അമേരിക്കന്‍ സാമ്രാജ്യത്വശക്തിയുടെ ഇറാഖ് അധിനിവേശം അതിന്റെ ആറാമത്തെ വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇത് ആദ്യം കരുതിയപോലെ 'അത്ര എളുപ്പമല്ലെന്നും, ദുര്‍ഘടം നിറഞ്ഞതാണെന്നും, പ്രതീക്ഷിച്ചതിനേക്കാള്‍ സമയമെടുക്കുമെന്നും' ബുഷിനുതന്നെ തുറന്നു സമ്മതിക്കേണ്ടിയുംവന്നിരിക്കുന്നു.
2000 മാര്‍ച്ചില്‍ അധിനിവേശസേന ഇറാഖിലേക്ക് പ്രവേശിച്ചപ്പോള്‍ അവര്‍ കരുതിയത്, കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ അവസാനിപ്പിക്കാമെന്നായിരുന്നു. ആഴമേറിയ ഒരു പ്രതിസന്ധിയിലാണ് തങ്ങളകപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് അധികം സമയമൊന്നും എന്തായാലും വേണ്ടിവന്നില്ല. അമേരിക്കക്കും, അവരുടെ സഖ്യകക്ഷികള്‍ക്കും, ഇറാഖിലെ അവരുടെ പാവസര്‍ക്കാരുകള്‍ക്കും നേരിടേണ്ടിവന്നത് ശക്തവും വര്‍ദ്ധമാനവുമായ ചെറുത്തുനില്‍പ്പിനെയാണ്. ആ ചെറുത്തുനില്‍പ്പുകള്‍ രൂക്ഷമാകുന്തോറും, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വിജയലക്ഷ്യം അകന്നകന്നുപോയ്ക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
യുദ്ധം തുടങ്ങുന്ന അവസരത്തില്‍ അമേരിക്ക പ്രതീക്ഷിച്ചിരുന്നത്, ഇറാഖ് അധിനിവേശത്തിനുവേണ്ടി ചിലവഴിക്കേണ്ടിവരുന്ന സംഖ്യ 50-60 ബില്ല്യന്‍ ഡോളര്‍ മാത്രമായിരിക്കുമെന്നാണ്. എന്നാല്‍ അഞ്ചുവര്‍ഷത്തിനുശേഷം ഇന്ന്, തങ്ങളുടെ ആ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും, യഥാര്‍ത്ഥസംഖ്യ വിചാരിച്ചതിലും എത്രയോ ഇരട്ടിയാണെന്നും പെന്റഗണ്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇറാഖിലായാലും അഫ്ഘാനിസ്ഥാനിലായാലും ശരി, അധിനിവേശത്തിനും സൈനികമേധാവിത്വത്തിനും വേണ്ടി അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ക്ക് ചിലവഴിക്കേണ്ടിവരുന്ന ഭീമമായ വില അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെയും സാധാരണക്കാരായ അമേരിക്കന്‍ ജനതയുടെ ജീവിതത്തെയും വലിയൊരു പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.
സായുധമായ അധിനിവേശസേനയുടെ പിന്‍ബലത്തിന്റെ നിഴലിലാണ് ഇറാഖിലെ പാവസര്‍ക്കാരും അമേരിക്കയുടെ സുരക്ഷാസംവിധാനവും ഇന്ന് ജീവിക്കുന്നത്. ചെറുത്തുനില്‍പ്പുസംഘങ്ങളുടെ ആക്രമണവും, ആഭ്യന്തരമായ വിള്ളലുകളും ഒഴിഞ്ഞുപോക്കുകളുംകൊണ്ട് പൊറുതിമുട്ടിയ പാവസര്‍ക്കാരിന്റെ ജനവഞ്ചന അനുനിമിഷം തിരിച്ചറിയപ്പെടുന്നുമുണ്ട്. ഏതുനിമിഷവും തകര്‍ന്നു തരിപ്പണമായേക്കാവുന്ന "ഗ്രീന്‍ സോ"ണിന്റെ കവചത്തിനുള്ളില്‍ നിദ്രാവിഹീനമായ രാത്രികള്‍ തള്ളിനീക്കുകയാണ് അമേരിക്കന്‍ അധിനിവേശസേനയും സഖ്യകക്ഷികളും.
യുദ്ധത്തിന്റെ ഭീകരമുഖം
ആധുനികമായ ആയുധങ്ങളുടെയും സാങ്കേതികവിദ്യയുടെയും മാത്രം പിന്‍ബലത്തില്‍ ഇറാഖികളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണ് അമേരിക്കയും സഖ്യകക്ഷികളും. എണ്ണിത്തിട്ടപ്പെടുത്താനാവാത്ത ക്രൂരതകളാണ് അവര്‍ അവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനെക്കുറിച്ചുള്ള ഒരു ഏകദേശചിത്രം കിട്ടണമെങ്കില്‍, ആ പട്ടാളക്കാരുടെ വെളിപ്പെടുത്തലുകള്‍ മാത്രം വായിച്ചാല്‍ മതിയാകും. തന്റെ ഒരു ലേഖനത്തില്‍ അന്ന ബാഡ്ഖേന്‍ അത് അത് ഇങ്ങനെ വിവരിക്കുന്നു. "ഇറാഖി തടവുകാരെ തന്റെ യൂണിറ്റ് എങ്ങിനെയാണ് ക്രൂരമായി കൈകാര്യം ചെയ്തതെന്ന് ജെഫ്രി സ്മിത്ത് വിവരിച്ചു. സൈന്യത്തിലെ തന്റെ ചില സഹപ്രവര്‍ത്തകര്‍ ഇറാഖി കുട്ടികളുടെ ഭക്ഷണത്തില്‍ മലമൂത്രവിസര്‍ജ്ജനം നടത്തി അവരെക്കൊണ്ട് അത് തീറ്റിപ്പിച്ചതിനെക്കുറിച്ച് മുന്‍സൈനികനായ ബ്രയാന്‍ കേസ്‌ലര്‍ വെളിപ്പെടുത്തി. പരിശോധനക്കെന്ന പേരും പറഞ്ഞ്, നേരം പുലരുന്നതിനുമുന്‍പ് ഇറാഖികളുടെ വീട്ടില്‍ കടന്നുചെന്ന് അവരെ അപമാനിക്കേണ്ടിവന്നതിനെക്കുറിച്ചാണ് മറ്റൊരു മുന്‍സൈനികനായ മാത്യു ചില്‍ഡേഴ്സ് പറയുന്നത്. ശരീരം മുഴുവന്‍ പൊള്ളലേറ്റ സ്വന്തം കുഞ്ഞിനെയും തോളിലേറ്റി സഹായമഭ്യര്‍ത്ഥിച്ചുവന്ന ഒരു ഇറാഖിയെ തിരിച്ചയച്ച തങ്ങളുടെ സേനാംഗങ്ങളുടെ ചെയ്തിയെക്കുറിച്ചോര്‍ത്ത് ജാക്‌ക്‍സണ്‍ എന്ന സൈനികന്‍ വിതുമ്പി. തങ്ങളുടെ പേരും നികുതിപ്പണവും ഉപയോഗിച്ച് നടത്തുന്ന നഗ്നമായ അധിനിവേശത്തെ അപലപിക്കേണ്ടത് രാജ്യത്തെ ഒരു പൗരന്‍ എന്ന നിലക്കുള്ള തന്റെ കടമയാണെന്നു വിശ്വസിക്കുന്നയാളാണ് ബോസ്റ്റണിലെ ജമൈക്ക പ്ലൈന്‍ സ്വദേശിയായ ഇയാന്‍ ലവല്ലി. 'അവരോടുള്ള പെരുമാറ്റത്തിലൂടെയും, അവരുടെ ജീവനോപാധികളും കുടുംബവും സ്വസ്ഥതയും തകര്‍ത്ത് അവരെ പീഡിപ്പിച്ചതിലൂടെയും നമ്മള്‍ ആ മനുഷ്യരെ അപമാനവീകരിക്കുകയാണ് ചെയ്തത്", ഇയാന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ആത്മഹത്യാശ്രമത്തിനുശേഷം ഇയാനെ സര്‍വ്വീസില്‍നിന്നും 2006-ല്‍ പിരിച്ചുവിട്ടു. "ഒരിക്കലും പ്രതീക്ഷിക്കാത്തവിധം മറ്റൊരാളായി മാറിപ്പോയിരുന്നു ഞാന്‍", ഇയാന്‍ തുറന്നുപറഞ്ഞു.
