Saturday, January 10, 2015

ബലാത്ക്കാരത്തിലെ ജാതിയും മതവുംബലാത്സംഗം ചെയ്യപ്പെട്ട പെണ്ണിന്റെയും ബലാത്സംഗം ചെയ്തവന്മാരുടെയും മതം നോക്കിയാണ്‌ ബിജെപ്പി സംഘപരിവാറിന്റ് ഇപ്പോഴത്തെ കളി. യു.പി.യി.ല്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി ഹിന്ദുവായിരുന്നുവെന്നും അവളെ ഇരയാക്കിയവര്‍ മുസ്ലിങ്ങളായിരുന്നുവെന്നും മാനഭംഗത്തിനുശേഷം ഇസ്ലാമിലേക്ക് മതം മാറ്റിയെന്നുമാണ്‌ സംഘികളുടെയും അവരുടെ ലലനാമണികളുടെയും വാദം. അതെ, ലവ് ജിഹാദ് വീണ്ടും ചൂടു പിടിക്കുകയാണ്‌.

ഒരു ബലാത്സംഗത്തിന്റെ, ബലാത്സംഗത്തിലെ അനീതിയും നൃശംസതയും മനുഷ്യത്വരാഹിത്യവുമൊന്നും അവറ്റകള്‍ക്കു പ്രശ്നമല്ല. ചെയ്തവനെ നീതിക്കു മുന്നില്‍ കൊണ്ടുവരിക എന്നതും അവരുടെ ലക്ഷ്യമല്ല. മുസ്ലിം പെണ്ണുങ്ങള്‍ എന്തുവേണമെങ്കിലും ആയിക്കോട്ടെ, "ഹിന്ദു മഹിളാവോ കാ അപമാന്‍ നഹീം സഹേംഗേ നഹീം സഹേംഗേ" എന്നാണ്‌ സംഘി വനിതകളുടെയും അണിയറയ്ക്ക് പിന്നില്‍നിന്ന് അവരെ ചരടുവലിക്കുന്നവരുടെയും ഗായത്രിമന്ത്രം.

ശവങ്ങളേ, The Day India Burned എന്ന പേരില്‍ ബീബീസിയുടെ ഒരു ഡോക്യുമെന്ററിയുണ്ട്. യൂട്യൂബില്‍ തപ്പിയാല്‍ കിട്ടും. വിഭജനാനന്തരം പഞ്ചാബിലും കല്‍ക്കത്തയിലുമൊക്കെ നടന്ന മനസ്സാക്ഷിയെ ഞെട്ടിച്ച ബലാത്സംഗങ്ങളെക്കുറിച്ചു സതീഷ് ഗുജറാളും, മറ്റു ചിലരും പറയുന്ന ചില കാര്യങ്ങള്‍. പെണ്‍കുട്ടികളെ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് മാനഭംഗപ്പെടുത്തിയത് കണ്ടുനില്‍ക്കേണ്ടിവന്ന സാധാരണക്കാരായ മനുഷ്യരുടെയും, പെണ്മക്കളുടെ മാനം പോകുമെന്ന് ഭയന്ന് അവരെ അവരുടെ അച്ഛന്മാര്‍ വാളിനിരയാക്കിയപ്പോള്‍ അതുകണ്ടുനില്‍ക്കേണ്ടിവന്ന, ഇപ്പോഴും അതോര്‍ക്കുമ്പോള്‍ തൊണ്ടയിടറുകയും കണ്ണു നിറയുകയും, ശരീരം വിറക്കുകയും ചെയ്യുന്ന ആങ്ങളമാരെയും അതില്‍ നിങ്ങള്‍ക്ക് കാണാം.

ഒരുമിച്ച് ജീവിച്ചിരുന്നവര്‍ വീടുകള്‍ തോറും കയറിയിറങ്ങി കൊല്ലും ബലാത്സംഗവും നടത്തിയതിന്റെ കഥകള്‍, അന്ന് ജീവിച്ചിരിക്കേണ്ടിവന്ന, ഇന്നും അതോര്‍ത്ത് ഓരോ നിമിഷവും ജീവച്ഛവങ്ങളായി ജീവിക്കുന്ന ഹതഭാഗ്യരുടെ വായില്‍നിന്ന് നേരിട്ട് കേള്‍ക്കാം.

ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും ബലാത്സംഗം ചെയ്യപ്പെടുന്ന ഓരോ പെണ്ണും ഞങ്ങള്‍ തന്നെയാണെന്ന് പറയുന്നതിനുപകരം, അവരുടെ മതവും കുത്തിപ്പൊക്കി അലറിവിളിക്കുന്ന ദുര്‍ഗ്ഗാവാഹിനി, ബജ്‌റംഗദള്‍, രാമസേന ചട്ടമ്പികളേ, പോയി കാണ്‌ അതൊക്കെ വല്ലപ്പോഴും.

നാളെ ഏതെങ്കിലും തെരുവിലോ കെട്ടിടത്തിലോ കുറ്റിക്കാട്ടിലോ നിങ്ങളിലാരെങ്കിലും വിവസ്ത്രകളാക്കപ്പെട്ട്, ചതഞ്ഞരഞ്ഞ്, ചോരയൊലിച്ച്, അബോധാവസ്ഥയിലോ നിര്‍ജ്ജീവമായോ കിടക്കുമ്പോള്‍ അത് ചെയ്തവന്‍ സ്വന്തം ജാതിയിലും മതത്തിലും പെട്ടവനായിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കണേ. ആരെന്നും എന്തെന്നും അനേഷിക്കാതെ നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍,  സഹായിക്കാന്‍ ഞങ്ങള്‍ വരുമ്പോള്‍ ഞങ്ങളുടെ ജാതിയും മതവും ചോദിക്കണേ.

8 August 2014

No comments: