ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"
ചികാപര്‍ (കോറാപുട്ട്) മൂന്നാമത്തെ തവണയും സ്ഥലം ഒഴിയേണ്ടിവരുമെന്നായപ്പോള്‍, ചികാപര്‍ ഗ്രാമത്തിലെ ആളുകള്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. "ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാകും? എവിടെ പോയാലും അവിടെയൊക്കെ ഒന്നല്ലെങ്കില്‍ മറ്റൊരു പദ്ധതി വരുന്നതുകൊണ്ട് ഞങ്ങള്‍ക്ക് വീണ്ടും വീണ്ടും ഒഴിഞ്ഞുപോകേണ്ടിവരുന്നു."ഗദാബ ഗോത്രക്കാരിയായ പമിയ ദാസ് നിരാശയോടെ പറഞ്ഞു.
ഇപ്പോള്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുന്നു. രണ്ടു തവണ കുടിയിറക്കപ്പെട്ട ഈ ഗ്രാമത്തിന്, മറ്റൊരു പദ്ധതി വന്ന് വീണ്ടും ഒരിക്കല്‍ക്കൂടി ഒഴിയേണ്ടിവന്നാല്‍ ഒരു നഷ്ടപരിഹാരവും കിട്ടാനിടയില്ല. ഒഴിയേണ്ടിവരുകതന്നെ ചെയ്യും. കോഴി വളര്‍ത്തല്‍ കേന്ദ്രത്തിനോ, എം.ഇ.എസ്സിനോ (MES) വേണ്ടി. അത് തീച്ച. വൈദ്യുതിയോ, വെള്ളമോ, പ്രാഥമികാരോഗ്യകേന്ദ്രമോ ഇതുവരെ ഈ ഗ്രാമത്തിനു നല്‍കാത്തത് ഒരു ശിക്ഷാനടപടിയായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. തഹസില്‍ദാരില്‍ നിന്നു ലഭിച്ച ഒരു നോട്ടീസ് കാണിച്ചുതന്നു പകാലു കദം. അതില്‍ എഴുതിയിരുന്നത് "നിങ്ങള്‍ ഈ സ്ഥലം അനധികൃതമായി കൈവശം വെച്ചിരിക്കുകയാണ്...അറുപത് ദിവസത്തിനുള്ളില്‍ ഒഴിഞ്ഞു പോവണം" എന്നായിരുന്നു.
"രണ്ടാമത് മാറിത്താമസിച്ച സ്ഥലത്തുവെച്ചും ഇതു തന്നെയാണ് അവര്‍ പറഞ്ഞത്. ഞങ്ങള്‍ അനധികൃതമായി കയ്യേറിയതാണെന്ന്.ഇത് ഞങ്ങളുടെ ഭൂമിയാണ്. ഞങ്ങള്‍ ഇവിടെ നിന്ന് ഒഴിയണമെന്നാണ് അവര്‍ പറയുന്നത്. ഞങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും കയ്യിലില്ലാത്തുകൊണ്ട് ഞങ്ങള്‍ക്ക് അവകാശമോ, താമസ-ജാതി സര്‍ട്ടിഫിക്കറ്റുകളോ ഒന്നുമില്ല". ഇതുമൂലം, ബാങ്കുകളില്‍നിന്ന് വായ്പ്പ കിട്ടാനും ബുദ്ധിമുട്ടാണ്.
ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് കിട്ടിയപ്പോള്‍ ഏകദേശം നൂറോളം ഗ്രാമവാസികള്‍ 1993 ജൂണില്‍ റവന്യു വകുപ്പധികൃതരെ ചെന്നുകണ്ടു. പക്ഷേ വകുപ്പുദ്യോഗസ്ഥര്‍ ആ അവസരത്തെ ഉപയോഗിച്ചത്, ആ വന്ന ആളുകളില്‍ നിന്ന് പിഴ ഈടാക്കാനായിരുന്നു. "സര്‍ക്കാര്‍ ഭൂമി കയ്യേറി" എന്നതായിരുന്നു അവര്‍ ചെയ്ത കുറ്റം!!
കുടിയൊഴിക്കപ്പെട്ട ആളുകളുടെ ദുരവസ്ഥയെ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ വര്‍ഷങ്ങളായി അക്ഷീണം പ്രയത്നിക്കുന്ന ഒരാളായിരുന്നു എച്ച്.എ.എല്‍ ഉദ്യോഗസ്ഥനായ ജ്യോതിര്‍മയി ഖോര. പിഴകളേക്കാള്‍ വലിയ പ്രശ്നങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വിശസിക്കുന്നു. "ഏറ്റവും പ്രധാന സംഗതി, ചികാപറില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 400 ഹെക്ടര്‍ ഭൂമിക്ക് എന്തു സംഭവിച്ചു എന്നതാണ്" ഖോര പറഞ്ഞു. " 1960-കളില്‍, പതിനേഴു ഗ്രാമങ്ങളില്‍ നിന്ന് അവര്‍ ഏറ്റെടുത്ത ആയിരക്കണക്കിന് ഏക്കര്‍ ഭൂമി അവര്‍ എന്തു ചെയ്തു?".അന്നും ബിജു പട്‌നായ്ക് ആയിരുന്നു ഒറീസ്സ മുഖ്യമന്ത്രി. "എച്ച്.എ.എല്ലിന്റെ എല്ലാ യൂണിറ്റുകളും കോറാപുട്ടിലേക്ക് വരുമെന്ന് സ്വപ്നം കണ്ടിരുന്നു അദ്ദേഹം". അതുകൊണ്ട് ആ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ധാരാളം സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു.
പക്ഷേ കാര്യങ്ങള്‍ വിചാരിച്ചപോലെയൊന്നും നടന്നില്ല. എച്ച്.എ.എല്ലിന്റെ മറ്റു യൂണിറ്റുകള്‍ ബാംഗ്ലൂരിലും അതുപോലുള്ള സ്ഥലങ്ങളിലുമാണ് വന്നത്. ബലം പ്രയോഗിച്ച് കൈക്കലാക്കിയ ആയിരക്കണക്കിനു ഏക്കര്‍ സ്ഥലം, ഇതുമൂലം ഉപയോഗശൂന്യമായി കിടക്കുകയാണ്, ഈ ദിവസം വരെ. "അവര്‍ ഭൂമി തിരിച്ചുതരുന്നില്ല. പാട്ടത്തിനു കൃഷി ചെയ്യാനും സമ്മതിക്കുന്നില്ല. സ്ഥലം തിരിച്ചു തരികയാണെങ്കില്‍ അവര്‍ തന്ന 'നഷ്ടപരിഹാരം' തിരിച്ചു നല്‍കാനും ഞങ്ങള്‍ ഒരുക്കമാണ്" ചിരിച്ചുകൊണ്ട് ഖോര കൂട്ടിച്ചേര്‍ത്തു. അതാകട്ടെ, തീരെ അസംഭാവ്യവുമായിരുന്നു.
"എനിക്കിനി എവിടേക്കും പോകാന്‍ ആവില്ല. അവര്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ", ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീ, മുക്ത കദം പറഞ്ഞു. 1968 ഏറ്റവും ആദ്യം കുടിയൊഴിപ്പിക്കപ്പെട്ട സ്ത്രീയായിരുന്നു അവര്‍. "എന്തുകൊണ്ടാണ് എപ്പോഴും ഞങ്ങള്‍ക്ക് മാത്രം ഇത് സംഭവിക്കുന്നത്", അവര്‍ ചോദിക്കുന്നു. ഒരുപക്ഷേ, ഇത് കോറാപുട്ടും, ഇവര്‍ ആദിവാസികളും ഹരിജനങ്ങളുമായതുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. രാജ്യത്തെ ഏറ്റവും ദരിദ്രരായ ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കോറാപുട്ട്.
പ്രൊഫസ്സര്‍ എല്‍.കെ.മഹപത്രയുടെ കണക്കുപ്രകാരം, 1981-ല്‍ കോറാപുട്ടില്‍ നാഷണല്‍ അലുമിനിയം കമ്പനി വന്നപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട 2500 കുടുംബങ്ങളില്‍ 47.7 ശതമാനവും ഗിരിജനങ്ങളായിരുന്നു. 9.3 ശതമാനം ഹരിജനങ്ങളും. ഉത്‌കല്‍, സാംബല്‍പൂര്‍ സര്‍വ്വകലാശാലകളുടെ മുന്‍ വൈസ്‌ചാന്‍സലറായിരുന്ന ഡോ.മഹാപത്ര പറയുന്നത്, അപ്പര്‍ കോലാബ് പദ്ധതിക്കുവേണ്ടി ഒഴിപ്പിച്ചെടുത്ത 3067 കുടുംബങ്ങളില്‍, 55 ശതമാനത്തിലേറെയും, പട്ടിക-ജാതി, പട്ടിക-വര്‍ഗ്ഗ വിഭാഗങ്ങളില്‍നിന്നായിരുന്നു എന്നാണ്.
കോറാപുട്ട് ജില്ലയിലെ മച്‌കുണ്ട് ജലവൈദ്യുത പദ്ധതിക്കുവേണ്ടി 1960-ല്‍, മൂവ്വായിരത്തോളം കുടുംബങ്ങളെയാണ് വഴിയാധാരമാക്കിയത്. ഇതില്‍ 51.1 ശതമാനവും ഗിരിവര്‍ഗ്ഗക്കാരായിരുന്നു. 10.2 ശതമാനം, ഹരിജനങ്ങളും. ഈ വിഷയത്തിനെക്കുറിച്ച് മഹാപത്ര നടത്തിയ സുപ്രധാനമായ ഒരു പഠനത്തില്‍ അദ്ദേഹം പറയുന്നുണ്ട് "ഒഴിപ്പിച്ചെടുത്ത 2,938 കുടുംബങ്ങളില്‍ കേവലം 600 കുടുംബങ്ങളെ മാത്രമാണ് പുനരധിവസിപ്പിച്ചതെന്നത് സങ്കടകരമായ ഒരു വസ്തുതയാണ്. ഒരു പട്ടിക-ജാതി കുടുംബത്തെപ്പോലും അവര്‍ പുനരധിവസിപ്പിച്ചില്ല. പദ്ധതിമൂലം ദുരിതമനുഭവിക്കേണ്ടിവരുന്ന ആളുകളുടെ എണ്ണംപോലും കൃത്യമായി കണക്കാക്കപ്പെട്ടിരുന്നില്ല".
ഇന്ത്യയുടെ ജനസംഖ്യയില്‍ ആദിവാസികള്‍ ഏകദേശം 8 ശതമാനത്തോളമേ വരൂ. എന്നിട്ടും, 1951-നു ശേഷം കുടിയൊഴിപ്പിക്കല്‍മൂലം പ്രത്യക്ഷമായി ദുരിതമനുഭവിക്കേണ്ടിവന്ന രാജ്യത്തിലെ മൊത്തം ആളുകളില്‍ 40 ശതമാനവും ഇവരായിരുന്നു. ഒറീസ്സയില്‍ സ്ഥിതി കൂടുതല്‍ മോശമാണ്. പക്ഷേ കൃത്യമായ കണക്കുകള്‍ ലഭിക്കുക എളുപ്പമല്ല.
ദേശീയാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, കഴിഞ്ഞ നാലു ദശകങ്ങളിലായി,വികസനത്തിനുവേണ്ടി കുടിയിറക്കപ്പെട്ടവരില്‍ 25 ശതമാനത്തിലും താഴെ ആളുകളെ മാത്രമേ ഇതുവരെയായി പുനരധിവസിപ്പിച്ചിട്ടുള്ളു. ഇവിടെയും, ഒറീസ്സ വളരെ പിന്നിലാണ്. കാരണം, ഈ പട്ടികയില്‍ ഏറ്റവും താഴെ കിടക്കുന്നത്, കോറാപ്പുട്ടാണ്. കേന്ദ്ര സാമൂഹ്യ ക്ഷേമവകുപ്പിന്റെ ധനസഹായത്തോടെ 1993-ല്‍ നടത്തിയ ഒരു പഠനം ഇത് വ്യക്തമാക്കുന്നുണ്ട്. ദില്ലിയിലെ സോഷ്യല്‍ ഇന്‍സ്റ്റിറ്റൂട്ടിലെ വാള്‍ട്ടര്‍ ഫെര്‍ണാണ്ടസ്സും ആന്റണി.എസ്.രാജും "ഒറീസ്സയിലെ ഗിരിവര്‍ഗ്ഗ പ്രദേശങ്ങളിലെ വികസനവും, കുടിയൊഴിക്കലുകളും, പുനരധിവാസവും" എന്ന വിഷയത്തിനെ പഠനവിഷയമാക്കിയിട്ടുണ്ട്.
കോറാപ്പുട്ടില്‍ മാത്രം "ഏകദേശം ഒരു ലക്ഷം ഗിരിവര്‍ഗ്ഗക്കാര്‍ക്ക്, അവര്‍ നിത്യവൃത്തിക്കുവേണ്ടി ആശ്രയിച്ചിരുന്ന 1.6 ലക്ഷം ഹെക്ടര്‍ വനഭൂമിയടക്കം, ധാരാളം സ്ഥലം കയ്യൊഴിയേണ്ടിവന്നിട്ടുണ്ടെന്ന്" അവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല "ജില്ലയുടെ മൊത്തം ജനസംഖ്യയിലെ 6 ശതമാനത്തിലധികം ആളുകള്‍ക്ക് - ഇതില്‍ അധികവും ഗിരിവര്‍ഗ്ഗക്കാരാണ് - പദ്ധതികള്‍മൂലം ഭൂമിയൊഴിഞ്ഞുപോവേണ്ടിവന്നിട്ടുണ്ട്. ഈ സ്ഥിതി ഇപ്പോഴും തുടരുകയും ചെയ്യുന്നു".
"സുനബേദ പ്രദേശം മാത്രമെടുക്കുക. ചികാപറിന്റെ കൊഴിഞ്ഞുപോക്ക് തുടങ്ങിയതില്‍പ്പിന്നെ, 5,000 കുടുംബങ്ങള്‍, അതായത്, 40,000-ത്തിനടുത്ത് ആളുകള്‍ വിവിധ പദ്ധതികള്‍ക്കുവേണ്ടി കുടിയിറക്കപ്പെട്ടിട്ടുണ്ട്." ജ്യോതിര്‍മയി ഖോര പറയുന്നു. "പുനരധിവാസം സംബന്ധിച്ച് നല്‍കിയ ഒരു വാഗ്ദാനവും ഇതുവരെ നിറവേറ്റിയിട്ടുമില്ല", ജ്യോതിര്‍മയിക്കും ഒന്നാമത്തെ ചികാപറില്‍ സ്വന്തമായി ഭൂമിയുണ്ടായിരുന്നു.
ഈ കുടിയൊഴിപ്പിക്കല്‍ പ്രക്രിയ മറ്റു ചില പ്രശ്നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. പല കുടുംബങ്ങളും വഴിയാധാരമായിരിക്കുന്നു. "നഷ്ടപരിഹാരത്തിനായി കാത്തുകാത്തിരുന്ന്, പലരും ഒടുവില്‍, നിത്യവൃത്തി തേടി പലയിടത്തേക്കുമായി പോയി" കനും ഗദാബ പറഞ്ഞു.
"1960-കളിലും, പിന്നീട് 71-ലും പഴയ കിഴക്കന്‍ പാക്കിസ്ഥാനില്‍നിന്നുള്ള (ബംഗ്ലാദേശ്)അഭയാര്‍ത്ഥികള്‍ ഒറീസ്സയിലേക്ക് പലായനം ചെയ്തപ്പോള്‍, അവര്‍ക്കോരോരുത്തര്‍ക്കും വേണ്ടി ഏകദേശം ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചിലവിട്ടത്. പക്ഷേ ഇവിടെ ജനിച്ചുവളര്‍ന്ന്, ഒടുവില്‍ വീടും പുരയിടവും ഒഴിഞ്ഞുപോവേണ്ടിവന്ന ഞങ്ങളുടെ കൂട്ടുകുടുംബങ്ങള്‍ക്കാകട്ടെ, 15,000 രൂപയില്‍ താഴെ മാത്രമേ കിട്ടിയുള്ളു. അഭയാര്‍ത്ഥിയാവുകയായിരുന്നു ഇതിലും ഭേദം" ഖോര പറഞ്ഞു.
അതേസമയം, ചികാപറിലെ ആളുകള്‍ മൂന്നാമത്തെ കുടിയൊഴിക്കലും ഭയന്ന് കഴിയുകയാണ്. കുറേ ആളുകളെ ഇതിനകംതന്നെ ഒഴിപ്പിച്ചിരുന്നു. കോഴിവളര്‍ത്തല്‍ കേന്ദ്രമാണോ, എം.ഇ.എസ്സിന്റെ ഡിപ്പൊ ആണോ, ഇനി അതുമല്ല, മറ്റു വല്ല പദ്ധതിയുമാണോ, അതുമാത്രം ആര്‍ക്കുമറിയില്ല.
"ശരിക്കു പറഞ്ഞാല്‍, ഞങ്ങള്‍ ഇവിടെ ഇങ്ങനെ കണ്ണിലെ കരടുപോലെ കഴിയുന്നത് അവര്‍ക്ക് ഇഷ്ടമല്ല. അതു തന്നെ. ഞങ്ങള്‍ ഇവിടെ നിന്നാല്‍, ആരോടെങ്കിലും, ഞങ്ങളുടെ കഥയൊക്കെ പറഞ്ഞാലോ എന്നാണ് അവരുടെ പേടി. പ്രത്യേകിച്ചും, മന്ത്രിയോട്, ആ മനുഷ്യന്‍ എന്നെങ്കിലും ഈ വഴി വന്നാല്‍".
"അവര്‍ക്ക് വികസനവും ഭൂമിയും ഒക്കെ കിട്ടി. ഞങ്ങള്‍ക്ക്, വികസനം പോയിട്ട്, ഒരു സ്കൂളുപോലും കിട്ടിയില്ല. ഉള്ള സ്ഥലം നഷ്ടപ്പെടുകയും ചെയ്തു". അയാള്‍ കൂട്ടിച്ചേര്‍ത്തു.
ചുരുക്കം പറഞ്ഞാല്‍, തീരെ ആശാവഹമല്ലാത്ത ഒരു വിളവെടുപ്പുകാലമാണ് ഈ സുവര്‍ണ്ണ ഭൂമിയെ കാത്തിരിക്കുന്നത്.
പിന്‍കുറിപ്പ്
ചികാപറിലെയും മറ്റു ഗ്രാമങ്ങളിലെയും പ്രശ്നങ്ങള്‍ ഇപ്പൊഴും തുടരുന്നു. ഖോരയും മറ്റുള്ളവരും അവരുടെ പ്രവര്‍ത്തനം, കഴിഞ്ഞ ഒരു വര്‍ഷമായി കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഭുവനേശ്വറിലെ, ISED (Institute for Socio-Economic Development) പോലുള്ള സര്‍ക്കാരേതര സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. ഒഴിഞ്ഞുപോവേണ്ടിവന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ അവര്‍ ധാരാളം സമയവും അദ്ധ്വാനവും ചിലവഴിക്കുന്നു. ഇരുപത്തഞ്ചു വര്‍ഷമായി തുടരുന്ന അവഗണനയും, അനാസ്ഥയും മൂലം നഷ്ടമായിക്കൊണ്ടിരിക്കുന്ന വസ്തുതകളും, വിശദാംശങ്ങളും, സ്ഥിതിവിവരക്കണക്കുകളും പുന:സൃഷ്ടിക്കാന്‍ സാധിക്കുമെന്നു അവര്‍ ആശിക്കുന്നു.
Sunday, September 23, 2007
Subscribe to:
Post Comments (Atom)
2 comments:
ചുരുക്കം പറഞ്ഞാല്‍, തീരെ ആശാവഹമല്ലാത്ത ഒരു വിളവെടുപ്പുകാലമാണ് ഈ സുവര്‍ണ്ണ ഭൂമിയെ കാത്തിരിക്കുന്നത്.
:)
Post a Comment