മേല്‍വിവരിച്ചതുപോലുള്ള സംഭവങ്ങള്‍ ശേഖരിക്കുകയും അവ അമേരിക്കയില്‍ പ്രചരിപ്പിക്കുകയും ചെയ്ത്, യുദ്ധവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ യുദ്ധവിരുദ്ധഗ്രൂപ്പുകള്‍. ഇറാഖികളെ കീഴടക്കുന്നതില്‍ തങ്ങള്‍ക്ക് സംഭവിച്ച പരാജയവും അതില്‍നിന്ന് ഉടലെടുത്ത നൈരാശ്യവും അസ്വസ്ഥതയുമാണ് സാമ്രാജ്യത്വ അധിനിവേശസേനകള്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന അമിതാവേശത്തിന്റെയും വര്‍ദ്ധമാനമായ പ്രതികാരനടപടികളുടെയും അടിയിലുള്ളത്.
മുന്നേറുന്ന പ്രതിരോധം
ദേശീയവിമോചനത്തിനുവേണ്ടിയുള്ള ഇറാഖികളുടെ ആവേശോജ്ജ്വലമായ പോരാട്ടം എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് മുന്നേറുകതന്നെയാണ്. ഇതിനകം തന്നെ 4000-ത്തോളം അമേരിക്കന്‍-സഖ്യസേനാംഗങ്ങള്‍ക്ക് ജീവഹാനി നേരിട്ടിരിക്കുന്നു. ഗ്രീന്‍ സോണിന്റെ ചുറ്റുവട്ടത്തിലൊതുങ്ങിക്കഴിയുകയാണ് അധിനിവേശസേനകള്‍. ഇറാഖിലെ ജനതകളെ തമ്മിലടിപ്പിക്കാനും, പുറത്തുനിന്നുള്ള സാമ്പത്തികവും ഇതരവുമായ സഹായത്താല്‍ നയിക്കപ്പെടുന്ന തീവ്രവാദി-ഭീകരരായി വിമോചനപ്പോരാളികളെ മുദ്രകുത്തുകവഴി മേഖലയിലെ തങ്ങളുടെ സാന്നിധ്യത്തിന് സാധുത നല്‍കാനുമുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ പരാജയപ്പെടുകയും അസാധുവാവുകയും ചെയ്തിരിക്കുന്നു. ഷിയ നേതാവായ മുക്തദ സാദറിന്റെ കീഴിലുള്ള മെഹ്ദി സേനയുടെ നിരന്തരമായ ആക്രമണവും, അമേരിക്കന്‍ സര്‍ക്കാര്‍ ഇറാഖില്‍ പ്രതിഷ്ഠിച്ച പാവസര്‍ക്കാരിനെതിരെയും, ലോകത്തെവിടെയുമുള്ള അമേരിക്കന്‍ സാന്നിദ്ധ്യത്തിനെതിരെയും അവര്‍ നിരന്തരം ഉയര്‍ത്തുന്ന ചെറുത്തുനില്‍പ്പുകളുമാണ് അമേരിക്കയുടെയും അവരുടെ പാവസര്‍ക്കാരിന്റെയും ഉറക്കം കെടുത്തുന്നത്.
