Monday, October 10, 2011

നഗരവളർച്ചയുടെ ദശാബ്ദസഞ്ചാരങ്ങൾ




ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പുനർനിർണ്ണയവും, അത് രാജ്യത്തിന്റെ ഗ്രാമ-നഗര ഭൂപടത്തിൽ വരുത്തുന്ന മാറ്റങ്ങളും എല്ലാ ദശകങ്ങളിലും സംഭവിക്കാറുണ്ട്. എങ്കിലും, ഇത്രയധികം കൂടുതൽ ആളുകൾ നഗരങ്ങളിലേക്ക് പലായനം ചെയ്യുന്നത്, തൊണ്ണൂറു വർഷങ്ങൾക്കുള്ളിൽ, ഈ കഴിഞ്ഞ ദശാബ്ദക്കാലത്തുമാത്രമാണ്‌. 90.6 ദശലക്ഷം അധികം ആളുകൾ ഗ്രാമങ്ങളിൽ വർദ്ധിച്ചപ്പോൾ, നഗരങ്ങളിൽ 91 ദശലക്ഷം ആളുകളാണ്‌ വർദ്ധിച്ചത് ഈ കഴിഞ്ഞ പത്തുകൊല്ലത്തിനുള്ളിൽ. കഴിഞ്ഞ 10 കൊല്ലത്തിനിടയ്ക്ക്, ഇത്രയധികം ആളുകളെ ഇവിടേക്കെത്തിക്കാൻ പാകത്തിൽ തീർച്ചയായും എന്തോ സംഭവിച്ചിരിക്കുന്നു. കൃഷിയുടെ തകർച്ചയോടെ സംഭവിച്ച, ഭീകരവും രേഖപ്പെടുത്താത്തതുമായ പലായനമാണ്‌ അത്. നാട്ടിൻപുറങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഒരു വലിയ നാടകത്തിലേക്കാണ്‌ നമ്മൾ കണ്ണയക്കുന്നത്. ഇല്ലാത്ത തൊഴിലുകളന്വേഷിച്ച്, ദശലക്ഷക്കണക്കിനാളുകൾ വീടുകൾ വിട്ടുപോകുന്ന കാഴ്ച. വൃദ്ധരും വിശന്നുവലയുന്നവരും, രോഗികളുമായവരെ പിന്നിൽ കൈയ്യൊഴിഞ്ഞ് ചെറുപ്പക്കാർ ഉപേക്ഷിച്ചുപോകുന്ന ഗ്രാമങ്ങൾ. ഓരോ അംഗങ്ങളും ഓരോയിടത്തേക്ക് പലായനം ചെയ്ത് ചിതറിപ്പോകുന്ന കുടുംബങ്ങൾ.

ജനസംഖ്യാകണക്കെടുപ്പോ, ദേശീയ സാമ്പിൾ സർവ്വേയോ ഈ വലിയ ‘അലക്ഷ്യ പലായന’ത്തെ കാണുന്നില്ല (തൊഴിലിനുവേണ്ടിയുള്ള ലക്ഷ്യമൊന്നുമില്ലാത്ത അലച്ചിലിനെ വിശേഷിപ്പിക്കാൻ ഫൂട്ട്ലൂസ് മൈഗ്രേഷൻ-അലക്ഷ്യ പലായനം - എന്ന പുതിയൊരു വാക്കുതന്നെയുണ്ട്). ഹ്രസ്വനാളുകൾ നീണ്ടുനിൽക്കുന്നതും, ഘട്ടം ഘട്ടവുമായ ഈ പലായനങ്ങളെ രേഖപ്പെടുത്താൻ അവയ്ക്ക് കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന്‌, എപ്പോഴും, തങ്ങളുടെ സംസ്ഥാനത്തിനു പുറത്ത് സ്ഥിതിചെയ്യുന്ന രണ്ട് ദശലക്ഷം ഒറിയക്കാർ ഈ വിഭാഗത്തിൽ പെടുന്നവരാണ്‌. നുവാപാദ, അഥവാ, ബൊലാംഗീർ ജില്ലകൾ എടുക്കുക. സാധാരണനിലക്ക്, ഒന്നോ രണ്ടോ മാസം അവർ റായ്പൂരിൽ റിക്ഷാവലിക്കാരായി ചിലവഴിക്കും. അതുകഴിഞ്ഞ് രണ്ടോ മൂന്നോ മാസം, ആന്ധ്രയിലെ ഇഷ്ടികപ്പാടത്ത്. പിന്നെ, മുംബയുടെയോ താനെയുടെയോ ചുറ്റുവട്ടത്തിൽ നിർമ്മാണ തൊഴിലാളികളായി ഏതാനും ആഴ്ചകൾ അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരിക്കും. (ഉയരത്തിൽ കെട്ടിയുയർത്തിയ തട്ടുകളിൽ നിന്നുകൊണ്ടുള്ള അപകടകരമായ ജോലികളിലായിരിക്കും അധികസമയവും അവർ).

കുടിയിറക്കപ്പെട്ട കർഷകരും തൊഴിലാളികളുമാകട്ടെ, മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും കാണുന്നതുപോലെ മിക്കപ്പോഴും ഒരേ സംസ്ഥാനത്തിനകത്തെ പട്ടണങ്ങളിൽ തന്നെ അലക്ഷ്യമായി കറങ്ങിക്കൊണ്ടിരിക്കുന്നവരായിരിക്കും.

ശരിയാണ്‌. സെൻസസിന്‌ തൊഴിലിലെ ഇത്തരം ചലനങ്ങളെ രേഖപ്പെടുത്താനാവില്ല. എന്നിട്ടും ഇപ്പോൾ നമ്മൾ കണ്ടതുപോലുള്ള നഗര-ഗ്രാമ കണക്കുകളാണ്‌ അവ കാണിച്ചുതരുന്നതെങ്കിൽ, നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു വലിയ നാടകത്തെയാണ്‌ അത് തീർച്ചയായും സൂചിപ്പിക്കുന്നത്. നഗരങ്ങളിലെ ജനസംഖ്യയും ചെറുകിട പട്ടണങ്ങളും പെരുകുകയാണ്‌. നഗര-ഗ്രാമങ്ങളിലെ ജനസംഖ്യാ നിരക്ക് കുറയുമ്പോഴും കഴിഞ്ഞ മുപ്പതുവർഷത്തിനുള്ളിലെ ഏറ്റവും വലിയ നഗര-ഗ്രാമ വളർച്ചാ വ്യത്യാസമാണ്‌ (Urban-Rural Growth Differential) അവിടെ നിലനില്ക്കുന്നത്. ആഴമേറുന്ന ഒരു കാർഷികപ്രതിസന്ധിയുമായി കൈകോർത്ത് നടക്കുന്ന ഭീമമായ ഒരു കുടിയേറ്റമാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 1995-നും 2009-നും ഇടയ്ക്ക് നടന്ന 240,000 കർഷക ആത്മഹത്യകളെ ഇതോടൊപ്പം ചേർത്ത് വേണം  വായിക്കാൻ. ഭൂരിഭാഗവും കടത്തിൽ മുങ്ങി ജീവിതം അവസാനിപ്പിച്ചവരാണവർ. കഴിഞ്ഞ കുറേ കാലങ്ങളായി, ഇതിന്റെയൊക്കെ ചെറിയ ചെറിയ സൂചനകൾ നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ഉണ്ടായിരുന്നു. കഥകൾ എന്നു പറഞ്ഞ് എഴുതി തള്ളാൻ എളുപ്പമാണെങ്കിലും, വേണമെന്നുണ്ടെങ്കിൽ കാണാൻ എളുപ്പത്തിൽ സാധിക്കുമായിരുന്നു ആ സൂചനകൾ.

1990-കളുടെ ആദ്യപകുതിയിൽ ഒറീസ്സയിലെ നുവാവാദ ജില്ലയിലെ ഖരിയാറിൽനിന്ന് ചത്തീസ്ഗഢിലെ റായ്പൂരിലേക്ക് ദിവസത്തിൽ മൂന്നോ നാലോ ബസ്സുകളേ ഉണ്ടായിരുന്നുള്ളു. ആദ്യമൊക്കെ, ഭവാനിപ്പട്ടണത്തിൽ നിന്നായിരുന്നു (കാലഹന്ദി ജില്ലയുടെ തലസ്ഥാനം) ബസ്സുകൾ പുറപ്പെട്ടിരുന്നത്, ഖരിയാർ വഴി, റായ്പൂരിലേക്ക്. ഇന്ന്, ഒട്ടുമിക്ക പട്ടണങ്ങളിൽനിന്നും, ചെറിയ പ്രദേശങ്ങളിൽനിന്നുമൊക്കെ ബസ്സുകൾ, തൊഴിലാളികളെ കൊണ്ടുപോകുന്നു. ഇവിടെനിന്ന് റായ്പൂരിലേക്ക് തീവണ്ടികളും ധാരാളമായി പോകുന്നുണ്ട്. അതിർത്തികടക്കാൻ ഇതിനുപുറമെ, നിയമവിരുദ്ധമായി വാനുകളും ജീപ്പുകളും സുലഭമാണ്‌. “ഇവിടെ ഇനി എന്തുണ്ട് ബാക്കി?” ബിഷ്ണു ബോധ് എന്ന ഒരു അഭയാർത്ഥി എന്നോട് ചോദിച്ചു. “അതിർത്തിക്കപ്പുറത്ത് ധാരാളം ജോലി സാധ്യതയുണ്ട്”, അയാൾ പറഞ്ഞു. റായ്പൂർ തലസ്ഥാനമായി മാറിയതോടെ മനുഷ്യരുടെ കുത്തൊഴുക്കും തുടങ്ങി.

1994-ൽ കേരളത്തിലെ (വയനാട്ടിലെ) മാനന്തവാടിക്കും കർണ്ണാടകയിലെ കുട്ട പട്ടണത്തിനും ഇടയിൽ ചുരുക്കം ചില സർക്കാർ ബസ്സുകൾ മാത്രമേ സർവ്വീസ് നടത്തിയിരുന്നുള്ളു. കാർഷിക പ്രതിസന്ധി വരുന്നതുവരെ, വയനാടെന്ന നാണ്യവിളകളുടെ നാട്ടിലേക്ക് തൊഴിലാർത്ഥികൾ അക്ഷരാർത്ഥത്തിൽ ഒഴുകുകയായിരുന്നു. കേരളത്തിന്റെ ഗൾഫ് എന്നുപോലും വയനാട്ടിനെ വിശേഷിപ്പിച്ചിരുന്നു.  2004-ഓടെ, രണ്ടു പട്ടണത്തിനുമിടയ്ക്ക് 24 ബസ്സുകൾ സർവ്വീസ് ആരംഭിച്ചു. “വയനാട് ഏതാണ്ട് സ്തംഭിച്ചിരിക്കുന്നു‘ എന്നാണ്‌ ഷിനോജ് തോമസ് എന്ന ചെറുപ്പക്കാരൻ പറഞ്ഞത്. ”പണി പകുതിക്കുവെച്ച് നിന്ന ആ വീടുകൾ നോക്കൂ. കൃഷി തരക്കേടില്ലാതെ നടന്നിരുന്ന കാലത്ത് തുടങ്ങിയതാണ്‌ അവയൊക്കെ. കൃഷി നശിച്ചപ്പോൾ നിർമ്മാണ ജോലിയൊക്കെ നിന്നു. വീണ്ടും തുടങ്ങാൻ ആരുടെ കയ്യിലും പൈസയുണ്ടായിരുന്നില്ല“.

തെലുങ്കാനയിലെ മഹബൂബ്നഗറിൽ നിന്ന് മുംബൈയിലേക്ക് ഒരു ബസ്സ് സർവ്വീസ് പോലും തികച്ചുണ്ടായിരുന്നില്ല 1993-ൽ. പത്തുവർഷങ്ങൾക്കുശേഷം അത് 40 ആയി വർദ്ധിച്ചു (രാത്രി മാത്രം പോകുന്ന, സ്വകാര്യ വാഹനങ്ങളെ കണക്കിലെടുത്തിട്ടില്ല). ”മുംബൈയും പൂനയുമില്ലെങ്കിൽ ഞങ്ങൾക്ക് നിലനിൽക്കാൻ പറ്റില്ല“. പാണ്ഡു നായ്ക്ക് എന്ന ആദിവാസി പറഞ്ഞു ഒരിക്കൽ. ”ഞങ്ങളുടെ കുടുംബം കടത്തിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്‌. കുട്ടികൾ പട്ടിണിയിലും“. 2003-ഓടെ യാത്രക്കാരും മാറിയിരിക്കുന്നു. മുൻപ്, അധികവും കർഷകതൊഴിലാളി വർഗ്ഗക്കാരായ ദളിതുകളും ലംബാദ ആദിവാസികളുമായിരുന്നു യാത്രക്കാർ. ഇന്നാകട്ടെ,, മരപ്പണിക്കാരും, മൺപാത്രനിർമ്മാണ തൊഴിലാളികളും, ചെറുകിട-ഇടത്തരം കർഷകർ പോലും ആ കൂട്ടത്തിലുണ്ട്. എടുത്തുപറയാവുന്ന ഒരു സന്ദർഭമുണ്ടായത് 2003-ലെ ഒരു ബസ്സ് യാത്രയിലാണ്. അന്ന് അതിൽ, ഒരു കർഷകനും, ആ കർഷകന്റെ കീഴിൽ കാലാകാലങ്ങളായി തൊഴിലെടുത്തിരുന്ന ഒരു അടിമപണിക്കാരനുമുണ്ടായിരുന്നു.  തൊഴിലന്വേഷണവുമായി മുംബൈയിലേക്ക് പോവുകയായിരുന്നു ഇരുവരും. അതേസമയം, ഓരോ വർഷവും, പ്രത്യേക സാമ്പത്തിക മേഖലക്കും മറ്റു പദ്ധതികൾക്കും വേണ്ടി കുടിയിറക്കപ്പെട്ട, പൊലേപ്പള്ളി മുതൽ പോളാവരം വരെയുള്ള പതിനായിരക്കണക്കിന്‌ ആളുകൾ, ഹൈദരബാദിലും അതിന്റെ ചുറ്റുവട്ടത്തുള്ള നഗരപ്രദേശങ്ങളിലും എത്തിപ്പെടുകയും ചെയ്യുന്നു.

2008-ലെ സാമ്പത്തിക മാന്ദ്യക്കാലത്ത്, ഗുജറാത്തിൽ നിരവധി നെയ്ത്തുശാലകൾ അടച്ചുപൂട്ടി. എന്നിട്ടും 2009-ൽ, ഒറീസ്സയിലെ ഗഞ്ചാമിൽനിന്ന്, ദിവസേനയെന്നോണം അയ്യായിരത്തോളം തൊഴിലാളികൾ ബിർഹാംപൂർ റെയിൽവേസ്റ്റേഷനിൽനിന്ന് ഗുജറാത്തിലേക്ക് വണ്ടികയറിയിരുന്നു. സൂറത്തിലേക്കും മുംബൈയിലേക്കും പോകുന്ന തൊഴിലാളികളായിരുന്നു അതിലധികവും. ”ഞങ്ങൾക്ക് മറ്റൊരു മാർഗ്ഗവുമില്ലെന്ന് സൂറത്തിലെ മുതലാളിമാർക്ക് അറിയാമായിരുന്നു“വെന്നാണ്‌ ഗഞ്ചാമിലെ ഗണേഷ് പ്രധാൻ പറഞ്ഞത്. ”അവധി ദിവസങ്ങളോ, വിശ്രമമോ ഒന്നുമില്ല. 12 മണിക്കൂർ ഷിഫ്റ്റിലാണ്‌ ജോലി. ഉച്ചവിശ്രമവും ഇല്ല. പൈസയും ആരോഗ്യവും നഷ്ടപ്പെടുകയാണ്‌..പക്ഷേ എല്ലായിടത്തും ഇതൊക്കെത്തന്നെയാണ്‌ സ്ഥിതി എന്ന് അറിയാഞ്ഞിട്ടല്ല“, ഗണേഷ് തുടർന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ള ഉദാഹരണങ്ങളും ഇതിൽനിന്ന് വ്യത്യസ്തമല്ല.

ആരാണീ പലായനം ചെയ്യുന്നവർ? കാർഷിക പ്രതിസന്ധി അനുഭവപ്പെടാൻ തുടങ്ങിയ 1990-കൾ മുതൽ, അതുവരെ നാടുവിട്ടുപോവുക ശീലമാക്കാതിരുന്ന സമുദായങ്ങൾ പോലും അത് ചെയ്തു തുടങ്ങി. ഒറീസ്സയിലെ കാളഹന്ദിയിലെ ദളിതർ കുറേ മുൻപു മുതൽക്കേ പലായനം ചെയ്തിരുന്നു. 90-കൾ മുതൽക്ക്, ആദിവാസികളും ക്ഷീരോത്പാദകരായ മറ്റുപിന്നോക്ക ജാതികളും മറ്റുള്ളവരും അവരുടെകൂടെ ചേർന്നു. ”കഴിഞ്ഞ 15-20 കൊല്ലക്കാലത്തെ പലായനങ്ങൾ അധികവും നിവൃത്തികേടുകൊണ്ടുണ്ടായതും, ലക്ഷ്യമില്ലാത്തതും, പലായനം ചെയ്യുന്നവരുടെ ജീവിതരീതിയും വേരുകളും കുടുംബബന്ധങ്ങളും തകർക്കുന്നവയുമായിരുന്നു“ ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണ്ണലിസത്തിലെ പ്രൊഫസ്സർ ഡോ.കെ.നാഗരാജൻ അഭിപ്രായപ്പെടുന്നു. ”മദ്ധ്യ-ഉപരിവർഗ്ഗക്കാരിൽനിന്ന് വിഭിന്നമായി, ഇവർ എന്തെങ്കിലും പുതിയ തൊഴിലോ മൂലധനമോ ഒന്നും നേടുന്നില്ല. മദ്ധ്യ-ഉപരിവർഗ്ഗമാകട്ടെ, പലായനം ചെയ്യുമ്പോൾ തൊഴിൽ വൈദഗ്ദ്ധ്യവും മൂലധനവും, അവസരങ്ങളും നേടുകയാണ്‌ ചെയ്യുന്നത്“. ഈ പലായനം, നാട്ടിൻപുറങ്ങളിലെ ചെറുകിട ഉത്പാദനത്തിന്റെ തകർച്ചയെയാണ്‌ സൂചിപ്പിക്കുന്നത്.

ഗ്രാമങ്ങളിലെ തങ്ങളുടെ വീടുകളിൽനിന്നുള്ള മനുഷ്യന്മാരുടെ ഈ വലിയ ഒഴുക്ക് സ്വാഭാവികമായി സംഭവിക്കുന്നതല്ല. ഇടനിലക്കാരുടെയും തൊഴിൽ കരാറുകാരുടെയും ശക്തമായ ഒരു നീണ്ട നിരതന്നെ ഈ നാട്ടിൻപുറങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. ഈ പലായനത്തെ അവർ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുകയുമാണ്‌. പട്ടണത്തിലെയും നഗരത്തിലെയും കരാറുകാർ മുതൽ, കെട്ടിടനിർമ്മാതാക്കളും, കുത്തക കോർപ്പറേഷനുകളും, മൾട്ടിനാഷണൽ കമ്പനികൾ വരെ നീളുന്ന വിവിധ വിഭാഗങ്ങൾക്കുവേണ്ടി കുറഞ്ഞ വിലയ്ക്ക് തൊഴിൽ ലഭ്യമാക്കുന്ന ഇടനിലക്കാരാണവർ. ഇത്, പ്രാദേശിക കൂലി-വേതന നിലവാരത്തെ നിലംപരിശാക്കാൻ മാത്രമല്ല, അസംഘടിതരും, പ്രതീക്ഷയറ്റവരും, തന്മൂലം, എളുപ്പത്തിൽ കീഴ്പ്പെടുന്നവരുമായ ഒരു തൊഴിലാളിവർഗ്ഗത്തിനെ സൃഷ്ടിക്കാനുമാണ്‌ സഹായിക്കുക. ഈ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചോ, തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചോ, അവർക്കു നൽകേണ്ടതോ, അവർക്ക് ബോധ്യമുണ്ടായിരിക്കേണ്ടതോ ആയ ആനുകൂല്യങ്ങളെക്കുറിച്ചോ തൊഴിലുടമകൾക്ക് ഒരിക്കലും ആശങ്കപ്പെടേണ്ടതുമില്ല. തൊഴിലാളികൾക്കാകട്ടെ, ഈ സംവിധാനം, തുച്ഛമെങ്കിലും പെട്ടുന്നുള്ള പണവും, തകർക്കുന്ന ഋണബാധ്യതയും, അനന്തമായ നിരാശയും മാത്രമാണ്‌ നൽകുന്നത്.



സെപ്തംബർ 26-ലെ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച പി.സായ്നാഥിന്റെ ലേഖനത്തിന്റെ തർജ്ജമ

3 comments:

Rajeeve Chelanat said...

നഗരവളർച്ചയുടെ ദശാബ്ദസഞ്ചാരങ്ങൾ

മലമൂട്ടില്‍ മത്തായി said...

What India needs is more towns and cities. Villages of India are the places where the worst of the social ills persist.

When I said more cities and towns, I did not mean adding more migrants to the existing over crowded metros. We need more planned cities. Urbanization is not necessarily a bad thing. In fact, urban areas have a better record of delivering civic services compared to rural areas.

The article does not mention the necessity of people moving from rural to urban areas. If you look at the incentives of the "footloose" migrants, they want to move because the rural areas cannot support their livelihood - the ones who move are mostly untrained or under trained people. So then, the best way to stop the migration is more education and more training to the work force.

The Government should invest much more in educating the masses. But then, in India, education is all about making money.

The complete disregard for laborers of the unorganized sector by the law makers of India is another concern. The well organized and militant Government workers are coddled by every lawmaker. But then the unorganized and "footloose" have few rights and even fewer supporters.

Rajeeve Chelanat said...

മലമൂട്ടിൽ മത്തായീ,

നഗരങ്ങൾക്കും പട്ടണങ്ങൾക്കും വളരുന്നതിന് ഭൂമിശാസ്ത്രപരമായും സാമൂഹ്യപരമായും ധാരാളം പരിമിതികളുണ്ട്. അമിതവും അനിയന്ത്രിതവുമായ നഗരവത്ക്കരണം, പുരോഗതിയേക്കാൾ തകർച്ചയിലേക്കായിരിക്കും നയിക്കുക.

ഇവിടെ വിഷയം, നാട്ടുമ്പുറങ്ങൾ വിട്ട്, നഗര-പട്ടണങ്ങളിലേക്കെത്തുകയും അവിടെയും ജീവിതമുറപ്പിച്ചുനിർത്താൻ പറ്റാതിരിക്കുകയും ചെയ്യുന്ന അസംഘടിതരും, എളുപ്പത്തിൽ ചൂഷണം ചെയ്യപ്പെടുന്നവരുമായ ആളുകളുടെ പ്രശ്നമാണ്. അതിനെ, കേവലം, രാജ്യത്തിന്റെ വളർച്ചയുമായി മാത്രം കൂട്ടിക്കെട്ടുന്നത് ശരിയായിരിക്കില്ല. നിലവിലുള്ള സാമൂഹ്യ സന്തുലിതത്വം തന്നെ നിലനിർത്താൻ ക്ലേശിക്കുന്ന നഗരങ്ങളിൽ ഇത്തരം ‘അലക്ഷ്യ പലായനം’ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കാനേ സഹായിക്കൂ.

നാട്ടുമ്പുറം നന്മകളാൽ സ‌മൃദ്ധമെന്ന സൂചനയൊന്നും ഈ ലേഖനത്തിലില്ല എന്നും സൂചിപ്പിക്കട്ടെ.

വായനയ്ക്കു നന്ദി.

അഭിവാദ്യങ്ങളോടെ