Saturday, January 10, 2015

പണ്ടത്തെ നക്സലൈറ്റുകാര്‍അച്ഛച്ചന് എല്ലാതിനെയും പേടിയായിരുന്നു. ഇരുട്ടിനെ, ഒറ്റയ്ക്കാവുന്നതിനെ, ഇഴജന്തുക്കളെ, ഗൗളി-എട്ടുകാലി വര്‍ഗ്ഗങ്ങളെ, കുട്ടികളുടെ അതിരുവിട്ട കളികളെ, നിസ്സാരമായ ശാരീരിക അസ്വാസ്ഥ്യങ്ങളെ. എല്ലാറ്റിനെയും.
അങ്ങിനെയിരിക്കെയാണ്‌, കല്ലടിക്കോടന്‍ മലയില്‍ ഒളിച്ചുതാമസിച്ച്, വിക്ടോറിയാ കോളേജിലെ ഹോസ്റ്റലിലിരുന്ന് നന്നായി ആസൂത്രണം ചെയ്ത ചില ചെറുപ്പക്കാര്‍ തൊള്ളായിരത്തി എഴുതുപത് ജൂലായ് മുപ്പതിന്‌ കോങ്ങാട്ടെത്തി നാരായണന്‍‌കുട്ടിനായരെ കൊന്ന് തലയറുത്ത് പടിപ്പുരയ്ക്ക് സമീപം വെച്ചത്. കൊല്ലേണ്ട ഉരുപ്പടിതന്നെയായിരുന്നു നാരായണന്‍‌കുട്ടിനായരെന്ന ഫ്യൂഡല്‍ മാടമ്പി.
തിരുനെല്ലി, തലശ്ശേരി, പുല്‍‌പ്പള്ളി ഭാഗത്ത് 68-ല്‍ തന്നെ തിരയിളക്കം തുടങ്ങിക്കഴിഞ്ഞിരുന്നു. തലശ്ശേരി പോലീസാക്രമണവും ഹവില്‍ദര്‍ കുഞ്ഞിരാമന്‍‌നായരുടെയും ശങ്കുണ്ണിമേനോന്റെയും, കണ്ണൂരില്‍ ചേനിച്ചേരി കൃഷ്ണന്‍ നമ്പ്യാരുടെയും കൊലപാതകങ്ങളും, കോട്ടയത്ത് ഇരുട്ടുകോണത്തെ ചെറിയാനെതിരെയുള്ള ആക്രമണവുമെല്ലാം നടന്നുകഴിഞ്ഞിരുന്നു.
വള്ളുവനാട്ടിലെയും ഏറനാട്ടിലെയും മിക്കവാറും എല്ലാ ജന്മികുടുംബങ്ങളും ഭീതിയില്‍ കഴിഞ്ഞ കാലമായിരുന്നു അത്. പല കുടുംബങ്ങളും കാവല്‍‌ക്കാരെയും സില്‍ബന്തികളെയും ഒരുക്കിവെച്ചു.
അപ്പോഴാണ്‌ ഗാന്ധിനഗര്‍ 2nd സ്ട്രീറ്റിലെ കോളനിവാസികളെപ്പോലെ ഒരു സുപ്രഭാതത്തില്‍ ഞങ്ങളെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് അച്ഛച്ഛന്‍ ഒരു ഗൂര്‍ഖയെ കാവലിനു വെച്ചത്. പഴയ ജന്മികുടുംബാംഗമായിരുന്നെങ്കിലും അച്ഛച്ഛന്‍ പൊതുവെ കുടിയാന്മാരോടും മറ്റും നല്ലനിലയ്ക്ക് പെരുമാറിയിരുന്നു. അദ്ദേഹത്തെക്കുറിച്ച് പരാതികളൊന്നും ഉണ്ടാവാനുള്ള സാധ്യതയുമുണ്ടായിരുന്നില്ല. എന്നിട്ടും മൂപ്പര്‍ക്ക് കലശലായ പേടിതോന്നിക്കാണണം.
അങ്ങിനെ വരുത്തിയതാണ്‌ ആ ഗൂര്‍ഖയെ. സൗമ്യനായിരുന്നു അയാള്‍. പകല്‍ മുഴുവന്‍ വീടിന്റെ രണ്ടുഭാഗത്തുമുള്ള പടിപ്പുരയില്‍ എവിടെയെങ്കിലും ഇരിക്കുകയോ വിശ്രമിക്കുകയോ ചെയ്തിരുന്നു അയാള്‍. ഭക്ഷണം വീട്ടില്‍ നിന്ന് കൊടുക്കും. മേലാറ്റൂരില്‍നിന്നും പെരിന്തല്‍‌മണ്ണയില്‍നിന്നുപോലും ചിലപ്പോള്‍ ആളുകള്‍ വരാറുണ്ടായിരുന്നു ഗൂര്‍ഖയെ കാണാന്‍. ഞങ്ങള്‍ കുട്ടികളോട് അയാള്‍ മലയാളവും ഹിന്ദിയുമൊക്കെ കലര്‍ത്തി സംസാരിക്കും. ഞങ്ങള്‍ വെറുതെ ചിരിച്ച്, തമ്മില്‍ത്തമ്മില്‍ കുശുകുശുത്ത് അയാളെ നോക്കിനില്‍ക്കും.
രാത്രിയായാല്‍ അയാള്‍ വീടിന്റെ ഉമ്മറത്ത് വന്ന് കാവലിരിക്കും. ഇടയ്ക്ക് ചുറ്റും നടക്കും. അച്ഛച്ഛനെയും അച്ഛമ്മയെയും കാണുമ്പോള്‍ അയാള്‍ ഭവ്യതയോടെ വണങ്ങും. അച്ഛച്ഛന്‍ പുറത്തേക്കിറങ്ങുമ്പോള്‍ അയാളും കൂടെപ്പോവും.