അമേരിക്ക നേരിടുന്ന പൊതുവായ പ്രതിസന്ധി
അപര്യാപ്തമായ സേനാബലം, ശിഥിലമാകുന്ന അന്താരാഷ്ട്ര സഖ്യം, ബ്രിട്ടീഷ് സേന ദക്ഷിണ ഇറാഖ് വിട്ടുപോകുന്നതോടെ ആ ഭാഗങ്ങളില്‍ വര്‍ദ്ധിക്കുന്ന ആക്രമണങ്ങള്‍, പട്ടാളക്കാരുടെ മരണസംഖ്യ വര്‍ദ്ധിക്കുന്നതുമൂലം തകര്‍ന്നുകൊണ്ടിരിക്കുന്ന സേനയുടെ ആത്മബലം, ബാഗ്ദാദിന്റെയും വാഷിംഗ്‌ടണിന്റെയും രാഷ്ട്രീയ നയങ്ങളില്‍ പ്രകടമാകുന്ന അനിച്ഛാശക്തി, ഇവയെക്കുറിച്ചൊക്കെ ഒരു വര്‍ഷം മുന്‍പുതന്നെ അമേരിക്കന്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജനറല്‍ ഡേവിഡ് പെട്രോസിന് വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. ക്ലിന്റന്റെ ഭരണത്തിന്‍കീഴില്‍ അന്തര്‍ദ്ദേശീയ സുരക്ഷക്കുവേണ്ടിയുള്ള ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സീനിയര്‍ ഡയറക്ടരായിരുന്ന സ്റ്റീവന്‍ സൈമണ്‍ ഒരു വര്‍ഷം മുന്‍പ് സംശയത്തിനിടനല്‍കാത്തവിധം പറഞ്ഞ കാര്യം "നഷ്ടപ്പെടുന്ന ജനപിന്തുണ അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തെ അനിവാര്യമാക്കുകയും, അത്തരത്തിലുള്ള ഒരു നാണക്കേടില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാര്‍ഗ്ഗം, ഉടനടി തന്ത്രപരമായി പിന്‍വലിയുക എന്നത് മാത്രമാണ്" എന്നുമായിരുന്നു. അല്ലാത്തപക്ഷം 'സേനയുടെ കയ്യില്‍നിന്നുപോലും ഒരുപക്ഷേ തിരിച്ചടി നേരിടേണ്ടിവരുമെന്ന്" ഓര്‍മ്മിപ്പിക്കാനും സൈമണ്‍ മറന്നില്ല. 'അമേരിക്കയുടെ വിദേശനയത്തിനും, ഇറാഖിന്റെയും പശ്ചിമേഷ്യയുടെ സ്ഥിരതക്കും ഈ യുദ്ധം തീരാദുരിതമാണ് വരുത്തിവെച്ചിരിക്കുന്നത് എന്ന് വളരെ മുന്‍പുതന്നെ ചൂണ്ടിക്കാണിച്ചിരുന്നു, ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിലെ ഇറാഖ് വിദഗ്ദ്ധന്‍ ജൂസ്റ്റ് ഹില്‍റ്റര്‍മാന്‍. കുറച്ചുനാള്‍ മുന്‍പ്. ഒന്നുകില്‍ യുദ്ധം ജയിക്കുക, അല്ലെങ്കില്‍, വിയറ്റ്‌നാമില്‍ സംഭവിച്ചതുപോലെ, രാഷ്ട്രീയവും ജനകീയവുമായ പിന്തുണ നഷ്ടപ്പെട്ട്, ധൃതിപിടിച്ചുള്ള ഒരു പിന്മാറ്റത്തിനു തയ്യാറാവുക എന്ന രണ്ടു വഴികള്‍ മാത്രമേ അമേരിക്കയുടെ മുന്നിലുള്ളുവെന്ന്, കുറച്ചുനാള്‍ മുന്‍പ്, ജനറല്‍ ഡേവിഡ് പെട്രോസിനെ അദ്ദേത്തിന്റെ എലൈറ്റ് ടീം ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനര്‍ത്ഥം, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സ്വന്തം അഭ്യുദയകാംക്ഷികളും വിശ്വസ്തരായ ഉപദേശകരുമൊക്കെത്തന്നെ, കാര്യങ്ങളുടെ ഗൗരവം അമേരിക്കയെ വേണ്ടുംവണ്ണം ഓര്‍മ്മിപ്പിച്ചിരുന്നുവെന്നുതന്നെയാണ്. പക്ഷേ, പ്രതീക്ഷിച്ചിരുന്നതുപോലെത്തന്നെ, ഇതൊന്നും കേള്‍ക്കാനോ ഉള്‍ക്കൊള്ളാനോ ഉള്ള സാമാന്യബോധം പോലും, കയ്യൂക്കിന്റെ ധാര്‍ഷ്ട്യത്തില്‍ പുളഞ്ഞുകൊണ്ടിരുന്ന ജോര്‍ജ്ജ് ബുഷ് നിര്‍ഭാഗ്യവശാല്‍ കാണിച്ചില്ല.
അമേരിക്കയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കാന്‍ മാത്രമേ ഈ യുദ്ധം സഹായിക്കുന്നുള്ളു. അമേരിക്കയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തിയും അസ്വസ്ഥതയും വളര്‍ത്തി, യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ ദിനംപ്രതി ശക്തി പ്രാപിച്ചുവരുകയും ചെയ്യുന്നു. ഇറാഖില്‍നിന്നും അഫ്ഘാനിസ്ഥാനില്‍നിന്നും അമേരിക്കന്‍ സേനയെ പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദവും ബലപ്പെടുകതന്നെയാണ്. "ഇറാഖില്‍ പരാജയപ്പെടുന്നപക്ഷം, അത് നമ്മുടെ സുഹൃത്തുക്കള്‍ക്കു നല്‍കുന്ന സന്ദേശം, നമ്മില്‍ വിശ്വാസം അര്‍പ്പിക്കരുതെന്നതായിരിക്കും..അത് അല്‍ഖ്വയ്ദയുടെ വിജയമവുകയും ചെയ്യും..ഇറാഖിലെ വിജയം ഒരേസമയം അല്‍ഖ്വയ്ദക്കും ഇറാന്റെ ആഗ്രഹങ്ങള്‍ക്കും നേരെയുള്ള പ്രഹരമാകും" എന്നൊക്കെയുള്ള ബുഷിന്റെ 2008 ഏപ്രില്‍ 17-ലെ പ്രസ്താവനകളെ ഇതിന്റെ വെളിച്ചത്തിലാണ് ദര്‍ശിക്കേണ്ടത്.
ബുഷിന്റെ ഈ അഭ്യര്‍ത്ഥന, തന്ത്രപരമായ സേനാപിന്മാറ്റത്തിന്റെ വക്താക്കളോടുള്ളതാണെന്നു ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും, പരാജയഭീതി പൂണ്ട അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശബ്ദം തന്നെയാണ് ഇതില്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കും കേള്‍ക്കാന്‍ കഴിയുക.
തോല്‍വിയും ജയവും ആയുധശക്തിയുടെയോ സ്വാര്‍ത്ഥലക്ഷ്യങ്ങളുടെയോ പിന്‍ബലത്തിലാവുന്നത് അംഗീകരിക്കാനാവില്ല. ദേശത്തിന്റെയും ജനതയുടെയും അവകാശങ്ങള്‍ക്കും പരമാധികാരത്തിനും നേരെയുള്ള നഗ്നമായ ആക്രമണമാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വശഖ്യകക്ഷികള്‍ നടത്തുന്നത്. ഭൂരിപക്ഷത്തിന്റെ ജീവനും സ്വത്തും അപഹരിച്ച്, മരണത്തിന്റെ മൊത്തവ്യാപാരികളെയും ഒരു ന്യൂനപക്ഷം വരുന്ന കുത്തകകളെയും തീറ്റിപ്പോറ്റുക എന്നതാണ് ഈ യുദ്ധംകൊണ്ട് അമേരിക്ക ലക്ഷ്യമാക്കുന്നത്. നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇതിനെതിരെ അടിച്ചമര്‍ത്തപ്പെടുന്ന ജനലക്ഷങ്ങള്‍ ഒന്നിച്ചണിനിരക്കുന്നതും. ഈ സംഘട്ടനത്തില്‍, ആത്യന്തികവിജയം നിശ്ചയമായും കൈവരിക്കുക അടിച്ചമര്‍ത്തപ്പെടുന്ന ജനതതന്നെയായിരിക്കും. വിയറ്റ്‌നാമിന്റെ തനിയാവര്‍ത്തനമാണ് ഇറാഖിലും അഫ്ഘാനിസ്ഥാനിലും അമേരിക്കയെ കാത്തിരിക്കുന്നത്.
സേനാപിന്മാറ്റത്തിന് അമേരിക്കന്‍ സാമ്രാജ്യത്വശക്തികളും സഖ്യകക്ഷികളും സ്വയം തയ്യാറാവുന്നില്ലെങ്കില്‍, ഇറാഖിലെയും അഫ്ഘാനിസ്ഥാനിലെയും ജനങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, സാമ്രാജ്യത്വ അധിനിവേശത്തിന്‍കീഴില്‍ ദുരിതമനുഭവിക്കുന്നവരും അടിച്ചമര്‍ത്തപ്പെടുന്നവരുമായ മുഴുവന്‍ ലോകജനതയും ഒന്നിച്ച്, അ കര്‍ത്തവ്യം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരായിത്തീരും. ഭൂമുഖത്തുനിന്ന് എന്നന്നേയ്ക്കുമായി സാമ്രാജ്യത്വത്തെ പടിയിറക്കാന്‍ ലോകമാസകലമുള്ള അടിസ്ഥാന തൊഴിലാളിവര്‍ഗ്ഗവും, അടിച്ചമര്‍ത്തപ്പെടുന്ന രാഷ്ട്രങ്ങളും അവയിലെ മുഴുവന്‍ ജനതയും അണിനിരക്കുമെന്ന് അമേരിക്കക്കും മറ്റ് സാമ്രാജ്യത്വശക്തികള്‍ക്കും ഇനിയെങ്കിലും തീര്‍ച്ചയാക്കുകയും ചെയ്യാം.
‘സഖാവ്’ ദ്വൈവാരികയില്‍ (ലക്കം 13-സാര്‍വ്വദേശീയ വിഭാഗം) പ്രസിദ്ധീകരിച്ച വിവര്‍ത്തനം
Saturday, July 12, 2008
Subscribe to:
Post Comments (Atom)
6 comments:
ഇറാഖിലെ അമേരിക്കന്‍ പ്രതിസന്ധിയുടെ നിലയില്ലാക്കയങ്ങള്‍
നന്ദി രാജീവ്...
ഇറാഖ് അധിനിവേശം തുടങ്ങിയത് 2003 മാര്‍ച്ച് മാസം മുതലാണ്, 2000 മാര്‍ച്ച് മുതലല്ല. ഇപ്പോള്‍ ഇറാഖില്‍ നടക്കുന്ന അഭ്യന്ധര യുദ്ധത്തിനെ 'ദേശീയ വിമോചന സമരം' എന്ന് വിശേഷിക്കാന്‍ സാധിക്കയില്ല. ഷിയാ-സുന്നി-കുര്‍ദ് വിഭാഗങ്ങള്‍ പരസ്പരവും, ഷിയ-സുന്നി വിഭാഗങ്ങള്‍ അമേരിക്കാകര്‍കെതിരെയും നടത്തുന്ന അക്രമങ്ങള്‍ മാത്രമായേ കണക്കാക്കാന്‍ സാധിക്കൂ. ഇതിനിടയില്‍, കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറാനും ഇസ്രയേലും സൗദി അറേബ്യയും ശ്രമിക്കുന്നുമുണ്ട്. പിന്നെ അടിസ്ഥാന തൊഴിലാളി വര്‍ഗ കൂടായ്മയുടെ കാലമൊക്കെ എന്നേ കഴിഞ്ഞു പോയി - ആയ കാലത്ത് അവരും സ്വന്തം സാമ്രാജ്യം സ്ഥാപികാനാണ് നോക്കിയിരുന്നത് - കിഴക്കന്‍ യുറോപ്പും, അഫ്ഘാനിസ്ടാനും, ടിബറ്റും എല്ലാം തൊഴിലാളി വര്‍ഗ സാമ്രാജ്യങ്ങളുടെ അടിമകള്‍ ആയിരുന്നു/ ആണ്. തൊഴിലാളി സാമ്രാജ്യം ആയാലും മുതലാളി സാമ്രാജ്യം ആയാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി.
മത്തായീ,
2003 മാര്‍ച്ച് ആണ് ശരി. ഒരു അച്ചടിപ്പിശകായിരുന്നു അത്. നന്ദി. തിരുത്തുന്നുണ്ട്.
അമേരിക്കയുടെ നേതൃത്വത്തിലൂള്ള അധിനിവേശ ശക്തികളില്‍നിന്ന് തങ്ങളുടെ രാജ്യത്തെ വിമോചിപ്പിക്കാന്‍ വേണ്ടി അവിടെ ‘ചില കാര്യ’ങ്ങള്‍ നടക്കുന്നുണ്ട്. അവയെ വിശേഷിപ്പിക്കാന്‍ തത്ക്കാലം എന്റെ നിഘണ്ടുവില്‍ മറ്റു വാക്കുകളില്ല.
