Tuesday, July 29, 2008

എടപ്പാളില്‍നിന്ന് ഇറ്റലിയിലേക്ക്‌ എത്ര ദൂരം?

ഇറ്റലിയിലെ നേപ്പിള്‍സില്‍, ടോറിഗാവെറ്റ കടലോരത്ത്‌, ഇളവെയിലേറ്റ്‌, കടലിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരുന്ന വിനോദസഞ്ചാരികള്‍.

തൊട്ടടുത്ത്‌, കടലില്‍ മുങ്ങി മരിച്ച റോമാ വംശജരായ രണ്ടു നാടോടി പെണ്‍കുട്ടികളുടെ നഗ്നമായ മൃതദേഹങ്ങള്‍ ഇളവെയിലേറ്റ്‌ അനാഥമായി, മണിക്കൂറുകളോളം കിടന്നു. ഒടുവില്‍, അലിവു തോന്നിയ ആരോ ചിലര്‍, ആ
മൃതദേഹങ്ങളെ പുതപ്പെടുത്ത് മൂടി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ കടലോരം കളിചിരിയിലേക്കും നിസ്സംഗതയുടെ മുങ്ങാംകുഴികളിലേക്കും കൂപ്പുകുത്തി കളി തുടര്‍ന്നു.

എന്തായാലും ആ ചിത്രം കുറേപ്പേരെ ക്ഷുഭിതരാക്കി. ഇറ്റലിയിലെ, റോമാ വംശജരും, ന്യൂനപക്ഷങ്ങളുമായ, ജിപ്സികള്‍ക്കെതിരെ ഇറ്റാലിയന്‍ സമൂഹം അനുവര്‍ത്തിക്കുന്ന ക്രൂരമായ അവഗണനയുടെയും വിവേചനങ്ങളുടെയും സാക്ഷ്യപത്രങ്ങളായിരുന്നു, ക്രിസ്റ്റീനയുടെയും വയലറ്റിന്റെയും വിറങ്ങലിച്ചു നിശ്ചലമായ ആ ശവശരീരങ്ങള്‍. 'ഇറ്റലിയെ ലജ്ജിപ്പിച്ച ചിത്രം’ എന്ന തലക്കെട്ടോടെ, ദി ഇന്‍ഡിപെന്റന്റ്‌ എന്ന പത്രത്തില്‍ വാര്‍ത്തയും ചിത്രവും ഇക്കഴിഞ്ഞ ആഴ്ചയാണ് വന്നത്.

ആലങ്കോട്‌ ലീലാകൃഷ്ണന്റെ ജിപ്സി എന്ന കവിതയും, എടപ്പാളിലെ നാടോടിസ്ത്രീകളും, അവരുടെ കുട്ടികളുമൊക്കെ, ഉള്ളിലൂടെ ഒന്നു തിരയടിച്ചു.

എടപ്പാളും ഇറ്റലിയുമൊക്കെ എത്ര അടുത്താണ്‌ !

Monday, July 28, 2008

മുജാഹിദീനുകളോട്‌ ഒരു വാക്ക്‌

ബാംഗ്ലൂരിലെയും അഹമ്മദാബാദിലെയും സ്ഫോടനപരമ്പരകള്‍, നമ്മുടെ ഇനി വരാന്‍ പോകുന്ന അശാന്തി നിറഞ്ഞ നാളുകളുടെ കേളികൊട്ടാണെന്ന് കരുതേണ്ടിയിരിക്കുന്നു. സമയബന്ധിതമായി ഇത്‌ ആസൂത്രണം ചെയ്യുന്നവര്‍ക്ക്‌ ഭാഗ്യം എപ്പോഴും വേണമെന്നൊന്നുമില്ല. നിരവധി ശ്രമങ്ങള്‍ക്കിടക്ക്‌ ഒന്നോ രണ്ടൊ പൊട്ടിയാലും, അവരുടെ ലക്ഷ്യം നടന്നുകിട്ടും. ജീവിച്ചിരിക്കുന്നവര്‍ക്കാകട്ടെ, ആയുസ്സ്‌ നീട്ടിക്കിട്ടാന്‍ ഓരോ നിമിഷവും ഭാഗ്യം തുണക്കണം.

ഇന്ത്യയുടെ പ്രത്യക്ഷമായ പുതിയ അമേരിക്കന്‍ ബാന്ധവത്തിനുള്ള മറുപടിയാണിത്‌. അതിനിയും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയേയുള്ളു. അമേരിക്കയുടെ എഫ്‌.ബി.ഐ.ക്കു സമാനമായ കുറ്റാന്വേഷണ-ഇന്റലിജന്‍സ്‌ സംവിധാനം സൃഷ്ടിക്കുക എന്നതാണത്രെ, ശിവരാജ്‌ പാട്ടീല്‍ എന്ന ആഭ്യന്തര മന്ദബുദ്ധിയുടെ തലയിലുദിച്ചിരിക്കുന്ന ആശയം. തീവ്രവാദത്തെ നേരിടാനുള്ള ദീര്‍ഘകാലപദ്ധതികള്‍ കൊണ്ടുവരുമെന്ന് സോണിയാഗാന്ധിയുടെയും നെഹ്രു കുടുംബത്തിന്റെയും വിനീതഭൃത്യനായ മന്‍മോഹന്‍ സിംഗും പ്രസ്താവിച്ചിരിക്കുന്നു. ഇന്ത്യയുടെ ഭാവിയെ ദേശീയവും വിദേശീയവുമായ കുത്തകകള്‍ക്ക്‌ അടിയറവു വെച്ച്‌, ഇന്ത്യന്‍ സാമ്പത്തികരംഗത്തെ വ്യഭിചരിക്കുന്ന ചിദംബരത്തിന്റെയും, ഇനിയുള്ള നാളുകളില്‍ അതിന്റെ കൂട്ടിക്കൊടുപ്പുകാരായി വാഴാന്‍ പോകുന്ന അമര്‍സിംഗിന്റെയും പ്രസ്താവനകള്‍ വരാന്‍ പോകുന്നതേയുള്ളു. മോഡിയുടെ എന്താഗ്രഹവും സാധിപ്പിച്ചുകൊടുക്കുമെന്നും ശിവരാജ്‌ പാട്ടീല്‍ വാക്കു കൊടുത്തുകഴിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ രാജ്യമായ അമേരിക്കയുമായി ഇന്ത്യക്കുള്ള ഇന്നത്തെ അനാശാസ്യബന്ധങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇനിയും ഇന്ത്യന്‍ നഗരങ്ങളില്‍ ബോംബുകള്‍ പൊട്ടുകയും, നിരപരാധികളായ മനുഷ്യജീവനുകള്‍ തെരുവില്‍ ചത്തുവീഴുകയും ചെയ്യും.

ഈ സ്ഫോടനങ്ങളുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത മുജാഹിദീന്‍ സംഘടനകളോട്‌ ഒരു വാക്ക്‌. ആശയങ്ങളെ എപ്പോഴും ആശയങ്ങള്‍ കൊണ്ട്‌ തോല്‍പ്പിക്കാനോ ജയിക്കാനോ സാധിച്ചില്ലെന്നു വരും. പോലീസ്‌-സൈനിക ശക്തിയില്‍ അധിഷ്ഠിതമായ ദേശരാഷ്ട്രങ്ങളുടെ ജനാധിപത്യവിരുദ്ധതക്കെതിരെ, ജനാധിപത്യസമരമാര്‍ഗ്ഗങ്ങള്‍ക്കും ചെറുത്തുനില്‍പ്പുകള്‍ക്കും അധികമൊന്നും ചെയ്യാനാവില്ല. പ്രത്യേകിച്ചും, അത്തരം ജനാധിപത്യവിരുദ്ധ സ്ഥാപനങ്ങളുടെ / രാഷ്ട്രങ്ങളുടെ നിലനില്‍പ്പിനെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കാന്‍ പുരോഗമനത്തിന്റെ പേരും മുദ്രയുമുള്ള പ്രസ്ഥാനങ്ങള്‍തന്നെ മുന്നോട്ടുവരുമ്പോള്‍. പക്ഷേ ഇവിടെ, മുജാഹിദീന്‍ എന്ന പേരില്‍ നിങ്ങള്‍ നടത്തുന്ന ഇത്തരം ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടിവരിക, മിക്കവാറും, ഈ നാട്ടിലെ നിരപരാധികളായ മുസ്ലീമുകളായിരിക്കും. അവര്‍ കൂടുതല്‍ക്കൂടുതല്‍ ഒറ്റപ്പെടുകയും, ഭൂരിപക്ഷസമുദായത്തിന്റെ വെറുപ്പും, വൈരാഗ്യവും, തിരിച്ചടിയും നേരിടുകയുമാകും ഇതിന്റെയൊക്കെ ആത്യന്തിക ഫലം.

ഇസ്ലാമിനെയും മുസ്ലിമിനെയും സംശയത്തോടെയും ഭയത്തോടെയും കാണുന്ന കണ്ണുകളാണ്‌ ഇന്ന് ലോകത്താകമാനമുള്ളത്‌. പാശ്ചാത്യ കൊളോണിയല്‍ മാടമ്പികള്‍ വളര്‍ത്തിയെടുത്ത പുതിയ സംസ്കാരദര്‍ശനമാണത്‌. ഇന്ത്യയെയും പാക്കിസ്ഥാനെയും പോലുള്ള അടിമരാജ്യങ്ങള്‍ തങ്ങളുടെ സാമൂഹ്യസാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അവയെ തരംപോലെ വ്യഖ്യാനിക്കാനും, പ്രാവര്‍ത്തികമാക്കാനും തയ്യാറായി നില്‍ക്കുന്നു. കപട-മതേതരത്വ, ജനാധിപത്യവിരുദ്ധ ശക്തികളാണ്‌ ഇവിടെ അരങ്ങു വാഴുന്നത്‌. അവര്‍ക്ക്‌ കൂടുതല്‍ സാധുതയും, സ്വീകാര്യതയും, സൗകര്യവും ചെയ്തുകൊടുക്കാന്‍ മാത്രമേ , മുജാഹിദിനുകള്‍ എന്ന പേരില്‍ ഈ സ്ഫോടനങ്ങളുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത നിങ്ങളുടെ പ്രവൃത്തികള്‍ സഹായിക്കൂ.

തകര്‍ക്കേണ്ടതും തോല്‍പ്പിക്കേണ്ടതും കൊന്നൊടുക്കേണ്ടതും, മനുഷ്യവിരുദ്ധമായ വ്യവസ്ഥിതികളെയാണ്‌. ആശയങ്ങളെയാണ്‌. അതിനായില്ലെങ്കില്‍, ചുരുങ്ങിയപക്ഷം, അതിന്‌ നേരിട്ട്‌ ഉത്തരവാദികളായവരെയെങ്കിലുമാണ്‌. എന്തായാലും, നിരപരാധികളായ മനുഷ്യരെയല്ല.

Wednesday, July 23, 2008

ഒരേ തൂവല്‍ (ഇരട്ട)പ്പക്ഷികള്‍

ആനന്ദ്‌ പട്‌വര്‍ദ്ധന്റെ 'പിതാവും, പുത്രനും, പരിശുദ്ധയുദ്ധവും' എന്ന ഡോക്യുമെന്ററി പണ്ടു കണ്ടതാണ്‌. ഇന്നലെ ഒരിക്കല്‍ കൂടി കണ്ടപ്പോള്‍, അതിലെ ഒരു ഭാഗം പ്രത്യേകം ശ്രദ്ധയില്‍പ്പെട്ടു.ആ ഭാഗം, ചിത്രത്തിലെ അതേ സീക്വന്‍സില്‍ ഇവിടെ എടുത്തെഴുതുന്നു.

സീന്‍-1

രാത്രി. ശിവസേനയുടെ സമ്മേളനം.

സീന്‍ -2

ശംഭു മഹാരാജ്‌ എന്ന സന്ന്യാസിവര്യന്‍ പ്രസംഗിക്കുന്നു. സീനില്‍ രാത്രിയുടെ ആകാശം പശ്ചാത്തലമായി, ശുംഭന്റെ മുഖം.

"എപ്പോഴൊക്കെ ഉത്തമന്മാരായ രാജാക്കന്മാര്‍ ഈ രാജ്യം ഭരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ സന്ന്യാസിമാര്‍ മതപരമായ കാര്യങ്ങളില്‍ ഒതുങ്ങിക്കൂടി കഴിഞ്ഞിരുന്നു. പക്ഷേ ഭരണകര്‍ത്താക്കള്‍ ആ കര്‍ത്തവ്യത്തില്‍ പരാജയപ്പെടുന്നുവെന്ന് തോന്നുന്ന നിമിഷം, ജനങ്ങളെ ഉണര്‍ത്താന്‍ സാധുക്കള്‍ മുന്നോട്ട്‌ വന്നിട്ടുമുണ്ട്‌".

പശ്ചാത്തലത്തില്‍ ഉശിരന്‍ കയ്യടി. താടി ചെറുതായി ചൊറിഞ്ഞുകൊണ്ട്‌, കയ്യടിയിലെ ആവേശത്തെ നന്നായി ആസ്വദിക്കുന്ന ശംഭുവിന്റെ പുഞ്ചിരിക്കുന്ന മുഖത്തിന്റെ അരികില്‍നിന്നുള്ള ദൃശ്യം. വീണ്ടും ജല്‍പനം."ഹിന്ദുക്കളേ, ചിന്തിക്കൂ""ഇവര്‍ സന്താന നിയന്ത്രണം പാലിക്കുന്നില്ല. കഴിഞ്ഞ മുപ്പതു വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌, അവരുടെ സംഖ്യ വര്‍ദ്ധിക്കുന്നു എന്നാണ്‌. നമ്മളുടേത്‌ ചുരുങ്ങുകയും ചെയ്യുന്നു".

സീന്‍ -3

ചിന്താക്കുഴപ്പത്തിലാണ്ട രണ്ടു പുരുഷന്മാരുടെ മുഖത്തേക്ക്‌ ക്യാമറ പതുക്കെ നീങ്ങുന്നു. പശ്ചാത്തലത്തില്‍ ശംഭുവിന്റെ ശബ്ദം.

" കുറച്ചു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍, അവര്‍ ഭൂരിപക്ഷമാകും. ഞാന്‍ നിങ്ങളെ ആശീര്‍വ്വദിക്കുന്നു. നിങ്ങളോരോരുത്തര്‍ക്കും എട്ട്‌ പുത്രന്മാരുണ്ടാവട്ടെ"

സീന്‍ -4

സദസ്സിലെ സ്ത്രീകളുടെ ദൃശ്യം. മഹാശുംഭന്റെ ശബ്ദം പശ്ചാത്തലത്തില്‍."ആ ആണ്മക്കള്‍ക്ക്‌ ഓരോരുത്തര്‍ക്കും എട്ട്‌ ആണ്മക്കള്‍ വീതം ഉണ്ടാകട്ടെ എന്നും ഞാന്‍ ആശീര്‍വ്വദിക്കുന്നു".

സീന്‍ - 5

സന്ന്യാസിവര്യന്റെ നേര്‍ക്ക്‌ ക്യാമറ നീളുന്നു. അദ്ദേഹം തുടരുന്നു."അങ്ങിനെ നമുക്ക്‌ ഈ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കാം. നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരും"

സീന്‍ - 6

സ്ക്രീനില്‍ വീണ്ടും സ്ത്രീകളുടെ മുഖങ്ങള്‍, ആകാംക്ഷയോടെ.

സീന്‍ - 7

മഹാരാജന്റെ മുഖം, അരികില്‍നിന്നുള്ള ഷോട്ട്‌.

"ഹിന്ദുക്കള്‍ ആരും സന്താന നിയന്ത്രണം നടത്തരുത്‌. ഇതെന്റെ അപേക്ഷയാണ്‌".

സീന്‍ -8

സ്ത്രീകള്‍ തമ്മില്‍തമ്മില്‍ അടക്കം പറഞ്ഞ്‌ ചിരിക്കുന്നു. സ്തബ്ധവും, നിസ്സഹായവും, അല്‍പ്പം നാണം പുരണ്ടുതുമായ സ്ത്രീ-മുഖങ്ങളുടെ ദൃശ്യം.

************************************************

ഉറങ്ങാന്‍ കിടന്നു.

മറ്റൊരിടത്ത്‌, ഇതുപോലെ മറ്റു ചില ശുംഭന്മാര്‍ വേറെയേതോ അള്‍ത്താരകളില്‍ നിന്ന് ഇതേ ജല്‍പ്പനങ്ങള്‍ ഉരുവിടുന്നുണ്ടായിരിക്കും. ഇത്തരം അസന്മാര്‍ഗ്ഗികളുടെ കവലപ്രസംഗങ്ങള്‍ കേട്ട്‌, കേവല മന്ദബുദ്ധികളായ ചില പുരുഷന്മാര്‍ സ്ത്രീകളുടെ നേരെ സമുദായോദ്ധാരണ പരാക്രമങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടാകും. ഒരു ജന്മത്തില്‍ തന്നെ എന്തൊക്കെ ദുര്‍വ്വിധി അനുഭവിച്ചുതീരണമെന്ന നിസ്സഹായതയോടെ, ഈ മഹാരാജുകളെയും വ്യാജ ഇടയന്മാരെയും മനസ്സില്‍ നൂ‍റാവര്‍ത്തി പ്‌രാകി നിരവധി സ്ത്രീജന്മങ്ങളും കഴിയുന്നുണ്ടാകും.

രാത്രി വൈകി എപ്പോഴോ ഉറങ്ങി.

അതെ, ഉറക്കം സുഖമാണ്‌. ഈയിടെയായി നല്ല ഉറക്കവും കിട്ടുന്നുണ്ട്.

Tuesday, July 22, 2008

പെട്രോ യൂറോയും പെട്രോ ഡോളറും - 2

അപ്പോഴാണ്‌ 2001 സെപ്തംബറില്‍ ഇരട്ടഗോപുരങ്ങളിലേക്ക്‌ വിമാനങ്ങള്‍ ഇടിച്ചുകയറിയത്‌. അമേരിക്കന്‍ പെട്രോ ഡോളറിനെയും ചരിത്രത്തിലെ ഏറ്റവും വലിയ ധന-സമ്പദ്‌ തകര്‍ച്ചയെയും രക്ഷിക്കാനുള്ള മറ്റൊരു ഹൗഡ്‌നി തന്ത്രമായിരുന്നുവോ അത്‌? അമേരിക്കയില്‍ യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. പക്ഷേ, അതിന്‌ ആദ്യം യുദ്ധജ്വരം സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. യുദ്ധജ്വരം നിര്‍മ്മിക്കാന്‍ എപ്പോഴും ആദ്യം ബലികൊടുക്കുക സത്യത്തിനെയായിരിക്കും. മറ്റ്‌ എണ്ണയുത്‌പാദക രാജ്യങ്ങള്‍ കളി കണ്ടുനിന്നു. 2000-ല്‍ ഇറാഖ്‌ എണ്ണ വില്‍പ്പന യൂറോയിലേക്ക്‌ പരിവര്‍ത്തനം ചെയ്തിരുന്നു. 2002-ല്‍ കയ്യിലുള്ള പെട്രോ-ഡോളര്‍ ശേഖരം ഇറാഖ്‌ യൂറോയിലേക്ക്‌ മാറ്റുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കകം, അമേരിക്കയുടെ ഇറാഖ്‌ അധിനിവേശം ആരംഭിച്ചു.

ലോകം ദൃക്‌സാക്ഷിയായിരുന്നു. എണ്ണയെ അടിസ്ഥാനമാക്കിയ ആദ്യത്തെ പെട്രോ-ഡോളര്‍ യുദ്ധത്തിനാണ്‌ അമേരിക്ക തുടക്കമിടുന്നതെന്ന് അധികമാര്‍ക്കും മനസ്സിലായില്ല. ഓര്‍ക്കുക, 2003 മാര്‍ച്ചിലെ ഇറാഖ്‌ അധിനിവേശത്തെ തുടര്‍ന്ന്, അമേരിക്ക ആദ്യം കയ്യടക്കിയത്‌ ഇറാഖിലെ എണ്ണമേഖലയായിരുന്നു. ആഗസ്റ്റില്‍ നടന്ന ആദ്യത്തെ എണ്ണവില്‍പ്പന ഡോളറിനെ അടിസ്ഥനപ്പെടുത്തിയായിരുന്നുവെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്‌. ബാഗ്ദാദില്‍ ബോംബിടാതെ അവശേഷിച്ച ഒരേയൊരു കെട്ടിടം ഇറാഖിന്റെ എണ്ണ മന്ത്രാലയത്തിന്റേതായിരുന്നു. എത്രയാളുകള്‍ കൊല്ലപ്പെടുന്നുവെന്നതൊന്നും അമേരിക്കക്ക്‌ പ്രശ്നമായിരുന്നില്ല. എണ്ണ വില്‍ക്കാനും, വാങ്ങാനുമുള്ള പെട്രോ ഡോളറിനെ രക്ഷിക്കുക വഴി തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും അതിനെ ആശ്രയിച്ചുനില്‍ക്കുന്ന മറ്റു പലതിനെയും വീഴാതെ നിലനിര്‍ത്തുക എന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

തങ്ങളുടെ എണ്ണസമ്പത്തിന്റെ പകുതിഭാഗം യൂറോയില്‍ വില്‍ക്കുന്നതിനെക്കുറിച്ച്‌ (മറ്റേ പകുതി അതിനകം തന്നെ അമേരിക്ക വാങ്ങിക്കഴിഞ്ഞിരുന്നു)വെനീസ്വലയുടെ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസ്‌ സംസാരിച്ചത്‌, 2003-ന്റെ ആദ്യനാളുകളിലാണ്‌. ഒട്ടും താമസമുണ്ടായില്ല. അമേരിക്കയുടെ പിന്‍ബലമുള്ള ചില വ്യവസായികളും സൈനിക ജനറല്‍മാരും ചേര്‍ന്ന് 2003 ഏപ്രില്‍ 12-ന്‌ ഷാവേസിനെ തട്ടിക്കൊണ്ടുപോവുകയും, പട്ടാള അട്ടിമറിക്ക്‌ കരുക്കള്‍ നീക്കുകയും ചെയ്തു. വെനീസ്വലയിലെ ജനം ഇതിനെതിരെ ശബ്ദിക്കുകയും, അതിനെത്തുടര്‍ന്ന് നിവൃത്തിയില്ലാതെ, പട്ടാളത്തിന്‌ ജനത്തിന്റെ പക്ഷത്ത്‌ നിലയുറപ്പിക്കേണ്ടതായും വന്നതുകൊണ്ട്‌ അട്ടിമറിശ്രമം ദയനീയമായി പരാജയപ്പെട്ടു. ഇത്‌ അമേരിക്കക്ക്‌ വല്ലാത്ത ക്ഷീണമായി.

2000 നവംബറില്‍ യൂറോ/ഡോളര്‍ അനുപാതം 0.82 ഡോളറായിരുന്നു. അത്‌ പിന്നെയും താഴ്‌ന്നു. അപ്പോഴാണ്‌ ഇറാഖ്‌ യൂറോയില്‍ എണ്ണ വില്‍ക്കാന്‍ ആരംഭിച്ചത്‌. സ്വാഭാവികമായും യൂറോയുടെ മൂല്യം ഉയരാന്‍ തുടങ്ങി. 2002 ഏപ്രിലില്‍ ഒപ്പെക്കിലെ മുതിര്‍ന്ന പ്രതിനിധികള്‍ എണ്ണ വ്യാപാരം യൂറോയിലാക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചു. യൂറോ നില മെച്ചപ്പെടുത്തി. 2003 ജൂണില്‍ ഇറാഖിലെ അമേരിക്കന്‍ അധിനിവേശകര്‍ വ്യാപാരം ഡോളറിലേക്കാക്കിയപ്പോള്‍ ഡോളറിനെ അപേക്ഷിച്ച്‌ യൂറോ ഇടിഞ്ഞു. 2003 ആഗസ്റ്റില്‍ ഇറാന്‍ ചില യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക്‌ യൂറൊയില്‍ എണ്ണവില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ യൂറോയുടെ മൂല്യം പിന്നെയും മെച്ചപ്പെട്ടു. 2003-2004 ശിശിരത്തില്‍ റഷ്യയുടെയും ഒപ്പെക്കിന്റെയും പ്രധാനികള്‍ എണ്ണ / പ്രകൃതിവാതക വില്‍പ്പന യൂറോയിലേക്ക്‌ മാറ്റുന്നതിനെകുറിച്ചുള്ള ഗൗരവതരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടപ്പോള്‍ യൂറോയുടെ നില വീണ്ടും ഉയരുകയാണുണ്ടായത്‌. എങ്കിലും 2004 ഫെബ്രുവരിയില്‍ ചേര്‍ന്ന ഒപ്പെക്ക്‌ സമ്മേളനം തത്‌സംബന്ധമായ തീരുമാനങ്ങളൊന്നുമെടുക്കാത്തതുമൂലം യൂറോയുടെ കാര്യം വീണ്ടും പരുങ്ങലിലായി. ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും എണ്ണ വ്യാപാരകേന്ദ്രങ്ങള്‍ക്ക്‌ വെല്ലുവിളിയായി ഇറാന്‍ 2004 ജൂണില്‍സ്വന്തം എണ്ണവ്യാപാരകേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ പ്രഖ്യാപിച്ചതോടെ ഡോളര്‍ ഇടിഞ്ഞു. ഇന്ന് ഒരു യൂറോ 1.59 ഡോളറിനു തുല്യമാണ്‌. ഇപ്പോഴും അത്‌ വളര്‍ച്ചയുടെ പടവുകള്‍ കയറുകയും ചെയ്യുന്നു.

അമേരിക്കയെയും ഡോളറിനെയും സംബന്ധിച്ചിടത്തോളം ഇന്ന് കാര്യങ്ങള്‍ വളരെ വലിയൊരു പ്രതിസന്ധിയുടെ വക്കത്താണ്‌. 2008 മെയ്‌ 5-ന്‌ ഇറാന്‍ തങ്ങളുടെ എണ്ണവ്യാപാരകേന്ദ്രം രജിസ്റ്റര്‍ ചെയ്തു. എണ്ണ വാങ്ങാനും വില്‍ക്കാനും ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ആഗോള ഇടപാടു കേന്ദ്രം.

ഈയടുത്ത്‌, ലണ്ടന്‍ സന്ദര്‍ശന വേളയില്‍, ഷാവേസ്‌ ഇറാനിലെ എണ്ണവ്യാപാരകേന്ദ്രത്തെ പിന്താങ്ങുന്നതിനെക്കുറിച്ചും, യൂറോയുടെ അടിസ്ഥാനത്തില്‍ എണ്ണ വില്‍ക്കുന്നതിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി. വെനീസ്വലക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ ഷാവേസ്‌, 'കടലാസ്സു പുലി' എന്ന് വിശേഷിപ്പിച്ച്‌ തള്ളിക്കളയുകയും ചെയ്തു.

അമേരിക്കയിലെ ന്യൂയോര്‍ക്ക്‌ മെര്‍ക്കന്റെയില്‍ എക്സ്‌ചേഞ്ചും (New York Mercantile Exchange-NYMEX) ലണ്ടനിലെ ഇന്റര്‍നാഷണല്‍ പെട്രോളിയം എക്സ്‌ചേഞ്ചുമാണ്‌ (International Petroleum Exchange-IPE) ഇന്ന് എണ്ണയുടെ ആഗോള വ്യാപാരം നടത്തുന്ന രണ്ടേ രണ്ട്‌ സ്ഥാപനങ്ങള്‍. രണ്ടിന്റെയും ഉടമസ്ഥര്‍ അമേരിക്കക്കാരാണ്‌. അവര്‍ എണ്ണ വാങ്ങുന്നതും വില്‍ക്കുന്നതും ഡോളറിന്റെ അടിസ്ഥാനത്തിലും. ഇറാന്റെ എണ്ണയുടെ 70% വാങ്ങുന്നത്‌ യൂറോപ്പായതുകൊണ്ട്‌, ഇറാന്റെ നിര്‍ദ്ദിഷ്ട എണ്ണവ്യാപാരകേന്ദ്രം തങ്ങള്‍ക്ക്‌ എത്രമാത്രം ഗുണം ചെയ്യുമെന്ന് അവര്‍ക്ക്‌ നന്നായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്‌. തങ്ങളുടെ എണ്ണയുടെ 66 ശതമാനവും യൂറോപ്പിനു വില്‍ക്കുന്ന റഷ്യക്കും അത്തരമൊരു കേന്ദ്രത്തിന്റെ പ്രാധാന്യം നന്നായി അറിയാം. പക്ഷേ, അതിനേക്കാളൊക്കെ അമേരിക്കയെ ഭയപ്പെടുത്തുന്നത്‌, ഇറാന്റെ എണ്ണവ്യാപാരകേന്ദ്രത്തില്‍ ഇന്ത്യയും ചൈനയും സമീപകാലത്ത്‌ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്ന താത്‌പര്യമാണ്‌.

ഇറാനിലെ കൂട്ടനശീകരണ ആയുധങ്ങളുടെമേല്‍ തന്ത്രപ്രധാനമായ ഒരു ആണവ ആക്രമണമുണ്ടായാല്‍, ഈ എണ്ണവ്യാപാരകേന്ദ്രത്തിനെ ബോംബിടാനുള്ള സാധ്യതയും നമുക്ക്‌ തള്ളിക്കളയാനാവുകയില്ല.യൂറോയില്‍ എണ്ണ വില്‍ക്കുന്നതിന്റെ ഗുണം യൂറോപ്പിനും, ചൈനക്കും, ഇന്ത്യക്കും, ജപ്പാനും മാത്രമല്ല, അവശേഷിക്കുന്ന രാജ്യങ്ങള്‍ക്കും ബോദ്ധ്യപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ അവര്‍ക്ക്‌ യൂറോ ശേഖരിക്കേണ്ടിവരും. അതിന്‌ ആദ്യം വേണ്ടത്‌, തങ്ങളുടെ പക്കലുള്ള ഡോളര്‍ കയ്യൊഴിക്കുക എന്നതാണ്‌.

ഋണബാദ്ധ്യതകൊണ്ട്‌ നടുവൊടിഞ്ഞ ഡോളറിനേക്കാള്‍ സ്ഥിരതയുണ്ട്‌ യൂറോവിന്‌. അമേരിക്കയുടെ സാമ്പത്തിക തളര്‍ച്ചയെക്കുറിച്ചും ആ രാജ്യത്തെ ഞെരുക്കിക്കൊണ്ടിരിക്കുന്ന വ്യാപാരകമ്മിയെക്കുറിച്ചും ഐ.എം.എഫ്‌ ഈയടുത്ത കാലത്താണ്‌ സൂചിപ്പിച്ചത്‌. രക്ഷപ്പെടാന്‍ പഴുതില്ലാത്ത അവസ്ഥയിലാണ്‌ അമേരിക്ക ഇന്ന്.

ഡോളറിന്റെ ഏകദേശം തീര്‍ച്ചയായ പതനത്തിനു മുന്‍പ്‌, എങ്ങിനെ കയ്യിലുള്ള ഡോളറുകള്‍ കയ്യൊഴിക്കാം എന്നുള്ളതാണ്‌ ഇന്ന് പല രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്ന പ്രധാന ചോദ്യം.മാത്രവുമല്ല, ഇത്രകാലവും അമേരിക്കയുടെ വിവിധ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ അടിപ്പെട്ട്‌ കഴിഞ്ഞിരുന്ന പല രാജ്യങ്ങള്‍ക്കും ഇത്‌, പകരം വീട്ടാന്‍ വീണുകിട്ടിയ നല്ലൊരു അവസരവുമായേക്കും.

ഇന്ന് വിപണിയിലുള്ള ഡോളറുകളുടെ അഞ്ചു ശതമാനം പോലും അമേരിക്കക്ക്‌ തിരിച്ചെടുക്കാന്‍ കഴിയില്ല. അമേരിക്കയുടെയും മറ്റു നിരവധി രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ അത്‌ തകര്‍ത്തു തരിപ്പണമാക്കും. പ്രത്യേകിച്ചും ബ്രിട്ടന്റെ.

സ്കോട്ടിഷ്‌ സോഷ്യലിസ്റ്റ്‌ വോയ്‌സിലെ ലേഖനം ശരിയായി ചൂണ്ടിക്കാണിക്കുന്നതുപോലെ, നിലനില്‍ക്കാന്‍ അമേരിക്കക്ക്‌ മുന്നിലുള്ള ഒരേയൊരു മാര്‍ഗ്ഗം വ്യാപാര മിച്ചം കൈവരിക്കുക എന്നതാണ്‌. അതിലൂടെ മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യാനാകൂ. പക്ഷേ, അതാകട്ടെ, നടപ്പുള്ള കാര്യവുമല്ല. ഇവിടെയാണ്‌ പ്രശ്നത്തിന്റെ കാതല്‍. വ്യാപാരമിച്ചം ഉണ്ടാക്കണമെങ്കില്‍ അമേരിക്കയിലെ തൊഴിലാളികളുടെ വേതനം ഭീമമായി വെട്ടിച്ചുരുക്കിയേ മതിയാകൂ. ചൈനയിലെയോ, ഇന്ത്യയിലെയോ തൊഴിലാളികളേക്കാള്‍ കുറഞ്ഞ കൂലിനിരക്കിന്‌ തൊഴില്‍ ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകും. അത്‌ അസാധ്യമാണെന്ന് നമുക്കറിയാം.

അങ്ങിനെ വന്നാല്‍ എന്തു സംഭവിക്കും? കലാപം തീര്‍ച്ചയാണ്‌. തൊഴിലാളി വിപ്ലവമൊന്നും സംഭവിക്കില്ലായിരിക്കാം. ഒരു പക്ഷേ 1929-നു ശേഷമുള്ള ജര്‍മ്മനിയുടെ അവസ്ഥയിലേക്കോ, കൂടുതല്‍ തീവ്ര-വലതുപക്ഷ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിലേക്കോ കാര്യങ്ങള്‍ നീങ്ങിയെന്നും വരാം.അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ തകരുമ്പോള്‍ മറ്റു രാജ്യങ്ങളുടെ സാമ്പത്തികരംഗവും തകര്‍ന്നേക്കാനിടയുണ്ട്‌. അത്‌ തടയുന്നതിനാവശ്യമായ സാമ്പത്തിക സ്വാശ്രയത്വം യൂറോപ്പിനും ഏഷ്യക്കും ഉണ്ടോ? അവരുടെ ലോക്കറുകള്‍ ഡോളറിന്റെ ശേഖരം കൊണ്ട്‌ വീര്‍പ്പുമുട്ടുകയാണ്‌.

1945-നു ശേഷം ഡോളറിന്റെ പിന്‍ബലത്തില്‍ തങ്ങള്‍ നടത്തിയ സാമ്രാജ്യത്വ ചൂഷണത്തിനുള്ള വില അമേരിക്ക നല്‍കിയേ മതിയാകൂ. മറ്റു രാജ്യങ്ങളിലെ ലോക്കറുകളില്‍ കിടക്കുന്ന ഓരോ ഡോളറിനും, എങ്ങിനെയായാലും അവര്‍ സമാധാനം പറയേണ്ടതുണ്ട്‌.

ഇറാനെ ബോംബിടുന്നത്‌ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. ഇറാഖിലെ ബഹുഭൂരിപക്ഷം വരുന്ന ഷിയകളുടെ അകമ്പടിയോടെ ഇറാഖില്‍ ഇറാന്‍ തുറന്ന യുദ്ധത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യതയും അതുള്‍ക്കൊള്ളുന്നു. ഇറാഖില്‍ ഇപ്പോള്‍ നടക്കുന്ന സൈനിക കലാപങ്ങളെ അടിച്ചമര്‍ത്താന്‍ തന്നെ അമേരിക്ക നന്നെ ബുദ്ധിമുട്ടുന്നുണ്ട്‌. ഒരു പക്ഷേ, സുന്നി-ഷിയ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുക എന്ന ഇപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്ന തന്ത്രം കുറേക്കൂടി ഉഷാറാക്കി, അതിനെ ഒരു മദ്ധ്യ-പൂര്‍വ്വ ആഭ്യന്തരയുദ്ധമായി വികസിപ്പിക്കാനും അമേരിക്ക മുതിര്‍ന്നേക്കും. അത്‌ ആഗോള ഇന്ധന വിതരണത്തെ തകരാറിലാക്കും. എങ്കിലും, അതൊരു താത്ക്കാലികമായ തകര്‍ച്ചയായിരിക്കുമെന്നും, മറ്റേതെങ്കിലും ഒരു രാജ്യത്ത്‌ - ഒരു പക്ഷേ ബ്രസ്സല്‍സില്‍ തന്നെ ആയിക്കൂടെന്നുമില്ല- യൂറോയിലധിഷ്ഠിതമായ മറ്റൊരു ഇന്ധന വ്യാപാരകേന്ദ്രം ആരെങ്കിലും തുടങ്ങിവെക്കുമെന്നും അമേരിക്കക്ക്‌ ബോദ്ധ്യമുണ്ട്‌.

അങ്ങിനെയെങ്കില്‍ മറ്റൊരു വഴി, ഡോളര്‍ പിന്‍വലിക്കുക എന്നതാണ്‌. പുതിയൊരു കറന്‍സിയിലേക്ക്‌ പ്രവേശിക്കുക. ഒറ്റയടിക്ക്‌ ലോകത്തിന്റെ സമ്പാദ്യ/കരുതല്‍ ധനത്തിന്റെ 66 ശതമാനവും നാമാവശേഷമാകും. അതിന്റെ പ്രത്യാഘാതങ്ങള്‍ സങ്കല്‍പ്പിച്ചുനോക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്നുറപ്പിച്ചോളൂ. ഇത്തരം ഭ്രാന്തന്‍ ആശയങ്ങളാണ്‌ ഇന്ന് വൈറ്റ്‌ ഹൗസിലെയും വാള്‍സ്ട്രീറ്റിലെയും, പെന്റഗണിന്റെയും തലച്ചോറുകളില്‍ നീന്തിക്കളിക്കുന്നത്‌.

മറ്റൊരു മാര്‍ഗ്ഗമുള്ളത്‌, 1938-ല്‍ പോളണ്ടിനെ ആക്രമിക്കുന്നതിനു തൊട്ടുമുന്‍പായി ജര്‍മ്മനി അരങ്ങേറിയ മട്ടിലുള്ള ഒരു നാടകം പുനരാവിഷ്ക്കരിക്കുക എന്നതാണ്‌. പോളണ്ട്‌ തങ്ങളെ ആക്രമിക്കുന്ന ഒരു കൃത്രിമ രംഗം ചിത്രീകരിച്ച്‌, ജര്‍മ്മന്‍ ജനതയുടെ മനസ്സും ഹൃദയവും തങ്ങള്‍ക്കനുകൂലമാക്കാനും യുദ്ധസജ്ജമാക്കാനും ജര്‍മ്മനി ശ്രമിക്കുകയുണ്ടായി. പക്ഷേ ഇതും തീക്കളിയാണ്‌.

അപ്പോള്‍പിന്നെ എങ്ങിനെയാണ്‌ അമേരിക്ക ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നത്‌? സൈനികമായ ഇടപെടല്‍ എന്ന ഉത്തരം മാത്രമാണ്‌ കിട്ടുക. ഡോളറുമായുള്ള ചങ്ങാത്തം മറ്റു രാജ്യങ്ങള്‍ ഉപേക്ഷിക്കാതിരിക്കാന്‍ ഒരു പുതിയ യുദ്ധത്തിനുവരെ അമേരിക്ക തയ്യാറായേക്കും.

ഇന്നത്തെ ഈ പ്രതിസന്ധിക്കു കാരണം, മുതലാളിത്തവും ഡോളറിനെ ആസ്പദമാക്കിയുള്ള സാമ്രാജ്യത്വവുമാണെന്നും, ഇസ്ലാമടക്കമുള്ള മറ്റു സംസ്കാരങ്ങള്‍ക്കോ, തിന്മയുടെ അച്ചുതണ്ടുകള്‍ക്കോ, കൂട്ടനശീകരണ ആയുധങ്ങള്‍ക്കോ ഇതില്‍ ഒരു പങ്കുമില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്‌.

ഇറാന്‍ സ്ഥാപിക്കുന്ന ഈ പുതിയ വ്യാപാരകേന്ദ്രം, പേര്‍ഷ്യന്‍ ഗള്‍ഫിലെ ദ്വീപായ കിഷിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. എല്ലാ അടിസ്ഥാന സൗകര്യങ്ങളും പ്രവര്‍ത്തനസജ്ജമായിരിക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങേണ്ടതായിരുന്നുവെങ്കിലും പല സമ്മര്‍ദ്ദങ്ങളാല്‍, അത്‌ ഇത്രകാലമായി നീട്ടിവെക്കുകയായിരുന്നു. മെയ്‌ മാസത്തില്‍ രജിസ്റ്റര്‍ കഴിഞ്ഞു. എവിടെനിന്നാണ്‌ സമ്മര്‍ദ്ദമെന്നത്‌ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളു. ഇന്ധനമാഫിയകളും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളുമാണ്‌ ഈ കാലതാമസത്തിനു പിന്നിലുള്ളത്‌.

2007-ല്‍ ക്രൂഡ്‌ ഓയിലിന്റെ വില 60 ഡോളറായിരുന്നു.ഡോളറിന്റെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്ന് നമ്മള്‍ മനസ്സിലാക്കി. അപ്പോഴാണ്‌ NYMEX-യെയും IPE യെയും ഉപയോഗിച്ച്‌, ഫ്യൂച്ചര്‍ വ്യാപാര ഇടപാടുകളിലൂടെ (Speculation ) അമേരിക്ക എണ്ണയുടെ വിലയുയര്‍ത്തിയത്‌. ഇന്ന് ക്രൂഡ്‌ ഓയിലിന്റെ വില 131 ഡോളറില്‍ എത്തിനില്‍ക്കുന്നു. അതായത്‌, 60 ഡോളര്‍ കൊടുത്തിരുന്ന സ്ഥാനത്ത്‌ ഇന്ന് നമ്മള്‍ 131 ഡോളര്‍ കൊടുക്കേണ്ട അവസ്ഥയാണുള്ളത്‌. ഡോളറിന്റെ ആവശ്യം 220 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ്‌ ഇതിന്റെ അര്‍ത്ഥം. ഒപ്പെക്കും ഈയിടെ വിലയുയര്‍ത്തുകയുണ്ടായി. ഊഹക്കച്ചവടങ്ങള്‍ക്ക്‌ ഈ വിലവര്‍ദ്ധനവിലുള്ള പങ്ക്‌ 60 ശതമാനമാണ്‌.

ഡോളറിന്റെ ആധിപത്യം നിലനിര്‍ത്താന്‍ അമേരിക്ക ഏതറ്റംവരെ പോകാനും മടിക്കില്ല എന്നുള്ളതാണ്‌ ഈ വസ്തുതകള്‍ നമുക്ക്‌ നല്‍കുന്ന ഗുണപാഠം.

(അവസാനിച്ചു)


പരിഭാഷകക്കുറിപ്പ് - ഇതില്‍ കൊടുത്തിരിക്കുന്ന ഡോളര്‍-യൂറോ മൂല്യം, ഇന്നത്തെ എണ്ണവില എന്നിവ ജൂലായ് 22-ന്റെ അടിസ്ഥാനത്തിലുള്ളതാണ്. വോയ്‌സിലെ ഒറിജിനല്‍ ലേഖനത്തില്‍ പഴയ നിരക്കുകളായിരുന്നു സൂചിപ്പിച്ചിരുന്നത്.

Monday, July 21, 2008

പെട്രോ യൂറോയും പെട്രോ ഡോളറും - 1

ഇറാന്‍ അത്‌ തുടങ്ങിവെച്ചിരിക്കുന്നു. ആണവായുധങ്ങളേക്കാള്‍ മാരകമായ പ്രഹരമായിരിക്കും അത്.

വോയ്‌സിന്റെ ലക്കം 264-ലെ ലേഖനം തുടങ്ങുന്നത്‌ അങ്ങിനെയാണ്‌. "ഇറാന്‍ അതുമായി മുന്നോട്ട്‌ പോയിക്കഴിഞ്ഞിരിക്കുന്നു. ഇല്ല. അവരുടെ ആദ്യത്തെ ആണവ കപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക്‌ എത്തിയിട്ടൊന്നുമില്ല. അതിനേക്കാള്‍ എത്രയോ മടങ്ങ്‌ മാരകമായ മറ്റൊന്ന് അവര്‍ വിക്ഷേപിക്കാന്‍ പോവുകയാണ്‌. അടുത്ത ആഴ്ച, ഇറാന്‍ ബോഴ്സ്‌ എണ്ണയുടെ വ്യാപാരം ഡോളറില്‍നിന്ന് യൂറോയിലേക്ക്‌ മാറ്റും". ചെറുതെന്ന് ഒറ്റനോട്ടത്തില്‍ തോന്നാവുന്ന ഈ നടപടി, പക്ഷേ, സങ്കല്‍പ്പിക്കാവുന്നതിനേക്കാള്‍ വലിയ പ്രത്യാഘാതമാണ്‌ അമേരിക്കന്‍ ജനതക്കും, നമുക്കൊക്കെയും വരുത്തിത്തീര്‍ക്കുക.

ലണ്ടനിലും ന്യൂയോര്‍ക്കിലുമുള്ള കൈമാറ്റകേന്ദ്രങ്ങളിലൂടെയാണ്‌ ഇന്ന് എണ്ണയുടെ കൊടുക്കല്‍-വാങ്ങലുകള്‍ നടക്കുന്നത്‌. ആ കേന്ദ്രങ്ങള്‍ അമേരിക്കന്‍ ഉടമസ്ഥതയിലുള്ളതാണെന്നത്‌ ആകസ്മികവുമല്ല.

1924-ലെ വാള്‍സ്ട്രീറ്റിന്റെ തകര്‍ച്ചയാണ്‌ ആഗോളമാന്ദ്യത്തിനും രണ്ടാം ലോകമഹായുദ്ധത്തിനും കാരണമായിത്തീര്‍ന്നത്‌. ആ യുദ്ധത്തില്‍, തങ്ങളുടെ സഖ്യകക്ഷികള്‍ക്ക്‌ നല്‍കിയ സഹായത്തിനും ആയുധത്തിനും പ്രതിഫലമായി അമേരിക്ക അവരില്‍നിന്ന് ആവശ്യപ്പെട്ടത്‌, സ്വര്‍ണ്ണനിക്ഷേപങ്ങളായിരുന്നു. പണമല്ല.

1945-ഓടെ ലോകരാഷ്ട്രങ്ങളുടെ സ്വര്‍ണ്ണനിക്ഷേപത്തിന്റെ 80%വും അമേരിക്കന്‍ ലോക്കറുകളിലേക്കെത്തി. ഡോളര്‍ എന്നത്‌ അനിഷേധ്യമായ ആഗോള കരുതല്‍ ധനമായി മാറുകയും ചെയ്തു. സ്വര്‍ണ്ണത്തേക്കാള്‍ സുരക്ഷിതമായ ഒന്നായി ലോകമൊട്ടുക്ക്‌ അതിന്‌ പ്രചാരം കിട്ടി. 1944-ല്‍ നിലവില്‍ വന്ന ബ്രെട്ടന്‍വുഡ്‌ കരാറിന്റെ സംഭാവനയായിരുന്നു അത്‌.

നാളെ എന്നൊരു ദിവസം ഇല്ലെന്ന മട്ടില്‍ ഡോളര്‍ അച്ചടിക്കുകയാണ്‌ അമേരിക്ക പിന്നീട്‌ ചെയ്തത്‌. വര്‍ദ്ധിച്ചുവരുന്ന ഉപഭോഗാവശ്യങ്ങള്‍ക്കും, ധനികര്‍ക്കുള്ള നികുതിയിളവുകള്‍ക്കും, അന്യദേശങ്ങളില്‍ നടത്തുന്ന യുദ്ധങ്ങള്‍ക്കും, ഗൂഢസംഘങ്ങള്‍ക്കും, ചാരന്മാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും വേണ്ടി വമ്പിച്ച ഡോളര്‍ ശേഖരമാണ്‌ അമേരിക്ക ഓരോ വര്‍ഷവും കയറ്റി അയച്ചുകൊണ്ടിരുന്നത്‌. ഇതൊന്നും ആഭ്യന്തരമായ നാണയപ്പെരുപ്പം ഉണ്ടാക്കിയില്ലെന്ന വസ്തുതയും ഇതോടൊപ്പം കാണണം. കാരണം, ഈ ഡോളറുകള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക്‌ പ്രത്യേകിച്ചൊരു ചിലവുകളും വേണ്ടിവന്നില്ല എന്നതുതന്നെ. ഒന്നോ രണ്ടോ കാടുകള്‍ മാത്രമേ അവര്‍ക്ക്‌ നഷിപ്പിക്കേണ്ടിവന്നുള്ളു.

ലോകമൊട്ടുക്കുള്ള രാജ്യങ്ങളുടെ നാണയ അറകള്‍ വളരെ വേഗത്തില്‍ നിറഞ്ഞുവീര്‍പ്പുമുട്ടുകയും, കുന്നുകൂടുന്ന പച്ചനോട്ടുകളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ കൂടുതല്‍ക്കൂടുതല്‍ അറകള്‍ അവര്‍ക്ക്‌ നിര്‍മ്മിക്കേണ്ടിയും വന്നു. രാജ്യത്തിനകത്ത്‌ ചിലവഴിക്കുന്നതിനേക്കാള്‍ എത്രയോ അധികമായിരുന്നു അമേരിക്ക ബാഹ്യലോകത്ത്‌ ചിലവഴിച്ചിരുന്ന ഡോളറുകള്‍. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, അമേരിക്കയൊഴിച്ചുള്ള മറ്റു ലോകരാഷ്ട്രങ്ങളുടെ സമ്പാദ്യങ്ങളിലും കരുതല്‍ ശേഖരത്തിലും (സ്വര്‍ണ്ണവും പണവുമായുള്ള ശേഖരങ്ങളില്‍) 66%വും അമേരിക്കന്‍ ഡോളറിലായിരുന്നു.

1971-ല്‍ പല രാജ്യങ്ങളും തങ്ങളുടെ കയ്യിലുള്ള ഡോളറുകള്‍ അമേരിക്കക്കു തിരിച്ചുനല്‍കാനും പകരം സ്വര്‍ണ്ണനിക്ഷേപങ്ങള്‍ വാങ്ങാനുമുള്ള ഒരു ശ്രമം നടത്തിനോക്കി. 1971 ആഗസ്റ്റ്‌ 15-ന്‌ അമേരിക്കന്‍ സര്‍ക്കാര്‍ ഇതില്‍ വീഴ്ചവരുത്തിയെന്ന് ക്രാസ്സിമിര്‍ പെട്രൊവ്‌ (Krassimir Petrov) രേഖപ്പെടുത്തുന്നു. 'ഡോളറും സ്വര്‍ണ്ണവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുന്നു' എന്നാണ്‌ അതിനു കാരണമായി അമേരിക്ക പറഞ്ഞതെങ്കിലും, സ്വര്‍ണ്ണത്തിലുള്ള തിരിച്ചടവ്‌ നിഷേധിച്ചതിന്റെ പിന്നില്‍, അമേരിക്കയുടെ സമ്പദ്‌ശോഷണം തന്നെയായിരുന്നു. 1971-ല്‍ ബ്രറ്റന്‍വുഡ്‌ കരാര്‍ അമേരിക്ക ഏകപക്ഷീയമായി പിന്‍വലിക്കുകയും ചെയ്തു.

1929-ലെ ജര്‍മ്മന്‍ അവസ്ഥയുടേതിനു സമാനമായ ഒരു പ്രതിസന്ധിയിലാണ്‌ ഡോളറും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയും ചെന്നുപെട്ടത്‌. മറ്റു രാജ്യങ്ങള്‍ക്ക്‌ കടലാസ്സു ഡോളറിന്റെ ശേഷിയിലുള്ള വിശ്വാസവും ധൈര്യവും നിലനിര്‍ത്തേണ്ടതിനുള്ള വഴികള്‍ അമേരിക്കക്ക്‌ തേടേണ്ടതുണ്ടായിരുന്നു. അതിനുള്ള പരിഹാരമാര്‍ഗ്ഗമായിരുന്നു അവര്‍ക്ക്‌ എണ്ണ. അഥവാ പെട്രോഡോളര്‍.

എണ്ണവില്‍പ്പന ഡോളറിന്റെ അടിസ്ഥാനത്തിലാക്കാന്‍ സൗദി അറേബ്യയുടെയും പിന്നീട്‌ ഒപ്പെക്കിന്റെയും മേല്‍ അമേരിക്ക കടുത്ത സമ്മര്‍ദ്ദം ചെലുത്തി. അത്‌ സഫലമാവുകയും ചെയ്തു. ഡോളര്‍ രക്ഷപ്പെട്ടു. ഇനിയിപ്പോള്‍, എണ്ണ വാങ്ങണമെങ്കില്‍ കയ്യില്‍ ഡോളര്‍ വേണമെന്ന അവസ്ഥയിലായി മറ്റു രാജ്യങ്ങള്‍. ലോകത്തെവിടെനിന്നും സൗജന്യമായി അമേരിക്കക്ക്‌ എണ്ണ വാങ്ങാമെന്ന അവസ്ഥയും ഇതോടെ സംജാതമായി. ഒരു ഹൗഡിനി മാജിക്ക്‌. ഡോളര്‍ തകരാതിരിക്കാന്‍ വേണ്ടി സ്വര്‍ണ്ണത്തിന്റെ സ്ഥാനം എണ്ണ ഏറ്റെടുത്തു.

1971-നുശേഷം, അമേരിക്ക പിന്നെയും ഡോളര്‍ അച്ചടി പൂര്‍വ്വാധികം ശക്തിയോടെ പുനരാരംഭിച്ചു. ഇതിന്റെ ഫലമായി വ്യാപാരകമ്മി വര്‍ദ്ധിച്ചു. പ്രത്യേകിച്ചൊരു മുതല്‍മുടക്കൊന്നുമില്ലാതെ അമേരിക്ക അവശേഷിക്കുന്ന ലോകത്തിന്റെ ഉത്‌പന്നങ്ങള്‍ ഉപഭോഗിക്കാന്‍ തുടങ്ങി. ഡോളറുകള്‍ സൂക്ഷിക്കാനുള്ള കൂടുതല്‍ അറകള്‍ മറ്റു രാജ്യങ്ങള്‍ക്ക്‌ നിര്‍മ്മിക്കേണ്ടിയും വന്നു.

കോയ്‌ലിന്‍ നൂനാന്‍ (Cóilínn Nunan) 2003-ല്‍ എഴുതി: "ആഗോള കരുതല്‍ ധനം സ്വാഭാവികമായും ഡോളറായി മാറി. എല്ലാ ഔദ്യോഗിക കൈമാറ്റങ്ങളുടെയും കരുതല്‍ ധനത്തിന്റെയും മൂന്നില്‍ രണ്ടും, വിദേശകൈമാറ്റ വ്യാപാരങ്ങളുടെ അഞ്ചില്‍ നാലും, ആഗോള കയറ്റുമതിവ്യാപാരത്തിന്റെ പകുതിയും ഡോളറിന്റെ അടിസ്ഥാനത്തിലായി. ഇതിനുപുറമെ, അന്താരാഷ്ട്ര നാണയനിധിയുടെ വായ്പകളും ഡോളറിലേക്ക്‌ മാറ്റി". കീല്‍ സര്‍വ്വകലാശാലയിലെ ഡോ. ബുലന്റ്‌ ജുക്കെ (Dr Bulent Gukay ) ഈയടുത്തകാലത്ത്‌ അഭിപ്രായപ്പെട്ട മറ്റൊരു കാര്യവും ഇവിടെ ശ്രദ്ധേയമാണ്‌. " എണ്ണ വ്യാപാരത്തിലെ ആഗോള കരുതല്‍ ധനമായി ഡോളര്‍ രംഗപ്രവേശം ചെയ്തത്‌, ഡോളറിനുവേണ്ടിയുള്ള ആവശ്യത്തെ 'കൃത്രിമ'മായി ഉയര്‍ത്തുകയാണുണ്ടായത്‌. വര്‍ദ്ധമാനമായ സൈനിക ചിലവുകള്‍ക്കും ആഭ്യന്തര ഉപഭോഗത്തിനായുള്ള ഇറക്കുമതികള്‍ക്കും വേണ്ടി, ഒരു ചിലവുമില്ലാതെ ഡോളറുകള്‍ അച്ചടിച്ചിറക്കാന്‍ അമേരിക്കയെ ഇത്‌ പ്രാപ്തമാക്കി. ഡോളര്‍ അച്ചടിക്കുന്നതിന്‌ സൈദ്ധാന്തികമായ എന്തെങ്കിലും പരിമിതികള്‍ ഉണ്ടായിരുന്നതുമില്ല. വെല്ലുവിളികളുയര്‍ത്തുന്ന മറ്റേതെങ്കിലും കറന്‍സികളില്ലാതിരിക്കുകയും മറ്റു രാജ്യങ്ങള്‍ക്ക്‌ ഡോളറില്‍ വിശ്വാസമുണ്ടായിരിക്കുകയും ചെയ്യുന്ന കാലത്തോളം സുഗമമായി നടക്കുന്ന ഒരു കലാപരിപാടിയായിരുന്നു ഇത്‌.

അടുത്തകാലം വരെ അമേരിക്കന്‍ ഡോളര്‍ തികച്ചും സുരക്ഷിതമായിരുന്നു. പക്ഷേ 1990-നുശേഷം പടിഞ്ഞാറന്‍ യൂറോപ്പ്‌ അതിവേഗം ശക്തിപ്രാപിക്കുകയും, മദ്ധ്യ-പൂര്‍വ്വ യൂറോപ്പിനെ വിഴുങ്ങാന്‍ ആരംഭിക്കുകയും ചെയ്തു.

പ്രത്യേകിച്ചൊരു ചിലവുമില്ലാതെ ഉത്‌പന്നങ്ങളെയും ആളുകളെയും വിലക്കെടുക്കാനുള്ള അമേരിക്കയുടെ ശേഷിയില്‍ ഫ്രാന്‍സിലെയും ജര്‍മ്മനിയിലെയും യജമാനന്മാര്‍ക്ക്‌ അസൂയ തോന്നാന്‍ തുടങ്ങിയിരുന്നു. അപ്പത്തിന്റെ ഒരു കഷണം എന്തുകൊണ്ട്‌ തങ്ങള്‍ക്കും ആയിക്കൂടാ എന്നവര്‍ ചിന്തിച്ചു. പോരാത്തതിന്‌ അമേരിക്കന്‍ ഡോളറിന്റെ സഹായത്തോടെ രംഗത്തുവന്ന ശക്തമായ എതിര്‍പ്പുകളെ-പ്രത്യേകിച്ചും ബ്രിട്ടന്റെ എതിര്‍പ്പിനെ- അതിജീവിച്ചുകൊണ്ട്‌ യൂറോ നിലവില്‍ വന്നു. നിലവില്‍ വന്നു എന്നു മാത്രമല്ല, അത്‌ വിജയിക്കുകയും ചെയ്തു.

യൂറോ നിലവില്‍ വന്ന് മാസങ്ങള്‍ക്കകം, ഒപ്പെക്കുമായുണ്ടായ കരാറുകള്‍കൂടി ലംഘിച്ച്‌, സദ്ദാമിന്റെ കീഴിലുള്ള ഇറാഖ്‌, തങ്ങളുടെ എണ്ണവ്യാപാരം ഇനി മുതല്‍ ഡോളറിനുപകരം യൂറോയിലായിരിക്കുമെന്ന് തുറന്നു പ്രഖ്യാപിച്ചു. യൂറോയിലേക്ക്‌ മാറുന്നതിനെക്കുറിച്ച്‌ ഇറാനും, റഷ്യയും, വെനീസ്വലയും, ലിബിയയും കൂടുതല്‍ ആവേശത്തോടെ സംസാരിക്കാനും തുടങ്ങി. പ്രളയവാതിലുകള്‍ തുറക്കുകയാണോ എന്ന ആശങ്ക പരന്നു.


(തുടരും)

Saturday, July 19, 2008

യത്തീമുകളോ ബാസ്റ്റാര്‍ഡ്‌സോ? ആരാണ് നമ്മുടെ കുട്ടികള്‍

പാഠഭാഗങ്ങളിലെ പോരായ്മകള്‍ നീക്കം ചെയ്യുമെന്നും, തിരുത്തിയ ഭാഗങ്ങള്‍ നിലവില്‍ വരുത്തി പ്രശ്നം പരിഹരിക്കാന്‍ തയാറാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കേരളീയ സമൂഹം (വിശേഷിച്ചും വിദ്യാഭ്യാസ സമൂഹം) അര്‍ഹിക്കാത്ത പെഡഗോഗികള്‍ കൊണ്ടുവന്ന് ഒരു ചെറിയ നല്ല ചുവടുവെക്കാന്‍ ശ്രമിച്ചതിനെ ഇവിടുത്തെ വര്‍ഗ്ഗീയ-രാഷ്ട്രീയ കോമാളി-തെമ്മാടിക്കൂട്ടങ്ങള്‍ ഭംഗിയായി ചെറുത്തുതോല്‍പ്പിച്ചിരിക്കുന്നു. എന്നാലും വിടുന്ന മട്ടില്ല. കുട്ടികള്‍ പഠിച്ചില്ലെങ്കിലും തരക്കേടില്ല എന്നാണ് നിലപാട്. പുതുക്കിയ ഭാഗവും തെറ്റാണെന്ന് കണ്ടുപിടിച്ചിരിക്കുന്നു ചിലര്‍. പുസ്തകം തന്നെ പിന്‍‌വലിച്ചേ പ്രശ്നമവസാനിക്കൂവെന്ന് മറ്റു ചിലര്‍.

സ്കൂളുകള്‍ക്ക് തീ കൊടുക്കുക. പുസ്തകങ്ങളായ പുസ്തകങ്ങളൊക്കെ ചുട്ടുകരിക്കുക.

നമ്മുടെ കുട്ടികളെ വിദ്യാഭ്യാസം ആര്‍ക്കാണ് നിങ്ങള്‍ തീറെഴുതിക്കൊടുത്തിരിക്കുന്നത് രക്ഷിതാക്കളേ? ആരാണ്, എന്താണ് അവരെ പഠിപ്പിക്കേണ്ടത് രക്ഷിതാക്കളേ?

അഖിലേന്ത്യാ വെള്ളമൂത്ത് സ്പെഷ്യലിസ്റ്റുകളായ തങ്ങളുമാരോ, തെമ്മാടികുഞ്ഞാലിക്കുട്ടന്മാരോ? ചൂട്ടും കമ്പിറാന്തലും പെട്രോമാക്സും ചുമന്നെത്തിയ പണ്ടത്തെ അവിഹിത അസംബന്ധങ്ങളുടെ നാറ്റവും വിഴുപ്പും ചുമക്കുന്ന വീര‌ശൂരനായര്‍കളോ? രഹസ്യത്തില്‍ തങ്ങള്‍ ചെയ്യുന്നത് പരസ്യമായി ചെയ്ത് സമുദായാംഗങ്ങളുടെ എണ്ണം കൂട്ടാനും സ്ത്രീകളുടെ നടുവൊടിക്കാനും ഇടയലേഖനം എഴുതുന്ന അച്ചന്മാരോ?

നമ്മുടെ മക്കളുടെ അച്ഛനമ്മമാരെവിടെ? അവരുടെ അദ്ധ്യാപകരും അദ്ധ്യാപികമാരുമെവിടെ?

അവരെന്തു പഠിക്കണമെന്നും എങ്ങിനെ പഠിക്കണമെന്നുമുള്ള തീരുമാനത്തില്‍ ഭാഗഭാക്കാകേണ്ടിയിരുന്ന അവരൊക്കെ എവിടെപ്പോയി ഒളിച്ചിരിക്കുന്നു കേരളത്തില്‍? നിങ്ങള്‍ക്കൊന്നും പറയാനില്ലെന്നാണോ? അവരുടെ പഠിപ്പു മുടങ്ങിയാലും ഇല്ലെങ്കിലും നിങ്ങള്‍ക്കൊരു ചുക്കുമില്ലെന്നോ?

നമ്മുടെ കുട്ടികള്‍ യത്തീമുകളോ? ചോദിക്കാനും പറയാനും ആരുമില്ലാത്ത ബാസ്റ്റാര്‍ഡ്‌സോ?

