Tuesday, July 29, 2008

എടപ്പാളില്‍നിന്ന് ഇറ്റലിയിലേക്ക്‌ എത്ര ദൂരം?

ഇറ്റലിയിലെ നേപ്പിള്‍സില്‍, ടോറിഗാവെറ്റ കടലോരത്ത്‌, ഇളവെയിലേറ്റ്‌, കടലിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരുന്ന വിനോദസഞ്ചാരികള്‍.

തൊട്ടടുത്ത്‌, കടലില്‍ മുങ്ങി മരിച്ച റോമാ വംശജരായ രണ്ടു നാടോടി പെണ്‍കുട്ടികളുടെ നഗ്നമായ മൃതദേഹങ്ങള്‍ ഇളവെയിലേറ്റ്‌ അനാഥമായി, മണിക്കൂറുകളോളം കിടന്നു. ഒടുവില്‍, അലിവു തോന്നിയ ആരോ ചിലര്‍, ആ
മൃതദേഹങ്ങളെ പുതപ്പെടുത്ത് മൂടി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ കടലോരം കളിചിരിയിലേക്കും നിസ്സംഗതയുടെ മുങ്ങാംകുഴികളിലേക്കും കൂപ്പുകുത്തി കളി തുടര്‍ന്നു.

എന്തായാലും ആ ചിത്രം കുറേപ്പേരെ ക്ഷുഭിതരാക്കി. ഇറ്റലിയിലെ, റോമാ വംശജരും, ന്യൂനപക്ഷങ്ങളുമായ, ജിപ്സികള്‍ക്കെതിരെ ഇറ്റാലിയന്‍ സമൂഹം അനുവര്‍ത്തിക്കുന്ന ക്രൂരമായ അവഗണനയുടെയും വിവേചനങ്ങളുടെയും സാക്ഷ്യപത്രങ്ങളായിരുന്നു, ക്രിസ്റ്റീനയുടെയും വയലറ്റിന്റെയും വിറങ്ങലിച്ചു നിശ്ചലമായ ആ ശവശരീരങ്ങള്‍. 'ഇറ്റലിയെ ലജ്ജിപ്പിച്ച ചിത്രം’ എന്ന തലക്കെട്ടോടെ, ദി ഇന്‍ഡിപെന്റന്റ്‌ എന്ന പത്രത്തില്‍ വാര്‍ത്തയും ചിത്രവും ഇക്കഴിഞ്ഞ ആഴ്ചയാണ് വന്നത്.

ആലങ്കോട്‌ ലീലാകൃഷ്ണന്റെ ജിപ്സി എന്ന കവിതയും, എടപ്പാളിലെ നാടോടിസ്ത്രീകളും, അവരുടെ കുട്ടികളുമൊക്കെ, ഉള്ളിലൂടെ ഒന്നു തിരയടിച്ചു.

എടപ്പാളും ഇറ്റലിയുമൊക്കെ എത്ര അടുത്താണ്‌ !

17 comments:

Rajeeve Chelanat said...

എടപ്പാളും ഇറ്റലിയുമൊക്കെ എത്ര അടുത്താണ്‌ !

അനില്‍@ബ്ലോഗ് // anil said...

എടപ്പാളിലെപ്പൊലെയാണു ഇതുമെങ്കില്‍ സാരമില്ല. വിട്ടുകളയാം.എടപ്പാളില്‍ എന്തു സംഭവിച്ചു എന്നറിയാതെ ഇട്ട് ഈ തലക്കേട്ടു പൊസ്റ്റിനു ചേരില്ല രാജീവ്.

ഗുപ്തന്‍ said...

ഇറ്റലിയില്‍ ഫാസിസം ചിലസൂക്ഷ്മരൂപങ്ങളില്‍ തിരികെ വരികയാണ് രാജിവ് :(

കാരണങ്ങള്‍ പലതാണ്.

പൂര്‍വയൂറോപ്പിലെ പ്രശനങ്ങള്‍ക്ക് പരിഹാരമായി ഇവര്‍ വടക്കുകിഴക്കന്‍ അതിര്‍ത്തി തുറന്നിട്ടിരുന്നു. ഇറാക്കില്‍ നിന്നുള്ള കുര്‍ദുകളും ശ്രീലങ്കയില്‍ നിന്നുള്ള തമിഴരും ഇവിടെ അംഗീകൃത അഭയാര്‍ത്ഥികളാണ്.

അഭയാര്‍ത്ഥിപ്രശ്നത്തെ വഷളാക്കുന്ന മറ്റൊരു ഘടകം ലിബിയന്‍ ഗവണ്മെന്റ് ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കുന്ന ആഫ്രിക്കക്കാരുടെ അനധികൃത കുടിയേറ്റമാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ജനസംഖ്യയില്‍ പകുതിയിലധികം ഉപജീവനം തേടി എത്തുന്നവരായ അവസ്ഥയാണ് മിക്ക നഗരങ്ങളിലും.


ഇറ്റലിക്കാര്‍ പൊതുവെ സഹാനുഭൂതി ഉള്ള ഒരു ജനതയാണ്. പക്ഷെ മാറിമാറിവരുന്ന ഗവണ്മെന്റുകളുടെ പിടിപ്പുകേടുകൊണ്ട് അഭയാര്‍ത്ഥിപ്രശ്നം നന്നായി കൈകാര്യം ചെയ്യാന്‍ സാധിച്ചില്ല എന്നുമാത്രമല്ല തെക്കും വടക്കും തമ്മിലുള്ള സാമ്പത്തിക അസമത്വം ഏറുകയും ചെയ്തു.

തെക്കന്‍ ഇറ്റലിയിലെ ചെറുപ്പക്കാരില്‍ നല്ല ഒരു ഭാഗവും അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരാണ്. കോണ്ട്രാക്റ്റ് അടിസ്ഥാനമാക്കി ജോലി കൊടുത്താല്‍ ചിലവാകുന്നതിന്റെ പകുതിയോളമെ അനധികൃത തൊഴിലാളികളെ ജോലിക്കെടുത്താല്‍ തൊഴില്‍ദായകര്‍ക്ക് ചിലവാകുകയുള്ളൂ. അതുകൊണ്ട് തദ്ദേശീയരായ ചെറുപ്പക്കാര്‍ പലപ്പോഴും പിന്തള്ളപ്പെടുന്നു.

ഇതിനൊപ്പമാണ് കുടിയേറ്റക്കാരുടെ ഇടയിലുള്ള വളരെ ഉയര്‍ന്ന ക്രൈം റേറ്റ്. ഇതിനെ സംബന്ധിച്ച പൊതുജനത്തിന്റെ ധാരണ മാധ്യമങ്ങള്‍ പര്‍വതീകരിക്കുന്നുണ്ടന്നത് ശരി. പക്ഷെ കുടിയേറ്റക്കാരുടെ സാമ്പത്തിക പരാധീനതയും സെക്ഷ്വ്വല്‍ ഫ്രസ്ട്രേഷനും ക്രിമിനല്‍ റെക്കോഡുകളില്‍ അവരുടെ പേരു മുന്നിലെത്തിക്കുന്നുണ്ട്.

ഇക്കാര്യത്തിലെല്ലാം പൊതുജനത്തിന്റ്റ്റെ പ്രതികരണം പുറത്തുവരുന്നത് കുടിയേറ്റക്കാരോടും നൊമാഡുകളോടുമുള്ള അവജ്ഞയായിട്ടാണ്. ചില രാഷ്ട്രീയക്കാര്‍ അത് മുതലെടുക്കുകയും ചെയ്യുന്നുണ്ട്. എല്ലാം കൂടി എത്തിക്കുന്നത് ഇത്തരം മനസ്ഥിതികളിലേക്കാണ്. :(

Shaf said...

എടപ്പാളാണോ ഇറ്റലിയാണോ എന്നതല്ല അടിസ്ഥാനമായ പ്രശ്നം..മനുഷ്യന്റെ ഹൃദയത്തില്‍ പിടിച്ചിരിക്കുന്ന കാവാണ്..

ഒഴിവാക്കാമായിരുന്ന തലക്കെട്ട്..!

മാധവം said...

എല്ലാ മനുഷ്യത്ത ധ്വംസനങ്ങള്‍ക്കും ഒരെ നിറമാണു രാജീവ്.........
വല്ലാത്തൊരു ചിത്രം

ഭൂമിപുത്രി said...

ഈ വിശേഷമറിഞ്ഞിരുന്നില്ല രാജീവ്.നന്ദി
പശ്ചാതലം വിവരിച്ച ഗുപ്തനും

സുജനിക said...
This comment has been removed by the author.
Rajeeve Chelanat said...

ഗുപ്തന്‍

ഇറ്റലിയടക്കമുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥയേക്കാള്‍ ഭീകരമാണ് മെക്സിക്കോ തുടങ്ങിയ സ്ഥലങ്ങളിലെ അവസ്ഥകള്‍. ഈ കുടിയേറ്റക്കാരുടെ പ്രശ്നം, അമേരിക്കയുടെയും യൂറോപ്പിന്റെയും രാഷ്ട്രീയത്തെവരെ നിര്‍ണ്ണായകമായി ബാധിക്കുകയും ചെയ്തിരിക്കുന്നു. വിശദമായ പശ്ചാത്തലം ഇവിടെ നല്‍കിയതിനു നന്ദി.

അനില്‍,

എടപ്പാളിലെപ്പൊലെയാണു ഇതുമെങ്കില്‍ സാരമില്ല. വിട്ടുകളയാം.

എങ്ങിനെയാണ് വിട്ടുകളയുക? ശരിയാണ്, ഈ ഇരു സംഭവങ്ങള്‍ക്കും തമ്മില്‍ വലിയ സാമ്യമൊന്നുമില്ല. നാടോടികള്‍ എന്ന പൊതുഘടകം രണ്ടിലും വന്നതുകൊണ്ടും, മനുഷ്യത്വരഹിതമായ ആള്‍ക്കൂട്ടമനശ്ശാസ്ത്രം രണ്ടിലും (തുല്യ അളവിലല്ലെങ്കിലും) ഏറെക്കുറെ കാണാന്‍ (എനിക്ക്)കഴിഞ്ഞതുകൊണ്ടുമാണ് അത്തരമൊരു തലക്കെട്ട് നല്‍കിയത്.

അപ്പോഴും, എടപ്പാളിലെ കാര്യം അത്ര എളുപ്പത്തില്‍ വിട്ടുകളയുക സാധ്യമല്ല.താങ്കളുടെ ബ്ലോഗ്ഗ് കണ്ടു (അവിടെയും ഈ മറുപടി ഇടുന്നുണ്ട്) ആ നാടോടി സ്ത്രീ ഗര്‍ഭിണിയായിരുന്നില്ലെന്നൊക്കെയാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. എങ്കിലും, ആ ആള്‍ക്കൂ‍ട്ടത്തിന്റെ വീരസ്യത്തെ ന്യായീകരിക്കുന്നത്, എവിടുത്തെ പൌരബോധമാ‍ണ് അനില്‍? ഓ..എന്തൊരു പ്രതികരണശേഷിയുള്ള ചെറ്റക്കൂട്ടമാണ് അന്ന് ആ സ്ത്രീയെയും കുട്ടികളെയും തെരുവിലിട്ട് അവഹേളിച്ചത്? രക്ഷപ്പെടാന്‍ ആ സ്ത്രീ അന്ന് ഒരു സൂത്രം ഉപയോഗിച്ചു. ആട്ടെ, ആ കളവുപോയ സ്വര്‍ണ്ണാഭരണം കണ്ടു കിട്ടിയോ എടപ്പാളിലെ ആ കവലച്ചട്ടമ്പികള്‍ക്ക്? ഉവ്വോ?

സമൂഹത്തില്‍ ചില വിഭാഗങ്ങളുണ്ട്. എവിടെയും. ആര്‍ക്കും എന്തിനും, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, കുതിര കയറാന്‍. അതിനെ എതിര്‍ക്കേണ്ടിവരും മറ്റുചിലര്‍ക്ക്. വാര്‍ത്തകളില്‍ ആവശ്യത്തിനും അനാവശ്യത്തിനും കറിമസാലകളിട്ടു വിളമ്പുന്ന മാധ്യമ സംസ്കാരത്തെക്കുറിച്ചൊക്കെ നമുക്കറിയാം. എങ്കിലും ഇത്തരത്തിലുള്ള മനുഷ്യാവകാശധ്വംസനങ്ങള്‍ നടക്കുമ്പോള്‍, അവയെ (ഇടക്കൊക്കെ മാത്രമാണെങ്കിലും) പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ടല്ലോ അവര്‍ എന്ന് ആശ്വസിക്കുകയല്ലേ നല്ലത്?

അഭിവാദ്യങ്ങളോടെ

Nachiketh said...

)_...

ഗുപ്തന്‍ said...

കാര്യത്തിന്റെ ഗൌരവം ഒന്നറിയാന്‍.. ഇന്നലെ രാത്രിയില്‍ മാത്രം ലിബിയ വഴി ലാമ്പദൂസ എന്ന ഇറ്റാലിയന്‍ ദ്വീപില്‍ വന്നിറങ്ങിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ആയിരത്തില്‍ അധികം.
(വാര്‍ത്താലിങ്ക് ഇവിടെ: ക്ഷമിക്കുക ഇറ്റാലിയന്‍ ആണ്. ഇറ്റലിയിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രം വെബ് എഡിഷന്‍ http://www.corriere.it/cronache/08_luglio_31/lampedusa_sbarchi_32ea2536-5ecc-11dd-89c2-00144f02aabc.shtml)

ജനസംഖ്യയിലും പ്രകൃതിവിഭവങ്ങളിലും വളരെ പരിമിതി ഉള്ള 1950 കളില്‍ മാത്രം ഇന്‍ഡസ്റ്റ്രിയലൈസേഷന്‍ നടപ്പിലാക്കിയ ഒരു രാജ്യത്ത് ഇത്തരത്തിലുള്ള കുടിയേറ്റം സൃഷ്ടിക്കാവുന്ന പരിമിതികള്‍ ഓര്‍ത്തുനോക്കൂ. അതാണിവിടെ സംഭവിക്കുന്നത്.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ ലിബിയയുമായി ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു ഇറ്റലി അടുത്തകാലത്ത്. അതുകൊണ്ട് കാര്യമായ വ്യത്യാസമൊന്നും ഇല്ല.

അജ്ഞാതന്‍ said...

ഒരുപാടു ദൂരം ഉണ്ട് ...ഇറ്റലിയിലെ സംഭവം അപലപിക്കപെടേണ്ടതു തന്നെ....എന്നാൽ അതു എടപ്പാളിലെ സംഭവുമായി ഒരു ബന്ധവും ഇല്ല....കാരണം

തപസ്വിനി said...

ആ വൃത്തികെട്ട ലിങ്കു ഇതില്‍ കൊടുക്കണ്ട കാര്യമില്ല അജ്ഞാതാ..

തപസ്വിനി said...

തീര്‍ച്ചയായും രാജീവ്.. വളരെ അടുത്താണ്

മനുഷ്യത്വം മരിക്കാതിരിക്കട്ടെ. എല്ലാവരിലും.

അജ്ഞാതന്‍ said...

എടപ്പാള്‍ പ്രശ്നത്തില്‍ ചിലര്‍ ആ നാടോടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നത് സത്യം തന്നെ..അതു നിഷേധിക്കുന്നില്ല...പക്ഷെ ഭൂരിപാകവും അവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കുകയാണ് ചെയ്തത്.....


ഈ സംഭവം നേരിട്ടറിയുന്ന ഞങ്ങളേക്കാള്‍ ഇതിന്റെ സത്യാവസ്ഥ ടീവിയിലും പത്രത്തിലും ഈ വാര്‍ത്ത കണ്ട തപസ്വിനിക്കറിയുമോ?

Anonymous said...

TRAVELLING PEOPLE

— The Roma left northwest India in the first millennium AD, spreading to most of Europe by the 16th century

— Some scholars believe that the word Gypsy, deriving from Egyptian, was adopted by the Roma people to conceal their origin and avoid persecution

— Estimates of the number of Roma killed in the Holocaust range from 220,000 to 500,000

— In 1957 the Romany language and Romany music were banned from public performance in Bulgaria

— The practice of encouraging or enforcing the sterilisation of Roma women was officially ended with the fall of the Communist regime in Czechoslovakia in 1990

— An estimated 100,000 Roma refugees fled from Kosovo in 1999

— In Naples camps were evacuated in May after attackers set homes on fire and residents protested against the alleged kidnapping of a baby by a Roma woman

:(

Unknown said...

athinnale chengarayil sambhavichu

Mr. K# said...

എടപ്പാളില്‍ ഇന്നലെ നടന്നത്.

എടപ്പാള്‍: യാത്രക്കാരിയുടെ ബാഗ് കവര്‍ന്ന നാടോടി സ്ത്രീയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. ഇന്നലെ എടപ്പാള്‍ ജംക്ഷനില്‍ കുറ്റിപ്പുറം റോഡില്‍വച്ചായിരുന്നു സംഭവം. പടിഞ്ഞാറങ്ങാടിയില്‍നിന്ന് എടപ്പാളിലേക്ക് ബസ് കയറിയ യാത്രക്കാരിയുടെ 5000 രൂപയടങ്ങിയ ബാഗ് എടപ്പാളില്‍ ബസിറങ്ങുന്ന സമയത്ത് കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് മറ്റു യാത്രക്കാര്‍ നടത്തിയ തിരച്ചിലില്‍ ബസിലുണ്ടായിരുന്ന നാടോടി സ്ത്രീയെയും നാലുവയസ്സുള്ള കുട്ടിയെയും ചോദ്യം ചെയ്തു. ഇവര്‍ എടുത്തില്ലെന്ന് മറുപടിപറഞ്ഞെങ്കിലും നാട്ടുകാര്‍ ഇവരെ ഓട്ടോയില്‍ കയറ്റി സ്റ്റേഷനിലെത്തിക്കാന്‍ ശ്രമിച്ചു.

യാത്രാമധ്യേ ബാഗ് നഷ്ടപ്പെട്ട സ്ത്രീ ഇവരെ വീണ്ടും ചോദ്യംചെയ്തപ്പോഴാണ് വട്ടംകുളത്തുവച്ച് ബാഗ് കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞതായി വെളിപ്പെടുത്തിയത്. പിന്നീട് ഓട്ടോയില്‍ ഇവരെ വട്ടംകുളത്തെത്തിച്ച് ബാഗ് വീണ്ടെടുക്കുകയായിരുന്നു. ബാഗ് ലഭിച്ചതോടെ ക്ഷുഭിതയായ സ്ത്രീ നാടോടിസ്ത്രീയെ നടുറോഡില്‍വച്ച് കൈകാര്യം ചെയ്തു. ഇവരെ പിന്നീട് ചങ്ങരംകുളം പൊലീസിനു കൈമാറുകയും ചെയ്തു.