“ഷിയാ-സുന്നി-കുര്‍ദ് വിഭാഗങ്ങള്‍ പരസ്പരവും, ഷിയ-സുന്നി വിഭാഗങ്ങള്‍ അമേരിക്കാകര്‍കെതിരെയും നടത്തുന്ന അക്രമങ്ങള്‍ മാത്രമായേ കണക്കാക്കാന്‍ സാധിക്കൂ. ഇതിനിടയില്‍, കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറാനും ഇസ്രയേലും സൗദി അറേബ്യയും ശ്രമിക്കുന്നുമുണ്ട്“" - നല്ല്ല നിരീക്ഷണം.ശരിയുമാണ്. പക്ഷേ, അമേരിക്ക അവിടെ ചെയ്യുന്ന പാവനകൃത്യങ്ങള്‍ താങ്കള്‍ സൂചിപ്പിച്ചുകണ്ടില്ല. വിട്ടുപോയതായിരിക്കുമല്ലേ? അതോ ഇനി അവിടെ അമേരിക്ക ചാരിറ്റി പ്രവര്‍ത്തനമോ മറ്റോ ആണോ നടത്തുന്നത്. ബ്ലാക്ക് വാട്ടര്‍ എന്നൊരു കഞ്ഞിവീഴ്ത്തുകേന്ദ്രം അമേരിക്ക അവിടെ നടത്തുന്നു എന്നത് വായിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്.
കോരന് കുമ്പിളില്‍ കഞ്ഞിയല്ല, സിവിലിയന്‍ ആണവ റിയാക്ടറുകളാണ് ഇന്ന് വിളമ്പുന്നത്.
‘കിഴക്കന്‍ യുറോപ്പും, അഫ്ഘാനിസ്ടാനും, ടിബറ്റും‘ തുടങ്ങിയ രാജ്യങ്ങളുടെ പേരുകള്‍ക്കിടയില്‍ ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക ആദിയായ രാജ്യങ്ങളുടെ പേരുകള്‍ കണ്ടില്ല.അതും (വീണ്ടും) വിട്ടുപോയതായിരിക്കുമല്ലോ അല്ല്ലേ?
അഭിവാദ്യങ്ങളോടെ
ആമേരിക്കന്‍ അധിനിവേശനത്തിനെതിരെയുള്ള
ചെറൂത്ത് നില്പ് ഇറാക്കിലെ ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.
അവര്‍ക്ക് ആയുധങ്ങളെക്കാള്‍ മനസ്സ് ശക്തിയാണ്
ആയുധം.
എത്ര കോടിക്കളാണ് അമേരിക്ക ഒരോ യുദ്ധത്തിനും വേണ്ടി തുലച്ചത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊടും പട്ടിണീ മൂലം ജനം മരിച്ചു വീഴുമ്പോള്‍ മനുഷ്യരെ വെടി വച്ചു കൊല്ലുന്ന ആമേരിക്കാ വേട്ടപട്ടികള്‍ക്ക് തുല്ല്യമാണ്.
ഇറാക്ക് യുദ്ധത്തിന്റെ ഏറ്റവും വലിയ തന്ത്രം സേനഹിച്ചു കീഴ്പെടുത്തുക എന്നുള്ളതാണ്.
ദരിദ്ര രാജ്യങ്ങളില്‍ ഭക്ഷണപൊതി കൊടുത്ത് മയക്കി അവിടെ തങ്ങള്‍ നിശ്ചയിക്കുന്ന ഭരണം കാഴച്ച വയ്ക്കുന്ന ആമേരിക്കാ ലോകത്തിലെ ഒന്നാമത്തെ ത്രിവാദ രാഷട്രം തന്നെ
അമേരിക്ക കഞ്ഞിവീഴ്ത് കേന്ദ്രം തുടങ്ങാന്‍ വേണ്ടി അല്ലാലോ ഇറാഖില്‍ പോയത് - അത് കൊണ്ടാണല്ലോ 'അമേരിക്കന്‍ അധിനിവേശം' എന്ന് പറഞ്ഞതു. അമേരിക്ക ചെയുന്നത് ന്യായീകരിച്ചതും അല്ല, പക്ഷെ അഖില ലോക അടിസ്ഥാന തൊഴിലാളി വര്‍ഗ കൂടായ്മ എന്ന് പറയുന്നതു, മലര്പോടികാരന്റെത് പോലത്തെ എന്തൊരു ഭംഗിയുള്ള നടക്കാത്ത സ്വപ്നം എന്നായിരുന്നു വ്യംഗ്യം :-)
Post a Comment