Thursday, October 27, 2011

ഗുജറാത്തികളുടെ എറണാകുളം





ടി.വി.യിലെ ദീപാവലി സ്പെഷ്യൻ വാർത്തകളിൽ, എറണാകുളത്തെ ഗുജറാത്തികളെ കാണിച്ചപ്പോൾ തോന്നിയ അടക്കാൻ വയ്യാത്ത സന്തോഷം. ദീപാവലിയെക്കുറിച്ചോ, ഗുജറാത്തികളെക്കുറിച്ചോ ആലോചിച്ചിട്ടായിരുന്നില്ല അത്. എറണാകുളത്തുനിന്ന് വാർത്തകളൊന്നുമില്ലല്ലോ എന്ന് വേവലാതിപ്പെട്ടിരുന്നത്  പണ്ടുപണ്ടെന്നോ ആയിരുന്നതുകൊണ്ട്, സന്തോഷത്തിന്റെ കാരണം മറ്റൊന്നായിരുന്നു. 

ദൂരെ, മറ്റൊരു നാട്ടിൽ നിന്ന് ഇങ്ങ് കേരളത്തിൽ വന്ന്, തൊഴിലെടുത്ത്, തലമുറകളായി കഴിയുന്ന ആളുകൾ. ഇവിടുത്തെ വേനലും, മഴയും, മഞ്ഞും കൊണ്ട്, ഇവിടെ കഴിയുന്നവർ.  നമ്മളെന്നും അവരെന്നും ഭേദമില്ലാതെ നമുക്കിടയിൽ നമ്മെപ്പോലെ അവർ. ടിവിയിൽ കണ്ടത് അവരെയായിരുന്നു. ഗുജറാത്തികളെയായിരുന്നില്ല. നമ്മളെത്തന്നെയായിരുന്നു. സന്തോഷം അതുകൊണ്ടായിരുന്നു.

മുംബൈയിലും മദ്രാസിലും, ബാംഗ്ലൂരും ദില്ലിയിലും കൽക്കത്തയിലും പിന്നെ, എണ്ണമറ്റ ചെറുനഗരങ്ങളിലും പട്ടണങ്ങളിലും ഇങ്ങനെ എത്രയെത്ര ആളുകളുണ്ടാവും. സ്വന്തം നാടും വീടും വിട്ട്, മറ്റൊരിടത്തേക്ക് കയറിക്കൂടി, അവിടെത്തന്നെ ജീവിച്ചു മരിച്ചവർ. ഏതു നാടും വീടും സ്വന്തം നാടും വീടുമാക്കി മാറ്റിയവർ. ചെന്നെത്തിയ നാടിന്റെ വേനലും മഴയും മഞ്ഞും, സുഖവും ദു:ഖവും, ഭാഷയും രുചികളും ഏറ്റുവാങ്ങി അതിനെ സ്വന്തമാക്കിയ ആളുകൾ. മലയാളിയും തമിഴനും ബംഗാളിയും മറാത്തിയും രാജസ്ഥാനിയും, മണിപ്പൂരിയും, നാഗനും, ഗുജറാത്തിയും, ബീഹാറിയും ഉത്തരദേശക്കാരനും അടുത്തടുത്ത വീടുകളിൽ അയൽ‌വക്കങ്ങളായി, ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന നാടുകൾ, നാളുകൾ. സന്തോഷങ്ങൾ.

ചിതറിത്തെറിച്ച്, പിന്നെയും മറ്റു മഹാനഗങ്ങളിലേക്കോ ചെറുപട്ടണങ്ങളിലേക്കോ ജീവനാർത്ഥം പോയപ്പോഴും, പഴയ അയൽക്കാരെയും, സ്വന്തം മക്കളോടൊപ്പം കളിച്ചു വളർന്ന അവരുടെ മക്കളെയും, അവരോടൊത്ത് കഴിഞ്ഞ മറുനാടൻ ജീവിതത്തെയും ഇടയ്ക്കും ഇടവിട്ടും ഓർക്കുകയും സ്നേഹിക്കുകയും  ഇപ്പോഴും അതിന്റെ മധുരം നുണയുകയും, അതോർത്ത് നെടുവീർപ്പിടുകയും ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യർ. ഏതായിരുന്നു നമ്മുടെ ആ ലോകം?

അന്നും പക്ഷേ മദ്ധ്യവർഗ്ഗത്തിന്റെ മാത്രമായിരുന്നു ആ ലോകം. ഇടപാടുകളും സ്നേഹബന്ധങ്ങളും സംവാദങ്ങളും വരവുപോക്കുകളും ഉല്ലാസയാത്രകളും ആഘോഷങ്ങളും അവർക്കിടയിൽ മാത്രമായിരുന്നു. എങ്കിലും, അതെങ്കിലും, അത്രയെങ്കിലും ഉണ്ടായിരുന്നു നമുക്കിടയിൽ.

ആർക്കും എവിടെയും വരാനും പോകാനും, ആത്മാഭിമാനം പണയപ്പെടുത്താതെ, ജീവിക്കാനും തൊഴിലെടുക്കാനും കഴിഞ്ഞിരുന്ന ആ കാലമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. . ‘അയലത്തെ അങ്ങേരും ആയമ്മയും മക്കളും” ആട്ടിയോടിക്കപ്പെടേണ്ടവരായി മാറിയിരിക്കുന്നു ഇന്ന്. അവരുടെ ആഘോഷങ്ങൾ എന്റെ ആഘോഷങ്ങളല്ല. അവന്റെ രുചിയും, ശീലങ്ങളും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് എന്റെ രുചിയെയും ശീലങ്ങളെയുമാണ്. എനിക്കും എന്റെ മക്കൾക്കും അവകാശപ്പെട്ട തൊഴിൽ തട്ടിയെടുത്താണ്, എനിക്കു കിട്ടേണ്ട റേഷനരി തിന്നാണ് അവൻ ‘പന്നികളെപ്പോലെ പെറ്റുപെരുകുന്നത്‘.

അവൻ മുസൽ‌മാനാണ്. അവൻ ക്രിസ്ത്യാനിയാണ്, അവൻ ഹിന്ദുവാണ്. തലവരി എണ്ണമെടുക്കുമ്പോൾ തൊട്ടുകൂട്ടരുതാത്തവനാണ്. എന്റെ നഗരത്തിന്റെ, എന്റെ നാടിന്റെ മജ്ജയിലും മാംസത്തിലും  അവന്റെ ചോരയും , നീരും വിയർപ്പിന്റെ ഉപ്പുമുണ്ടെന്നത് നിങ്ങൾ പടച്ച നുണയാണ്. അവൻ കുളിക്കാത്ത തമിഴൻ മാത്രമാണ്, അവൻ റിക്ഷവലിച്ച് ക്ഷയം പിടിച്ച ബീഹാറി മാത്രം, അവൻ വറുതിയുടെ ബംഗാളിൽനിന്നു വരുന്ന പ്രകൃതിവിരുദ്ധനും സാമൂഹ്യവിരുദ്ധനുമാണ്. അവൻ ആസ്സാമിയാണ്. എന്റെ നിന്റെയും നല്ല നാടിനെ ആക്രമിച്ചു കീഴടക്കുന്ന കൊതുകുകളാണവർ.

മക്കളെ ആട്ടിയോടിച്ച് മണ്ണിന്റെ മക്കൾക്കു മാത്രം അവകാശങ്ങൾ  തീറെഴുതിക്കൊടുത്ത പുതിയ നാടും നഗരവുമാവുകയാണ് ഇന്ത്യ.
ഏതു മണ്ണിന്റെ മക്കളെയാണ് അടുത്ത നിമിഷത്തിൽ ഈ തെരുവിൽ ഉദ്ധവന്മാരുടെ വാളുകൾ അരിഞ്ഞുവീഴ്ത്തുകയെന്ന് എനിക്കോ നിനക്കോ അറിയില്ല. നമ്മുടെ വീടുകൾ എപ്പോഴാണ് ഏതു ശൈവകോപത്താലും രാമബാണത്താലുമാണ് കത്തിച്ചാമ്പലാവുക എന്ന് എനിക്കോ നിനക്കോ അറിയില്ല.

വരുന്നവനും, പോയവനും, പുറപ്പെട്ടു പോയി തിരിച്ചെത്തുന്നവനും, എല്ലാവരും ഒരുപോലെ വരത്തനും  നാടോടിയും ബംഗാളിയുമായിക്കൊണ്ടിരിക്കുന്ന, ഇന്ത്യയിലിരുന്നാണ് ഇന്ന് ഞാൻ എറണാകുളത്തെ ഈ ഗുജറാത്തികളെ കാണുന്നത്.  ഗുജറാത്തികളുടെ എറണാകുളത്തെയും കോഴിക്കോടിനെയും കാണുന്നത്.

സന്തോഷം തോന്നുന്നത് ഇതുകൊണ്ടൊക്കെയാണ്.

8 comments:

Rajeeve Chelanat said...

ഗുജറാത്തികളുടെ എറണാകുളം

ramachandran said...

കേരളത്തിൽ നിന്നും ആരും ഓടേണ്ടി വരില്ല എന്നെങ്കിലും നമുക്കുറപ്പിക്കാം..ഉറപ്പിക്കണം

മലമൂട്ടില്‍ മത്തായി said...

To be honest, the Gujaratis of Cochin have been celebrating Deepavali for a long time. Nobody has done anything damaging against them.

And that is the truth every where in India. Most people can go about their lives in relative ease any where in India. That is from my life and times from various parts of India.

BTW what is your opinion about the party villages in Kannur? Why is it that the party and communists in general have an issue with tolerance?

സുജനിക said...

ഇക്കൊല്ലത്തെ ദീപാവലി ആഘോഷം ഗുജറത്തില്‍ (വഡോദര )വെച്ചായിരുന്നു; കുടുമ്ബസമേതം.ജയ്പൂര്‍, പൂന, സ്ഥലങ്ങളിലേയും ദിപാവലി കണ്ടു; കൊണ്ടു. അതോടൊപ്പം ഈ എഴുത്ത് വായിച്ചപ്പോള്‍ ആ വികാരം ശരിക്കും മനസ്സിലാക്കാനായി.

Rajeeve Chelanat said...

ലമൂട്ടിലേ,

താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ. എല്ലാവർക്കും എല്ലായിടത്തും സമാധാനത്തോടെ ജീവിക്കാൻ കഴിയട്ടെ എന്നുതന്നെയാണ് എന്റെയും പ്രാർത്ഥന.

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽനിന്ന്, പാർട്ടിക്കാരല്ലാത്തവരെ കമ്മ്യൂണിസ്റ്റുകാർ ആട്ടിയോടിക്കുന്നുണ്ടോ മത്തായീ? 'party and the communists in general' എന്ന പ്രയോഗവും കസറി..ചിരിപ്പിക്കരുതേ..

രാമനുണ്ണി മാഷേ,

നന്ദി

വായനകൾക്ക് നന്ദി

അഭിവാദ്യങ്ങളോടെ

Anonymous said...

ഈ ഗുജറാത്തികളെല്ലാം മാര്‍വാഡികളാണെന്നും ദീപാവലി ഒരു സവര്‍ണഹിന്ദു ആഘോഷമാണെന്നും രാജീവനറിയാമായിരിക്കുമെന്നു കരുതുന്നു. മാധ്യമങ്ങള്‍(കൈരളി ഉള്‍പ്പെടെയുള്ള ചാനലുകള്‍) ഓരോ സവര്‍ണ ഹിന്ദു ആഘോഷങ്ങളും ഭാരതീയവും കേരളീയവും ആക്കാനുള്ള സംഘടിതശ്രമത്തിന്‍റെ ഭാഗമായാണ് ഈ ഗുജറാത്തികളെ സമീപകാലത്തായി ഓര്‍ക്കുന്നതും അവരുടെ ആഘോഷങ്ങളെ പൊലിപ്പിക്കുന്നതും. കൊല്ലൂര്‍ രഥോത്സവം ലൈവായി സംപ്രേഷണം ചെയ്യുന്നതാണല്ലോ ഒരു ജനതയുടെ ആത്മാവിഷ്കാരം.

Rajeeve Chelanat said...

അനോണിമസ്,

ശരിയാണ്. ഹിന്ദുക്കളുടെ ആഘോഷങ്ങൾക്ക് ദേശീയമായ പരിവേഷം നൽകാനും, മറ്റുള്ളവരുടേതിനെ അതാത് മതത്തിന്റെ മാത്രം ആഘോഷമായി ഒതുക്കാനുമുള്ള ഒരു ശ്രമം നടക്കുന്നുണ്ടെന്നത് വാസ്തവമാണ്.

എല്ലാവരുടെ ആഘോഷങ്ങളും എല്ലാവരും ഒരുപോലെ പങ്കിടുന്ന ഒരു അവസ്ഥയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണത്.

പ്രാദേശികവാദമടക്കമുള്ള മൌലികവാദത്തെ അതിജീവിക്കുന്ന ഒരു സഹവർത്തിത്വത്തിന്റെ പ്രശ്നമാണ്, പക്ഷെ ഞാൻ ഇവിടെ ഉന്നയിക്കാൻ ശ്രമിച്ചിട്ടുള്ളത്.

അഭിവാദ്യങ്ങളോടെ

t.a.sasi said...

വേറൊരു ഗുജറാത്തിക്കാരനല്ലെ നമ്മളെ ഒന്നിപ്പിക്കാന്‍ ശ്രമിച്ച് വെടിയുണ്ടയേറ്റത്..
ഉത്സവങ്ങള്‍ ഒരു ജനതയുടെ ആത്മാവിനെ വെളിപ്പെടുത്തുന്നു..
തികച്ചും കാലികമായ കാര്യമുള്ള എഴുത്ത് ..