ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"
സെകുവപാനി, ഗുംല(ബീഹാര്‍)- സെകുവപാനിപോലുള്ള ഗ്രാമങ്ങളില്‍ ചെന്നെത്തിപ്പെടാന്‍ വളരെ ബുദ്ധിമുട്ടാണ്. സൈനികാഭ്യാസത്തിനിടക്ക്, ഷെല്ലുകള്‍ വന്നു വീഴുന്നത് വിദൂരസ്ഥവും പരന്നു കിടക്കുന്നതുമായ ഈ ഗ്രാമങ്ങളിലായിരുന്നു. പ്രാദേശിക ഭാഷയുടെ വൈപുല്യം, ഗ്രാമവാസികളുമായിട്ടുള്ള അഭിമുഖത്തിന് പലപ്പോഴും തടസ്സമായി വര്‍ത്തിക്കുകയും ചെയ്യുന്നു. ഈ ഷെല്ലുകളില്‍നിന്ന് തങ്ങള്‍ അടര്‍ത്തിയെടുത്ത ലോഹക്കഷണങ്ങള്‍ കാണിച്ചുതരാന്‍ ഈ സാധു ഗ്രാമീണര്‍ ആദ്യം വിമുഖത കാണിച്ചു. ചിലര്‍ ഈ ലോഹക്കഷണങ്ങള്‍ തൊട്ടയല്‍പക്കത്തുള്ള ലോഹാര്‍ദഗയിലെ കൊല്ലന്മാര്‍ക്ക് തുച്ഛമായ വിലക്കു വില്‍ക്കുകയും ചെയ്യാറുണ്ട്. ഇത് പുറത്തറിഞ്ഞാല്‍ സൈന്യം അതുകൂടി തട്ടിയെടുത്തേക്കുമെന്നു ഭയന്നിട്ടാണ് തങ്ങളുടെ ഈ ഇടപാടിനെക്കുറിച്ച് പറയാന്‍ ആര്‍ മടി ആദ്യം മടിച്ചത്.
ഷെല്ലുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവ പൊട്ടി ചിലര്‍ മരിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്ന് അവിടെയുള്ള ഗ്രാമീണര്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവെയ്പ്പ് പരിശീലനത്തിന്റെ തന്ത്രപ്രധാന മേഖലയായിരുന്നു സെകുവപാനി. ഇത് പ്രവര്‍ത്തിക്കുന്നത്, പാലാമോയിലെ മഹുവദാനര്‍ ബ്ലൊക്കിലായിരുന്നു. ഈ ഫയറിംഗ് റേഞ്ച് ഒരു സ്ഥിരം കേന്ദ്രമാക്കാനുള്ള സൈന്യത്തിന്റെ നീക്കം, ഗുംലയിലെയും, പാലാമോയിലെയും നിരവധി ഗ്രാമങ്ങളെയാണ് ബാധിക്കുക. "ഏറ്റെടുക്കല്‍" "അറിയിപ്പ്" എന്നിങ്ങനെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളായിട്ടണ് ഇവയെ ഇപ്പോള്‍ തരം തിരിച്ചിരിക്കുന്നത്.
ആദ്യത്തെ വിഭാഗത്തില്‍പെടുന്ന ഗ്രാമങ്ങളെ ഉടനടി ഏറ്റെടുക്കും. രണ്ടാമത്തെ, അതായത്, "അറിയിപ്പ്" ഗണത്തിലുള്ള ഗ്രാമങ്ങളിലെ ആളുകളാകട്ടെ, ഓരോ തവണ പരീക്ഷണം നടക്കുമ്പോഴും ഗ്രാമങ്ങളില്‍ നിന്ന് മാറിത്താമസിക്കേണ്ടവരാണ്. റേഞ്ച് സ്ഥിരമാകുന്നതോടെ ഇടക്കിടക്ക് മാറേണ്ടിവരും എന്നര്‍ത്ഥം. ബ്ലോക്ക് തലസ്ഥാനവും ഈ ഗണത്തില്‍പ്പെടും. പ്രാദേശിക തലത്തിലുള്ള ഉദ്യോഗസ്ഥരും, വെടിവെയ്പ്പ് നടക്കുമ്പോള്‍ സ്ഥലം ഒഴിയേണ്ടിവരുമെന്നണ് ഇതിന്റെ വിവക്ഷ. പക്ഷേ, പാസ്കല്‍ മിഞ്ചും ചില ഉദ്യോഗസ്ഥരും സൂചിപ്പിച്ച പോലെ, ഇപ്പറഞ്ഞതൊക്കെ കാര്യങ്ങളുടെ ഒരു ഏകദേശ അവസ്ഥ മാത്രമാണ്. മൊത്തം, 120 ഗ്രാമങ്ങളാണ് അവസാനവട്ട കണക്കുകളില്‍ പദ്ധതിബാധിത പ്രദേശങ്ങളാകാന്‍ പോകുന്നത്.
ഇതിന്റെ പ്രത്യാഘാതം ഇപ്പോള്‍ത്തന്നെ ഭീകരമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു."വിവാഹം പോലുള്ള അവസരങ്ങളില്‍ നിവൃത്തികേടുകൊണ്ട് കുടുംബങ്ങള്‍ക്ക് തങ്ങളുടെ ചെറിയ തുണ്ടുഭൂമികള്‍ വില്‍ക്കേണ്ടിവരാറുണ്ട്..ഭൂമിയുടെ വില കുത്തനെ ഇടിയുന്നതുകൊണ്ട് ഇപ്പോള്‍ സ്ഥലത്തിനും ആളില്ലാതെയായി". ചോര്‍മുണ്ടയില്‍ വെച്ച് ചിലര്‍ പറഞ്ഞു. ചില കല്ല്യാണങ്ങള്‍ ഇതുമൂലം മുടങ്ങുകപോലും ചെയ്തിരുന്നു. "ഞങ്ങളിനി എവിടേക്കാണ് പോവേണ്ടതെന്ന് ആര്‍ക്കെങ്കിലുമൊന്ന് പറഞ്ഞു തരാന്‍ കഴിയുമോ?" മുണ്ട ഗോത്രത്തിലെ എലിസബത് അയിണ്ട ചോദിച്ചു. ബോംബുകള്‍ വീഴുന്ന സെകുവപാനിപോലുള്ള ഗ്രാമങ്ങളില്‍, കൃഷിനാശത്തിനും മറ്റും ആര്‍ക്കും ഒരു നഷ്ടപരിഹാരവും കിട്ടാറില്ലെന്ന്, ലഖന്‍ദേവ് റാം അസുര്‍ പറഞ്ഞു. ഏക്കറൊന്നിന് 7000 രൂപ നഷ്ടം വരെ ചിലപ്പോള്‍ സംഭവിക്കാറുണ്ടത്രെ.
ഇവിടുത്തെ ചില ഗ്രാമങ്ങളില്‍ ജവാന്‍മാരും താമസക്കുന്നുണ്ട്. പരസ്പരം ഏറ്റുമുട്ടുന്ന താത്‌പര്യങ്ങളില്‍പ്പെട്ട് ഉഴലുകയാണിവര്‍.രണ്ടേരണ്ട് സംഗതികള്‍ മാത്രം എല്ലാ ഗ്രാമത്തിലും പൊതുവായി നിലനില്‍ക്കുന്നു. ഒന്ന്,ഇതിനെ പ്രതിരോധിക്കാനുള്ള ഗ്രാമവാസികളുടെ നിശ്ചയദാര്‍ഢ്യം. രണ്ട്, ഒരു ഗ്രാമമെങ്കിലും സന്ദര്‍ശിച്ച്, ആളുകളെ വിശ്വാസത്തിലെടുക്കുന്നതില്‍ അധികാരികള്‍ കാണിക്കുന്ന ഉദാസീനത.
"ഒരു ഉദ്യോഗസ്ഥനും ഇതുവരെ ഞങ്ങളെ സന്ദര്‍ശിച്ചിട്ടില്ല. സ്ഥലങ്ങള്‍ അവര്‍ അടയാളപ്പെടുത്തി പോയിട്ടുണ്ടെങ്കിലും, ഞങ്ങള്‍ക്ക് ഒരു കടലാസ്സും കിട്ടിയിട്ടില്ല. എന്നാലും ഞങ്ങള്‍ക്കറിയാം, അവര്‍ ഞങ്ങളെ കയ്യൊഴിയാന്‍ പോവുകയാണെന്ന്. പക്ഷേ, ഞങ്ങളുടെ ഭൂമി സംരക്ഷിക്കാന്‍ അവസാന ശ്വാസംവരെ ഞങ്ങള്‍ പോരാടും" പക്രിഫത്തിലെ മുഖ്യന്‍ മാനുവല്‍ മിഞ്ച പറഞ്ഞു. ഹോര്‍മുണ്ടയിലെ തെത്രു മുണ്ടയും മറ്റുള്ളവരും പറഞ്ഞത് "ജീവന്‍ കൊടുക്കേണ്ടിവന്നാലും, ഞങ്ങളുടെ ഭൂമി ഒരു ഇഞ്ചുപോലും വിട്ടുകൊടുക്കില്ല" എന്നാണ്.
എന്തുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ പാര്‍ലമന്റ് മെമ്പറോട് സംസാരിക്കുന്നില്ല? അറഹാന്‍സിലെ ബിര്‍ജിയ ഗോത്രക്കാരോട് ഞാന്‍ ചോദിച്ചു. 'അയാള്‍ എവിടെയാണ് താമസിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല' ലഖന്‍ ബിര്‍ജിയ പാറഞ്ഞു. ഇവിടെനിന്നുള്ള പാര്‍ലമന്റ്, നിയമസഭാ സാമാജികരെ-ഇരുവരും ബി.ജെ.പി. അംഗങ്ങളാണ്-കണ്ടിട്ട് കാലങ്ങളായി എന്നും അവര്‍ പറഞ്ഞു.ഫയറിംഗ് റേഞ്ച് എന്ന ആശയത്തിന് ബി.ജെ.പി അനുകൂലവുമായിരുന്നു.
ഗുംലയില്‍ സൈനിക കന്റോന്‍മന്റ് ഉണ്ടാവില്ലെന്ന് സൈന്യം പറയുന്നു. പക്ഷേ, ഫയറിംഗ് റേഞ്ചിനെക്കുറിച്ച് അവര്‍ നിശ്ശബ്ദരായിരുന്നു. പാലാമോയിലെ വിദ്യാര്‍ത്ഥി സംഘടനക്ക്, രാജേഷ് പൈലറ്റിന്റെ (അന്നത്തെ ആഭ്യന്തരകാര്യ കേന്ദ്ര സഹമന്ത്രി) ഒരു കത്ത് കിട്ടിയിരുന്നു. അതില്‍ അദ്ദേഹം പറഞ്ഞത്, കാര്യങ്ങള്‍ പഠിക്കുകയാണെന്നാണ്. കേന്ദ്രസംസ്ഥാന മന്ത്രി സുമതി ഒറാവോണിന്റെ കത്തിനുള്ള മറുപടിയായി അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു എഴുതിയത് കത്ത് കൈപ്പറ്റി എന്നു മാത്രമായിരുന്നു. ഒന്നും നിഷേധിച്ചിരുന്നില്ല അതിലും. ഈ രണ്ടു മറുപടികളും വന്നത്, സൈന്യത്തിന്റെ 'നിഷേധക്കുറിപ്പ്" വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടായിരുന്നു.
ഈ പദ്ധതി നടപ്പിലായാല്‍, നേതാര്‍ഹട്ടിലെ പ്രധാന ജലസ്രോതസ്സ് സൈന്യം ഏറ്റെടുക്കും. ബെത്‌ലയിലെയും നേതാര്‍ഹട്ടിലെയും അഭിവൃദ്ധി പ്രാപിക്കുന്ന വിനോദസഞ്ചാര വ്യവസായവും ഏറെത്താമസിക്കാതെ അവസാനിക്കും. കോടിക്കണക്കിനു വില വരുന്ന ഹോട്ടല്‍ സംരംഭങ്ങളും, ഫോറസ്റ്റ് ബംഗ്ലാവുകളും, ബ്രിട്ടീഷ് വാസ്തുശില്‍പ്പത്തിന്റെ ഉത്തമോദാഹരണങ്ങളായി ഇപ്പോഴും നിലനില്‍ക്കുന്ന നിര്‍മ്മിതികളും എല്ലാം നാശോന്മുഖമാകും. മഹുവദാനറിന്റെ പ്രധാന പ്രവേശന പാതയും ഇല്ലാതാകുന്ന നാള്‍ പിന്നെ വിദൂരമല്ല. റാഞ്ചിയിലേക്കുള്ള ദൂരം 180-ല്‍ നിന്നും 250-ഉം, ബനാരിയിലേക്കുള്ള ദൂരം 80-ല്‍ നിന്നും 280-ഉം ആയി വര്‍ദ്ധിക്കുകയും ചെയ്യും. നിരവധി ജലസേചന സംവിധാനങ്ങളും തകരാറിലാകും. സൈന്യത്തിന്റെ പദ്ധതി അറുപതോ അതില്‍ക്കൂടുതലോ കിലോമീറ്റര്‍ ഉള്‍പ്പെടുന്നതാണ്. ഇതൊന്നും ഒരിക്കലും പഴയപടിയാക്കാന്‍ ആവാത്ത പ്രക്രിയയുമാണ്. ഇത്തവണ, പഴയപോലെ ഒരു താത്ക്കാലിക സംവിധാനമെന്ന നിലയ്ക്കല്ല, ഒരു സ്ഥിരം സംവിധാനമായിട്ടാണ് ഫയറിംഗ് റേഞ്ച് വരാന്‍ പോകുന്നത്.
പന്ത്രണ്ട് സ്കൂളുകളാണ് നശിക്കാന്‍ പോകുന്നത്. കൂടാതെ, റവന്യു ബംഗ്ലാവുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, എല്ലാം. പക്ഷേ നേതാര്‍ഹട്ടിലെ പബ്ലിക് സ്കൂളിനെ സൈന്യം ഒഴിവാക്കിയിട്ടുണ്ട്."ജവാന്മാരുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള സ്കൂളാണത്" റിട്ടയര്‍ ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു."അതുകൊണ്ടാണ് അതിനെ ഒഴിവാക്കിയത്". ഏതായാലും, ഹില്‍ സ്റ്റേഷനുകള്‍ കയ്യടക്കുന്നതില്‍ സൈന്യം പ്രത്യേക വിരുത് കാണിക്കുന്നുണ്ട്".
നാശത്തിലേക്ക് നീങ്ങുന്ന പ്രദേശങ്ങളില്‍, ലോകത്തിലേക്കും വെച്ച് സമൃദ്ധമായ സാലവനങ്ങളും ഉള്‍പ്പെടുന്നു. സമീപത്തുതന്നെയുള്ള ബെറ്റ്‌ല ദേശീയോദ്യാനം, പ്രൊജക്റ്റ് ടൈഗര്‍ റിസര്‍വ്, ഇവക്കു ചുറ്റുമുള്ള കാടുകള്‍ എന്നിവയില്‍, 85,000-ല്‍ അധികം വന്യജീവികളുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 57 പുലികള്‍, 60 കടുവകള്‍, 300 കാട്ടുപോത്ത്, 115 കാട്ടാനകള്‍, ഇതൊക്കെ ഉള്‍പ്പെടുന്നു. എന്തൊക്കെത്തന്നെയായാലും പ്രൊജക്റ്റ് ടൈഗര്‍ റിസര്‍വ്വ് നശിക്കുമെന്ന് ഇതിനകം തീര്‍ച്ചയായിരിക്കുന്നു.
ജന സംഘര്‍ഷ സമിതിയിലെ ഒരു പ്രവര്‍ത്തകന്‍ പറഞ്ഞത്, ഇവിടെ സമീപഭാവിയില്‍ കുറേക്കൂടി വലിയ ഒരു സൈനിക ആസ്ഥാനം വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നായിരുന്നു. "ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സൈനിക ആസ്ഥാനം". ഈ വാര്‍ത്ത സ്ഥിരീകരിക്കപ്പ്പെട്ടിട്ടില്ലെങ്കിലും, മഹുവദാനറിലെ റോമന്‍ കത്തോലിക്ക മിഷനിലെ ആളുകള്‍ സൂചിപ്പിക്കുകയുണ്ടായി, പ്രതിദിനം 100,000 കോഴിമുട്ടകള്‍ ഉത്‌പാദിപ്പിക്കുന്ന ഒരു കോഴിവളര്‍ത്തല്‍ കേന്ദ്രം ഇവിടെ ആരംഭിക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്.
ഇതിനെതിരായ സമ്മര്‍ദ്ദങ്ങളും നിരവധി തലങ്ങളില്‍ നടക്കുന്നുണ്ട്. പ്രൊജക്റ്റ് ടൈഗറിനെ സംബന്ധിക്കുന്ന എന്തും ആഗോള ശ്രദ്ധ ആകര്‍ഷിക്കാനിടയുള്ളതാണ്.ബീഹാര്‍ സര്‍ക്കാരിലെതന്നെ ഒരു വിഭാഗം ഇതിനെതിരായിരുന്നു.പാറ്റ്‌നയിലെ ഒരു ഉദ്യോഗസ്ഥന്‍ ടെലിഫോണില്‍ ചോദിച്ചു. "നാവികസേനക്ക് പരിശീലനം നടത്താനായി ഓരോ തവണയും മുംബൈയിലെ മലബാര്‍ ഹില്ലിലെ ആളുകള്‍ക്കാണ് ഇങ്ങിനെ ഒഴിഞ്ഞുപോവേണ്ടിവരുന്നതെങ്കിലോ? അതും, ദിവസത്തില്‍ ഒന്നര രൂപ പ്രതിഫലവും വാങ്ങി? ഇവിടെ ഇത് സംഭവിക്കുന്നത്, ഇവര്‍ ആദിവാസികളായതുകൊണ്ടു മാത്രമാണ്. ഇതൊരു പിന്നോക്ക പ്രദേശമായതിനാല്‍". പ്രാദേശീക ഭരണാധികാരികളും ഫയറിംഗ് റേഞ്ചിനു അനുകൂലമായിരുന്നില്ല. ചിലര്‍ ഭൂമി ഏറ്റെടുക്കലിനെതിരെ കേസ്സുകള്‍ ഫയല്‍ ചെയ്തിരുന്നു. ചില ഉദ്യോഗസ്ഥര്‍ ഇതില്‍ മൗനം പാലിക്കുന്നുണ്ടെങ്കിലും, എനിക്കിത് തെളിയിക്കാനാകും.
ഡാല്‍ടന്‍ഗഞ്ചിലെയും, ഗുംലയിലെയും പ്രതിഷേധ പ്രകടനങ്ങള്‍ ഉശിരുള്ളതായിരുന്നു.ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്ന ആളുകളുടെ ഐക്യദാര്‍ഢ്യം, എല്ലാ എതിര്‍പ്പുകളെയും നേരിടാന്‍ തക്കവണ്ണം ശക്തമായിരുന്നു. അവരുടെ പ്രധാന ശക്തിയായിരുന്ന ആ ഐക്യത്തിന്റെ പിന്നിലുള്ള യുക്തി വളരെ ലളിതമാണ്. അറഹാന്‍സിലെ ഫൂല്‍മണി ദേവി ബിര്‍ജിയ അത് അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: " ഇതിലും ഭേദം ഞങ്ങളെ കൊല്ലുന്നതാണ്. ഭൂമിയില്ലെങ്കില്‍പിന്നെ ഞങ്ങള്‍ മരിച്ചതിനു തുല്യമല്ലേ? അവര്‍ കുറച്ച് പൈസ തന്നേക്കാം. പക്ഷേ ഞങ്ങളുടെ ഭൂമി ആരു തരും" പാസ്കല്‍ മിഞ്ച് പറയുന്നു. ഈ ആദിവാസികള്‍ കാടുമായി വളരെ ബന്ധപ്പെട്ടവരായതുകൊണ്ട് സമതലങ്ങളില്‍ അവര്‍ തീരെ നിസ്സഹായരാണ്., ഇപ്പോള്‍തന്നെ, ഇതില്‍ ചില ഗോത്രങ്ങള്‍ മണ്‍മറഞ്ഞുതുടങ്ങിയിരിക്കുന്നു. പൈലറ്റ് നേതാര്‍ഹട്ട് ഫയറിംഗ് റേഞ്ച് വന്നാല്‍ ഇത് ഇനിയും കൂടുകയേ ഉള്ളു". ഒരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചതുപോലെ, 'പൈലറ്റ്' എന്ന വാക്കു തന്നെ, 'ഇനിയും കൂടുതല്‍ പിന്നാലെ വരാന്‍ പോവുന്നു' എന്നതിന്റെ വ്യക്തമായ സൂചനയാണ്.
ഏറ്റവും രസകരമായ സംഗതി,ഇനി ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവരുകയാണെങ്കില്‍, അതിനുള്ള കാരണവും, 'പരിസ്ഥിതി പ്രശ്നം' ആയിരിക്കുമെന്നതാണ്. പരിസ്ഥിതിയും, സൈന്യത്തിന്റെ സാമ്പത്തിക ഞെരുക്കവും. സൈന്യത്തിന്റെ കയ്യില്‍ 80 കോടി രൂപ മാത്രമേ ഇതിനുവേണ്ടിയുള്ളു. അവരുടെ പദ്ധതി നടക്കണമെങ്കില്‍, ഇതിന്റെ ഇരട്ടി ആവശ്യവുമാണ്. കാരണം, നിയമം അനുശാസിക്കുന്നത്, നശിപ്പിക്കപ്പെടുന്ന വനത്തിന്റെ ഇരട്ടി അളവില്‍ നിര്‍ബന്ധമായും, മറ്റെവിടെയെങ്കിലും വനം നട്ടുപിടിപ്പിക്കണമെന്നാണ്. ഇതിനുള്ള സാമ്പത്തിക സ്ഥിതിയാകട്ടെ സൈന്യത്തിനില്ല.
മറ്റൊരു ഉദ്യോഗസ്ഥന്‍ അല്‍പം പരിഹാസത്തോടെ പറഞ്ഞു "ആപത്ത് നേരിടുമ്പോള്‍ വൃക്ഷങ്ങള്‍ക്കും, മൃഗങ്ങള്‍ക്കുമാണ്, ആദിവാസികളെക്കാളുമധികം ആഗോള ശ്രദ്ധ കിട്ടുക".
കിസ്സാന്‍ ഗോത്രത്തിലെ ഒരു മുതിര്‍ന്ന കാരണവരായ കുന്ത്ര കിസ്സാന്‍ പറഞ്ഞു. " ഇനി ഈ ഫയറിംഗ് റേഞ്ച് വേണ്ടെന്നുതന്നെ വെച്ചാലും, ആദിവാസികള്‍ക്ക് സ്വന്തം ഭൂമിയില്‍ എന്തൊക്കെയാണ് അനുഭവിക്കേണ്ടിവരുന്നതെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കണം. ഞങ്ങളുടെ കഥ അവര്‍ അറിയണം".
പിന്‍കുറിപ്പ്
ടൈംസ് ഓഫ് ഇന്ത്യയുടെ വിവിധ എഡിഷനുകളില്‍ വന്ന ഈ കഥ ഒരു നല്ല ഫലം ചെയ്തു. ബീഹാര്‍ സര്‍ക്കാരിലെ ഒരു വിഭാഗം ആദ്യം മുതലേ ഇതിനെതിരായിരുന്നു. ഇപ്പോള്‍ അവര്‍ ഒന്നടങ്കം ഇതിനെതിരെ അണിനിരന്നുകഴിഞ്ഞു.
ഈ വാര്‍ത്തയെ നിഷേധിക്കാന്‍, 1993 ഡിസംബര്‍ 9-ന് സൈന്യത്തിലെ തലവന്മാര്‍ റാഞ്ചിയില്‍ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി. എനിക്കും അതിനുള്ള ക്ഷണം കിട്ടി. ക്ഷണപത്രിക അയച്ച തിയ്യതി ഡിസംബര്‍ 18 ആയിരുന്നു എന്നു മാത്രം. ടൈംസ് ഓഫ് ഇന്ത്യയുടെ "തീര്‍ത്തും, അടിസ്ഥാനരഹിതവും, വ്യാജവും, ദുരുദ്ദേശപ്രേരിതവുമായ' വാര്‍ത്തക്കെതിരായി അവര്‍ ആഞ്ഞടിച്ചു. "ആ പ്രദേശത്തെ ചില സ്വാര്‍ത്ഥതാത്‌പര്യക്കാരുടെ കുത്സിതവേലയായി' അവര്‍ ഇതിനെ ചിത്രീകരിക്കുകയും ചെയ്തു. 'യഥാര്‍ത്ഥ വസ്തുതകള്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും' അവര്‍ അവകാശപ്പെട്ടു. പക്ഷേ, ഉദ്യോഗസ്ഥന്മാരുടെ പതിവു ശൈലിയില്‍ ഇവിടെയും, പത്രക്കുറിപ്പ് തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ തീയ്യതി തെറ്റിച്ചായിരുന്നു എഴുതിയിരുന്നത്.
സൈന്യത്തിന്റെ ക്ഷണപ്രകാരം പത്രപ്രവര്‍ത്തകര്‍ പത്രസമ്മേളനത്തിനെത്തി. ഏതുവിധത്തിലാണ് പദ്ധതി 'പ്രദേശത്തെ നിവാസികള്‍ക്ക് ഗുണകരമായി ഭവിക്കുക' എന്നതിനെക്കുറിച്ച് അവര്‍ക്ക് അറിയാനും സാധിച്ചു. ഈ പത്രസമ്മേളനംകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. സദുദ്ദേശപരമായ ഒരു പത്രസമ്മേളനമായിരുന്നെങ്കില്‍, ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോര്‍ട്ടറെ ക്ഷണിക്കുകയും, ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതുണ്ടായില്ല. എങ്കില്‍ അവരുടെ 'നിഷേധക്കുറിപ്പുകള്‍" അര്‍ത്ഥശൂന്യമാവുമായിരുന്നു. കാരണം, 'നേതാര്‍ഹട്ടിലെ ഫയറിംഗ് റേഞ്ചിനുവേണ്ട ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍', പ്രാദേശിക ഭരണാധികാരികളെ നിര്‍ബന്ധിച്ചുകൊണ്ട് സൈന്യം എഴുതിയ കത്തിന്റെ പകര്‍പ്പ് ഇപ്പോഴും എന്റെ കൈവശംതന്നെയുണ്ട്. ഏറ്റെടുക്കല്‍ നടപ്പിലാക്കാന്‍ ആവശ്യമായ വിശദാംശങ്ങള്‍ക്കുവേണ്ടി തങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും പാലാമോ ജില്ലയിലെ പ്രാദേശിക ഉദ്യോഗസ്ഥര്‍ ഉദാസീനത കാണിക്കുന്നുവെന്നും സൈനികോദ്യോഗസ്ഥര്‍ ആ കത്തില്‍ സൂചിപ്പിച്ചിരുന്നു. മാത്രവുമല്ല, പാറ്റ്‌നയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനോട് ജില്ലാ ഭരണാധികാരികളെ വരുതിയില്‍ കൊണ്ടുവരാനും ആ കത്തിലൂടെ സൈനികോദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.
സൈന്യം, പിന്നീട്, പാറ്റ്‌നയില്‍ നിന്നുള്ള ഒരു പത്രപ്രവര്‍ത്തകസംഘത്തെ നേതാര്‍ഹട്ടിലേക്ക് കൊണ്ടുപോയി. പദ്ധതി ബാധിക്കാന്‍ പോകുന്ന ആളുകളെ ഇതുവരെ ഒരിക്കലും ഒന്നു സന്ദര്‍ശിക്കുകപോലും ചെയ്തിട്ടില്ലായിരുന്ന ഒന്നോ രണ്ടോ പത്രറിപ്പോര്‍ട്ടര്‍മാര്‍ സൈന്യത്തിന്റെ ചുവടുപിടിച്ച്, അവരുടെ പത്രങ്ങളില്‍ ചില ഖണ്ഡികകള്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. ഈ ഫയറിംഗ് റേഞ്ചിന്റെ പ്രാധാന്യത്തെക്കുറിച്ചും, സൈന്യം ചെയ്യുന്ന ഒരു മഹത്തായ കാര്യമാണ് അതെന്നും ഒക്കെയായിരുന്നു അവയുടെ കാതല്‍. പക്ഷേ ആ വാര്‍ത്തകള്‍ക്ക് അല്‍പംപോലും പൊതുസമ്മതി കിട്ടിയില്ല. സൈന്യം അവകാശപ്പെട്ടതുപോലെ, 'ഗുണകരമായ' വിധത്തിലല്ല തങ്ങളെ അത് ബാധിക്കുക എന്ന് പ്രദേശത്തെ നിവാസികള്‍ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. റാഞ്ചിയിലും, പിന്നീട് ഡല്‍ഹിയിലും, ഗിരിവര്‍ഗ്ഗക്കാര്‍, ഫയറിംഗ് റേഞ്ചിനെതിരെ ഗംഭീര റാലികള്‍ നടത്തി. എല്ലാ എതിര്‍പ്പുകളേയും ധീരമായി നേരിട്ട് വിവിധ ഗോത്രങ്ങളില്‍ നിന്നുള്ള സമരക്കാര്‍ പ്രതിഷേധത്തില്‍ ഉടനീളം ഐക്യം നിലനിര്‍ത്തുകയും ചെയ്തു.
പ്രാദേശികമായ പ്രതിരോധത്തിന് ഗതിവേഗം കൂടുന്തോറും, ബീഹാറിലെ അധികാരികള്‍ക്ക്, ഈ മട്ടിലുള്ള വ്യാപകമായ ഒരു കുടിയൊഴിക്കലിന്റെ അര്‍ത്ഥശൂന്യത കൂടുതല്‍ക്കൂടുതല്‍ ബോധ്യപ്പെട്ടു. ദരിദ്രര്‍ക്കും, അധസ്ഥിതര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു സര്‍ക്കാരാവുമ്പോള്‍, ഇത് തികച്ചും സ്വാഭാവികമാണ്. സ്ഥിരമായ ഫയറിംഗ് റേഞ്ചിനുള്ള പദ്ധതി അങ്ങിനെ തത്‌ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുന്നു. ഏറ്റവും ഒടുവില്‍ അന്വേഷിച്ചപ്പോഴും അതങ്ങിനെത്തന്നെയിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. പഴയതുപോലെ ഇടക്കിടക്കുള്ള വെടിവെയ്പ്പ് പരിശീലനം പുനരാരംഭിക്കാനുള്ള സൈന്യത്തിന്റെ നീക്കം മാത്രമാണ് ഈ സമാധാന അന്തരീക്ഷത്തെ അല്‍പമെങ്കിലും കലുഷിതമാക്കുന്നത്.
Subscribe to:
Post Comments (Atom)
4 comments:
സെകുവപാനിപോലുള്ള ഗ്രാമങ്ങളില്‍ ചെന്നെത്തിപ്പെടാന്‍ വളരെ ബുദ്ധിമുട്ടാണ്. സൈനികാഭ്യാസത്തിനിടക്ക്, ഷെല്ലുകള്‍ വന്നു വീഴുന്നത് വിദൂരസ്ഥവും പരന്നു കിടക്കുന്നതുമായ ഈ ഗ്രാമങ്ങളിലായിരുന്നു. പ്രാദേശിക ഭാഷയുടെ വൈപുല്യം, ഗ്രാമവാസികളുമായിട്ടുള്ള അഭിമുഖത്തിന് പലപ്പോഴും തടസ്സമായി വര്‍ത്തിക്കുകയും ചെയ്യുന്നു.
വായിച്ചു..തുടരുക..
പാറ്റ്‌നയിലെ ഒരു ഉദ്യോഗസ്ഥന്‍ ടെലിഫോണില്‍ ചോദിച്ചു. "നാവികസേനക്ക് പരിശീലനം നടത്താനായി ഓരോ തവണയും മുംബൈയിലെ മലബാര്‍ ഹില്ലിലെ ആളുകള്‍ക്കാണ് ഇങ്ങിനെ ഒഴിഞ്ഞുപോവേണ്ടിവരുന്നതെങ്കിലോ? അതും, ദിവസത്തില്‍ ഒന്നര രൂപ പ്രതിഫലവും വാങ്ങി? ഇവിടെ ഇത് സംഭവിക്കുന്നത്, ഇവര്‍ ആദിവാസികളായതുകൊണ്ടു മാത്രമാണ്. ഇതൊരു പിന്നോക്ക പ്രദേശമായതിനാല്‍....
തുടരുക..
നല്ല പ്രവൃത്തി.................
Post a Comment