മലയാളത്തിലെ ബ്ലോഗ്ഗുകൾക്ക് കഷ്ടകാലമാണോ?
ആണെന്നാണ് ബെർളിയുടെ മതം. മാത്രമല്ല, മലയാള ബ്ലോഗ്ഗിംഗ് മാധ്യമത്തെ സാമാന്യവത്ക്കരിച്ച് തന്റെ ബ്ലോഗ്ഗ് സങ്കൽപ്പങ്ങളും പടക്കുന്നുണ്ട് ബെർളി.
മലയാളം ബ്ലോഗ്ഗിംഗിന് അൽപ്പം കഷ്ടകാലമാണെന്ന് സമ്മതിക്കാം. സമയവും സൌകര്യവും കുറയുന്നതുകൊണ്ടും, കൂടുതൽ മിനക്കെടാതെ, എളുപ്പത്തിൽ, ഒറ്റവരികൊണ്ടോ ഒരു കമന്റു കൊണ്ടോ കൂടുതൽ ആളുകളിലേക്കെത്താമെന്നതുകൊണ്ടും, ബ്ലോഗ്ഗുകൾ അൽപ്പം ശുഷ്ക്കമായിട്ടുണ്ട് എന്നത് നേര്.
പക്ഷേ, അതിനെക്കുറിച്ച് എഴുതുമ്പോൾ ബെർളി നിരത്തുന്ന നിരീക്ഷണങ്ങളെയും, ആ നിരീക്ഷണങ്ങൾ നിരത്തുന്ന ബെർളിയെയും നമുക്ക് ‘നിരീക്ഷി‘ ക്കാതെ തരമില്ല.
മുഖ്യധാരാ മാധ്യമങ്ങളും ബ്ലോഗ്ഗുകളും തമ്മിൽ പുലർത്തിപ്പോന്നിരുന്ന അന്തർധാരയിൽ നിന്നാണ് ബെർളി തുടങ്ങുന്നത്. ഏതാണ് ആ അന്തർധാര? താൻ പണിയെടുക്കുന്ന മുഖ്യധാരയുടെയും തന്റെ സ്വന്തം ബ്ലോഗ്ഗിന്റെയും അന്തർധാരയെക്കുറിച്ചാണ്ഈ വെളിച്ചപ്പാടെങ്കിൽ ശരി. ആ മുഖ്യധാരയും ബെർളിത്തരങ്ങളും തമ്മിൽ ആ അന്തർധാര ഇന്നോളം നിലനിൽക്കുന്നുമുണ്ടെന്നതും ബെർളിയുടെ നൂറുകണക്കിനു പോസ്റ്റുകളിൽനിന്ന് സുവ്യക്തം.
“പക്ഷേ മുഖ്യധാരാ ‘'മാധ്യമങ്ങളുടെ വേണ്ടാതീനം തുറന്നുകാട്ടുന്നതിനും അവരെ തുടച്ചുനീക്കിക്കൊണ്ട് പുതിയൊരു ലോകക്രമം സംജാതമാക്കുന്നതിനും ബ്ലോഗ്ഗുകൾ വിചാരിച്ചാൽ മതി എന്ന്ബ്ലോഗ്ഗിങ്ങിന്റെ സുവർണ്ണ കാലഘട്ടത്തിൽ ബുദ്ധിജീവികൾ പറഞ്ഞിരുന്നു' വെന്ന് പറയുന്നതിന്റെ അന്തർധാരയെന്താണ്?
പ്രസാധകനെയും എഡിറ്ററെയും മാത്രമല്ല വായനക്കാരനെപ്പോലും പ്രതീക്ഷിക്കാതെ, അവരുടെയാരുടെയും സൌജന്യത്തിനും വിവേചനാധികാരത്തിനും കാത്തുനിൽക്കുകയോ കീഴ്പ്പെടുകയോ ചെയ്യാതെ, ലോകത്തോട് തനിക്ക് പറയാനുള്ളത് മുഖം നോക്കാതെ തുറന്നു പറയാനുള്ള ഒരു മാധ്യമമെന്ന നിലയ്ക്കാണ് സമകാലിക സമാന്തര മാധ്യമ ചരിത്രത്തിൽ ബ്ലോഗ്ഗിന്റെ വരവ്. (മുഖവും തരാതരവും നോക്കി പറയുന്നവരുമുണ്ടായിരുന്നു ആ കൂട്ടത്തിൽ) പക്ഷേ പുതിയ ലോകക്രമമുണ്ടാക്കലൊന്നും അതിന്റെ ലക്ഷ്യമേയല്ലായിരുന്നു. ഗുഹാചിത്രങ്ങൾ മുതിലിങ്ങോട്ട് ഫേസ്ബുക്കും ട്വിറ്ററുമൊക്കെ മനുഷ്യൻ ഉപയോഗിക്കുന്നത്, സംവേദിക്കാനാണ്. അവനവnനു പറയാനും അറിയിക്കാനുമുള്ളത് സ്വന്തം നിലയിൽ പറയാനും അറിയിക്കാനും, അതിനെ സഹജീവികളുമായി പങ്കിടാനും.
മുഖ്യധാരാ മാധ്യമങ്ങളുടേതിൽ നിന്ന് വിഭിന്നമായ ഒരു ജനാധിപത്യ സ്വഭാവമാണ് അതുകൊണ്ടുതന്നെ ബ്ലോഗ്ഗുകൾക്കുള്ളത്. മലയാളം ബ്ലോഗ്ഗിംഗിന്റെ കാര്യമെടുക്കുക. സർവ്വാധികാരികളായി വാണരുളിയിരുന്ന അമ്മാവന്മാരും സംഘടിതമതങ്ങളുടെ ദല്ലാളുകളും അരങ്ങു വാണിരുന്ന ഒന്നായിരുന്നു ആരംഭകാലത്ത് അത്. അവിടേക്കാണ്, ഇടതുപക്ഷ----_മതേതരത്വ നിലപാടുകളുമായി ഒരു മറുപക്ഷം അതിശക്തമായി കടന്നുവന്നത്. കഥയിലും, കവിതയിലും, ശാസ്ത്രവിഷയങ്ങളിലും, രാഷ്ട്രീയത്തിലും, സംഗീത_സാഹിത്യ-സിനിമാ നിരൂപണത്തിലും, തത്ത്വചിന്തയിലും, അച്ചടി-_ദൃശ്യമാധ്യമങ്ങളുടെ വിശകലനത്തിലും, അങ്ങിനെ, മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും മലയാളം ബ്ലോഗ്ഗിൽ ഒരു പുതിയ നവോത്ഥാനത്തിന് അവർ തുടക്കം കുറിച്ചു. അവിടെയുമിവിടെയുമായി ഒറ്റ തിരിഞ്ഞു കേട്ടിരുന്ന അവരുടെ പതിഞ്ഞ ശബ്ദം ആർക്കും ഒരിക്കലും അവഗണിക്കാനാവാത്ത മുഴങ്ങുന്ന സ്വരമായി മാറുകയും ബ്ലോഗ്ഗിംഗിലെ നെടിയിരുപ്പുകളെ ചോദ്യം ചെയ്യാനും മുതിർന്നത് ഹ്രസ്വകാലം കൊണ്ടാണ്. അന്നുമുതലിന്നോളം ആ മാറ്റുരക്കൽ മലയാളം ബ്ലോഗ്ഗിംഗിൽ നടക്കുന്നുമുണ്ട്.
കൂടുതൽ സാധ്യതകളുള്ള സോഷ്യൽ മീഡിയകൾ വന്നപ്പോൾ അവരിൽ പലരും അത് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നത് സത്യമാണ്. അതിൽ അസാധാരണത്വമൊന്നുമില്ല താനും. എന്നിട്ടും ഇന്നും അതിന്റെ ശക്തിയും പ്രസക്തിയും നഷ്ടപ്പെട്ടിട്ടൊന്നുമില്ല. ചിലപ്പോൾ ഒരു കമന്റു പോലും കിട്ടാതെ, വായനകളിലൂടെ മാത്രം വികസിച്ച്, അത് പലരിലൂടെ തുടർന്നുപോരുകയും ചെയ്യുന്നുണ്ട്.
ഇതൊന്നും കാണാതെ പുറപ്പെട്ട പുതിയ ബെർളിത്തരത്തിന്റെ ചുരുക്കം ഇതാണ്. ബ്ലോഗ്ഗുകളുടെ കടി പണ്ടേപ്പോലെ ഫലിക്കുന്നില്ല; മുഖ്യധാരാ മാധ്യമങ്ങളെ കണ്ണുമടച്ച് വിമർശിക്കുകയും എന്നാൽ അവിടെ ഇടം കിട്ടിയാൽ അതിരറ്റു സന്തോഷിക്കുകയും ചെയ്യുന്ന സവിശേഷതയാണ് മലയാളം ബ്ലോഗ്ഗർമാർക്കുണ്ടായിരുന്നത്;
മുഖ്യധാരാ മാധ്യമങ്ങളെ കണ്ണടച്ച് വിമർശിക്കുന്നതിലല്ല ബെർളിക്ക് കുണ്ഠിതമെന്ന് വ്യക്തം. മുഖ്യധാരകളിലെ മുഖ്യനെ വിമർശിക്കുന്നതിലായിരിക്കണം. മനോരമയെയോ മനോരമ പ്രതിനിധാനം ചെയ്യുന്ന നിരവധി എസ്റ്റാബ്ലിഷെമെന്റുകളെയോ ഒരിക്കലും നേരിട്ട് നോവിക്കാതെ, കളിവാക്കിന്റെ നഖക്ഷതം കൊണ്ട് നൊമ്പരമുള്ള സുഖം കൊടുക്കുന്നവർക്ക് മുഖ്യധാരാ മാധ്യമവിമർശം സുഖിക്കില്ല. ‘'അവിടെ ഇടം കിട്ടിയാൽ സുഖിക്കുന്ന' വരുണ്ടാകാം. വിമർശിക്കേണ്ടിവന്നാൽ അതു ചെയ്യാൻ ഏത് ഇടമായാലും തരക്കേടില്ല എന്ന ന്യായം ബെർളിക്ക് ബോധ്യപ്പെടുമോ ആവോ? എന്നാൽ എല്ലാവരെയും ‘’'സുഖിക്കുന്ന'വരുടെ ഗണത്തിൽ കൂട്ടുന്നത് സ്വാനുഭവം കൊണ്ടായിരിക്കാനേ സാധ്യത കാണുന്നുള്ളു.
സത്യൻ അന്തിക്കാടിന്റെ സിനിമ പോലെ എല്ലാത്തരം കഥാപാത്രങ്ങളും സൌഹൃദവട്ടത്തിൽ നിന്ന് അടിക്കുകയും ഉടക്കുകയും ചെയ്തിരുന്ന ബസ്സിലേക്ക് പഴയ ബ്ലൊഗ്ഗർമാർ കൂടുമാറി.
ഗൌരവമേറിയ നല്ല ചർച്ചകൾ നിരവധി നടന്നിട്ടുള്ള ബസ്സ് മോശം സംഗതിയാണെന്നാണോ ധ്വനി? സൌഹൃദവട്ടത്തിലും അല്ലാതെയും അടിക്കുകയും ഉടക്കുകയും ചെയ്തിട്ടുള്ള നാളികേരങ്ങൾ ഇപ്പോഴും അവിടെയൊക്കെ ചിതറിക്കിടക്കുന്നുണ്ട് ബെർളീ. ബസ്സു പോയാലും അതവിടെ കിടക്കുന്നുണ്ടാകും എന്ന് ഗൂഗിളിന്റെ ഉറപ്പുമുണ്ട്.
ഇന്ന് ആകെ നടക്കുന്നത്, തീറ്റക്കും കുടിക്കും വേണ്ടിയുള്ള ബ്ലോഗ്ഗ് മീറ്റുകളാണ്; പത്രവും ന്യൂസ് ചാനലുമെല്ലാം രാവിലേ അരച്ചുകലക്കി ‘ഒരലക്കങ്ങലക്കുന്ന‘ വാർത്ത ബ്ലോഗ്ഗർമാരാണ് കൂടുതൽ.
വാർത്ത അരച്ചുകലക്കി വാർത്തയുടെ സത്യാവസ്ഥയുടെയും പത്രധർമ്മത്തിന്റെയും കറയിളക്കി അലക്കിക്കൊണ്ടിരിക്കുന്ന മനോരമയുടെ സ്വന്തം മാണിക്ക്യം തന്നെ ഇതൊക്കെ പറയണം.
തീർന്നില്ല. മലയാളം ബ്ലോഗ്ഗിലെ സ്ഥിതി ഇതൊക്കെയാണെങ്കിലും ആഗോലതലത്തിലെ ബ്ലോഗ്ഗർമാർ മല മറിക്കുകയാണ്; വീഡിയോ സ്ട്രീമിംഗിന്റെ കാലമാണ് ഇനി വരാൻ പോകുന്നത് എന്നിങ്ങനെയുള്ള ചില കണ്ടെത്തലുകളും സൂത്രത്തിൽ ബെർളി തിരുകിക്കയറ്റുന്നുണ്ട് ഒറ്റനോട്ടത്തിൽ അത് ബെർളി തന്നെക്കുറിച്ചുതന്നെയാണ് പറയുന്നതെന്ന് നമുക്ക് തോന്നുമെങ്കിലും അങ്ങിനെയല്ല. ‘'ആഗോളതല'ത്തിലാണ് ബെർളി പറയുന്നത്. “'ബ്ലോഗ്ഗിംഗ് കുറ്റമറ്റ രീതിയിൽ മുന്നോട്ട് പോയതും, പ്രധാനപ്പെട്ട ബ്ലോഗ്ഗർമാർ ബ്ലോഗ്ഗിംഗിനു വേണ്ടി മാത്രം ജീവിച്ചതും”, അത്തരം ബ്ലോഗ്ഗുകൾ മുഖ്യധാരാ മാധ്യമങ്ങളെപ്പോലെ തന്നെ ജനങ്ങളെ സ്വാധീനിക്കുകയും ചെയ്ത കഥ”“"; 'പ്രസിദ്ധരായ ബ്ലോഗ്ഗർമാരെ മുഖ്യധാരാ മാധ്യമങ്ങൾ വിഴുങ്ങി അവരുടെ കോളമിസ്റ്റുകളോ ഔദ്യോഗിക ബ്ലോഗ്ഗർമാരോ ഒക്കെയായി മാറ്റി’" ; 'മലയാളിക്ക് (അതായത് ബെർളിയല്ലാത്ത എല്ലാ ബ്ലഡി മല്ലൂസിനും) യൂ ട്യൂബ് എന്നാൽ സിൽസിലയും സന്തോഷ് പണ്ഡിറ്റും മാത്രമായിരിക്കുന്നതിന്റെ കാരണം, കാഴ്ചക്കാരായി വിമർശിക്കാനല്ലാതെ, അതിലേക്ക് സ്വന്തം സംഭാവനകൾ നൽകാനുള്ള മടിയുടെ നേർക്കാഴ്ചയാണ് .
സമാന്തര മാധ്യമമെന്ന നിലയ്ക്കു വന്ന ബ്ലോഗ്ഗുകൾ ‘‘'മുഖ്യാധാരാ മാധ്യമങ്ങളെപ്പോലെ' യല്ല ജനങ്ങളെ സ്വാധീനിച്ചത്. മുഖ്യധാരകളുടെ സമ്മതിനിർമ്മാണത്തെ ( Consent Manufacturing) തകിടം മറിച്ചുകൊണ്ടാണ് അവ ജനങ്ങളിൽ ഇടം കണ്ടെത്തിയത്. മുഖ്യധാരകളുടെ സ്ഥാവര-ജംഗമ സ്വത്തോ, ആൾ ബലമോ, സ്വാധീനമോ ഇല്ലാതെ തന്നെ. പാർശ്വവത്ക്കരിക്കപ്പെട്ട ചിന്തകളെയാണ് അത് വെളിച്ചത്ത് കൊണ്ടുവന്നത്. മുമ്പേ പറഞ്ഞ, പറയാനും, അറിയിക്കാനുമുള്ള ജനാധിപത്യ സ്വാതന്ത്ര്യത്തെ.
പ്രസിദ്ധരായ ബ്ലോഗ്ഗർമാരെ മുഖ്യധാരാ മാധ്യമങ്ങൾ വിഴുങ്ങി അവരുടെ കോളമിസ്റ്റുകളോ ഔദ്യോഗിക ബ്ലോഗ്ഗർമാരോ ഒക്കെയായി മാറ്റി’യ’ തിനെക്കുറിച്ചാണെങ്കിൽ, എതിർപ്പിന്റെ സ്വരങ്ങളെ ‘“'പുണ്യാള’ പദവിയിലേക്കുയർത്തി' വരിയുടച്ച് നിശ്ശബ്ദമാക്കുന്ന മുഖ്യധാരാ മാധ്യമ രീതിയെക്കുറിച്ച് ബെർളിക്ക് സ്റ്റഡി ക്ലാസ്സ് തികഞ്ഞിട്ടില്ലെന്നു വേണം കരുതാൻ. വിഴുങ്ങുന്നു എന്ന് ബെർളി കാണാതെ പോകുന്നില്ല എന്നും ശ്രദ്ധിക്കണം) .
യൂട്യൂബും കൾച്ചർ അൺപ്ലഗ്ഗ്‌ഡ് പോലുള്ള നിരവധി സൈറ്റുകളിലും ഈ പറഞ്ഞതൊക്കെ-----_വീഡിയോ സ്ട്രീമിംഗ് മാത്രമല്ല- ഡോക്യുമെന്ററികളും, ടെലിസിനിമകളും_ ഒക്കെ പുറത്തുവരുന്നുണ്ട് മിസ്റ്റർ ബെർളി. അതെങ്ങിനെ? വർഷാവസാനം സ്വന്തം ബ്ലോഗ്ഗിന്റെ കമന്റും ഹിറ്റും മാത്രം വിശകലനം ചെയ്ത് ഗ്രാഫ് വരച്ച് ബ്ലോഗ്ഗിലിട്ട് ആത്മരതി നടത്തുമ്പോൾ ഇതൊന്നും കാണാനും ശ്രദ്ധിക്കാനും സമയം കിട്ടത്തതിന് മലയാളി എന്തു തെറ്റു ചെയ്തു?
മിമിക്രിയിലും സിനിമയിലും തുടരുന്നവരെപ്പോലെ, മുഖ്യധാര മാധ്യമത്തിന്റെയും ബ്ലോഗ്ഗിംഗിന്റെയും ഇരുതോണികളിലായി യാത്ര ചെയ്യുന്ന അതിബുദ്ധിമാന്മാർ എന്നും മലയാളം ബ്ലോഗ്ഗിൽ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടെന്നതിനും വേറെ ഉദാഹരണങ്ങളൊന്നും വേണ്ടതില്ല. എന്നാൽ അത് സാമാന്യവത്ക്കരിച്ച് ഹിറ്റും കമന്റു കൂട്ടുന്നതിന്റെ ഭ്രാന്തിന് ചികിത്സയില്ല.
സദസ്സു കിട്ടിയാൽ അവതാരകമാരെ പള്ളുപറയുന്ന കുറുനരികളെ കണ്ട് വിജ്ജൃംഭിച്ച്, സിനിമാപ്പാട്ടിനു ഇംഗ്ലീഷ് പാരഡികളും, ഇംഗ്ലീഷ് പഴമൊഴികൾക്ക് മലയാളം പരിഭാഷയും ചമച്ച്, ഓണത്തിനു ബോണസ്സും അവധിയും ചോദിക്കുന്നവനോട് വഞ്ചിനാട്ടിലെ രാജാവിന്റെ പെരുമ പറഞ്ഞ്, വിദ്യാർത്ഥികൾക്കെതിരെ വെടിയുതിർക്കുന്ന കാക്കിയുടെ ധാർഷ്ട്യത്തിnനെ കാണാൻ കൂട്ടാക്കാതെ, പെൺകുട്ടികളെ കെ.എസ്.ആർ.ടി.സിയോട് കൂട്ടിക്കെട്ടി തമാശിച്ച്, ഇന്ത്യൻ ജനാധിപത്യത്തിന് വോട്ട് കുത്തിയ മമ്മൂട്ടിയെ തലോടി, തന്റെ മുഖ്യധാരയുടെ അന്തർധാരക്കനുസൃതമായി ചാഞ്ചാടിയും ചാഞ്ഞും ചെരിഞ്ഞുമിരുന്നെഴുതുന്ന അതിബുദ്ധിശാലികൾ മുഖ്യധാരാ മാധ്യമത്തിലും അതിനു പുറത്തും പിന്നിലുമൊക്കെ എന്നുമുണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാവുകയും ചെയ്യും. കൺസിസ്റ്റന്റായും പ്രൊഫഷണലായും നല്ല അസ്സൽ പരപുച്ഛത്തിൽ കുതിർന്ന നർമ്മബോധത്തോടെ ഇനിയും അവർ എഴുതിക്കൊണ്ടിരിക്കുകയും ചെയ്യും. സീരിയസ്സായി എഴുതുന്നുവെന്ന നാട്യത്തിൽ അഭിരമിച്ച്വെറും പൌരന്റെ ഗതികെട്ട നിവേദനവുമായി ഇനിയും അവരെത്തും.
കൂലിക്കെഴുതിയ ലേഖനങ്ങൾ അച്ചടിക്കാൻ കൊടുത്തിട്ട്, വാടകയ്ക്കെടുത്തവനു വേണ്ടി ഘോരഘോരം പ്രസംഗിച്ചിട്ട് നാളെ പൊതുജനമെന്ന കഴുതയ്ക്കു നേരെ ചൂണ്ടാനുള്ള വിരൽത്തുമ്പിന്റെ കളങ്കത്തെ ഒരു തുള്ളി മഷി കൊണ്ടു പോലും മറയ്ക്കാൻ തയ്യാറാവാത്തത് ഏത് തത്ത്വശാസ്ത്രത്തിന്റെ പിൻബലത്തിലായിരിക്കുമെന്ന് എന്ന സ്വന്തം ചോദ്യം തന്റെ നേർക്കുതന്നെ വരുന്നത് പാലായിലെ മാണിക്യത്തിനു കാണാൻ കഴിയുന്നുണ്ടാവില്ല.
അന്തർധാരകൾ അല്ലെങ്കിലും എപ്പോഴും അങ്ങിനെയാണല്ലോ. എളുപ്പത്തിലൊന്നും എല്ലാവരുടെയും കണ്ണിനു പിടി കൊടുക്കില്ല. കണ്ടാലും കണ്ടതായി തോന്നുകയുമില്ല. മനോരമിപ്പിക്കുന്ന കാഴ്ചകളിലാണല്ലോ കണ്ണ്.
(ചിത്രത്തിനു ഗൂഗിളിന് അന്തമില്ലാത്ത കടപ്പാട്)
15 comments:
പാലായിലെ മാണിക്ക്യം
കേരളീയനവോഥാന പാരമ്പര്യത്തെ കൊന്നു കൊലവിളിച്ചവര്‍,കേരളിയ പൊതുബോധത്തെ അടിമുടി പയ്ന്കിളിവതകരിച്ചവര്‍,മലയാള ഭാഷയുടെ വര്‍ക്കത്ത് മുട്ടിച്ചവര്‍,മാധ്യമ പ്രവര്‍ത്തനവും റബ്ബര്‍കച്ചവടവും ഒരേ ചരടില്‍ കെട്ടിയവര്‍ ,സ്വാതന്ത്രിയ സമരത്തെ മുപ്പത് വെള്ളികാശിനു ഒറ്റികൊടുത്തവര്‍... മനോരമക്കും യുദാസിനും ഒരുഹൃദയം ഒരു മാനസം... മലയാളമനോരമ ............
നന്നായിട്ടുണ്ട്
Well said..
നല്ല ചുട്ട മറുപടി. നന്നായി.
undersigned
ഇതൊക്കെ ബെർളി വന്ന് വായിക്കുമെന്നാണ് രാജീവ് പ്രതീക്ഷിച്ചിരിക്കുന്നതെങ്കിൽ തെറ്റി. :) ഏതായാലും മൂർച്ചയേറിയ പ്രതികരണത്തിനു നന്ദി.
ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ഉള്ള മാധ്യമങ്ങളില്‍ ഒന്ന് മാത്രമാണ് ബ്ലോഗ്.. പത്രം പോലുള്ള ആരു പഴഞ്ചന്‍ മാധ്യമങ്ങള്‍ക്ക് കാലാതീതമായി നിലനില്ക്കാമെന്കില് ബ്ലോഗും കാലാതീതമായി നിലനില്‍ക്കും.. ബ്ലോഗ്ഗര്‍മാരില്‍ ചിലര്‍ പല സൌകര്യങ്ങളും നോക്കി മറ്റു സ്വന്തം ആശയങ്ങള്‍ പങ്കു വെക്കാന്‍ സോഷ്യല്‍ മീഡിയ , മൈക്രോ ബ്ലോഗിങ് മുതലായ പുത്തന്‍ സാങ്കേതങ്ങള്‍ ഉപയോഗിക്കുന്നു എന്നത് നേര് .. എന്ന് കരുതി ബ്ലോഗ് മരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുനില്ല.. അച്ചായന്റെ പത്രം ചോറ് പൊതിയാനുള്ള വസ്തു മാത്രമാണ് എന്ന് ഇനിയും മനസിലാകാതവര്‍ക്ക് ഇനിയും ബ്ലോഗിനെയും ബ്ലോഗ്ഗര്മാരെയും വിമര്‍ശിക്കാം
ഇവരാ മാണിക്യനെ അതിക്രുരമായി കൊന്നുകളഞ്ഞു..
വീഡിയോ കാണൂ...
http://www.youtube.com/watch?v=pORras9NxvA
സംഗതി കലക്കി. :)
എനിക്ക് വയ്യ. ചിരിച്ചും ലൈക്കിയും ഞാന്‍ കൊഴഞ്ഞു. രാജീവേട്ടാ... ഉമ്മ,
ആരെങ്കിലും കൊടുക്കുമെന്ന് പ്രതീക്ഷിച്ച മറുപടി രാജീവ് കൊടുത്തു..
ആശംസകൾ !
സവിശേഷമായ പ്രതികരണം. അഭിനന്ദനങള്‍ .
ബെര്‍ളിയുടെ ഇപ്പോഴത്തെ പോസ്റ്റുകള്‍ വായിക്കുന്ന ആര്‍ക്കും ബെര്‍ളി മനോരമയുടെ കൂലി എഴുത്തുകാരനാണെന്ന് പറയാന്‍ സാധിക്കില്ല.അത് ചിലപ്പോള്‍ അപ്ഡേറ്റഡ് ആകാത്തതിന്റെ കുഴപ്പമായിരിക്കും.
പിന്നെ ബെര്‍ളിയുടെ പോസ്റ്റുകള്‍ താങ്കളുടെ അഭിരുചികള്‍ക്കിണങ്ങുന്നവയല്ലെങ്കില്‍ അത് ബെര്‍ളിയുടെ കുറ്റമല്ല.ഒന്നുമല്ലെങ്കിലും മലയാളം ബ്ലോഗ് സാഹിത്യത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഒരാളാണല്ലോ ബെര്‍ളി. ഈ വായനക്കാരെല്ലാം പോട്ടന്മാരാണോ?
ഏതായാലും വാദഗതികള്‍ ശക്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്,,അഭിനന്ദനങ്ങള്‍...
Post a Comment