Sunday, February 25, 2007

പി.സായ്‌നാഥ്‌

ഈയിടെ നടന്ന ഒരു മാധ്യമ ചര്‍ച്ചയില്‍ ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞ ചില കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു. തന്നെപ്പോലുള്ളവര്‍ പത്രപ്രവര്‍ത്തകരല്ലെന്നും, ഗുമസ്തന്മാരാണെന്നും, ആ തെറ്റിനെ ശരിയാക്കേണ്ട വലിയ ചുമതലയാണു പത്രത്തിലെ വാര്‍ത്തകളോടു പ്രതികരിക്കുന്നതിലൂടെ വായനക്കാരന്‍ നിര്‍വ്വഹിക്കേണ്ടത്‌ എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആശയത്തിന്റെ കാതല്‍. മാത്രവുമല്ല, പണ്ടാരോ പറഞ്ഞതുപോലെ തന്റെ ചട്ടിയില്‍ കൊള്ളുന്ന മത്സ്യം മാത്രമേ താന്‍ ചൂണ്ടയിടാറുള്ളു, അല്ലാത്തവയെ (തൂലികാനാമത്തില്‍, പ്രദേശത്തെ മറ്റു പത്രങ്ങളിലേക്കോ, അതുമല്ലെങ്കില്‍ അന്യരാജ്യത്തെ പത്രങ്ങളിലേക്കുതന്നെയോ)പുറത്തേക്കയച്ച്‌ കൃതാര്‍ത്ഥനാവാനേ സാധിക്കാറുള്ളൂ എന്നും കൂട്ടിച്ചേര്‍ത്തു. ആ പറഞ്ഞതിലെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാവാന്‍ ആവില്ലെങ്കിലും, പത്രത്തിന്റെയും പത്രപ്രവര്‍ത്തകന്റെയും പ്രസക്തിയെക്കുറിച്ച്‌ അത്‌ ഒരുപാടു ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്‌.

സായ്‌നാഥിനെക്കുറിച്ച്‌ വെറുതെയെങ്കിലും ഓര്‍ത്തുപോയത്‌ അങ്ങിനെയാണ്‌. ആ പേരു കേട്ടിട്ടില്ലാത്ത ഒരു പത്രപ്രവര്‍ത്തകനെ കണ്ടുമുട്ടാനുള്ള ദൗര്‍ഭാഗ്യം ഉണ്ടായതും ഈയടുത്താണ്‌ അങ്ങിനെയൊരു ആളുണ്ടോ എന്നു ചോദിക്കുന്നവരോട്‌. ഉണ്ട്‌. തെലുങ്കനാണ്‌. പത്രപ്രവര്‍ത്തകനാണ്‌. ഇന്ത്യയില്‍ ജീവിച്ചിരിക്കുന്നുണ്ട്‌. വര്‍ഷത്തില്‍ 330 ദിവസവും അലച്ചിലാണ്‌ എന്നൊക്കെയാവും പറയേണ്ടിവരിക.

ഇന്ത്യയിലെ പത്രപ്രവര്‍ത്തകരില്‍ എണ്ണം പറഞ്ഞ ഒരാള്‍. കുറച്ചുകാലം മുന്‍പ്‌ ഒരു പുസ്തകം എഴുതുകയുണ്ടായി,"എല്ലാവരും ഒരു നല്ല വരള്‍ച്ചയെ ആഗ്രഹിക്കുന്നു" എന്ന പേരില്‍. ഡെവെലപ്‌മന്റ്‌ ജേര്‍ണ്ണലിസം എന്നൊക്കെ വെണമെങ്കില്‍ പറയാവുന്ന ഒരു വിഭാഗമാണു സായ്‌നാഥിന്റെ പ്രവര്‍ത്തനമണ്ഡലം. ഇന്ത്യയില്‍ അത്തരം പത്രപ്രവര്‍ത്തനത്തിന്റെ പേരും പറഞ്ഞു ധാരളം എഴുത്തുതൊഴിലാളികളും നമുക്കിടയില്‍ ഉണ്ട്‌. അവരില്‍ നിന്ന് സായ്‌നാഥിനെ വ്യത്യസ്തനാക്കുന്ന ഘടകം, മറ്റുള്ള പത്രക്കാര്‍ വികസനത്തെ കക്ഷിരാഷ്ട്രീയത്തിന്റെയും, കോര്‍പൊറേറ്റുകളുടെയും മാത്രം പക്ഷത്തുനിന്ന് നിന്ന് വിലയിരുത്തുമ്പോള്‍, സായ്‌നാഥ്‌ അതിനെ ഇന്ത്യന്‍ ഗ്രാമത്തിന്റെ പ്രകൃതി-മനുഷ്യ സമഗ്രതയുമായി കണ്ണിചേര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതാണ്‌.

വികസനത്തിന്റെ പേരില്‍ പ്രാന്തവല്‍ക്കരിക്കപ്പെടുകയോ, കുടിയൊഴിക്കപ്പെടുകയോ ചെയ്യപ്പെടുന്നവരുടെ പക്ഷത്തു ഉറച്ചുനിന്നുകൊണ്ടാണ്‌ സായ്‌നാഥ്‌ തന്റെ പത്രധര്‍മ്മം നിറവേറ്റുന്നത്‌.ചൂണ്ടിക്കാണിക്കാന്‍, ഇന്ത്യയില്‍, (പുറത്തും)അധികം ഉദാഹരണങ്ങളില്ലാത്ത ഒരു പത്രപ്രവര്‍ത്തന്‌ ശൈലിയാണു അദ്ദേഹത്തിന്റേത്‌. മറ്റു പത്രപ്രവര്‍ത്തകര്‍ എഴുത്തിനെ ദൈനംദിന അതിജീവനത്തിന്റെ പകിടകളിയായോ, പബ്ബുകളിലും പഞ്ചനക്ഷത്രസല്‍ക്കാരങ്ങളിലും നിന്നു വീണുകിട്ടുന്ന പതിവു"ബീറ്റു"കളായോ, ചുരുക്കെഴുത്തിന്റെ ഗൂഢാര്‍ത്ഥങ്ങളായോ "സേവി"ക്കുമ്പോള്‍ സായ്‌നാഥ്‌ അതിനെ സാര്‍ഥകമായ ഒരു രാഷ്ട്രീയപ്രയോഗമാക്കുന്നു.

ഓരോ അദ്ധ്യായവും സ്വയം സമ്പൂര്‍ണ്ണമായ ഒരോ രേഖാചിത്രമാണ്‌. ഇന്ത്യന്‍ ഗ്രാമീണജീവിതത്തിന്റെയും, അതിലെ മനുഷ്യരുടെയും. പുസ്തകം ആകെയെടുത്താല്‍, ഭരണകൂടത്തിന്റെ വികസനസങ്കല്‍പ്പത്തിലെ, അര്‍ഥ്ശൂന്യതയുടെയും, നീതിരാഹിത്യത്തിന്റെയും ഒരു സൂക്ഷ്മമായ പരിശ്ച്ഛേദവും. തുറന്നുപിടിച്ച കണ്ണുകളോടെയാണ്‌ സായ്‌നാഥ്‌ വിഷയങ്ങളെ സമീപിക്കുന്നത്‌. സിനിക്കിന്റെ അടഞ്ഞതും, മുന്‍വിധിയോടുകൂടിയതുമായ മനസ്സോടെയല്ല എന്നര്‍ത്ഥം.ഇന്ത്യന്‍ കര്‍ഷകജീവിതത്തിന്റെ താളം തെറ്റിക്കുന്ന ലോണ്‍മേളകളുടെ അശാസ്ത്രീയത, ഗ്രാമങ്ങളിലെ സ്വകാര്യപണമിടപാടുകാര്‍,ഋണബാധിതര്‍, ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമകാലീന അവസ്ഥ, സ്ത്രീ-ദളിത-ശാക്തീകരണത്തിന്റെ പിന്നോക്കാവസ്ഥ, വികസനത്തിന്റെ പേരില്‍ കുടിയൊഴിക്കപ്പെടുന്നവരുടെ അവിശ്വസനീയമാംവണ്ണം ദുരന്തപൂര്‍ണ്ണമായ ജീവിതാവസ്ഥകള്‍, ജാതിയുടേയും, ഉപജാതികളുടെയും മദമല്‍സരങ്ങളുടെ മിത്ഥ്യാവലയങ്ങളിലകപ്പെട്ടുപോയ പാവം മനുഷ്യജീവിതങ്ങള്‍, വരള്‍ച്ചയെ ക്ഷണിച്ചുവരുത്തിയ കാര്‍ഷികപരിഷ്ക്കാരങ്ങളും, അവയുടെ ഇരകളാകാന്‍ വിധിക്കപ്പെട്ട ജീവിതങ്ങളും, അങ്ങിനെയങ്ങിനെ സായ്‌നാഥ്‌ കാണുന്ന ഇന്ത്യ നമ്മുടെ വര്‍ത്തമാനപത്രങ്ങള്‍ക്കും, വാര്‍ത്തയെഴുത്തു തൊഴിലാളികള്‍ക്കും അന്യവും അജ്ഞാതവുമായ മറ്റൊരു ഇന്ത്യയാണ്‌.

ഇന്ത്യയിലെ എന്‍.ജി.ഒ സംഘടനകളെക്കുറിച്ചുള്ള അവസാന അദ്ധ്യായവും ഏറെ പ്രസക്തമായ ഒന്നാണ്‌ തികച്ചും മൗലികമായ ഒരു വിലയിരുത്തല്‍. എന്‍.ജി.ഒ കളുടെ അരാഷ്ട്രീയത, ഒരു രാഷ്ട്രത്തെ അതിന്റെ പ്രാഥമിക കടമകളില്‍നിന്നും എങ്ങിനെ സ്വതന്ത്രമാക്കുന്നുവെന്നും, വികസന-ക്ഷേമ സങ്കല്‍പ്പങ്ങളെ അതു എങ്ങിനെ അസാധ്യമാക്കിതീര്‍ക്കുന്നു എന്നും സായ്‌നാഥ്‌ ചൂണ്ടിക്കാണിക്കുന്നു. അപ്പൊഴും, എല്ലാ എന്‍.ജി.ഒ കളെയും അടച്ചാക്ഷേപിക്കാനൊന്നും സായ്‌നാഥ്‌ തയ്യാറാവുന്നില്ല എന്നതും ശ്രദ്ധേയമാണ്‌. ഉദ്ദേശശുദ്ധിയുള്ള സംഘടനകള്‍ എന്ന(വിരളമായ)സാധ്യതക്കും അദ്ദേഹം ഇടം കൊടുക്കുന്നുണ്ട്‌.

അവിശ്വസനീയമാംവണ്ണം തുഛമായ വരുമാനത്തില്‍ ജീവിതം പുലര്‍ത്തേണ്ടിവരുന്ന ചില മനുഷ്യാത്മാക്കളെ പ്രത്യേകം ഒരു അദ്ധ്യായത്തില്‍ സായ്‌നാഥ്‌ വരച്ചുകാണിക്കുന്നുണ്ട്‌. ഒരു കെട്ടുകഥ പോലെ നമുക്കു തോന്നിയേക്കവുന്ന യഥാര്‍ത്ഥ ജീവിതങ്ങള്‍. തിളങ്ങുന്ന ഇന്ത്യയുടെ മറുപുറം. സുസ്‌ഥിര വികസന അജണ്ടകളുടെ ക്രൂരമായ തിരുശേഷിപ്പുകള്‍.പത്തു പന്ത്രണ്ടു രൂപ ദിവസവരുമാനം കൊണ്ട്‌ നിത്യജീവിതം തികക്കുന്ന മനുഷ്യജീവിതങ്ങളുടെ വേറിട്ട കാഴ്‌ചകള്‍.

അലക്സാണ്ടര്‍ സോള്‍ഷെനിത്‌സിന്റെ കാന്‍സര്‍ എന്ന പുസ്തകത്തില്‍ ഒരു ഡോക്ടര്‍ മറ്റൊരു ഡോക്ടറോടു പറയുന്ന ആലോചനാമൃതമായ ഒരു വാക്യമുണ്ട്‌. "നമ്മള്‍ ഓരൊ അവയവങ്ങളെയും പല ഭാഗങ്ങളായി വിഭജിച്ചു ചികില്‍സിക്കാന്‍ പഠിച്ചിരിക്കുന്നു.പക്ഷെ ഓരോ അവയവങ്ങളും അവയില്‍ത്തന്നെ പൂര്‍ണ്ണവുമാണ്‌. അതു നമ്മള്‍ മറക്കുന്നു". താന്‍ കൂടി ഉള്‍പ്പെടുന്ന സമൂഹത്തിനെകുറിച്ച്‌ രാഷ്ട്രീയമായി ജാഗരൂകനായിരിക്കേണ്ട പത്രപ്രവര്‍ത്തകന്‍ ഈ ഒരു സമഗ്രതയെയാണു തന്റെ സൂക്ഷ്മദര്‍ശിനികളില്‍ നിന്ന് സൗകര്യപൂര്‍വ്വം തമസ്ക്കരിക്കുന്നത്‌.

സമര്‍ത്ഥമായി സ്പോണ്‍സര്‍ ചെയ്യപ്പെടുന്ന ഏറെക്കുറെ, എല്ലാ അന്വേഷണാത്മക-വികസനാത്മക റിപ്പോര്‍ട്ടിംഗുകളും ഈ അരാഷ്ട്രീയതയെത്തന്നെയാണു പ്രതിഫലിപ്പിക്കുന്നതും. മരങ്ങളുടെ ഭംഗി കണ്ടു കാടിനെ കാണാതിരിക്കുക. ഇനി അഥവാ കണ്ടെന്നുതന്നെയിരിക്കട്ടെ, അതിലുള്‍ചേര്‍ന്നിരിക്കുന്ന വിവിധങ്ങളായ ആവാസവ്യവസ്ഥകള്‍ കാണാതിരിക്കുക, പോരാ, കാണാത്തവയെ നിരാകരിക്കുക എന്നതുവരെ എത്തിനില്‍ക്കുന്നു നമ്മുടെ മാധ്യമപ്രത്യയശാസ്ത്രവും, മാധ്യമപ്രവര്‍ത്തകരുടെ ജീവിത തത്ത്വശാസ്ത്രവും.സായ്‌നാഥ്‌ എന്ന പത്രപ്രവര്‍ത്തകന്‍ വേറിട്ടുനില്‍ക്കുന്നതും ഈയൊരു വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ത്തന്നെയാണ്‌.

1 comment:

കൈയൊപ്പ്‌ said...

പി സായ്നാഥ് എന്ന പേര് ആദരവോടെയാണു ഉച്ഛരിക്കാനാവുന്നത്. കോര്‍പറേറ്റ് വികസനത്തിന്റെ ഹ്ര്ദയമില്ലാത്ത മുഖം ലളിതമായി, മണ്ണില്‍ നിന്ന് പറയാനും പ്രതിരോധിക്കാനും‍ ചങ്കൂറ്റമുള്ള ഒരാള്‍.

വയനാട്ടിലെ മേപ്പാടിയില്‍ മോഹന്‍ലാലിന്റെ സിനിമ കാണാന്‍ ആളില്ലാതെ തിയറ്റര്‍ കാലിയായി കിടക്കുന്നത് പറഞ്ഞ ശേഷം, അന്നാട്ടുകാരുടെ ദരിദ്രാവസ്ഥയിലേക്കും കാര്‍ഷിക പ്രതിസന്ധിയിലേക്കും ദയാരഹിതമായ വികസന നയത്തിലേക്കും വിരല്‍ ചൂണ്ടീയ അദ്ദേഹത്തിന്റെ എഴുത്തിന്റെ ലാളിത്യം ഓര്‍ക്കുന്നു.

പോസ്റ്റിന് നന്ദി!