Tuesday, January 27, 2009

വ്യാഖ്യാനങ്ങളുടെ സംഘട്ടനം

കുറിപ്പ്‌ - (സാമുവല്‍ ഹണ്ടിംഗ്‌ടണ്‍ രചിച്ച The Clash of Civilization - എന്ന പുസ്തകത്തെയും അതിലെ അത്യന്തം പ്രതിലോമപരമായ ആശയലോകത്തെക്കുറിച്ചും എഡ്വേഡ്‌ സയ്‌ദ് നടത്തിയ നിര്‍ദ്ദയവും വിശകലനാത്മകവും സുദീര്‍ഘവുമായ ലേഖനത്തിന്റെ പരിഭാഷയാണ്‌ ഇത്‌. Clash of Definitions എന്ന പേരിലുള്ള ഈ ലേഖനം പൂര്‍ണ്ണമായും പരിഭാഷപ്പെടുത്താനുള്ള സമയവും സാവകാശവും കിട്ടുമോ എന്നറിയില്ല. എങ്കിലും ഒരു ശ്രമം നടത്തുന്നു. സയ്‌ദിന്റെ ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിട്ട്‌ ഇന്നേക്ക്‌ പത്ത്‌ കൊല്ലം കഴിഞ്ഞിട്ടും, ഹണ്ടിംഗ്‌ടണെപ്പോലുള്ളവര്‍ ഉയര്‍ത്തിയ നിരീക്ഷണങ്ങള്‍ ഇപ്പോഴും സമൂഹത്തില്‍ അപകടകരമായ സാന്നിധ്യം അറിയിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ, എഡ്വേഡ് സയ്‌ദിന്റെ ഈ നിരീക്ഷണങ്ങള്‍ക്ക്‌ ഇപ്പോഴും പ്രസക്തിയുമുണ്ട്‌. വായനയുടെ സൌകര്യത്തിനുവേണ്ടി നാലോ അഞ്ചോ ഭാഗങ്ങളായി ഈ ലേഖനം പരിഭാഷപ്പെടുത്താന്‍ കഴിയുമെന്ന്‌ കരുതുന്നു. 2001-ല്‍ പെന്‍‌ഗ്വിന്‍ പ്രസിദ്ധീകരിച്ച Reflections on Exile and other literary and cultural essays എന്ന പുസ്തകത്തില്‍നിന്നുള്ളതാണ്‌ ഈ ലേഖനം)


"ലോക രാഷ്ട്രീയം പുതിയൊരു ഘട്ടത്തിലേക്ക്‌ പ്രവേശിക്കുന്നു" എന്ന തലവാചകത്തോടെ സാമുവല്‍ ഹണ്ടിംഗ്‌ടണിണ്റ്റെ പ്രബന്ധം (സംസ്കാരങ്ങളുടെ സംഘട്ടനം) ആദ്യം പ്രത്യക്ഷപ്പെട്ടത്‌, 1993-ല്‍ Foreign Affairs-ലായിരുന്നു. സമീപകാലത്തെ ലോകസംഘട്ടനങ്ങളൊക്കെത്തന്നെയും വികസിത, വികസ്വര, അവികസിത രാജ്യങ്ങളുടെ പ്രത്യയശാസ്ത്രപരമായ സംഘട്ടനങ്ങളായിരുന്നുവെങ്കില്‍, ഇനി വരാന്‍ പോകുന്ന പുതിയ രാഷ്ട്രീയം, വ്യത്യസ്തവും, പരസ്പര വിരോധികളുമായ സംസ്കാരങ്ങളുടെ സംഘട്ടനത്തെ ആസ്പദമാക്കിയുള്ളവയായിരിക്കും എന്നായിരുന്നു അദ്ദേഹം അര്‍ത്ഥമാക്കിയത്‌. "മനുഷ്യസമുദായത്തിലെ വലിയ വിഭജനങ്ങളും ആ സംഘട്ടനങ്ങളില്‍ മേല്‍ക്കൈയുള്ള മുഖ്യസ്രോതസ്സും സാംസ്കാരികപരമായിരിക്കും..സാംസ്ക്കാരിക സംഘട്ടനങ്ങള്‍ ലോക രാഷ്ട്രീയത്തെ കീഴ്‌പ്പെടുത്തും". പ്രധാനമായും സംഘട്ടനം പാശ്ചാത്യ-പാശ്ചാത്യേതര സംസ്കാരങ്ങള്‍ തമ്മിലായിരിക്കുമെന്ന്‌ പിന്നീട്‌ അദ്ദേഹം വിശദീകരിക്കുന്നുമുണ്ട്‌. ഒരു ഭാഗത്ത്‌ പാശ്ചാത്യമെന്ന്‌ അദ്ദേഹം വിവക്ഷിക്കുന്ന സംസ്കാരവും, മറുഭാഗത്ത്‌ ഇസ്ളാമിക-കണ്‍ഫ്യൂഷ്യന്‍ സംസ്കാരങ്ങളും തമ്മിലുള്ള, സാധ്യതയുള്ളതോ നിലനില്‍ക്കുന്നതോ ആയ പ്രധാന അഭിപ്രായ ഭിന്നതകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ്‌ ഈ പ്രബന്ധത്തില്‍ അധികഭാഗവും അദ്ദേഹം ചിലവഴിച്ചിട്ടുള്ളതും. പാശ്ചാത്യമടക്കമുള്ള മറ്റു സംസ്കാരങ്ങളേക്കാള്‍ ശ്രദ്ധ ഇസ്ളാമിന്‌ നല്‍കിയിട്ടുമുണ്ട്‌ അദ്ദേഹം.

ഈ പ്രബന്ധത്തിണ്റ്റെയും 1995-ല്‍ ഇതിനെ കൂടുതല്‍ വിപുലീകരിച്ച്‌ അദ്ദേഹം എഴുതിയ (അതേ പേരിലുള്ള) കഴമ്പില്ലാത്ത ആ പുസ്തകത്തിന്റെയും ഉള്ളടക്കമല്ല മറിച്ച്‌, അത്‌ പുറത്തിറക്കാന്‍ തിരഞ്ഞെടുത്ത സമയമാണ്‌ കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നത്‌.

ശീതയുദ്ധത്തിന്റെ കാലശേഷം പുതിയ ലോകപരിതസ്ഥിതി പഠിക്കാനുള്ള ബൌദ്ധികവും രാഷ്ട്രീയവുമായ നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ സാമുവല്‍ ഹണ്‍ടിംഗ്‌ടണ്‍ തന്നെ സമ്മതിക്കുന്നുമുണ്ട്‌. പ്രത്യേകിച്ചും, പുതിയ ലോകക്രമത്തെക്കുറിച്ചുള്ള സിദ്ധാന്തം അവതരിപ്പിച്ച ഫ്രാന്‍സിസ്‌ ഫുക്കുയാമയുടെ, ‘ചരിത്രാവസാന‘മെന്ന സങ്കല്‍പ്പവും മറ്റും. എറിക്‌ ഹോബ്‌സ്ബാമും പോള്‍ കെന്നഡിയും കോണര്‍ ക്രൂയിസ്‌ ഒബ്രയാനും എല്ലാം പുതിയ സഹസ്രാബ്ദത്തിലെ ഭാവി സംഘട്ടനങ്ങളെ വിശദമായി നോക്കിക്കാണാന്‍ ശ്രമിക്കുകയും അതിനെക്കുറിച്ചുള്ള തങ്ങളുടെ ഗൌരവമുള്ള ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്‌. വിട്ടുവീഴ്ചയില്ലാതെ, നിര്‍ദ്ദയമായി, ഇത്രനാളും വിരുദ്ധപക്ഷത്തു നിന്നിരുന്ന ശീതസമര മൂല്യങ്ങളും ആദര്‍ശങ്ങളും ഒഴിച്ചിട്ടുപോയ രാഷ്ട്രീയ ഇടത്തിലേക്ക്‌ അനായാസമായി ഊര്‍ന്നിറങ്ങുന്ന, ഒരിക്കലും അവസാനമില്ലാത്ത മറ്റൊരു സംഘട്ടനം എന്നതാണ്‌ ഹണ്‍ടിംഗ്‌ടണ്‍ അവതരിപ്പിക്കുന്ന ദര്‍ശനത്തിന്റെസത്ത (ഈ ദര്‍ശനത്തിന്റെ ശരിക്കുള്ള പിതൃത്വവും അദ്ദേഹത്തിനവകാശപ്പെട്ടതല്ല). Foreign Affairs എന്ന മാസിക അമേരിക്കന്‍ വിദേശ നയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒന്നാണ്‌. പ്രാഥമികമായും അത്‌ അഭിസംബോധന ചെയ്യുന്നത്‌, വാഷിംഗ്‌ടണ്‍ കേന്ദ്രീകരിച്ചുള്ള നയജ്ഞന്‍മാരെയും പദ്ധതി നടത്തിപ്പുകാരെയുമാണ്‌. അതുകൊണ്ടുതന്നെ, ശീതസമര സിദ്ധാന്തത്തിന്റെ ഒരു പരിഷ്ക്കരിച്ച പതിപ്പ്‌ മാത്രമാണ്‌ സാമുവല്‍ ഹണ്ടിംഗ്‌ടണ്‍ അവതരിപ്പിക്കുന്നത്‌ എന്ന്‌ പറഞ്ഞാല്‍ അത്‌ വാസ്തവവിരുദ്ധമാകാന്‍ ഇടയില്ല. ഇന്നത്തെയും നാളത്തെയും ലോകത്ത്‌ നടക്കാനിരിക്കുന്ന സംഘട്ടനങ്ങളൊന്നും സാമ്പത്തികമോ സാമൂഹ്യമോ ആയ സ്വഭാവമുള്ളതായിരിക്കില്ലെന്നും,അവ, പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ളവയാകുമെന്നതാണ്‌ ശീതസമര സിദ്ധാന്തത്തിന്റെ കാതല്‍. അങ്ങിനെയെങ്കില്‍ മറ്റെല്ലാ പ്രത്യയശാസ്ത്രവും വലംവെക്കുന്നത്‌ പാശ്ചാത്യ പ്രത്യയശാസ്ത്രത്തിനു ചുറ്റുമായിരിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ചുരുക്കത്തില്‍ ശീതയുദ്ധം തുടരുന്നു എന്നര്‍ത്ഥം. പക്ഷേ ഒരു വ്യത്യാസം മാത്രം.. പാശ്ചാത്യ മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും മേല്‍ അധീശത്വത്തിനുവേണ്ടി നിരന്തരം പടപൊരുതുന്ന കൂടുതല്‍ ഗൌരവമുള്ളതും അടിസ്ഥാനപരവുമായ മറ്റു മൂല്യങ്ങളും ആദര്‍ശങ്ങളും (ഇസ്ളാമിക, കണ്‍ഫ്യൂഷ്യന്‍) എല്ലാമുള്ള ബഹുമുഖമായ ഒന്നായിരിക്കും ഈ പുതിയ ശീതയുദ്ധം. പാശ്ചാത്യ സംസ്കാരത്തിന്റെ എതിരാളികളെ ദുര്‍ബ്ബലരും വിഭജിതരുമാക്കി നിര്‍ത്തേണ്ടത്‌ എങ്ങിനെയെന്ന ചര്‍ച്ചയോടെ സാമുവല്‍ ഹണ്‍ടിംഗ്‌ടണ്‍ പ്രബന്ധം അവസാനിപ്പിക്കുമ്പോള്‍, അതുകൊണ്ടുതന്നെ നമുക്ക്‌ അത്ഭുതമൊന്നും തോന്നേണ്ടതില്ല. നോക്കൂ പേജ്‌ 49-ല്‍ പറയുന്നത്‌ :..കണ്‍ഫ്യൂഷ്യന്‍-ഇസ്ളാമിക രാജ്യങ്ങള്‍ക്കിടക്കുള്ള സംഘര്‍ഷങ്ങളും ഭിന്നതകളും നമ്മള്‍ ചൂഷണം ചെയ്യണം..പാശ്ചാത്യ മൂല്യങ്ങളോടും താത്‌പര്യങ്ങളോടും അനുഭാവമുള്ള ഇതര സാംസ്കാരിക വിഭാഗങ്ങളെ പിന്തുണക്കുകയും, പാശ്ചാത്യ മൂല്യങ്ങളെയും താത്‌പര്യങ്ങളെയും സാധൂകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും.....ഈ സ്ഥാപനങ്ങളിലുള്ള പാശ്ചാത്യേതര രാജ്യങ്ങളുടെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌".

മറ്റു സംസ്കാരങ്ങള്‍ പാശ്ചാത്യവുമായി നിശ്ചയമായും സംഘട്ടനത്തില്‍ ഏര്‍പ്പെടുമെന്നുള്ള ഹണ്‍ടിംഗ്‌ടണിന്റെ ധാരണ ശക്തവും ദൃഢവുമാണ്‌. ഈ സംഘട്ടനത്തില്‍ ജയിക്കുന്നതിനുവേണ്ടി പാശ്ചത്യ (സംസ്കാരം) കൈക്കൊള്ളേണ്ട കാര്യപരിപാടികളെകുറിച്ച്‌ ആക്രമണ-മേധാവിത്ത്വത്തിന്റെ ഭാഷയിലാണ്‌ അദ്ദേഹം എഴുതുന്നത്‌ എന്നതുകൊണ്ട്‌, വര്‍ത്തമാന ലോകത്തെ മനസ്സിലാക്കാനും വിവിധ സംസ്കാരങ്ങളെ സമന്വയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനു പകരം, ശീതയുദ്ധത്തിന്‌ അനുസ്യൂതി സൃഷ്ടിക്കാനും അതിനെ വികസിപ്പിക്കാനുമാണ്‌ അദ്ദേഹം ശ്രമിക്കുന്നതെന്ന്‌ കരുതാന്‍ നമ്മള്‍ നിര്‍ബന്ധിതരായിത്തീരുന്നു. തീരെ സംശയവും അവിശ്വാസവും നിഴലിക്കാത്ത വിധത്തിലാണ്‌ അദ്ദേഹം ഇതെല്ലാം പറയുന്നത്‌. സംഘട്ടനങ്ങള്‍ തുടരുമെന്നു മാത്രമല്ല "ആധുനിക ലോകത്തെ സംഘട്ടനങ്ങളുടെ പരിണാമത്തിന്റെ ഏറ്റവും പുതിയ ഘട്ടമാണ്‌ സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനം' എന്നുകൂടി അദ്ദേഹം ആദ്യപേജില്‍ എഴുതിവെക്കുന്നുണ്ട്‌. അമേരിക്കക്കാരുടെയും മറ്റുള്ളവരുടെയും മനസ്സുകളില്‍ ഒരു യുദ്ധകാലാവസ്ഥ നിര്‍മ്മിക്കുന്നതിനുവേണ്ടി സമര്‍ത്ഥമായും ഹ്രസ്വമായും എഴുതിയ ഒരു മാന്വല്‍ എന്ന നിലയിലാണ്‌ ഈ പുസ്തകത്തിനെ മനസ്സിലാക്കേണ്ടത്‌. ശീതയുദ്ധത്തിന്റെ അവസാനത്തോടെ തൊഴില്‍ നഷ്ടപ്പെടുകയും ഇപ്പോള്‍ പുതിയ ഒരു അവസരം കണ്ടെത്തുകയും ചെയ്ത പെന്റഗണിലെ ആസൂത്രണവിദഗ്ദ്ധന്‍മാരുടെയും പ്രതിരോധ വ്യവസായ ഉദ്യോഗസ്ഥന്‍മാരുടെയും ഭാഗത്തു നിന്നുകൊണ്ടാണ്‌ സാമുവല്‍ ഹണ്ടിംഗ്‌ടണ്‍ വാദിക്കുന്നത്‌ എന്നുപോലും ഞാന്‍ പറയും. ഇതൊക്കെയാണെങ്കിലും, വിവിധ രാജ്യങ്ങളും പാരമ്പര്യങ്ങളും ജനങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തില്‍ സംസ്കാരം എന്ന ഘടകത്തിന്റെ പ്രാധാന്യത്തിന് അടിവരയിട്ടതിന് ഹണ്ടിംഗ്‌ടണിനോട്‌ നന്ദി പറയാം.

(തുടരും)

11 comments:

Rajeeve Chelanat said...

വ്യാഖ്യാനങ്ങളുടെ സംഘട്ടനം

rasheed said...

ഉറ്റുനൊക്കുന്നു തുടര്‍ച്ചയെ ............

Nachiketh said...

Thanks Rajeev

The Prophet Of Frivolity said...

The theses and the arguments put forward to support it, by Mr.Huntington did not actually deserve a response of the order made by Mr. Said. That whole piece is sickeningly shallow, and it revolves round the old and often regurgitated postulates. Nevertheless said's write up is reassuringly touching. I mean beyond the philosophical and theoretical merit it has a visible emotional ring about it. Another crucial matter about essays of the kind by Mr. Huntington is that the discourse preceeds the real world scenario it purpotedly portrays. It is the discourse that manufactures, maintains and perpetrates the dichotomies which then solidifies into realities.

Good Work, Rajeev

Rajeeve Chelanat said...

റഷീദ്, നചികേതസ്സ്..നന്ദി.

പോയറ്റ്. അതെ.ഒരു തരത്തില്‍ പറഞ്ഞാല്‍ ആവശ്യമുണ്ടായിരുന്നില്ല. അത്രമാത്രം മുന്‍‌വിധിയോടെ എഴുതപ്പെട്ട (സങ്കല്‍പ്പിക്കപ്പെട്ട) ഒരു രാഷ്ട്രീയമാണ് ഹണ്ടിംഗ്‌ടണ്‍ അവതരിപ്പിക്കുന്നത്. എങ്കിലും അതിന്റെ അശാസ്ത്രീയതയെ തുറന്നു കാട്ടേണ്ടതുണ്ട് സയ്‌ദിനെ‌പ്പോലെ ഒരാള്‍ക്ക്. അതു തന്നെയാണ് ഇവിടെ അദ്ദേഹം ചെയ്യുന്നത്. അടുത്ത ചില ഭാഗങ്ങളില്‍ സയ്‌ദിന്റെ നിരീക്ഷണങ്ങളുടെ ശക്തിയും ഊര്‍ജ്ജവും ചരിത്രബോധവും മാനവികതയും കൂടുതല്‍ വെളിവാവുകയും ചെയ്യും.

“..beyond the philosophical and theoretical merit it has a visible emotional ring about it.“--അതെ. എഡ്‌വേഡ് സയ്‌ദിന്റെ എല്ലാ രചനകളിലും ആ ഒരു ഗുണമുണ്ട്. and it is that same quality and the naturally accompanying honesty which had made him one of the clearest intellectual of our times.

അഭിവാദ്യങ്ങളോടെ

The Prophet Of Frivolity said...

സെയിദ് എഴുതിയത് പൂര്‍ണ്ണമായി വായിച്ചിരുന്നു, രാജീവ്. ഈ പോസ്റ്റ് കുറച്ചുകൂടെ വിപുലമായ ചര്‍ച്ച ആവശ്യപ്പെടുന്ന ഒന്നാണെന്ന് തോന്നി.
മറ്റൊരു ശ്രദ്ധാര്‍ഹമായ വിഷയം ഗ്രീക്ക് എന്നു പൊതുവെ കല്പിച്ചുപോരുന്ന സംസ്കാരത്തിന്റെ ആദിരൂപങ്ങളെക്കുറിച്ചെഴുതിയ പുസ്തകത്തെപ്പറ്റിയുള്ള സെയിദിന്റെ പരാമര്‍ശമാണ്. കുറച്ചുനാള്‍ മുമ്പ് ഒരു ജര്‍മ്മന്‍ എഴുത്തുകാരന്റെ പ്രാചീന (Presocratic) ഗ്രീക്ക് ചിന്തയെക്കുറിച്ചെഴുതിയ പുസ്തകത്തില്‍, ഗ്രീക്ക് സംസ്കാരത്തില്‍ എന്തുകൊണ്ട് ‘മറ്റവന്‍’ ഉണ്ടാവാന്‍ പറ്റില്ല എന്നതിനെക്കുറിച്ചുള്ള ഘോരഘോരമുള്ള വാദം വായിച്ചതാണ് മനസില്‍ വന്നത്. ആ എഴുത്ത് തപ്പിപ്പിടിക്കാന്‍ പറ്റുവാണേല്‍ ഇവിടെ ഇടാന്‍ നോക്കാം.
മറ്റൊന്ന് ഹണ്ടിങ്ങ്ടന്റെ ഫുക്കുയാമയുടെ ആശയം എന്ന പ്രെമിസ് അമേരിക്കയിലേക്ക് വലിച്ചുനീട്ടാനാവില്ല എന്ന വലിയ സത്യമാണ്. കുറച്ചുനാള്‍ മുമ്പ് ഫുക്കുയാമ തന്നെ ഗാര്‍ഡിയനില്‍ അതിനെപ്പറ്റി എഴുതിയിരുന്നു, എന്തു കൊണ്ട് ചരിത്രത്തിന്റെ അവസാനത്തില്‍ അവശേഷിക്കുന്ന ലോകം അമേരിക്ക പ്രതിനിധാനം ചെയുന്നില്ല എന്നതിനെപ്പറ്റി. അത് യൂറോപ്പിനെയും അമേരിക്കയെയും ഉപരിപ്ലവമായെങ്കിലും നോക്കിക്കാണുന്ന ഏത് പൊട്ടനും മനസിലാവും. അല്ലെങ്കിലും തരംതിരിക്കല്‍ രോഗം ബാധിച്ചവന് എന്ത് സൂക്ഷ്മത?
ഈ പോസ്റ്റിട്ട സമയവും നന്നായി.
Regards.

jijijk said...

രാജീവ്> നന്ദി. സെയ്ദിനെ മുഴുവന്‍ വിവര്‍ത്തനം ചെയ്യണം. ഹണ്ടിങ്‌ടണിനെ ഉയര്‍ത്തി പിടിച്ചു നടക്കുന്ന ആനന്ദിനെ പോലെ എഴുത്തുകാര്‍ ഉള്ള ഒരു ഭാഷയാണു നമ്മുടെതു.
ഓ ടോ: പ്രൊഫറ്റിനെ നിങ്ങളും ഞങ്ങളെ പോലെ പൊയറ്റ് എന്നു വിളിച്ചു!

Harold said...

തുടരുക

RM said...

@ Mercutio

Anand has been very critical of Huntington and his thesis at more than one occassions. There is a conscious, malicious and concerted effort from a few corners (surprisingly from left intellectuals)to malign Anand and brand him as saffron. Given that even a superficial reading of Anand's works would not have suggested that Anand endorses Huntington, I must say, Mercutio is part of the propaganda machine or a victim of the same.

Rajeeve Chelanat said...

മെര്‍കുഷിയോ, ഹരോള്‍ഡ്, ആര്‍.എം...നന്ദി.

മെര്‍കുഷിയോ..പോയറ്റിന്റെ പേര് അറിയാത്തതുകൊണ്ടല്ല..പൊതുസ്ഥലത്ത് ആ പേര് വെളിവാക്കിയിട്ടില്ല എന്നതുകൊണ്ട്, ബ്ലോഗ്ഗ് നാമം ഉപയോഗിച്ചു എന്നു മാത്രം.

RM

ആനന്ദിനെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണം ശരിയാണ്. എങ്കിലും ഈയടുത്ത കാലത്തായി അദ്ദേഹം എഴുതിയ ചില ലേഖനങ്ങളില്‍ നിന്ന് “സാംസ്കാരിക സംഘട്ടന’ത്തിന്റെ വക്താക്കള്‍ക്ക് ഊര്‍ജ്ജം കിട്ടിയിട്ടുണ്ട് എന്നും തോന്നുന്നു. ആനന്ദിന്റെ കാഴ്ചപ്പാടുകളെ വികലമാക്കി അവതരിപ്പിക്കുന്നതിന്റെ കുഴപ്പമാണ് ഇത്. മെര്‍കുഷിയോ അതില്‍ അറിയാതെ പെട്ടിട്ടുണ്ടാകുമെന്നേ ഞാന്‍ കരുതുന്നുള്ളു. ആ പ്രൊപ്പഗാന്‍ഡ മെഷിന്റെ ഭാഗമായി മെര്‍കുഷിയോ മാറിയിട്ടുള്ളതായി തോന്നിയിട്ടുമില്ല.

അഭിവാദ്യങ്ങളോടെ

Anonymous said...

ഇസ്ലാമിക മതമൌലികവാദത്തെ എതിര്‍ക്കുന്നു എന്ന കാരണം കൊണ്ട് ആനന്ദ് “സാംസ്കാരിക സംഘട്ടനം” എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ആളാകുന്നില്ല. നമ്മുടെ സാഹിത്യകാരന്മാരില്‍ തികച്ചും റാഷനലിസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരാളാണ് ആനന്ദ്. പക്ഷെ ആനന്ദിനെ സംഘപരിവാര്‍ ആക്കാന്‍ ഇസ്ലാമിസ്റ്റുകളും, അവരെ പിന്തുണയ്ക്കുന്ന ചില ഇടതുപക്ഷക്കാരും ശ്രമിക്കുന്നുണ്ട് എന്നതാണ് വാസ്തവം.