ഒന്നുമുണ്ടായില്ല. അച്ഛച്ഛന്‍റ്റെ തല സ്ഥാനത്തുതന്നെ ഇരുന്നു. നക്സലൈറ്റുകള്‍ അകത്താവുകയും ചിലര്‍ ജയില്‍ചാടി രക്ഷപ്പെടുകയും വീണ്ടും അകത്താവുകയും ഒക്കെ ചെയ്തു.
ഗൂര്‍ഖയുടെ പണി കുറഞ്ഞു. മിക്കവാറും എല്ലാ സമയവും അയാള്‍ വിശ്രമിക്കാന്‍ തുടങ്ങി. ഒഴിവുകിട്ടുമ്പോള്‍ പിന്നെ അയാള്‍ കുളക്കടവിന്റെ പരിസരത്ത് ചുറ്റിക്കറങ്ങുന്നതുകണ്ടു. അച്ഛച്ഛനേക്കാള്‍ കൂടുതല്‍ അയാള്‍ വീട്ടിലെയും ചുറ്റുവട്ടത്തെയും സ്ത്രീകളെയാണ്‌ ശ്രദ്ധിക്കുന്നത് എന്ന് കേള്‍ക്കാന്‍ തുടങ്ങി. ഒരുനാള്‍ വന്നതുപോലെ അയാള്‍ അപ്രത്യക്ഷനാവുകയും ചെയ്തു.
എന്നിട്ടും അച്ഛച്ഛന്‍റ്റെ പേടി മാറിയില്ല. പണ്ടുമുതല്‍ കുടിയാനായിരുന്ന അയ്യപ്പന്‍ എന്നൊരാളെ കാവലിനു വെച്ചു. അയ്യപ്പനാകട്ടെ, കൊല്ലുന്ന കലയില്‍ നല്ല പ്രവൃത്തി പരിചയവുമുണ്ടായിരുന്നു. തറവാട്ടിലെ പഴയൊരു കാരണവരെ കൊന്ന് ജയില്‍‌ശിക്ഷ കഴിഞ്ഞുവന്ന് വീണ്ടും അച്ഛന്‍ വീടുമായി സ്നേഹസമ്പര്‍ക്കം തുടരുന്ന വിദ്വാനാണ്‌. നക്സലൈറ്റുകള്‍ തലയറുക്കുന്നതിനുമുന്‍പ് നീ എന്നെ കൊല്ലണമെന്ന് അച്ഛച്ഛന്‍ അയ്യപ്പനോട് പറഞ്ഞു ശട്ടം കെട്ടിയതായി ഒരു കഥ കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല.
പിന്നെ അയ്യപ്പനും പോയി.
മെല്ലെമെല്ലെ നക്സലൈറ്റുകളും നാട്ടില്‍നിന്ന് അപ്രത്യക്ഷരായി. ആ പഴയ ഗൂര്‍ഖയെക്കുറിച്ചും പിന്നെ ഒന്നും കേട്ടില്ല. വസന്തത്തിന്റെ പഴയ ഇടിമുഴക്കങ്ങള്‍ നനഞ്ഞ ഓലപ്പടക്കങ്ങളായി ചീറ്റുക മാത്രം ചെയ്ത് പിന്നീട് ആത്മീയഗുഹകളിലേക്കും വലത്തേക്കും പിന്‍‌വാങ്ങി. അന്നത്തെ ആ ഇടിമുഴക്കങ്ങളെപ്പോലും കീപാഡില്‍ വിരലമര്‍ത്തി പരിഹസിക്കുന്ന പുതിയ കാലം വന്നു. അവരുടെ നിഘണ്ടുവില്‍ മാവോയിസ്റ്റുകള്‍ മ്യാവോയിസ്റ്റുകളായി. പക്ഷേ അപ്പോഴും, ഒരിക്കലും ജയിക്കില്ലെന്നറിഞ്ഞിട്ടുപോലും ഒളിവില്‍ ജീവിക്കാനും വേട്ടയാടപ്പെടാനും തയ്യാറായി പുതിയ ചില ചെറുപ്പങ്ങള്‍ സ്വന്തം ജന്മം തുലക്കാന്‍ തീരുമാനിച്ച് മുന്നോട്ട് വരുന്നു. അവിടെയുമിവിടെയും അവര്‍ കാടുകള്‍ക്ക് ജീവന്‍ വെപ്പിക്കുകയും അതിനുള്ളീല്‍നിന്ന് വെടിയൊച്ചകള്‍ കേള്‍പ്പിക്കാനും തുടങ്ങിയിരിക്കുന്നു. 'ഇതിനുമുന്‍പ് ഈ ഭാഗങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത ചിലരെ'ക്കുറിച്ച് നമ്മള്‍ ഗ്രാമവാസികളില്‍നിന്ന് കേള്‍ക്കാന്‍ തുടങ്ങുന്നു.
പക്ഷേ ഇന്നത്തെ പുതിയ ജന്മികള്‍ക്ക് കാവലിരിക്കാന്‍ ഗൂര്‍ഖകളോ കുടിയാന്മാരോ ഇല്ല. പകരം കാവലിരിക്കുന്നത് മാധ്യമങ്ങളും തണ്ടര്‍ബോള്‍ട്ടുകാരും.

23 December 2014

No comments: