Saturday, March 24, 2007

നീളമുള്ള വഴികള്‍(2)

ജോണ്‍ പില്‍ഗര്‍
തര്‍ജ്ജമ: രാജീവ്‌ ചേലനാട്ട്‌

ഒരു യുവ പട്ടാളക്കാരനായി കഴിഞ്ഞ കാലത്തായിരുന്നു റാമിക്കു ആ "അപ്രിയ സത്യത്തെക്കുറിച്ചുള്ള ബോധം' ഉണ്ടായിത്തുടങ്ങിയത്‌."1967-ലെ യുദ്ധം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. പുതിയ കുടിയേറ്റക്കാര്‍ ഓമനപ്പേരിട്ടു വിളിച്ചിരുന്നപോലെ "ദിവ്യമായ ഇടപെടല്‍" ഒന്നുമായിരുന്നില്ല ആ യുദ്ധം. ഇസ്രായേലിന്റെ ഹൃദയത്തിലെ അര്‍ബുദത്തിന്റെ ആരംഭമായിരുന്നു അത്‌". പിന്നീട്‌ 73ലെ യോകിപ്പൂര്‍ യുദ്ധത്തില്‍ തന്റെ കൈകളിലും ചോര പുരണ്ടിരുന്നുവെന്ന് റാമി തിരിച്ചറിഞ്ഞു.

സമാധാനത്തിനായുള്ള "നഷ്ടപ്പെട്ടവരുടെ കുടുംബ"ത്തിന്റെ രക്ഷാകര്‍ത്തൃസംഘടനയുടെ സ്ഥാപകരാണ്‌ റാമിയും നൂറിറ്റും. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഇസ്രായേലി-പാലസ്തീനി കുടുംബങ്ങളെ ഒരുമിച്ച്‌ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒന്നാണ്‌ ഈ സംഘടന. ചാവേറുകളുടെ കുടുംബാംഗങ്ങളുമുണ്ട്‌ അതില്‍. അവര്‍ ഒരുമിച്ച്‌ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ആത്മാര്‍ഥവും, ഗൗരവവുമുള്ള ചര്‍ച്ചകള്‍ക്കു രാഷ്ട്രീയക്കാരെ പ്രേരിപ്പിക്കുന്നു. ഞാന്‍ റാമിയെ കാണുന്നതിനു അല്‍പ്പം മുന്‍പ്‌ മാത്രമായിരുന്നു ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ കാര്യാലയത്തിനു മുന്‍പില്‍ അവര്‍ ആയിരം ശവപ്പെട്ടികള്‍ നിരത്തിവെച്ചത്‌. ഇസ്രായേലിന്റേയും, പാലസ്തീന്റേയും പതാകകള്‍കൊണ്ട്‌ പൊതിഞ്ഞ പെട്ടികള്‍.

കഴിഞ്ഞകാലം മറക്കുകയോ, അതിനു മാപ്പുകൊടുക്കുകയോ ഒന്നുമല്ല ഞങ്ങളുടെ ലക്ഷ്യം", റാമി പറയുന്നു.

മകള്‍ മരിച്ച ഒരച്ഛന്റെ അമര്‍ഷത്തിനെയും, സമാനരായ മറ്റുള്ളവരിലേക്കെത്താനുള്ള വികാരത്തെയും നിങ്ങള്‍ എങ്ങിനെയാണു വേര്‍തിരിക്കുന്നത്‌?

വളരെ എളുപ്പമുള്ള സംഗതിയാണു. ഞാനൊരു മനുഷ്യജീവിയാണു. മൃഗമല്ല. എനിക്കെന്റെ കുഞ്ഞിനെയാാണു നഷ്ടപ്പെട്ടത്‌. എന്റെ ബുദ്ധിയോ, വിവേകമോ അല്ല. വികാരത്തില്‍ നിന്നുകൊണ്ട്‌ ചിന്തിക്കുന്നതും, പ്രവര്‍ത്തിക്കുന്നതും ചോരച്ചുഴികള്‍ വലുതാക്കുകയേ ഉള്ളൂ. നിങ്ങളാലോചിക്കണം. നമ്മുടെ രണ്ടാളുകളും ഇവിടെ കഴിയേണ്ടവരാണ്‌. അവര്‍ ആവിയാവുകയൊന്നുമില്ല. എതെങ്കിലും തരത്തില്‍ ഒരു ഒത്തുതീര്‍പ്പിലെത്തണം.അതു നിങ്ങള്‍ വിവേകം കൊണ്ടാണ്‌ ചെയ്യേണ്ടത്‌, വികാരം കൊണ്ടല്ല.

സ്മദാറിനെ കൊന്ന ചാവേറിന്റെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവോ?

ഒരിക്കല്‍ അതിനു ശ്രമിച്ചിരുന്നു. ആരോ ചിലര്‍ക്കു അതിനെക്കുറിച്ചൊരു സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അതിലെനിക്കു താത്‌പ്പര്യമുണ്ടായിരുന്നില്ല. എനിക്കു ഭ്രാന്തൊന്നുമില്ല. മറക്കാനും, മാപ്പുകൊടുക്കാനും എനിക്കാവില്ല. കൊച്ചുകുട്ടികളെ കൊല്ലുന്ന ഒരാള്‍ കുറ്റവാളിതന്നെയാണ്‌. ശിക്ഷിക്കപ്പെടുകയും വേണം. നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടാകും. ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനം തുടരാന്‍ എനിക്കെന്നോടു തന്നെ യുദ്ധം ചെയ്യേണ്ടിവരുന്നുണ്ട്‌. ഒന്നെനിക്കു പക്ഷേ തീര്‍ച്ചയുണ്ട്‌. ആ ചാവേറും, എന്റെ മകളും ഒരുപോലെ ഇരകള്‍ മാത്രമാണ്‌.

മറ്റു ചാവേറുകളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിരുന്നുവോ?

ഉവ്വ്‌. വളരെ ഊഷ്മളവും, പ്രോത്സാഹജനകവുമായിരുന്നു അത്‌.

അതിന്റെ അര്‍ത്ഥം എന്താണ്‌?

സമാധാനം ഉണ്ടാവണം എന്നാണു അതിന്റെ അര്‍ത്ഥം. ഞാന്‍ മുന്‍പ്‌ പറഞ്ഞപോലെ, എന്റെ കൈകളിലും രക്തമുണ്ട്‌. ഇസ്രായേലിന്റെ സൈന്യത്തില്‍ ഞാനും ഒരു പട്ടാളക്കാരനായിരുന്നു. പക്ഷേ, ഓരോരുത്തരുടേയും വ്യക്തിപരമായ ചരിത്രത്തിലേക്ക്‌ നിങ്ങള്‍ ചുഴിഞ്ഞിറങ്ങിയാല്‍, നിങ്ങള്‍ക്കൊരിക്കലും സമാധാനം പുനസ്ഥാപിക്കാനാവില്ല. കൂടുതല്‍ തര്‍ക്കങ്ങളും, കുറ്റപ്പെടുത്തലുകളും ഉണ്ടാക്കാനേ അത്‌ സഹായിക്കൂ. നാളെ ഞാന്‍ ഹിബ്രോണിലേക്കു പോവുന്നുണ്ട്‌. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പാലസ്തീനി കുടുംബങ്ങളെ കാണാന്‍. ഞങ്ങളുമായി സമാധാനം പുനസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന മറുഭാഗത്തിന്റെ പ്രതിനിധികളാണ്‌ അവര്‍.

ഇസ്രായേലിലെ പൊതുജനവികാരം മറിച്ചല്ലേ?

എനിക്കൊരു സുഹൃത്തുണ്ട്‌. അയാള്‍ പറയുന്നത്‌, ഞങ്ങളുടെ ഈ പ്രവര്‍ത്തനം, സമുദ്രം കുടിച്ചു വറ്റിക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്‌ എന്നാണ്‌. ഞങ്ങള്‍ വളരെക്കുറച്ചുപേരെ ഈ സംഘടനയില്‍ ഉള്ളൂ എന്നത്‌ നേരുതന്നെ. ലോകത്തെ ഇന്നു നയിക്കുന്നത്‌ ഏതാനും വിഡ്ഢികളാണെന്നതും നേരല്ലേ? അമേരിക്കയുടേയും, ഇസ്രായേലിന്റേയും രാഷ്ട്രത്തലവന്മാരെയാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. തീവ്രവാദമെന്ന വാക്കെടുത്ത്‌, അതിനുചുറ്റും എല്ലാ ന്യായങ്ങളും നിര്‍മ്മിക്കുന്നത്‌(അവര്‍ ചെയ്യുന്നപോലെ). കൂടുതല്‍ ദുരിതങ്ങളും, യുദ്ധങ്ങളും, അപകടങ്ങളും, പകയും, ശിക്ഷയും, ചാവേറുകളേയും സൃഷ്ടിക്കാന്‍ മാത്രമേ ഉതകൂ. എവിടേക്കും കൊണ്ടു ചെന്നെത്തിക്കില്ല അതു നമ്മെ. അങ്ങിനെ നോക്കുകയാണെങ്കില്‍, ജോര്‍ജ്ജ്‌ വാഷിങ്ങ്‌ടണും, ജോണ്‍ കനിയാട്ടിയും, നെല്‍സണ്‍ മണ്ടേലയുമൊക്കെ തീവ്രവാദികളാണെന്നു വരില്ലേ?

ഈ ദുരിതം അവസാനിപ്പിക്കാന്‍ എന്താണ്‌ ചെയ്യേണ്ടത്‌?

അജ്ഞതക്കെതിരെ പോരാടണം നമ്മള്‍. സ്കൂളുകളില്‍ പോയി സംസാരിക്കറുണ്ട്‌ ഞങ്ങള്‍ കുട്ടികളോട്‌. ഈ സംഘര്‍ഷം തുടങ്ങിയത്‌ എങ്ങിനെയാണെന്ന് അവരെ മനസ്സിലാക്കിക്കാന്‍, ഒരു കഥ ഭാവന ചെയ്യാന്‍ ഞങ്ങള്‍ അവരോട്‌ ആവശ്യപ്പെടാറുണ്ട്‌. "മുഹമ്മദും കുടുംബവും സമാധാനത്തോടെ കഴിഞ്ഞിരുന്ന വീട്ടിലേക്കു മഴ കോരിച്ചൊരിയുന്ന ഒരു രാത്രി, മോശയും മക്കളും കയറി വന്നു. അവര്‍ ആകെ തകര്‍ന്നടിഞ്ഞവരും, പരിക്ഷീണരുമായിരുന്നു. അവര്‍ പറഞ്ഞു. ക്ഷമിക്കണം, ഞങ്ങളൊരിക്കല്‍ ഈ വീട്ടില്‍ താമസിച്ചിരുന്നു". അറബ്‌-ജൂത സംഘര്‍ഷത്തിന്റെ ആകെത്തുക ഈയൊരു കഥയിലുണ്ട്‌. ഞാന്‍ കുട്ടികളോടു പറയാറുണ്ട്‌. തങ്ങള്‍ക്ക്‌ അവകാശപ്പെട്ടതെന്നു ബോധ്യമുള്ള ഭൂമിയുടെ എഴുപത്തെട്ട്‌ ശതമാനവും അവര്‍ നമുക്ക്‌ തന്നു. 67ലെ യുദ്ധത്തിനുശേഷം ബാക്കിവന്ന ആ ഇരുപത്തെട്ടു ശതമാനം ഭൂമിയെങ്കിലും നമ്മള്‍ അവര്‍ക്ക്‌ വിട്ടുകൊടുക്കേണ്ടതല്ലേ?

സമാധാന ചര്‍ച്ചകള്‍ തകരുന്നതിനുമുന്‍പ്‌ ക്യാംപ്‌ ഡേവിഡില്‍ വെച്ച്‌, യഹൂദ്‌ ബാരക്‌ അറാഫത്തിനു നല്‍കിയ ഉറപ്പുകളുടെ ഭൂപടം ഞങ്ങള്‍ കുട്ടികളെ കാണിച്ചു. വെസ്റ്റ്‌ ബാങ്കിന്റെ വളരെയധികം പ്രദേശങ്ങള്‍ ജൂതകുടിയേറ്റക്കാര്‍ക്കുവേണ്ടി ഒഴിച്ചുവെച്ചതിനു ശേഷമുള്ള ഭൂപടമായിരുന്നു അത്‌. എക്കാലത്തെയും ഏറ്റവും വലിയ രഹസ്യങ്ങളില്‍ ഒന്നായിരുന്നു അത്‌. കാരണം, ബാരക്‌ ഒരിക്കലും ഔദ്യോഗിക ഭൂപടങ്ങള്‍ അനുവദിച്ചിരുന്നില്ല. പാലസ്തീനികള്‍ക്ക്‌ ഒരിക്കലും സമ്മതിക്കാന്‍ സാധിക്കുമായിരുന്നില്ലാത്ത നിര്‍ദ്ദേശങ്ങളായിരുന്നു അവയില്‍.

സ്കൂളുകളിലും, പൊതുസ്ഥലങ്ങളിലും ഏതുതരം പ്രതികരണമാണ്‌ നിങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌?.

ഈ എഴുപത്തെട്ടിന്റെയും, ഇരുപത്തിരണ്ടിന്റേയും കണക്കുകള്‍ കാണുമ്പോള്‍ കുട്ടികളുടെ അറിവില്ലായ്മ മെല്ലെ മെല്ലെ നീങ്ങുന്നത്‌ അവരുടെ മുഖത്തുനിന്നു ഞാന്‍ അറിയുന്നു. നിങ്ങള്‍ക്കറിയാമോ, ഉറ്റവര്‍ നