കഴിഞ്ഞ മാസം നടന്ന പ്രവാസ മാമാങ്കം ഗംഭീരമായിരുന്നു. നാട്ടില്‍ നിന്നു ഇറക്കുമതി ചെയ്ത എഴുത്തുകാരെ കുറെ ദിവസം കൊണ്ടു നടന്നു കഷ്ടത്തിലായിപ്പോയി പാവം പ്രവാസി എഴുത്തുകാര്‍. വിട്ടുകളയാനും വയ്യ..എടുത്തു നടക്കാനും വയ്യ എന്ന മട്ടില്‍. ജോലിയില്‍ നിന്നു ഒന്നും രണ്ടും ദിവസം അവധിയെടുത്തും, അതിനു പറ്റാത്തവര്‍ ദിവസേന അബുദാബിയില്‍ പോയും വന്നും കേരളത്തിന്റെ സാംസ്ക്കാരിക നായകരെ ചുമന്നു. നായകരെക്കുറിച്ച് അകത്തും പുറത്തും കേട്ട കഥകള്‍ മഹാ വിചിത്രം. പുസ്തകത്തിലെ കവി ദിവ്യനും അയലത്തെ കവി കുരിശും എന്ന് ആരാണു പറഞ്ഞത്? ഇത്തരം നായകരെ ചുമന്ന് നാട്ടിലും പുറത്തും നാറിയ എതോ പാവാം മൂന്നമിട പ്രവാസിയാവാനേ തരമുള്ളു. തീര്‍ച്ച.
കൂട്ടത്തില്‍ അല്‍പമെങ്കിലും കാര്യങ്ങള്‍ സംസാരിച്ചത് സാറ ടീച്ചറും, ഈ.പി.യുമാണ്. അത്രയും സമാധാനം.സംഘാടകരുടെ ഉദ്ദേശ ശുദ്ധി നല്ലതുതന്നെ..പ്രവാസികള്‍ക്കു ഒരു സാംസ്കാരികാനുഭവം ഉണ്ടാക്കിക്കൊടുക്കാനാവണം അവരിത്രയും ബുദ്ധിമുട്ടിയത്.പക്ഷെ ഇല്ലാത്ത സമയവും ഇല്ലാത്ത ബസ്സുകൂലിയും കൊടുത്തു ഇതൊക്കെ കണ്ടു കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ചോദിക്കാതിരിക്കാനും വയ്യ.
ആര്‍ക്കുവേണ്ടിയാണു പ്രവാസാനുഭാവ അങ്ങയുടെ ഈ പ്രസവവേദനകള്‍?