(ജനയുഗത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ ലേഖനം, അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ ബ്ലോഗ്ഗിലേക്ക് സമര്‍പ്പിക്കുന്നു)
കേരളത്തിന്റെ ചലച്ചിത്രോല്‍സവവും നഷ്ടനായികയും
വിഗതകുമാരന്‍ എന്നാല്‍ നഷ്ടപ്പെട്ട ആണ്‍കുട്ടി എന്നാണര്‍ത്ഥം. മലയാളത്തിലെ ആദ്യ ചലച്ചിത്രത്തിന്റെ പേരാണത്. യഥാര്‍ത്ഥത്തില്‍ വിഗതകുമാരനിലെ നായികയായി വേഷമിട്ട പി.കെ റോസിയെ വിഗതകുമാരിയെന്നു വിശേഷിപ്പിക്കാവുന്നതാണ്. നഷ്ടപ്പെട്ട പെണ്‍കുട്ടി എന്നു നേരിട്ടു അര്‍ഥം പറയുന്നതിനേക്കാള്‍, ശ്രീപത്മനാഭസ്വാമി പള്ളികൊള്ളുന്ന തിരുവനന്തപുരിയിലെ മേലാളസാമൂഹ്യവിരുദ്ധന്മാരാല്‍ നഷ്ടപ്പെടുത്തപ്പെട്ട കീഴാളപ്പെണ്‍കുട്ടി എന്നു പറയുന്നതാണ് ശരി.
പ്രാരംഭകാലത്ത് ഏതു പ്രദേശത്തുനിന്നു പുറത്ത് വന്ന ചിത്രവും നിശ്ശബ്ദചിത്രമായിരുന്നു. എന്നാല്‍ വിഗതകുമാരന്‍ എന്ന നിശ്ശബ്ദ ചലച്ചിത്രം അതിലെ നായികയോടു കാട്ടിയ ക്രൂരതയാല്‍ ഒരു നാട്ടിന്റെ ചരിത്രത്തെക്കുറിച്ച് ഇപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാദം, ജാതീയ വിഷം തീണ്ടിയ കേരളത്തില്‍ സമരത്തിന്റെ കൊമ്പുകള്‍ മുളച്ചുപൊന്തിയകാലമായിരുന്നു. നവീനകേരളത്തിനു വിത്തു വിതച്ച സംസ്കാരിക നവോത്ഥാനനായകന്മാര്‍ കേരളത്തില്‍ കലാപക്കൊടികളുയര്‍ത്തിയത് ഇക്കാലത്തായിരുന്നു. വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടി വൈക്കത്തു സത്യാഗ്രഹം ആരംഭിച്ച അതേ വര്‍ഷം തന്നെയാണ്, ജെ.സി. ദാനിയല്‍, വിഗതകുമാരന്‍ എന്ന ചലച്ചിത്രം നിര്‍മ്മിക്കാന്‍ തുടങ്ങിയത്. നിര്‍മ്മാതാവും സംവിധായകനും നായകനടനും അദ്ദേഹം തന്നെ ആയിരുന്നു. വില്ലന്‍ കഥാപാത്രമായി ജോണ്‍സനെ നിശ്ചയിച്ചു. നായികനടിയെ കിട്ടാനായിരുന്നു ബുദ്ധിമുട്ട്. സിനിമയിലോ നാടകത്തിലോ സ്ത്രീകള്‍ അഭിനയിക്കുന്നത് ഏറ്റവും വലിയ അപരാധമായി അന്നത്തെ കേരളീയ സമൂഹം കരുതിയിരുന്നു. അഖിലേന്ത്യാവ്യാപകമായി പത്രപ്പരസ്യം നല്‍കിയിട്ടും ജെ.സി. ദാനിയലിനു വിഗതകുമാരനിലെ നായികയായി നടിക്കുവാന്‍ ഒരു പെണ്‍തരിയെ കണ്ടെത്താനായില്ല. മുംബൈയില്‍ നിന്നെത്തിയ ലോന എന്ന നടിയെ പ്രതിഫലതര്‍ക്കത്തെ തുടര്‍ന്നു തിരിച്ചയക്കേണ്ടതായും വന്നു.ജോണ്‍സന്റെ ഉത്സാഹത്തിലാണു തൈക്കാട്ടു താമസിച്ചിരുന്ന റോസമ്മയെ ജെ.സി. ദാനിയലിന് കണ്ടെത്താന്‍ കഴിഞ്ഞത്.
പി.കെ.റോസി. അതായിരുന്നു അവരുടെ പേര്‍. തിരുവനന്തപുരത്തെ ഇന്നത്തെ കനകനഗര്‍ അന്നു ആമത്തറ ആയിരുന്നു.കോണ്‍ക്രീറ്റ് കാടിനു പകരം അവിടെ എള്ളും നെല്ലും മുതിരയും പയറും മാറി മാറി കൃഷി ചെയ്തിരുന്ന വിശാലമായ വയലുകളായിരുന്നു. ആ വയലോരത്തു പിറന്ന പെണ്‍കുട്ടിയാണു റോസമ്മ. കുട്ടിക്കാലത്തുതന്നെ വയലിറമ്പത്ത് അരങ്ങേറിയ കക്കാരിശ്ശി നാടകത്തില്‍ കാല്‍ത്തളയിട്ട് താളം തുള്ളിയ റോസമ്മ. കീഴാളരുടെ കലാരൂപങ്ങളിലഭിനയിക്കുവാന്‍ പുരുഷന്മാരോടൊപ്പം അവരുടെ സ്ത്രീകള്‍ക്കും അനുവാദം ലഭിച്ചിരുന്നു. മേലാളസമൂഹങ്ങളില്‍ ഈ സ്വാതന്ത്ര്യം ഇല്ലായിരുന്നല്ലൊ. പട്ടത്ത് ഇന്നത്തെ പബ്ബ്ലിക് സര്‍വീസ് കമ്മിഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനടുത്താണ് ജെ.സി. ദാനിയലിന്റെ ശാരദാവിലാസം സ്റ്റുഡിയോ സ്ഥിതിചെയ്തിരുന്നത്. ട്രാവന്‍ കൂര്‍ നാഷണല്‍ പിക്ചേര്‍സ് എന്നായിരുന്നു ബാനര്‍.
എന്തായിരിക്കാം സിനിമപ്പുതുമഴ എന്നു കൗതുകപ്പെട്ട് റോസി ക്യാമറയുടെ മുന്നില്‍ നിന്നു. സംവിധായകന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചു. കാക്കാരിശ്ശിനാടകം കളിച്ചപ്പോഴത്തെ കാണികളുടെ ആരവവും കയ്യടികളും അവളോര്‍ത്തിട്ടുണ്ടാകണം. ഇതു കാണികളാരുമില്ലാത്ത ഒരു നാടകമാണെന്നു കരുതിയിട്ടുണ്ടാകണം. ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ തുച്ഛമായ ഒരു തുകയും കോടി വസ്ത്രവും റോസമ്മക്കു ലഭിച്ചു.
സിനിമ റിലീസ് ചെയ്തതു തിരുവനന്തപുരത്ത് ഏജീസ് ഓഫീസിനു സമീപമുള്ള ക്യാപ്പിറ്റോള്‍ തീയേറ്ററില്‍ ആയിരുന്നു. വലിച്ചു കെട്ടിയ വെള്ളസ്ക്രീനില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം ഒരാള്‍ ഉച്ചത്തില്‍ കഥയും സംഭാഷണവുമൊക്കെ വിളിച്ചു പറയുകയും വേണം. അക്കാലത്തെ പ്രമുഖ അഭിഭാഷകന്‍ മള്ളൂര്‍ ഗോവിന്ദപിള്ള ആയിരുന്നു മലയാളത്തിന്റെ ആദ്യ ചലച്ചിത്രത്തിന്റെ പ്രദര്‍ശനോല്‍ഘാടനം നിര്‍വഹിച്ചത്. വെള്ളിത്തിരയില്‍ റോസിയെ കണ്ടതോടുകൂടി സവര്‍ണ്ണമേധാവിത്തം കൊടികുത്തി വാണിരുന്ന തിരുവനന്തപുരത്തെ മേലാളപുരുഷന്മാര്‍ക്ക് കലിയിളകി. “നിര്‍ത്തെടീ തേവടിശ്ശീ“ എന്നലറിക്കൊണ്ട് തിരശ്ശീലക്കടുത്തേക്കു പാഞ്ഞു ചെന്നു. നിരപരാധികളായ കാണികള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. അക്രമികള്‍ തീയേറ്റര്‍ നശിപ്പിച്ചു.
അത്രയും കൊണ്ട് സവര്‍ണരോഷം അവസാനിച്ചില്ല. അവര്‍ ആയുധങ്ങളുമായി തൈക്കാട്ടേക്കു പാഞ്ഞു. കുപ്പമാടത്തില്‍ അവസാനിക്കേണ്ട ഒരു സാധു പുലയപ്പെണ്‍കുട്ടി മലയാള ചലചിത്രരംഗത്തേക്കു കടന്നുവരുന്നതു ചിന്തിക്കുവാന്‍ അന്നത്തെ വിഷം തീണ്ടിയ സവര്‍ണസമൂഹത്തിനു സാധിച്ചതേയില്ല. പി.കെ.റോസിയുടെ തൈക്കാട്ടെ ചെറ്റക്കുടില്‍ തീവൈക്കപ്പെട്ടു. മലയാളസിനിമയിലെ ആദ്യത്തെ നായികനടി പ്രാണന്‍ കയ്യിലെടുത്തോടി. കരമനയിലെത്തി. നഗര്‍കോവിലിലേക്കു പോവുകയായിരുന്ന പയ്‌നിയര്‍ട്രാവല്‍സ് എന്ന ലോറിക്കുമുന്നില്‍ തൊഴുകൈകളോടെ നിന്നു. ഡ്രൈവറുടെ കാരുണ്യത്താല്‍ റോസിയുടെ ജീവന്‍ രക്ഷിക്കപ്പെട്ടു.
ഇത്രയൊക്കെയെ പി .കെ റോസിയെക്കുറിച്ചു കേരളീയര്‍ക്കു അറിയാന്‍ കഴിഞ്ഞിട്ടുള്ളു. മലയാളചലചിത്രരംഗം, അമ്മയെപ്പോലെ കണക്കാക്കേണ്ട പി കെ റോസിയെ അവഗണിക്കുകയായിരുന്നു. സവര്‍ണസമൂഹത്താല്‍ ആട്ടിയോടിക്കപ്പെട്ട മലയാളത്തിന്റെ പാവപ്പെട്ട ഈ താരത്തെപ്പൊലെതന്നെ ആട്ടിയോടിക്കപ്പെട്ടവളാണ് കുറിയേടത്ത് താത്രിക്കുട്ടിയും. പശ്ചാത്തലം രണ്ടാണെങ്കിലും ആട്ടിയോടിക്കപ്പെട്ട സ്ത്രീകള്‍ എന്ന നിലയിലവരുടെ കസേരകള്‍ ചേര്‍ത്തിടാവുന്നതാണ്. എന്നാല്‍ താത്രിക്കുട്ടി ഓടിപ്പോയ വഴിയെല്ലാം നമ്മള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. അവരെ രക്ഷപ്പെടുത്തി ജീവിപ്പിച്ച തീവണ്ടി എഞ്ചിന്‍ ഡ്രൈറെക്കുറിച്ചും അനന്തര ജീവിതത്തെ ക്കുറിച്ചും നമ്മള്‍ ഗവേഷണം നടത്തി രേഖപ്പെടുത്തിക്കഴിഞ്ഞു. സ്മാര്‍ത്തവിചാരത്തിന്റെ മിനിറ്റ്‌സ് പോലും പ്രസിദ്ധീകരിക്കപ്പെട്ടു. കുറിയേടത്തു താത്രിക്കുട്ടിയെകുറിച്ചു ഒന്നാം നിരയിലെ എഴുത്തുകാര്‍ നോവലും കവിതയും എഴുതി. നാടകവും സിനിമയുമുണ്ടായി.
എന്നാല്‍ പി.കെ.റോസിയെകുറിച്ച് അന്വേഷണത്തിന്റെ ചെറുകാറ്റുപോലും വീശിയില്ല. പി.കെ. റോസിയുടെ ജീവിതത്തെ കേന്ദ്രമാക്കി ഒരു ചെറു കവിത മാത്രമേ നമുക്കുള്ളു. ‘നടിയുടെ രാത്രി‘. എന്നാലിപ്പോള്‍ പി.കെ. റോസിയുടെ ജീവിതത്തെ സമഗ്രമായി അന്വേഷിച്ചു കൊണ്ട് ഒരു നോവല്‍ മലയാളത്തില്‍ ഉണ്ടായിരിക്കുന്നു. ‘നഷ്ടനായിക‘.
അവഗണനയുടെ തമോഗര്‍ത്തത്തിലേക്കു വലിച്ചെറിയപ്പെട്ട ഒരു പാവം അഭിനയക്കാരിയെ പൊതു മലയാളത്തിന്റെ മുഖപ്പിലേക്കു വിരല്‍ പിടിച്ചു കൊണ്ടുവന്നിട്ടുള്ളത് വിനു എബ്രഹാം എന്ന യുവ നോവലിസ്റ്റാണ്. പതിനേഴ് അദ്ധ്യായങ്ങളുള്ള ഈ നോവലില്‍ കണ്ണീരും ചോരയും പുരണ്ട വാക്കുളാല്‍ മലയാളത്തിലെ ആദ്യ ചലചിത്രത്തിന്റെ കഥ അനാവരണം ചെയ്തിരിക്കുന്നു.
ലോകത്ത് ഒരു ഭാഷയിലെയും ആദ്യ ചലചിത്ര താരത്തിനുണ്ടാകാത്ത അനുഭവമാണു നമ്മള്‍ മലയാളികള്‍ റോസിക്കു നല്‍കിയത്. ഇത്തരം ചരിത്രത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്നതിനു പകരം അപമാനം കൊണ്ടു ശിരസ്സ് കുനിക്കുകയാണ് വേണ്ടത്.
ഓരോ ചലചിത്രോല്‍സവം വരുമ്പോഴും പി കെ റോസിയെ ഓര്‍മ്മിക്കണമെന്നു മനുഷ്യപക്ഷത്തു നില്‍ക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടാറുണ്ട്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷവും അത് ഉണ്ടായിട്ടില്ല. പതിമൂന്നാമത് അന്താരാഷ്ട്ര ചലചിത്രോത്സവം തിരുവനന്തപുരത്ത് ആരംഭിക്കുമ്പോള്‍ പി.കെ റോസി ഓര്‍മ്മിക്കപ്പെടും എന്നുള്ളതിന് ഒരു ഉറപ്പുമില്ല.
Subscribe to:
Post Comments (Atom)
20 comments:
പി.കെ. റോസിയെക്കുറിച്ച് കുരീപ്പുഴ എഴുതിയ ലേഖനം
അഭിവാദ്യങ്ങള്‍ സ:രാജീവിനും പ്രിയ കവി കുരീപ്പുഴക്കും പിന്നെ ഈ ഇരുണ്ട കാലത്തിന്റെ ചരിതത്തിലേക്ക് തേര്‍ തെളിച്ച വിനു എബ്രഹാം എന്ന നോവലിസ്റ്റിനും.
പെണ്ണായി ജനിക്കുന്നത് തന്നെ പാപം,പിന്നെ കീഴാളയെങ്കിലോ പറയാനുണ്ടോ?പേര്‍ത്തും പേര്‍ത്തും കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ സംസ്ക്കാരത്തില്‍ നാലുകെട്ടുകളും തുളസിത്തറയും ജപമന്ത്രവും മാത്രമല്ല വേട്ടപ്പട്ടികളും ചെറ്റകുടിലുകളും പുലയാട്ടുകളും ഉണ്ടായിരുന്നു എന്ന ക്രൂരസത്യം വിസ്മരിക്കപ്പെടുന്നുവോ?
നന്ദി രാജീവ് ഈ പോസ്റ്റിന്.
കുരീപ്പുഴയ്ക്കും വിനുവിനും നന്ദി ഒരിക്കലും ആരും അറിയാതെ പോകേണ്ടിയിരുന്ന കാര്യങ്ങള്‍ അറിയിച്ചതിന്.
നന്ദി സഖാവെ, പി കെ റോസിയായിരുന്നു വിഗതകുമാരനിലെ നായിക എന്ന് മാത്രമേ അറിയാമായിരുന്നുള്ളൂ. താത്രി കുട്ടിയെ ഓര്‍ക്കുന്നവര്‍ റോസിയെ മറന്നത് തികച്ചും യാദൃശ്ഛികമാവാന്‍ വഴിയില്ല തന്നെ. ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് ശ്രീ കുരീപ്പുഴ ശ്രീകുമാറിനും, ശ്രീ വിനു എബ്രഹാമിനും ഒരു സല്യൂട്ട്.
കീഴാള മുന്നേറ്റങ്ങളുടെ ഊര്‍ജം പിന്‍പറ്റി വളര്‍ന്നു പന്തലിച്ച കേരളത്തിലെ ഇടതുപക്ഷം അയ്യഞ്ചാണ്ട് ഇടവേളയില്‍ സര്‍ക്കാരുണ്ടാക്കി മേളിക്കുന്നുണ്ടല്ലോ. പി കെ റോസിയൊക്കെ ചരിത്രത്തിന്റെ ചതുപ്പില്‍ത്തന്നെ കിടക്കുന്നതില്‍ അവര്‍ക്കുമില്ല എതിര്‍പ്പൊട്ടും.
ചലച്ചിത്രമേളകളും സ്വരലയവിശേഷങ്ങളും നടത്തി അഭിജാതരുടെ ഒഴിവുവേളകളെ ഉന്മാദത്തിലാഴ്ത്തുന്നതിനിടെ പി കെ റോസിയെപ്പോലുളളവരെ ഓര്‍ക്കാനും ആ ഓര്‍മ്മയില്‍ നിന്നൊരു തീപ്പന്തം ജ്വലിപ്പിക്കാനും സാംസ്ക്കാരിക കമ്മിസാറന്മാര്‍ക്ക് നേരമുണ്ടാവില്ലെന്ന് ഊഹിക്കാവുന്നതേയുളളൂ.
ചരിത്രപഥത്തിലെന്നോ ചവിട്ടിത്താഴ്ത്തപ്പെട്ട പി കെ റോസിയെക്കുറിച്ച് എഴുതാനും പറയാനും തയ്യാറായ വിനു എബ്രഹാമും കുരീപ്പുഴയുമൊക്കെ ആദരവര്‍ഹിക്കുന്നു.
ഇടതുപക്ഷ മൊത്തക്കച്ചവടക്കാരേക്കാള്‍ ചരിത്രബോധം മനോരമാ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന വിനു എബ്രഹാമിനുണ്ടായതില്‍ സന്തോഷിക്കാം, ഊറിച്ചിരിക്കാം.
റോസിയുടെ കഥ (മനോരമയില്‍ തന്നെയാണെന്നു തോന്നുന്നു) നേരത്തെ വായിച്ചിരുന്നു.
നോവലിസ്റ്റിനും കുരീപ്പുഴയ്ക്കും രാജീവ്ജിക്കും നന്ദി. കറകള്‍ കഴുകിക്കളയാന്‍ ഇത്തിരി വെള്ളമെങ്കിലും ഒഴിച്ചു നോക്കുന്നതിന്..
റോസി ചൂടിയിരുന്ന പൂവ്,പുറകേ സൈക്കിളിൽ വന്നൊരാൾ എടുത്തു എന്നതായിരുന്നുവത്രെ സദാചാരവാദികൾക്ക് തീരെ ദഹിയ്ക്കാതിരുന്നത്. സൈക്കിളുകാരൻ സസുഖം ജീവിതം തുടർന്നപ്പോൾ നാടുവിടേണ്ടി വന്നത് റോസി!
ഇത്രത്തോളം പ്രത്യക്ഷമല്ലെങ്കിലും,ഇപ്പോളും, സിനിമയിലഭിനയിയ്ക്കുന്ന പെൺകുട്ടികളോടുള്ള നമ്മുടെ സമീപനത്തിന്റെ അടിസ്ഥാന സ്വഭാവം ഇതു തന്നെ.
" അപമാനം കൊണ്ടു ശിരസ്സ് കുനിക്കുകയാണ് വേണ്ടത്"
നന്ദി ഈ ലേഖനത്തിനും പരിചയപ്പെടുത്തലിനും.
നന്ദി രാജീവ്, ഇങ്ങനെയൊരു പരിചയപ്പെടുത്തലിനു്.
പലതും പുതിയ അറിവുകൾ,കുരീപ്പുഴക്കും രാജീവിനും നന്ദി.
എടാ നീ നല്ലൊരു ലേഖനം എനിക്കു തന്നിരിക്കുന്നു. ശ്രീ കുരീപ്പുഴ ശ്രീകുമാറിനും, ശ്രീ വിനു എബ്രഹാമിനും എന്റെ നന്ദി
വളരെ നല്ല ഉദ്യമമാണ് രജീവ് നടത്തിയത്. അവഗണിക്കപ്പെട്ട നടിയെപ്പറ്റി ഞാന് ആദ്യമായാണ് അറിയുന്നത്. അവരെക്കുറിച്ച് ലോകം അറിയട്ടെ....
Thanks for the info
വായിച്ചു ത്രസിച്ചിരുന്നുപോയി.
മലയാളസിനിമയുടെ ഈ അമ്മയുടെ ഒരു ചിത്രം കൂടി ഇതിനോടൊപ്പമുണ്ടായിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചുപോയി..ഓര്‍മയില്‍ ചില്ലിട്ടു വെക്കാന്‍..
നന്നായി ഈ ലേഖനം
നന്ദി രാജീവ്
നല്ല ലേഖനം. ഇക്കഥയൊക്കെ ആരറിഞ്ഞു? റോസിയെ ആദരിക്കുക തന്നെ വേണം. അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
ലേഖനം ഇപ്പോഴാണ് കണ്ടത്. റോസിയുടെ ചരിത്രം അറിയില്ലായിരുന്നു. നന്ദി
ആ കറുത്ത യുഗം ഇന്നും അവസാനിച്ചിട്ടില്ല...
കൃഷ്‌ണ.തൃഷ്‌ണ,
ഗൂഗിളിലും ഇല്ലെന്നു തോന്നുന്നു .. ഞാന്‍ കുറെ തിരഞ്ഞു നോക്കി...
Post a Comment