ഇറാന്‍ അത് തുടങ്ങിവെച്ചിരിക്കുന്നു. ആണവായുധങ്ങളേക്കാള്‍ മാരകമായ പ്രഹരമായിരിക്കും അത്.
വോയ്‌സിന്റെ ലക്കം 264-ലെ ലേഖനം തുടങ്ങുന്നത് അങ്ങിനെയാണ്. "ഇറാന്‍ അതുമായി മുന്നോട്ട് പോയിക്കഴിഞ്ഞിരിക്കുന്നു. ഇല്ല. അവരുടെ ആദ്യത്തെ ആണവ കപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് എത്തിയിട്ടൊന്നുമില്ല. അതിനേക്കാള്‍ എത്രയോ മടങ്ങ് മാരകമായ മറ്റൊന്ന് അവര്‍ വിക്ഷേപിക്കാന്‍ പോവുകയാണ്. അടുത്ത ആഴ്ച, ഇറാന്‍ ബോഴ്സ് എണ്ണയുടെ വ്യാപാരം ഡോളറില്‍നിന്ന് യൂറോയിലേക്ക് മാറ്റും". ചെറുതെന്ന് ഒറ്റനോട്ടത്തില്‍ തോന്നാവുന്ന ഈ നടപടി, പക്ഷേ, സങ്കല്‍പ്പിക്കാവുന്നതിനേക്കാള്‍ വലിയ പ്രത്യാഘാതമാണ് അമേരിക്കന്‍ ജനതക്കും, നമുക്കൊക്കെയും വരുത്തിത്തീര്‍ക്കുക.
ലണ്ടനിലും ന്യൂയോര്‍ക്കിലുമുള്ള കൈമാറ്റകേന്ദ്രങ്ങളിലൂടെയാണ് ഇന്ന് എണ്ണയുടെ കൊടുക്കല്‍-വാങ്ങലുകള്‍ നടക്കുന്നത്. ആ കേന്ദ്രങ്ങള്‍ അമേരിക്കന്‍ ഉടമസ്ഥതയിലുള്ളതാണെന്നത് ആകസ്മികവുമല്ല.
1924-ലെ വാള്‍സ്ട്രീറ്റിന്റെ തകര്‍ച്ചയാണ് ആഗോളമാന്ദ്യത്തിനും രണ്ടാം ലോകമഹായുദ്ധത്തിനും കാരണമായിത്തീര്‍ന്നത്. ആ യുദ്ധത്തില്‍, തങ്ങളുടെ സഖ്യകക്ഷികള്‍ക്ക് നല്‍കിയ സഹായത്തിനും ആയുധത്തിനും പ്രതിഫലമായി അമേരിക്ക അവരില്‍നിന്ന് ആവശ്യപ്പെട്ടത്, സ്വര്‍ണ്ണനിക്ഷേപങ്ങളായിരുന്നു. പണമല്ല.
1945-ഓടെ ലോകരാഷ്ട്രങ്ങളുടെ സ്വര്‍ണ്ണനിക്ഷേപത്തിന്റെ 80%വും അമേരിക്കന്‍ ലോക്കറുകളിലേക്കെത്തി. ഡോളര്‍ എന്നത് അനിഷേധ്യമായ ആഗോള കരുതല്‍ ധനമായി മാറുകയും ചെയ്തു. സ്വര്‍ണ്ണത്തേക്കാള്‍ സുരക്ഷിതമായ ഒന്നായി ലോകമൊട്ടുക്ക് അതിന് പ്രചാരം കിട്ടി. 1944-ല്‍ നിലവില്‍ വന്ന ബ്രെട്ടന്‍വുഡ് കരാറിന്റെ സംഭാവനയായിരുന്നു അത്.
നാളെ എന്നൊരു ദിവസം ഇല്ലെന്ന മട്ടില്‍ ഡോളര്‍ അച്ചടിക്കുകയാണ് അമേരിക്ക പിന്നീട് ചെയ്തത്. വര്‍ദ്ധിച്ചുവരുന്ന ഉപഭോഗാവശ്യങ്ങള്‍ക്കും, ധനികര്‍ക്കുള്ള നികുതിയിളവുകള്‍ക്കും, അന്യദേശങ്ങളില്‍ നടത്തുന്ന യുദ്ധങ്ങള്‍ക്കും, ഗൂഢസംഘങ്ങള്‍ക്കും, ചാരന്മാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും വേണ്ടി വമ്പിച്ച ഡോളര്‍ ശേഖരമാണ് അമേരിക്ക ഓരോ വര്‍ഷവും കയറ്റി അയച്ചുകൊണ്ടിരുന്നത്. ഇതൊന്നും ആഭ്യന്തരമായ നാണയപ്പെരുപ്പം ഉണ്ടാക്കിയില്ലെന്ന വസ്തുതയും ഇതോടൊപ്പം കാണണം. കാരണം, ഈ ഡോളറുകള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് പ്രത്യേകിച്ചൊരു ചിലവുകളും വേണ്ടിവന്നില്ല എന്നതുതന്നെ. ഒന്നോ രണ്ടോ കാടുകള്‍ മാത്രമേ അവര്‍ക്ക് നഷിപ്പിക്കേണ്ടിവന്നുള്ളു.
ലോകമൊട്ടുക്കുള്ള രാജ്യങ്ങളുടെ നാണയ അറകള്‍ വളരെ വേഗത്തില്‍ നിറഞ്ഞുവീര്‍പ്പുമുട്ടുകയും, കുന്നുകൂടുന്ന പച്ചനോട്ടുകളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ കൂടുതല്‍ക്കൂടുതല്‍ അറകള്‍ അവര്‍ക്ക് നിര്‍മ്മിക്കേണ്ടിയും വന്നു. രാജ്യത്തിനകത്ത് ചിലവഴിക്കുന്നതിനേക്കാള്‍ എത്രയോ അധികമായിരുന്നു അമേരിക്ക ബാഹ്യലോകത്ത് ചിലവഴിച്ചിരുന്ന ഡോളറുകള്‍. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, അമേരിക്കയൊഴിച്ചുള്ള മറ്റു ലോകരാഷ്ട്രങ്ങളുടെ സമ്പാദ്യങ്ങളിലും കരുതല്‍ ശേഖരത്തിലും (സ്വര്‍ണ്ണവും പണവുമായുള്ള ശേഖരങ്ങളില്‍) 66%വും അമേരിക്കന്‍ ഡോളറിലായിരുന്നു.
1971-ല്‍ പല രാജ്യങ്ങളും തങ്ങളുടെ കയ്യിലുള്ള ഡോളറുകള്‍ അമേരിക്കക്കു തിരിച്ചുനല്‍കാനും പകരം സ്വര്‍ണ്ണനിക്ഷേപങ്ങള്‍ വാങ്ങാനുമുള്ള ഒരു ശ്രമം നടത്തിനോക്കി. 1971 ആഗസ്റ്റ് 15-ന് അമേരിക്കന്‍ സര്‍ക്കാര്‍ ഇതില്‍ വീഴ്ചവരുത്തിയെന്ന് ക്രാസ്സിമിര്‍ പെട്രൊവ് (Krassimir Petrov) രേഖപ്പെടുത്തുന്നു. 'ഡോളറും സ്വര്‍ണ്ണവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുന്നു' എന്നാണ് അതിനു കാരണമായി അമേരിക്ക പറഞ്ഞതെങ്കിലും, സ്വര്‍ണ്ണത്തിലുള്ള തിരിച്ചടവ് നിഷേധിച്ചതിന്റെ പിന്നില്‍, അമേരിക്കയുടെ സമ്പദ്‌ശോഷണം തന്നെയായിരുന്നു. 1971-ല്‍ ബ്രറ്റന്‍വുഡ് കരാര്‍ അമേരിക്ക ഏകപക്ഷീയമായി പിന്‍വലിക്കുകയും ചെയ്തു.
1929-ലെ ജര്‍മ്മന്‍ അവസ്ഥയുടേതിനു സമാനമായ ഒരു പ്രതിസന്ധിയിലാണ് ഡോളറും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയും ചെന്നുപെട്ടത്. മറ്റു രാജ്യങ്ങള്‍ക്ക് കടലാസ്സു ഡോളറിന്റെ ശേഷിയിലുള്ള വിശ്വാസവും ധൈര്യവും നിലനിര്‍ത്തേണ്ടതിനുള്ള വഴികള്‍ അമേരിക്കക്ക് തേടേണ്ടതുണ്ടായിരുന്നു. അതിനുള്ള പരിഹാരമാര്‍ഗ്ഗമായിരുന്നു അവര്‍ക്ക് എണ്ണ. അഥവാ പെട്രോഡോളര്‍.
എണ്ണവില്‍പ്പന ഡോളറിന്റെ അടിസ്ഥാനത്തിലാക്കാന്‍ സൗദി അറേബ്യയുടെയും പിന്നീട് ഒപ്പെക്കിന്റെയും മേല്‍ അമേരിക്ക കടുത്ത സമ്മര്‍ദ്ദം ചെലുത്തി. അത് സഫലമാവുകയും ചെയ്തു. ഡോളര്‍ രക്ഷപ്പെട്ടു. ഇനിയിപ്പോള്‍, എണ്ണ വാങ്ങണമെങ്കില്‍ കയ്യില്‍ ഡോളര്‍ വേണമെന്ന അവസ്ഥയിലായി മറ്റു രാജ്യങ്ങള്‍. ലോകത്തെവിടെനിന്നും സൗജന്യമായി അമേരിക്കക്ക് എണ്ണ വാങ്ങാമെന്ന അവസ്ഥയും ഇതോടെ സംജാതമായി. ഒരു ഹൗഡിനി മാജിക്ക്. ഡോളര്‍ തകരാതിരിക്കാന്‍ വേണ്ടി സ്വര്‍ണ്ണത്തിന്റെ സ്ഥാനം എണ്ണ ഏറ്റെടുത്തു.
1971-നുശേഷം, അമേരിക്ക പിന്നെയും ഡോളര്‍ അച്ചടി പൂര്‍വ്വാധികം ശക്തിയോടെ പുനരാരംഭിച്ചു. ഇതിന്റെ ഫലമായി വ്യാപാരകമ്മി വര്‍ദ്ധിച്ചു. പ്രത്യേകിച്ചൊരു മുതല്‍മുടക്കൊന്നുമില്ലാതെ അമേരിക്ക അവശേഷിക്കുന്ന ലോകത്തിന്റെ ഉത്‌പന്നങ്ങള്‍ ഉപഭോഗിക്കാന്‍ തുടങ്ങി. ഡോളറുകള്‍ സൂക്ഷിക്കാനുള്ള കൂടുതല്‍ അറകള്‍ മറ്റു രാജ്യങ്ങള്‍ക്ക് നിര്‍മ്മിക്കേണ്ടിയും വന്നു.
കോയ്‌ലിന്‍ നൂനാന്‍ (Cóilínn Nunan) 2003-ല്‍ എഴുതി: "ആഗോള കരുതല്‍ ധനം സ്വാഭാവികമായും ഡോളറായി മാറി. എല്ലാ ഔദ്യോഗിക കൈമാറ്റങ്ങളുടെയും കരുതല്‍ ധനത്തിന്റെയും മൂന്നില്‍ രണ്ടും, വിദേശകൈമാറ്റ വ്യാപാരങ്ങളുടെ അഞ്ചില്‍ നാലും, ആഗോള കയറ്റുമതിവ്യാപാരത്തിന്റെ പകുതിയും ഡോളറിന്റെ അടിസ്ഥാനത്തിലായി. ഇതിനുപുറമെ, അന്താരാഷ്ട്ര നാണയനിധിയുടെ വായ്പകളും ഡോളറിലേക്ക് മാറ്റി". കീല്‍ സര്‍വ്വകലാശാലയിലെ ഡോ. ബുലന്റ് ജുക്കെ (Dr Bulent Gukay ) ഈയടുത്തകാലത്ത് അഭിപ്രായപ്പെട്ട മറ്റൊരു കാര്യവും ഇവിടെ ശ്രദ്ധേയമാണ്. " എണ്ണ വ്യാപാരത്തിലെ ആഗോള കരുതല്‍ ധനമായി ഡോളര്‍ രംഗപ്രവേശം ചെയ്തത്, ഡോളറിനുവേണ്ടിയുള്ള ആവശ്യത്തെ 'കൃത്രിമ'മായി ഉയര്‍ത്തുകയാണുണ്ടായത്. വര്‍ദ്ധമാനമായ സൈനിക ചിലവുകള്‍ക്കും ആഭ്യന്തര ഉപഭോഗത്തിനായുള്ള ഇറക്കുമതികള്‍ക്കും വേണ്ടി, ഒരു ചിലവുമില്ലാതെ ഡോളറുകള്‍ അച്ചടിച്ചിറക്കാന്‍ അമേരിക്കയെ ഇത് പ്രാപ്തമാക്കി. ഡോളര്‍ അച്ചടിക്കുന്നതിന് സൈദ്ധാന്തികമായ എന്തെങ്കിലും പരിമിതികള്‍ ഉണ്ടായിരുന്നതുമില്ല. വെല്ലുവിളികളുയര്‍ത്തുന്ന മറ്റേതെങ്കിലും കറന്‍സികളില്ലാതിരിക്കുകയും മറ്റു രാജ്യങ്ങള്‍ക്ക് ഡോളറില്‍ വിശ്വാസമുണ്ടായിരിക്കുകയും ചെയ്യുന്ന കാലത്തോളം സുഗമമായി നടക്കുന്ന ഒരു കലാപരിപാടിയായിരുന്നു ഇത്.
