
ഒരു വലിയ മുന്നേറ്റത്തിലെ ആവേശോജ്ജ്വലമായ അദ്ധ്യായമായിരുന്നു ആയിരത്തിത്തൊള്ളായിരത്തി അറുപത്തെട്ട്. ഒട്ടനവനധി മറ്റു മുന്നേറ്റങ്ങൾക്ക് അത് കാരണമാവുകയും ചെയ്തു. 1968-എന്നൊന്നില്ലായിരുന്നുവെങ്കിൽ, ഇന്നു കാണുന്നവിധത്തിലുള്ള ഒരു ആഗോള അന്‌താരാഷ്ട്ര സഖ്യംതന്നെ ഉണ്ടാവുമായിരുന്നോ എന്നും സംശയമാണ്. മനുഷ്യാവകാശത്തിന്റെ മാത്രമല്ല, വംശീയ, പാരിസ്ഥിതിക ഉത്‌കണ്ഠകളുടെയും ഒരു വലിയ തരംഗമായിരുന്നു അത്.
പെന്റഗൺ രേഖകൾ (വിയറ്റ്‌നാം യുദ്ധത്തിനെക്കുറിച്ചുള്ള 7000 പേജ് വരുന്ന അതീവരഹസ്യ സർക്കാർ രേഖകൾ) ഇതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്. ടെറ്റ് ഉപരോധത്തിനുശേഷം വ്യവസായ സമൂഹം ഒന്നടങ്കം യുദ്ധത്തിനെതിരായി തിരിഞ്ഞു. എങ്കിലും കൂടുതൽ സൈന്യത്തെ വിയറ്റ്‌നാമിലേക്കയക്കാൻ സർക്കാരിനകത്തുതന്നെ കടുത്ത സമ്മർദ്ദം അപ്പോഴും ഉണ്ടായിരുന്നു. എങ്കിലും ലിൻഡൺ ജോൺസണ് അതിനുകൂട്ടാക്കിയില്ല.
രാജ്യത്തിനകത്ത് വർദ്ധിച്ചുവരുന്ന പൊതുവായ അസ്വാസ്ഥ്യത്തെ കണക്കിലെടുത്ത് യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നുവെന്ന് പെന്റഗൺ രേഖകൾ വ്യക്തമാക്കുന്നു. ഒരേസമയം, രാജ്യത്തിനകത്തെ ബഹളങ്ങളെയും വിയറ്റ്‌നാം യുദ്ധമുഖത്തെ ആവശ്യങ്ങളെയും നേരിടാനുള്ള സേനാബലം തങ്ങൾക്കില്ലെന്ന് അമേരിക്ക തിരിച്ചറിയുകയായിരുന്നു.
1968-നെക്കുറിച്ചുള്ള ഏറ്റവും വിചിത്രമായ ഒരു പ്രതികരണം പുറത്തുവന്നത്, ത്രികക്ഷി കമ്മീഷന്‍(Trilateral Commission)പുറത്തിറക്കിയ പ്രസിദ്ധീകരണത്തിലാണ്. പൊതുജനപങ്കാളിത്തത്തിന്റെ ആധിക്യം കൊണ്ട് ഒരു 'ജനാധിപത്യപ്രതിസന്ധി' നിലവിലുണ്ടെന്നായിരുന്നു ആ പ്രസിദ്ധീകരണത്തിന്റെ വെളിപ്പെടുത്തൽ. പൊതുസമൂഹം എപ്പോഴും, നിഷ്ക്രിയവും, നിശ്ശബ്ദവുമായിരിക്കണമെന്നായിരുന്നു, 1960-വരെ നിലനിന്നുപോന്നിരുന്ന സങ്കൽപ്പം. ആ സങ്കൽപ്പത്തിനെ പൊതുസമൂഹം തകർത്തപ്പോഴാണ് ഈ പറഞ്ഞ "ജനാധിപത്യത്തിന്റെ അമിതപ്രസരം' എന്ന വ്യാഖ്യാനം വന്നത്. അതാകട്ടെ, വ്യവസ്ഥിതിയിൽ വളരെ വലിയ സമ്മർദ്ദമാണ് ഉളവാക്കിയത്. അതേസമയം, അമേരിക്കയിലെ കോർപ്പറേറ്റുകളാകട്ടെ, വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കിയതുമില്ല. കാരണം, രാഷ്ട്രീയത്തിലെ അവരുടെ ഇടപെടലിനെ സർക്കാർ പൊതുവെ അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്തുപോന്നിരുന്നു.
ജനാധിപത്യത്തിൽ കൂടുതൽ മിതത്വം സൂക്ഷിക്കാനും, അടങ്ങിയൊതുങ്ങിയിരിക്കാനും ആഹ്വാനം ചെയ്യാൻ ത്രികക്ഷി കമ്മീഷൻ മറന്നില്ല. മാത്രമല്ല, അരാഷ്ട്രീയവത്‌ക്കരണത്തിന്റെ മുഖ്യ ആയുധങ്ങളായ വിദ്യാലയങ്ങളും പള്ളികളും തങ്ങളുടെ കർത്തവ്യത്തിൽനിന്ന് വ്യതിചലിക്കുന്നുവെന്നും, കൂടുതൽ കർശനമായ അച്ചടക്കം അവർ പൊതുസമൂഹത്തിൽ അടിച്ചേൽപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
1968-ലെ സംഭവങ്ങളോടുള്ള സർക്കാരിന്റെ പ്രതികരണം കൂടുതൽ പ്രതിലോമപരമായിരുന്നു. കാരണം, അത് ജനാധിപത്യത്തിന്റെ അടിച്ചമർത്തലായിരുന്നു ലക്ഷ്യമാക്കിയിരുന്നത്. ജനാധിപത്യമാകട്ടെ, പൂർണ്ണമായും വിജയിച്ചിരുന്നില്ലെങ്കിലും, അതിലേക്കുള്ള പാതയിലായിരുന്നു. ഉദാഹരണത്തിന് 1968-ൽ നമുക്ക് സങ്കൽപ്പിക്കാൻ പോലുമാകുമായിരുന്നില്ല, അന്താരാഷ്ട്ര ഐക്യദാർഢ്യദിനം പോലെ ഒരു പ്രസ്ഥാനം 1980-കളോടെ ലോകത്ത് നിലവിൽ വരുമെന്ന്.
പക്ഷേ, എല്ലാ വിലക്കുകളെയും ഭേദിച്ച്, ജനാധിപത്യം 1968-ലെ സ്ഥിതിയിൽനിന്നുപോലും ഇന്ന് വളരെ മുന്നോട്ട് പോയിരിക്കുന്നു. വിയറ്റ്‌നാം യുദ്ധത്തിന്റെ ആദ്യവർഷങ്ങളിൽപ്പോലും, അതിനെതിരെയുള്ള ഒരു മുന്നേറ്റവും നിലവിൽ വന്നിരുന്നില്ല. പിന്നെയും ആറു വർഷങ്ങൾ കഴിഞ്ഞ്, കെന്നഡി ദക്ഷിണ വിയറ്റ്‌നാമിനെ ആക്രമിക്കുകയും, കൂടുതൽ സേനാനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തപ്പോഴാണ് ആ യുദ്ധവിരുദ്ധ മുന്നേറ്റങ്ങൾ പതുക്കെ ഉയരാൻ തുടങ്ങിയത്.
ഇന്നാകട്ടെ, ഇറാഖ് യുദ്ധം തുടങ്ങുന്നതിനുമുൻപുതന്നെ, അത്തരത്തിലുള്ള പ്രതിഷേധപ്രക്ഷോഭങ്ങൾ ആരംഭിച്ചുകഴിഞ്ഞതായി നമുക്ക് കാണാൻ കഴിഞ്ഞു. പടിഞ്ഞാറൻ ചരിത്രത്തിൽത്തന്നെ ആദ്യമായി, ഒരു സാമ്രാജ്യത്വയുദ്ധം ആരംഭിക്കുന്നതിനുംമുൻപുതന്നെ അതിനെതിരെയുള്ള ജനകീയപ്രക്ഷോഭങ്ങൾ പുറത്തുവന്നത്, ഇറാഖ് യുദ്ധത്തിൽ മാത്രമായിരുന്നുവെന്നതും നമ്മൾ കാണാതിരിക്കരുത്.
മറ്റൊന്നുള്ളത്, 1968-ൽ, വിയറ്റ്‌നാമിൽനിന്ന് പിന്മാറുന്ന കാര്യം സമൂഹത്തിന്റെ പൊതുധാരക്കു പുറത്തുള്ള ഒരു കാര്യം മാത്രമായിരുന്നുവെങ്കിൽ, ഇന്ന്, എല്ലാ പ്രസിഡന്റുസ്ഥാനാർത്ഥിക്കും, ഇറാഖിൽനിന്നുള്ള സേനാപിന്മാറ്റം ഒഴിച്ചുകൂടാനാവാത്ത ഒരു വിഷയമാണെന്നതാണ്.
അടിച്ചമർത്തിലുകൾക്കെതിരെ പണ്ടത്തേക്കാളേറെയായി പ്രതിഷേധങ്ങൾ രൂപപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ഒരു കാലത്ത്, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിത്യേനയെന്നോണം അമേരിക്ക സൈനിക അട്ടിമറികൾ സംഘടിപ്പിച്ചിരുന്നു. പക്ഷേ അടുത്തകാലത്തായി അമേരിക്ക ഇത്തരത്തിലുള്ള ഒരു നടപടിക്ക് തുനിഞ്ഞത്, 2002-ൽ വെനീസ്വലക്കെതിരെമാത്രമായിരുന്നു. അതിനെതിരെ ഉയർന്നുവന്ന ജനരോഷം ഭയന്ന് ഉടനടി അവർക്ക് അതിൽനിന്ന് പിന്മാറേണ്ടിയുംവന്നു.
പണ്ട് ചെയ്തിരുന്ന പോലെ എളുപ്പത്തിലൊന്നും അവർക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത ഒരു അവസ്ഥയാണിന്ന്.
മേൽപ്പറഞ്ഞ കാരണങ്ങൾകൊണ്ട്, 1968-ന്റെ പ്രസക്തിയെന്നത്, ദീർഘകാലം നിലനിൽക്കുന്നതും, ആശാവഹവുമായ ഒന്നാണെന്ന് എനിക്ക് തോന്നുന്നു.
3 comments:
1968-നെക്കുറിച്ച് നോം ചോംസ്കി എഴുതുന്നു
O.T. രാജീവ്ജി, ഇതേക്കുറിച്ചൊന്നെഴുതാമോ?
http://www.deepika.com/CAT2_sub.asp?ccode=CAT2&newscode=41342
നന്ദി രാജീവ്..കുറെ പോസ്റ്റുകള്‍ ഒരുമിച്ചാണ് വായിച്ചത്..ബാക്ക് ലോഗ് തീര്‍ക്കുന്നു...
Post a Comment