രണ്ടു മാസമായി പെട്ടിയൊക്കെ ഒരുക്കിവെച്ചിട്ട്. കഴിഞ്ഞ ആറ് ആഴ്ചയായി അത് എന്റെ മുറിയിലിരിക്കുന്നു. തുണികളും മറ്റു സാധനങ്ങളും കുത്തിനിറച്ച ആ പെട്ടി ഒന്നു അടയ്ക്കാന്‍തന്നെ, എനിക്ക് എന്റെ ആറു വയസ്സായ അയല്‍ക്കാരി പെണ്‍കുട്ടിയുടെ സഹായം വേണ്ടി വന്നു.
ആ സൂട്ട്‌കേസ് ഒരുക്കല്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ യത്നം തന്നെയായിരുന്നു. വായനക്കാരാ(1), നിങ്ങള്‍ക്ക് അങ്ങിനെയൊരു ആവശ്യം വന്നാല്‍, കഴിഞ്ഞ മുപ്പതു വര്‍ഷമായി നിങ്ങള്‍ ശേഖരിച്ച സാധനങ്ങളെല്ലാം എടുത്തുവെച്ച്, ഒഴിച്ചുകൂടാന്‍ പറ്റാത്ത സാധനങ്ങള്‍ മാത്രം നിറച്ച്, അവയൊക്കെ, ഒരു ചെറിയ പെട്ടിയില്‍ നിങ്ങള്‍ക്ക് ഒതുക്കേണ്ടിവരും.കഷ്ടിച്ച് ഒരു മീറ്റര്‍ നീളവും, 0.7 മീറ്റര്‍ വീതിയും, 0.4 മീറ്റര്‍ ഉയരവും ഉള്ള ഒരു പെട്ടിയില്‍. അടുത്ത ആറുമാസം നിങ്ങള്‍ക്ക് ഉപയോഗിക്കേണ്ടിവരുന്ന വസ്ത്രവും, നിങ്ങളുടെ മാത്രം സ്വന്തമെന്നു കരുതുന്ന സാധനങ്ങളും ഒക്കെ നിങ്ങള്‍ക്ക് അതില്‍ ഒതുക്കേണ്ടിവരും. ചിത്രങ്ങള്‍, ഡയറികള്‍, കളിപ്പാവകള്‍, അതുപോലുള്ള സാധനങ്ങള്‍.
നാലു തവണ ഞാന്‍ അതൊക്കെ എടുക്കുകയും തിരിച്ചുവെക്കുകയും ചെയ്തു. ഓരോ തവണ പെട്ടി തുറക്കുമ്പോഴും ഞാന്‍ സത്യം ചെയ്യും. ആവശ്യമില്ലെന്ന് തോന്നുന്ന കുറെ സാധനങ്ങള്‍ ഇക്കുറി ഞാന്‍ ഒഴിവാക്കുമെന്ന്. പക്ഷേ, ഓരോ തവണ പെട്ടി അടയ്ക്കുമ്പോഴും, കൂടുതല്‍ കൂടുതല്‍ സാധനങ്ങള്‍ പെട്ടിയുടെ ഉള്ളില്‍ കടന്നുകൂടി. ഒടുവില്‍ എന്റെ അയല്‍ക്കാരിയാണ് പറഞ്ഞത്, ഇനി നീ പെട്ടി പൂട്ടിക്കോളൂ, അപ്പോള്‍ നിനക്കത് തുറക്കാനുള്ള തോന്നല്‍ ഉണ്ടാകില്ലെന്ന്.
ഞങ്ങള്‍ ഓരോരുത്തരും ഓരോ പെട്ടി ചുമക്കണമെന്ന് നിര്‍ദ്ദേശിച്ചത് അച്ഛനാണ്. പല വിധ ഓര്‍മ്മകള്‍ കുത്തി നിറച്ച ആ പെട്ടി അച്ഛന്‍ ഒന്നേ നോക്കിയുള്ളു. ഉടനെ വന്നു ആ തീരുമാനവും. ഒരേപോലത്തെ നാലു പെട്ടികള്‍ വാങ്ങി, വീട്ടിലെ ഓരോരുത്തര്‍ക്കും ഓരോന്ന്. അഞ്ചാമത് ഒരെണ്ണം കൂടി സ്റ്റോര്‍റൂമില്‍ നിന്നെടുത്തു. എല്ലാവര്‍ക്കും ആവശ്യം വരുന്ന കടലാസ്സുകള്‍ വെക്കാന്‍. തിരിച്ചറിയല്‍ രേഖകള്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ.
ഞങ്ങള്‍ കാത്തിരുന്നു...പിന്നെയും പിന്നെയും. ജൂണ്‍ പകുതിയോ, അവസാനമോ പുറപ്പെടണമെന്നായിരുന്നു ആദ്യം പരിപാടിയിട്ടിരുന്നത്. അപ്പോഴേക്കും പരീക്ഷകള്‍ കഴിയുകയും, എന്റെ അമ്മായിക്കും അവരുടെ രണ്ടു മക്കള്‍ക്കും ഞങ്ങളെ അനുഗമിക്കാന്‍ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് യാത്രാദിവസം നിശ്ചയിച്ചത്. പ്രതീക്ഷിച്ചിരുന്ന ആ ദിവസം ഒടുവില്‍ വന്നു ചേര്‍ന്നു. പക്ഷേ എഴുന്നേറ്റതുതന്നെ, ഒരു വലിയ സ്ഫോടനം കേട്ടുകൊണ്ടായിരുന്നു, 2 കിലോമീറ്റര്‍ അകലെ. നിരോധനാജ്ഞ പ്രഖ്യാപിച്ചതുകൊണ്ട്, യാത്ര ഒരാഴ്ചത്തേക്കു മാറ്റിവെക്കേണ്ടിയും വന്നു. ഇതിനു മുന്‍പ് മറ്റൊരിക്കലും യാത്ര മാറ്റിവെക്കേണ്ടിവന്നിരുന്നു ഞങ്ങള്‍ക്ക്. ഞങ്ങളെ അതിര്‍ത്തിയിലേക്ക് കൊണ്ടുപോവാമെന്ന് ഏറ്റിരുന്ന ഡ്രൈവറുടെ അനിയന്‍ ഒരു വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതുകൊണ്ട്. ഇതാ...ഇപ്പോള്‍ വീണ്ടും.
ജൂണ്‍ അവസാനത്തിലെ ഏതോ ഒരു ദിവസം എനിക്കു വല്ലാതെ കരച്ചില്‍ വന്നു. എന്റെ പെട്ടിയുടെ പുറത്തിരുന്ന് ഞാന്‍ കരഞ്ഞു. ജൂലൈ മാസത്തോടെ ഏകദേശം തീര്‍ച്ചയായി, ഞങ്ങള്‍ക്ക് ഒരിക്കലും പോവാന്‍ പറ്റില്ലെന്ന്. ഇറാഖ് അതിര്‍ത്തി, അലാസ്കയുടെ അതിര്‍ത്തിപോലെ അത്രമേല്‍ വിദൂരമായി എനിക്കു തോന്നിത്തുടങ്ങിയിരുന്നു. വിമാനത്തിനു പകരം കാറില്‍ യാത്ര ചെയ്യാമെന്ന് തീരുമാനിക്കാന്‍ തന്നെ രണ്ടു മാസം വേണ്ടിവന്നു ഞങ്ങള്‍ക്ക്. ജോര്‍ദ്ദാനിനു പകരം, സിറിയയിലേക്കു പോകാമെന്നു തീരുമാനിക്കാനും വീണ്ടും ഒരു മാസം സമയമെടുത്തു. വീണ്ടും ഒരു ദിവസം നിശ്ചയിക്കാന്‍ ഇനിയെത്ര കാലമെടുക്കും?
പിന്നെ പെട്ടെന്നാണ് ഒരു ദിവസം അമ്മായി വിളിച്ചത്. അവരുടെ അയല്‍ക്കാര്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ സിറിയയിലേക്ക് പോവുകയാണെന്ന് അറിയിക്കാന്‍. അവരുടെ മകന്റെ ജീവന് ഭീഷണിയുണ്ടായിരുന്നുവത്രെ. സംഘമായി യാത്ര ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതം എന്നുള്ളതുകൊണ്ട് ആരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചതായി അമ്മായി പറഞ്ഞു. പിന്നെ രണ്ടു ദിവസം തിരക്കോട് തിരക്കായിരുന്നു. തിരിച്ചു വരുമ്പോള്‍ മറ്റാരെങ്കിലും വീട് കൈവശപ്പെടുത്താന്‍ ഇടയുള്ളതുകൊണ്ട്, ഞങ്ങള്‍ പോവുമ്പോള്‍ വീട്ടില്‍ വന്നു താമസിക്കാന്‍ ഒരു ബന്ധുവിനെ ഏര്‍പ്പാടു ചെയ്തു.
വല്ലാത്തൊരു വിടപറയലായിരുന്നു അത്. മറ്റൊരു അമ്മാവനും അമ്മായിയും യാത്ര പറയാന്‍ വന്നു. ഒരു ദു:ഖഭരിതമായ പകലായിരുന്നു അത്. രണ്ടു ദിവസമായി ഞാന്‍ മാനസികമായി തയ്യാറെടുക്കുകയായിരുന്നു, കരയാതിരിക്കാന്‍. നീ കരയില്ല. കാരണം നീ വീണ്ടും ഇങ്ങോട്ടുതന്നെ തിരിച്ചു വരും.ഞാന്‍ എന്നോടു തന്നെ പറഞ്ഞുകൊണ്ടിരുന്നു. നീ കരയില്ല. യുദ്ധത്തിനു മുന്‍പ് മൊസൂലിലേക്കും, ബസ്രയിലേക്കും നീ പതിവായി നടത്താറുള്ള യാത്രപോലെ ഒരു ഹ്രസ്വയാത്രയാണ് ഇതും. ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നിട്ടും, പോവുന്നതിന് രണ്ടു മണിക്കൂറുകള്‍ക്കുമുന്‍പേ എന്റെ തൊണ്ടയില്‍ കരച്ചില്‍ കെട്ടിക്കിടക്കുന്നത് ഞാനറിഞ്ഞു. കണ്ണുകള്‍ നീറുകയും, മൂക്കൊലിക്കുന്നുമുണ്ടായിരുന്നു. അലര്‍ജിയാണ്. ഞാന്‍ സ്വയം ആശ്വസിപ്പിച്ചു.
പോവുന്നതിന്റെ തലേന്നു രാത്രി ഞങ്ങള്‍ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. ധാരാളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്നു. വീട്ടില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. പ്രദേശത്തെ ജനറേറ്റര്‍ തകരാറിലായിരുന്നു. 'രാജ്യത്തിലെ വൈദ്യുതിയുടെ' അവസ്ഥ തീരെ ആശാവഹമായിരുന്നില്ല. ഒട്ടും ഉറങ്ങാനായില്ല.
വീട്ടിലെ അവസാന മണിക്കൂറുകള്‍ ആകെ ഒരു സ്വപ്നം പോലെ തോന്നിച്ചു. പോവാനുള്ള സമയമായി. ഓരോ മുറിയിലും കയറി ഞങ്ങള്‍ യാത്ര പറഞ്ഞു. സ്കൂളിലും, കോളേജിലും പഠിക്കുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പഠിപ്പുമേശ, ജനല്‍വിരികള്‍, കിടക്ക, ഞാനും എന്റെ കൂട്ടുകാരിയുംകൂടി പണ്ടൊരിക്കല്‍ കുട്ടിക്കാലത്ത് പൊട്ടിച്ച ചാരുകസേര, എല്ലാതിനോടും ഞങ്ങള്‍ യാത്ര പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ ദിവസവും ഒരുമിക്കാറുണ്ടായിരുന്ന വലിയ മേശയൊടും, ചുമരില്‍നിന്ന് ഞങ്ങള്‍ അഴിച്ചുമാറ്റിയ ചിത്രങ്ങള്‍ അവശേഷിപ്പിച്ച ശൂന്യമായ ചതുരങ്ങളിലെ ആത്മാവുകള്‍ക്ക് ഞങ്ങള്‍ സലാം പറഞ്ഞു. ഓരോ ചിത്രവും ചുമരില്‍ എവിടെയായിരുന്നു തൂക്കിയിരുന്നത് എന്ന് ഞങ്ങള്‍ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു.ഒരിക്കല്‍ ഞങ്ങള്‍ കളിക്കുകയും, വഴക്കു കൂടുകയും ചെയ്തിരുന്ന കളിപ്പാട്ടങ്ങള്‍ക്കും ഞങ്ങള്‍ യാത്രാഭിവാദ്യങ്ങള്‍ നേര്‍ന്നു.
അപ്പോഴൊക്കെ എനിക്കറിയാമായിരുന്നു. ഇതൊക്കെ വെറും വസ്തുക്കള്‍ മാത്രമാണെന്ന്. മനുഷ്യരാണ് അതിനേക്കാളൊക്കെ പ്രധാനമെന്നും. പക്ഷേ എന്തൊക്കെയായാലും, വീട് ഒരു മ്യൂസിയം തന്നെയാണ്. ചരിത്ര കഥകള്‍ പറഞ്ഞുതരുന്ന ഒരു മ്യൂസിയം. ഒരു കോപ്പയോ,കളിപ്പാട്ടമോ, എന്തുതന്നെയാകട്ടെ, അത് നിങ്ങളുടെ കണ്മുന്നില്‍ ഓര്‍മ്മകളുടെ രു അദ്ധ്യായം തുറന്നുവെക്കുന്നു. ഈ വീടു വിട്ടുപോവാന്‍ ഞാന്‍ തീരെ ആഗ്രഹിച്ചിരുന്നില്ല എന്ന് പെട്ടെന്ന് ഒരു നിമിഷത്തില്‍ എനിക്കുതന്നെ വെളിപ്പെടുകയും ചെയ്തു.
ആറുമണിയായി. ജി.എം.സി.വണ്ടി പുറത്തു വന്നു നിന്നു. അച്ഛന്‍ പറഞ്ഞതിന്‍പ്രകാരം അത്യാവശ്യ സാധനങ്ങളൊക്കെ ഞങ്ങള്‍ കയ്യില്‍ കരുതി. ഫ്ലാസ്ക് നിറയെ ചായ, ബിസ്ക്കറ്റ്, ജ്യൂസ്, ഒലീവുകള്‍ എന്നിവ. അമ്മാവനും അമ്മായിയും ദു:ഖത്തോടെ നോക്കി നിന്നു. അവരുടെ മുഖം വിവരിക്കാന്‍ ഒരു വാക്കും എനിക്കു കിട്ടുന്നില്ല. മറ്റു ബന്ധുക്കളും സുഹൃത്തുക്കളും ഇതുപോലെ പോകാന്‍ തയ്യാറെടുത്ത അവസരങ്ങളില്‍ ഞങ്ങളുടെ മുഖത്തുണ്ടായിരുന്നതും ഇതേ വികാരമായിരുന്നിരിക്കാം. നിസ്സഹായതയും നിരാശയും നിഴലിച്ച മുഖഭാവങ്ങളായിരുന്നു അത്. എന്തുകൊണ്ടാണ് നല്ല ആളുകള്‍ക്ക് ഇങ്ങനെ പോവേണ്ടിവരുന്നത് എന്ന ദേഷ്യവും.
പോകുമ്പോള്‍ ഞാന്‍ കരഞ്ഞു. കരയില്ലെന്ന് ആണയിട്ടു സ്വയം പറഞ്ഞിട്ടും. അമ്മായിയും കരഞ്ഞു. അമ്മാവനും. എന്റെ അച്ഛനും അമ്മയും പുറമേക്ക് ധൈര്യം കാണിച്ചുവെങ്കിലും, അവരുടെ വാക്കുകളിലും കണ്ണുനീരുണ്ടായിരുന്നു. യാത്ര പറയുന്നതിലെ ഏറ്റവും സങ്കടകരമായ കാര്യം, ഈ ആളുകളെ വീണ്ടും എന്നെങ്കിലുമൊരിക്കല്‍ കാണാന്‍ സാധിക്കുമോ എന്ന തോന്നലാണ്. എന്റെ തലയിലെ തട്ടം അമ്മാവന്‍ ഒന്നുകൂടി മുറുക്കിക്കെട്ടി, അതിര്‍ത്തി കടക്കുന്നതുവരെ അത് അഴിക്കരുതെന്നു പ്രത്യേകം ശട്ടം കെട്ടി. അമ്മായി ഞങ്ങളുടെ കാറിന്റെ പിറകെ വന്ന്, നിലത്ത് ഒരു പാത്രം വെള്ളം ഒഴിച്ചു. സഞ്ചാരികളുടെ സുരക്ഷിതമായ തിരിച്ചു വരവിനുള്ള ഒരു ആചാരമായിരുന്നു അത്.
മുഖംമൂടിയണിഞ്ഞ ആളുകള്‍ കാവല്‍ നിന്നിരുന്ന രണ്ട് ചെക്‌ക്‍പോയിന്റുകള്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍, പൊതുവെ, യാത്ര സംഭവരഹിതമായിരുന്നു, ദീര്‍ഘവും. അവര്‍ തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചു. പാസ്സ്‌പോര്‍ട്ടുകള്‍ ഒന്നു ധൃതിയില്‍ മറിച്ചു നോക്കി, എവിടേക്കാണ് പോവുന്നതെന്നു ചോദിച്ചു. ഈ ചെക്‌ക്‍പോയിന്റുകള്‍ അപകടം പതിയിരിക്കുന്നവയാണ്. പക്ഷേ അവയെ നേരിടാന്‍ ഒരു വഴിയേ ഉള്ളു.. അവരുടെ നോട്ടത്തെ അവഗണിക്കുക, ചോദ്യങ്ങള്‍ക്കൊക്കെ വളരെ വിനയത്തോടെ മറുപടി പറയുക, എന്നിട്ട്, ഉള്ളില്‍ നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുക. ഞാനും അമ്മയും ആഭരണങ്ങളൊന്നും അണിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പോരാത്തതിന്, ഞങ്ങള്‍ക്ക് ഇറക്കമുള്ള ഉടുപ്പുകളും, തലയില്‍ തട്ടവും ഉണ്ടായിരുന്നു.
ജോര്‍ദ്ദാനും സിറിയയും മാത്രമായിരുന്നു, അഭയാര്‍ത്ഥികളെ വിസയില്ലാതെ തങ്ങളുടെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നത്. പക്ഷേ, അഭയാര്‍ത്ഥികളോടുള്ള ജോര്‍ദ്ദാനികളുടെ പെരുമാറ്റം വളരെ മോശമായിരുന്നു. അമ്മാനിലെ എയര്‍പ്പോര്‍ട്ടില്‍നിന്നും, അതിര്‍ത്തിയില്‍നിന്നുമൊക്കെ തിരിച്ചയക്കപ്പെടാനുള്ള സാദ്ധ്യതകളും നിലവിലുണ്ടായിരുന്നു. അപകടകരമായ സാദ്ധ്യതകള്‍.