Wednesday, July 16, 2008

ദാര്‍ഫറും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും

മുന്തിയ അന്താരാഷ്ട്ര ക്രിമിനലുകള്‍ക്ക്‌ ഒന്നിച്ചിരുന്ന് വെടിപറയാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു കോടതി വരാന്തയിലിരുന്നാണ്‌ ലൂയീസ്‌ മൊറാനോ എന്ന അര്‍ജന്റേനിയന്‍ പ്രൊസിക്യൂട്ടര്‍ തീട്ടൂരം ഇറക്കിയിരിക്കുന്നത്‌. 2002 ജൂലായ്ക്കു ശേഷമാണ്‌ ലോകത്തില്‍ വംശഹത്യകളും ശീലക്കേടുകളുമൊക്കെ നടന്നിട്ടുള്ളത്‌ എന്ന പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ അന്താരാഷ്ട്ര വ്യവഹാരിക്കൂൂട്ടം പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ട്‌, ആ കാലത്തിനുശേഷമുള്ള കഥകളികള്‍ മാത്രമേ അവരുടെ കണ്ണില്‍പ്പെടുകയും പരിഗണനയില്‍ വരുകയും ചെയ്യൂ.ആ കോടതിയാണ്‌ ഇന്ന് സുഡാന്‍ പ്രസിഡന്റ്‌ ഒമര്‍ അല്‍-ബഷീറിനെ വംശഹത്യ എന്ന ആരോപണത്തിന്റെ മറവില്‍ അറസ്റ്റു ചെയ്യാന്‍ മുന്നോട്ട്‌ വന്നിരിക്കുന്നത്‌.

സുഡാനിലെ ദാര്‍ഫര്‍ പ്രവിശ്യയില്‍ കഴിഞ്ഞ കുറേ കാലമായി നടക്കുന്ന വംശീയകലാപങ്ങളുടെ ഉത്തരവാദിത്ത്വമാണ്‌ ബഷീറിന്റെ തലയില്‍ അന്താരാഷ്ട്ര കുറ്റവാളികള്‍ കെട്ടിവെക്കുന്നത്‌. സ്ലോബോദന്‍ മിലോസവിച്ച്‌ ഒഴിച്ച്‌, ഇതുവരെ ഈ കോടതി കണ്ടെത്തിയ കുറ്റവാളികള്‍ മുഴുവനും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നുള്ളവരായിരുന്നു. കോംഗോയും, ഉഗാണ്ടയും, മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കും, സുഡാനും.

ദാര്‍ഫറില്‍ വംശീയകലാപങ്ങള്‍ നടക്കുന്നുണ്ട്‌ എന്നത്‌ തീര്‍ച്ചയാണ്‌. അതില്‍ സുഡാന്റെ പട്ടാളത്തിനും ജന്‍ജാവീഡിനു പങ്കുമുണ്ട്‌. അതിലൊന്നും ഒരു സംശയവുമില്ല(ഝാര്‍ഖണ്ഡിലെ സര്‍ക്കാരിന്റെ കൂലിപ്പട്ടാളമായ സല്‍വാ ജുദൂമിന്റെ മറ്റൊരു പതിപ്പാണ്‌ സുഡാനിലെ ജന്‍ജാവീഡ്‌).

ദര്‍ഫറിലെ കലാപം പൂര്‍ണ്ണമായും ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഒതുങ്ങിനിന്നിരുന്ന ഒന്നായിരുന്നു 2003 വരെ. മരുഭൂവല്‍ക്കരണത്തിന്റെ ഫലമായുണ്ടായ ജലക്ഷാമവും, കൃഷിസ്ഥലങ്ങള്‍ക്കുവേണ്ടി നടന്നിരുന്ന ചെറു ചെറു സംഘട്ടനങ്ങളും മാത്രമായിരുന്നു അവ. പടിഞ്ഞാറന്‍ മുതലാളിത്തരാഷ്ട്രങ്ങള്‍ അതിനെ മുതലെടുക്കുകയായിരുന്നു. ദക്ഷിണസുഡാനിലെ അറബേതരരായ ക്രിസ്ത്യന്‍ ജനതയെ ഖാര്‍ത്തൂമിലെ അറബ്‌ സര്‍ക്കാരിനെതിരെ രാഷ്ട്രീയമായി ചേരിതിരിച്ചത്‌ അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന പാശ്ചാത്യശക്തികളാണ്‌. അവിടെ നടക്കുന്ന കലാപത്തെ വംശഹത്യയായി കണക്കാക്കാന്‍ ഐക്യരാഷ്ട്രസഭ വിസമ്മതിച്ചതുമാണ്‌. പിന്നെന്തുകൊണ്ടാണ്‌ ഇന്ന് ഈ പുതിയ വെളിപാട്‌?

സുഡാന്റെ പ്രധാന വരുമാനം അവിടുത്തെ ഇന്ധനത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. 2007-ല്‍ 9% ശതമാനം വളര്‍ച്ചാനിരക്കാണ്‌ ഇന്ധനകയറ്റുമതി സുഡാന്‌ നേടിക്കൊടുത്തതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിനുപുറമെ, പ്രകൃതിവാതകങ്ങളാലും ധാതുസമ്പത്തുക്കളാലും ധനികവുമാണ്‌ സുഡാന്‍. അതിലേക്കാണ്‌ അമേരിക്കന്‍ കോര്‍പ്പറേറ്റുകളുടെ കഴുകന്‍കണ്ണുകള്‍ നീളുന്നത്‌. ആ സമ്പത്ത്‌ കീഴ്‌പ്പെടുത്തുന്നതിനുവേണ്ടിയാണ്‌ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെക്കൊണ്ട്‌ ഈ നാടകം അഭിനയിപ്പിക്കുന്നത്‌. പതിവുപോലെ, ചൂട്ടുപിടിച്ചുകൊടുക്കാന്‍, ഐക്യരാഷ്ട്രസഭ എന്ന ദല്ലാള്‍ അണിയറയിലും.

വംശഹത്യയെയും നരഹത്യയെയും നിര്‍വ്വചിക്കുന്നതില്‍ കാലാകാലങ്ങളായി ഈ അന്താരാഷ്ട്ര ഗൂഢസംഘങ്ങള്‍ തികച്ചും സ്വാര്‍ത്ഥാധിഷ്ഠിതമായ നിലപാടുകളാണ്‌ എടുത്തിട്ടുള്ളത്‌. അര്‍മേനിയന്‍ വംശഹത്യയായാലും ഷിയ-കുര്‍ദ്‌-ജൂത വംശഹത്യകളായാലും, അതിലൊക്കെ ഇഷ്ടാനുസരണം നിഷ്പക്ഷതയും ധാര്‍മ്മികരോഷവും വേണ്ടുംവണ്ണം പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്‌ ഈ പാശ്ചാത്യ അധിനിവേശശക്തികള്‍. അര്‍മേനിയന്‍ വംശഹത്യയെ അപലപിക്കാന്‍ ഇന്നുവരെ തുര്‍ക്കിയോ, തുര്‍ക്കിയെ ആലിംഗനം ചെയ്യാന്‍ ഇരുകയ്യുകളുമുയര്‍ത്തിനില്‍ക്കുന്ന യൂറോപ്പ്‌ യൂണിയനോ തയ്യാറായിട്ടുമില്ല, ഈ നിമിഷം വരെ.ഇറാഖിലും അഫ്ഘാനിസ്ഥാനിലും അമേരിക്കന്‍ നേതൃത്വത്തിലുള്ള ശക്തികള്‍ ദൈനംദിനമെന്നോണം നടത്തുന്ന അധിനിവേശവും വംശഹത്യയും ഈ അന്താരാഷ്ട്ര ക്രിമിനലുകള്‍ ഇന്നുവരെ കണ്ടമട്ടില്ല.

ഐ.സി.സി എന്ന ഈ സംഘടനയിലെ നൂറ്റിയാറ്‌ അംഗരാഷ്ട്രങ്ങളില്‍ സുഡാനും, ചൈനയും, ഇന്ത്യയും അമേരിക്കയും ഒന്നും ഉള്‍പ്പെടുന്നില്ല. അംഗരാജ്യങ്ങള്‍ക്ക്‌ നീതി നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യമോ, അതിന്‌ അവര്‍ വിസമ്മതിക്കുകയോ ചെയ്താല്‍ മാത്രമേ അറ്റകൈ എന്ന നിലക്ക്‌ ഐ.സി.സി.ക്ക്‌ ഇടപെടാന്‍ സാധിക്കൂ. അതിനും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ മുന്‍കൂര്‍ അനുവാദം വേണം. അമേരിക്കക്കാണെങ്കില്‍, ഐ.സി.സി.യെ ധിക്കരിച്ച ചരിത്രമേ ഇതുവരെയുള്ളു. ഐ.സി.സി.യെ മാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ വിലക്കുകളെപ്പോലും അവഗണിച്ച്‌ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കാനായി യുദ്ധ അജണ്ടകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് അവര്‍.

ഇറാഖിലും അഫ്ഘാനിസ്ഥാനിലും നേരിടാന്‍ തുടങ്ങുന്ന തിരിച്ചടികളില്‍നിന്ന് വേണമെങ്കില്‍ തത്‌ക്കാലം തലയൂരാന്‍ അമേരിക്കക്ക്‌ കിട്ടിയ ഒരു കച്ചിത്തുരുമ്പാണ്‌ സുഡാന്‍. പാശ്ചാത്യശക്തികള്‍ക്ക്‌ ആഫ്രിക്ക ഇന്നും പ്രാകൃതമനുഷ്യരുടെ ഇരുണ്ടഭൂഖണ്ഡം എന്നതിലപ്പുറമൊന്നുമല്ല. അപ്പോള്‍പിന്നെ ആര്‍ക്കും വിശേഷിച്ചൊരു വേവലാതിയുണ്ടാകാനുമിടയില്ലല്ലോ. സിംബാബ്‌വേയുടെ കാര്യത്തില്‍ കാണിച്ച ശുഷ്ക്കാന്തിയും ആകാംക്ഷയുമൊക്കെ നമ്മള്‍ കണ്ടതല്ലേ? വെള്ളക്കാരായ യജമാനന്മാര്‍ കാലാകാലങ്ങളായി തട്ടിയെടുത്ത്‌ അനുഭവിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ പൈതൃകമായ ഭൂസമ്പത്ത്‌ തിരിച്ചുപിടിക്കുന്ന സിംബാബ്‌വേയിലെ കറുത്ത തദ്ദേശീയരെ ക്രിമിനലുകളും ജനാധിപത്യവിരുദ്ധരുമായി അന്താരാഷ്ട്രസമൂഹത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുകയാണ്‌ ബ്രിട്ടന്‍, അമേരിക്കയുടെ സഹായത്തോടെ ചെയ്തത്‌. ലോകമനസ്സാക്ഷി എന്ന കള്ളസത്യവാങ്ങ്‌മൂലത്തിന്റെ ബലത്തില്‍ കൊണ്ടുവന്ന ഉപരോധ പ്രമേയം റഷ്യയുടെയും ചൈനയുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ട്‌ തത്‌ക്കാലത്തേക്ക്‌ ഒഴിവായെങ്കിലും, നടപടികള്‍ ഭാവിയില്‍ ഉണ്ടായേക്കുമെന്നുതന്നെയാണ്‌ അമേരിക്കയുടെ സാമന്തപ്രഭുവിന്റെ ഇന്നലത്തെ സൂചനകള്‍.

വംശഹത്യയുടെ പേരില്‍ ഒമര്‍ അല്‍ ബഷീറിനെ തെറ്റുകാരനായി വിധിക്കാമെങ്കില്‍, അതിനേക്കാള്‍ വലിയ കുറ്റവാളികളാണ്‌ ബുഷും ബ്ലെയറും ബ്രൗണും. കാലാകാലങ്ങളായി നടത്തുന്ന നിരവധി അധിനിവേശങ്ങളിലൂടെ ദശലക്ഷക്കണക്കിനാളുകളെയാണ്‌ അവര്‍ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റിയത്‌. അവരവരുടെ നാടുകളില്‍നിന്ന് പടിയടച്ച്‌ പിണ്ഡം വെച്ചത്‌. കയ്യില്‍കിട്ടിയ വസ്തുവകകളുമായി കുടുംബത്തോടൊപ്പം സ്വന്തം വീടുകളില്‍നിന്നിറങ്ങി, ലോകത്തിന്റെ അപരിചിതമായ കോണുകളിലെ അഭയാര്‍ത്ഥിക്യാമ്പുകളില്‍ രണ്ടുമൂന്നു തലമുറകളായി കഴിയേണ്ടിവന്നവര്‍ ഇനിയും ദശലക്ഷങ്ങളാണ്‌. മരുന്നും ഭക്ഷണവും കിട്ടാതെ, ഈ വലിയ കുരുട്ടുബുദ്ധികളുടെ കളികള്‍ക്കിടയില്‍ സ്വന്തം ബാല്യവും ജീവിതം തന്നെയും ഹോമിക്കേണ്ടിവന്ന കുട്ടികള്‍ എത്രയോ ലക്ഷം.

വാര്‍ത്തകള്‍ക്ക്‌ പുതുമകളില്ലാതായിരിക്കുന്നു. സംശയത്തിന്റെയോ വെറും മൃഗയാവിനോദത്തിന്റെയോ മറവില്‍പ്പോലും നിരായുധരും നിരപരാധികളുമായ ആള്‍ക്കൂട്ടങ്ങളെ കണ്ണിമചിമ്മുന്ന വേഗതയില്‍ നിത്യവും ഭസ്മമാക്കുകയും പുറംലോകമറിഞ്ഞാല്‍ ഒരു കയ്യബദ്ധമെന്ന നാണം‌കെട്ട ക്ഷമാപണത്തോടെ തൊട്ടടുത്ത നിമിഷം അതാവര്‍ത്തിക്കുകയും ചെയ്യുന്ന റൗഡിരാഷ്ട്രങ്ങളായി മാറിയിരിക്കുന്നു അമേരിക്കയും ബ്രിട്ടനും. അവരുമായുള്ള (ആണവക്കരാറടക്കമുള്ള) ചങ്ങാത്തത്തിലൂടെ ഇന്ത്യയും വലിയൊരു അപകടത്തിലേക്കാണ്‌ നീങ്ങുന്നത്‌. നിര്‍ഭാഗ്യകരമായ കാബൂള്‍ എംബസ്സി സ്ഫോടനം അതിന്റെ തെളിവാണ്‌. അപക്വമതികളും നയതന്ത്രജ്ഞതക്കുപകരം വര്‍ഗ്ഗീയ അജണ്ടകളുമുള്ള എം.കെ.നാരായണനെപ്പോലുള്ള സുരക്ഷാ ഉപദേഷ്ടാക്കള്‍ ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാക്കൂ.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിപോലുള്ള സ്ഥാപനങ്ങളെയും, അണിയറയില്‍നിന്ന് ചരടുകള്‍ വലിച്ച് അവയെയൊക്കെ നിയന്ത്രിച്ച്, അധിനിവേശത്തിന്റെ പുതിയ ഭൂമികകള്‍ അടയാളപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും സാമ്രാജ്യത്വ അജണ്ടകളെ തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്‌.

Monday, July 14, 2008

ഊഹക്കുമിള

2007-ലെ വിലസൂചികയുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണയുടെ വില ബാരലിന്‌ ശരാശരി 27 ഡോളറായി നിലനിന്നിരുന്നു. അരനൂറ്റാണ്ടു കാലമായി എണ്ണവില ആ ശരാശരിയില്‍ നിന്നിരുന്നുവെന്നത്‌, ഇന്നൊരുപക്ഷേ നമുക്ക്‌ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും വാസ്തവമതാണ്‌. ചുരുങ്ങിയ വ്യതിയാനങ്ങള്‍ മാത്രമേ ആ കാലത്തിനുള്ളില്‍ ഉണ്ടായിട്ടുള്ളു. അതും ചുരുങ്ങിയ കാലത്തേക്കു മാത്രം. 1970-ല്‍, ഒപെക്ക്‌ രാജ്യങ്ങള്‍ സൃഷ്ടിച്ച ആഘാതമായിരുന്നു ആ വ്യതിയാനങ്ങളില്‍ എടുത്തുപറയാവുന്ന ഒന്ന്.

80-കളുടെ മദ്ധ്യത്തിനും 2003-നുമിടയില്‍ പ്രമുഖ അന്താരാഷ്ട്ര വ്യാപാര കൈമാറ്റ കേന്ദ്രങ്ങളിലെ ക്രൂഡ്‌ ഓയിലിന്റെ വില (നാണയപ്പെരുപ്പവുമായി തട്ടിക്കിഴിച്ചതിനുശേഷമുള്ള യഥാര്‍ത്ഥ വില) ബാരലിന്‌ 25 ഡോളറിനും താഴെയായിരുന്നു. 2004-ഓടെയാണ്‌ ഇന്ന് കാണുന്ന വിലവര്‍ദ്ധനവിന്‌ തുടക്കമായത്‌. അമേരിക്കയുടെ കീഴിലുള്ള ഇറാഖ്‌ അധിനിവേശംകൊണ്ട്‌ പ്രതീക്ഷിച്ചപോലെ, ഇറാഖിലെ എണ്ണശേഖരത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാകില്ലെന്ന് ബോദ്ധ്യപ്പെട്ടു തുടങ്ങിയത്‌ അക്കാലത്തായിരുന്നു. പക്ഷേ അപ്പോഴും വിലവര്‍ദ്ധന നിയന്ത്രണാതീതമായിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ്‌ എണ്ണവില എല്ലാ വേഗപരിധികളെയും വിലക്കുകളെയും ഭേദിച്ച്‌, ഒരു ഭ്രാന്തന്‍ കുതിരയുടെ സ്വഭാവവൈചിത്ര്യം കാണിക്കാന്‍ തുടങ്ങിയത്‌.

2004 ജനുവരിക്കും 2007 ഏപ്രിലിനുമിടയില്‍ എണ്ണയുടെ വില 2.3 ഇരട്ടിയായി വര്‍ദ്ധിച്ച്‌ ബാരലിന്‌ 65 ഡോളറായി. അതു കഴിഞ്ഞ്‌, കേവലം 14 മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും, 2008 ജൂണോടെ വില ഇരട്ടിയിലധികമായി 139-ലെത്തിയെങ്കിലും, തൊട്ടടുത്ത ആഴ്ച അത്‌ അല്‍പ്പം കുറഞ്ഞ്‌, 132-ലെത്തിനിന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം 80-കളിലുണ്ടായ ഏറ്റവും ഉയര്‍ന്ന വിലയുമായി പൊരുത്തപ്പെട്ടുപോകുന്നതായിരുന്നു, ബാരലിനു 100 ഡോളര്‍ എന്ന 2007-ലെ വിലനിരക്ക്‌. അങ്ങിനെ നോക്കുമ്പോള്‍, 1920-കളിലുണ്ടായിരുന്നതിനേക്കാള്‍ മൂല്യപരമായി വളരെ ഉയര്‍ന്ന ഒരു ആഗോളവിലയാണ്‌ ഇന്ന് എണ്ണയുടേത്‌. കഴിഞ്ഞ വര്‍ഷത്തെ വര്‍ദ്ധനയുടെ തോതും എല്ലാ റിക്കാര്‍ഡുകളും ഭേദിക്കുന്ന ഒന്നായിരുന്നു. പോരാത്തതിന്‌, ഒരു വില പരിധിയും കാഴ്ചവട്ടത്തൊന്നുമില്ലതാനും. ഈ വര്‍ഷം അവസാനത്തോടെ എണ്ണവില 150-200-ല്‍ എത്തുമെന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു.

ഈയൊരു പ്രതിഭാസത്തിനെക്കുറിച്ച്‌ ഇതിനകംതന്നെ പല വിശദീകരണങ്ങളും പുറത്തുവന്നിട്ടുണ്ട്‌. പക്ഷേ, ഭക്ഷ്യവിലയുടെ കാര്യത്തിലെന്ന പോലെ, ഇവിടെയും, വസ്തുനിഷ്ഠമായ വിവരങ്ങളേക്കാളുമധികം, അത്‌ അവതരിപ്പിക്കുന്നവരുടെ താത്‌പര്യങ്ങളാണ്‌ പുറത്തുവരുന്നത്‌. എണ്ണയുത്‌പാദനത്തില്‍ ഒപ്പെക്ക്‌ രാജ്യങ്ങള്‍ വരുത്തിയ വെട്ടിക്കുറക്കലും, ഇന്ത്യയും ചൈനയുമടക്കമുള്ള വികസ്വരരാജ്യങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യവുമാണ്‌ എണ്ണവില വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതെന്ന, വികസിതരാജ്യങ്ങളിലെ നയരൂപീകരണവിദഗ്ദ്ധരുടെയും വിശാരദന്മാരുടെയും വ്യാഖ്യാനം ഈ താത്‌പര്യങ്ങളുടെ പ്രത്യക്ഷമായ തെളിവാണ്‌.

ഒരു പക്ഷേ സമീപ ഭാവിയില്‍, ഈ രണ്ടു കാരണങ്ങളും, എണ്ണയുടെ ആഗോള വിലവര്‍ദ്ധനവിനെ സ്വാധീനിക്കാന്‍ ഇടയുണ്ട്‌ എന്നു സമ്മതിക്കുമ്പോള്‍തന്നെ, ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വിലവര്‍ദ്ധനയുമായി ഇവക്ക്‌ യാതൊരു ബന്ധവുമില്ല എന്നും വ്യക്തമാണ്‌. പക്ഷേ അതിനുമുന്‍പ്‌, ഈ കാരണങ്ങളെ ഓരോന്നായി ഇവിടെ പരിശോധിക്കേണ്ടതും ആവശ്യമായി വന്നിരിക്കുന്നു.

ഒട്ടുമിക്ക വിശദീകരണങ്ങളും (എണ്ണയുടെ) വിതരണവുമായി ബന്ധപ്പെട്ടവയാണ്‌. അതിലൊന്ന്, ആഗോള എണ്ണ ശേഖരം തീര്‍ന്നുകഴിഞ്ഞുവെന്നും, അഥവാ, തീര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും, അതുമല്ലെങ്കില്‍, ഏറെ വൈകാതെ തീരുമെന്നുമൊക്കെയാണ്‌. എണ്ണപര്യവേക്ഷണരംഗത്ത്‌ ഇനിയും നിക്ഷേപങ്ങള്‍ നടത്തുന്നത്‌, കാര്യമായ ഫലമൊന്നും തരില്ലെന്നും, ഫോസ്സില്‍ ഇന്ധനത്തിലേക്കോ, മറ്റു സമാന്തര ഊര്‍ജ്ജ സ്രോതസ്സുകളിലേക്കോ ശ്രദ്ധതിരിക്കണമെന്നുമാണ്‌ ഈ വാദത്തിന്റെ ശക്തരായ വക്താക്കള്‍ വിശ്വസിക്കുന്നത്‌. ഈ വാദം ശരിയാകണമെങ്കില്‍, അത്‌, എണ്ണയുടെ ആഗോള ഉപഭോഗത്തിലും വിതരണത്തിലുമുള്ള വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അസമത്വത്തില്‍ പ്രതിഫലിക്കേണ്ടതായിരുന്നു. പക്ഷേ അങ്ങിനെയല്ല കാണുന്നത്‌. അതിനി താഴെ വ്യക്തമാവുകയും ചെയ്യും.

നിലവിലുള്ള മറ്റൊരു വാദഗതി, പ്രത്യേക രാഷ്ട്രീയ-സാമ്പത്തിക പ്രവണതകള്‍ക്ക്‌ എണ്ണയുടെ വിതരണത്തിലുള്ള പങ്കിനെക്കുറിച്ചുള്ളതാണ്‌. ഇറാഖിലെ തുടര്‍ച്ചയായ അസ്വസ്ഥതകള്‍, നൈജീരിയയിലെ എണ്ണഖനനങ്ങള്‍ക്കും പൈപ്പുലൈനുകള്‍ക്കുമെതിരായുള്ള നിരന്തരമായ തീവ്രവാദി ആക്രമണങ്ങള്‍, വെനീസ്വലയുടെ കാലഹരണപ്പെട്ട എണ്ണപ്പാടങ്ങള്‍, പശ്ചിമേഷ്യയില്‍, ഇസ്രായേലിന്റെ ഇറാന്‍ വിരുദ്ധ നിലപാടുകളും പാലസ്തീന്‍ പ്രശ്നവും, ഇവയൊക്കെ എണ്ണവിതരണത്തിലെ പ്രതിസന്ധിക്കും തന്മൂലമുള്ള വിലവര്‍ദ്ധനവിലേക്കും കാരണമായിത്തീരുന്നു എന്നാണ്‌ ഈ വാദത്തിന്റെ അടിത്തറ.

മറ്റൊരു വ്യത്യസ്തമായ വീക്ഷണം, തകര്‍ന്നുകൊണ്ടിരിക്കുന്ന ഡോളറിന്റെ മൂല്യത്തെക്കുറിച്ചുള്ളതാണ്‌. എണ്ണവ്യാപാരം മുഖ്യമായും ഡോളറിനെ ആശ്രയിച്ചുനില്‍ക്കുന്നതുകൊണ്ട്‌, ഡോളറിന്റെ തകര്‍ച്ച എണ്ണവിപണിയെയും ബാധിക്കുന്നു എന്നാണ്‌ ഈ വാദത്തിന്റെ കാതല്‍.

ഈ വാദം തെറ്റാവുന്നത്‌, എണ്ണവ്യാപാരം ഡോളറില്‍ മാത്രമേ ആയിക്കൂടൂ എന്ന് നിര്‍ബന്ധം ഇല്ലാത്തതുകൊണ്ടുമാത്രമല്ല, മറിച്ച്‌, വിതരണവുമായി ബന്ധപ്പെട്ട്‌ ഡോളറിന്‌ മൂല്യശോഷണം സംഭവിക്കുന്നതിനു തെളിവുകളില്ലാത്തതുകൊണ്ടാണ്‌. അതുമാത്രവുമല്ല, ഉയരുന്ന എണ്ണവില, അമേരിക്കയുടെ ഇറക്കുമതിചിലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതുകൊണ്ടാണ്‌ ഡോളറിന്റെ മൂല്യം ഇടിയുന്നതെന്നും ന്യായമായും വാദിക്കാവുന്നതുമാണ്‌.

വിതരണവുമായി ബന്ധപ്പെട്ടുള്ള വാദമുഖങ്ങളില്‍വെച്ച്‌ ഏറ്റവും അസംബന്ധമായത്‌, ഇന്നത്തെ ഈ പ്രതിസന്ധിക്ക്‌ ഒപ്പെക്ക്‌ രാജ്യങ്ങളെ പ്രതികൂട്ടിലാക്കുന്നതരത്തിലുള്ള (അ)ന്യായങ്ങളാണ്‌. പ്രതീക്ഷിച്ചതിനേക്കാളും പ്രചാരമുണ്ട്‌ ഈ വാദങ്ങള്‍ക്ക്‌. അമേരിക്കയുടെയും ഒപ്പെക്ക്‌ രാഷ്ട്രങ്ങളുടെയും വിപണി മേധാവിത്വത്തിനെതിരെ ഗോര്‍ഡന്‍ ബ്രൗണ്‍ രംഗത്തുവന്നിരിക്കുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ്സാകട്ടെ, എണ്ണവിലയില്‍ ഒപ്പെക്ക്‌ രാജ്യങ്ങള്‍ കാണിക്കുന്ന കൃത്രിമങ്ങള്‍ക്കെതിരെ, അവക്കെതിരെ നിയമനടപടിക്ക്‌ ഒരുങ്ങുകയാണ്‌! ഒപ്പെക്ക്‌ രാജ്യങ്ങള്‍ സംഘടിതസ്വഭാവം കാണിക്കുന്നുവെന്നാണ്‌ അവരുടെ ആക്ഷേപം. 1980-മുതല്‍, തങ്ങളുടെ അംഗരാജ്യങ്ങള്‍ക്കിടയില്‍, ഉത്‌പാദിപ്പിക്കേണ്ട എണ്ണയുടെ അളവുപോലും അടിച്ചേല്‍പ്പിക്കാന്‍ ഒപ്പെക്കിനു സാധിച്ചിട്ടില്ല എന്നറിയുമ്പോഴാണ്‌, ഒപ്പെക്ക്‌ സംഘടിതസ്വഭാവം കാണിക്കുന്നുവെന്ന അമേരിക്കന്‍ ന്യായത്തിന്റെ പൊള്ളത്തരം നമുക്ക്‌ മനസ്സിലാവുക.

എണ്ണയുടെ മേല്‍ അപരിമിതമായ നിയന്ത്രണമുള്ള കര്‍ശനസ്വഭാവമുള്ള സംഘടനയൊന്നുമല്ല ഒപ്പെക്ക്‌. എണ്ണയുത്‌പാദനം നടത്തുന്ന രാജ്യങ്ങളുടെ ഒരു കൂട്ടായ്മ മാത്രമാണ്‌ അത്‌. 1970-കളില്‍ മൊത്തം എണ്ണയുത്‌പാദനത്തിന്റെ 70 ശതമാനവും അത്‌ കയ്യടക്കിയിരുന്നുവെങ്കില്‍, ഇന്നത്‌ വെറും 40 ശതമാനത്തില്‍ ഒതുങ്ങിനില്‍ക്കുന്നു. തങ്ങളുടെ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഒരു സര്‍വ്വാധികാരവും അവര്‍ക്കില്ല. മാത്രവുമല്ല, അതിലെ ഓരോ അംഗങ്ങളും തന്നിഷ്ടംപോലെ തങ്ങളുടെ എണ്ണയുത്‌പ്പാദനം കൂട്ടുകയും കുറക്കുകയുമൊക്കെ ചെയ്തുപോന്നിട്ടുണ്ട്‌, കഴിഞ്ഞ അഞ്ചു ദശാബ്ദക്കാലമായി. ആ അഞ്ചു ദശാബ്ദങ്ങളില്‍ അധികവും, എണ്ണവില ബാരലിന്‌ 27 ഡോളറായി നിലനില്‍ക്കുകയും ചെയ്തിട്ടുണ്ട്‌.

ഒപ്പെക്ക്‌ എന്നൊരു സംവിധാനം നിലനിന്നില്ലായിരുന്നെങ്കില്‍പ്പോലും അവരുടെ എണ്ണയുത്‌പ്പാദനത്തില്‍, ഇന്നത്തേതില്‍നിന്ന് വലിയ വ്യത്യാസമൊന്നും ഉണ്ടാവുകയില്ലായിരുന്നു.ഒപ്പെക്ക്‌ അല്ലാത്ത മറ്റ്‌ എണ്ണയുത്‌പ്പാദന രാജ്യങ്ങളുടെ ഇടപെടലുകൊണ്ടാണ്‌ 2008 ഏപ്രിലില്‍ എണ്ണയുടെ ആഗോള വിതരണത്തില്‍ ഒരു ചെറിയ മാന്ദ്യം സംഭവിച്ചത്‌ എന്ന് മനസ്സിലാക്കുമ്പോള്‍, ഒപ്പെക്കിനെതിരായുള്ള വാദങ്ങളുടെ അസംബന്ധം കൂടുതല്‍ വ്യക്തമാകും. കാരണം, ആ സമയത്ത്‌, ഒപ്പെക്കിന്റെ ഉത്‌പ്പാദനം പതിവിലും 1.7 ദശലക്ഷം അധികമായിരുന്നു.

ഒപ്പെക്കിലെ മാത്രമല്ല, ലോകത്തിലെതന്നെ ഏറ്റവും വലിയ എണ്ണയുത്‌പ്പാദന രാജ്യമായ സൗദിയിലെ ഇന്ധനകാര്യവകുപ്പു മന്ത്രി പ്രഖ്യാപിച്ചത്‌, "കൂടുതല്‍ എണ്ണക്കുവേണ്ടിയുള്ള ആവശ്യം ഏതൊരു ഉപഭോക്താവില്‍നിന്നു വന്നാലും, അതുടനടി നിറവേറ്റു'മെന്നാണ്‌. അതുകൊണ്ട്‌ എണ്ണയുടെ സമീപകാല വിലവര്‍ദ്ധനവിന്‌ ഒപെക്കിനെ കുറ്റം ചുമത്തുന്നത്‌ യുക്തിക്കു നിരക്കുന്നതല്ല.

ഉത്തരധ്രുവ രാജ്യങ്ങള്‍ പ്രചരിപ്പിക്കുന്ന മറ്റൊരു വാദം എണ്ണയുടെ ഉപഭോഗ ആവശ്യത്തെക്കുറിച്ചുള്ളതാണ്‌. സ്വന്തം രാജ്യത്തെ എണ്ണവില, സബ്‌സിഡികള്‍ മുഖേന പിടിച്ചുനിര്‍ത്തുന്ന ചൈനയുടെയും ഇന്ത്യയുടെയും വര്‍ദ്ധിച്ച ഉപഭോഗാവശ്യങ്ങളാണ്‌ എണ്ണവിലവര്‍ദ്ധനക്ക്‌ കാരണമാകുന്നതെന്നാണ്‌ ആ വാദം. ഒറ്റനോട്ടത്തില്‍ ഇത്‌ ശരിയാണെന്നു തോന്നാമെങ്കിലും, ഇതും സത്യത്തില്‍ നിന്ന് ബഹുദൂരം അകന്നുതന്നെയാണ്‌ കിടക്കുന്നത്‌.

എണ്ണയുടെ ഉപഭോഗാവശ്യം ചൈനയില്‍ വളരെവേഗത്തില്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, ആഗോള എണ്ണ ഉപഭോഗത്തില്‍ ചൈനയുടെ പങ്ക്‌ 8 ശതമാനം മാത്രമാണ്‌. ഇന്ത്യയുടേത്‌ വെറും 3 ശതമാനവും. സബ്‌സിഡികളെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്നവര്‍, പെട്രോളിയം ഉത്‌പന്നങ്ങളില്‍ ചുമത്തുന്ന നികുതികളെക്കുറിച്ചും, അത്‌ ആഭ്യന്തരവിലയെ സ്വാധീനിക്കുന്നതിനെക്കുറിച്ചും ഒരക്ഷരം സംസാരിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍, ഇത്രയധികം വിലവര്‍ദ്ധനവുണ്ടായിട്ടും, എണ്ണയുടെ ആഭ്യന്തരവില ഏറ്റവും കുറവ്‌ അമേരിക്കയിലാണ്‌. ഇന്ത്യയേക്കാളോക്കെ എത്രയോ താഴെ. ആളോഹരി മൊത്തം ആഭ്യന്തര ഉത്‌പാദനമോ, വാങ്ങല്‍ശേഷിയോ കണക്കിലെടുത്താല്‍പ്പോലും, ഇന്ത്യയിലും ചൈനയിലും നിലനില്‍ക്കുന്ന എണ്ണവില അമേരിക്കയുടേതിനേക്കാള്‍ എത്രയോ പതിന്മടങ്ങാണ്‌. വര്‍ദ്ധിച്ച ഉപഭോഗത്തിലേക്കു നയിക്കുന്ന സബ്‌സിഡികള്‍, അപ്പോള്‍ നിലനില്‍ക്കുന്നത്‌, ചൈനയിലും ഇന്ത്യയിലുമല്ല, അമേരിക്കയിലാണെന്ന് ഇത്‌ വ്യക്തമാക്കുന്നു.

2007-ല്‍ ചൈനയുടെയും ഇന്ത്യയുടെയും എണ്ണയുടെ ഇറക്കുമതി ആവശ്യം 8.7 ശതമാനമായി വര്‍ദ്ധിച്ചപ്പോള്‍, അഞ്ചു പ്രമുഖ ഇറക്കുമതിരാജ്യങ്ങളുടേത്‌ (അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ്‌, ഇറ്റലി) 2.6 ശതമാനം കുറയുകയാണുണ്ടായത്‌. അതിന്റെ ഫലമായി, ആദ്യത്തെ പത്ത്‌ പ്രമുഖ എണ്ണ ഇറക്കുമതിക്കാരുടെ ഇന്ധനാവശ്യം 0.5 ശതമാനമായി ചുരുങ്ങി. എന്നിട്ടും, എണ്ണവില വര്‍ദ്ധിച്ചത്‌, 170 ശതമാനമായിരുന്നു എന്ന് ഓര്‍ക്കണം.

ഈ വര്‍ഷത്തെ ചിത്രവും ഇതില്‍നിന്ന് വ്യത്യസ്തമാകില്ല എന്നാണ്‌ അമേരിക്കയിലെ ഊര്‍ജ്ജവിവര വകുപ്പ്‌ (Energy Information Administration) പുറത്തുവിടുന്ന സൂചനകള്‍. സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള സംഘടനയുടെ (Organization for Economic Cooperation and Development-OECD) ഇന്ധനാവശ്യങ്ങള്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും താഴുമെന്നാണ്‌ ഊര്‍ജ്ജവിവരവകുപ്പിന്റെ കണക്കുകൂട്ടല്‍. അതേസമയം, ഇന്ത്യയും, ചൈനയും, പശ്ചിമേഷ്യയുമുള്‍പ്പെടുന്ന OECD-ഇതര രാജ്യങ്ങളിലെ ഇന്ധനാവശ്യം 2008-ല്‍ 3.7 ശതമാനമാവുകയും ചെയ്യുമെന്നും, ആഗോളതലത്തില്‍ ഇന്ധനത്തിന്റെ മൊത്തം ആവശ്യം 1.2 ശതമാനമായിരിക്കുമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്‌. എണ്ണയുത്‌പ്പാദനം കഴിഞ്ഞ വര്‍ഷത്തെ അതേ നിരക്കില്‍, പ്രതിദിനം 86 മില്ല്യണായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നിട്ടും, ഈ വര്‍ഷത്തെ ആദ്യത്തെ അഞ്ചുമാസത്തിനുള്ളില്‍തന്നെ, എണ്ണവില 140 ശതമാനമാണ്‌ ഉയര്‍ന്നത്‌.

ഉത്‌പ്പാദന-ആവശ്യത്തിനെക്കുറിച്ചുള്ള നമ്മുടെ ലളിതസമവാക്യങ്ങള്‍കൊണ്ട്‌, ഈ വിലവര്‍ദ്ധനവിന്റെ പ്രതിഭാസത്തെ വ്യാഖ്യാനിക്കുവാന്‍ കഴിയില്ലെന്നാണ്‌ ഇതില്‍നിന്നെല്ലാം നമുക്ക്‌ മനസ്സിലാകുന്ന കാര്യം. മറിച്ച്‌, ഈ ഭൗതിക ഉത്‌പന്നത്തിന്റെ, ഈ ആഗോള മാധ്യമത്തിന്റെ വില ഇന്ന് തീരുമാനിക്കപ്പെടുന്നത്‌, ഒരു അവാസ്തവികലോകത്തിലാണ്‌. ഊഹാപോഹശക്തികളാണ്‌ കമ്പോളത്തിലൂടെ ഇന്നത്തെ ഈ വിലവര്‍ദ്ധനവ്‌ സൃഷ്ടിക്കുന്നത്‌.

മറ്റു പ്രാഥമിക ഉത്‌പന്നങ്ങളുടെ കാര്യത്തിലെന്നപോലെ, ഇതും, സാമ്പത്തികശക്തികളുടെ മേലുള്ള നിയന്ത്രണമില്ലായ്മകൊണ്ടു (ഡീറെഗുലേഷന്‍) സംഭവിച്ചതാണ്‌. രണ്ടു പ്രമുഖ അന്താരാഷ്ട്ര എക്സ്‌ചേഞ്ചുകളാണ്‌ ഇതില്‍ പ്രമുഖം. ഏറ്റവുമധികം കൈമാറ്റപ്പെടുന്ന രണ്ടു വ്യത്യസ്ത തരം (ഗ്രേഡ്‌) ഇന്ധനങ്ങളുടെ-വെസ്റ്റ്‌ ടെക്‍സാസ്‌ ഇന്റര്‍മീഡിയറ്റും, നോര്‍ത്ത്‌ സീ ബ്രന്റും (West Texas Intermediate & North Sea Brent)- ഊഹക്കച്ചവടം നടത്തുന്നത്‌, ന്യൂയോര്‍ക്ക്‌ മെര്‍ക്കന്റെയില്‍ എക്സ്‌ചേഞ്ചും (New York Mercantile Exchange-NYMEX) ലണ്ടനിലെ ഇന്റര്‍കൊണ്ടിനെന്റല്‍ എക്സ്ചേഞ്ചുമാണ്‌ (Intercontinental Exchange-ICE). യഥാര്‍ത്ഥത്തില്‍ വ്യാപാരം ചെയ്യപ്പെടുന്ന വസ്തുവിന്റെ നിലവാരസൂചകങ്ങളാണ്‌ ഈ രണ്ടു ഗ്രേഡുകളും. കഴിഞ്ഞ കുറച്ചുകാലമായി എണ്ണയെന്ന ഉത്‌പന്നം ഇത്തരം മിഥ്യാസൂചകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ കൈമാറ്റം ചെയ്യപ്പെടുന്നത്‌. ഊഹക്കമ്പോളത്തിന്റെ തോതനുസരിച്ച്‌, യഥാര്‍ത്ഥകമ്പോളവിലയും ഉയരുകയും താഴുകയും ചെയ്യുന്നു. ഈ ഉയര്‍ച്ചക്കും താഴ്ചക്കും, ആവശ്യം-ഉത്‌പാദനം എന്ന വസ്തുനിഷ്ഠമായ പ്രതിഭാസവുമായി ഒരു ബന്ധവുമില്ലെന്ന് ചുരുക്കം.

ഈ ദശാബ്ദത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ അമേരിക്കയില്‍ നടപ്പില്‍വന്ന, അനിയന്ത്രിതസ്വഭാവമുള്ള ഊഹകമ്പോളമാണ്‌ ഈയൊരു സ്ഥിതിവിശേഷത്തിനു കാരണമായത്‌. ഓവര്‍ ദി കൗണ്ടര്‍ (Over the Counter –OTC) ഇലക്ട്രോണിക്‌ സങ്കല്‍പ്പം എന്ന് നമ്മളതിനെ വിളിക്കുന്നു. ലണ്ടനിലെ ഐ.സി.ഇ-യുടെ ഊഹകമ്പോളത്തിലും ഈ ഡീറെഗുലേഷന്‍ നിലനിന്നിരുന്നു. ഇതിന്റെ ഫലമായി, "മോര്‍ഗന്‍ സ്റ്റാന്‍ലിയെപ്പോലെയും ഗോള്‍ഡന്‍ സാച്ചസിനെപ്പോലെയുമുള്ള ചുരുക്കം എണ്ണവ്യാപാര ധനകാര്യസ്ഥാപനങ്ങളൊഴിച്ച്‌ മറ്റാര്‍ക്കും, ഭൗതികമായി നടക്കുന്ന (എണ്ണ) വ്യാപാരത്തെക്കുറിച്ചോ, അതിന്റെ ഗതിവിഗതികളെക്കുറിച്ചോ, വിലയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചോ ഒന്നും അറിയാന്‍ കഴിയാതെ വരുന്ന ഒരു പ്രക്രിയ"യും, 'കടലാസ്സ്‌ എണ്ണയുടെ (Paper Oil) ഒരു അപരിചിത ലോകവും" നിലവില്‍വന്നു. (F. William Engdahl http://www.globalresearch.ca/ index. php? c ontext = va & aid=8878).

അനിയന്ത്രിതമായ കമ്പോളത്തിന്റെ ഇത്തരം പ്രശ്നങ്ങള്‍ കുറച്ചുകാലമായി പ്രത്യക്ഷമാണ്‌. "ഇന്ധന-വാതക വിലവര്‍ദ്ധനയില്‍ ഊഹകമ്പോളത്തിന്റെ പങ്കി'നെക്കുറിച്ച്‌ (The Role of Market Speculation in Rising Oil and Gas Prices) അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച, 2006 ജൂണിലെ യു.എസ്‌. സെനറ്റ്‌ പെര്‍മനന്റ്‌ സബ്‌കമ്മിറ്റിയുടെ നിഗമനങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു.

"യഥാര്‍ത്ഥമെന്നു പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുകയും നിര്‍മ്മിക്കപ്പെടുകയും, എന്നാല്‍ അനിയന്ത്രിതമായ ഇലക്ട്രോണിക്‌ ഇടപാടുകളിലൂടെ മാത്രം നടക്കുന്നതുമായ കരാറുകളും കൈമാറ്റങ്ങളും ഊഹക്കച്ചവടങ്ങളെ സാധ്യമാക്കിക്കൊണ്ട്‌ വിലവര്‍ദ്ധനവിനു കാരണമായിത്തീരുന്നുവെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു"

തത്‌ഫലമായി, കമ്പോളത്തില്‍ ഇടപെടാനും, അതിന്റെ തെറ്റുകള്‍ ശരിപ്പെടുത്താനുമുള്ള സാദ്ധ്യതകള്‍ക്കാണ്‌ മങ്ങലേല്‍ക്കുന്നത്‌. "അസംസ്കൃത എണ്ണയുടെ കാര്യത്തില്‍, ഊഹപ്പണത്തിന്റെ കടന്നുവരവ്‌, വിലയും സാധനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ മാറ്റിമറിക്കുകവഴി, ഒരേസമയം ഉത്‌പന്നത്തിന്റെ ആധിക്യവും, ഉയര്‍ന്ന വിലയും എന്ന സ്ഥിതിവിശേഷം ഇന്ധനരംഗത്ത്‌ ഉളവാക്കുകയും ചെയ്തു".

ഇത്ര അനിയന്ത്രിതമായ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍, ആരാണ്‌ ഇത്തരം ഊഹക്കളികള്‍ കളിക്കുന്നതെന്നോ, ആരൊക്കെയാണ്‌ ഈ വിലവര്‍ദ്ധനവില്‍നിന്ന് ലാഭം കൊയ്യുന്നതെന്നോ ഒന്നും തീര്‍ച്ചയാക്കാന്‍ സാധിക്കാതെവന്നിരിക്കുന്നു. എണ്ണയുത്‌പാദകരാജ്യങ്ങള്‍ക്ക്‌ ഇതുകൊണ്ട്‌ ആത്യന്തികമായി നേട്ടമൊന്നും ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, ഉപഭോക്താക്കള്‍ക്ക്‌ ദുരിതഫലങ്ങള്‍ മാത്രം സമ്മാനിക്കുകയും ചെയ്യുന്നു ഈ അവസ്ഥ. ഇത്തരം ഊഹക്കച്ചവടങ്ങളില്‍ മാത്രം ഇതുവരെ ശ്രദ്ധയൂന്നിയിരുന്ന സാമ്പത്തികസ്ഥാപനങ്ങള്‍ മാത്രമല്ല, അമേരിക്കയിലെ ഭവനവായ്‌പാ പ്രതിസന്ധിയില്‍‌പെട്ട് (Subprime Crisis) കൈ നന്നായി പൊള്ളിയ ബഹുരാഷ്ട്ര ബാങ്കുകളും, തങ്ങളുടെ നഷ്ടം നികത്താനുള്ള ഒരു മാര്‍ഗ്ഗമായി ഇപ്പോള്‍ ഈ രംഗത്തേക്കു കടന്നുവന്നിരിക്കുന്നു.

വലിയ കളിക്കാര്‍ ഈ കളിയില്‍ രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്നതിന്‌ ചില തെളിവുകളുമുണ്ട്‌. ഗോള്‍ഡ്‌മാന്‍ സാച്ചസും, മോര്‍ഗന്‍ സ്റ്റാന്‍ലിയുമാണ്‌ അമേരിക്കയിലെ രണ്ടു പ്രധാന ഊര്‍ജ്ജവ്യാപാര സ്ഥാപനങ്ങള്‍. ഊഹക്കച്ചവടത്തില്‍ വന്‍നിക്ഷേപം നടത്തുന്ന മറ്റു രണ്ടുപേരാണ്‌ സിറ്റിഗ്രൂപ്പും ജെ.പി.മോര്‍ഗന്‍ ചേസും. ഇന്‍ഡക്സ്‌ ഫണ്ട്‌ നിക്ഷേപത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 13 ബില്ല്യണ്‍ ഡോളറില്‍നിന്ന് 260 ബില്ല്യണിലേക്കാണ്‌ അവര്‍ വളര്‍ന്നത്‌. നിക്ഷേപ ബാങ്കുകളും, പെന്‍ഷന്‍ ഫണ്ടുകളും സ്വകാര്യ സംരംഭകരും തങ്ങളുടെ പക്കലുള്ള ധനം മുഴുവന്‍ എണ്ണയടക്കമുള്ള ഉത്‌പന്നങ്ങളുടെ ഊഹക്കച്ചവടത്തിലേക്ക്‌ തിരിച്ചുവിട്ടു.

നാണയപ്പെരുപ്പം തടയാനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലക്ക്‌ ആരംഭിച്ച ഇത്തരം നിക്ഷേപങ്ങള്‍, പക്ഷേ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുകയാണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌. ധനരംഗത്തെ എറ്റവും ലാഭകരമായ ഇടപാടായി മാറിയിരിക്കുന്നു ഇത്തരം ഊഹക്കച്ചവടങ്ങള്‍. എച്ച്‌.എസ്‌.ബി.സി.(HSBC)-യുടെ വിലയിരുത്തല്‍പ്രകാരം, ഊര്‍ജ്ജ-ഇന്ധന അനുബന്ധ ഫണ്ടുകളാണ്‌ ധനകമ്പോളത്തില്‍, കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. മറ്റു ഫണ്ടുകള്‍ ഭീമമായ നഷ്ടത്തിലേക്ക്‌ പോകുമ്പോഴും, മുന്‍പറഞ്ഞ വിഭാഗങ്ങള്‍, വര്‍ഷത്തില്‍ ശരാശരി 30 ശതമാനം അധികവരുമാനം കൈവരിക്കുന്നു.

ഈ പ്രവണതയെ ചെറുക്കാനാണ് അല്‍പം താമസിച്ചായാലും ചില ദുര്‍ബ്ബലമായ നടപടികള്‍ക്ക്‌ NYMEX-ഉം ICE ഉം നിര്‍ബന്ധിതമായത്‌. സംരംഭകരില്‍നിന്ന്, കൂടുതല്‍ നിക്ഷേപത്തുക നിര്‍ബന്ധമാക്കുക എന്ന മെയ്‌ 30ലെ നടപടി അത്തരത്തിലൊന്നായിരുന്നു. അതിന്റെ ഫലമായാണ്‌ അസംസ്കൃത ബ്രെന്റ്‌ ഓയിലിന്റെ വില ബാരലിന്‌ 139 ഡോളറില്‍നിന്ന് 132 ലേക്കെത്തിയത്‌. അത്‌ തെളിയിക്കുന്നത്‌, ഇത്തരം നിയന്ത്രണങ്ങള്‍ക്ക്‌ കടുത്ത ഊഹക്കച്ചവടങ്ങളെ നിലക്കു നിര്‍ത്താന്‍ കഴിയുമെന്നുതന്നെയാണ്‌.

ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിലെന്നപോലെ, ആഗോളവിലയുടെ കാര്യത്തിലും സമ്പദ്‌വിപണിയിലെ ഡീറെഗുലേഷന്‍ ഒരു പ്രധാനഘടകമാണ്‌. അതുകൊണ്ട്‌ ഇന്നത്തെ എണ്ണവിലവര്‍ദ്ധന ഒരു ഊഹക്കുമിളയെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. അങ്ങിനെയാണെങ്കില്‍, എല്ലാ കുമിളളെയുംപോലെ, ഈ കുമിളയും തകരുകതന്നെ ചെയ്യും. കുറച്ചധികം സമയമെടുത്തുവെന്നുവരാം., പക്ഷേ എന്നായാലും, ഒടുക്കം അത്‌ സംഭവിക്കാതെ തരമില്ല. അമേരിക്കയിലെ ഭവനവായ്പാരംഗത്തെ നീര്‍പ്പോളകള്‍ക്ക്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ടായിരുന്നുവെന്ന് ഓര്‍മ്മിക്കുക. ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌, എണ്ണവിലവര്‍ദ്ധനവിന്റെ ദുരിതങ്ങള്‍ സാമാന്യജനത്തിന്റെ തലയില്‍ കെട്ടിവെക്കുന്നതിനുമുന്‍പ്‌, വികസ്വര രാജ്യങ്ങള്‍ ഇത്തരം സാദ്ധ്യതകളെക്കൂടി കണക്കിലെടുക്കണമെന്നാണ്‌.



*ഫ്രണ്ട്‌ലൈനില്‍ ജയതി ഘോഷ്‌ എഴുതിയ ലേഖനം

'സഖാവ്’ ദ്വൈവാരികയുടെ ലക്കം 14-ല്‍ (ജൂലായ് 8-21) പ്രസിദ്ധീകരിച്ച വിവര്‍ത്തനം

Sunday, July 13, 2008

നമുക്കിടയിലെ പടുപാട്ടുകള്‍

പാഠപുസ്തകങ്ങളും ആണവകരാറുമൊക്കെ ഇനി വരുന്ന നമ്മുടെ നാളുകള്‍ നീറിപ്പുകക്കുമെന്ന് തീര്‍ച്ചയാണ്‌. എങ്കിലും, ഈ കുറിപ്പ്‌ അതിനെക്കുറിച്ചൊന്നുമല്ല. കണ്ണും കാതും യാദൃശ്ചികമായി ഇന്നലെ മറ്റൊരു ചെറിയ ദൃശ്യത്തില്‍ പതിഞ്ഞു.അതിനെക്കുറിച്ചാണ്‌ ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്‌.

'എല്ലാരും പാടണ്‌' എന്ന റിയാലിറ്റി ഷോ. കൈരളിയിലോ മറ്റോ.

ഇന്നലെ അബദ്ധവശാല്‍ കാണാനിടയായി. ഇത്തരം റിയാലിറ്റി ഷോകളിലെ ചില വിധികര്‍ത്താക്കളുടെ മൂരിശൃംഗാരത്തെക്കുറിച്ചും, അസാമാന്യവളിപ്പുകളെക്കുറിച്ചുമൊക്കെ മറ്റുള്ളവര്‍ പറഞ്ഞത്‌ കേള്‍ക്കാനും ഇടക്ക്‌ നേരിട്ട്‌ കാണാനുമുള്ള ദുര്‍വ്വിധി ഉണ്ടായിട്ടുമുണ്ട്‌. പക്ഷേ ഇന്നലത്തെ ദൃശ്യം ഭയങ്കരമായിരുന്നു.അമ്പതിനോടടുത്ത ഒരു പാവം വീട്ടമ്മ ഒരു പാട്ടുപാടി. അവരെക്കൊണ്ടാവും വിധം. അതാ വരുന്നു ആ പതിവ്‌ അശ്ലീല ഭാവഹാദികളുമായി, വീട്ടമ്മയുടെ ശബ്ദം വികൃതമായി അനുകരിച്ച്‌, സ്വയം ആസ്വദിച്ച്‌, ശരത്‌ എന്ന നല്ല സംഗീതസംവിധായകന്റെ മനംപിരട്ടുന്ന കമന്റുകള്‍.

'പ്രിയതമാ..' എന്ന സുശീലാമ്മയുടെ പഴയ പാട്ടായിരുന്നു അവര്‍ പാടിയത്‌. അവരുടെ 'ഫാള്‍സ്‌' ശബ്ദത്തിനെയാണ്‌ നമ്മുടെ മഹാനായ സംഗീതസംവിധായകന്‍ നിര്‍ത്തി പൊരിച്ചത്‌. പാട്ടിന്റെ ചരണങ്ങളിലെ 'നാഥാ' എന്ന വിളി കേട്ടാല്‍ 'വല്ല്യമ്മ'യുടെ ഭര്‍ത്താവ്‌ ഓടിപ്പോകുമെന്നും, ഈ വിധത്തിലുള്ള കള്ളശബ്ദത്തില്‍ പാടിയിരുന്ന ഒരു പാട്ടുകാരി നമുക്കുണ്ടായിരുന്നുവെന്നുമൊക്കെ വെച്ചു കാച്ചി ഈ മഹാന്‍. കൂട്ടത്തില്‍, ആ സ്ത്രീയുടെ മകനോട്‌ ഒരു ഉപദേശവും, 'അമ്മയെ കാര്യങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കണ'മെന്ന്.

ആ സാധു സ്ത്രീ പതിവായി ഗാനമേളകളിലൊന്നും പങ്കെടുക്കുന്ന ആളായിരിക്കില്ലെന്നും, ഇത്തരമൊരു അവസരം വന്നപ്പോള്‍ ഒരുപക്ഷേ ഒരു തയ്യാറെടുപ്പുപോലുമില്ലാതെ പാട്ടിലുള്ള താത്‌പര്യം ഒന്നുകൊണ്ടു മാത്രം, മറ്റൊരു മത്സരാര്‍ത്ഥിയായ തന്റെ മകന്റെ കൂടെ ഇതില്‍ പങ്കെടുത്തതായിരിക്കുമെന്നും ഊഹിക്കാനുള്ള സാമാന്യവിവരം പോലുമില്ലാത്ത ഇത്തരം പരിഷകളെ എന്തിനാണ്‌ ഇത്തരം വിധികര്‍ത്താക്കളായി ഇങ്ങനെ എഴുന്നള്ളിക്കുന്നത്‌.

ഈ മാന്യ ദുര്‍മ്മേദസ്സിന്‌ നന്നായി അറിയാവുന്ന മറ്റൊരു പണിയുണ്ടല്ലോ. നല്ലൊരു സംഗീതസംവിധായകനാണ്‌ ടിയാന്‍. ഇതെഴുതുന്നയാള്‍ക്ക്‌ അതില്‍ ഒരു സംശയവുമില്ല. മാത്രവുമല്ല, ഇത്തരം ആഭാസന്മാരായ വിധികര്‍ത്താക്കളെ ചെല്ലും ചിലവും കൊടുത്ത്‌ ക്ഷണിച്ചുവരുത്തുന്ന ചാനലുകാരെയാണ്‌ യഥാര്‍ത്ഥത്തില്‍ ആദ്യം പൂശേണ്ടത്‌ എന്നും ബോദ്ധ്യമുണ്ട്‌. പക്ഷേ ക്ഷണിച്ചു എന്ന ഒരൊറ്റ കുറ്റം കൊണ്ട്‌, ഒരു പ്രമുഖ ചാനലില്‍ വന്ന് എന്തു തോന്ന്യാസവും പറയാം എന്നു കരുതിയ, അഹങ്കാരത്തിന്‌ അവയവം വെച്ച ഇത്തരം ചവറുകളെ സഹിക്കേണ്ടിവരുന്ന നമ്മുടെയൊക്കെ ഒരു യോഗം. അതിനെയാണ്‌ ഞാന്‍ കുറ്റം പറയുക.

കൈരളിയില്‍ തന്നെ 'ഗന്ധര്‍വ്വസംഗീതം' എന്ന മറ്റൊരു റിയാലിറ്റി ഷോ നടക്കുന്നുണ്ട്‌. ജോണ്‍സണ്‍ എന്ന അതുല്യനായ മറ്റൊരു സംഗീതസംവിധായകനാണ്‌ അവിടെ വിധികര്‍ത്താക്കളില്‍ ഒരാള്‍. ജോണ്‍സണ്‍ കുട്ടികളെ വിലയിരുത്തുന്നതും, അവരുടെ തെറ്റുകുറ്റങ്ങളും വീഴ്ചകളും ചൂണ്ടിക്കാട്ടിക്കൊടുക്കുന്നതും കണ്ടിട്ടുണ്ടോ, ശരത്‌ എന്ന ഈ കോമാളി?

അതങ്ങിനെയാണ്‌. ചിലരില്‍ നല്ല സംഗീതവും നല്ല സംസ്കാരവും സമഞ്ജസമായി സമ്മേളിക്കും. താന്‍ അതിനൊരു അപവാദമാണെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌ ശരത്തിനെയും എം.ജയചന്ദ്രനെപ്പോലെയുമുള്ള പ്രതിഭാധനരെങ്കിലും അഹങ്കാരികളായ ചപ്പിലപ്പൂതങ്ങള്‍. ഈനാംപേച്ചിക്കെന്ന പോലെ, ചിലപ്പോള്‍ കൂട്ടിന്‌ നമ്മുടെ ശ്രീക്കുട്ടനും.

ദക്ഷിണാമൂര്‍ത്തിസ്വാമിയുടെയോ, ബാബുക്കയുടെയോ ദേവരാജന്‍ മാഷിന്റെയോ, രാഘവന്‍മാഷിന്റെയോ, രവീന്ദ്രന്‍ മാഷിന്റെയോ, ജോണ്‍സണ്‍ മാസ്റ്ററുടെയോ പകുതിയെങ്കിലും പ്രതിഭ ഇവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ കഥ?

Saturday, July 12, 2008

ഇറാഖിലെ അമേരിക്കന്‍ പ്രതിസന്ധിയുടെ നിലയില്ലാകയങ്ങള്‍

അമേരിക്കന്‍ സാമ്രാജ്യത്വശക്തിയുടെ ഇറാഖ്‌ അധിനിവേശം അതിന്റെ ആറാമത്തെ വര്‍ഷത്തിലേക്ക്‌ കടക്കുകയാണ്‌. ഇത്‌ ആദ്യം കരുതിയപോലെ 'അത്ര എളുപ്പമല്ലെന്നും, ദുര്‍ഘടം നിറഞ്ഞതാണെന്നും, പ്രതീക്ഷിച്ചതിനേക്കാള്‍ സമയമെടുക്കുമെന്നും' ബുഷിനുതന്നെ തുറന്നു സമ്മതിക്കേണ്ടിയുംവന്നിരിക്കുന്നു.

2000 മാര്‍ച്ചില്‍ അധിനിവേശസേന ഇറാഖിലേക്ക്‌ പ്രവേശിച്ചപ്പോള്‍ അവര്‍ കരുതിയത്‌, കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ അവസാനിപ്പിക്കാമെന്നായിരുന്നു. ആഴമേറിയ ഒരു പ്രതിസന്ധിയിലാണ്‌ തങ്ങളകപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക്‌ അധികം സമയമൊന്നും എന്തായാലും വേണ്ടിവന്നില്ല. അമേരിക്കക്കും, അവരുടെ സഖ്യകക്ഷികള്‍ക്കും, ഇറാഖിലെ അവരുടെ പാവസര്‍ക്കാരുകള്‍ക്കും നേരിടേണ്ടിവന്നത്‌ ശക്തവും വര്‍ദ്ധമാനവുമായ ചെറുത്തുനില്‍പ്പിനെയാണ്‌. ആ ചെറുത്തുനില്‍പ്പുകള്‍ രൂക്ഷമാകുന്തോറും, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വിജയലക്ഷ്യം അകന്നകന്നുപോയ്ക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

യുദ്ധം തുടങ്ങുന്ന അവസരത്തില്‍ അമേരിക്ക പ്രതീക്ഷിച്ചിരുന്നത്‌, ഇറാഖ്‌ അധിനിവേശത്തിനുവേണ്ടി ചിലവഴിക്കേണ്ടിവരുന്ന സംഖ്യ 50-60 ബില്ല്യന്‍ ഡോളര്‍ മാത്രമായിരിക്കുമെന്നാണ്‌. എന്നാല്‍ അഞ്ചുവര്‍ഷത്തിനുശേഷം ഇന്ന്, തങ്ങളുടെ ആ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും, യഥാര്‍ത്ഥസംഖ്യ വിചാരിച്ചതിലും എത്രയോ ഇരട്ടിയാണെന്നും പെന്റഗണ്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇറാഖിലായാലും അഫ്ഘാനിസ്ഥാനിലായാലും ശരി, അധിനിവേശത്തിനും സൈനികമേധാവിത്വത്തിനും വേണ്ടി അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ക്ക്‌ ചിലവഴിക്കേണ്ടിവരുന്ന ഭീമമായ വില അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെയും സാധാരണക്കാരായ അമേരിക്കന്‍ ജനതയുടെ ജീവിതത്തെയും വലിയൊരു പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്‌.

