Wednesday, March 21, 2007

നീളമുള്ള വഴികള്‍(1)

ജോണ്‍ പില്‍ഗര്‍
തര്‍ജ്ജമ: രാജീവ്‌ ചേലനാട്ട്‌

ഇസ്രായീല്‍-പാലസ്തിനിയന്‍ സഹവര്‍ത്തിത്ത്വത്തിന്റെ ഉറച്ച ശബ്ദമായ പാലസ്തീനിയന്‍ കവി മഹമൂദ്‌ ദാര്‍വിഷ്‌ എഴുതി."ഈ ദുരന്തത്തിനെ മനസ്സിലാക്കാനാണ്‌, ന്യായീകരിക്കാനല്ല ശ്രമിക്കേണ്ടത്‌. പാലസ്തീനിയന്‍ ജനത ജീവിതത്തെ സ്നേഹിക്കുന്നു. അവര്‍ക്ക്‌ പ്രതീക്ഷ നല്‍കാന്‍ കഴിഞ്ഞാല്‍-സ്ഥായിയായ രാഷ്ട്രീയ പരിഹാരം നല്‍കാന്‍ കഴിഞ്ഞാല്‍, സ്വയം ചാവുന്നത്‌ അവര്‍ അവസാനിപ്പിക്കും".

ദാര്‍വിഷിന്റെ "രക്തസാക്ഷി" എന്ന കവിതയിലെ വരികള്‍;

പൈന്‍ മരങ്ങളുടെയും, ഫിഗ്‌ മരങ്ങളുടെയും ഇടയിലെ
ഭൂമിയിലെ ജീവിതത്തെ ഞാന്‍ പ്രണയിക്കുന്നു
അതിലേക്ക്‌ എത്തുവാന്‍ എനിക്കാവുന്നില്ല
അതിനാല്‍, എനിക്കവകാശപ്പെട്ട അവസാനത്തെ വസ്തു കൊണ്ട്‌ഞാനതിനെ ലക്ഷ്യം വെച്ചു

ഇസ്രായേല്‍ ഗ്രാഫിക്‌ ഡിസൈനറായ റാമി എല്‍ഹാന്‌ തന്റെ പതിന്നാലു വയസ്സായ മകള്‍ സ്മദാറിനെ നഷ്ടപ്പെട്ടത്‌ "തനിക്കവകാശപ്പെട്ട അവസാനത്തെ വസ്തുവിന്റെ" ബലിയിലൂടെയായിരുന്നു. റാമിയുടെ വീട്ടില്‍ സ്മദാരിന്റെ ഒരു വീഡിയോ ചിത്രമുണ്ട്‌. പിയാനോ വായിച്ച്‌, തലയല്‍പ്പം പിന്നിലേക്കു ചെരിച്ച്‌, പൊട്ടിച്ചിരിക്കുന്ന സ്മദാര്‍. നീണ്ട മുടിയുണ്ടായിരുന്നു അവള്‍ക്ക്‌. മരിക്കുന്നതിനു രണ്ടു മാസം മുന്‍പാണ്‌ അവള്‍ അത്‌ മുറിച്ചത്‌. "അങ്ങിനെയായിരുന്നു അവര്‍ അവളുടെ സ്വാതന്ത്ര്യത്തെ പ്രഖ്യാപിച്ചിരുന്നത്‌", ചിരിച്ചുകൊണ്ട്‌ റാമി പറയുന്നു.

97 സെപ്തംബര്‍ നാലിനാണു അവള്‍ കൂട്ടുകാരിയുടെ കൂടെ സ്കൂള്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ പോയത്‌. അമ്മ നൂറിറ്റിനു തീരെ സമ്മതമുണ്ടായിരുന്നില്ല. കൂടിക്കൂടി വരുന്ന ചാവേര്‍ ആക്രമണങ്ങളെക്കുറിച്ച്‌ അവര്‍ക്കു ആശങ്കയുണ്ടായിരുന്നു. എന്നിട്ടും ഒടുവില്‍ സമ്മതിക്കേണ്ടിവന്നു.

വൈകുന്നേരം മൂന്നുമണിക്ക്‌, കാറിലെ റേഡിയോയില്‍നിന്നാണ്‌, ബിന്‍-യഹൂദ ഷോപ്പിംഗ്‌ സെന്ററിന്‍ലെ ചാവേറാക്രമണത്തെക്കുറിച്ച്‌ റാമി അറിഞ്ഞത്‌. മൂന്നു പാലസ്തീനിയന്‍ യുവാക്കള്‍ ബോംബുമായി ആളുകളുടെയിടയില്‍ നുഴഞ്ഞുകയറുകയായിരുന്നു. വാര്‍ത്തക്കുപിന്നാലെ നൂറിറ്റിന്റെ ഫോണ്‍ വന്നു. അവര്‍ കരയുന്നുണ്ടായിരുന്നു. മകന്റെ ചില സുഹൃത്തുക്കള്‍ സ്മാര്‍ദിനെ ബിന്‍യഹൂദയില്‍ വെച്ച്‌ കണ്ടിരുന്നുവത്രെ. റാമിയും നൂറിറ്റും ആശുപത്രികള്‍തോറും കയറിയിറങ്ങി. പിന്നെ ആക്രമണം നടന്ന സ്ഥലം. പിന്നെ മോര്‍ച്ചറി.പിന്നീടുണ്ടായത്‌, റാമിയുടെതന്നെ ഭാഷയില്‍ "ഇരുട്ടിലേക്കുള്ള ആഴ്‌ന്നിറങ്ങല്‍"ആയിരുന്നു.അത്‌ ഒരു സമാധാന ദൗത്യത്തിന്റെ ആരംഭവുമായി മാറി.

റാമിയെപ്പോലെ ഒരാളെ ഞാനാദ്യം കാണുകയായിരുന്നു. ജറുസലേമിലെ റാമിയുടെ വീട്ടിലെ തെളിച്ചമുള്ള സ്വീകരണമുറിയിലിരുന്ന് റാമിയുമായി നടത്തിയ അഭിമുഖം എന്നെ വല്ലതെ ഉലച്ചുകളഞ്ഞു. പറയാനരുതാത്ത കാര്യങ്ങള്‍ പറയാന്‍ റാമിയെപ്പോലുള്ളവരുണ്ടായാല്‍, പ്രായേണ അപരിഹാര്യമെന്ന് തോന്നുന്ന രാഷ്ട്രീയസമസ്യകള്‍ക്കു വളരെ എളുപ്പമുള്ള പരിഹാരങ്ങളുണ്ടായേക്കാമെന്ന് എനിക്കു തോന്നിപ്പോയി.

"സമ്മതിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. പക്ഷേ അതു തികച്ചും ലളിതമാണ്‌. ആശുപത്രിയിലേക്കു പോവുന്ന ഗര്‍ഭിണിയെ തടയുകയും അങ്ങിനെ ഗര്‍ഭസ്ഥ ശിശു മരിക്കാന്‍ ഇടവരുത്തുകയും ചെയ്യുന്ന ഇസ്രായേലി ഭടനും, എന്റെ മകളെ കൊന്നയാളും തമ്മില്‍ മൗലികമായി യാതൊരു വ്യത്യാസവുമില്ല. അധിനിവേശത്തിന്റെ ഇരകളാണു അവര്‍ രണ്ടുപേരും." - റാമി പറയുന്നു.

റാമിയുടെ പിന്നിലെ ഷെല്‍ഫില്‍ "അധിനിവേശം അവസാനിപ്പിക്കുക" എന്നെഴുതിയ പ്ലകാര്‍ഡുമായി നില്‍ക്കുന്ന അഞ്ചുവയസ്സുകാരി സ്മര്‍ദയുടെ ചിത്രം. :സമാധാനത്തിന്റെ കുഞ്ഞായിരുന്നു അവള്‍", റാമി പറയുന്നു. ഇസ്രായേലിന്റെ സ്ഥാപനം ഒരു സ്വയം പരിരക്ഷയുടെ, നിലനില്‍പ്പിന്റെ ഭാഗമായിതന്നെ കാണുന്നവരാണു റാമിയും നൂറിറ്റും. ഓഷ്വിറ്റ്‌സ്സിനെ അതിജീവിച്ചയാളാണ്‌ റാമിയുടെ അഛന്‍. മറ്റുബന്ധുക്കള്‍ അതിലൊടുങ്ങി. 1948ലെ യുദ്ധത്തിലെ വീരനായകനായിരുന്നു നൂറിറ്റിന്റെ അഛന്‍. റാമി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌, "പാലസ്തീനുമായി സന്ധിയുണ്ടാക്കിയവരില്‍ പ്രമുഖന്‍" എന്നാണ്‌. യാസ്സര്‍ അറാഫത്‌ ടുണീഷ്യയില്‍ രാജ്യഭ്രഷ്ടനായി കഴിയുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ചുരുക്കം ഇസ്രായേലികളില്‍ ഒരാളായിരുന്നു നൂറിറ്റിന്റെ അഛന്‍, മാറ്റിലെസ്‌. നൂറിറ്റിനാകട്ടെ യുറോപ്പ്യന്‍ പാര്‍ലമെണ്ടിന്റെ സമധാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌.


(തുടരും....)

3 comments:

G.MANU said...

പ്രിയപ്പെട്ട രാജിവ്‌..

ഇതുപോലെയുള്ള കുറിപ്പുകള്‍ ബ്ളോഗുകളുടെ നിലവാരം ഒരുപാട്‌ ഉര്‍ത്തുന്നു. ധിഷണയില്‍ വിടരേണ്ടവയാണിവയൊക്കെ. ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു

കമണ്റ്റ്‌ സെറ്റപ്പില്‍ നിന്ന് പോപ്‌ അപ്‌ ഓപ്ഷന്‍ എടുത്തു കളയുക. വായനക്കാര്‍ക്ക്‌ അത്‌ എളുപ്പമാകും. അതുപോലെ പുതിയ പോസ്റ്റിട്ടാല്‍ ഉടനെതന്നെ സ്വയം ഒരു കമണ്റ്റ്‌ ഇടുക. പിന്‍ മൊഴിയില്‍ എത്താന്‍ വേണ്ടി

Rajeeve Chelanat said...

പ്രിയപ്പെട്ട മനു,

നിര്‍ദ്ദേശങ്ങള്‍ക്കു നന്ദി. അറിയില്ലായിരുന്നു ഇതൊക്കെ. "അറിവില്ലാ പൈതങ്ങളല്ലെ അയ്യാ". ആ കവിത്‌ നന്നായിട്ടുണ്ട്‌.

സ്നേഹപൂര്‍വം
രാജീവ്‌ ചേലനാട്ട്‌

Rajeeve Chelanat said...

നീളമുള്ള വഴികള്‍- ഇസ്രായീല്‍-പാലസ്തീനിയന്‍ സഹവര്‍ത്തിത്ത്വത്തിന്റെ ഉറച്ച ശബ്ദമായ പാലസ്തീനിയന്‍ കവി മഹമൂദ്‌ ദാര്‍വിഷ്‌ എഴുതി.......