അടുത്തകാലം വരെ അമേരിക്കന്‍ ഡോളര്‍ തികച്ചും സുരക്ഷിതമായിരുന്നു. പക്ഷേ 1990-നുശേഷം പടിഞ്ഞാറന്‍ യൂറോപ്പ് അതിവേഗം ശക്തിപ്രാപിക്കുകയും, മദ്ധ്യ-പൂര്‍വ്വ യൂറോപ്പിനെ വിഴുങ്ങാന്‍ ആരംഭിക്കുകയും ചെയ്തു.
പ്രത്യേകിച്ചൊരു ചിലവുമില്ലാതെ ഉത്‌പന്നങ്ങളെയും ആളുകളെയും വിലക്കെടുക്കാനുള്ള അമേരിക്കയുടെ ശേഷിയില്‍ ഫ്രാന്‍സിലെയും ജര്‍മ്മനിയിലെയും യജമാനന്മാര്‍ക്ക് അസൂയ തോന്നാന്‍ തുടങ്ങിയിരുന്നു. അപ്പത്തിന്റെ ഒരു കഷണം എന്തുകൊണ്ട് തങ്ങള്‍ക്കും ആയിക്കൂടാ എന്നവര്‍ ചിന്തിച്ചു. പോരാത്തതിന് അമേരിക്കന്‍ ഡോളറിന്റെ സഹായത്തോടെ രംഗത്തുവന്ന ശക്തമായ എതിര്‍പ്പുകളെ-പ്രത്യേകിച്ചും ബ്രിട്ടന്റെ എതിര്‍പ്പിനെ- അതിജീവിച്ചുകൊണ്ട് യൂറോ നിലവില്‍ വന്നു. നിലവില്‍ വന്നു എന്നു മാത്രമല്ല, അത് വിജയിക്കുകയും ചെയ്തു.
യൂറോ നിലവില്‍ വന്ന് മാസങ്ങള്‍ക്കകം, ഒപ്പെക്കുമായുണ്ടായ കരാറുകള്‍കൂടി ലംഘിച്ച്, സദ്ദാമിന്റെ കീഴിലുള്ള ഇറാഖ്, തങ്ങളുടെ എണ്ണവ്യാപാരം ഇനി മുതല്‍ ഡോളറിനുപകരം യൂറോയിലായിരിക്കുമെന്ന് തുറന്നു പ്രഖ്യാപിച്ചു. യൂറോയിലേക്ക് മാറുന്നതിനെക്കുറിച്ച് ഇറാനും, റഷ്യയും, വെനീസ്വലയും, ലിബിയയും കൂടുതല്‍ ആവേശത്തോടെ സംസാരിക്കാനും തുടങ്ങി. പ്രളയവാതിലുകള്‍ തുറക്കുകയാണോ എന്ന ആശങ്ക പരന്നു.
(തുടരും)
Monday, July 21, 2008
Subscribe to:
Post Comments (Atom)
3 comments:
പെട്രോ യൂറോയും പെട്രോ ഡോളറും - പ്രളയ വാതിലുകള്‍ തുറക്കുന്നു.
രാജീവ്,
നല്ല പോസ്റ്റ്. ലോക രാഷ്ടീയം അപഗ്രധിക്കുവാന്‍ ഈ പൊസ്റ്റ് ഉതകും എന്നു വിശ്വസിക്കുകയാണു.തുടരുക. ലോക സമ്പത് വ്യവസ്ഥയില്‍ ഡൊളറിന്റെ അധീശത്വം ഇടിയുന്നതാണു അമേരിക്കയുടെ ഈ പടപ്പുറപ്പാടുകള്‍ക്കു അടിസ്ഥാനമെന്നു കാണാന്‍ ഒരു ബുദ്ധിമുട്ടുമില്ല. യൂറൊയുടെ വരവിനെ സ്വാഗതം ചെയ്തതും പ്രൊത്സാഹിപ്പിക്കുകയും ചെയ്യുക എന്ന തെറ്റാണു കൊല്ലപ്പെട്ട സദ്ദാം ഹുസ്സൈന്‍ ന്റെ അന്ത്യത്തില്‍ കലാശിച്ചതെന്നും വ്യക്തമാണു. കൂടുതല്‍ കാത്തിരിക്കുന്നു.
ഇതൂടെ കണ്ടോളൂ - ഡോളറും ഇലക്കളിയും
Post a Comment