ഞങ്ങളുടെ ഡ്രൈവര്‍ക്ക്, സിറിയയില്‍ ധാരാളം 'പിടിപാട്' ഉണ്ടായിരുന്നു. മാത്രമല്ല, അതിര്‍ത്തി കടക്കാന്‍ ആര്‍ക്കൊക്കെ എത്രയൊക്കെ 'കൈമടക്ക്' കൊടുക്കണമെന്നും അയാള്‍ക്ക് അറിയാമായിരുന്നു. ഇതൊക്കെയായിട്ടുപോലും, അതിര്‍ത്തി കടക്കാന്‍ ഞങ്ങള്‍ക്ക് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവന്നു. പേടിച്ചുവിറച്ച് ഞങ്ങള്‍ അതിര്‍ത്തിയില്‍ നിന്നു. ബാഗ്ദാദ് വിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും എന്റെ കരച്ചില്‍ നിന്നിരുന്നു. വൃത്തികെട്ട തെരുവുകളും, കെട്ടിടങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങളും, പുക മൂടിയ ചക്രവാളവും പിന്നില്‍ മറയുമ്പോള്‍, രക്ഷപ്പെടാന്‍ കഴിഞ്ഞ ഭാഗ്യമോര്‍ത്ത് ഞാന്‍ ആശ്വസിച്ചു.
ബാഗ്ദാദില്‍നിന്ന് പുറത്തു കടന്നപ്പോഴേക്കും, എന്റെ ഹൃദയമിടിപ്പ് സാധാരണഗതിയിലായി. ചുറ്റുമുള്ള കാറുകളെ സംശയദൃഷ്ടിയോടെയാണ് ഞാന്‍ നോക്കിയത്. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന വാഹനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം തീരെ സുഖമുള്ള ഒന്നായിരുന്നില്ല. ചുറ്റുമുള്ള ആളുകളുടെയും കുടുംബങ്ങളുടെയും മുഖഭാവങ്ങള്‍ ശ്രദ്ധിക്കാന്‍, എന്നിലുള്ള ഒരു അംശം എന്നെ നിര്‍ബന്ധിക്കുമ്പോള്‍ത്തന്നെ, കഴിഞ്ഞ നാലു വര്‍ഷക്കാലമായി ചുറ്റും നടക്കുന്ന ബഹളങ്ങളില്‍നിന്നും എപ്പോഴും അകന്നു നില്‍ക്കാന്‍ എന്നെ പഠിപ്പിച്ച എന്നില്‍ത്തന്നെയുള്ള മറ്റൊരു അംശം, എന്റെ കണ്ണുകളെ താഴേക്കുമാത്രം നോക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അതെല്ലാം അവസാനിച്ചിരിക്കുന്നു.
ഞങ്ങളുടെ ഊഴം വന്നു. പുറത്ത് 'പൈസ കൈമാറുമ്പോള്‍' ഞാന്‍ കാറിനുള്ളില്‍ അനങ്ങാതെ വിറങ്ങലിച്ച് ഇരുന്നു. ഒടുവില്‍ പാസ്സ്‌പോര്‍ട്ടുകളില്‍ സീല്‍ പതിഞ്ഞു. ഞങ്ങളെ അകത്തേക്ക് വിട്ടു. ഡ്രൈവര്‍ സംതൃപ്തിയോടെ ചിരിച്ചു. "അല്‍ഹംദുലില്ല. ഒരു നല്ല യാത്രയായിരുന്നു" അയാള്‍ സന്തോഷത്തോടെ പറഞ്ഞു.
അതിര്‍ത്തി കടന്ന് ഒടുവിലത്തെ ഇറാഖി പതാകയും കണ്ണില്‍നിന്ന് മറഞ്ഞപ്പോള്‍ വീണ്ടും കണ്ണുകള്‍ നിറഞ്ഞു. അതിര്‍ത്തിയിലെ തന്റെ പഴയ ചില രക്ഷപ്പെടലുകളുടെ സാഹസിക കഥകള്‍ വിളമ്പിക്കൊണ്ടിരുന്ന ഡ്രൈവറൊഴിച്ച്, കാറിനുള്ളില്‍ മറ്റെല്ലാവരും നിശ്ശബ്ദരായിരുന്നു. ഞാന്‍ അമ്മയെ ഒളിഞ്ഞുനോക്കി. അവരുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇറാഖിന്റെ അതിര്‍ത്തി കടക്കുമ്പോള്‍ ആര്‍ക്കും ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല. എനിക്ക് കരച്ചില്‍ വന്നു. പക്ഷേ മറ്റുള്ളവര്‍ എന്നെ ഒരു ചെറിയ കുട്ടിയായി കണക്കാക്കിയാലോ എന്നാലോചിച്ച്, കരയാന്‍ ഞാന്‍ മടിച്ചു. മാത്രമല്ല, കഴിഞ്ഞ നാലരക്കൊല്ലമായി ശരിക്കും ഒരു നരകമായി മാറിയിരുന്ന ആ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ സാധിച്ചതിന് ഞാന്‍ കൃതജ്ഞത കാട്ടുന്നില്ലെന്നോ മറ്റൊ ഞങ്ങളുടെ ഡ്രൈവര്‍ കരുതിയാലോ എന്നും ഞാന്‍ സംശയിച്ചു.
സിറിയന്‍ അതിര്‍ത്തിയിലും തിരക്കനുഭവപ്പെട്ടു. എങ്കിലും, അന്തരീക്ഷം അല്‍പം ശാന്തമായി തോന്നി. ആളുകള്‍ വണ്ടിയില്‍നിന്നിറങ്ങി നടു നിവര്‍ക്കുന്നുണ്ടായിരുന്നു. പരസ്പരം തിരിച്ചറിഞ്ഞ ചില കുടുംബങ്ങള്‍ അഭിവാദ്യങ്ങള്‍ നേരുകയും, തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ തമ്മില്‍ തമ്മില്‍ പങ്കുവെക്കുകയും ചെയ്തു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, എല്ലാവരും തുല്ല്യരായി കാണപ്പെട്ടു എന്നതാണ്. സുന്നികളും, ഷിയകളും, അറബികളും, കുര്‍ദ്ദുകളും, എല്ലാം സിറിയന്‍ അധികൃതരുടെ മുന്നില്‍ സമന്മാര്‍.
പണക്കാരനും, പാവപ്പെട്ടവനും, ഇല്ല. എല്ലാവരും അഭ്യാര്‍ത്ഥികള്‍. എല്ലാ അഭയാര്‍ത്ഥികളും കാഴ്ച്ചയില്‍ ഒരു പോലെയാണ്. അവരുടെ മുഖത്ത് നിങ്ങള്‍ക്ക് ഒരു പൊതുവായ ഭാവം കാണാന്‍ സാധിക്കും. ആശ്വാസത്തില്‍ കലര്‍ന്ന ദു:ഖവും, മേമ്പൊടിയായി അല്‍പ്പം ആശങ്കയും. എല്ലാ മുഖവും ഏറെക്കുറെ ഒരുപോലെ.
അതിര്‍ത്തി കടന്നതിനു ശേഷമുള്ള ആദ്യനിമിഷങ്ങളില്‍ വല്ലാത്തൊരു ശ്വാസംമുട്ടലായിരുന്നു. ആശ്വാസവും, ദു:ഖവും ഒരുപോലെ ഞങ്ങളെ പൊതിഞ്ഞു. എങ്ങിനെയാണ്, ഇത്ര കുറച്ചു കിലോമീറ്ററുകളും, ഏതാണ്ട് ഇരുപതുമിനുട്ട് ദൂരം വരുന്ന യാത്രയും, മരണത്തെയും ജീവിതത്തെയും ഈ മട്ടില്‍ വേര്‍തിരിക്കുന്നത്?
ആര്‍ക്കും കാണാനോ സ്പര്‍ശിക്കാനോ സാധിക്കാത്ത ഈ അതിരുകള്‍ എങ്ങിനെയാണ് കാര്‍ ബോംബുകള്‍ക്കും, ആത്മഹത്യാ സ്ക്വാഡുകള്‍ക്കും, ഒളിപ്പോരാളികള്‍ക്കും..പിന്നെ ശാന്തിക്കും, സുരക്ഷിതത്വത്തിനും ഇടയില്‍ ഇങ്ങിനെ നില്‍ക്കുന്നത്. ഇപ്പോഴും എനിക്കത് വിശ്വസിക്കാനേ സാധിക്കുന്നില്ല. ഇവിടെയിരുന്ന് ഇതെഴുതുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നു, എന്തുകൊണ്ടാണ് സ്ഫോടനങ്ങള്‍ കേള്‍ക്കാന്‍ എനിക്ക് സാധിക്കാത്തതെന്ന്.
വിമാനങ്ങള്‍ തലക്കുമീതെ വായുവേഗത്തില്‍ പറക്കുമ്പോള്‍ എന്തുകൊണ്ടാണ് ജനല്‍ചില്ലകള്‍ പ്രകമ്പനം കൊള്ളാത്തത്? ആയുധധാരികളായ ആളുകള്‍ വാതില്‍ തകര്‍ത്ത് വീട്ടിലേക്കും, ഞങ്ങളുടെ ജീവിതത്തിലേക്കും ഏതുനിമിഷവും വന്നേക്കുമെന്ന ആശങ്കയെ എന്നില്‍നിന്ന് അകറ്റാന്‍ ഞാന്‍ ഇപ്പോഴും ശ്രമിക്കുന്നു. റോഡ് തടസ്സങ്ങളും, ഹമ്മറുകളും, മുഖ്‌താദയുടെ ചിത്രങ്ങളും, മറ്റും ഇല്ലാത്ത തെരുവുകള്‍ കാണാന്‍ എന്റെ കണ്ണുകളെ ഞാന്‍ പരിശീലിപ്പിക്കുന്നു.
എങ്ങിനെയാണ് അവയൊക്കെ കേവലമൊരു ഹ്രസ്വമായ കാര്‍ യാത്രയുടെ അപ്പുറത്തായിതീര്‍ന്നത്?
http://countercurrents.org എന്ന സമാന്തര മാദ്ധ്യമ വെബ്ബില്‍ സെപ്തെമ്പര്‍ 7-ന് വന്ന THE GIRL BLOGGER FROM BAGHDAD LEAVES HOME എന്ന പോസ്റ്റിങ്ങിന്റെ പരിഭാഷ. ഇതെഴുതിയ പെണ്‍കുട്ടിയുടെ പേര്‍ അജ്ഞാതമാണ്.
1. 'R' എന്നൊരാളെയാണ് ഈ ഭാഗത്ത് പെണ്‍കുട്ടി അഭിസംബോധന ചെയ്തിട്ടുള്ളത്. Reader-നോടുള്ള സംവേദനമായി പരിഭാഷപ്പെടുത്തി എന്നുമാത്രം. പരിഭാഷകന്റെ പേരിന്റെ തുടക്കവും 'R'എന്നായത്, തികച്ചും യാദ്ര്‌ശ്ചികമാണ്. അതല്ലെങ്കില്‍, നിയോഗം. ഏതുമാവാം.
Subscribe to:
Post Comments (Atom)
39 comments:
“ബൂലോകത്തിലെ ഒരു സഹയാത്രിക വീടൊഴിഞ്ഞു പോവുന്നു”
അതിര്‍ത്തി കടന്നതിനു ശേഷമുള്ള ആദ്യനിമിഷങ്ങളില്‍ വല്ലാത്തൊരു ശ്വാസംമുട്ടലായിരുന്നു. ആശ്വാസവും, ദു:ഖവും ഒരുപോലെ ഞങ്ങളെ പൊതിഞ്ഞു. എങ്ങിനെയാണ്, ഇത്ര കുറച്ചു കിലോമീറ്ററുകളും, ഏതാണ്ട് ഇരുപതുമിനുട്ട് ദൂരം വരുന്ന യാത്രയും, മരണത്തെയും ജീവിതത്തെയും ഈ മട്ടില്‍ വേര്‍തിരിക്കുന്നത്?
ഇതു വായിച്ചപ്പോ അവരുടെ മനസ്സില്‍ കൂടെ യാത്ര ചെയ്യുന്നതു പോലെ തോന്നി.
നന്നായിരിക്കുന്നു പരിഭാഷ.
രാജീവേട്ടാ...
പരിഭാഷ ഇവിടെ പോസ്റ്റാക്കിയതിനു നന്ദി.
വളരെ ഇഷ്ടപ്പെട്ടു.
“വീട് ഒരു മ്യൂസിയം തന്നെയാണ്. ചരിത്ര കഥകള്‍ പറഞ്ഞുതരുന്ന ഒരു മ്യൂസിയം. ഒരു കോപ്പയോ,കളിപ്പാട്ടമോ, എന്തുതന്നെയാകട്ടെ, അത് നിങ്ങളുടെ കണ്മുന്നില്‍ ഓര്‍മ്മകളുടെ രു അദ്ധ്യായം തുറന്നുവെക്കുന്നു.”
എത്ര സത്യം!
:)
ആഷ, ശ്രീ,
നന്ദി.
നന്നായിട്ടുണ്ട് പരിഭാഷ. ആ കുട്ടി അന്യവീട്ടില്‍ നിന്നും ബാക്കി എഴുതുമോ?
ശാലിനീ,
എഴുതിയിരുന്നെങ്കില്‍ എന്ന് ആശിക്കാന്‍ മാത്രമേ നമുക്കു നിര്‍വ്വാഹമുള്ളു.
കൌണ്ടര്‍ കറന്റില്‍ കണ്ടിരുന്നു. പരിഭാഷകന്‍ ഇതൊരു നിയോഗമായി ഏറ്റെടുത്തതിന് അഭിവാദ്യങ്ങള്‍. ആ കുട്ടി എത്രയും പെട്ടെന്ന് സ്വന്തം വീട്ടില്‍ മടങ്ങിയെത്തട്ടെ എന്നു ആശിക്കുന്നു.എത്തും എന്നു തന്നെ ഉറച്ച് വിശ്വസിക്കുന്നു.
രാജീവു്,
നന്നായിരിക്കുന്നു പരിഭാഷ.
ആര്‍ക്കും കാണാനോ സ്പര്‍ശിക്കാനോ സാധിക്കാത്ത ഈ അതിരുകള്‍ .??
ബാക്കിയും എഴുതിയിരുന്നെങ്കില്‍..
ഇറാഖി ജനതയില്‍ 10 ലക്ഷം പേര്‍ രാജ്യത്തിനകത്തും 10 ലക്ഷം പേര്‍ രാജ്യത്തിനു പുറത്തും അഭയാര്‍ത്ഥികളായി കഴിയുന്നു. 2003ലെ അധിനിവേശത്തിനുശേഷം 10 ലക്ഷം ഇറാഖികള്‍ കൊല്ലപ്പെട്ടു എന്നും ഈയിടെ വായിച്ചിരുന്നു. 2006 ഒക്ടോബറിലെ ലാന്‍സ്‌നെറ്റ് കണക്കാക്കിയതിലും (6.5 ലക്ഷം)അധികം പേര്‍ അവിടെ കൊല്ലപ്പെട്ടിട്ടുണ്ടത്രേ.
ഇത് പരിഭാഷപ്പെടുത്തിയതിനും പോസ്റ്റ് ചെയ്തതിനും നന്ദി രാജീവ്..കൂടുതല്‍ ആളുകള്‍ വായിക്കേണ്ട പോസ്റ്റ്.
പ്രിയ രാജേഷ്
ഈ പരിഭാഷയ്ക്കു തയ്യാറായ നിങ്ങളുടെ മനസ്സിനു മുന്‍പില്‍ നമിയ്ക്കുന്നു
ഇത്രയധികം സംഘര്‍ഷത്തോടെ ഇതിനു മുന്‍പ് ഒന്നും വായിച്ചിട്ടില്ല.
അമര്‍ഷവും, സങ്കടവും, ദുഃഖവും...എല്ലാത്തിനുമുപരി ഒന്നും ചെയ്യാനാവില്ലാന്നുള്ള തിരിച്ചറിവും.
ഇതു പരിഭാഷപെടുത്തിയത് ആത്മാര്‍ത്ഥമായ നന്ദി, ശ്രി രാജീവ്.
ചാത്തനേറ്: പരിഭാഷയാണെന്ന് തോന്നൂല്ല ആ പെണ്‍കുട്ടി ഒരു മലയാളിയാണെന്നേ തോന്നൂ.
നന്നായി രാജീവ്,
വീടൊഴിഞ്ഞ് പോകുന്നതിണ്റ്റെ വിഷമം അറിഞ്ഞവനാണു ഞാന്‍,ഈ നൊമ്പരം ഞാന്‍ മനസിലാക്കുന്നു.ബാല്യം സമ്മാനിക്കുന്ന ഒര്‍മ്മകള്‍ ഞാന്‍ ഒളിപ്പിച്ചു വെച്ചിരുന്ന എണ്റ്റെ ആ വീട് തിരിച്ചു പിടിക്കാന്‍ ഇന്നെനിക്കു സാമ്പത്തികമായി കഴിയും.പക്ഷെ കഴിഞ്ഞ ലീവില്‍ പോയപ്പോ അവിടം ശൂന്യമായത് വളരെ വേദനയുണ്ടാക്കി....എല്ലാം നിയോഗങ്ങള്‍.
രാജീവ്,
നിങ്ങള്‍ കുറേ കാലമായി ചെയ്തുകൊണ്ടിരിക്കുന്ന പരിഭാഷകള്‍ ഒരുപക്ഷേ മൌലീക രചനകള്‍ക്കാവുന്നതിലുമപ്പുറം നിങ്ങളിലെ മനുഷ്യനെ സുതാര്യമാക്കിക്കൊണ്ടിരിക്കുന്നു.നിങ്ങളെ അറിയാം എന്ന് തോന്നിപ്പിക്കുന്നു. തോന്നലല്ല.., ഉറപ്പ് തന്നെ.
അടിയന്തരാവസ്ഥ എന്തെന്ന് വായിച്ചറിഞ്ഞ അനുഭവമേ നമ്മള്‍ക്കുള്ളു.എങ്കിലും ആ വരികളിലൂടെ നടക്കുമ്പോള്‍ ഒരുതരം ശ്വാസം മുട്ട് അനുഭവപ്പെടാറുണ്ട്.സരമാഗുവിന്റെ അന്ധത വായിച്ചപ്പോഴും അത് തോന്നി.കല്പനയുടെ ഗാംഭീര്യത്തിനപ്പുറം അനുഭവത്തിന്റെ പ്രകടനപരമല്ലാത്ത ഒരു വിങ്ങല്‍ ഈ വരികള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നു.
ഒന്നുമില്ല , ഇതെഴുതിയ അജ്ഞാതയായ പെണ്‍കുട്ടിക്ക് നല്‍കാന്‍..;ഒരു നിശ്വാസം പോലും.
നന്നായിട്ടുണ്ട് പരിഭാഷ....
വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.
വിശാഖ്, പരസ്യമായി മാനഭംഗപ്പെടുന്ന ഒരു സ്ത്രീയുടെ അവസ്ഥയാണ് ഇറഖിന്റേത്. ഒരു ഉളുപ്പുമില്ലാതെ നോക്കിനില്‍ക്കുന്ന ‘ധര്‍മ്മപുത്ര‘രാദികളുടെ സ്വാസ്ഥ്യം നമുക്കും. പാലസ്തീന്‍ കുട്ടികള്‍ ചെയ്യുന്നപോലെ ഒരു കല്ലെടുത്ത് എറിയുന്നു ഞാന്‍. അത്രയേയുള്ളു.
സ്നേഹപൂര്‍വ്വം
പരിഭാഷ നന്നായിട്ടുണ്ട്. ആന്‍ ഫ്രാങ്കിന്റെ ഡയറി വായിച്ചപ്പോഴുള്ള പോലെ ഒരു വിങ്ങല്‍..
നന്ദി ഒരു പാട്, ഈ പോസ്റ്റിട്ടതിനും നല്ല പരിഭാഷയ്ക്കും...
വളരെ നന്നായിട്ടുണ്ട്.. അവസാനം വരേയും ഒരു പരിഭാഷ ആണെന്ന തൊന്നലെ ഉണ്ടായിരുന്നില്ല.
കഥയിലെ പെണ്‍കുട്ടിയ്ക്ക് ജീവിതത്തില്‍ നല്ലത് വരട്ടെ എന്നാശംസിക്കാന്‍ അല്ലെ കേവല മനുഷ്യരായ നമുക്ക് കഴിയു..
വായിച്ചു.. എന്താ പറയണ്ടെ എന്നറിയില്ല... എന്നാലും വെറുതെ മനസ്സിലൊരു ചിന്ത... “ഞാന്‍ എത്ര ഭാഗ്യവതി”...
സുന്നികളും, ഷിയകളും, അറബികളും, കുര്‍ദ്ദുകളും, എല്ലാം സിറിയന്‍ അധികൃതരുടെ മുന്നില്‍ സമന്മാര്‍.
പണക്കാരനും, പാവപ്പെട്ടവനും, ഇല്ല. എല്ലാവരും അഭ്യാര്‍ത്ഥികള്‍. എല്ലാ അഭയാര്‍ത്ഥികളും കാഴ്ച്ചയില്‍ ഒരു പോലെയാണ്. അവരുടെ മുഖത്ത് നിങ്ങള്‍ക്ക് ഒരു പൊതുവായ ഭാവം കാണാന്‍ സാധിക്കും. ആശ്വാസത്തില്‍ കലര്‍ന്ന ദു:ഖവും, മേമ്പൊടിയായി അല്‍പ്പം ആശങ്കയും. എല്ലാ മുഖവും ഏറെക്കുറെ ഒരുപോലെ.
ഈ വാക്കുകള്‍ വളരെ സ്പര്‍ശിക്കുന്നതായി. ഈ സാഹചര്യങ്ങളില്‍ക്കൂടി കടന്നുപോകുന്ന മനുഷ്യരെ ഓര്‍ക്കുമ്പോള്‍ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്‍ അല്ലേ?
രാജീവ്, ഈ സ്വതന്ത്ര പരിഭാഷ വളരെ നന്നായിരിക്കുന്നു.
രാജീവാ, വിവര്‍ത്തനത്തിന്റെ ഭാഷ അതിമനോഹരം. മാത്യൂ ആര്‍ണോള്‍ഡാണെന്നു തോന്നുന്നു, what is lost in translation isPoetry എന്നു വിവര്‍ത്തനത്തെ നിര്‍വചിച്ചത്. ഒറിജിനലിലെ ഭാഷ ഒരു യാഥാര്‍ത്ഥ്യം അനാവരണം ചെയ്യുന്നല്ലാതെ വായനാസുഖം പകരുന്നില്ല. വിവര്‍ത്തനം ഒറിജിനലിനെ വെല്ലുന്നു.
പണ്ടൊരു പ്രസംഗത്തില്‍ പ്രസിഡണ്ട് രാധാകൃഷ്‌ണന്‍ കോളറിഡ്‌ജിന്റെ വരികളെടുത്തു കാച്ചി - water water everywhere - no drop to drint (Ancient Marriner). സ്‌പോട്ടില്‍ എന്‍.വി. കൃഷ്‌ണവാരിയര്‍ അതിനെ വിവര്‍ത്തനം ചെയ്‌തത് ഇങ്ങിനെയും - വെള്ളം വെള്ളം സര്‍വ്വത്ര - തുള്ളി കുടിക്കാനില്ലത്രെ. ശ്രോതാക്കളുടെ കൈയ്യടി കേട്ട ബൂദ്ധിമാനായ പ്രസിഡണ്ടിന്റെ കമന്റും വന്നു, The translater excels the speaker. രാജീവാ അഭിവാദ്യങ്ങള്‍. കുറെ കാലത്തിനുശേഷം ബ്ലോഗിലിറങ്ങാന്‍ സമയം കിട്ടിയതാണ്. ആദ്യ വായന താങ്കളേയും.
ആ സഹയാത്രികയെ പരിചയപ്പെടുത്തിതന്നത്തിന് നന്ദി.നല്ല പരിഭാഷ.
ചേലനാട്ട്.....
പരിഭാഷ നന്നായി....ശരിക്കും ആ പെണ്‍കുട്ടിയുടെ കൂടെ സഞ്ചരിച്ചത് പോലെ...
എന്തിനുവേണ്ടിയുള്ളതായാലും....ആരു ചെയ്താലും യുദ്ധം നരകമാണ്...പലായനവും...
നല്ല പരിഭാഷ.നല്ല വിവരണം.അഭയാര്‍ഥികള്‍ എന്നും മനുഷ്യമനസ്സിനെ അലട്ടും...ആനന്ദിന്റെ നോവലുകള്‍,ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍(ജോണ്‍ സ്ടീന്‍ബക്)....ഒക്കെ വായിച്ച്തിന്റെ നൊമ്പരം മനസ്സിന്നു ഊര്‍ജ്ജമാണു...നന്നയിട്ടുണ്ട്..നന്ദി...ഇതിനൊക്കെയാണു ബ്ളോഗ് എന്ന പുതിയ ദിശാസൂചനയും
രാജീവ്,
ഇപ്പൊ ദുബായിലാണെന്ന് പുതിയ പൊസ്റ്റ് കണ്ടപ്പൊ മനസിലായി.എന്റെ കുറിപ്പിന് ഇട്ട മറുപടി വിചിത്രമായ ഒരു തുടര്‍ച്ചയെ ഓര്‍മ്മിപ്പിക്കുന്നു.കുരേക്കാലം മുന്‍പ് വരെ ദുബായിലെ മാംസവിപണിയിലെ പ്രധാന ഇനം റഷ്യന്‍ സ്ത്രീകളായിരുന്നുവല്ലൊ.ഇപ്പൊ ആ ഇടത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് ഇറാഖി സ്ത്രീകളാണെന്ന് കേള്‍ക്കുന്നു.ഒരു സമൂഹം നേരിടുന്ന ദുരന്തത്തിന്റെ ബാക്കിപത്രമായി അവരുടെ സ്ത്രീകള്‍ വിറ്റഴിക്കപ്പെടുന്നു എന്നത് ദയനീയമായ ഒരു തുടര്‍ച്ചയാണ്..കല്ലുകളുടെ ഒരു മഹാശേഖരം തന്നെ ഉണ്ടാവേണ്ടിയിരിക്കുന്നു.എറിയുവാന്‍ രാവണന്‍ കൈകളും..ഇവിടെ അക്ഷരങ്ങള്‍ നേര്‍ത്ത് നേര്‍ത്ത് ഒരു പോറലായി , അതിന്റെ നീറ്റലായ്..
പരിഭാഷ വളരെ നന്നായിരിക്കുന്നു.
നിത്യന്‍, കിനാവ്,സാന്‍ഡോസ്, രാമനുണ്ണിമാഷ്,കുതിരവട്ടം, ഇട്ടിമാളു, അപ്പൂ..എല്ലാവര്‍ക്കും നന്ദി.
വിശാഖ്, ഞങ്ങളുടെ മാംസവിപണി സജീവവും, സമ്പുഷ്ടവുമാണ്.കങ്കാണികളും. കമ്മ്യൂണിസത്തിന്റെ അവസാനഘട്ടത്തിലാണ് ഞങ്ങള്‍. “ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച്, ഓരൊരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച്”.
സാര്‍വ്വദേശീയ സുഖഭോഗങ്ങള്‍ക്ക് എല്ലാ സീസണിലും നല്ല വിലക്കിഴിവുണ്ട്. ഒന്നെടുത്താല്‍ രണ്ട് തടയാനും ഇടയുണ്ട്.
സ്നേഹപൂര്‍വ്വം
മാഷേ... വായിക്കാന്‍ ഒത്തിരി താമസിച്ചു... ഇപ്പോഴും ഇത് കണ്ടിരുന്നെങ്കില്‍ നഷ്ടമാവുമായിരുന്നു.
അനുഭവങ്ങളുടെ ചൂളയിലൂടെ നടന്ന പ്രതീതി.
വളരെ നന്നായിട്ടുണ്ട്, കൂടുതല്‍ പരിഭാഷകള്‍ പ്രതീക്ഷിക്കുന്നു...
നന്ദി രാജീവ്,
ഇത് കാണിച്ചു തന്നതിനും പരിഭാഷപ്പെടുത്തി തന്നതിനും,
ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ പോലെ യുദ്ധവും, പലായനവും, ഭീതിയും പശ്‌ചാത്തലമായ എഴുത്തുകള്‍ അപൂര്‍വ്വമാണെന്നു തോന്നുന്നു. അനുഭവം നിര്‍ബന്ധമാണ് എന്നതു തന്നെയാവും കാരണം. 'എങ്ങിനെയാണ്, ഇത്ര കുറച്ചു കിലോമീറ്ററുകളും, ഏതാണ്ട് ഇരുപതുമിനുട്ട് ദൂരം വരുന്ന യാത്രയും, മരണത്തെയും ജീവിതത്തെയും ഈ മട്ടില്‍ വേര്‍തിരിക്കുന്നത്?. ഈ ചിന്തയില്‍ തന്നെ എല്ലാം പ്രകടമാണ്. പരിഭാഷകന്, സൃഷ്ടാവിനോട് നൂറു ശതമാനം ആത്മാര്‍ഥത പുലര്‍ത്താന്‍ സാധിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍...
:(
പരിഭാഷ വളരെ നന്നായിരിക്കുന്നു.
അനുവാദം തരൂ.
ഈ പരിഭാഷ ഞങള്‍ പ്രസിദ്ധീകരിക്കുന്ന അക്ഷരം എന്ന മാസികയില്‍ ഉള്‍പ്പെടുത്തട്ടേ?
അക്ഷരം ഒരു വലിയ സാധനമൊന്നുമല്ല ട്ടോ. സൌദിയിലെ റിയാദില്‍ നിന്നും ഞങള്‍ടെ ഇടയില്‍ വിതരണം ചെയ്യുന്ന ഒരു ചെറ്രിയ ഫോട്ടോകോപ്പി മാസിക.കോപ്പി മെയില്‍ ചെയ്യാം.
എംബിസുനില്‍കുമാര്‍ അറ്റ് ജിമെയില്‍ ഡോട്ട്കോം
അനുവാദം മെയിലായി അയക്കുമോ?
(നല്ലത് എന്നുപറയുന്നതിലും നല്ലത് ഇങ്ങനെ എന്തെങ്കിലും ചെയ്യുകയല്ലേ? പ്രിന്റ് ചെയ്ത് വിതരണം നടത്തിയാല്‍ കൂടുതല്‍ ആളുകള്‍ വായിക്കും. ബ്ലോഗില്‍ നിന്ന് പ്രിന്റിലേക്കും..തിരിച്ചും.. അങനെ വേണം എന്നാ എന്റെ പക്ഷം. നന്ദി രാജീവ്)
നന്നായിരിക്കുന്നു പരിഭാഷ.
നന്ദി:)
നല്ല ഉദ്ദ്യമം. ഭംഗിയായിരിക്കുന്നു വിവര്‍ത്തനം. ഫീല്‍ ഒട്ടും പോകാതെ ഒപ്പിയെടുത്തു. താങ്കള്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം.
രാജീവേട്ടാ, നന്ദി ഈ പരിചയപെടുത്തലുകള്‍ക്ക് .
വായിച്ചു.
-നല്ല ഉദ്യമം, രാജീവ്.
ഇനി പ്രിന്റ് എടുത്ത് സൌകര്യമായി ഒന്നു കൂടി വായിക്കണം.
നന്ദി!
രാജീവ്,
പരിഭാഷ നന്നായി. വായിച്ച് ആകെ വിഷമവും.
Post a Comment