Wednesday, October 19, 2011

ഗുരുക്കല്ലുകളും ശിഷ്യക്കല്ലുകളും



ഒരു നാൾ രാഷ്ട്രീയം മരിച്ചുപോയാൽ, നാം, കല്ലുകൾ എന്തുചെയ്യും എന്ന് ചോദിക്കുന്ന ശിഷ്യക്കല്ലിനോട് ഗുരുക്കല്ല് പറയുന്ന ഉത്തരമുണ്ട്, കെ.ജി.എസ്സിന്റെ ‘ഹമുക്ക്’ എന്ന കവിതയിൽ. അത് ഇങ്ങനെയാണ്:

ഡാ
ഡ ഡ ഡാ
ശിഷ്യക്കല്ലേ
അപ്പഴല്ലേ സടകുട-
ഞ്ഞുണരുന്നത് നുമ്മടെ
അതിജീവന രതി.
മടങ്ങും നാം
ദുഖത്തിലും തോൽ‌വിയിലും
ദൈവത്തിലേക്ക്.
സ്വത്വാതുരരായി
ഇനി നീയേ രാഷ്ട്രീയം
നീയേ ശരണം;
ആഗോള പരാശക്തി
സർവ്വനാശക മഹാമാരി
എന്ന് കേണലറി
ജാതിമതാചാര-
സ്വദേശച്ചെരിവിലെ
പച്ചപ്പുൽമേട്ടിലേ-
ക്കൊരുരുളലങ്ങോ-
ട്ടുരുളും ശിഷ്യാ,
ഉരുളൻ കല്ലുകളല്ലേ നാം?

(ഓർമ്മകൊണ്ട് തുറക്കാവുന്ന വാതിലുകൾ, ഡി.സി.പ്രസിദ്ധപ്പെടുത്തിയത്).

വെറുതെ സങ്കൽ‌പ്പിച്ചുനോക്കുകയാണ്.  ഒരു രസത്തിന്.

ഇക്കഴിഞ്ഞ വിദ്യാരംഭത്തിന്റെയന്ന്, കെ.ജി.എസ്സിന്റെ മടിയിലിരുന്ന് അക്ഷരാഗ്നി പകർന്നുകിട്ടിയ ഏതെങ്കിലുമൊരു ശിഷ്യക്കല്ലിന്, എന്നെങ്കിലുമൊരിക്കൽ കവിതയുടെ രാഷ്ട്രീയം ചികയേണ്ടിവന്നാൽ, ഇതേ മറുപടിയായിരിക്കില്ലേ കവിതയുടെ ഗുരുക്കല്ലിൽനിന്ന് അവന്റെ നാവിൽ പുളിച്ചു തികട്ടുക? കെ.ജി.എസ്സിന് അപ്പോൾ എന്തു സമാധാനം പറയാനുണ്ടാകും? അതോ, അപ്പോഴേക്കും, ജാതിമതാചാരസ്വദേശിച്ചെരുവിലേക്ക്, ഇങ്ങിനി തിരിച്ചുകയറാനാവാത്തവിധം വീണുപോയിട്ടുണ്ടാകുമോ നമ്മുടെ പ്രിയപ്പെട്ട കവി?
 
ഭസ്മക്കുറിയും കസവുമുണ്ടുമണിഞ്ഞ്, സ്വർണ്ണമോതിരം കൊണ്ട്, അക്ഷരമെന്ന അഗ്നി ഇളം കുരുന്നുകളുടെ നാവിൽ കോറിയിടുന്നത് എങ്ങിനെയാണ് ജീർണ്ണതയുടെ അടയാളമാവുന്നത് എന്നല്ലേ ചിലർക്ക് സംശയം.

നശ്വരതയുടെ പ്രതീകം മാത്രമല്ല ഭസ്മം. അത് ഒരു മതത്തിന്റെ ചിഹ്നവും കൂടിയാണ്. അക്ഷരത്തിന് മതത്തിന്റെ പരിവേഷം നൽകുന്നത് ആരുടെ താത്പര്യത്തിനെ സംരക്ഷിക്കാനാണ്? അക്ഷരത്തിന്റെയോ, മതത്തിന്റെയോ, അക്ഷരാർത്ഥിയുടെയോ, ഗുരുക്കല്ലുകളുടെയോ?

കസവുമുണ്ടിന്റെ കസവിഴകളിലുമുണ്ട് അതിന്റെ മതവും രാഷ്ട്രീയവും. ആഢ്യതയുടേയും, അതിൽ അഹങ്കരിക്കുന്നവന്റെ അന്തസ്സിന്റെയും പ്രതീകമാണ് നിർദ്ദോഷമെന്നു തോന്നിക്കുന്ന ആ മുണ്ട്. പണിയെടുക്കുന്നവന്റെ വേഷമല്ല അത്. പണിയെടുക്കുന്നവന്റെ അദ്ധ്വാനത്തെ പൂമുഖത്തിരുന്ന് നിയന്ത്രിക്കുകയും പണമാക്കി സ്വന്തം പത്തായങ്ങളും നിലവറകളും നിറക്കുന്നവന്റെയും വേഷമാണത്.

അക്ഷരത്തിന് ആഢ്യനും ആര്യനുമില്ല. ഉടമസ്ഥനും അടിയാളനുമില്ല. ദു:ഖത്തിലും തോൽ‌വിയിലും അത് മടങ്ങുന്നത് ദൈവങ്ങളിലേക്കും മതത്തിലേക്കുമല്ല. മനുഷ്യനിലേക്കാണ്. അവന്റെ നാവിലേക്കും, ശബ്ദത്തിലേക്കുമാണ്. അവന്റെ പ്രതിരോധത്തിലേക്ക്.

ഓലയെഴുത്താണികളെ കാട്ടിലെറിഞ്ഞുകളഞ്ഞ് വരുന്ന ഉണ്ണികളെ ഇപ്പോഴും പാറക്കെട്ടുകൾക്കകത്ത് തപസ്സിരുന്ന് പൂതങ്ങൾ കിനാക്കാണുന്നുണ്ട്.

സംഘടിത മതങ്ങളുടെ സാമൂഹ്യ പരിസരങ്ങളെ തിരിച്ചുപിടിക്കണമെന്ന് ചില കവികൾ ആഗ്രഹിക്കുന്നത് ഇതിനൊക്കെയാണെന്നുവരുമോ? അഥവാ, ആ പരിസരങ്ങളെ ഇവ്വിധമാണോ തിരിച്ചുപിടിക്കേണ്ടത്? ആർ ആരെയാണ് ഒടുവിൽ തിരിച്ചുപിടിക്കുക?

മതങ്ങളുടെയും ദൈവങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അതിജീവന രതിയെ പിന്നിലുപേക്ഷിച്ച്, പുതിയ വിദ്യാരംഭം കുറിക്കുന്ന ശിഷ്യക്കല്ലുകൾക്കായ് നമുക്ക് കാത്തിരിക്കാം. അവർ വരുകതന്നെ ചെയ്യും. ജാതിമതാചാരസ്വദേശച്ചെരുവുകളിൽ അവരെ തളച്ചിടാൻ ഒരു ഗുരുക്കല്ലുകൾക്കും ആവില്ല.

11 comments:

Rajeeve Chelanat said...

ഗുരുക്കല്ലുകളും ശിഷ്യക്കല്ലുകളും

Anonymous said...

വാസ്തവത്തില്‍, വര്‍ഷാവര്‍ഷം എല്ലാ മതങ്ങളിലും പെട്ട സാഹിത്യകാരന്മാരെയും മറ്റും അണിനിരത്തി മനോരമയെപ്പോലുള്ള അഹിന്ദു ഉടമസ്ഥതയിലുള്ള പത്രങ്ങളാണ് ഇത്തരം ചടങ്ങുകള്‍ ഹൈന്ദവമല്ലെന്നു വാദിക്കാനുള്ള കോപ്പ് മലയാളികള്‍ക്കു നല്‍കുന്നത്. സര്‍ക്കാരാണെങ്കില്‍(ഇടതായാലും വലതായാലും) അനുനിമിഷം നിലവിളക്ക്, എഴുത്തിനിരുത്ത്, സെറ്റുമുണ്ടും നേര്യതും, താലപ്പൊലി മുതലായ ഹൈന്ദവ ചിഹ്നങ്ങളെ കേരളീയവും ഭാരതീയവുമാക്കി മാറ്റുന്നതിനു കൂട്ടുനില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കെന്തു മറുവഴി മറിച്ചു പറയുന്നവരെ ഭീകരവാദികളോ തീവ്രവാദികളോ ആക്കി ചിത്രീകരിക്കും. അഴിച്ചുപണി ആദ്യം വേണ്ടത് സി പി എമ്മിനാണ്. അവര്‍ക്കതു സാധിക്കാത്തതിന്‍റെ കാരണമാണ് സിപിഎം അനുഭാവികളോ പ്രവര്‍ത്തകരോ ആയ(?) രാജീവും ജിപി രാമചന്ദ്രനും മറ്റും ചിന്തിക്കേണ്ടത്.

ഭാനു കളരിക്കല്‍ said...

ഓരോ മനുഷ്യ വര്‍ഗ്ഗത്തിനും ജീവിച്ചുപോകുവാന്‍ വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ബിംബങ്ങള്‍ ഒക്കെ വേണം. ബിംബങ്ങളെ ഉടക്കുമ്പോള്‍ പകരം ബിംബങ്ങള്‍ വേണം. പകരം വെക്കാന്‍ ബിംബങ്ങള്‍ ഇല്ലെങ്കില്‍ മനുഷ്യര്‍ പഴയ ബിംബങ്ങളിലേക്ക് തിരിച്ചു പോകും. കുറ്റം വ്യക്തികളുടെതല്ല എന്നു സാരം.

prachaarakan said...

ചില ആ ചാരങ്ങള്‍ അത് ചിലര്‍ ആചരിക്കട്ടെ എന്നാല്‍ അത് എല്ലാവരും പിന്തുടര്‍ന്നാലേ മതേതരനാകൂ എന്നതിലാണ്‌ വിയോജിപ്പ്.

മലമൂട്ടില്‍ മത്തായി said...

Why does the communists give the Red Salute?

Personal beliefs are very much within the definition of "freedom" according to the Indian constitution. So rather than shedding the crocodile tears, get on with it :-)

Murali said...

ആഢ്യതയുടേയും, അതിൽ അഹങ്കരിക്കുന്നവന്റെ അന്തസ്സിന്റെയും പ്രതീകമാണ് നിർദ്ദോഷമെന്നു തോന്നിക്കുന്ന ആ മുണ്ട്..
പ്രതീകങ്ങളെക്കുറിച്ച് പറയാൻ കമ്ണിസ്റ്റ്കാർ തന്നെവേണം. ആ ചുവപ്പുകൊടിയും അരിവാളുമെല്ലാം എന്തിന്റെ പ്രതീകമാണാവോ? കമ്മ്യൂണിസത്തിന്റെ അൾത്താരയിൽ പൊലിഞ്ഞ പത്തുകോടി മനുഷ്യ ജന്മങ്ങളുടെയോ? അതോ കശക്കിയെറിയപ്പെട്ട ശതകോടി ജീവിതങ്ങളുടെയോ? പാർട്ടി ആഫീസിൽ സ്റ്റാലിന്റെയും മാവോയുടെയുമെല്ലാം പടം തൂക്കിയിട്ടിട്ടുതന്നെ വേണല്ലോ ഇതെല്ലാം പറയേണ്ടത്.

Rajeeve Chelanat said...

അനോണീ,

ഇത്തരം ചടങ്ങുകള്‍ ഹൈന്ദവമല്ലെന്ന് ഒരു പത്രവും വാദിക്കുന്നില്ല. എല്ലാ മതങ്ങള്‍ക്കും പിന്തുടരാവുന്ന ഒരു ഹൈന്ദവ ആചാരമാണെന്നാണ് അത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ തന്നെ ഹൈന്ദവ ചിഹ്നങ്ങളെ കേരളീയവും ഭാരതീയവുമാക്കി മാറ്റുന്നതിനു കൂട്ടുനില്‍ക്കുന്നു എന്ന നിരീക്ഷണം ശരിയാണ്. പക്ഷേ, ഇതില്‍ സി.പി.എം. എന്തു അഴിച്ചുപണിയാ‍ണ് ചെയ്യേണ്ടത്? സി.പി.എം. പ്രവര്‍ത്തകനല്ലാത്ത, എന്നാല്‍, കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ ശരികളില്‍ വിശ്വസിക്കുന്ന എനിക്കും, അതേ നിലപാടുകളുള്ള ആളെന്ന് ഞാന്‍ കരുതുന്ന ജി.പി.ക്കും, ഇത്തരം അജണ്ടകളെ എതിര്‍ക്കുക എന്നതു മാത്രമേ ചെയ്യാന്‍ കഴിയൂ. അത് ചെയ്യുന്നുമുണ്ട്.

ഭാനൂ,

ബിംബങ്ങളെ ഉടക്കുമ്പോള്‍ പകരം ബിംബങ്ങള്‍ വേണം, എന്ന് കരുതിന്നിടത്തോളം, ഇത്തരം ബാലാരിഷ്ട്തകളെ അതിജീവിക്കുക ബുദ്ധിമുട്ടാകും എന്നാണ് എന്റെ തോന്നല്‍.

മത്തായീ,

ഇത്തരം സ്വാതന്ത്ര്യങ്ങളുമായി വിയോജിക്കാനും, ഇതേ ഭരണഘടന എന്നെപ്പോലുള്ളവര്‍ക്ക് സ്വതന്ത്ര്യം തരുന്നുണ്ട്. അതുകൊണ്ടാണ്, ഗുരുക്കല്ലുകളുടെ അജണ്ടകളുമായി ഒത്തുപോകാന്‍ പറ്റില്ല എന്നു പറയുന്നതും.

മുരളീ,

കസവുമുണ്ടിനേക്കാള്‍ എന്തുകൊണ്ടും പ്രസക്തിയുണ്ട് ചുവപ്പുകൊടിക്കും, അരിവാളിനും, ചുറ്റികയ്ക്കും. എല്ലാ മനുഷ്യന്റെയും നിറം ഒന്നാണെന്ന് അസന്ദിഗ്ദ്ധമായി പറയുന്ന ചുവപ്പുകൊടിക്കും, ഇന്നത്തെ ലോകത്തെ നിര്‍മ്മിച്ച ആ പണിയായുധങ്ങള്‍ക്കും, കസവുമുണ്ടിനേക്കാള്‍ എന്തുകൊണ്ടും പ്രസക്തിയുണ്ടെന്ന് കരുതാനാണെനിക്കിഷ്ടം. പിന്നെ, എന്റെ പോസ്റ്റ് പ്രതീകങ്ങളെക്കുറിച്ച് മാത്രമായിരുന്നില്ലല്ലോ.

വായനകള്‍ക്കു നന്ദി.

അഭിവാദ്യങ്ങളോടെ

Murali said...

രാജീവ്, താങ്കളുടെ പോസ്റ്റ് പ്രതീകങ്ങളെക്കുറിച്ച് മാത്രമല്ല എന്ന് അറിയാതെയല്ല, പക്ഷെ പ്രതീകങ്ങളെക്കുറിച്ച് പറയുമ്പോൾ ഒരു കോൺടെക്സ്റ്റ് ആവശ്യമാണ്. കസവുമുണ്ട് എന്തിന്റെ പ്രതീകമായാലും അതുടുക്കുന്നവർ അതെല്ലാം മനസ്സിലാക്കിയിട്ടോ ആ മൂല്യങ്ങൾ ഉൾക്കൊണ്ടിട്ടോ ആണ് എന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. മറിച്ചുള്ള സൂചന പ്രതീകങ്ങളെക്കുറിച്ച് പറയുന്ന എല്ലാവരും, പ്രത്യേകിച്ച് ഇടതർ, എപ്പോഴും നൽകാറുണ്ട്. ചരിത്രം ഒരു ചൂണ്ടുപലക മാത്രമാണെന്ന് പറയാറുണ്ടല്ലോ. കമ്യൂണിസത്തിന്റെ കീഴിൽ പത്തുകോടി മനുഷ്യ ജീവിതങ്ങൾ പൊലിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കമ്യൂണിസ്റ്റുകാരെല്ലാം മനുഷ്യത്വമില്ലാത്തവരോ സാഡിസ്റ്റുകളോ ആണെന്ന് വരുന്നില്ലല്ലോ. സ്റ്റാലിനും കമ്യൂണിസ്റ്റായിരുന്നു ബിനോയ് വിശ്വവും കമൂണിസ്റ്റാണ്. പക്ഷെ ശ്രീ. വിശ്വം ഒരു ഈച്ചയെ എങ്കിലും അറിഞ്ഞുകൊണ്ട് നോവിക്കുന്ന ആളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ഭാനു കളരിക്കല്‍ said...

@ Rajeeve Chelanat
ഞാന്‍ ഉദ്ദേശിച്ചത് രാജീവിന് വ്യക്തമായില്ലെന്നു തോന്നുന്നു. ഫ്യൂഡലിസത്തെയും മുതലാളിത്തത്തെയും തകര്ത്തെറിയുംപോള്‍ - അഥവാ അത്തരം ശ്രമങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ സോഷ്യലിസത്തിന്റെ കൊടിക്കൂറ പ്രതീക്ഷ ആയെങ്കിലും നാട്ടുവാന്‍ കഴിയണം. സോഷ്യലിസം മരീചികപോലെ അവ്യക്തമാകുമ്പോള്‍ ജനം തിരിച്ചു നടക്കുന്നത് സ്വാഭാവികം മാത്രമെന്നെ ഞാന്‍ പറഞ്ഞുള്ളൂ.

കെജിഎസിനെപ്പോലുള്ളവരെ കുറേ ചീത്ത പറയുന്നത് സ്വന്തം പല്ലിട കുത്തി നാറ്റിക്കുന്നതിന് തുല്യം.

(മരിച്ചവരുടെ കാര്യങ്ങള്‍ നോക്കുവാന്‍ മരിച്ചവരുണ്ട് -- യേശു ക്രിസ്തു.
)

ഭാനു കളരിക്കല്‍ said...

കെ ജി എസിനെപ്പോലുള്ളവര്‍ക്ക് എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നു വിശദീകരിക്കാനാണ് രാജീവിനെപ്പോലുള്ള മാര്‍ക്സിസ്റ്റുകള്‍ ബാദ്ധ്യസ്ഥരാ യിരിക്കുന്നത്.

Rajeeve Chelanat said...

ഭാനൂ,

“സോഷ്യലിസം മരീചികപോലെ അവ്യക്തമാകുമ്പോള്‍ ജനം തിരിച്ചു നടക്കുന്നത് സ്വാഭാവികം മാത്രമെന്നെ ഞാന്‍ പറഞ്ഞുള്ളൂ“ - ഞാനും ഉദ്ദേശിച്ചത്, ഒന്നിനു പകരമായി മറ്റെന്തെങ്കിലും വേണമെന്ന നിർബന്ധമുള്ളിടത്തോളം കാലം (അതിനി സോഷ്യലിസത്തിന്റെ കൊടിക്കൂറയായാലും) ഇത്തരം ആചാരങ്ങളെ ഒഴിവാക്കുന്നത് ദു:ഷ്ക്കരമായിരിക്കും എന്നുതന്നെയാണ്. സോഷ്യലിസം മരീചിക പോലെ അവ്യക്തമാകുന്നുവെന്ന തോന്നലും ശരിയാണെന്ന് എനിക്ക് അഭിപ്രായമില്ല.

പിന്നെ, കെ.ജി.എസ്സിനെപ്പോലുള്ളവരെ ‘കുറെ’ ചീത്ത പറയുന്നത് എങ്ങിനെയാണ് സഖാവേ സ്വന്തം പല്ലിടകുത്തി നാറ്റിക്കലാവുക. ഒന്നാമത്, ഇവിടെ ആരും ആരെയും കുറെ ചീത്ത പറയലൊന്നും ഉണ്ടായിട്ടില്ല. കെ.ജി.എസ്സിനെ പോലുള്ളവരിൽ നിന്ന് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്തത് കണ്ടപ്പോൾ എന്റേതായ രീതിയിൽ പ്രതികരിച്ചു. അതോ, അതൊക്കെ, സോഷ്യലിസത്തിന്റെ കൊടിക്കൂറ പകരം വെക്കാത്തിടത്തോളം കാലം സ്വാഭാവികമാണെന്ന് പറഞ്ഞ് അവഗണിക്കണമായിരുന്നോ?

പിന്നെ, കെ ജി എസിനെപ്പോലുള്ളവര്‍ക്ക് എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നു വിശദീകരിക്കാനൊന്നും തത്ക്കാലം നേരവും തരവുമില്ല. അതൊക്കെ വിശദീകരിക്കൽ രാജീവെന്ന മാർക്സിസ്റ്റുകാർനു മാത്രം പറഞ്ഞിട്ടുള്ള കാര്യവുമല്ലല്ലോ. ആർക്കും ആകാവുന്നതല്ലേയുള്ളു ഭാനൂ.

മുരളീ,

കസവുമുണ്ടിന് അങ്ങിനെയൊരു മൂല്യവു‘മുണ്ടെ‘ന്നാണ് എന്റെ തോന്നൽ.

“കമ്യൂണിസത്തിന്റെ കീഴിൽ പത്തുകോടി മനുഷ്യ ജീവിതങ്ങൾ പൊലിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കമ്യൂണിസ്റ്റുകാരെല്ലാം മനുഷ്യത്വമില്ലാത്തവരോ സാഡിസ്റ്റുകളോ ആണെന്ന് വരുന്നില്ലല്ലോ“ - വളരെ ശരിയാണ്. അതുകൊണ്ടുതന്നെയാണ്, സ്റ്റാലിൻ, പോൾപോട്ട്, തുടങ്ങിയ വ്യക്തികളുടെ കാലത്ത് ഉണ്ടായ നരഹത്യകളെയൊക്കെ കമ്മ്യൂണിസത്തിന്റെ ജനറൽ അക്കൌണ്ടിൽ ചേർക്കുന്നത് ഒരു വലിയ ശരികേടാവുന്നതും. അങ്ങിനെയും ഒരു ശരി കാണേണ്ടതല്ലേ? അല്ലേ?

അഭിവാദ്യങ്ങളോടെ