മുന്തിയ അന്താരാഷ്ട്ര ക്രിമിനലുകള്‍ക്ക് ഒന്നിച്ചിരുന്ന് വെടിപറയാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു കോടതി വരാന്തയിലിരുന്നാണ് ലൂയീസ് മൊറാനോ എന്ന അര്‍ജന്റേനിയന്‍ പ്രൊസിക്യൂട്ടര്‍ തീട്ടൂരം ഇറക്കിയിരിക്കുന്നത്. 2002 ജൂലായ്ക്കു ശേഷമാണ് ലോകത്തില്‍ വംശഹത്യകളും ശീലക്കേടുകളുമൊക്കെ നടന്നിട്ടുള്ളത് എന്ന പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അന്താരാഷ്ട്ര വ്യവഹാരിക്കൂൂട്ടം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട്, ആ കാലത്തിനുശേഷമുള്ള കഥകളികള്‍ മാത്രമേ അവരുടെ കണ്ണില്‍പ്പെടുകയും പരിഗണനയില്‍ വരുകയും ചെയ്യൂ.ആ കോടതിയാണ് ഇന്ന് സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍-ബഷീറിനെ വംശഹത്യ എന്ന ആരോപണത്തിന്റെ മറവില്‍ അറസ്റ്റു ചെയ്യാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.
സുഡാനിലെ ദാര്‍ഫര്‍ പ്രവിശ്യയില്‍ കഴിഞ്ഞ കുറേ കാലമായി നടക്കുന്ന വംശീയകലാപങ്ങളുടെ ഉത്തരവാദിത്ത്വമാണ് ബഷീറിന്റെ തലയില്‍ അന്താരാഷ്ട്ര കുറ്റവാളികള്‍ കെട്ടിവെക്കുന്നത്. സ്ലോബോദന്‍ മിലോസവിച്ച് ഒഴിച്ച്, ഇതുവരെ ഈ കോടതി കണ്ടെത്തിയ കുറ്റവാളികള്‍ മുഴുവനും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നുള്ളവരായിരുന്നു. കോംഗോയും, ഉഗാണ്ടയും, മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കും, സുഡാനും.
ദാര്‍ഫറില്‍ വംശീയകലാപങ്ങള്‍ നടക്കുന്നുണ്ട് എന്നത് തീര്‍ച്ചയാണ്. അതില്‍ സുഡാന്റെ പട്ടാളത്തിനും ജന്‍ജാവീഡിനു പങ്കുമുണ്ട്. അതിലൊന്നും ഒരു സംശയവുമില്ല(ഝാര്‍ഖണ്ഡിലെ സര്‍ക്കാരിന്റെ കൂലിപ്പട്ടാളമായ സല്‍വാ ജുദൂമിന്റെ മറ്റൊരു പതിപ്പാണ് സുഡാനിലെ ജന്‍ജാവീഡ്).
ദര്‍ഫറിലെ കലാപം പൂര്‍ണ്ണമായും ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഒതുങ്ങിനിന്നിരുന്ന ഒന്നായിരുന്നു 2003 വരെ. മരുഭൂവല്‍ക്കരണത്തിന്റെ ഫലമായുണ്ടായ ജലക്ഷാമവും, കൃഷിസ്ഥലങ്ങള്‍ക്കുവേണ്ടി നടന്നിരുന്ന ചെറു ചെറു സംഘട്ടനങ്ങളും മാത്രമായിരുന്നു അവ. പടിഞ്ഞാറന്‍ മുതലാളിത്തരാഷ്ട്രങ്ങള്‍ അതിനെ മുതലെടുക്കുകയായിരുന്നു. ദക്ഷിണസുഡാനിലെ അറബേതരരായ ക്രിസ്ത്യന്‍ ജനതയെ ഖാര്‍ത്തൂമിലെ അറബ് സര്‍ക്കാരിനെതിരെ രാഷ്ട്രീയമായി ചേരിതിരിച്ചത് അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന പാശ്ചാത്യശക്തികളാണ്. അവിടെ നടക്കുന്ന കലാപത്തെ വംശഹത്യയായി കണക്കാക്കാന്‍ ഐക്യരാഷ്ട്രസഭ വിസമ്മതിച്ചതുമാണ്. പിന്നെന്തുകൊണ്ടാണ് ഇന്ന് ഈ പുതിയ വെളിപാട്?
സുഡാന്റെ പ്രധാന വരുമാനം അവിടുത്തെ ഇന്ധനത്തെ ആശ്രയിച്ചാണിരിക്കുന്നത്. 2007-ല്‍ 9% ശതമാനം വളര്‍ച്ചാനിരക്കാണ് ഇന്ധനകയറ്റുമതി സുഡാന് നേടിക്കൊടുത്തതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിനുപുറമെ, പ്രകൃതിവാതകങ്ങളാലും ധാതുസമ്പത്തുക്കളാലും ധനികവുമാണ് സുഡാന്‍. അതിലേക്കാണ് അമേരിക്കന്‍ കോര്‍പ്പറേറ്റുകളുടെ കഴുകന്‍കണ്ണുകള്‍ നീളുന്നത്. ആ സമ്പത്ത് കീഴ്‌പ്പെടുത്തുന്നതിനുവേണ്ടിയാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെക്കൊണ്ട് ഈ നാടകം അഭിനയിപ്പിക്കുന്നത്. പതിവുപോലെ, ചൂട്ടുപിടിച്ചുകൊടുക്കാന്‍, ഐക്യരാഷ്ട്രസഭ എന്ന ദല്ലാള്‍ അണിയറയിലും.
വംശഹത്യയെയും നരഹത്യയെയും നിര്‍വ്വചിക്കുന്നതില്‍ കാലാകാലങ്ങളായി ഈ അന്താരാഷ്ട്ര ഗൂഢസംഘങ്ങള്‍ തികച്ചും സ്വാര്‍ത്ഥാധിഷ്ഠിതമായ നിലപാടുകളാണ് എടുത്തിട്ടുള്ളത്. അര്‍മേനിയന്‍ വംശഹത്യയായാലും ഷിയ-കുര്‍ദ്-ജൂത വംശഹത്യകളായാലും, അതിലൊക്കെ ഇഷ്ടാനുസരണം നിഷ്പക്ഷതയും ധാര്‍മ്മികരോഷവും വേണ്ടുംവണ്ണം പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട് ഈ പാശ്ചാത്യ അധിനിവേശശക്തികള്‍. അര്‍മേനിയന്‍ വംശഹത്യയെ അപലപിക്കാന്‍ ഇന്നുവരെ തുര്‍ക്കിയോ, തുര്‍ക്കിയെ ആലിംഗനം ചെയ്യാന്‍ ഇരുകയ്യുകളുമുയര്‍ത്തിനില്‍ക്കുന്ന യൂറോപ്പ് യൂണിയനോ തയ്യാറായിട്ടുമില്ല, ഈ നിമിഷം വരെ.ഇറാഖിലും അഫ്ഘാനിസ്ഥാനിലും അമേരിക്കന്‍ നേതൃത്വത്തിലുള്ള ശക്തികള്‍ ദൈനംദിനമെന്നോണം നടത്തുന്ന അധിനിവേശവും വംശഹത്യയും ഈ അന്താരാഷ്ട്ര ക്രിമിനലുകള്‍ ഇന്നുവരെ കണ്ടമട്ടില്ല.
ഐ.സി.സി എന്ന ഈ സംഘടനയിലെ നൂറ്റിയാറ് അംഗരാഷ്ട്രങ്ങളില്‍ സുഡാനും, ചൈനയും, ഇന്ത്യയും അമേരിക്കയും ഒന്നും ഉള്‍പ്പെടുന്നില്ല. അംഗരാജ്യങ്ങള്‍ക്ക് നീതി നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യമോ, അതിന് അവര്‍ വിസമ്മതിക്കുകയോ ചെയ്താല്‍ മാത്രമേ അറ്റകൈ എന്ന നിലക്ക് ഐ.സി.സി.ക്ക് ഇടപെടാന്‍ സാധിക്കൂ. അതിനും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ മുന്‍കൂര്‍ അനുവാദം വേണം. അമേരിക്കക്കാണെങ്കില്‍, ഐ.സി.സി.യെ ധിക്കരിച്ച ചരിത്രമേ ഇതുവരെയുള്ളു. ഐ.സി.സി.യെ മാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ വിലക്കുകളെപ്പോലും അവഗണിച്ച് കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കാനായി യുദ്ധ അജണ്ടകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് അവര്‍.
ഇറാഖിലും അഫ്ഘാനിസ്ഥാനിലും നേരിടാന്‍ തുടങ്ങുന്ന തിരിച്ചടികളില്‍നിന്ന് വേണമെങ്കില്‍ തത്‌ക്കാലം തലയൂരാന്‍ അമേരിക്കക്ക് കിട്ടിയ ഒരു കച്ചിത്തുരുമ്പാണ് സുഡാന്‍. പാശ്ചാത്യശക്തികള്‍ക്ക് ആഫ്രിക്ക ഇന്നും പ്രാകൃതമനുഷ്യരുടെ ഇരുണ്ടഭൂഖണ്ഡം എന്നതിലപ്പുറമൊന്നുമല്ല. അപ്പോള്‍പിന്നെ ആര്‍ക്കും വിശേഷിച്ചൊരു വേവലാതിയുണ്ടാകാനുമിടയില്ലല്ലോ. സിംബാബ്‌വേയുടെ കാര്യത്തില്‍ കാണിച്ച ശുഷ്ക്കാന്തിയും ആകാംക്ഷയുമൊക്കെ നമ്മള്‍ കണ്ടതല്ലേ? വെള്ളക്കാരായ യജമാനന്മാര്‍ കാലാകാലങ്ങളായി തട്ടിയെടുത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ പൈതൃകമായ ഭൂസമ്പത്ത് തിരിച്ചുപിടിക്കുന്ന സിംബാബ്‌വേയിലെ കറുത്ത തദ്ദേശീയരെ ക്രിമിനലുകളും ജനാധിപത്യവിരുദ്ധരുമായി അന്താരാഷ്ട്രസമൂഹത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുകയാണ് ബ്രിട്ടന്‍, അമേരിക്കയുടെ സഹായത്തോടെ ചെയ്തത്. ലോകമനസ്സാക്ഷി എന്ന കള്ളസത്യവാങ്ങ്‌മൂലത്തിന്റെ ബലത്തില്‍ കൊണ്ടുവന്ന ഉപരോധ പ്രമേയം റഷ്യയുടെയും ചൈനയുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ട് തത്‌ക്കാലത്തേക്ക് ഒഴിവായെങ്കിലും, നടപടികള്‍ ഭാവിയില്‍ ഉണ്ടായേക്കുമെന്നുതന്നെയാണ് അമേരിക്കയുടെ സാമന്തപ്രഭുവിന്റെ ഇന്നലത്തെ സൂചനകള്‍.
വംശഹത്യയുടെ പേരില്‍ ഒമര്‍ അല്‍ ബഷീറിനെ തെറ്റുകാരനായി വിധിക്കാമെങ്കില്‍, അതിനേക്കാള്‍ വലിയ കുറ്റവാളികളാണ് ബുഷും ബ്ലെയറും ബ്രൗണും. കാലാകാലങ്ങളായി നടത്തുന്ന നിരവധി അധിനിവേശങ്ങളിലൂടെ ദശലക്ഷക്കണക്കിനാളുകളെയാണ് അവര്‍ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റിയത്. അവരവരുടെ നാടുകളില്‍നിന്ന് പടിയടച്ച് പിണ്ഡം വെച്ചത്. കയ്യില്‍കിട്ടിയ വസ്തുവകകളുമായി കുടുംബത്തോടൊപ്പം സ്വന്തം വീടുകളില്‍നിന്നിറങ്ങി, ലോകത്തിന്റെ അപരിചിതമായ കോണുകളിലെ അഭയാര്‍ത്ഥിക്യാമ്പുകളില്‍ രണ്ടുമൂന്നു തലമുറകളായി കഴിയേണ്ടിവന്നവര്‍ ഇനിയും ദശലക്ഷങ്ങളാണ്. മരുന്നും ഭക്ഷണവും കിട്ടാതെ, ഈ വലിയ കുരുട്ടുബുദ്ധികളുടെ കളികള്‍ക്കിടയില്‍ സ്വന്തം ബാല്യവും ജീവിതം തന്നെയും ഹോമിക്കേണ്ടിവന്ന കുട്ടികള്‍ എത്രയോ ലക്ഷം.
വാര്‍ത്തകള്‍ക്ക് പുതുമകളില്ലാതായിരിക്കുന്നു. സംശയത്തിന്റെയോ വെറും മൃഗയാവിനോദത്തിന്റെയോ മറവില്‍പ്പോലും നിരായുധരും നിരപരാധികളുമായ ആള്‍ക്കൂട്ടങ്ങളെ കണ്ണിമചിമ്മുന്ന വേഗതയില്‍ നിത്യവും ഭസ്മമാക്കുകയും പുറംലോകമറിഞ്ഞാല്‍ ഒരു കയ്യബദ്ധമെന്ന നാണംകെട്ട ക്ഷമാപണത്തോടെ തൊട്ടടുത്ത നിമിഷം അതാവര്‍ത്തിക്കുകയും ചെയ്യുന്ന റൗഡിരാഷ്ട്രങ്ങളായി മാറിയിരിക്കുന്നു അമേരിക്കയും ബ്രിട്ടനും. അവരുമായുള്ള (ആണവക്കരാറടക്കമുള്ള) ചങ്ങാത്തത്തിലൂടെ ഇന്ത്യയും വലിയൊരു അപകടത്തിലേക്കാണ് നീങ്ങുന്നത്. നിര്‍ഭാഗ്യകരമായ കാബൂള്‍ എംബസ്സി സ്ഫോടനം അതിന്റെ തെളിവാണ്. അപക്വമതികളും നയതന്ത്രജ്ഞതക്കുപകരം വര്‍ഗ്ഗീയ അജണ്ടകളുമുള്ള എം.കെ.നാരായണനെപ്പോലുള്ള സുരക്ഷാ ഉപദേഷ്ടാക്കള്‍ ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാക്കൂ.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിപോലുള്ള സ്ഥാപനങ്ങളെയും, അണിയറയില്‍നിന്ന് ചരടുകള്‍ വലിച്ച് അവയെയൊക്കെ നിയന്ത്രിച്ച്, അധിനിവേശത്തിന്റെ പുതിയ ഭൂമികകള്‍ അടയാളപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും സാമ്രാജ്യത്വ അജണ്ടകളെ തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
Wednesday, July 16, 2008
Subscribe to:
Post Comments (Atom)
11 comments:
മുന്തിയ അന്താരാഷ്ട്ര ക്രിമിനലുകള്‍ക്ക് ഒന്നിച്ചിരുന്ന് വെടിപറയാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു കോടതി വരാന്തയിലിരുന്നാണ് ലൂയീസ് മൊറാനോ എന്ന അര്‍ജന്റേനിയന്‍ പ്രൊസിക്യൂട്ടര്‍ തീട്ടൂരം ഇറക്കിയിരിക്കുന്നത്.
ഈ കോര്‍പ്പറേറ്റുകള്‍ക്ക് വിലക്കെടുക്കാന്‍ കഴിയാത്തതായി ഈ ഭൂമിയില്‍ ഒന്നുമില്ലെന്നിരിക്കെ...ഇവര്‍ക്കെതിരെ സാംസ്കാരിക യുദ്ധമഴിച്ചുവിടാന്‍ കലാ-സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.
ബ്ലോഗുകളെ യുദ്ധക്കളമാക്കേണ്ടിയിരിക്കുന്നു.
സുഡാന് മേലുള്ള ഉപരോധ പ്രമേയം ചൈന വീറ്റോ ചെയ്തതിലുള്ള ഉദ്ദേശവും യഥാര്‍ത്തത്തില്‍ ചൈനയുടെ കച്ചവട കണ്ണൂകള്‍ തന്നെയല്ലെ.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സൂഡാനുമായി കച്ചവട ബന്ധം പുലര്‍ത്തി വരുന്നതും അവര്‍ തന്നെയാണ്.നാഷണല്‍ ഓയില്‍ കോര്‍പറേഷന്‍ എന്ന പേരിലുള്‍ല ചൈനീസ് എണ്ണകമ്പനിയാണ് സുഡാനില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്‍ലത് എന്ന് പറയപ്പെടുന്നു.70 % ശതമാനത്തിലധികം സുഡാനുമായി എണ്ണ ഇടപാടുകള്‍ നടത്തിയതും ചൈനയാണ്.പകരമായി ചൈന സുഡാന് ആയുധങ്ങളും മറ്റും നല്‍കി സഹായിച്ചതായും ‘ഹ്യൂമണ്‍ റൈറ്റ് വാച്ച് ‘ പറയുന്നുണ്ട്. ചുരുക്കത്തില്‍ അമേരിക്കയും ബ്രിട്ടനും ഒരു ഭാഗത്ത് ഉണ്ട് എങ്കിലും മറുവശത്ത് കൈയ്യാങ്കളിയില്‍ നിന്ന് മുതലെടുക്കാന്‍ ചൈനയുമൂണ്ട് എന്നതും ആശങ്ക ഉയര്‍ത്തുന്നു.
ചുരുക്കത്തില്‍ ദരിദ്ര രാഷ്ട്രങ്ങള്‍ രാഷ്ട്രീയമായി തന്നെ ഇച്ചാശക്തി വീണ്ടെടുക്കേണ്ടതുണ്ട് കാരണം രണ്ടാം ലോക മഹായുദ്ധത്തിലെ വില്ലന്മാരും നായകന്മാരുമെല്ലാം ഇപ്പോള്‍ ഒരേ മണ്ഡപത്തില്‍ നിന്ന് പഴയ കാല വൈരം മറന്ന് താലി ചാര്‍ത്തി മധു വിധു ആഘോഷിക്കുകയാണിപ്പോള്‍.
അവരുമായുള്ള (ആണവക്കരാറടക്കമുള്ള) ചങ്ങാത്തത്തിലൂടെ ഇന്ത്യയും വലിയൊരു അപകടത്തിലേക്കാണ് നീങ്ങുന്നത്. നിര്‍ഭാഗ്യകരമായ കാബൂള്‍ എംബസ്സി സ്ഫോടനം അതിന്റെ തെളിവാണ്. അപക്വമതികളും നയതന്ത്രജ്ഞതക്കുപകരം വര്‍ഗ്ഗീയ അജണ്ടകളുമുള്ള എം.കെ.നാരായണനെപ്പോലുള്ള സുരക്ഷാ ഉപദേഷ്ടാക്കള്‍ ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാക്കൂ.
ആരാണിവിടെ വർഗ്ഗിയത കാണിച്ചത്. നിരപരാധികളെ ബോംബ് വച്ചു കൊന്നവരല്ലെ.
ഇതു കണ്ട് നാം പേടിച്ച് അമെരിക്കയ്ക്ക് എതിരെ നിക്കണമല്ലേ.
സിംബാബേയിൽ നടന്നത് ന്യായീകരിക്കാൻ അപാര തൊലിക്കട്ടി തന്നെ വേണം.
നരഹത്യയ്യ്ക്കും ജനാഷിപത്യത്തിനും വേണ്ടി വാദിക്കാൻ എല്ലാ അർഹതയുള്ളവരുമാണ് റ്ഷ്യയും ചൈനയും. സ്റ്റാലിനേയും ടിയാനമെൻ ചത്വരത്തെയും ഒക്കെ നമുക്കു മറക്കാം. 2002 നല്ല ഒരു ലൈൻ തന്നെ.
അമേരിക്കന്‍ വിരോധം മാത്രം രാഷ്ട്രീയവിശകലനത്തിന്റെ മാനദണ്ഡമാവുമ്പോള്‍ സംഭവിക്കുന്ന ദുരന്തങ്ങളിലൊന്നാണ് ഈ ലേഖനം. ദാര്‍ഫുറില്‍ സഭവിക്കുന്നതന്താണെന്ന് ചൈനീസ് വേര്‍ഷനല്ലാതെ എന്തെങ്കിലും വേണമെന്നാഗ്രഹമുള്ളവര്‍ darfur എന്ന് വിക്കിയിലെങ്കിലും സെര്‍ച്ച് ചെയ്യാന്‍ അപേക്ഷ. അല്ലെങ്കില്‍ അതെല്ലാം അമേരിക്ക വിലയക്കെടുത്ത മീഡിയ എന്ന് വിശ്വസിച്ച് വടക്കുകിഴക്കുനിന്നുള്ള വെളിപാടുകള്‍ക്കായി കണ്ണുമടച്ച് കാത്തിരിക്കാം.
ലോകകോടതിയെ ചീത്തവിളിക്കേണ്ടതുണ്ട്. ഇതിനായിരുന്നില്ല.
ഗുപ്താ,
അമേരിക്കന്‍ വിരോധം മാത്രം മാനദണ്ഡമാക്കുന്നതുപോലെതന്നെ കുഴപ്പമാണ് വിക്കിയെ മാത്രം ഞെക്കിക്കൊണ്ടിരിക്കുന്നത് . പൊതുവായ അനുഭവങ്ങളില്‍നിന്നാണല്ലോ ഗുപ്താ നമ്മള്‍ ചില നിരീക്ഷണങ്ങളിലേക്കെത്തുന്നത്. ചൈനയും തുല്യനിലക്ക് അവിടെ ഇടപെടുന്നുണ്ട്. അതിന്റെയും, ഐ.സി.സി.യുടെയും ഉദ്ദേശ്യങ്ങളിലും അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളിലും വളരെ അന്തരവുമുണ്ട്.
ദാര്‍ഫറിന്റേത് ഒരു ലോക്കലൈസ്‌ഡ് ഇഷ്യൂ ആയിരുന്നു. അവിടെയുള്ള ഗോത്രങ്ങള്‍ തമ്മിലുള്ളത്. അതിനെ ഖാര്‍ത്തൂമിന്റെ (ബഷീറിന്റെ) നേതൃത്വത്തില്‍ നടക്കുന്ന വംശഹത്യയായി ലേബലൊട്ടിച്ചതില്‍ അമേരിക്കക്ക് പങ്കുണ്ട്. ഐക്യരാഷ്ട്രസംഘടനപോലും ദാര്‍ഫറില്‍ നടക്കുന്നത് വംശഹത്യയല്ലെന്നും ആഭ്യന്തരകലഹമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
ബഷീറിനും ജന്‍ജാവീദിനുമൊക്കെ ഇന്നു നടക്കുന്ന ആ കലാപത്തില്‍ പങ്കുണ്ട് എന്നതും തീര്‍ച്ചതന്നെയാണ്. പക്ഷേ “ലോകകോടതിയെ ചീത്തവിളിക്കേണ്ടതുണ്ട്. ഇതിനായിരുന്നില്ല“ എന്ന ന്യായം പോലെ, പ്രശ്നത്തിനു പരിഹാരം കാണേണ്ടത് ഈ വിധത്തിലയിരുന്നില്ല. ഈ വിധത്തിലായതിന്റെ പിന്നില്‍ മറ്റു ചില അജണ്ടകളുമുണ്ടെന്നേ ഞാന്‍ സൂചിപ്പിച്ചിട്ടുള്ളു.
അനോണീ,
“ഇതു കണ്ട് നാം പേടിച്ച് അമെരിക്കയ്ക്ക് എതിരെ നിക്കണമല്ലേ“" - വേണ്ട. അമേരിക്കയുടെ കൂടെ നിന്നോളൂ. പൂച്ചെണ്ടുകളും ഹാരാര്‍പ്പണവുമൊക്കെ ഏറ്റുവാങ്ങി,ഐശ്വര്യങ്ങളോടെ, മനസ്സമാധാനത്തോടെ, കഴിയാം.
ജോക്കര്‍,
ശരിയാണ്. ചൈന കുറച്ചുകാലങ്ങളായി ഈ ഇടപാടുകള്‍ നടത്തുന്നുണ്ട്. “ചുരുക്കത്തില്‍ ദരിദ്ര രാഷ്ട്രങ്ങള്‍ രാഷ്ട്രീയമായി തന്നെ ഇച്ചാശക്തി വീണ്ടെടുക്കേണ്ടതുണ്ട്“ എന്ന നിരീക്ഷണം വളരെ ശരിയുമാണ്.
അഭിവാദ്യങ്ങളോടെ
ഇങ്ങനെയുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതു തന്നെ നല്ലൊരു വിപ്ലവപ്രവര്‍ത്തനം ആണു.നമ്മുടെ മുതുക്കി പത്രങ്ങളിലൊന്നും ഇതുകള്‍ ഉണ്ടാവില്ല.
Good.
But it would be fine if we can come out of mechanical understanding of the contradictions of a living society. Just take an example; BJP is against imperialist prompted nuclear deal, but that never means that BJP is anti-imperialist. Indira Gandhi used populist socialist slogans and she becomes the Indian socialist symbol for the world. We, undivided communist movement took Second World War as anti-imperialist as joined with colonial government against Hitler, without understanding the primary contradiction between Indian people and colonialism.
In such a way, third world rulers and their people are at loggerhead each other because of their internal policies of oppression, economic liberalisation and continuing mockery of democracy. These rulers may come out with populist slogans of land recapture but what were they doing in last 30 years when they got freedom. Why they took the slogan of land now when they lost peoples mandate. This is important. We can’t be part of oppressors even if they make new attractive slogans and it fit in our agenda.
സലിം
പഴയ ഭൂസ്വത്തുക്കള്‍ തിരിച്ചെടുക്കുക എന്ന പരിപാടി സിംബാബ്‌വേ തുടങ്ങിവെച്ചിട്ട് കുറച്ചുകാലമായി.ഈയിടെ തുടങ്ങിയ പരിപാടിയൊന്നുമല്ല. അവിടെ ജനാധിപത്യ ധ്വംസനം മുഗാബേ നടപ്പാക്കുന്നുണ്ട്. അതിനെ തിരുത്താന്‍, അതിനേക്കാള്‍ വലിയ ജനാധിപത്യ ധ്വംസനം നടത്തുന്ന പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ക്ക് ധാര്‍മ്മികമായ ഒരു അവകാശവുമില്ല എന്നു മാത്രമേ ഞാന്‍ സൂചിപ്പിച്ചിട്ടുള്ളു. ആഫ്രിക്കന്‍ യൂണിയന്‍ ഇടപെടേണ്ട വിഷയമാണത്.
ദാര്‍ഫറിന്റെ കാര്യത്തിലും അതു തന്നെയാണ് ഇവിടെ സൂചിപ്പിച്ചത്.
ജൈവസമൂഹത്തിന്റെ വൈരുദ്ധ്യങ്ങളെ യാന്ത്രികമായി വിശകലനം ചെയ്യാന്‍ ശ്രമിക്കരുത് എന്ന അഭിപ്രായത്തിനോട് യോജിപ്പ്.
അഭിവാദ്യങ്ങളോടെ
“ഇതു കണ്ട് നാം പേടിച്ച് അമെരിക്കയ്ക്ക് എതിരെ നിക്കണമല്ലേ“" - വേണ്ട. അമേരിക്കയുടെ കൂടെ നിന്നോളൂ. പൂച്ചെണ്ടുകളും ഹാരാര്‍പ്പണവുമൊക്കെ ഏറ്റുവാങ്ങി,ഐശ്വര്യങ്ങളോടെ, മനസ്സമാധാനത്തോടെ, കഴിയാം.
വേണ്ട... നമുക്ക് കമ്മുനിസ്സത്തിനൂം മുസ്ലീം ഭീകര വാദികൾക്കും ജയ് വിളിച്ചു നടക്കാം. കൊമ്മുനിസ്സവും ശരിഅത്തും ചേരുന്ന പുതിയ ഇന്ത്യയിൽ സർവ സുഖത്തൊടും സമാധാനത്തോടും കൂടി കഴിയാം...
ഇതിനുമുന്‍പും, അതായതു ഈ അമേരിക്കന്‍ ബന്ധം തുടങ്ങുന്നതിനു മുന്‍പും, ഇന്ത്യയില്‍ ഭീകര ആക്രമണങ്ങളും വര്‍ഗീയ കലാപങ്ങളും നടന്നിടുണ്ടല്ലോ. പിന്നെ എന്തിനാ ഇതു മാത്രം അമേരിക്കയുടെ തലയില്‍ വച്ചു കെട്ടുന്നത്.
പിന്നെ സിംബാവേയുടെ കാര്യം പറഞ്ഞാല്‍, അവിടുത്തെ ഇപ്പോഴത്തെ ദുരവസ്ഥയുടെ പ്രധാന ശില്പി റോബര്‍ട്ട് മുഗാംബയല്ലേ? പല കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും സംഭവിച്ചത് പോലെ, ഒരു വ്യക്തിയില്‍ മാത്രം അധികാരം കേന്ദ്രീകരിക്കുകയും ആ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് രാജ്യത്തിന്റെയും ജനങ്ങളുടെയും തല്പര്യങ്ങല്‍ക്കുപരിയായ സ്ഥാനം ലഭിക്കുകയും ചെയ്തതല്ലേ യഥാര്ത്ഥ കാരണം. ഉത്തര കൊറിയയും റൊമേനിയയും ക്യൂബയും ഒക്കെ നല്ല ഉദാഹരണങ്ങള്‍ അല്ലെ?പിന്നെഅമെരിക്ക് നടത്തുന്നത് മാത്രമാണോ അധിനിവേശം? പണ്ടു റഷ്യ കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളെയും പിന്നീട് അഫ്ഗാനിസ്ഥാന്‍ യും സ്വന്തം കോളനികള്‍ ആക്കിയപ്പോള്‍ ഇങ്ങനെ ഒരു ഇടതു പക്ഷക്കാരും പ്രതികരിച്ചു കണ്ടില്ലല്ലോ!
Post a Comment