Sunday, June 29, 2014

ഡിമന്‍ഷ്യ സെന്റര്‍



അകന്ന ബന്ധത്തിലുള്ള ഒരാളെ ഒരു ഡിമന്‍ഷ്യ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന് കേട്ടു. എന്തൊരു സ്ഥലമായിരിക്കണം അത്. ഓര്‍മ്മകള്‍ ക്ഷയിച്ചവരുടെ ഒരു കൂടാരം. ഓര്‍മ്മകളില്ലാത്ത ഒരു സ്ഥലം എന്ന് അതിനെ പക്ഷേ വിളിക്കാന്‍ പറ്റില്ല. ഓര്‍മ്മകളുണ്ട്. താങ്ങാനാവുന്നതിലുമധികം ഓര്‍മ്മകള്‍ ചുമന്നു നടുവൊടിഞ്ഞവരാവണം അവര്‍. അല്ലെങ്കില്‍, കളിപ്പാട്ടങ്ങള്‍ കൈവിടാന്‍ മടിക്കുന്ന കുട്ടികളെപ്പോലെ ഓര്‍മ്മകളെ കൈവിടാന്‍ മടിക്കുന്നവര്‍. പലരുടെയും പല ഓര്‍മ്മകള്‍. ആ ഓര്‍മ്മകള്‍ നമ്മള്‍ സാധാരണക്കാരുടെ ഓര്‍മ്മകള്‍ പോലെയല്ല എന്നു മാത്രം.

അവരുടെ ഓര്‍മ്മകള്‍ ഒരേ കാലത്തിന്റെ അച്ചുതണ്ടില്‍ തന്നെ കിടന്ന് കറങ്ങുകയാണ്‌. തലങ്ങും വിലങ്ങും, മുന്നോട്ടും പിന്നോട്ടും, പക്ഷേ, പിന്നിട്ട കാലത്തില്‍നിന്ന് അടര്‍ത്തിമാറ്റിയ ഒരു ചെറുകഷണത്തിന്റെ അഴികള്‍ക്കകത്താണ്‌ അവരുടെ ആ ഓര്‍മ്മസഞ്ചാരം. ജയില്‍‌പ്പുള്ളികളെപ്പോലെ. പുറം ലോകത്തെ വെളിച്ചം അകത്തേക്ക് കടക്കുന്നതേയില്ല.

അവരുടെ ഓര്‍മ്മകളിലെ മനുഷ്യര്‍ക്ക് ചിലപ്പോള്‍ മുഖമില്ല. ചിലപ്പോള്‍ പേരില്ല. മുഖവും പേരുമുള്ളവര്‍ക്കാകട്ടെ, ചിലപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായി ഒരു ബന്ധവുമില്ല. ഓര്‍മ്മിക്കുന്ന അവരുമായി പോലും ആ പേരുകള്‍ക്കും മുഖങ്ങള്‍ക്കും ഒരു ബന്ധവുമില്ല. തുരുത്തുകളെപ്പോലെയുള്ള ഓര്‍മ്മകളാണവ. ജീവിച്ചിരിക്കുന്ന മനുഷ്യര്‍ തൊട്ടുകൂട്ടി കലര്‍പ്പാവാത്ത, പരിശുദ്ധമായ എണ്ണ എന്നോ, പരിശുദ്ധമായ വെണ്ണ എന്നോ പറയുന്നതുപോലുള്ള പരിശുദ്ധമായ ഓര്‍മ്മകള്‍.

നമ്മള്‍ സാധാരണക്കാരുടെ ഓര്‍മ്മകള്‍ക്ക് പഴക്കം വരും. സ്ഥലവും സമയവും കാലവും മറന്നുപോയെന്നുവരും. സ്ഥാനം തെറ്റി കിടന്നുവെന്നും വരാം. സ്മൃതിനാശത്തിലെത്തിയവര്‍ക്ക് അതൊന്നുമില്ല. അവര്‍ ഓര്‍മ്മകളെ ചില്ലിട്ട് വെക്കുകയാണ്‌. ആ ഓര്‍മ്മകളെ നിത്യസ്മാരകങ്ങളാക്കുകയാണവര്‍ ചെയ്യുന്നത്.

അവിടെ സ്ഥലവും കാലവും സമയവും ഒന്നുമില്ല. വെറും ഓര്‍മ്മകള്‍. ഓര്‍മ്മിക്കാന്‍ മാത്രമുള്ളവ.



June 19, 2014

No comments: