസ്രായേലിനെ ഒരു വര്‍ണ്ണവിവേചന രാഷ്ട്രമായി ഔദ്യോഗികമായി കാണാന്‍ പോകുന്നതിനെക്കുറിച്ച് നിനക്കെന്തു തോന്നുന്നു? എന്നെ, അത് വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഞാന്‍ ഇപ്പോഴും ഇസ്രായേലിനെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്ക് വിശ്വസിക്കാന്‍ കഴിയുമോ? സര്‍ക്കാരിനെയോ ജൂതരാഷ്ട്രമെന്ന പദവിയെയോ അല്ല കേട്ടോ, ദൈവം കാത്തുരക്ഷിക്കട്ടെ. ഞാന്‍ ഉദ്ദേശിച്ചത്, ഞാന്‍ ജീവിച്ച നാടിന്റെ ഭാവിയെക്കുറിച്ച്. ആ രാജ്യം അതിന്റെ സ്വന്തം അറബികളെ പൗരന്മാരായി കാണുന്നുണ്ടോ എന്നെനിക്ക് സംശയമാണ്‌. ഞങ്ങള്‍ ഒരു തരം താണ, അഞ്ചാം പത്തികളാണെന്ന് ഞങ്ങളോട് വിശദീകരിക്കാന്‍ അത് തീവ്രമായി പരിശ്രമിക്കുന്നുണ്ട്. പക്ഷേ ഞാന്‍, ആ രാജ്യത്തിന്റെ പൗരനായിട്ടുതന്നെയാണ്‌ എന്നെ കാണുന്നത്. ആഭ്യന്തരവകുപ്പിന്റെ ഔപചാരിക വ്യാഖ്യാനമനുസരിച്ചല്ല ആ വിലയിരുത്തല്‍. എന്റെ രാജ്യത്തിനെക്കുറിച്ച് ഉത്കണ്ഠയുള്ള ഒരു പൗരനാണ്‌ ഞാന്‍ എന്നും, മറ്റൊരു രാജ്യവുമില്ലാത്ത പൗരന്‍ എന്ന നിലയ്ക്ക്, ആ രാജ്യത്തിന്റെ ഭാവി എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്‌. എന്റെ അയല്‍‌വക്കക്കാരായ ജൂതന്മാരുടെ കുട്ടികളെപ്പോലത്തന്നെ എന്റെ മക്കള്‍ക്കും ജീവിക്കാന്‍ പറ്റിയ ഒരു നല്ല നാടായി അതു മാറണമെന്നുതന്നെയാണ്‌ എന്റെ ആഗ്രഹം.

 ആ രാജ്യത്തിന്റെ പൗരനല്ല എന്ന് എന്നെങ്കിലുമൊരിക്കല്‍ എനിക്ക് പറയേണ്ടിവരുന്ന നിമിഷത്തെ എത്ര ഭയപ്പാടോടെയാണ്‌ ഞാന്‍ കാണുന്നത് എന്ന് നിനക്കറിയില്ല. ഈയിടെ പങ്കെടുത്ത ഒരു സമ്മേളനത്തില്‍, കാണികള്‍ക്കിടയില്‍നിന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചു, ഇസ്രായേല്‍ എന്നത് നിയമസാധുതയുള്ള രാജ്യമാണോ എന്ന്. ഞാന്‍ ശരിക്കും വിയര്‍ക്കാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞു, "അതെ, നിയമവിധേയമല്ലാത്ത ഭീകരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്, കയ്യേറ്റം നിയമവിധേയമല്ല, സെറ്റില്‍മെന്റുകള്‍ നിയമവിധേയമല്ല, അറബ് വംശജര്‍ക്കുനേരെയുള്ള വിവേചനം വംശീയത തന്നെയാണ്‌, പാലസ്തീനികളുടെ അവശിഷ്ടങ്ങള്‍ക്കുമേലെയാണ്‌ രാജ്യം സ്ഥാപിക്കപ്പെട്ടിട്ടുള്ളത് അല്‍ നക്‌ബ (1948-നു ശേഷമുണ്ടായിട്ടുള്ള അറബികളുടെ കൂട്ട ഒഴിഞ്ഞുപോക്ക്) എന്നത് സത്യമാണ്‌, മാത്രവുമല്ല.." ആ സ്ത്രീ പിന്നെയും തുടര്‍ന്നു. "അപ്പോള്‍? എനിക്ക് മനസ്സിലാകുന്നില്ല. ആ രാജ്യം നിയമവിധേയമാണെന്നാണോ എന്നിട്ട് ഇപ്പോഴും നിങ്ങള്‍ പറയുന്നത്?"