സായുധമായ അധിനിവേശസേനയുടെ പിന്‍ബലത്തിന്റെ നിഴലിലാണ്‌ ഇറാഖിലെ പാവസര്‍ക്കാരും അമേരിക്കയുടെ സുരക്ഷാസംവിധാനവും ഇന്ന് ജീവിക്കുന്നത്‌. ചെറുത്തുനില്‍പ്പുസംഘങ്ങളുടെ ആക്രമണവും, ആഭ്യന്തരമായ വിള്ളലുകളും ഒഴിഞ്ഞുപോക്കുകളുംകൊണ്ട്‌ പൊറുതിമുട്ടിയ പാവസര്‍ക്കാരിന്റെ ജനവഞ്ചന അനുനിമിഷം തിരിച്ചറിയപ്പെടുന്നുമുണ്ട്‌. ഏതുനിമിഷവും തകര്‍ന്നു തരിപ്പണമായേക്കാവുന്ന "ഗ്രീന്‍ സോ"ണിന്റെ കവചത്തിനുള്ളില്‍ നിദ്രാവിഹീനമായ രാത്രികള്‍ തള്ളിനീക്കുകയാണ്‌ അമേരിക്കന്‍ അധിനിവേശസേനയും സഖ്യകക്ഷികളും.

യുദ്ധത്തിന്റെ ഭീകരമുഖം

ആധുനികമായ ആയുധങ്ങളുടെയും സാങ്കേതികവിദ്യയുടെയും മാത്രം പിന്‍ബലത്തില്‍ ഇറാഖികളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണ്‌ അമേരിക്കയും സഖ്യകക്ഷികളും. എണ്ണിത്തിട്ടപ്പെടുത്താനാവാത്ത ക്രൂരതകളാണ്‌ അവര്‍ അവിടെ ചെയ്തുകൊണ്ടിരിക്കുന്നത്‌. അതിനെക്കുറിച്ചുള്ള ഒരു ഏകദേശചിത്രം കിട്ടണമെങ്കില്‍, ആ പട്ടാളക്കാരുടെ വെളിപ്പെടുത്തലുകള്‍ മാത്രം വായിച്ചാല്‍ മതിയാകും. തന്റെ ഒരു ലേഖനത്തില്‍ അന്ന ബാഡ്ഖേന്‍ അത്‌ അത്‌ ഇങ്ങനെ വിവരിക്കുന്നു. "ഇറാഖി തടവുകാരെ തന്റെ യൂണിറ്റ്‌ എങ്ങിനെയാണ്‌ ക്രൂരമായി കൈകാര്യം ചെയ്തതെന്ന് ജെഫ്രി സ്മിത്ത്‌ വിവരിച്ചു. സൈന്യത്തിലെ തന്റെ ചില സഹപ്രവര്‍ത്തകര്‍ ഇറാഖി കുട്ടികളുടെ ഭക്ഷണത്തില്‍ മലമൂത്രവിസര്‍ജ്ജനം നടത്തി അവരെക്കൊണ്ട്‌ അത്‌ തീറ്റിപ്പിച്ചതിനെക്കുറിച്ച്‌ മുന്‍സൈനികനായ ബ്രയാന്‍ കേസ്‌ലര്‍ വെളിപ്പെടുത്തി. പരിശോധനക്കെന്ന പേരും പറഞ്ഞ്‌, നേരം പുലരുന്നതിനുമുന്‍പ്‌ ഇറാഖികളുടെ വീട്ടില്‍ കടന്നുചെന്ന് അവരെ അപമാനിക്കേണ്ടിവന്നതിനെക്കുറിച്ചാണ്‌ മറ്റൊരു മുന്‍സൈനികനായ മാത്യു ചില്‍ഡേഴ്സ്‌ പറയുന്നത്‌. ശരീരം മുഴുവന്‍ പൊള്ളലേറ്റ സ്വന്തം കുഞ്ഞിനെയും തോളിലേറ്റി സഹായമഭ്യര്‍ത്ഥിച്ചുവന്ന ഒരു ഇറാഖിയെ തിരിച്ചയച്ച തങ്ങളുടെ സേനാംഗങ്ങളുടെ ചെയ്തിയെക്കുറിച്ചോര്‍ത്ത്‌ ജാക്‌ക്‍സണ്‍ എന്ന സൈനികന്‍ വിതുമ്പി. തങ്ങളുടെ പേരും നികുതിപ്പണവും ഉപയോഗിച്ച്‌ നടത്തുന്ന നഗ്നമായ അധിനിവേശത്തെ അപലപിക്കേണ്ടത്‌ രാജ്യത്തെ ഒരു പൗരന്‍ എന്ന നിലക്കുള്ള തന്റെ കടമയാണെന്നു വിശ്വസിക്കുന്നയാളാണ്‌ ബോസ്റ്റണിലെ ജമൈക്ക പ്ലൈന്‍ സ്വദേശിയായ ഇയാന്‍ ലവല്ലി. 'അവരോടുള്ള പെരുമാറ്റത്തിലൂടെയും, അവരുടെ ജീവനോപാധികളും കുടുംബവും സ്വസ്ഥതയും തകര്‍ത്ത്‌ അവരെ പീഡിപ്പിച്ചതിലൂടെയും നമ്മള്‍ ആ മനുഷ്യരെ അപമാനവീകരിക്കുകയാണ്‌ ചെയ്തത്‌", ഇയാന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ആത്മഹത്യാശ്രമത്തിനുശേഷം ഇയാനെ സര്‍വ്വീസില്‍നിന്നും 2006-ല്‍ പിരിച്ചുവിട്ടു. "ഒരിക്കലും പ്രതീക്ഷിക്കാത്തവിധം മറ്റൊരാളായി മാറിപ്പോയിരുന്നു ഞാന്‍", ഇയാന്‍ തുറന്നുപറഞ്ഞു.

മേല്‍വിവരിച്ചതുപോലുള്ള സംഭവങ്ങള്‍ ശേഖരിക്കുകയും അവ അമേരിക്കയില്‍ പ്രചരിപ്പിക്കുകയും ചെയ്ത്‌, യുദ്ധവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ്‌ അമേരിക്കയിലെ യുദ്ധവിരുദ്ധഗ്രൂപ്പുകള്‍. ഇറാഖികളെ കീഴടക്കുന്നതില്‍ തങ്ങള്‍ക്ക്‌ സംഭവിച്ച പരാജയവും അതില്‍നിന്ന് ഉടലെടുത്ത നൈരാശ്യവും അസ്വസ്ഥതയുമാണ്‌ സാമ്രാജ്യത്വ അധിനിവേശസേനകള്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന അമിതാവേശത്തിന്റെയും വര്‍ദ്ധമാനമായ പ്രതികാരനടപടികളുടെയും അടിയിലുള്ളത്‌.

മുന്നേറുന്ന പ്രതിരോധം

ദേശീയവിമോചനത്തിനുവേണ്ടിയുള്ള ഇറാഖികളുടെ ആവേശോജ്ജ്വലമായ പോരാട്ടം എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത്‌ മുന്നേറുകതന്നെയാണ്‌. ഇതിനകം തന്നെ 4000-ത്തോളം അമേരിക്കന്‍-സഖ്യസേനാംഗങ്ങള്‍ക്ക്‌ ജീവഹാനി നേരിട്ടിരിക്കുന്നു. ഗ്രീന്‍ സോണിന്റെ ചുറ്റുവട്ടത്തിലൊതുങ്ങിക്കഴിയുകയാണ്‌ അധിനിവേശസേനകള്‍. ഇറാഖിലെ ജനതകളെ തമ്മിലടിപ്പിക്കാനും, പുറത്തുനിന്നുള്ള സാമ്പത്തികവും ഇതരവുമായ സഹായത്താല്‍ നയിക്കപ്പെടുന്ന തീവ്രവാദി-ഭീകരരായി വിമോചനപ്പോരാളികളെ മുദ്രകുത്തുകവഴി മേഖലയിലെ തങ്ങളുടെ സാന്നിധ്യത്തിന്‌ സാധുത നല്‍കാനുമുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ പരാജയപ്പെടുകയും അസാധുവാവുകയും ചെയ്തിരിക്കുന്നു. ഷിയ നേതാവായ മുക്തദ സാദറിന്റെ കീഴിലുള്ള മെഹ്ദി സേനയുടെ നിരന്തരമായ ആക്രമണവും, അമേരിക്കന്‍ സര്‍ക്കാര്‍ ഇറാഖില്‍ പ്രതിഷ്ഠിച്ച പാവസര്‍ക്കാരിനെതിരെയും, ലോകത്തെവിടെയുമുള്ള അമേരിക്കന്‍ സാന്നിദ്ധ്യത്തിനെതിരെയും അവര്‍ നിരന്തരം ഉയര്‍ത്തുന്ന ചെറുത്തുനില്‍പ്പുകളുമാണ്‌ അമേരിക്കയുടെയും അവരുടെ പാവസര്‍ക്കാരിന്റെയും ഉറക്കം കെടുത്തുന്നത്‌.

അമേരിക്ക നേരിടുന്ന പൊതുവായ പ്രതിസന്ധി

അപര്യാപ്തമായ സേനാബലം, ശിഥിലമാകുന്ന അന്താരാഷ്ട്ര സഖ്യം, ബ്രിട്ടീഷ്‌ സേന ദക്ഷിണ ഇറാഖ്‌ വിട്ടുപോകുന്നതോടെ ആ ഭാഗങ്ങളില്‍ വര്‍ദ്ധിക്കുന്ന ആക്രമണങ്ങള്‍, പട്ടാളക്കാരുടെ മരണസംഖ്യ വര്‍ദ്ധിക്കുന്നതുമൂലം തകര്‍ന്നുകൊണ്ടിരിക്കുന്ന സേനയുടെ ആത്മബലം, ബാഗ്ദാദിന്റെയും വാഷിംഗ്‌ടണിന്റെയും രാഷ്ട്രീയ നയങ്ങളില്‍ പ്രകടമാകുന്ന അനിച്ഛാശക്തി, ഇവയെക്കുറിച്ചൊക്കെ ഒരു വര്‍ഷം മുന്‍പുതന്നെ അമേരിക്കന്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജനറല്‍ ഡേവിഡ്‌ പെട്രോസിന്‌ വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. ക്ലിന്റന്റെ ഭരണത്തിന്‍കീഴില്‍ അന്തര്‍ദ്ദേശീയ സുരക്ഷക്കുവേണ്ടിയുള്ള ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സീനിയര്‍ ഡയറക്ടരായിരുന്ന സ്റ്റീവന്‍ സൈമണ്‍ ഒരു വര്‍ഷം മുന്‍പ്‌ സംശയത്തിനിടനല്‍കാത്തവിധം പറഞ്ഞ കാര്യം "നഷ്ടപ്പെടുന്ന ജനപിന്തുണ അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തെ അനിവാര്യമാക്കുകയും, അത്തരത്തിലുള്ള ഒരു നാണക്കേടില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാര്‍ഗ്ഗം, ഉടനടി തന്ത്രപരമായി പിന്‍വലിയുക എന്നത്‌ മാത്രമാണ്‌" എന്നുമായിരുന്നു. അല്ലാത്തപക്ഷം 'സേനയുടെ കയ്യില്‍നിന്നുപോലും ഒരുപക്ഷേ തിരിച്ചടി നേരിടേണ്ടിവരുമെന്ന്" ഓര്‍മ്മിപ്പിക്കാനും സൈമണ്‍ മറന്നില്ല. 'അമേരിക്കയുടെ വിദേശനയത്തിനും, ഇറാഖിന്റെയും പശ്ചിമേഷ്യയുടെ സ്ഥിരതക്കും ഈ യുദ്ധം തീരാദുരിതമാണ്‌ വരുത്തിവെച്ചിരിക്കുന്നത്‌ എന്ന് വളരെ മുന്‍പുതന്നെ ചൂണ്ടിക്കാണിച്ചിരുന്നു, ഇന്റര്‍നാഷണല്‍ ക്രൈസിസ്‌ ഗ്രൂപ്പിലെ ഇറാഖ്‌ വിദഗ്ദ്ധന്‍ ജൂസ്റ്റ്‌ ഹില്‍റ്റര്‍മാന്‍. കുറച്ചുനാള്‍ മുന്‍പ്‌. ഒന്നുകില്‍ യുദ്ധം ജയിക്കുക, അല്ലെങ്കില്‍, വിയറ്റ്‌നാമില്‍ സംഭവിച്ചതുപോലെ, രാഷ്ട്രീയവും ജനകീയവുമായ പിന്തുണ നഷ്ടപ്പെട്ട്‌, ധൃതിപിടിച്ചുള്ള ഒരു പിന്മാറ്റത്തിനു തയ്യാറാവുക എന്ന രണ്ടു വഴികള്‍ മാത്രമേ അമേരിക്കയുടെ മുന്നിലുള്ളുവെന്ന്, കുറച്ചുനാള്‍ മുന്‍പ്‌, ജനറല്‍ ഡേവിഡ്‌ പെട്രോസിനെ അദ്ദേത്തിന്റെ എലൈറ്റ്‌ ടീം ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനര്‍ത്ഥം, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സ്വന്തം അഭ്യുദയകാംക്ഷികളും വിശ്വസ്തരായ ഉപദേശകരുമൊക്കെത്തന്നെ, കാര്യങ്ങളുടെ ഗൗരവം അമേരിക്കയെ വേണ്ടുംവണ്ണം ഓര്‍മ്മിപ്പിച്ചിരുന്നുവെന്നുതന്നെയാണ്‌. പക്ഷേ, പ്രതീക്ഷിച്ചിരുന്നതുപോലെത്തന്നെ, ഇതൊന്നും കേള്‍ക്കാനോ ഉള്‍ക്കൊള്ളാനോ ഉള്ള സാമാന്യബോധം പോലും, കയ്യൂക്കിന്റെ ധാര്‍ഷ്ട്യത്തില്‍ പുളഞ്ഞുകൊണ്ടിരുന്ന ജോര്‍ജ്ജ്‌ ബുഷ്‌ നിര്‍ഭാഗ്യവശാല്‍ കാണിച്ചില്ല.

അമേരിക്കയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കാന്‍ മാത്രമേ ഈ യുദ്ധം സഹായിക്കുന്നുള്ളു. അമേരിക്കയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തിയും അസ്വസ്ഥതയും വളര്‍ത്തി, യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ ദിനംപ്രതി ശക്തി പ്രാപിച്ചുവരുകയും ചെയ്യുന്നു. ഇറാഖില്‍നിന്നും അഫ്ഘാനിസ്ഥാനില്‍നിന്നും അമേരിക്കന്‍ സേനയെ പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദവും ബലപ്പെടുകതന്നെയാണ്‌. "ഇറാഖില്‍ പരാജയപ്പെടുന്നപക്ഷം, അത്‌ നമ്മുടെ സുഹൃത്തുക്കള്‍ക്കു നല്‍കുന്ന സന്ദേശം, നമ്മില്‍ വിശ്വാസം അര്‍പ്പിക്കരുതെന്നതായിരിക്കും..അത്‌ അല്‍ഖ്വയ്ദയുടെ വിജയമവുകയും ചെയ്യും..ഇറാഖിലെ വിജയം ഒരേസമയം അല്‍ഖ്വയ്ദക്കും ഇറാന്റെ ആഗ്രഹങ്ങള്‍ക്കും നേരെയുള്ള പ്രഹരമാകും" എന്നൊക്കെയുള്ള ബുഷിന്റെ 2008 ഏപ്രില്‍ 17-ലെ പ്രസ്താവനകളെ ഇതിന്റെ വെളിച്ചത്തിലാണ്‌ ദര്‍ശിക്കേണ്ടത്‌.

ബുഷിന്റെ ഈ അഭ്യര്‍ത്ഥന, തന്ത്രപരമായ സേനാപിന്മാറ്റത്തിന്റെ വക്താക്കളോടുള്ളതാണെന്നു ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും, പരാജയഭീതി പൂണ്ട അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശബ്ദം തന്നെയാണ്‌ ഇതില്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കും കേള്‍ക്കാന്‍ കഴിയുക.

തോല്‍വിയും ജയവും ആയുധശക്തിയുടെയോ സ്വാര്‍ത്ഥലക്ഷ്യങ്ങളുടെയോ പിന്‍ബലത്തിലാവുന്നത്‌ അംഗീകരിക്കാനാവില്ല. ദേശത്തിന്റെയും ജനതയുടെയും അവകാശങ്ങള്‍ക്കും പരമാധികാരത്തിനും നേരെയുള്ള നഗ്നമായ ആക്രമണമാണ്‌ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വശഖ്യകക്ഷികള്‍ നടത്തുന്നത്‌. ഭൂരിപക്ഷത്തിന്റെ ജീവനും സ്വത്തും അപഹരിച്ച്‌, മരണത്തിന്റെ മൊത്തവ്യാപാരികളെയും ഒരു ന്യൂനപക്ഷം വരുന്ന കുത്തകകളെയും തീറ്റിപ്പോറ്റുക എന്നതാണ്‌ ഈ യുദ്ധംകൊണ്ട്‌ അമേരിക്ക ലക്ഷ്യമാക്കുന്നത്‌. നടപ്പാക്കുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ ഇതിനെതിരെ അടിച്ചമര്‍ത്തപ്പെടുന്ന ജനലക്ഷങ്ങള്‍ ഒന്നിച്ചണിനിരക്കുന്നതും. ഈ സംഘട്ടനത്തില്‍, ആത്യന്തികവിജയം നിശ്ചയമായും കൈവരിക്കുക അടിച്ചമര്‍ത്തപ്പെടുന്ന ജനതതന്നെയായിരിക്കും. വിയറ്റ്‌നാമിന്റെ തനിയാവര്‍ത്തനമാണ്‌ ഇറാഖിലും അഫ്ഘാനിസ്ഥാനിലും അമേരിക്കയെ കാത്തിരിക്കുന്നത്‌.

സേനാപിന്മാറ്റത്തിന്‌ അമേരിക്കന്‍ സാമ്രാജ്യത്വശക്തികളും സഖ്യകക്ഷികളും സ്വയം തയ്യാറാവുന്നില്ലെങ്കില്‍, ഇറാഖിലെയും അഫ്ഘാനിസ്ഥാനിലെയും ജനങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌, സാമ്രാജ്യത്വ അധിനിവേശത്തിന്‍കീഴില്‍ ദുരിതമനുഭവിക്കുന്നവരും അടിച്ചമര്‍ത്തപ്പെടുന്നവരുമായ മുഴുവന്‍ ലോകജനതയും ഒന്നിച്ച്‌, അ കര്‍ത്തവ്യം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരായിത്തീരും. ഭൂമുഖത്തുനിന്ന് എന്നന്നേയ്ക്കുമായി സാമ്രാജ്യത്വത്തെ പടിയിറക്കാന്‍ ലോകമാസകലമുള്ള അടിസ്ഥാന തൊഴിലാളിവര്‍ഗ്ഗവും, അടിച്ചമര്‍ത്തപ്പെടുന്ന രാഷ്ട്രങ്ങളും അവയിലെ മുഴുവന്‍ ജനതയും അണിനിരക്കുമെന്ന് അമേരിക്കക്കും മറ്റ്‌ സാമ്രാജ്യത്വശക്തികള്‍ക്കും ഇനിയെങ്കിലും തീര്‍ച്ചയാക്കുകയും ചെയ്യാം.



‘സഖാവ്’ ദ്വൈവാരികയില്‍ (ലക്കം 13-സാര്‍വ്വദേശീയ വിഭാഗം) പ്രസിദ്ധീകരിച്ച വിവര്‍ത്തനം

Thursday, July 10, 2008

ചത്ത കുതിരകള്‍

ഇന്ത്യയുടെ ഒരേയൊരു ഫീല്‍ഡ് മാര്‍ഷലാണ് മരിച്ചത്. സുപ്രധാനമായ ഒരു സൈനികവിജയത്തിന്റെ ശില്പി. ഒരു പട്ടിയും തിരിഞ്ഞുനോക്കിയില്ല. അവര്‍ക്ക് മറ്റു തിരക്കുകളില്ലേ? എന്തെല്ലാം ചെയ്തുതീര്‍ക്കേണ്ടതുണ്ട്. സാധാരണക്കാരായ ജനങ്ങളാ‍ണ് ‘സാം ബഹാദൂറി‘ന് അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയത്. അത്യാസന്ന നിലയിലാ‍ണെന്ന വാര്‍ത്ത പുറത്തുവന്ന ജൂണ്‍ 26 പുലര്‍ച്ചെ പത്തു മണിമുതല്‍, അന്ത്യോപചാരകര്‍മ്മങ്ങളുടെ ആചാരവെടികള്‍ മുഴങ്ങിയ ജൂണ്‍ 27 ഉച്ചക്ക് മൂന്നു മണിവരെ, എത്താതിരുന്ന കേസരികളുടെ ലിസ്റ്റ് താഴെ.

രാഷ്ട്രപതി(സര്‍വ്വസൈന്യാധിപ) പ്രതിഭാപാട്ടീല്‍ - ഹാജരില്ല
ഉപരാഷ്ട്രപതി-ഹമീദ് അന്‍സാരി - പുസ്തകനിരൂപണവും പ്രസാധനവുമായി തിരക്കില്‍
മന്‍‌മോഹന്‍ സിംഗ് - ഹാജരില്ല
സോണിയാ ഗാന്ധി - ഹാജരില്ല
എല്‍.കെ.അദ്വാനി - ഹാജരില്ല
കരുണാനിധിയും സുര്‍ജിത് സിംഗ് ബര്‍ണാലയും-ഹാജരില്ല

രാഷ്ട്രീയക്കാര്‍ക്ക് പല കാരണങ്ങളും പറയാനുണ്ടാകും. പ്രൊട്ടൊക്കോളുകളുടെ നൂലാമാലകളും കൂട്ടിനുകണ്ടേക്കാം. സൈന്യത്തിന്റെ സ്ഥാനം എന്താണെന്നും, എവിടെയാണെന്നും ഇന്ത്യ കാണിച്ചുകൊടുത്തതാണെന്നും വരാം. പാക്കിസ്ഥാന്റെയത്ര സൈനികവത്‌ക്ക്കരണം ഇല്ലാത്തതും അതുകൊണ്ടായിരിക്കാം. പ്രായമായില്ലേ, കാല്‍‌മുട്ടുകള്‍ക്ക് വേദന കാണും.

പക്ഷേ സൈന്യത്തിന്റെ കാര്യമോ?

എ.കെ.ആന്റണി - മുന്‍‌നിശ്ചയിച്ച ചില തിരക്കുകള്‍ കാരണം വരാന്‍ പറ്റിയില്ല
കരസേനാ മേധാവി - ഹാജരില്ല (റഷ്യയിലായിരുന്നു)
നാവികസേനാ മേധാവി - ഹാജരില്ല
വ്യോമസേനാ മേധാവി - ഹാജരില്ല

പ്രതിരോധമന്ത്രിക്കു വേണ്ടി ഹാജരായത് അദ്ദേഹത്തിന്റെ ഡെപ്യൂട്ടി പള്ളം രാജു. മറ്റു രണ്ടു സേനാവിഭാഗങ്ങള്‍ക്കുവേണ്ടി സ്ഥലത്ത് ഹാജരായത്, ജനറല്‍ പദവിയിലെ രണ്ടു നക്ഷത്രക്കാര്‍.
ഇതൊക്കെ കാണിക്കുന്നത്, നിങ്ങള്‍ പണക്കാരനോ, അധികാരിയോ, ശക്തനോ, കേമനോ ആരായിരുന്നാലും ശരി, ചാവേണ്ടപോലെ ചാവണമെങ്കില്‍, ഒന്നുകില്‍ ദില്ലിയുടെയോ മുംബൈയുടെയോ പരിസരത്ത് എവിടെയെങ്കിലും വെച്ചാവണം, അല്ലെങ്കില്‍, നിങ്ങളെക്കൊണ്ട് അവര്‍ക്ക് എന്തെങ്കിലും ഗുണം ഉണ്ടാകണം എന്നാണ്.

മനേക്‍ഷാ പണ്ടൊരിക്കല്‍ പറഞ്ഞത് അര്‍ത്ഥവത്താണ്. “"രാജ്യത്തിന്റെ പ്രതിരോധകാര്യങ്ങള്‍ നോക്കാന്‍ വേണ്ടി നമ്മള്‍ ചുമതലപ്പെടുത്തുന്ന ഈ രാഷ്ട്രീയ യജമാനന്മാര്‍ക്ക് മോട്ടോറും മോര്‍ട്ടാറും തിരിച്ചറിയില്ല. തോക്കും പീരങ്കിയും തമ്മിലുള്ള വ്യത്യാസം അവര്‍ക്കറിയില്ല. അതുപോലെതന്നെ ഗറില്ലയെയും ഗൊറില്ലയെയും. കാഴ്ചയില്‍ രണ്ടാമത്തേതിനോട് സാദൃശ്യം തോന്നുമെങ്കിലും”.

ഇതുകൂടി ഒന്നു നോക്കൂ:

‘കൂലി‘ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ പരിക്കുപറ്റി ആശുപത്രിയിലായിരുന്ന അമിതാഭ് ബച്ചനെ കാണാന്‍ ഇന്ദിരാ ഗാന്ധി പറന്നെത്തി.

ധീരുഭായ് അംബാനി മരിച്ചപ്പോള്‍, തന്റെ ഗുജറാത്ത് സന്ദര്‍ശനം വെട്ടിച്ചുരുക്കി അദ്വാനി പാഞ്ഞണഞ്ഞു.

പ്രമോദ് മഹാജന്‍ കൊല്ലപ്പെട്ടപ്പോള്‍ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ഭൈറോണ്‍ സിംഗ് ഷേഖാവത്തിനു സമയമുണ്ടായിരുന്നു.

ചാവുകയും ചത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാ തെമ്മാടികളെയും, കൂട്ടിക്കൊടുപ്പുകാരെയും, പ്രശസ്തരെയും കാണാന്‍ നമ്മുടെ വി.ഐ.പികള്‍ക്കും, വി.വി.ഐ.പികള്‍ക്കും ഇഷ്ടം‌പോലെ സമയമുണ്ട്. ഫീല്‍ഡ് മാര്‍ഷലിനെ കാണാന്‍ മാത്രം അവര്‍ക്ക് സമയമില്ല.


http://churumuri.wordpress.com/2008/06/28/

Tuesday, July 1, 2008

അഷീഷ്‌ നന്ദിയെ വെറുക്കാന്‍ നരേന്ദ്ര മോഡി ഇഷ്ടപ്പെടുന്നതെന്തുകൊണ്ട്‌?

ഇന്ത്യയിലെ ബുദ്ധിജീവികളില്‍ പ്രമുഖനാണ്‌ പ്രൊഫസ്സര്‍ അഷീഷ്‌ നന്ദി. കോളണിയനന്തര കാലഘട്ടത്തെക്കുറിച്ചുള്ള പഠനങ്ങളുടെ ഉപജ്ഞാതാവെന്ന നിലയില്‍ പ്രസിദ്ധനായ അദ്ദേഹത്തിന്‌ പുതിയൊരു ലേബല്‍ കിട്ടിയിട്ടുണ്ട്‌. ഗുജറാത്ത്‌ പോലീസിന്റെ ഭാഷ്യമനുസരിച്ച്‌, 'വിവിധ ജാതി-മത-ഭാഷാ-ദേശക്കാര്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു' എന്ന ക്രിമിനല്‍ കുറ്റമാണ്‌ അദ്ദേഹത്തിന്റെമേല്‍ അവര്‍ ചുമത്തിയിരിക്കുന്നത്‌. തന്റെ എഴുത്തിന്‌ ഇത്ര വലിയ ഒരു വില കൊടുക്കേണ്ടി വരുമെന്ന് അദ്ദേഹമോ, അദ്ദേഹത്തിന്റെ നിരവധിയായ ആരാധകരോ സ്വപ്നത്തില്‍പ്പോലും കരുതിയിട്ടുണ്ടാകില്ല. പക്ഷേ, ഗുജറാത്തില്‍ എപ്പോഴും കാര്യങ്ങള്‍ അല്‍പ്പം വ്യത്യാസപ്പെട്ടാണല്ലോ സംഭവിക്കാറുള്ളത്‌.

ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍, ജനുവരി 8-ന്‌, പ്രൊഫസ്സര്‍ നന്ദി എഴുതിയ (Blame the Middle Class) എന്ന ലേഖനത്തിനെതിരെ പരാതി കൊടുത്തിരിക്കുന്നത്‌, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ സിവില്‍ ലിബര്‍ട്ടീസിലെ ഒരു അഭിഭാഷകനാണെന്ന് വാര്‍ത്തകള്‍ പറയുന്നു. ഈ കൗണ്‍സില്‍ തന്നെയാണ്‌ ഏതോ കള്ളക്കേസില്‍ മേധാ പട്‌ക്കര്‍ക്കെതിരെ ഇതിനുമുന്‍പ്‌ കേസു കൊടുത്തത്. ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടതിനാല്‍, കോടതി അന്നത് തള്ളിക്കളഞ്ഞിരുന്നുവെന്നുകൂടി ഓര്‍ക്കണം.

നരേന്ദ്രമോഡിയെ അധികാരത്തിലേക്ക്‌ വീണ്ടും കൊണ്ടുവന്ന 2007 ഡിംസംബറിലെ ഗുജറാത്ത്‌ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതായിരുന്നു നന്ദിയുടെ പ്രസ്തുത ലേഖനം. മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളിലേക്കാണ്‌ പ്രൊഫസ്സര്‍ അഷീഷ്‌ നന്ദി ആ ലേഖനത്തില്‍ വിരല്‍ചൂണ്ടിയിരുന്നത്‌. ഒന്ന്, 2002-നുശേഷം രണ്ടാംകിട പൗരന്മാരായി കഴിയേണ്ടിവന്ന മുസ്ലിമുകളുടെ അവസ്ഥ. "ഗുജറാത്തിലെ മുസ്ലിമുകള്‍ തങ്ങളുടെ പുതിയ അവസ്ഥയുമായി പൊരുത്തപ്പെട്ടുപോകാന്‍ ശ്രമിക്കുന്നു. സര്‍ക്കാരില്‍നിന്നും ന്യായമായി കിട്ടേണ്ട നീതിയും നഷ്ടപരിഹാരവും ലഭിക്കാതെ, സ്വന്തം നാട്ടില്‍ രണ്ടാംതരം പൗരന്മാരായി കഴിയേണ്ടിവരുന്ന ഇവര്‍ക്ക്‌ ജാതിസംഘടനകളുടെ ഔദാര്യവും സഹായവുമാണ്‌ ആശ്രയിക്കേണ്ടിവന്നിരിക്കുന്നത്‌. ഈ സംഘടനകളുടെ സഹായമാകട്ടെ, ചില മുന്നുപാധികളോടെയാണുതാനും. മുസ്ലിമുകള്‍ ഗുജറാത്തി ഭാഷ ഉപേക്ഷിച്ച്‌ ഉറുദു സ്വീകരിക്കുക, പര്‍ദ്ദ ധരിക്കുക, കുട്ടികളെ മദ്രസ്സകളിലേക്ക്‌ അയക്കുക എന്നിവയാണ്‌ അത്‌".

മതനിരപേക്ഷതയെ പിന്തുണക്കുന്ന (ഗുജറാത്തിലെ) രാഷ്ട്രീയസഖ്യങ്ങള്‍ ഇന്ന് ചെന്നെത്തിയിരിക്കുന്ന സ്ഥിതിവിശേഷത്തെക്കുറിച്ചാണ്‌ ലേഖനം രണ്ടാമത്‌ ചര്‍ച്ച ചെയ്യുന്നത്‌. തന്റെ വിമര്‍ശനത്തില്‍, പ്രൊഫസ്സര്‍ നന്ദി, വ്യക്തികളോടോ, സംഘടനകളോടോ ഒരു ദയാദാക്ഷിണ്യവും കാണിക്കുന്നുമില്ല. അദ്ദേഹം പറയുന്നു:

"സംഘപരിവാറിനെ എതിര്‍ക്കുന്നവരുടെ മതനിരപേക്ഷത, പ്രശ്നപരിഹാരത്തിന്‌ ഒട്ടും അനുയോജ്യമല്ല. മതനിരപേക്ഷരായ അഭിഭാഷകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായം സ്വീകരിക്കുന്നവര്‍പോലും, മതനിരപേക്ഷത എന്ന ആശയത്തെ കേവലം ഒരു ഉപകരണമായി മാത്രം കാണുന്നു. ഇരകള്‍ ഇപ്പോഴും ആശ്വാസം തേടുന്നത്‌ അവരുടെ മതത്തില്‍തന്നെയാണ്‌, ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ വിശ്വാസങ്ങളെ കൂടുതല്‍ മുറുകെപ്പിടിക്കുകയാണ്‌ ചെയ്യുന്നത്‌. മതേതരത്തെസംബന്ധിച്ച വ്യാജസ്ഥലികള്‍, ഒരേസമയം, ഗാന്ധിസത്തിന്റെ നട്ടെല്ല് തകര്‍ക്കുകയും, അധികാരം കയ്യിലില്ലാത്തവരും അശരണരുമായ പാവങ്ങളുടെ ശബ്ദം പുറംലോകത്തിനു കേള്‍പ്പിക്കാനും സൃഷ്ട്യുന്മഖമായ ഇടപെടലിലൂടെ അവരെ ഒരുമിപ്പിക്കാന്‍ തക്കവണ്ണം, അലി ശരിയത്തി*യെയും ഡെസ്‌മണ്ട്‌ ടുട്ടുവിനെയും ദലൈലാമയെപ്പോലെയുമുള്ളവര്‍ രംഗപ്രവേശം ചെയ്യാനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുകയും ചെയ്തു“.

പ്രാദേശികവാദത്തിലും വര്‍ഗ്ഗീയതയിലും കഴുത്തറ്റം ആഴ്‌ന്നുകിടക്കുന്ന സംസ്ഥാനത്തെ നാഗരിക മധ്യവര്‍ഗ്ഗത്തിനെതിരെയുള്ളതായിരുന്നു പ്രൊഫസ്സര്‍ അഷീഷ്‌ നന്ദിയുടെ പ്രധാനവിമര്‍ശനം. ലേഖനം അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌:

"നാഗരിക മധ്യവര്‍ഗ്ഗത്തില്‍നിന്ന് ഗുജറാത്തിനെ മോചിപ്പിക്കുക എന്നത്‌ ക്ഷിപ്രസാദ്ധ്യമായ ഒരു കാര്യമല്ല. വിവിധ കാലങ്ങളില്‍, അക്രമത്തില്‍ സായൂജ്യം കണ്ടിരുന്ന, ബംഗാളി ബാബുമാരെയും മറാത്ത ബ്രാഹ്മണന്മാരെയും കാശ്മീരി മുസ്ലിമുകളെയുംപോലെ, ഗുജറാത്തിലെ നാഗരിക മധ്യവര്‍ഗ്ഗവും, സായുധവും വര്‍ഗ്ഗീയവുമായ ദേശീയതയില്‍, തങ്ങളുടെ പുതിയ സ്വത്വവും ആത്മാഭിമാനവും കണ്ടെത്തിയിരിക്കുന്നു. ഗുജറാത്തില്‍ ഈ വര്‍ഗ്ഗത്തിനെ ചോര മണക്കുന്നുണ്ട്‌. അവര്‍ക്ക്‌ നേരിട്ട്‌ ആരെയും കൊല്ലേണ്ടിവരുന്നില്ല. ആസൂത്രണം ചെയ്യലും ധനസഹായം നല്‍കലും, ഏകോപിപ്പിക്കലും മാത്രമാണ്‌ അവരുടെ പണി. കൊല്ലലൊക്കെ, ഏറ്റവും താഴെയുള്ള, ഗോത്രവര്‍ഗ്ഗക്കാരും ദളിതുകളും ചെയ്തുകൊള്ളും. വെറുപ്പിന്റെ നിര്‍മ്മാണശാലകളായ വിദ്യാഭ്യാസത്തെയും മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത്‌ ഈ മധ്യവര്‍ഗ്ഗമാണ്‌. അവര്‍ക്ക്‌ അതിനുള്ള സഹായം കിട്ടുന്നതാകട്ടെ, ദേശീയതയും രക്തദാഹവും നിരുത്തരവാദിത്ത്വവുമൊക്കെ സൗകര്യം പോലെ ഉപയോഗിക്കാന്‍വിധത്തില്‍ ഇന്ത്യയില്‍നിന്നും ബഹുദൂരം അകലെയിരിക്കുന്ന വിദേശ ഇന്ത്യക്കാരില്‍നിന്നും".

പ്രൊഫസ്സര്‍ നന്ദിയുടെ നിരീക്ഷണങ്ങളുമായി യോജിക്കുകയോ വിയോജിക്കുകയോ ആകാം. പക്ഷേ ആ നിരീക്ഷണങ്ങളിലെവിടെയും വാചാടോപമൊന്നുമില്ലെന്നും മുന്‍പിലുള്ള വെല്ലുവിളികളെ വേര്‍തിരിച്ചറിയാനുള്ള ശ്രമമായിരുന്നു അതെന്നും ഏതൊരു വിവേകിയായ വായനക്കാരനും മനസ്സിലാകാവുന്നതേയുള്ളു. എന്തുകൊണ്ടാണ്‌ ഈയൊരു ലേഖനത്തോട്‌ സംസ്ഥാനസര്‍ക്കാര്‍ ഇത്ര അസഹിഷ്ണുത കാണിച്ചതെന്നും, കൗണ്‍സിലിന്റെ പെറ്റീഷന്‍ കിട്ടിയ ഉടന്‍ ക്രിമിനല്‍ കേസു ചുമത്താന്‍ സര്‍ക്കാര്‍ പോലീസിന്‌ പച്ചക്കൊടി നല്‍കിയതെന്നുമുള്ള ചോദ്യം സ്വാഭാവികമായി ഉയരുന്നു.

പൊതുവായി പറഞ്ഞാല്‍, തങ്ങള്‍ക്ക് അനഭിമതരായ വ്യക്തികളെ എല്ലാവിധത്തിലും തേജോവധം ചെയ്യുക എന്നത്‌, ഹിന്ദു ബ്രിഗേഡുകള്‍ എല്ലാക്കാലവും തുടര്‍ന്നുവരുന്ന ഒരു രീതിയാണ്‌. ഈ സംഭവവും അതിനുള്ള ദൃഷ്ടാന്തമാണ്‌. വിമര്‍ശകരെ നിശ്ശബ്ദരാക്കിക്കൊണ്ട്‌, പൂര്‍ണ്ണമായും ഹൈന്ദവമായ പഴയകാലം എന്ന സങ്കല്‍പ്പത്തിനുവേണ്ടി പൊരുതുക എന്ന രാഷ്ട്രീയമാണ്‌ യഥാര്‍ത്ഥത്തില്‍ ഇവിടെ അരങ്ങേറുന്നത്‌.

തങ്ങള്‍ നടപ്പാക്കുന്ന വെറുപ്പിന്റെയും പുറംതള്ളലിന്റെയും അജണ്ടകള്‍ അനുസരിക്കാത്തവരെ ഇത്തരത്തില്‍ നിശ്ശബ്ദരാക്കാന്‍ ശ്രമിച്ചതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ഗുജറാത്തിന്റെ കഴിഞ്ഞ ആറുവര്‍ഷത്തെ ചരിത്രമെടുത്തുനോക്കിയാല്‍ നമുക്ക്‌ കാണാന്‍ കഴിയും. പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും, സാമൂഹ്യപ്രവര്‍ത്തകയായ നഫീസാ അലിയും, ജി.എന്‍.ഡെവിയുമൊക്കെ ഇത്തരത്തില്‍, പല കാലങ്ങളിലായി വേട്ടയാടപ്പെട്ടവരാണ്‌.

പ്രൊഫസ്സര്‍ നന്ദിയുടെ കാര്യത്തിലാണെങ്കില്‍, ആര്‍.എസ്സ്‌.എസ്സ്‌ എന്ന സംഘടനയുടെ ഭാവിയെക്കുറിച്ച്‌ അദ്ദേഹം നടത്തിയ പ്രവചനങ്ങളുടെ രീതി അവര്‍ക്ക്‌ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.

"വാലി ഗുജറാത്തിയുടെ കബറിടം നശിപ്പിച്ച സംഭവം, ഇന്ത്യയുടെ ഏറ്റവും സാംസ്കാരികസമ്പന്നവും, വൈവിദ്ധ്യവും, ഗ്രാമ്യവുമായ ഇസ്ലാമിക പാരമ്പര്യത്തെയാണ്‌ ഭീഷണിപ്പെടുത്തിയത്‌. സിക്ക്‌ ഭീകരതക്ക്‌ മനോഹരമായി വളം വെച്ചുകൊടുത്ത രാജീവ്‌ ഗാന്ധിയുടെയും കൂട്ടാളികളുടെയും ചെയ്തികളെ എപ്രകാരമാണോ നമ്മുടെ തലമുറ ഓര്‍ക്കുന്നത്‌, അതേ കൃതജ്ഞതയോടെയാകും, തീവ്ര ഇസ്ലാമിന്റെ വളര്‍ച്ചക്ക്‌ കാരണമായ സംഘപരിവാറിനെയും ഭാവിതലമുറ ചരിത്രത്തില്‍ ഓര്‍മ്മിക്കുക.

പ്രൊഫസ്സര്‍ അഷീഷ്‌ നന്ദിക്കെതിരെ കൊണ്ടുവന്നിരിക്കുന്ന ക്രിമിനല്‍ കേസ്‌, 1998-ല്‍ കേന്ദ്രഭരണകാലത്ത് ബി.ജെ.പി നടത്തിയ സമാനമായ മറ്റു ചില വേട്ടയാടലുകളെയാണ്‌ ഓര്‍മ്മയില്‍ കൊണ്ടുവരുന്നത്‌. കേന്ദ്രത്തില്‍ അധികാരത്തിലേറുകയും പാഠ്യപദ്ധതിയില്‍ തങ്ങള്‍ക്കനുകൂലമായ പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ അവര്‍ അമിതാവേശം കാണിക്കുകയും ചെയ്ത അവസരത്തില്‍, ആര്‍.എസ്സ്‌.എസ്സിന്റെ ചരിത്രവീക്ഷണവുമായി വിയോജിപ്പ്‌ രേഖപ്പെടുത്തിയ അക്കാഡമിക-ബുദ്ധിജീവികളെ വിവിധ കാരണങ്ങള്‍ നിരത്തി അവര്‍ പരക്കെ ആക്രമിക്കുകയുണ്ടായി. ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച്‌ തങ്ങള്‍ക്കുള്ള അഭിപ്രായങ്ങളുമായി ശക്തമായ വിയോജിപ്പു പ്രകടിപ്പിച്ച പണ്ഡിതന്മാരെയും ബുദ്ധിജീവികളെയും ആസൂത്രിതമായിട്ടാണ്‌ ബി.ജെ.പി. നേരിട്ടത്‌. ദില്ലി സര്‍വ്വകലാശാലയിലെ സുമിത്‌ സര്‍ക്കാരിന്റെയും ജെ.എന്‍.യു.വിലെ കെ.എന്‍.പണിക്കരുടെയും നേതൃത്വത്തില്‍ ഇന്ത്യന്‍ ചരിത്ര-ഗവേഷണ കൗണ്‍സില്‍ നടത്തിയിരുന്ന "സ്വാതന്ത്ര്യത്തിലേക്ക് " (Towards Freedom) പഠനപദ്ധതി NCERT നിര്‍ത്തിവെപ്പിച്ചു. പാഠ്യപദ്ധതിയില്‍, 'ഹിന്ദു-വിരുദ്ധ യൂറോപ്പ്യന്‍ ഇന്ത്യക്കാരുടെ' സ്വാധീനം (ആര്‍.എസ്സ്‌.എസ്സ്‌ പ്രമുഖന്‍ കെ.എസ്‌.സുദര്‍ശന്റെ പ്രയോഗമായിരുന്നു അത്‌) നുള്ളിക്കളയുക എന്നതായിരുന്നു, ഇതിനുശേഷം എന്‍.സി.ഇ.ആര്‍.ടി ഏറ്റെടുത്ത അടുത്ത ദൗത്യം. ഏതെങ്കിലുമൊക്കെ സാമുദായികവിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുമെന്ന കാരണങ്ങള്‍ പറഞ്ഞ്‌, സ്കൂള്‍ പാഠ്യപദ്ധതികളില്‍ മാറ്റങ്ങള്‍ വരുത്താന്‍ NCERT 2001-ല്‍ ശ്രമമാരംഭിച്ച സമയത്തായിരുന്നു, ലോകപ്രശസ്ത ചരിത്രകാരി റൊമീളാ ഥാപ്പറിനെയും, ദില്ലി സര്‍വ്വകലാശാലയിലെ ആര്‍.എസ്‌.ശര്‍മ്മയെയും, NCERT-യിലെത്തന്നെ അര്‍ജ്ജുന്‍ ദേവിനെയും ഉടനടി അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്‌, അന്നത്തെ മനുഷ്യവിഭവശേഷി മന്ത്രി മുരളി മനോഹര്‍ ജോഷിയെ ആര്യ സമാജത്തിന്റെ ഒരു പ്രതിനിധിസംഘം സന്ദര്‍ശിച്ചത്‌. ജോഷിയാകട്ടെ, ഒരുപടികൂടി കടന്ന്, ആയുധധാരികളായ തീവ്രവാദികളേക്കാള്‍ അപകടകാരികളാണ്‌ ‘അക്കാഡമിക്‌ തീവ്രവാദികളെ‘ന്ന തന്റെ പ്രിയപ്പെട്ട ആശയം പേര്‍ത്തും പേര്‍ത്തും ആവര്‍ത്തിക്കാറുമുണ്ടായിരുന്നു.


കൌണ്ടര്‍കറന്റ്സില്‍ Subhash Gatade എഴുതിയ ലേഖനത്തിന്റെ പരിഭാഷ

* ഡോ. അലി ശരിയത്തി - 1977 ജൂണില്‍ കൊല്ലപ്പെട്ട പ്രമുഖ ഇറാനിയന്‍ പണ്ഡിതനും സോഷ്യോ-ആക്റ്റിവിസ്റ്റും.

Monday, June 30, 2008

ലിംഗസമത്വവും റോമന്‍ കാത്തോലിക്ക പള്ളികളും

ഒരു സ്ത്രീയെന്ന നിലക്ക്‌, ഞാന്‍ ജനിക്കാന്‍ ഇടവന്ന പള്ളി എന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്‌ ഇന്ന്.

കാത്തോലിക്കാ പള്ളിയുടെ അന്തരീക്ഷത്തിലാണ്‌ ഞാന്‍ വളര്‍ന്നുവലുതായത്. പ്രായപൂര്‍ത്തിയായതിനുശേഷം വര്‍ഷങ്ങളോളം, എല്ലാ ദിവസവും പ്രാര്‍ത്ഥനക്കു പോവുകയും പതിവായിരുന്നു. കരിസ്മാറ്റിക്‌ സംഘടനയിലും ഞാന്‍ അംഗമായിരുന്നു. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലിംഗപരവും ലൈംഗികസംബന്ധവുമായ വിഷയങ്ങളില്‍ പള്ളിയെടുക്കുന്ന നിലപാടുകളുടെ പൊള്ളത്തരം കാണാനിടവന്നപ്പോള്‍ ആ പതിവൊക്കെ ഞാന്‍ ഉപേക്ഷിച്ചു.

രാജ്യത്താകമാനം കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ മൂടിവെക്കാന്‍ അമേരിക്കന്‍ പള്ളികള്‍ ഉത്സാഹിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് പള്ളിയുമായി വഴിപിരിയേണ്ടിവന്നത്. കന്യാമറിയത്തെ മാതൃകയായി കണ്ടുകൊണ്ടാണ് ഇത്രനാളും ഇവിടെ ഞങ്ങള്‍ സ്ത്രീകള്‍ ജീവിച്ചത്. പക്ഷേ ഇന്ന് പള്ളി പറയുന്നത് വിവാഹസമയത്ത്, കന്യകാത്വമൊഴിച്ച് മറ്റെന്തുവേണമെങ്കില്‍ ആയിക്കൊള്ളാനാണ്.


MWC (Media with Conscience)-ല്‍ റാച്ചേല്‍ ബ്ലിസ്സ്‌ എഴുതിയ ലേഖനം.

Sunday, June 22, 2008

പരസ്യവിചാരണ

‍അംബരചുംബികളായ മണിമാളികകളുടെയും ഉപ്പുകര്‍പ്പൂരാദികളുടെയും പ്രലോഭിപ്പിക്കുന്ന വര്‍ണ്ണശബളമായ പരസ്യനാളുകള്‍ കഴിഞ്ഞുവെന്ന് ഗള്‍ഫ്‌ ന്യൂസ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

മേഘപാളികള്‍ക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും നീങ്ങുന്ന ഒരു ഗഗനപേടകത്തിന്റെ ചിത്രം. MESA എന്ന വിവിധോദ്ദേശ്യ റഡാറിന്റെ പരസ്യം. കൃത്യതയും വേഗതയുമുള്ള അറിവുകളാണ് യുദ്ധമുഖത്ത് നിര്‍ണ്ണായകമാവുക എന്ന വിജ്ഞാനവും അടിക്കുറിപ്പിലുണ്ട്. തെറ്റിദ്ധരിക്കരുത്. സമൂ‍ഹത്തിന്റെ പരിവര്‍ത്തനത്തിനോ, കൂടുതല്‍ നല്ല ഒരു സമൂഹത്തിന്റെ അതിജീവനത്തിനോ ആവശ്യമായ അറിവല്ല നോര്‍ത്ത്‌റോപ്പ് ഉദ്ദേശിക്കുന്നത്.


ഭാവിയെ വ്യക്തമായി നിര്‍വ്വചിക്കുകയാണത്രെ നോര്‍ത്ത്‌റോപ്പ്‌ ഗ്രുമ്മാന്‍ (Northrop Grumman) എന്ന പ്രതിരോധഭീമന്‍. Defining the Future എന്നാണ് അവരുടെ ആപ്തവാ‍ക്യം. സംശയാസ്പദമായ നിരവധി പ്രതിരോധ ഇടപാടുകളിലെ വില്ലനാണ്‌ ഈ ആയുധവ്യാപാരി. ലോക്‌‍ഹീഡ്‌ മാര്‍ട്ടിനെയും, ബി.എ.ഇ.യെയും പോലെ ഉന്മൂലനത്തില്‍ ഡോക്ടറേറ്റെടുത്തവന്‍. ഒരു സാമ്പിള്‍ വെടിക്കെട്ട് കാണുക.





രാജ്യത്തെ ഏതു സെഗ്‌മെന്റിനുവേണ്ടിയാണ്‌ ഈ മരണവ്യാപാരിയുടെ ഈ പരസ്യം ഗള്‍ഫ്‌ ന്യൂസ്‌ കൊടുത്തിരിക്കുന്നത്‌? എന്താണതിന്റെ സാംഗത്യം? യുദ്ധം ആസന്നമായിയെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണോ അത്‌? ഈ പരസ്യം അനുവദിച്ചതിലൂടെ ഐക്യ അറബി നാടിന്റെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌ എന്താണ്? വല്ല്യേട്ടന്മാരുടെ കൂടെ കൂടി സ്വന്തം മസിലുകള്‍ ഇളക്കി ഉമ്മാക്കി കാട്ടിയതുകൊണ്ട്‌ കേമനാണെന്ന മുദ്ര പതിയുമെന്നോ? കുട്ടിക്കളികള്‍ മതിയാക്കി, എടുത്താല്‍ പൊന്താത്ത ഒരു ആഗോള കളിയില്‍ ഒരു കൈ നോക്കാമെന്നോ?


ബര്‍ണാഡ്‌ ഷായുടെ മേജര്‍ ബാര്‍ബറ എന്ന നാടകത്തിലെ മൂന്നാമങ്കത്തിലെ ഒരു സംഭാഷണം റോബര്‍ട്ട്‌ ഫിസ്ക്‌ The Great War for Civilization; The Conquest of Middle East എന്ന തന്റെ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്‌.


ലേഡി ബ്രിറ്റോമാര്‍ട്ട്‌ - ഇതില്‍ ധാര്‍മ്മികമായ പ്രശ്നങ്ങളൊന്നുമില്ല അഡോള്‍ഫസ്‌. നീതിക്കും ശരിക്കും വേണ്ടി പോരാടുന്നവര്‍ക്കൊക്കെ നീ പീരങ്കികളും ആയുധങ്ങളും കൊടുക്കണം. വിദേശികള്‍ക്കും കുറ്റവാളികള്‍ക്കും കൊടുക്കുകയുമരുത്‌.


അണ്ടര്‍ഷാഫ്റ്റ്‌ (ദൃഢനിശ്ചയത്തോടെ) - ഹേയ്‌, അതൊന്നും ശരിയല്ല. ഒരു നല്ല ആയുധകച്ചവടക്കാരന്റെ സ്പിരിറ്റാണ്‌ വേണ്ടത്‌. ന്യായമായ വില തരുന്ന ആര്‍ക്കും നമ്മള്‍ ആയുധം കൊടുക്കണം. വ്യക്തികളെയും അവരുടെ തത്ത്വശാസ്ത്രത്തെയും ഒന്നും നോക്കരുത്‌. പ്രഭുവിനും റിപ്പബ്ലിക്കനും, ശൂന്യതാവാദിക്കും സാര്‍ ചക്രവര്‍ത്തിക്കും, മുതലാളിക്കും സോഷ്യലിസ്റ്റിനും, പ്രൊട്ടസ്റ്റന്റിനും കാത്തോലിക്കനും, കള്ളനും പോലീസിനും, കറുത്തവര്‍ഗ്ഗക്കാരനും, വെള്ളക്കാരനും, മഞ്ഞനിറക്കാരനും, എല്ലാവര്‍ക്കും. ഏതു ദേശക്കാരനായാലും, ഏതു തരം വിശ്വാസിയായാലും, എത്ര വിഢിയായാലും, എന്തു കാരണത്തിനായാലും, എന്തു കുറ്റകൃത്യത്തിനായാലും..."


അതെ, അതുതന്നെയാണ്‌ ഗള്‍ഫ്‌ ന്യൂസ്‌ ഈ പരസ്യത്തിലൂടെ ചെയ്യുന്നത്‌. മരണവ്യാപാരത്തിന്റെ ഏജന്‍സിപ്പണി. ഇതേ ആയുധങ്ങള്‍-ഒരുപക്ഷേ ഇതിനേക്കാള്‍ ലക്ഷ്യവേധിയും, മാരകവുമായവ- ഇവര്‍ മറുപക്ഷത്തിനും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഇതിനുമുന്‍പും കൊടുത്തിട്ടുണ്ടെന്നും, ഇനിയും കൊടുക്കുമെന്നും, ഇതേ സൂക്ഷ്മായുധങ്ങള്‍ തങ്ങളെത്തേടിയും എന്നെങ്കിലുമൊരിക്കല്‍ വന്നേക്കാമെന്നും എന്നാണ്‌ ഈ വിവേകചൂഡാമണികള്‍ തിരിച്ചറിയുക?

വൈകിയെത്തുന്ന ബുദ്ധി ചിലപ്പോള്‍ നല്ലതാണെന്നും വരാം. പക്ഷേ അത് തിരിച്ചറിയാന്‍, ജീവനോടെ ഉണ്ടായിരിക്കുക എന്നൊരു മിനിമം ഉപാധിയെങ്കിലും അവശ്യമല്ലേ?

Thursday, June 19, 2008

ഇത് അനാശാസ്യമല്ല

പൂര്‍ണ്ണസമ്മതത്തോടെ ഒരു സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അനാശാസ്യമാകുന്നതെങ്ങിനെയാണ്?

വ്യക്തികളുടെ സമ്മതമില്ലാതെ അവരെ സഭയിലേക്കും അമ്പലത്തിലേക്കും നടതള്ളുന്നതാണ് അനാശാസ്യം. പ്രായപൂര്‍ത്തിയാകാത്ത അവരുടെ സ്വത്തുക്കള്‍ സഭയിലേക്കും വള്ളിക്കാവുകളിലേക്കും പുട്ടപ്പര്‍ത്തിയിലേക്കും പള്ളിയുടെ ഖജനാവിലേക്കും തട്ടിയീടുക്കുന്നതാണ് അനാശാസ്യം.

പൂര്‍ണ്ണസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൊബൈല്‍ ക്യാമറയിലാക്കിയ ആ വഷളനാണ് അനാശാസ്യപ്രവര്‍ത്തനം നടത്തിയത്. ആ പാവപ്പെട്ട കന്യാസ്ത്രീയല്ല. ജൈവപരമാ‍യ ഒരു നിവൃത്തിയാണ് അവര്‍ തന്റേടത്തോടെ ചെയ്തത്. തുറന്നു സമ്മതിച്ചതും. എത്ര ധര്‍മ്മിഷ്ഠന്മാരാണ് നമ്മള്‍. എനിക്കു കേള്‍ക്കണ്ട.

വാര്‍ത്തയുടെ കൂടെ ചിത്രം കൊടുക്കാനും കേരളകൌമുദി മറന്നില്ല. അത് ഏതായാലും ആശാസ്യമായി. നദിയിലെ മണ്ണുവാരലിനെതിരെ സ്വതന്ത്രാഭിപ്രായം പറയുന്ന നാട്ടുകാരന്റെയും, വിവിധ ആരോപണങ്ങളും, പീഡനകഥകളുമായി വാര്‍ത്താചാനലില്‍ വരുന്നവരുടെയും മുഖം മറച്ച് അവരുടെ സ്വകാര്യതയെയും ഭാവിജീവിതത്തെയും രക്ഷിക്കാന്‍ കോപ്പുകൂട്ടുന്ന അതേ പത്രധര്‍മ്മമാണ് , ഈ സ്ത്രീയുടെ സ്വകാര്യനിമിഷങ്ങള്‍ ഒപ്പിയെടുത്ത മൊബൈല്‍ ക്യാമറ ദൃശ്യങ്ങള്‍ പത്രത്തില്‍ നിരത്തിവെച്ച് രതിസുഖം അനുഭവിക്കുന്നതും, വേണമെങ്കില്‍ പുരുഷകേസരികള്‍ക്ക് ഒരു ഹസ്തമൈഥുനത്തിനുള്ള സുവര്‍ണ്ണാവസരം നല്‍കുന്നതും. (ഓണ്‍‌ലൈന്‍ എഡീഷനില്‍ ചിത്രമില്ലായിരുന്നുവെങ്കിലും, പ്രധാനവാര്‍ത്തകള്‍ അയച്ചുകിട്ടുന്ന ലിങ്കില്‍ അതുണ്ടായിരുന്നു)

കന്യാസ്ത്രീകളാകാനുള്ള പ്രായം, അവരുടെ സമ്മതത്തിന്റെ പ്രശ്നം, അവരുടെ സ്വത്തില്‍ അവര്‍ക്കുള്ള അധികാരം എന്നിവയെക്കുറിച്ച് വനിതാ കമ്മീഷന്‍ നടത്തിയ ധീരമായ ഇടപെടലുകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. സഭാമേലദ്ധ്യക്ഷന്മാരുടെ എതിര്‍പ്പുകള്‍ പ്രതീക്ഷിച്ചതുതന്നെയായിരുന്നുവെങ്കിലും നമ്മെ ലജ്ജിപ്പിക്കേണ്ടത്, പിണറായി അടക്കമുള്ളവര്‍ ആ വിഷയത്തില്‍ കൈക്കൊണ്ട ഉളുപ്പില്ലായ്മതന്നെയാണ്. പിണറായിയില്‍നിന്ന് പ്രതേകിച്ചെന്തെങ്കിലും പ്രതീക്ഷിച്ചതുകൊണ്ടായിരുന്നില്ല അത്. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ വഴിക്ക് നടക്കുമെന്നൊ മറ്റോ പറയുമെന്നെങ്കിലും വെറുതെ മോഹിച്ചു.

ആ സ്ത്രീയോട് ഒരു വാക്ക്. സഭക്കും കര്‍ത്താവിനുമെതിരായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതുകൊണ്ട് സന്ന്യാസവൃത്തി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയെന്നു കേട്ടു. നല്ലത്. പഠിപ്പിലോ തൊഴിലിലോ ഏര്‍പ്പെട്ട്, വിവാഹവും കഴിച്ച്, സുഖമായി ജീവിക്കുക. അത്ര നല്ല നാളുകളാവില്ല തൊട്ടു മുന്‍പിലുണ്ടാവുക എന്നറിയാം. അതു കാര്യമാക്കാനില്ല. ഇതിന്റെ അലയൊലികളൊക്കെ കെട്ടുപോകും. ഇതിലും എത്ര വലിയ കോലാഹലങ്ങള്‍ കണ്ടവരാണ് നമ്മള്‍, അല്ലേ? ഈ ഒരു സംഭവം കൊണ്ടെങ്കിലും, മറ്റൊരു വലിയ ദുരന്തത്തില്‍നിന്ന് രക്ഷകിട്ടിയല്ലോ എന്ന് ആശ്വസിക്കുക. കര്‍ത്താവിന്റെ മണവാട്ടിയായിരിക്കുന്നതിനേക്കാള്‍ നല്ലത് ചങ്കൂറ്റമുള്ള ഒരു പുരുഷന്റെ ജീവിതപങ്കാളിയായിരിക്കുക എന്നതുതന്നെയാണ്.

ഇനി, അനാശാസ്യമെന്ന് ഇവര്‍ ലേബലൊട്ടിച്ച ഈ പ്രവൃത്തി, കര്‍ത്താവിനെതിരാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? കര്‍ത്താവ് എന്നൊരാളുണ്ടായിരുന്നെങ്കില്‍, സാധാരണ മനുഷ്യന്റെ ഇത്തരം ചോദനകളെയൊക്കെ അദ്ദേഹത്തിനു നല്ലവണ്ണം മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. തീര്‍ച്ച. നല്ല മനുഷ്യനാണ് ഏറ്റവും നല്ല സന്ന്യാസിയെന്നും, ഏറ്റവും ശ്രേഷ്ഠനായ സന്ന്യാസി ഒരു ശരാശരി മനുഷ്യന്‍ പോലുമാകില്ലെന്നും മനസ്സിലാക്കാനുള്ള വിവേകമൊക്കെ അദ്ദേഹത്തിനുണ്ടാകും. സംശയിക്കേണ്ട.

Monday, June 16, 2008

ഭക്തജനങ്ങളുടെ ശ്രദ്ധക്ക്

പറവൂര്‍ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള രണ്ടേക്കറിലെ മണ്ണ്‌ ഒന്നരയടി ആഴത്തില്‍ നീക്കം ചെയ്ത്, സമീപത്തുള്ള പെരിയാറിലെ വെള്ളത്തില്‍ കഴുകി, അരിച്ചെടുത്ത്, ശുദ്ധിവരുത്തി അഞ്ചു ലക്ഷത്തിലേറെ രൂപ ഒഴുക്കിക്കളയാന്‍ തീരുമാനമായി.

വാസ്തുശാസ്ത്രപണ്ഡിതനായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി എന്ന വിദ്വാന്റെ സവിശേഷബുദ്ധിയില്‍ ഉദിച്ച കാര്യമാണ് ഇത്. ഭൂപ്രകൃതിയിലും നീരൊഴുക്കിലുമുണ്ടായ മാറ്റം കൊണ്ട് അമ്പലത്തിന്റെ പത്മപാദുകവും അരഞ്ഞാണവും മണ്ണിനടിയിലായതും, മണ്ണിന്റെ ‘കണ്ണും കാതും’ അടഞ്ഞതും, വാസ്തുപുരുഷന്റെ കുടികിടപ്പുകാരണം ദിശമാറി വെള്ളമൊഴുകുന്നത് അപകടകരമാകുന്നതുകൊണ്ടുമാണത്രെ ഈ അറ്റകൈപ്രയോഗത്തിന് ഒരുമ്പെട്ടിരിക്കുന്നത്. അതേതായാലും നന്നായി.

പക്ഷേ, ഇതുകൊണ്ടൊന്നും ‘ഐശ്വര്യത്തിന്റെ ദോഷം‘ പൂര്‍ണ്ണമായും ഇല്ലാ‍താകില്ലെന്ന് അമ്പലം ഭരണാധികാരികള്‍ മനസ്സിലാക്കണം. അടിയന്തിരമായി ചെയ്യേണ്ട മറ്റു കാര്യങ്ങളുമുണ്ട്. അരിച്ചെടുത്ത് ശുദ്ധീകരിച്ച മണ്ണില്‍ സുഗന്ധതൈലങ്ങള്‍ പൂശണം. കഴിയുമെങ്കില്‍, ചിലവ് അല്‍പ്പം കൂടിയാലും തരക്കേടില്ല, സ്വര്‍ണ്ണം പൂശുന്നതും നന്നായിരിക്കും.

ഇനി, ചുറ്റുവട്ടത്ത് എവിടെയെങ്കിലും ഏതെങ്കിലും താഴ്ന്ന ജാതിക്കാരോ, അന്യമതസ്ഥരോ താമസിക്കുന്നുണ്ടെങ്കില്‍, അവരെയും കഴിയുന്നതും വേഗം അവിടെനിന്ന് ഇറക്കിവിടണം. അന്യമതസ്ഥരും അഹിന്ദുക്കളും അമ്പലത്തിനുള്ളില്‍ പ്രവേശിക്കരുതെന്നും, അമ്പലത്തിനുചുറ്റുമുള്ള വഴികളിലൂടെ നടക്കരുതെന്നും ഒരു ബോര്‍ഡ്‌‌കൂടി വെച്ചാല്‍ ഏറെ നന്ന്. ഏതൊക്കെ വിധത്തിലാണ് അശുദ്ധികള്‍ ഉണ്ടാവുകയെന്ന് ആര്‍ക്കും ഇന്നത്തെകാലത്ത് ഉറപ്പിച്ച് പറയാന്‍ വയ്യല്ലോ. ഒരു ശ്രദ്ധ വേണമെന്ന് ചുരുക്കം.

വാര്‍ത്ത ഇവിടെ

Thursday, June 12, 2008

അടിമയുടെ സ്വപ്നം; പത്രങ്ങളും ഓവുചാലുകളും - രണ്ടു ലേഖനങ്ങള്‍

"വീട്ടുജോലിക്കാരെ മനുഷ്യരായി എന്നു മുതല്‍ നമ്മള്‍ പരിഗണിക്കാന്‍ തുടങ്ങുന്നുവോ അന്നുമുതല്‍ അവരെക്കൊണ്ട്‌ വലിയ പ്രയോജനമില്ലാതെ വരുന്നു'വെന്ന് നമ്മെ പരിഹസിച്ചത്‌ ബര്‍ണാഡ്‌ ഷാ ആയിരുന്നു.

ആ സത്യം മനസ്സിലാകാതെപോയതുകൊണ്ടായിരിക്കണം, ഇന്ത്യക്കാര്‍ തങ്ങളുടെ വീട്ടുജോലിക്കാരോട്‌ ഇത്ര മോശമായി പെരുമാറുന്നത്‌.ഈയടുത്തദിവസം ദില്ലിയില്‍ ഒരു വിദ്യാര്‍ത്ഥിനിയെ അവളുടെ വീട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍കണ്ടെത്തി. ആദ്യം സംശയിച്ചത്‌ അവരുടെ വേലക്കാരനെയായിരുന്നു. ഒളിച്ചോടിപ്പോയ വേലക്കാരന്റെ കഥയും നൊട്ടിനുണഞ്ഞ്, മാധ്യമപ്പട, ഒട്ടും സമയം നഷ്ടപ്പെടുത്താതെ, പട്ടണത്തിലേക്ക്‌ പാഞ്ഞു . പക്ഷേ. തൊട്ടടുത്ത ദിവസം, പെണ്‍കുട്ടിയുടെ വീടിന്റെ മുകളിലുള്ള മുറിയില്‍നിന്ന്, ജോലിക്കാരന്റെ മൃതദേഹം കണ്ടെത്തി. ഇപ്പോള്‍ പറയുന്നത്‌ അയാളായിരിക്കണം ആദ്യം കൊല്ലപ്പെട്ടത്‌ എന്നാണ്‌.

ഞാന്‍ ആലോചിക്കുന്നത്‌ ആ വീട്ടുജോലിക്കാരനെക്കുറിച്ചാണ്‌. എത്ര എളുപ്പത്തിലാണ്‌ നമ്മളയാളില്‍ കുറ്റം ചുമത്തിയത്‌?

ഇത്‌ പ്രതീക്ഷിക്കാവുന്നതുതന്നെയാണ്‌. എന്റെ അയല്‍പക്കത്തുള്ള നിസാമുദ്ദീന്‍ എന്ന സമ്പന്നപ്രദേശത്ത്‌ കഴിഞ്ഞ ഒരു മാസമായി നിരന്തരം പോലീസ്‌ സംഘങ്ങള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്‌. താമസക്കാര്‍ എത്തിച്ചുകൊടുക്കുന്ന കസേരയില്‍, ഏതെങ്കിലും മരച്ചുവട്ടിലിരുന്ന്, തടിച്ച രജിസ്റ്റര്‍ ബുക്കും തുറന്നുവെച്ച്‌, പ്രദേശത്തെ വീട്ടുവേലക്കാരുടെയും, ഡ്രൈവര്‍മാരുടെയും, തോട്ടിപ്പണിക്കാരുടെയും പൂര്‍വ്വകാലചരിത്രം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌ അവര്‍. മറ്റു പ്രദേശങ്ങളിലും ഏറെക്കുറെ ഇതുതന്നെയാണ്‌ നടക്കുന്നത്‌. ഇതൊക്കെയാണെങ്കിലും, യജമാനന്മാരെ ചോദ്യം ചെയ്യണമെന്നൊന്നും ആര്‍ക്കും തോന്നുന്നുമില്ല. (അവരുടെയും വിരലടയാളങ്ങള്‍ എടുക്കുന്നുണ്ട്‌, പക്ഷേ അത്‌ അവര്‍ക്ക്‌ അമേരിക്കയിലേക്കും മറ്റും പോകാനുള്ള വിസയുടെ ആവശ്യത്തിനുവേണ്ടിയാണെന്നുള്ള കാര്യം വേലക്കാരില്‍നിന്നും രഹസ്യമായിവെച്ചിരിക്കുകയാണ്‌).


നമ്മെ സഹായിക്കാന്‍ വേണ്ടി നമ്മള്‍തന്നെ വാടകക്കെടുക്കുന്ന ഈ മനുഷ്യരെതന്നെ ആദ്യം നമ്മള്‍ സംശയിക്കാന്‍ ഇടവരുന്നതും, അവരോട്‌ മോശമായി പെരുമാറുന്നതും എന്തുകൊണ്ടാണ്‌?

ജൂണ്‍ 5-ലെ ഡോണ്‍ പത്രത്തില്‍ ജാവേദ് നഖ്‌‌വി എഴുതിയ ലേഖനത്തില്‍നിന്ന്.

ഇന്ത്യ 2020-ലേക്കും ദളിതന്‍ ഓവുചാലിലേക്കും

പ്രസക്തമായ മറ്റൊരു നിരീക്ഷണം കൂടി ജാവേദ് നഖ്‌വി പുതിയ ലേഖനത്തില്‍ അവതരിപ്പിക്കുന്നു.

Monday, June 9, 2008

യു.എ.ഇ.യുടെ സ്വത്വാന്വേഷണപരീക്ഷകള്‍

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഐക്യ അറബി നാടിന്റെ സ്വത്വന്വേഷണത്തെക്കുറിച്ചുള്ള ചിന്തകള്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്‌ മാധ്യമങ്ങളിലും വിവിധ ഫോറങ്ങളിലും. ഒട്ടകത്തില്‍നിന്ന് കാഡില്ലാക്കുവരെയുള്ള വളര്‍ച്ചയുടെ പടവുകളില്‍വെച്ച്‌ തങ്ങള്‍ക്കു നഷ്ടമായി എന്ന് അവര്‍ വിശ്വസിക്കുന്ന മൂല്യങ്ങളെയും ദേശീയബോധത്തെയും തിരിച്ചുപിടിക്കാനുള്ള ഒരു സ്വത്വാന്വേഷണം എന്ന നിലക്ക്‌ അതിന്‌ യു.എ.ഇ.യിലും മറ്റ്‌ ഗള്‍ഫ്‌ നാടുകളിലും പ്രസക്തിയുമുണ്ട്‌.

'വരത്തന്‍'മാര്‍ക്കെതിരെ ദക്ഷിണാഫ്രിക്കയിലും മറ്റിടങ്ങളിലും നടക്കുന്ന ആക്രമങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ ആ പ്രസക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു.ഇതിനെക്കുറിച്ചുള്ള ഒരു പ്രവാസിയുടെ കാഴ്ചപ്പാടുകള്‍ക്കും വിലയിരുത്തലുകള്‍ക്കും, മനശ്ശാസ്ത്രപരമായും സാമൂഹ്യപരവുമായ പരിമിതകള്‍ ഏറെയുണ്ടാകാം. പ്രത്യേകിച്ചും, ഒരു ജനാധിപത്യ-റിപ്പബ്ലിക്കിനുള്ളില്‍ നിന്നുകൊണ്ടല്ല സംസാരിക്കുന്നത്‌ എന്നുവരുമ്പോള്‍.

ഒരു രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ തദ്ദേശീയരുടെ എണ്ണം 20-25 ശതമാനം മാത്രമാണെന്നു തിരിച്ചറിയുന്നത്‌ അത്ര സുഖകരമായ ഒരു കാര്യമല്ല. എങ്കിലും യു.എ.ഇ.യിലെ യാഥാര്‍ത്ഥ്യം അതാണുതാനും. അസംഖ്യം, ദേശ-വംശ-വര്‍ഗ്ഗ-ഭാഷാ വൈപുല്യങ്ങള്‍ക്കിടയില്‍ തങ്ങളുടേതായ വ്യക്തിത്വം-സ്വത്വം, പരിരക്ഷിക്കുക എന്നത്‌ കഠിനമായ ചില തിരിച്ചറിവുകളെയും, നയരൂപീകരണങ്ങളെയും, പ്രവൃത്തിമാര്‍ഗ്ഗങ്ങളെയും ക്ഷണിക്കുന്നുണ്ട്‌. അതിവൈകാരികവും ഉപരിപ്ലവമായ കാഴ്ചപ്പാടുകള്‍ പ്രശ്നപരിഹാരത്തിന്‌ തീരെ സഹായകമാവുകയില്ലെന്നു മാത്രമല്ല, അവയെ രൂക്ഷമാക്കാനും ഇടയുണ്ട്‌.

പെട്രോളിന്റെ കണ്ടെത്തലോടെ, തീരെ പ്രതീക്ഷിക്കാത്ത ഒരു ചരിത്രപരിസരത്തിലേക്ക്‌ ഗള്‍ഫ്‌ നാടുകള്‍ സ്വയം പറിച്ചുനടപ്പെടുകയായിരുന്നു. വളര്‍ച്ചയുടെ ഓട്ടപ്പന്തയത്തിനിടയില്‍, പൊട്ടഭാഗ്യം കൊണ്ട്‌ ഫിനിഷിംഗ്‌ പോയിന്റിലെത്തിയ ഒരാളുടെ അന്ധാളിപ്പ്‌, ഗള്‍ഫ്‌ നാടുകളില്‍ ഇന്നും കാണാം. തീരെ പ്രതീക്ഷിച്ചിരിക്കാതെ, അവിശ്വസനീയമായ അളവിലുള്ള പണം കയ്യിലെത്തിച്ചേര്‍ന്ന ഒരാളുടെ സ്ഥിതി. സ്വന്തം ഭൂമിക്കടിയിലെ ആ പൊന്ന് കൈക്കലാക്കാന്‍ അന്യന്റെ സഹായം വേണ്ടിവരുക എന്നതൊരു ദുരന്തമാണെങ്കില്‍ അതും ഇക്കൂട്ടര്‍ക്ക്‌ അനുഭവിക്കേണ്ടിവന്നു.

ഇതൊക്കെയാണെങ്കിലും ഒരു പുതിയ രാഷ്ട്രരൂപീകരണത്തിന്റെ പാതയിലേക്ക്‌ ഇവര്‍ മെല്ലെമെല്ലെ നീങ്ങുന്നതാണ്‌ പിന്നെ നാം കാണുന്നത്‌. ഭൂമിശാസ്ത്രപരമായും പരമ്പരാഗതപൈതൃകങ്ങളാലും ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളെ, അവ വിരലിലെണ്ണാവുന്നവയാണെങ്കില്‍തന്നെയും, ഒരു പൊതു ധാരണയുടെ കീഴില്‍ അണിനിരത്താനും ദേശരാഷ്ട്രമായി സംഘടിപ്പിക്കാനും വളരെ എളുപ്പത്തില്‍ ഇവര്‍ക്ക്‌ കഴിഞ്ഞു. ആയുധബലവും, ബാഹ്യമായ ഇടപെടലുകളുമൊന്നുമില്ലാതെതന്നെ.

എണ്ണപര്യവേക്ഷണത്തിനും അതിനോടനുബന്ധിച്ചുള്ള അടിസ്ഥാനസൗകര്യനിര്‍മ്മാണത്തിനുമായി മറ്റ്‌ ജനവിഭാഗങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിവന്നതുമുതലാണ്‌ ഈ അന്യവത്‌ക്കരണത്തിന്റെ ആരംഭം. ആ പ്രാരംഭഘട്ടത്തിനെ സമയബന്ധിതമായി നിര്‍വ്വചിക്കാനോ നിയന്ത്രിക്കാനോ യു.എ.ഇ.ക്ക്‌(മറ്റ്‌ ഗള്‍ഫ്‌ നാടുകള്‍ക്കും) സാധിച്ചില്ല. ദേശനിര്‍മ്മാണം ആവശ്യപ്പെടുന്ന കനത്ത ബാദ്ധ്യതകള്‍ അവര്‍ ഏറ്റെടുത്തില്ല. മുപ്പത്തഞ്ചു കൊല്ലം എന്നത്‌ ഒരു പക്ഷേ അത്തരമൊരു ഏറ്റെടുക്കലിന്‌ മതിയായ കാലയളവല്ലെന്ന ന്യായം ഉയര്‍ന്നുവന്നേക്കാം. അത്‌ ശരിയുമാണ്‌. എങ്കിലും, തങ്ങളുടെ ആശ്രിതാവസ്ഥയെ ഇല്ലാതാക്കുന്നതിനുപകരം, അതിനെ കൂടുതല്‍ക്കൂടുതല്‍ വിപുലമാക്കുകയാണ്‌ ഇന്ന് യു.എ.ഇ. ചെയ്യുന്നത്‌.

പ്രാരംഭഘട്ടത്തിലെ തൊഴിലാളികുടിയേറ്റത്തിന്‌ അനുയോജ്യമായ ഒരു സമ്പദ്‌വ്യവസ്ഥ യു.എ.ഇ. വളര്‍ത്തിയെടുത്തു. അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു പശ്ചാത്തലവികസനം. അടിസ്ഥാനനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ഉപഭോഗം, വിദ്യാഭ്യാസ-ആരോഗ്യ രംഗം, എന്നിങ്ങനെ, തൊഴില്‍ കുടിയേറ്റക്കാരുടെ സൗകര്യങ്ങള്‍ക്കാണ്‌ പ്രാഥമിക പരിഗണന ലഭിച്ചത്‌. അവയുടെ അളവ്‌ ആരെയും അമ്പരപ്പിക്കുന്നതുമായിരുന്നു. ഈ കുടിയേറ്റക്കാരുടെ ജീവിതത്തിലും, അവരുടെ ജന്മനാടിന്റെ സാമ്പത്തിക-സാമൂഹ്യ വളര്‍ച്ചയിലും ഇത്‌ വളരെ വലിയ മാറ്റങ്ങളാണ്‌ ഉണ്ടാക്കിയത്‌. നല്ലതിനായാലും അല്ലെങ്കിലും. അത്‌ മറ്റൊരു വിഷയം.

കമ്പോളത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും ഇത്‌ നിയന്ത്രിച്ചു. കമ്പോളത്തിന്‌, ലാഭമെന്ന ലക്ഷ്യമൊഴിച്ച്‌, സ്ഥായിയായ മറ്റൊരു സ്വത്വബോധവും ബാധകമല്ലാത്തതുകൊണ്ട്‌ അത്‌ വീണ്ടുംവീണ്ടും കുടിയേറ്റത്തെയും, അതിനോടനുബന്ധിച്ചുള്ള ഭീമമായി വളരുന്ന ആഗോളമാതൃകയിലുള്ള സമ്പദ്‌വ്യവസ്ഥയെയും നിര്‍മ്മിച്ചു.അപ്പോഴൊക്കെ, 60-ല്‍ നിന്ന് 30-ലേക്കും, 25-ലേക്കും ജനസംഖ്യയിലും രാജ്യത്തിന്റെ നിര്‍ണ്ണായകഘടകമെന്ന നിലയിലും തദ്ദേശീയര്‍ താഴുകയാണുണ്ടായത്‌.

ഈ പ്രക്രിയ ഇനിയും അവസാനിച്ചിട്ടില്ല എന്നുകൂടി വായിക്കുമ്പോഴാണ്‌ ഈ ദേശസ്വത്വത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങളുടെയും ചര്‍ച്ചകളുടെയും ഉപരിപ്ലവത്വം നമുക്ക് ബോദ്ധ്യമാവുക.

പുതിയ കണക്കനുസരിച്ച്‌, 2011- ആകുമ്പോഴേക്കും ഇവിടെ നിര്‍മ്മിതമാവുന്ന താമസകേന്ദ്രങ്ങളില്‍ 84 ശതമാനവും വിദേശീയരുടെ കയ്യിലായിരിക്കുമെന്ന് പുളകം കൊള്ളുന്നതിനോടൊപ്പമാണ്‌, നഷ്ടമാകുന്ന ദേശീയസ്വത്വത്തെക്കുറിച്ചുള്ള ഈ വിലാപങ്ങളും ഉയര്‍ന്നുവരുന്നത്‌. 42000 ദിര്‍ഹം മുന്‍കൂറായി കൊടുത്ത്‌ ‘ദുബായില്‍ ഒരു സാന്‍ഫ്രാന്‍സിസ്കോ സ്വന്തമാക്കൂ’ എന്നാണ്‌ ഒരു പരസ്യ ഏജന്‍സി, ഒരു ഉളിപ്പുമില്ലാതെ, ഈ മണ്ണില്‍നിന്നുകൊണ്ടുതന്നെ, ഈ സ്വത്വാന്വേഷികളെ ഉദ്‌ബോധിപ്പിക്കുന്നതും, ആ ഉദ്‌ബോധനത്തെ ബഹുവര്‍ണ്ണ പരസ്യ കവറില്‍ പൊതിഞ്ഞ്, ഇവിടുത്തെത്തന്നെ ഒരു പ്രമുഖ പത്രം വീട്ടുവരാന്തകളില്‍ നിക്ഷേപിക്കുന്നതും. ‍ഏഴു എമിറേറ്റുകളും ഇതില്‍ ഒന്നിനൊന്നു മെച്ചമായി മത്സരിക്കുകയും ചെയ്യുന്നു. അതിസമ്പന്നരെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള, അവര്‍ക്ക്‌ മാത്രം അതിജീവിക്കാനും പെറ്റുപെരുകാനുമുള്ള, ആഡംബര്‍പൂര്‍ണ്ണവും, കുമിളസദൃശവുമായ ഒരു സാമ്പത്തിക മേഖലയെയാണ്‌ ഈ രാജ്യം ഇന്ന് ലക്ഷ്യമാക്കുന്നത്‌. അതില്‍ തദ്ദേശീയരായ മദ്ധ്യവര്‍ഗ്ഗ സമൂഹത്തിനുപോലും സ്ഥനമില്ലാതായിക്കൊണ്ടിരിക്കുന്നു. സ്വന്തം മണ്ണും സാംസ്കാരികപരിസരവും വിദേശകമ്പോള ശക്തികള്‍ക്ക്‌ തീറെഴുതിക്കൊടുക്കുകയാണ്‌ യു.എ.ഇ.യും (ഗള്‍ഫ്‌ നാടുകള്‍ പൊതുവെയും) ചെയ്യുന്നത്‌. ഉപഭോഗത്തില്‍ മാത്രം അധിഷ്ഠിതമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുകയും, ആ സമൂഹത്തിനാവശ്യമായ വര്‍ദ്ധമാനമായ ഉപഭോഗ കമ്പോളം വീണ്ടും വീണ്ടും പുനസൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ദൂഷിതവലയത്തിനകത്താണ്‌ ഇന്ന് യു.എ.ഇ.

തങ്ങളുടെ ഭാഷയും സംസ്കാരവും പങ്കുവെക്കുന്ന മറ്റ്‌ അറബ്‌ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളെയായിരിക്കണം കൂടുതലായും കൊണ്ടുവരേണ്ടതെന്ന് പറയുന്ന ഡോക്‍ടര്‍ ജമാല്‍ അല്‍ സുവൈദിയെപ്പോലുള്ളവര്‍പോലും വെറും ബാലിശമായ വാദഗതികളാണ്‌ ഉയര്‍ത്തുന്നത്‌. എമിറേറ്റ്‌സ്‌ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ്‌ ആന്‍ഡ്‌ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറലാണദ്ദേഹം. അറബ്‌ ലോകം ഒരു ഏകശിലാരൂപമല്ലെന്ന സാമാന്യബോധമെങ്കിലും അദ്ദേഹത്തില്‍നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. അറബ് രാജ്യങ്ങള്‍ എന്നതുകൊണ്ട് ജി.സി.സി.യിലെ ആറു രാജ്യങ്ങളെയാണോ അല്‍ സുവൈദി ഉദ്ദേശിച്ചതെന്ന് വ്യക്തമാല്ല. അങ്ങിനെയാണെങ്കില്‍പ്പോലും മതവിശ്വാസത്തിലും വേഷധാരണത്തിലും, അതുപോലുള്ള ബാഹ്യമായ രീതികളിലും മാത്രമേ ഒരു പൊതു പാരമ്പര്യം ഈ ഗള്‍ഫ് നാടുകള്‍ പങ്കുവെക്കുന്നുള്ളു. (അറബികളെന്ന സംജ്ഞ ഈ ആറു ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല) അതില്‍പ്പോലും വ്യത്യാസങ്ങളും വൈജാത്യങ്ങളും ആവശ്യത്തിനുണ്ടുതാനും. എമിറേറ്റിലെ പുരുഷന്മാര്‍ വിദേശവനിതകളെ വിവാഹം ചെയ്യുന്ന പ്രവണതയെ വിലയിരുത്തുന്ന നജ്‌ല അവാധിയുടെ വീക്ഷണവും സസൂക്ഷ്മം പഠന-വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്‌. യു.എ.ഇ.യിലെയും (പൊതുവെ ഗള്‍ഫിലെയും) സ്ത്രീ-പുരുഷബന്ധങ്ങളുടെ സാമൂഹ്യതലത്തെ നജ്‌ല സ്പര്‍ശിക്കുന്നുണ്ടെന്നത്‌ ശ്രദ്ധേയമാണ്‌.

അന്യസമൂഹങ്ങളോടുള്ള സഹിഷ്ണുതയുടെ കാര്യത്തില്‍, യു.എ.ഇ.യിലെ തദ്ദേശീയസമൂഹം മറ്റു രാജ്യങ്ങളേക്കാള്‍ ഏറെ മുന്‍പിലാണ്‌. വളരെ വിശാലവും ബഹുസ്വരതയുമുള്ള ഒരു ലോകവുമായുള്ള അവരുടെ കഴിഞ്ഞ മുപ്പതുകൊല്ലത്തെ മുഖമുഖം അവരെ സാമൂഹ്യപരമായി ഏറെ പുരോഗമനോന്മുഖമാക്കിയിട്ടുണ്ട്‌. എങ്കിലും, തങ്ങളുടേതായ പാരമ്പര്യത്തില്‍നിന്ന് അവര്‍ ബഹുദൂരം അകന്നുപോയ്‌ക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അറബ്‌ ഭാഷയുടെ വ്യാപനത്തിലും വളര്‍ച്ചയിലും പ്രകടമാകുന്ന ഉദാസീനത ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌. സ്കൂള്‍ കരിക്കുലത്തിനകത്തും പുറത്തും ഇത്‌ ദൃശ്യവുമാണ്‌. അറബ്‌ ഭാഷ പഠനത്തെ നിര്‍ബന്ധമാക്കാനോ, അതിനുതകുന്ന പാഠ്യപദ്ധതിയോ അദ്ധ്യാപകരേയോ വാര്‍ത്തെടുക്കാനും കഴിയാതെപോകുന്നു.

കമ്പോളത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞ സ്വകാര്യ മേഖലയിലുള്ള തദ്ദേശീയരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനോ, അവരെ അതിനു സന്നദ്ധമാക്കാനോ പരിശീലിപ്പിക്കാനോ ഉള്ള പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നില്ലെന്നുവേണം പറയാന്‍. നാമമാത്രമായ പ്രവര്‍ത്തനങ്ങളാണ്‌ അധികവും കാണുന്നത്‌. തദ്ദേശവത്‌ക്കരണം അധികവും ഒതുങ്ങുന്നത്‌ സര്‍ക്കാര്‍ മേഖലയിലാണ്‌. ആ സര്‍ക്കാര്‍ മേഖലതന്നെ, ഭീമന്‍ സ്വകാര്യ കോര്‍പ്പറേറ്റുകളുടെ അനുബന്ധമായി തരംതാഴുകയും ചെയ്തിരിക്കുന്നു.

ഒരു രാജ്യത്തിന്റെ വ്യക്തിത്വം അഥവാ, സ്വത്വബോധമെന്നത്‌, അതിന്റെ സാമ്പത്തികവും, സാമൂഹ്യവും, സാംസ്കാരികവുമായ പരമാധികാരവുമായി ബന്ധപ്പെട്ടതാണെങ്കില്‍, യു.എ.ഇ. അത്‌ ഓരോന്നോരോന്നായി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പറയേണ്ടിവരുന്നു.

യു.എ.ഇ.യിലെ പുതിയ തലമുറയുടെ വളര്‍ച്ചയില്‍, രാജ്യത്തിലെ അന്യനാട്ടുകാരായ വീട്ടുജോലിക്കാരുടെ സ്വാധീനം,അറബിഭാഷയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലീഷിനോട്‌ പുതിയ തലമുറക്കുള്ള അഭിനിവേശം, ആഗോളവത്‌ക്കരണത്തിന്റെ ഭാഗമായി പുതിയ തലമുറ പാരമ്പര്യങ്ങളെ കയ്യൊഴിയുന്നത്‌, അങ്ങിനെയങ്ങിനെ വിവിധ കാരണങ്ങളിലേക്കാണ്‌ സ്വത്വബോധത്തിന്റെ അന്വേഷണം നീളുന്നത്‌. എങ്കിലും ഇതൊക്കെ രോഗത്തിന്റെ കാരണങ്ങളല്ലെന്നും രോഗലക്ഷണങ്ങള്‍ മാത്രമാണെന്നുമുള്ള തിരിച്ചറിവ്‌ നഷ്ടമാകുന്നുമുണ്ട്‌ ഇത്തരം അന്വേഷണങ്ങളില്‍.

ഇന്നത്തെ രീതിയിലുള്ള വികസന സങ്കല്‍പ്പങ്ങളില്‍ നിന്ന് യു.എ.ഇ. വിടുതല്‍ നേടേണ്ടതുണ്ട്‌. ഉത്‌പാദനാധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയാണ്‌ ഏതൊരു രാജ്യത്തിന്റെയും പിന്‍ബലമാകേണ്ടത്‌. പ്രകൃതിവിഭവങ്ങളുടെ അപര്യാപ്തത, പ്രതികൂലമായ കാലാവസ്ഥ, മറ്റു സാഹചര്യങ്ങള്‍ എന്നിവ മൂലം ചില രാജ്യങ്ങളില്‍ അതിനുള്ള സാദ്ധ്യതകള്‍ കണ്ടില്ലെന്നും വരാം. എങ്കിലും മിനിമം സാമൂഹ്യപ്രതിബദ്ധതയെങ്കിലുമുള്ള ഒരു വാണിജ്യരംഗത്തിന്റെ പ്രയോഗവും അവക്ക് സാ‍മ്പത്തികരംഗത്തുള്ള അധീശത്വവും കൊണ്ട്‌ അത്തരം പരിമിതികളെ അതിവര്‍ത്തിക്കാനും നല്ലൊരു പരിധിവരെ സാധിക്കും. ഇവിടെ നമ്മള്‍ കാണുന്നത്‌ അത്തരമൊരു വീണ്ടുവിചാരമല്ലതന്നെ. തികച്ചും ഊഹാപോഹത്തില്‍ അധിഷ്ഠിതമായ കമ്പോളവ്യവസ്ഥയും, അതിന്റെ ഉള്ളുറപ്പില്ലാത്ത തറക്കല്ലിന്മേല്‍ പടുത്തുയര്‍ത്തിയ റിയല്‍ എസ്റ്റേറ്റ്‌-വിനോദവ്യവസായങ്ങളുടെ അംബരചുംബികളുമാണ്‌ ഐക്യ അറബി നാടിന്റെ സ്വത്വബോധ അന്വേഷണങ്ങളുടെ ആകാശങ്ങളിലേക്ക്‌ ഇന്ന് ഭീഷണമായ വിരല്‍ചൂണ്ടുന്നത്‌.


* തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ച ലേഖനം.

Wednesday, June 4, 2008

പൂര്‍വ്വാശ്രമത്തില്‍നിന്ന് ഒരേട് - അവസാന ഭാഗം

ബിര്‍ളയുടെ ക്ഷേത്രങ്ങള്‍ മലയാളികളുടെ ക്ഷേത്രസങ്കല്‍പ്പത്തില്‍നിന്ന് എങ്ങിനെ വ്യത്യസ്തമായിരിക്കുന്നുവോ, അതുപോലെയായിരുന്നു രാഘവാനന്ദമഠം എന്ന ആശ്രമവും. പ്രശാന്തമായ പരിസരവും, തളിര്‍ത്തുലയുന്ന വൃക്ഷലതാദികളും തികഞ്ഞ പാരസ്പര്യത്തില്‍ കഴിയുന്ന ആശ്രമമൃഗങ്ങളും ഒന്നുമുണ്ടായിരുന്നില്ല അവിടെ. കല്‍ബാദേവി ക്ഷേത്രത്തിനടുത്തുള്ള, ഗുലാല്‍വാഡിയിലെ കിക്കാ സ്ട്രീറ്റില്‍ അത്‌ തിങ്ങി ഞെരുങ്ങിനിന്നു. ശ്വാസം വിടാന്‍പോലും പഴുതില്ലാത്തവിധം. ഗ്രാന്റ് റോഡിലെ ചുവന്ന തെരുവില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തില്‍.

താഴെ നിലയില്‍ ഒരു വലിയ ഹാള്‍. അതിന്റെ മദ്ധ്യത്തില്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത ആലിംഗനബദ്ധരായ ശിവപാര്‍വ്വതിമാര്‍. മുകളില്‍ രണ്ടു വലിയ ഹാളുകള്‍. നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള സന്ന്യാസിമാര്‍ അതില്‍ വിരുന്നു പാര്‍ത്തു വന്നു. ഒരാഴ്ചയില്‍ കൂടുതല്‍ കാലം ഒരു സന്ന്യാസിയും വിരുന്നുപാര്‍ക്കാന്‍ പാടില്ലെന്നുള്ളായിരുന്നു ആശ്രമത്തിലെ അലിഖിത നിയമം. രണ്ടു വലിയ ഹാളുകള്‍ കൂടാതെ, രണ്ടു ചെറിയ മുറികളുണ്ടായിരുന്നത്‌, തലമൂത്ത സന്ന്യാസിമാര്‍ക്കായി മാറ്റിവെച്ചിരുന്നു. ദ്വാരകയിലെ ഇളംകൂറും ഞാനും അവിടെക്കൂടി. രണ്ടുദിവസത്തിനുശേഷം അമ്മാവന്‍ ദ്വാരകയിലേക്ക്‌ മടങ്ങിയപ്പോള്‍ ഞാന്‍ എന്റെ താമസം ഹാളിലേക്ക്‌ മാറ്റി.

പ്രേമാനന്ദന്‍ ഒരു അപൂര്‍വ്വ ജന്മമായിരുന്നു. കോട്ടയം സ്വദേശി. പണ്ടത്തെ നിലക്കല്‍ സമരത്തിലൊക്കെ പങ്കെടുത്തിരുന്ന ദേഹം. ശാക്തേയനാണ്‌. വി.കെ.എന്‍ പറഞ്ഞതുപോലെ, "ഇന്നതേ ആകാവൂന്ന്‌‌ല്ല്യാ”ത്ത കൂട്ടര്‍. വൈഷ്ണവരാകട്ടെ പരമഭക്തരും സാത്വികാംശം കൂടുതലുള്ളവരും. ദ്വാരകയില്‍ നമ്മളത്‌ കണ്ടതാണല്ലോ.

അവിടെ കൂടി. രണ്ടു മാസത്തോളം. പ്രേമാനന്ദന്റെ ദിവസം തുടങ്ങുന്നത്‌ അതിരാവിലെ എട്ടൊന്‍പത്‌ മണിയോടെയാണ്‌. പാചകക്കാരന്‍ ഒരാളുണ്ട്‌. ലംബു എന്നായിരുന്നു വിളിച്ചിരുന്നത്‌. ഒരു ദീര്‍ഘാപാംഗന്‍. സാധു. പത്തുമണിയാകുമ്പോഴേക്കും കുളിയും തേവാരവുമൊക്കെ കഴിഞ്ഞ്‌, പ്രേമാനന്ദന്‍ മൂന്നാം നിലയിലെ സ്വീകരണമുറിയിലെത്തുമ്പോഴേക്കും ലംബു രണ്ടു മൂന്നു കിലോ ശിവമൂലിയുമായി വന്നിട്ടുണ്ടാകും. കല്‍ബാദേവി ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള പീടികയില്‍നിന്നാണ്‌ ജടയന്റെ വരവ്‌. അവിടെ എപ്പോഴും അത്‌ സുലഭം. താഴത്തെ ഹാളില്‍നിന്ന് 'ഭേദപ്പെട്ട വീടുക'ളിലെ സാധുക്കളൊക്കെ അപ്പോഴേക്കും സ്വീകരണമുറിയിലെത്തിയിട്ടുണ്ടാകും.

ഭാര്‍തിയെക്കുറിച്ച്‌ നമ്മളൊന്നും പറഞ്ഞില്ലല്ലോ. തെലുങ്കത്തിയാണ്‌. ചെറുപ്പം. നല്ല തന്റേടം. ഹിന്ദിയും, മറാത്തിയും, തെലുങ്കും, മലയാളവും, തമിഴും, തുളുവും, എല്ലാം ഭംഗിയായി വീശും. കാവിമുണ്ട്‌. നല്ല ഇറുക്കമുള്ള ഫുള്‍സ്ലീവ്‌സ്‌ കാവിജുബ്ബ. നെറ്റിയില്‍ നീളത്തില്‍ കളഭവര. അതില്‍ കറുത്ത വലിയ പൊട്ട്‌. കാണാന്‍ നന്ന്.തീരെ പ്രവചിക്കാനാവാത്ത സ്വഭാവം. ഇടക്കിടക്ക്‌ പൊട്ടിത്തെറിക്കും. മുറിയില്‍ചെന്നിരുന്ന് ഉച്ചത്തില്‍ കരയുന്നത്‌ കേള്‍ക്കാം മറ്റുചിലപ്പോള്‍. പ്രേമാനന്ദനോടും ഇടക്ക്‌ വല്ലാതെ കയര്‍ക്കും. മൂപ്പരാകട്ടെ, അത്‌ നല്ലവണ്ണമാസ്വദിച്ച്‌, പിന്നെയും പിന്നെയും ഭാര്‍തിയെ ചൂടുപിടിപ്പിക്കുകയും ചെയ്യും. അത്യപൂര്‍വ്വമായി അടുക്കളയില്‍ ലംബുവിനെ സഹായിക്കാനും നില്‍ക്കും ഭാര്‍തി.

സ്വീകരണമുറിയില്‍ പ്രേമാനന്ദന്റെ തൊട്ടടുത്ത്‌ അവരും ഇരുന്നമരും. മുറിയില്‍ നിറയുന്ന സന്ന്യാസിവര്യന്മാര്‍ പ്രേമാനന്ദനും ഭാര്‍തിയുമായി അല്‍പം ചില ആചാര-ഭംഗിവാക്കുകള്‍ പങ്കിടും. ശിവമൂലി കുത്തിനിറച്ച ഹുക്കയും സാമ്പ്രാണിതാലത്തിലെ കനലുകളുമായി ലംബു എത്തും. പ്രേമാനന്ദന്റെ മുന്‍പിലുള്ള പാത്രത്തില്‍ നിര്‍വ്വാണവും പ്രതീക്ഷിച്ച്‌ ധ്യാനനിമഗ്നമായി, അക്ഷമയോടെ ഹുക്ക കാത്തിരിക്കുന്നുണ്ടാകും. ഏറ്റവും പ്രായം ചെന്ന ഏതെങ്കിലുമൊരു കാഷായധാരി സാമ്പ്രാണിതാലത്തില്‍നിന്ന് ഒരു കനലെടുത്ത്‌ ഹുക്കയില്‍ വെക്കും. അതോടെ ശിവസ്തുതികള്‍ ഉയരുകയായി. ഹുങ്കാരശബ്ദത്തോടെ. ആദ്യത്തെ പുക പ്രേമാനന്ദന്‌. അടുത്തത്‌ ഭാര്‍തി. ഹുക്കയുടെ പ്രയാണം തുടങ്ങുകയായി. ഒരു ഹുക്ക തീരുമ്പോഴേക്കും ലംബു അടുത്തത്‌ നിറച്ചിട്ടുണ്ടാകും. ഈ പൂജ സമാപിക്കുക പന്ത്രണ്ടുമണിയോടെയാണ്‌. ചത്ത കണ്ണുകളും കഫം നിറഞ്ഞ ചുമയുമായി സന്ന്യാസിമാര്‍ പിരിഞ്ഞുപോകും താഴത്തെ നിലയിലേക്ക്‌.

ഇനിയാണ്‌ പ്രേമാനന്ദന്റെ കര്‍മ്മം ആരംഭിക്കുക. സുദര്‍ശനചക്രവും വിവിധ ചക്രങ്ങളും ഇരുന്ന് വരക്കും. ഒരു കലാകാരന്റെ അനുഷ്ഠാനധ്യാനത്തോടെ. അരികില്‍ പാര്‍വ്വതിയെപ്പോലെ, നല്ല മൊഴികളുമായി ഭാര്‍തി. ഇരുന്ന് കുറേ മുഷിയുമ്പോള്‍ താഴത്തെ നിലയിലെ ഹാളിലും, പ്രാര്‍ത്ഥനാമന്ദിരത്തിലുമൊക്കെ ചുറ്റി നടക്കും ഭാര്‍തി. താഴെയുള്ള പ്രാര്‍ത്ഥനാമന്ദിരത്തില്‍ ഘനനിതംബികളും അതിസുന്ദരികളുമായ ഗുജറാത്തി-മാര്‍വാഡി സ്ത്രീകള്‍ പൂജയും ആരതിയും ഉഴിയുന്നുണ്ടാകും.

ചക്രവ്യൂഹങ്ങള്‍ ചമച്ചതിനുശേഷം പ്രേമാനന്ദനും ഭാര്‍തിയുമിരുന്ന് കുറച്ചുനേരം ഹിന്ദി സിനിമകള്‍ കാണും. അമിതാഭും വിനോദ്ഖന്നയുമൊക്കെ ഉണ്ടാകും അക്കൂട്ടത്തില്‍. രണ്ടു രണ്ടരയാടെ വിശേഷാല്‍ പ്രതികളുമായി വിസ്തരിച്ചൊരൂണ്‌. പിന്നെ പള്ളിയറയിലേക്കു പോവുകയായി മാതാജിയും സ്വാമിജിയും. വൈകുന്നേരം അല്‍പ്പം ചെസ്സും, കാരംസുകളിയുമൊക്കെ കളിച്ച്‌, വീണ്ടും പ്രേമാനന്ദന്‍ ചക്രങ്ങളുമായി സഹവസിക്കും. സന്ധ്യക്ക്‌ താഴെ വിശാലമായ പൂജ. അപ്പോഴേക്കും വീണ്ടും സ്വീകരണമുറി തയ്യാറായിട്ടുണ്ടാകും. ഹുക്കയും സാമ്പ്രാണിതൈലവും വരും. പെരുമ്പറകൊട്ടുന്ന ശബ്ദത്തില്‍ വീണ്ടും സംഘം ചേര്‍ന്ന് ശിവസ്തുതി. ഹുക്കയുടെ ആത്മാഹുതി. അന്തരീക്ഷത്തില്‍ നീലനിറത്തിലുള്ള മാസ്മരികവലയങ്ങള്‍ തീര്‍ത്ത്‌ ശിവമൂലി കത്തിക്കയറി എരിഞ്ഞുതീരും. വീണ്ടും എന്തെങ്കിലും മൂന്നാംകിട സിനിമകള്‍. ഇടക്ക്‌ പ്രേമാനന്ദന്‍ താഴത്തെ ഹാളിലെ സന്ന്യാസികളുടെയിടയില്‍ ക്ഷേമാന്വേഷണവുമായി വരും. ആശ്രമത്തിനു വെളിയിലിറങ്ങി നാട്ടുകാരോടുള്ള കുശലപ്രശ്നങ്ങളും പ്രേമാനന്ദന്റെ രാത്രിയിലെ ദിനചര്യകളുടെ ഭാഗമാണ്‌.

ഇതൊക്കെയായിരുന്നു അവിടുത്തെ ദിനചര്യകള്‍. രാവിലത്തെ സംഘം ചേര്‍ന്നുള്ള ഗഞ്ചന്‍ പ്രയോഗത്തിനുശേഷം, ചക്രങ്ങളുമായി മല്ലിടുമ്പോഴാണ്‌ പ്രേമാനന്ദനെ കാണാന്‍ ആളുകള്‍ വരുക. പ്രേമാനന്ദന്‍ വെറും സ്വാമിജി മാത്രമല്ല. സ്ഥലത്തെ ഓണററി മജിസ്റ്റ്രേറ്റുകൂടിയായിരുന്നു മൂപ്പര്‍. ബോംബെ കോര്‍പ്പറേഷന്റെ ഒരു ചെറിയ കര്‍ത്തരി കര്‍മ്മണി പ്രയോഗം. നഗരസഭയുടെയും പോലീസിന്റെയും ജോലിഭാരം കുറക്കാനും, അവര്‍ക്ക്‌ ചെന്നെത്താന്‍ സാധിക്കാത്തതും അവര്‍ ചെയ്യാന്‍ ഭയപ്പെടുന്നതും മടിക്കുന്നതുമായ കാര്യങ്ങളില്‍ ഇടപെടാനും, വേണ്ടിവന്നാല്‍ പറഞ്ഞൊതുക്കാനും ഇനിയും വേണ്ടിവന്നാല്‍ കൈകാര്യം ചെയ്യാനുമാണ്‌ ഇത്തരം ഓണററി മജിസ്ത്രേറ്റുമാരെ വെച്ചിരിക്കുന്നത്‌. സ്ഥലത്തെ ഒരുമാതിരി അടിപിടികളും ലഹളകളുമൊക്കെ അവര്‍ നോക്കിക്കൊള്ളും. അധികാരവികേന്ദ്രീകരണസങ്കല്‍പ്പം കേരളത്തിലെത്തുന്നതിനും‌‌മുന്‍പാണ് ഇത്.

ബോളിവുഡില്‍ നിന്ന് ഇറങ്ങിവരുന്നവരെപ്പോലെ തോന്നിച്ചിരുന്നു സ്വാമിജിയുടെ ആ പകല്‍ സന്ദര്‍ശകര്‍. ചിലപ്പോള്‍ രാത്രിയിലും അവര്‍ വരുക പതിവായിരുന്നു. സന്ദര്‍ശനമുറിയുടെ വാതില്‍ അടച്ചിട്ടുണ്ടാകും അപ്പോള്‍. അതിനുള്ളില്‍നിന്ന് അടക്കിപ്പിടിച്ച സംസാരവും അട്ടഹാസച്ചിരികളും ഉയരും.താഴെയുള്ള ഹാളിലെ ജീവിതം മറ്റൊന്നായിരുന്നു. പകല്‍ മുഴുവന്‍ ആ ഹാളുകളില്‍ നിശ്ശബ്ദത തളം കെട്ടിക്കിടക്കും. ചിലര്‍ മുകളില്‍ പ്രേമാനന്ദന്റെ കൂടെ. ചിലര്‍ നഗരസഞ്ചാര യത്നങ്ങളില്‍. ചിലര്‍ ഉറക്കം. ചിലര്‍ അദൃശ്യരൂപങ്ങളുമായി നീണ്ട സംഭാഷണങ്ങളിലായിരിക്കും. ചിരിയും കരച്ചിലുമായി. രാത്രികളില്‍ ആ രണ്ടു വലിയ ഹാളുകളും സജീവമാകും. പല ഭാഗത്തുനിന്നുമെത്തിയവര്‍. ചെറുപ്പക്കാര്‍, പ്രായം ചെന്നവര്‍. ശാന്തശീലര്‍, അസ്വസ്ഥരായവര്‍, സദാ പ്രസന്നമായ മുഖത്തോടുകൂടിയവര്‍, വെറുപ്പും, ദേഷ്യവും മായാത്ത മുഖങ്ങള്‍, ഒച്ചവെക്കുന്നവര്‍, കൂനിപ്പിടിച്ച്‌ സംശയദൃഷ്ടികളോടെ ചുറ്റും നോക്കി മൗനികളായിരിക്കുന്നവര്‍. ചീട്ടുകളിയുടെ ഉസ്താദുകള്‍. വെടിപറച്ചിലുകാര്‍. നിഗൂഢത ഒളിപ്പിച്ചുവെച്ച പെരുമാറ്റങ്ങളോടെ, കാണുന്നവരില്‍ ഭയബഹുമാനങ്ങള്‍ ഉണര്‍ത്തുന്നവര്‍. വി.കെ.എന്നും, എം.ടിയും, ബഷീറും, തകഴിയും, ഒ.വി.വിജയനും, പത്മനാഭനും, അക്കിത്തവും, ആനന്ദും, ജോണ്‍ എബ്രഹാമും, കെ.പി.നാരായണപ്പിഷാരടിയും എല്ലാം ഒരുമിച്ചൊരു മുറിയിലെത്തിയതുപോലെ ഒരു വിചിത്രലോകം. പാട്ടും നൃത്തവും തെറിയും ഭജനയും, പഴങ്കഥകളും, ചര്‍ച്ചകളുമെല്ലാമായി മദോന്മത്തമാകുന്ന രാത്രികാലങ്ങള്‍.

നാടോടികളും അഗതികളും, അനാഥരും, അശാന്തപ്രകൃതികളും, ക്ഷിപ്രകോപ-പ്രസാദികളുമായ ആ സന്ന്യാസിമാരുടെ കൂടെ ആ വലിയ ഹാളില്‍, ഒരു കിടക്കവിരിയും വിരിച്ച്‌, രണ്ടുമാസം കഴിച്ചുകൂട്ടി. ഇടക്കൊക്കെ രാത്രിയില്‍ ഉച്ചത്തിലുള്ള ബഹളവും പോര്‍വിളികളും കേട്ട്‌ ഞെട്ടിയുണരും. എന്തെങ്കിലും ചെറിയ കാര്യങ്ങളെച്ചൊല്ലിയുള്ള വന്‍ബഹളങ്ങള്‍. മുകളിലെ നിലയില്‍നിന്ന് പ്രേമാനന്ദനും ഭാര്‍തിയും ഉറക്കച്ചടവോടെയെത്തും. ഒതുക്കിത്തീര്‍ക്കും. എന്റെ തൊട്ടടുത്തുണ്ടായിരുന്ന ഒരാള്‍ നാസിക്കില്‍ നിന്നുള്ള ഒരാളായിരുന്നു. പന്ത്രണ്ടു വര്‍ഷമായി ഒരിക്കലും ഇരിക്കാത്ത ഒരാളാണെന്ന് പറഞ്ഞുകേട്ടു. രണ്ടു കാലുകളും നീരുവന്നു വീര്‍ത്തിരുന്നു. ഹാളിന്റെ ഉത്തരത്തില്‍ ഒരു കയര്‍കെട്ടി, അതില്‍ കാലുകള്‍ കയറ്റിവെച്ച്‌, ചുമരില്‍ ചാരിനിന്നായിരുന്നു രാത്രിയില്‍ അയാള്‍ ഉറങ്ങാറുണ്ടായിരുന്നത്‌.

രണ്ടുമൂന്നുതവണ പ്രേമാനന്ദന്‍ എന്നെയും ക്ഷണിച്ചു രാവിലത്തെ സംഘം ചേരലില്‍. മുന്‍പരിചയമില്ലാത്ത വസ്തുവൊന്നുമായിരുന്നില്ല എനിക്കും ശിവമൂലി. പോരാത്തതിന്‌ പ്രേമാനന്ദനെന്ന ഗൃഹനാഥന്റെ സ്നേഹസാന്ദ്രമായ ക്ഷണവും, വിചാരിച്ചപോലെ കാര്യങ്ങളൊന്നും നീങ്ങാത്തതിന്റെ ഇരിപ്പുറക്കായ്കയും. ഹുക്കയെ ഭക്ത്യാദരങ്ങളോടെ ഞാന്‍ ആവാഹിക്കുന്നത്‌ ഇടംകണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു പ്രേമാനന്ദനും ഭാര്‍തിയും.

പ്രേമാനന്ദനാകുന്നതിനുമുന്‍പ്‌ പ്രേമാനന്ദന്‍ (മൂപ്പരുടെ പേരു വെളിപ്പെടുത്തുന്നത്‌ ശരിയാവില്ലെന്നതുകൊണ്ട്‌ അതൊഴിവാക്കുന്നു) ബോംബയിലെ സാമാന്യം തരക്കേടില്ലാത്ത ഒരു ചട്ടമ്പിയായിരുന്നുവത്രെ. കുത്തഴിഞ്ഞ ആ ജീവിതത്തിനിടയിലാണ്‌ മരണാസന്നനായി കിടക്കുന്ന ഒരാളെ കാണാനും പരിചയപ്പെടാനും, മരണം വരെ അയാളെ ശുശ്രൂഷിക്കാനും പ്രേമാനന്ദന്‌ ഇടവരുന്നത്‌. തന്നെ പരിചരിച്ച ദയാലുവായ ചട്ടമ്പിക്ക്‌ ആ വൃദ്ധന്‍ ദാനമായി നല്‍കിയതായിരുന്നു ആ കെട്ടിടം. അതിന്റെ ചുമതലക്കായി ഒരു ട്രസ്റ്റ്‌ രൂപീകരിക്കുകയും അതിന്റെ ചുമതലക്കാരനായി പ്രേമാനന്ദനെ അവരോധിക്കുകയും ചെയ്തിട്ടാണ്‌ രാഘവാനന്ദന്‍ സമാധിയാകുന്നത്‌.

അന്ന് അവിടെ ഒരു നിത്യമുക്താനന്ദനുമുണ്ടായിരുന്നു. തീരെ ചെറുപ്പം. സാക്ഷാല്‍ പറക്കും സ്വാമിയുടെ ശിഷ്യന്‍. യോഗയിലാണ്‌ സാമര്‍ത്ഥ്യം. രണ്ട്‌ മദാമ്മമാരുടെ ക്ഷണം കിട്ടിയതനുസരിച്ച്‌ ആസ്ത്രേലിയയിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പുമായി വന്നതായിരുന്നു നിത്യമുക്തന്‍. പരമസാത്വികന്‍. എന്നെപ്പോലെ, യാത്ര നീണ്ടു നീണ്ട്‌ അവിടെ അടിഞ്ഞതായിരുന്നു അയാളും. ഇടക്കിടക്ക്‌ ഞങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ചര്‍ച്ചയില്‍ ഏര്‍പ്പെടും. ദൈവവും ഭക്തിയും വിശ്വാസവും ഒക്കെയാണ്‌ വിഷയങ്ങള്‍. രാഷ്ട്രീയവും ഇടക്ക്‌ കയറിവരും. എടോ നിത്യമുക്താ എന്നും, വേണമെങ്കില്‍ മറ്റുള്ളവര്‍ കേള്‍ക്കാതെ, അല്‍പ്പം കടന്നുള്ള വിശേഷണങ്ങളിലൂടെയും അഭിസംബോധന ചെയ്യാം. മുഷിയില്ല. അത്രക്ക്‌ അടുപ്പം. ഭവാസനത്തിലൂടെ ലെവിറ്റേഷന്‍ (വായുവില്‍ പൊങ്ങിനില്‍ക്കുക) സാദ്ധ്യമാകുമെന്ന് ഒരിക്കല്‍ വാദിച്ചു മൂപ്പര്‍. എങ്കില്‍ അതൊന്നു കാണണമെന്നായി. ഇരുന്ന ഇരുപ്പില്‍ ഉയര്‍ന്നു കാണിച്ചാല്‍ ഭക്തിമാര്‍ഗ്ഗം കൂടാമെന്ന് വെച്ചുകാച്ചുകയും ചെയ്തു. എന്നെപ്പോലുള്ള അവിശ്വാസികളുടെ മുന്നില്‍ വെച്ച്‌ കാണിച്ചാല്‍ സ്വായത്തമാക്കിയ വിദ്യക്ക്‌ ഗുണമല്ലെന്നുപറഞ്ഞ്‌ തടിയൂരി നിത്യമുക്തന്‍. പിന്നെ, അതും പറഞ്ഞ്‌ രാത്രി ഞങ്ങള്‍ ഏറെനേരം ചിരിച്ചു. എവിടെയാണാവോ ഇന്നയാള്‍.

ആശ്രമത്തിലെ പൂജയിലും മറ്റും പങ്കെടുക്കാതെ ഞാന്‍ ഒന്നൊന്നരമാസം രക്ഷപ്പെട്ടുനടന്നു. പിന്നെപ്പിന്നെ വൈകുന്നേരത്തെ പൂജയില്‍ പങ്കെടുക്കാന്‍ പ്രേമാനന്ദന്‍ നിര്‍ബന്ധിച്ചുതുടങ്ങി. ഞാന്‍ മറ്റൊരു താമസസ്ഥലം കണ്ടെത്തി പ്രേമാനന്ദനെ നയത്തില്‍ വിവരമറിയിച്ചു. ബോംബയിലെ ഏജന്റിനു മുഴുവന്‍ പൈസയും കൊടുത്തുകഴിഞ്ഞിരുന്നു. യാത്ര അടുത്തൊന്നും ശരിയാവുന്ന ലക്ഷണവുമില്ല. രാത്രി പ്രേമാനന്ദന്‍ മുറിയിലേക്ക്‌ വിളിപ്പിച്ചു."രാജുഭായ്‌, നിനക്കു താത്‌പര്യമില്ലെങ്കില്‍ പൂജയിലൊന്നും നീ പങ്കെടുക്കണമെന്ന് ഞാന്‍ നിര്‍ബന്ധിക്കില്ല. ആ ഒരു കാരണം കൊണ്ട്‌ നീ ഇവിടെനിന്ന് മാറുകയും വേണ്ട. പക്ഷേ നിന്റെ പൈസ ഏജന്റിന്റെ കയ്യിലാണ്‌. അതോര്‍മ്മവേണം. ഏതെങ്കിലുംവശാല്‍ നിന്റെ യാത്ര ശരിയായില്ലെങ്കില്‍, നീ ഏജന്റിനു കൊടുത്ത പൈസ ഞാന്‍ മേടിച്ചുതരും. പക്ഷേ നീ ഇവിടെനിന്ന് മാറിയാല്‍ പിന്നെ നീ എന്നെ പ്രതീക്ഷിക്കണ്ട. എന്റെ ഉത്തരവാദിത്ത്വം അതോടെ കഴിയും. ഇനിയൊക്കെ നിന്റെ ഇഷ്ടം".

ഉള്ളില്‍ പ്രേമാനന്ദനെ നമിച്ചു. തീരുമാനം മാറ്റി. പിന്നെയും ചില ദിവസങ്ങള്‍. സൗദിയിലേക്കുള്ള യാത്ര ശരിയായി. യാത്ര പുറപ്പെടുന്നതിനുമുന്‍പ്‌ പ്രേമാനന്ദനെ ചെന്നു കണ്ടു. കുംഭമേളക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലായിരുന്നു പ്രേമാനന്ദനും ഭാര്‍തിയും ലംബുവുമൊക്കെ. അവിടെ ചെന്നാല്‍ നീ ഞങ്ങള്‍ക്ക്‌ കത്തയക്കുമോടാ? നാട്ടില്‍ വരുമ്പോള്‍ ഇടക്ക്‌ വരണം.

പ്രേമാനന്ദന്റെയും പരിവാരത്തിന്റെയും കൂടെ ആ രാത്രി ആശ്രമത്തില്‍നിന്ന് ഇറങ്ങി. ഏജന്റിന്റെ ഓഫീസിലേക്കു പോകാതെ കുംഭമേളക്കു പോയാലോ എന്ന് ഒരുനിമിഷം ആലോചിച്ചു. അച്ഛനെയും അമ്മയെയും ഓര്‍മ്മവന്നു. അഭിനയിച്ചേടത്തോളമുള്ള ക്രമരഹിതമായ അവധൂതവേഷമൊക്കെത്തന്നെയും ആവശ്യത്തിലും ഏറെയും കസറിയിട്ടുണ്ടല്ലോ എന്ന് ഉള്ളില്‍തോന്നുകയും ചെയ്തു.

(അവസാനിച്ചു)

അനുബന്ധം

രണ്ട്‌ ഓര്‍മ്മകള്‍ കൂടി ബാക്കി.

ഒന്ന് ചിന്മയാനന്ദനുമായുള്ളത്. ഹൈസ്കൂള്‍ വിദ്യാഭ്യാസകാലത്ത്‌ സ്ഥിരമായി വര്‍ഷത്തിലൊരിക്കല്‍ ചിന്മയാനന്ദന്റെ ഗീതാ പ്രഭാഷണം കേള്‍ക്കാന്‍ എറണാകുളത്തുള്ള ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ പോകുമായിരുന്നു. ഏഴു ദിവസവും മുടങ്ങാതെ പോകും. ഒന്നും വിടാതെ കേള്‍ക്കും. കഴിയാവുന്നത്ര കുറിച്ചെടുക്കും. കുറേക്കാലത്തിനുശേഷം, കല്‍ക്കത്തയിലെ ജീവിതത്തിനിടക്കും ഒരിക്കല്‍ അവസരം കിട്ടി. അന്ന് മൂപ്പര്‍ ഒരു സിംഘാനിയയുടെ വീട്ടിലായിരുന്നു താമസം. അക്കാലമാകുമ്പോഴേക്കും ഉള്ളില്‍നിന്ന് ദൈവവും വിശ്വാസവുമൊക്കെ, മുഴുവനായല്ലെങ്കില്‍തന്നെ, ഏതാണ്ട്‌, പുറത്തു കടന്നിരുന്നു. പരിചയക്കാരെ മാത്രമേ സിംഘാനിയയുടെ വീട്ടുകാവല്‍ക്കാരന്‍ ഉള്ളില്‍ കയറ്റിവിടുന്നുണ്ടായിരുന്നുള്ളു. എങ്ങിനെയോ കണ്ണുവെട്ടിച്ച്‌, ചന്ദ്രനും ഞാനും ഉള്ളില്‍ കടന്നു. അന്നവിടെ കണ്ടതുപോലുള്ള ഒരു ആഭാസരംഗം അതിനുമുന്‍പോ പിന്‍പോ കാണാനിടവന്നിട്ടില്ല. അകത്ത്‌, ഒരു സിംഹാസനത്തില്‍ സ്വാമിജി വാണരുളുന്നു. രണ്ടു ശിഷ്യന്മാര്‍ വെഞ്ചാമരം വീശുന്നു. അതിശയോക്തിയല്ല, ഒരു ശിഷ്യ നിലത്തിരുന്ന് സ്വാമിജിയുടെ പാദാരവിന്ദങ്ങള്‍ ഒരു താലത്തിലെടുത്ത്‌ കഴുകിക്കൊണ്ടിരിക്കുന്നു. മാര്‍വാഡികളും, തമിഴന്മാരുമടക്കമുള്ളവര്‍ വലിയ നോട്ടുകെട്ടുകള്‍ ചിന്മയാനന്ധന്റെ കയ്യിലും കാല്‍ക്കലും വെച്ച്‌ തൊഴുത്‌, അനുഗ്രഹം വാങ്ങി, കുശലാന്വേഷണങ്ങള്‍ നടത്തി, നിര്‍വ്വാണസുഖത്തോടെ ദര്‍ശിച്ച് മടങ്ങുന്നു. ചിന്മയചിത്തനായി അന്ന് അവിടെനിന്നിറങ്ങിയതില്‍പിന്നെയാണ്‌ ആനന്ദമെന്നത്‌ ശരിക്കുമറിയുന്നത്‌. സംശയം തോന്നിത്തുടങ്ങിയിരുന്ന വിഗ്രഹങ്ങള്‍ പൂര്‍ണ്ണമായും തച്ചുടയുന്നതിന്റെ പരമാനന്ദം. എല്ലാ ഹിന്ദുക്കളും അവരവുടെ വീടുകള്‍ക്കുമുകളില്‍ കാവിക്കൊടി കെട്ടണമെന്നൊക്കെയുള്ള ഒരു തിരഞ്ഞെടുപ്പുകാലത്തെ, മൂപ്പരുടെ പുലമ്പലുകള്‍ 'വെളിക്കിറ'ങ്ങുന്നത്‌ അതിനുംശേഷമായിരുന്നു.

രണ്ടാമത്തേത്‌ 96-ലാണ്‌. ഗള്‍ഫ്‌ ജീവിതത്തിനിടക്ക്‌ രണ്ടുവര്‍ഷം തൊഴിലില്ലാതെ നാട്ടില്‍ കഴിയുമ്പോള്‍ നിത്യചൈതന്യയതിയുടെ ബൃഹദാരണ്യകാപനിഷത്തിന്റെ ഒരു ഭാഗം കോഴിക്കോടുവെച്ച്‌ വായിക്കാനിടയായി. മറ്റൊരാളുടെ പുസ്തകം. മുഴുവനും വായിക്കണമെന്നു തോന്നി. തൃശ്ശൂരും പാലക്കാട്ടും അന്വേഷിച്ചു. അവിടെയൊന്നും കിട്ടാനുണ്ടായിരുന്നില്ല. യതിക്ക്‌ എഴുതി. വിലയെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. കൃത്യം ഒരാഴ്ചക്കുള്ളില്‍ പ്രീ-പെയ്‌ഡ്‌ തപാലില്‍ മൂന്നു ഭാഗങ്ങളും എത്തി. യതിയുടെ കുറിപ്പില്‍ പുസ്തകവില 850 ആണെന്നും എഴുതിയിരുന്നു. പുസ്തകം കിട്ടിയ വിവരവും പൈസയെത്തിക്കാന്‍ അല്‍പ്പം സാവകാശം വേണമെന്നും കാണിച്ച്‌ മറുപടിയെഴുതി. അതാ വരുന്നു അടുത്ത മറുപടി. പൈസയുടെ കാര്യം സൂചിപ്പിച്ചുവെന്നേയുള്ളു, സൗകര്യം പോലെ അയച്ചാല്‍ മതി, ഇനി അഥവാ സാധിച്ചില്ലെങ്കിലും കാര്യമാക്കേണ്ടതില്ല. പുസ്തകം വായിക്കുന്നതില്‍ പക്ഷേ അമാന്തം കാണിക്കരുതെന്നും അതില്‍ എഴുതിയിരുന്നു. ആദ്യത്തെ കത്തില്‍ എന്റെ കാഴ്ചപ്പാടുകളെക്കുറിച്ച്‌ ഞാന്‍ കുത്തിക്കുറിച്ച വിവരദോഷങ്ങള്‍ക്കും അജ്ഞതക്കും, സാമാന്യം ദീര്‍ഘമായി തന്നെ അദ്ദേഹം മൂന്നു പേജുവരുന്ന മറുപടിയും എഴുതിയിരുന്നു. തൊട്ടടുത്ത ആഴ്ചകളില്‍ "റൂമി പറഞ്ഞ കഥ'യും, 'യാത്ര'യും, 'ഭാരതീയ മനശ്ശാസ്ത്രത്തിനൊരാമുഖ'വും തപാലില്‍ പ്രീപെയ്‌ഡായിതന്നെ ഒന്നിനുപിറകെ ഒന്നായി ഫേണ്‍ഹില്ലില്‍നിന്നും വരുകയുമുണ്ടായി. അഞ്ചാറുമാസങ്ങള്‍ക്കുശേഷമാണ്‌ ആ കടം വീട്ടാന്‍ എനിക്ക്‌ കഴിഞ്ഞത്‌.

ഗുരുക്കന്മാരെയും ആനന്ദന്‍മാരെയുംകുറിച്ചൊക്കെ കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും ഇത്തരം ഗുരുലഘുത്വങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വിടാതെ പിന്തുടരുകയും ചെയ്യാറുണ്ട്‌. നിത്യവും.