ദിവസം തുടങ്ങിയിട്ടേയുള്ളു. എന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നു. നേരിയ തലചുറ്റലും. രാവിലെ ക്യാമ്പില്‍നിന്നും പുറപ്പെടുമ്പോള്‍തന്നെ ക്ഷീണം തോന്നിയിരുന്നു.
വൃത്തിയുള്ള നഗരം. അതിന്റെ തിളങ്ങുന്ന തെരുവുകള്‍. വൃത്തിയുള്ള നടപ്പാതകള്‍ അതാണ് ലക്ഷ്യം. വൃത്തിയാക്കിക്കൊണ്ടേയിരിക്കുക. എന്നാണ് ഈ പണിയൊന്ന് അവസാനിക്കുക? ഈ ഭൂമിയിലെ എല്ലാ നഗരങ്ങളിലും ഇതുപോലെ കുറേ ആളുകള്‍ തെരുവും, വഴിയോരങ്ങളും ഇപ്പോള്‍ വൃത്തിയാക്കുന്നുണ്ടാവുമോ? മുഷിഞ്ഞ അടിവസ്ത്രപോലെയാണ് നഗരത്തിലെ എല്ലാ പ്രഭാതങ്ങളും. എല്ലാ നഗരങ്ങളും അവിടങ്ങളിലെ പ്രഭാതങ്ങളും ഇങ്ങനെതന്നെ ആയിരിക്കുമോ?
മുനിസിപ്പാലിറ്റിയുടെ വണ്ടി അതിരാവിലെ ക്യാംപിന്റെ മുന്നിലെത്തി വെങ്കിടേശസുപ്രഭാതം തുടങ്ങും. "മക്കളേ, ആ നായിന്റെ മക്കള്‍ ഇന്നലെയും നാടു നാശാക്കി. വന്ന് വൃത്തിയാക്ക്, വെറുതെ കളയാന്‍ നമുക്ക് സമയമില്ല".
ഇന്നലെ രാത്രി വീട്ടുകാരിക്ക് കത്തെഴുതാന്‍ ഇരുന്നതുകൊണ്ട് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി. എന്തെഴുതണമെന്ന് നിശ്ചയമില്ലാതെ കുറേ സമയം ഇരുന്നു. പണ്ടൊക്കെ ആളുകള്‍ വെറുതെയങ്ങു തുടങ്ങും. ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ. അവിടെയും അങ്ങിനെതന്നെ എന്ന് കരുതുന്നു. ഇപ്പോള്‍ ആരും അങ്ങിനെയുള്ള നുണകള്‍ കത്തില്‍ തിരുകിക്കയറ്റാറില്ല. എന്തിനു വെറുതെ നുണകള്‍ എഴുതിപ്പിടിപ്പിക്കണം? കേള്‍ക്കണം?
കൊല്ലങ്ങളായി ഈ നാട് വൃത്തിയാക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ടോ? ഓരോ തുണ്ടുകടലാസ്സുകളും, ഒഴിഞ്ഞ കുപ്പികളും, ആരോ കളഞ്ഞ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളുമൊക്കെ, മെല്ലെ മെല്ലെ കയ്യിലെ കമ്പി കൊണ്ട് പെറുക്കിയെടുത്ത് കുട്ടയിലിട്ടു. ഒരു ചായ കുടിക്കണം. വൈകിയുണര്‍ന്നതുകൊണ്ട് എല്ലാ പദ്ധതികളും തെറ്റി. മെസ്സിലെ ചായ കുടിക്കാന്‍ പറ്റിയില്ല. അടുത്ത് ഒരു കാഫെറ്റേറിയ ഉണ്ടായിരുന്നത് തുറന്നിട്ടില്ല. വഴിയരുകിലെ മരത്തിന്റെ മറവിലേക്ക് അല്‍പം മാറി നിന്നു. സൂപ്പര്‍വൈസര്‍മാര്‍ ഇടക്കിടക്ക് ഇതുവഴി പോകും. പിന്നെ ചോദ്യം, സമാധാനം ബോധിപ്പിക്കല്‍. വീട്ടിലുള്ളവള്‍ക്ക് കത്തെഴുതാനിരുന്നതുകൊണ്ട് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയെന്നും, അതുകൊണ്ട് ചായ കുടിക്കാന്‍ സമയം കിട്ടിയില്ലെന്നും, അതുകൊണ്ട് തല ചുറ്റുന്നുവെന്നും, അതുകൊണ്ട് അല്‍പം മാറിനിന്നതാണെന്നതുമൊക്കെ ബോധിപ്പിക്കാന്‍ പറ്റിയ കാരണങ്ങളല്ല. അവയൊക്കെ ഒരു മുനിസിപ്പാലിറ്റി ക്ലീനറുടെ ജീവിതവുമായി തീരെ ബന്ധമില്ലാത്ത കാര്യങ്ങളാണ്. രണ്ടുവര്‍ഷത്തില്‍ ഒരിക്കലും അതൊന്നും ഉണ്ടായിക്കൂടാ.
കാഫെറ്റേറിയ തുറക്കട്ടെ. അതുവരെ റോഡ് വൃത്തിയാക്കാം. ഈ ഭാഗമായിരിക്കണം ഇന്ന് നഗരത്തിലെ ഏറ്റവും തിളക്കമുള്ള പ്രദേശം. വൈകുന്നേരം ജോസഫിനെ കാണുമോ എന്തോ? രണ്ടുമൂന്ന് കാറുകള്‍ കഴുകാനുള്ള പണി അവന്‍ തരപ്പെടുത്തി തന്നിട്ടുണ്ട്. എന്തെങ്കിലും തടയുന്ന കാര്യമല്ലേ? നോക്കണം. മനസ്സില്‍ പദ്ധതികള്‍ തയ്യാറാക്കി. ബക്കറ്റ്, വൈപ്പര്‍, ലൊട്ടുലൊടുക്ക് സാധനങ്ങള്‍.
അടുത്തുള്ള ഒരു വീടിന്റെ ഗേറ്റ് തുറന്നു രണ്ടു ചെറിയ കുട്ടികള്‍ പുസ്തകച്ചുമടും താങ്ങി വേച്ചുവേച്ചു പുറത്തു വന്നു സ്കൂള്‍ബസ്സും കാത്ത് നില്‍പ്പ് തുടങ്ങി. കൂടെ വീട്ടുജോലിക്കാരിയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയും. അയാള്‍ സമയം നോക്കി. മോന്‍ ഇപ്പോള്‍ സ്കൂളില്‍ എത്തിയിട്ടുണ്ടാകും. കഴിഞ്ഞ മാസം അവന്റെ സ്കൂള്‍ ഫീസ് അടക്കാന്‍ വൈകിയതിന് രണ്ടു ദിവസം പുറത്തു നിര്‍ത്തിയത്രെ. പാവം, വല്ലാതെ സങ്കടപ്പെട്ടുവെന്ന് വീട്ടുകാരി ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞു. എവിടെനിന്നോ അവള്‍ ഒപ്പിച്ചുകൊടുത്തുവെന്ന് പരിഭവത്തിന്റെ സ്വരത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കഴിഞ്ഞ മാസം ഒന്നും ബാക്കിയുണ്ടായില്ല കയ്യില്‍. എത്ര ഞെരുങ്ങി ജീവിച്ചിട്ടും കയ്യില്‍ ശേഷിപ്പൊന്നുമില്ല.
ഈ കുട്ടികള്‍ക്ക് ക്ലാസ്സുമുറിക്കു പുറത്തുനിന്ന് അങ്ങിനെ കാറ്റുകൊള്ളേണ്ടിവന്നിട്ടുണ്ടാകുമോ? ഏതു നക്ഷത്രത്തിലായിരിക്കും അവര്‍ ജനിച്ചിട്ടുണ്ടാവുക?
ചൂട് കൂടിവരുന്നു. ഒരു ചായ കുടിച്ച് തിടുക്കത്തില്‍ തിരിച്ചു വന്നു.
റോഡ് അടിച്ചുവാരുമ്പോള്‍ അയാള്‍ ആലോചിക്കുകയായിരുന്നു. കഴിഞ്ഞ മാസം അമ്പത് ദിര്‍ഹമാണ് കണ്ണില്‍ ചോരയില്ലാത്ത ആ പഹയന്‍മാര്‍ ശമ്പളത്തില്‍ നിന്ന് മുറിച്ചുമാറ്റിയത്. അന്ന് പോയ സ്ഥലം നല്ലവണ്ണം വൃത്തിയാക്കിയതാണ്. അതിനിടക്കാണ് സാറന്മാര്‍ മിന്നല്‍ പരിശോധന നടത്തിയത്. അത്ഭുതം. രണ്ടിടത്ത്, കച്ചറ കിടക്കുന്നു. അല്‍പം മുന്‍പ് വൃത്തിയാക്കിയതാണെന്നു ആണയിട്ടു പറഞ്ഞു. വിശ്വസിച്ചില്ല. എങ്കില്‍ പോയി പരാതി കൊടുക്കാന്‍ പറഞ്ഞു. ക്ഷോഭിക്കേണ്ട കാര്യമില്ലായിരുന്നു. എങ്കിലും അപ്പോള്‍ അങ്ങിനെ പറയാനാണ് തോന്നിയത്. സൂപ്പര്‍വൈസര്‍ ഒരു തമിഴനായിരുന്നു. അവന്‍ പണി പറ്റിച്ചു. അമ്പത് ദിര്‍ഹം പോയിക്കിട്ടി. തന്റെ മോന്‍ സ്കൂളില്‍ നാണംകെട്ടത് ഇവന്‍മാര്‍ക്കറിയില്ലല്ലോ. അല്ല, അവര്‍ക്ക് അത് അറിയേണ്ട കാര്യവുമില്ല. അവര്‍ക്ക് അവരുടെ ജോലിചെയ്യണ്ടേ?
ഇനി അങ്ങിനെയൊന്നും പറ്റാതെ നോക്കണം. ഈ ദേഷ്യമൊക്കെ അല്‍പം നിയന്ത്രിക്കണം. എന്തെങ്കിലും അവര്‍ പറഞ്ഞു എന്നു തന്നെ ഇരിക്കട്ടെ. ഒരു ചെവിയില്‍ക്കൂടി കേട്ടിട്ട്, ശൂ, മറ്റേ ചെവിയിലൂടെ അവനെ പുറത്തേക്ക് വിട്ടാല്‍ മതി. കാര്യം സുഖമായി. ഈ അഭിമാനമാണ് എല്ലാ ദോഷങ്ങള്‍ക്കും കാരണം. എന്തൊരു ഭാരമാണ് അതിന്. ഇതൊന്നുമില്ലാതെ മനുഷ്യനെ പടച്ചുവിട്ടാല്‍ മതിയായിരുന്നില്ലേ ആ കാര്‍ന്നോര്‍ക്ക്? അതിന് മൂപ്പരുടെ അഭിമാനം സമ്മതിച്ചിട്ടുണ്ടാവില്ല.
വണ്ടി വരാറായി. ഒന്നുകൂടി നടന്നു നോക്കി. എല്ലാം വൃത്തിയായി കിടക്കുന്നു. ജീവിതത്തിലും ഇങ്ങനെ വേണമെന്ന് അയാള്‍ക്ക് തോന്നി. താന്‍ പെരുമാറിയ സ്ഥലങ്ങളിലൊക്കെ തന്റെ അടയാളം കാണണം. ഇവിടെ ഒരു നല്ല തൂപ്പുകാരന്‍ ജോലി ചെയ്തിരുന്നു എന്ന് ആളുകള്‍ പറയണം. അന്യ നാട്ടുകാരുടെ ആ പോയ തലമുറയെ ഇന്നാട്ടുകാര്‍ കൃതജ്ഞതാപൂര്‍വ്വം ഓര്‍ക്കണം. ഒരു ശിലാഫലകത്തില്‍ തങ്ങളുടെ പേരും എഴുതപ്പെടണം. താന്‍ പോയതിനുശേഷം ഈ തെരുവ് എങ്ങിനെയായാലും തനിക്കൊരു തരക്കേടും വരാനില്ല.
ഓറഞ്ചു നിറമുള്ള വണ്ടി വന്നു. അതില്‍ തൂങ്ങി നിന്നു. റഷദിയ പാര്‍ക്കില്‍ നിന്ന് ഹസ്സനും കയറിയിരുന്നു. താന്‍ കയറിയതുപോലും ശ്രദ്ധിക്കാതെ അവന്‍ റോഡിന്റെ മറുഭാഗത്തേക്ക് നോക്കി നില്‍ക്കുകയാണ്. എന്നും കാണുന്നവരല്ലേ? പ്രത്യേകിച്ച് ഉപചാരങ്ങളൊന്നും വേണ്ടെന്നു കരുതിയിട്ടുണ്ടാകും. ജോലി കഴിഞ്ഞാല്‍, ക്യാമ്പില്‍ വെച്ചും കാണേണ്ടതല്ലേ? ഓരോ തവണയും തമ്മില്‍ തമ്മില്‍ കാണുമ്പോള്‍ വിശേഷം പറയാന്‍ നിന്നാല്‍ മനുഷ്യന്‍മാര്‍ക്ക് പരസ്പരം പെട്ടെന്ന് മടുത്തുപോകും. ആജന്മ ശത്രുക്കള്‍പോലുമായേക്കും മനുഷ്യന്മാര്‍. അവരുടെ കുറ്റമല്ല. അങ്ങിനെയാണ് അവരെ ഉണ്ടാക്കിയിരിക്കുന്നത്. ഒരു നിര്‍മ്മാണപ്പിഴവ്.
വഴിയില്‍ രണ്ടിടത്ത് കച്ചറ കൂനകള്‍ നിറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ഹസ്സനും അയാളും ചേര്‍ന്ന് അവ ഉന്തി ഓറഞ്ചുവണ്ടിയുടെ പൃഷ്ഠഭാഗത്ത് കാഴ്ച്ചദ്രവ്യമായി വെച്ചു. ആര്‍ത്തിപ്പണ്ടാരം തിന്നട്ടെ. അതിനിടക്ക് ഹസ്സന്‍ അവന്റെ കയ്യില്‍ എപ്പൊഴും കരുതാറുണ്ടായിരുന്ന കമ്പിക്കഷണംകൊണ്ട് കൂനകളില്‍ സൂത്രത്തില്‍ ഒരു തിരച്ചില്‍ നടത്തി തരക്കേടില്ലാത്ത ഒരു സൈക്കിള്‍ ടയര്‍ കിട്ടി. ഇവിടത്തുകാരും തീരെ ദരിദ്രരായിരിക്കുന്നു. പണ്ടൊക്കെ നല്ല നല്ല സാധനങ്ങള്‍ അല്‍പ്പം കേടുവന്നാല്‍ ഇവര്‍ കളയാറുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.
ക്യാമ്പില്‍ നല്ല വിവരമുള്ള ഒരു വിദ്വാനുണ്ട്. സുരേഷ് ഭായ്. എല്ലാ പേപ്പറും വായിക്കും. നാട്ടില്‍ രാഷ്ട്രീയക്കാരനായിരുന്നുവെന്നൊക്കെ ക്യാമ്പിലെ ആളുകള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. മൂപ്പര്‍ പറയുന്നത്, എല്ലായിടത്തും ആളുകള്‍ പാവപ്പെട്ടവരായി മാറുകയാണെന്നാണ്. ആരുടെ കയ്യിലും പൈസയില്ല എന്ന്. ശരിയായിരിക്കും. എന്നാലും എത്ര പണക്കാരാണ് ചുറ്റിലും. അവരെ അടുത്ത് കാണുമ്പോള്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കാന്‍ തോന്നാറുണ്ട് അയാള്‍ക്ക്.
ഓറഞ്ചുവണ്ടിയുടെ പിന്നില്‍ ഹസ്സന്റെകൂടെ തൂങ്ങിനിന്ന് പോകുമ്പോള്‍ എവിടേക്കും നോക്കാതെയിരിക്കാന്‍ ശ്രദ്ധിച്ചു. വിചിത്ര ജീവികളെപ്പോലെയാണ് ആളുകള്‍ നോക്കുന്നത്. പിന്നില്‍ വരുന്ന കാറില്‍ ഒരു ഹൂറി അവളുടെ ഭര്‍ത്താവിന്റെ കൂടെ ഇരുന്ന് തങ്ങളെ നോക്കി എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്. പാലസ്തീനിയോ സിറിയക്കാരിയോ ആണ്. ശരിക്കും ഒരു ഹൂറി. ലോകത്തെ ഏറ്റവും നല്ല സുന്ദരികള്‍ ആ നാട്ടുകാരാണത്രെ.
വീട്ടുകാരിയെ ഓര്‍മ്മ വന്നു. അവരുടെ മുഖം ഉള്ളില്‍ തെളിഞ്ഞു. എന്തു ചെയ്യുകയായിരിക്കും അവള്‍? താന്‍ ഈ വണ്ടിയില്‍ തൂങ്ങിനിന്ന് ഓരോന്ന് ആലോചിച്ച് ഏതോ തെരുവിലൂടെ കരിയിലപോലെ പാറിപ്പോകുന്നത് അവള്‍ കാണുന്നുണ്ടാകുമോ? ആ ശരീരത്തിന്റെ മണംപോലും മറന്നു. മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞില്ലെ? ഓരോ തവണ വിളിക്കുമ്പോഴും സമാധാനിപ്പിക്കും. വരാം. അടുത്തുതന്നെ. എന്തെങ്കിലുമൊക്കെ കയ്യില്‍ കരുതേണ്ടേ? വെറും കയ്യുമായി എങ്ങിനെയാണ് വരിക? കാത്തിരിക്കൂ. വണ്ടിയില്‍ ശരീരമമര്‍ത്തി അയാള്‍ നിന്നു. നാഴികകള്‍ക്കപ്പുറമുള്ള മാംസളമായ ഒരു ഓര്‍മ്മയെ ഉള്ളില്‍ മെല്ലെമെല്ലെ കരുപ്പിടിപ്പിച്ചുകൊണ്ട്.
അടുത്ത സ്ഥലത്ത് അയാള്‍ ഇറങ്ങി. ചൂട് കൂടിക്കൂടിവരുകയാണ്. ദാഹിക്കുന്നുണ്ട്. കയ്യില്‍ കരുതിയ കുപ്പിയില്‍ നിന്ന് കുടുകുടാ കുടിച്ചു. അക്ഷരത്തെറ്റുപോലെ വഴിയില്‍ ബാക്കി വന്നിരുന്ന ഒരു പൊതുടാപ്പില്‍നിന്ന് കുപ്പി വീണ്ടും നിറച്ചു. എന്നിട്ടും ദാഹം ബാക്കിവരുന്നു. എന്തെന്ത് ദാഹങ്ങളാണ് മനസ്സിനും ശരീരത്തിനും. എളുപ്പത്തില്‍ തീരുന്നവ. ശമിക്കാതെ ഉള്ളില്‍ നീറുന്ന മറ്റു ചിലത്. കുറച്ചു മുന്‍പ് കണ്ട ഹൂറിയെ മനസ്സിലോര്‍ത്തു. ചിരിക്കല്ലെ ഹൂറി. നിനക്കറിയില്ല നാടുവിട്ടവരുടേയും, അവരെ കാത്തുകാത്ത് തപസ്സിരിക്കുന്ന വീട്ടിലുള്ളവരുടെയും ദാഹവും വിശപ്പും.
വല്ലാതെ ക്ഷീണം തോന്നുന്നുണ്ട്. ക്യാംപില്‍ പോയാലോ എന്ന് ആലോചിച്ചു. വേണ്ട. ഒറ്റക്ക് മുറിയിലിരുന്നാല്‍ ഭ്രാന്ത് കൂടുകയേയുള്ളു. ഓരൊരോ ആലോചനകള്‍ വന്ന് തലയില്‍ നിറയും. അതിനേക്കാള്‍ നല്ലത് ഈ പരക്കം പാച്ചിലിന്റെ ഭ്രാന്തും കണ്ടു കഴിയുകയാണ്.
ഉച്ചക്ക് ഒരു കടത്തിണ്ണയില്‍ കയറിക്കിടന്നു. ഇനി രണ്ടു മണിക്ക് ഇറങ്ങിയാല്‍ മതി. അപ്പോഴെക്കും വൃത്തിയാക്കിയ തെരുവുകളില്‍ വീണ്ടും ചപ്പുചവറുകള്‍ നിറഞ്ഞിട്ടുണ്ടാകും. വീണ്ടും തുടങ്ങണം. ഉച്ചക്കാണ് മനസ്സ് വല്ലാതെ മടുക്കുക. ഒരു അനക്കവുമില്ലാത്ത ഉച്ച. പായുന്ന വണ്ടികള്‍. ശബ്ദങ്ങളൊന്നുമില്ലാത്ത നഗരം. സ്വാതന്ത്ര്യത്തിന്റെ വൈകുന്നേരങ്ങളിലേക്കെത്താതെ, മരവിച്ചു നില്‍ക്കുന്ന ഉച്ചയുടെ വിരസമായ മണിക്കൂറുകള്‍.
അടുത്തുള്ള എ.ടി.എം.കൗണ്ടറിന്റെ മുന്നില്‍ ആലോചനയിലാണ്ടു നില്‍ക്കുന്ന ആളുകളെ കണ്ടു. ആ പണപ്പെട്ടിയെക്കുറിച്ച് അയാള്‍ ആലോചിച്ചു. ആരൊക്കെയോ ഇടുന്നു. മറ്റാരൊക്കെയോ അതെടുത്തുപോകുന്നു. അവരത് മറ്റെവിടെയോ ഏതോ പണപ്പെട്ടിയില്‍ ഇടുന്നു. അവിടെനിന്ന് മറ്റു ചിലര്‍ പിന്നെയും അത് എടുക്കുന്നു. നല്ല തമാശതോന്നി അയാള്‍ക്ക്. അവിടെ നില്‍ക്കുന്നവരുടെ മുഖഭാവം ശ്രദ്ധിച്ച് അല്‍പം മാറി, തണല്‍ പറ്റി കിടന്നു. വല്ലാത്തൊരു യന്ത്രമാണിതെന്ന് ഇതിനെ കാണുമ്പോഴൊക്കെ തോന്നും. ഒരു നിമിഷം കൊണ്ട് തന്റെ ജീവിതം മാറ്റിമറിക്കാന്‍ ഈ യന്ത്രത്തിനു കഴിയും. അതൊന്നു തുറന്നുകിട്ടിയാല്‍ മാത്രം മതി. ഇനി ഒന്നും കിട്ടിയില്ലെങ്കില്‍തന്നെ, ഇങ്ങനെയൊരു യന്ത്രം കയ്യെത്തുന്ന ദൂരത്ത് ഉണ്ടാവുന്നതുതന്നെ ഒരു മനസ്സമാധാനമാണ്. നാടിനെക്കുറിച്ചുള്ള ഓര്‍മ്മപോലെ. തനിക്ക് ഗുണമൊന്നുമില്ലെങ്കിലും, കയ്യെത്തും ദൂരത്ത് അതുണ്ടല്ലോ എന്നൊരു സമാധാനം. പിന്നെയും ഒരു ചിരി മനസ്സില്‍ തെളിഞ്ഞു, പതുക്കെ ചുണ്ടിന്റെ കോണില്‍ വന്നെത്തിനോക്കി, അത്, ആരും കാണാത്ത ഒരു നെടുവീര്‍പ്പായി ചുറ്റുമുള്ള ആകാശത്തില്‍ അലിഞ്ഞു.
വീണ്ടും പണി തുടങ്ങി. തെരുവുകള്‍ക്ക് ഒരു മാറ്റവുമില്ല. പുതിയ പുതിയ വൃത്തികേടുകളെ ഓരോ നിമിഷവും അത് സൃഷ്ടിക്കുകയും, പുറംതള്ളുകയും ചെയ്തുകൊണ്ടിരുന്നു. ആരെയൊക്കെയോ ചതിയില്‍ വീഴ്ത്താനും, ആര്‍ക്കൊക്കെയോ വേണ്ടി അവസാന വിയര്‍പ്പു തുള്ളികള്‍ വറ്റിക്കാനും തിരക്കിട്ട് ആളുകളും, വാഹനങ്ങളും അങ്ങോട്ടുമിങ്ങോട്ടും ഗതികിട്ടാതെ പാഞ്ഞു.
മറ്റൊരു ഓറഞ്ചുവണ്ടി വന്നു. വീണ്ടും ഒരു രാത്രിയുടെ പ്രലോഭനങ്ങളിലേക്ക് സോനാപുര്‍ ക്ഷണിച്ചു. തിങ്ങി നിറഞ്ഞ വണ്ടിയില്‍, വിയര്‍പ്പും ചളിയും ഒട്ടിപ്പിടിച്ച മനുഷ്യാത്മാക്കളുടെയിടയില്‍ തിങ്ങിയിരുന്ന് പുറത്തെ മായക്കാഴ്ച്ചകളിലേക്ക് നോക്കി അയാള്‍ ആ ദിവസത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
രാത്രി വിളക്കുകള്‍ തെരുവുകളുടെ നഗ്നതയെ കാണിച്ചുതന്ന്, കണ്ണിറുക്കി ഒരു വഷളന്‍ ചിരി ചിരിച്ചു. വിടന്‍മാരും, അഭിസാരികകളും, സ്വവര്‍ഗ്ഗാനുരാഗികളും, കൂട്ടിക്കൊടുപ്പുകാരും നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും നിന്നും നടന്നും, ദിവസക്കൂലിയുടെ കണക്കുകള്‍ കൂട്ടുകയും കിഴിക്കുകയും ചെയ്യുമ്പോള്‍, സോനാപൂരിലെ തിരക്കൊഴിഞ്ഞ ഒരു കാഫെറ്റേറിയയില്‍ ഒരു ഉണങ്ങിയ കുബ്ബൂസിനു മുന്‍പില്‍ ധ്യാനനിരതനായി അയാള്‍ ഇരുന്നു.
വിരഹവും ദുരിതവും നിറഞ്ഞ സോനാപൂര്‍ അയാള്‍ക്കുചുറ്റും നിശ്ചിതഭ്രമണപഥത്തിലൂടെ ദീര്‍ഘവൃത്തത്തില്‍ വലംവെച്ചു. ലോകത്തിലെ സമസ്ത ഭാഷകളും കുഴഞ്ഞുമറിഞ്ഞ്, പല പല നാടുകളിലേക്കും, തിരിച്ചും, ആശങ്കകളും, ചെറിയ ചെറിയ സന്തോഷങ്ങളും, കാമനകളും പേറി, കാണാത്ത ടെലിഫോണ്‍ കമ്പികളിലൂടെ ദ്രുതഗതിയില്‍ പാഞ്ഞു. ഇരുണ്ട ഗല്ലികളിലൂടെ, പോലീസിന്റെ കണ്ണുവെട്ടിച്ച് വിലകുറഞ്ഞ മദ്യക്കുപ്പികള്‍, പലകൈമറിഞ്ഞ് കുടുസ്സുമുറികളിലെത്തി ആള്‍ത്തിരക്കില്‍ അലിഞ്ഞു ആവിയായി. ബങ്ക്ബെഡുകളുടെ ഏകാന്തമായ മട്ടുപ്പാവുകളില്‍ ഓരോരുത്തര്‍ക്കും ഓരോ സ്വകാര്യ സ്വര്‍ഗ്ഗങ്ങള്‍ പണിത് സോനാപൂര്‍ ഉറക്കമായി.
Saturday, September 22, 2007
Subscribe to:
Post Comments (Atom)
9 comments:
ദ അദര്‍ സൈഡ് എന്നു പറയാനാണെനിക്ക് തോനുന്നത്.
കഥ-നാടുകാണി
ബങ്ക്ബെഡുകളുടെ ഏകാന്തമായ മട്ടുപ്പാവുകളില്‍ ഓരോരുത്തര്‍ക്കും ഓരോ സ്വകാര്യ സ്വര്‍ഗ്ഗങ്ങള്‍ പണിഞ്ഞുനല്‍കി സോനാപൂര്‍ ഉറക്കമായി.
നാടു കാണിക്കുന്നു ഒപ്പം കാണാത്തതും. എഴുത്തിഷ്ടപ്പെട്ടു.:)
നന്നായിട്ടുണ്ട്..തലക്കെട്ടും അര്‍ത്ഥവത്തായി..
വിലകൂടിയ സണ്‍ഗ്ലാസ്സും,
കണ്ണിലെ കള്ളത്തരം മറച്ചുവെക്കാനായി വെച്ച
കൂളിംഗ് ഗ്ലാസ്സുകളും എടുത്തു വെച്ചു
ഗള്‍ഫിനെ നോക്കുന്നവര്‍ക്കുള്ള നേര്‍ക്കാഴ്ച.
നന്നായിരിക്കുന്നു.
എഴുത്ത്.
പടിപ്പുര, വേണു, കുറുമാന്‍,
അഭിപ്രായങ്ങള്‍ക്കു നന്ദി.
പറഞ്ഞുവന്നാല്‍ അവരുടെ കഥകള്‍ അവസാനിക്കുകയില്ല. അതുകൊണ്ട് നിര്‍ത്തി. അത്രയേയുള്ളു, കുറുമാന്‍.
മൂര്‍ത്തീ,
നന്ദി.കഥയുടെ ശീര്‍ഷകം എനിക്കുതന്നെ നല്ലവണ്ണം ബോധിച്ചിട്ടില്ല.മറ്റൊന്നും തോന്നിയതുമില്ല..അത്രമാത്രം.
വിഷ്ണു പ്രസാദ് said...
കഥ പലതും ചിന്തിപ്പിക്കുന്നുണ്ട്.ഒരു പക്ഷേ അതു തന്നെയാവും ഈ കഥ കൊണ്ട് ഉദ്ദേശിച്ചത്.അവസാനം കഥ പറച്ചില്‍ അവസാനിപ്പിച്ചാല്‍ മതി എന്ന തത്രപ്പാട് കണ്ടു.
September 22, 2007 6:30 AM
ബാജി ഓടംവേലി said...
നാം ദിവസവും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഒരാളുടെ ജീവിതം മനോഹരമായി വിശദീകരിച്ചിരിക്കുന്നു.
നല്ല വിവരണം.
September 22, 2007 8:34 AM
കുറുമാന്‍ said...
രാജീവ്ജി, കഥ വളരെ നന്നായിരിക്കുന്നു. ഒരു സാധാരണ മനുഷ്യന്റെ സ്വപ്നങ്ങളും, വ്യാകുലതകളും എല്ലാം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
വിഷ്ണുമാഷ് പറഞ്ഞത് പോലെ പെട്ടെന്നവസാനിപ്പിച്ചതു പോലെ തോന്നി.
ഓരോ തവണയും തമ്മില്‍ തമ്മില്‍ കാണുമ്പോള്‍ വിശേഷം പറയാന്‍ നിന്നാല്‍ മനുഷ്യന്‍മാര്‍ക്ക് പരസ്പരം പെട്ടെന്ന് മടുത്തുപോകും. ആജന്മ ശത്രുക്കള്‍പോലുമായേക്കും മനുഷ്യന്മാര്‍. അവരുടെ കുറ്റമല്ല. അങ്ങിനെയാണ് അവരെ ഉണ്ടാക്കിയിരിക്കുന്നത്. ഒരു നിര്‍മ്മാണപ്പിഴവ് -- വളരെ വാസ്തവം. ഏറ്റവും ഇഷ്ടപെട്ട വരികളും ഈ കഥയിലെ ഇവ തന്നെ.
September 23, 2007 12:45 AM
കിനാവ് said...
മരുഭൂമിയിലെ ക്ലീനിങ്ങ് തൊഴിലാളിയുടെ ഒരുദിവസം മനോഹരമായി വാക്കുകളിലേക്ക് അവാഹിച്ചിരിക്കുന്നു. അത് യഥാര്‍ത്ഥത്തില്‍ പ്രവാസിയുടെ ഒരു ദിവസമാണ്. അവന്റെ മനോഗതം എല്ലാ പ്രവാസികളുടേയും തന്നെയാണ്. മികച്ച കഥ.
September 23, 2007 1:48 AM
Post a Comment