 "പക്ഷേ ആളുകള്‍.." ഞാന്‍ മറുപടി പറയാന്‍ ശ്രമിച്ചു, "..പക്ഷേ നോക്കൂ, അവിടെ മനുഷ്യരുണ്ട്..." ഒരുപക്ഷേ എന്നോടുകൂടിയായിരിക്കണം ഞാന്‍ മറുപടി പറയാന്‍ ശ്രമിച്ചത് "

 ചുരുക്കത്തില്‍, എഡ്‌ഗാര്‍, ഇത് എന്നെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട്. എനിക്കറിയാം, "ദക്ഷിണാഫ്രിക്കയുമായി ഞങ്ങളെ താരതമ്യം ചെയ്യാന്‍ നിങ്ങള്‍ക്കെങ്ങിനെ ധൈര്യം വന്നു" എന്നൊക്കെ ചോദിച്ച് ഇവിടെ ഇസ്രായേലില്‍ ആളുകള്‍ ഒച്ചവെക്കുന്നുണ്ട് എന്ന്. പക്ഷേ ഈ പ്രദേശങ്ങളില്‍ നടക്കുന്നത്, വംശീയാടിസ്ഥാനത്തിലുള്ള വേര്‍തിരിക്കലാണ്‌. ഒരു കുടിയേറ്റക്കാരന്‌ വോട്ട് ചെയ്യാം, സ്വതന്ത്രമായി സഞ്ചരിക്കാം, സാമൂഹ്യ സുരക്ഷാ, ആരോഗ്യ പരിരക്ഷകള്‍ കിട്ടും, പക്ഷേ ഒരു പാലസ്തീനിക്ക് ഇതൊന്നുമില്ല. വംശീയമായ തരം തിരിവെന്നു പറഞ്ഞാല്‍ ഇതാണ്‌. ഇത് ഈ പ്രദേശങ്ങളില്‍ മാത്രമല്ല, എന്നെപ്പോലുള്ള അറബ് പൗരന്മാരെക്കുറിച്ച് പറഞ്ഞാല്‍, 1948-ലെ അതിര്‍ത്തികള്‍ക്കുള്ളിലും നടക്കുന്നുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍  - അതായത് വളരെയടുത്ത കാലം വരെ അറബികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലങ്ങളില്‍ -അറബികള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന അഡ്മിഷന്‍സ് കമ്മിറ്റി നിയമത്തിനെതിരെയുള്ള ഹരജി സുപ്രീം കോടതി ഈയാഴ്ച തള്ളിക്കളഞ്ഞ വാര്‍ത്ത എങ്ങിനെയാണ്‌ പത്രങ്ങളില്‍ നിനക്ക് വായിക്കാന്‍ കഴിയുക? ഇത് കുറേക്കാലമായി നടന്നുവരുന്ന ഒന്നാണ്‌. ഇപ്പോള്‍ അതിന്‌ നിയമസാധുതയും കിട്ടിയിരിക്കുന്നു. സ്വന്തം രാജ്യത്ത് ഇഷ്ടമുള്ള  സ്ഥലത്ത് ഒരു പൗരന്‌ താമസിക്കാന്‍ പറ്റാതെ വരുന്നതിനെയും, സ്വന്തം രാജ്യത്തിലെ എണ്‍പതു ശതമാനം സ്ഥലത്ത് പ്രവേശനം നിഷേധിക്കപ്പെടുന്നതിനെയും വിശേഷിപ്പിക്കാന്‍ വംശീയത എന്നല്ലാതെ മറ്റെന്തു വാക്കാണുള്ളത്?

 അതുപോലെ, നിനക്ക് വിശ്വസിക്കാന്‍ പറ്റുമോ, "പക്ഷേ ആളുകള്‍..."എന്ന് ഞാന്‍ മറുപടി പറയുമ്പോഴും എനിക്കറിയാം, അവിടെ ധാരാളം നല്ലയാളുകളുണ്ട്. എന്റെ സുഹൃത്തുക്കള്‍, എന്റെ മക്കളുടെ സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, തൊഴില്‍ പങ്കാളികള്‍, അങ്ങിനെ പലരും. നല്ല, ദൈവവിശ്വാസമുള്ളവര്‍. ഞാന്‍ നിന്റെ തലയില്‍ എന്റെ ഈ രാഷ്ട്രീയമായ പരാതികള്‍ കൊണ്ടിടുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. ഇസ്രായേലിയാണെങ്കിലും, ഇസ്രായേലി ജൂതനാണെങ്കിലും, എന്റെ ഈ നിരാശയും സങ്കടവുമൊക്കെ ശരിക്കും പറഞ്ഞുതീര്‍ക്കേണ്ടത് നിന്നോടല്ല എന്നറിയാന്‍ മാത്രം എനിക്ക് നിന്നെ നന്നായറിയാം. നോക്ക്, "എന്താണ്‌ ISIS-ഉമായി ഏര്‍പ്പാട്? അവര്‍ക്കെന്താണ്‌ വേണ്ടത്?" എന്നൊക്കെ ഒരു ശരാശരി ഇസ്രായേലി എന്നോട് ചോദിക്കുന്നതുപോലെയാണ്‌ ഞാന്‍ ഇപ്പോള്‍ നിന്നോടും ചോദിക്കുന്നത്. ഒരു അറബ് ആയിപ്പോയി എന്ന ഒരൊറ്റ കാരണം കൊണ്ട് അറബികളുടെ ജീനുകളെക്കുറിച്ച്, ഒരേ വിധത്തില്‍ പെരുമാറാന്‍ എല്ലാ അറബികളെയും പ്രേരിപ്പിക്കുന്ന ആ രഹസ്യ ജീനിനെക്കുറിച്ച് ഞാന്‍ അറിഞ്ഞിരിക്കണമെന്ന് പറയുന്നതുപോലെയാണിത്. അത് ഉള്ളില്‍ അടങ്ങിക്കിടക്കുന്നുണ്ടാകാം, പക്ഷേ എപ്പോഴാണ്‌ അതിനു ജീവന്‍ വെക്കുക എന്ന് പറയാന്‍ പറ്റില്ല. സമയത്തിന്റെ പ്രശ്നം മാത്രമേയുള്ളു. ക്ഷമിക്കണേ എഡ്‌ഗാര്‍, പക്ഷേ എന്താണ്‌ ഇസ്രായേലിന്റെ പ്രശ്നം? എന്തുകൊണ്ടാണ്‌ അവര്‍ അങ്ങിനെ പെരുമാറുന്നത്? ഒരു സഹായം ചെയ്യണം, ഇതൊക്കെ, പേടി കൊണ്ടാണെന്നു മാത്രം പറയരുതേ. കാരണം, ഭയം എന്ന ഗുണത്തെ ഞാന്‍ വിലമതിക്കുന്നുണ്ട്, അതിനോട് മനസ്സുനിറയെ ആദരവുമുണ്ട്. പക്ഷേ വിവേചനത്തെ ന്യായീകരിക്കാന്‍ ഭയത്തിനാവില്ല. ഹെബ്രോണിലെയും സില്‍‌വാനിലെയും ജൂതകുടിയേറ്റങ്ങളെ ന്യയീകരിക്കാനും അതിനാവില്ല. ഒരു അറബ് ഗ്രാമത്തെ മുഴുവന്‍ കുടിവെള്ളം കൊടുക്കാതെ ദാഹത്തിലാഴ്ത്താനും ഭയത്തിനാവില്ല. അപ്പോള്‍ പിന്നെ എന്താണത് എഡ്‌ഗാര്‍.

 വീണ്ടും ക്ഷമ, ഇതൊക്കെ നിന്റെ തലയിലിട്ടതിന്‌. പക്ഷേ ആവശ്യത്തിനുള്ള സ്ഥലമില്ലെന്നു പറഞ്ഞ് ചോളപ്പാടങ്ങളെക്കുറിച്ചുള്ള സംസാരം തുടങ്ങിവെച്ചത് നീയാണ്‌. ഇവിടെ ഞാന്‍ ഒരു സ്മൈലി ചേര്‍ക്കും. ഈ സ്മൈലിയെയും അതുപോലുള്ള ചിത്രങ്ങളെയും കുറിച്ച് നിന്റെ അഭിപ്രായം ചോദിക്കണമെന്നുണ്ട് എനിക്ക്. ഇതൊക്കെ ഒരു രണ്ടാം തരം ഭാഷയായതുകൊണ്ട്, എഴുത്തുകാരന്‍ എന്ന നിലയ്ക്ക് ഇമെയിലുകളിലും ടെക്സ്റ്റ് മെസ്സേജുകളിലും ഞാന്‍ ഇത് ഉപയോഗിക്കില്ലെന്ന് നീ കരുതുന്നുണ്ടാകുമല്ലേ? മറിച്ച്, ചോദ്യ ചിഹ്നങ്ങളും ആശ്ചര്യ ചിഹ്നങ്ങളും ആദ്യമായി ഉപയോഗിച്ചു തുടങ്ങിയവരെക്കുറിച്ച് ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട്. വാക്കുകള്‍ക്കു പകരം, ഈ ചിഹ്നങ്ങള്‍ ഉപയോഗിച്ചവരെ വിലകുറഞ്ഞ രാജ്യദ്രോഹികളായി കണ്ട ഗൗരവക്കാരായ എഴുത്തുകാരെക്കുറിച്ചും ഞാന്‍ ആലോചിക്കാറുണ്ട്. നീ എന്തു പറയുന്നു? :-)

ഷിറയോടും ലെവിനോടും അമേരിക്കയിലെ ഈ അമ്മാവന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കണേ. ഒരിക്കല്‍ വീട്ടിലേക്ക് വരൂ, അവിടെ എല്ലാവര്‍ക്കും ആവശ്യത്തിനുള്ള സ്ഥലമുണ്ട് :-)


പരിഭാഷക കുറിപ്പ്:  The Newyorker-ല്‍ പ്രസിദ്ധീകരിച്ച, സയദ് കാഷ്വയും എഡ്ഗാര്‍ ലെററ്റും തമ്മില്‍ നടത്തിയ എഴുത്തുകുത്തുകളുടെ രണ്ടാം ഭാഗത്തിലെ ആദ്യത്തെ കത്ത്. എഡ്ഗാറിന്റെ മറുപടി കൂടി ഇനി ബാക്കി. പറ്റിയാല്‍ നോക്കാം. ഉറപ്പു പറയുന്നില്ല. ഈ രണ്ടാം ഭാഗത്തിന്റെ ലിങ്ക് വേണമെന്നുള്ളവര്‍ക്ക്, http://www.newyorker.com/uncategorized/tell-story-happy-ending-exchange-etgar-keret-sayed-kashua-part-ii

17 October 2014

No comments: