Tuesday, February 27, 2007

പി.ഭാസ്കരന്‍

എന്നാണ്‌ ഭാസ്കരന്‍മാഷിന്റെ പാട്ടുകള്‍ അദ്ദേഹത്തിന്റേതാണ്‌ എന്നറിഞ്ഞ്‌ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് പറയാനാവില്ല. പാട്ടുകളെ ഇഷ്ടപ്പെട്ടുതുടങ്ങിയ കാലം മുതലേ അവയൊക്കെ എനിക്കു പ്രിയങ്കരമായിരുന്നു എന്ന് ഇന്നറിയാം.

മനുഷ്യായുസ്സിന്റെ പകുതിയിലേറെ കടന്ന എന്റെ തലമുറയുടെ പോയ ദിനങ്ങളുടെ നെടുവീര്‍പ്പുകളായിരുന്നു ആ പഴയ പാട്ടുകളിലധികവും. ഞങ്ങളുടെ കണ്ണീരും സ്വപ്നങ്ങളും..

എന്തൊരു കാലമായിരുന്നു അത്‌! എം.എസ്‌. ബാബുരാജ്‌,പി.ഭാസ്കരന്‍, വയലാര്‍, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, കെ.രാഘവന്‍, ഓ.എന്‍.വി, ..നല്ല നാളിനെ സ്വപ്നം കാണുമ്പോള്‍തന്നെ, ആ നല്ല നാളിലേക്ക്‌ മനുഷ്യനെ കൊണ്ടുപോവാന്‍ കഴിയാത്ത മധുരക്കിനാവിന്റെ മായവിമാനത്തിനെക്കുറിച്ചു നൊമ്പരവും, രോഷവും പാട്ടിലേക്കു സന്നിവേശിപ്പിച്ചവര്‍, അവയില്‍ താളവും, ഭാവവും, ലയവും, ആവോളം കരുണയും കരുതലോടെ ചാലിച്ച ഗാനശില്‍പ്പികള്‍, അതു നമ്മെ പാടിക്കേള്‍പ്പിച്ച സ്വര്‍ഗഗായികമാരും, ഗന്ധര്‍വ്വന്മാരും. അവസാനിച്ചാലും അവസാനിപ്പിച്ചാലും വലിയ തരക്കേടൊന്നുമുണ്ടാവാതിരുന്ന തുച്ഛ്മായ ഞങ്ങളുടെ ജീവിതത്തെ നിരുപമമായ അനുഭവമാക്കി മാറ്റിയ മാനത്തുകണ്ണികള്‍. ഏതായിരുന്നു ആ കാലം? ഏതായിരുന്നു ആ നാട്‌? ,ഈ ജന്മത്തില്‍ത്തന്നെയയിരുന്നുവോ അതൊക്കെ? തന്നിലെ തന്നെ തിരിച്ചറിയാന്‍ കഴിയാത്ത, നെരൂദയുടെ കഥാപാത്രത്തെപ്പോലെ ആരോ ഉള്ളിലിരുന്നു പറയുന്നു. ഇല്ല. അതു മറ്റാരൊ ആയിരുന്നു, എനിക്കു നിന്നെ അറിയില്ല.

ബുദ്ധിയുറക്കാത്ത കാലത്ത്‌ പ്രാര്‍ത്ഥിച്ചിരുന്ന ദൈവങ്ങളൊക്കെ വിപരീതബുദ്ധിയുടെ അനന്തരകാലത്ത്‌ കരയാനും, ചിരിക്കാനും അറിയാത്ത കളിമണ്‍ ദൈവങ്ങളായിത്തീര്‍ന്നിരുന്നു. കണ്ണുതുറക്കാത്തവരായിമാറിപ്പോയിരുന്നു. കണ്മുന്നിലെ നിലാവില്‍ക്കുളിച്ച കുന്തിപ്പുഴ, ഇതുവരെ കണ്ടിട്ടില്ലാത്ത പൊന്നാനിപ്പുഴയായിത്തീര്‍ന്നിരുന്നു. കന്നിനിലാവിന്റെ കളഭക്കിണ്ണം വീണ പൊന്നാനിപ്പുഴ. അപരിചിതനായ ഏതൊരു പാവം ശാന്തിക്കാരനിലും താന്നിയൂരമ്പലത്തിലെ ചിരപരിചിതനായ കഴകക്കാരനെ കണ്ടു. പാട്ടുകളിലൂടെ സ്ഥലവും കാലവും ഒക്കെ മാറ്റിപ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. പാട്ടുകള്‍ തീര്‍ത്ത സ്ഥല-കാല-സമയ വിഭ്രമങ്ങള്‍.

വയലാറിന്റെ പാട്ടുകളില്‍ പ്രസിദ്ധമായവ ഏറെയും തത്ത്വചിന്തയുടെ ലളിതമായ ആവിഷ്കാരങ്ങളായിരുന്നു.(ബാക്കിയുള്ളതില്‍ ചിലത്‌, സഹൃദയരായ ഹയര്‍സെക്കന്‍ഡറി ക്ലാസ്സ്‌ അദ്ധ്യാപകന്റെ ചുണ്ടിലെ കുസൃതി തുളുമ്പുന്ന ഈരടികളോ, മുതിര്‍ന്നവരുടെ രഹസ്യകാമനകളുടെ ശീലോ ശീലക്കേടുകളോ ഒക്കെ ആയിരുന്നു). പി.ഭാസ്കരന്റെ പാട്ടുകളാകട്ടെ തികച്ചും വൈയക്തികങ്ങളും. പതിവായി വരുന്ന പൗര്‍ണ്ണമികളുടെ സുഭഗത ഒരിടത്ത്‌; വിധിയുടെ ബലിക്കല്‍പ്പുരയില്‍ കാലം നടക്കുവെക്കുന്ന മനുഷ്യാത്മാക്കളെക്കുറിച്ചുള്ള മഹാസങ്കടങ്ങള്‍ മറ്റൊരിടത്ത്‌. ആരായിരുന്നു കേമന്‍? ചോദ്യം എളുപ്പമാണ്‌. ഉത്തരത്തിനാണ്‌ വിഷമം. ഏതു കുട്ടിയെയാണു ഏറെ പ്രിയം? മെയ്‌വഴക്കമുള്ള മലയാളി രണ്ടിനെയും ഒക്കത്തിരുത്തി. സ്നേഹിച്ചു.രണ്ടിനെയും "നടക്കുതള്ളി"യ പുതിയ തലമുറയാണ്‌, ആര്‍ത്തലക്കുന്ന ആഭാസമായ ഇന്നത്തെ എന്റെ കേരളം. മധ്യവയസ്ക്കന്റെ ഗൃഹാതുരത്വമായിരിക്കാം, പൊറുക്കുക.

കൂട്ടത്തില്‍ നിന്നു ബാബുരാജ്‌ ആദ്യം പോയി. പിന്നെ വയലാര്‍. ഏഴുസ്വരങ്ങളുടെ സാന്ദ്രലോകം വിട്ട്‌ അകാലത്തില്‍ രവീന്ദ്രനും. നിന്നിട്ടു വലിയ കാര്യമൊന്നുമില്ലെന്ന് ദുശ്ശാഠ്യം പിടിച്ചിരിക്കാം ദേവരാജന്‍ മാസ്റ്റര്‍. ഇപ്പോള്‍ ഇതാ ഭാസ്കരന്‍ മാഷും. എന്നിട്ടും ബാക്കിയാവുന്ന ജന്മത്തെ ശപിക്കുന്നുണ്ടാവുമോ ദക്ഷിണാമൂര്‍ത്തിസ്വാമിയും, കിടപ്പിലായ ആ പാവം രാഘവന്‍ മാഷും?ഓ.എന്‍.വിയും, യൂസഫലിയും, അര്‍ജ്ജുനനും, (ദക്ഷിണാമൂര്‍ത്തിയുടെ ഈണങ്ങള്‍കൊണ്ടുമാത്രം രക്ഷപ്പെട്ട) ശ്രീകുമാരന്‍ തമ്പിയും ഒക്കെയുണ്ട്‌ നമുക്കിടയില്‍.ഓര്‍മത്തെറ്റുപോലെ, "ഞാനിവിടെയുണ്ടെന്ന്" ഇടക്കിടക്കോര്‍മ്മിപ്പിച്ച്‌ ജോണ്‍സണുമുണ്ട്‌.

ഇരുകൈകള്‍കൊണ്ട്‌ ഒരേസമയം വടിവൊത്ത തുല്ല്യമായ ഗാന്ധിച്ചിത്രങ്ങള്‍ വരച്ചിരുന്ന കുറുമാപ്പള്ളിയെ വികലമായി ഓര്‍മിപ്പിക്കുംവിധം ഒരേസമയം ഉദാത്തവും അരോചകവുമായ പാട്ടുകള്‍ പടക്കുന്ന കൈതപ്രത്തില്‍ അധികം പ്രതീക്ഷയരുതെന്ന് കടവത്തു തോണിയടുക്കുമ്പോള്‍ ആസ്വാദനവിവേചനത്തിന്റെ കരയിലിരുന്ന് ആരോ പറയുന്നു.

ഏതായാലും കേരളാ മോഡലുകള്‍ ഒന്നൊന്നായ്‌ അവസാനിക്കുകയാണ്‌. പാട്ടിലും, നിത്യജീവിതത്തിലും.

അതേതായാലും തീര്‍ച്ചയായി.





രാജീവ്‌ ചേലനാട്ട്‌

2 comments:

NITHYAN said...

രാജീവാ, ഹൃദയസ്‌പര്‍ശിയായ വിവരണം. അഭിനന്ദന ശബ്ദങ്ങള്‍ക്ക്‌ പിശുക്കുണ്ടെങ്കിലും പറയട്ടെ ഭാസ്‌കരന്‍ മാസ്റ്ററെ പറ്റി ഇത്ര നല്ല ഒരു അനുസ്‌മരണം ഒരിടത്തും ഞാന്‍ വായിച്ചിട്ടില്ല. സര്‍ക്കാര്‍ വക നാലു വെടിയുടെ ഒച്ച നിലക്കുമ്പോഴേക്കും സ്‌മൃതിപഥത്തില്‍ നിന്നും മാഞ്ഞുപോയേക്കാവുന്നവരാണ്‌ നമ്മുടെ ഭൂരിഭാഗം സാംസ്‌കാരിക നായകരും സാഹിത്യകാരന്‍മാരും. മാഷ്‌ തീര്‍ച്ചയായും അതിനൊരപവാദമായി തുടര്‍ന്നും ജീവിക്കാതിരിക്കില്ല.

നിത്യന്‍

Rajeeve Chelanat said...

നല്ല വാക്കുകള്‍ക്ക്‌ നന്ദി നിത്യാ.കടപ്പടു അങ്ങക്കുള്ളതാണ്‌. ബ്ലോഗ്ഗിന്റെ ഹരിശ്രീ ക്ഷമയോടെ പഠിപ്പിച്ചതിന്‌.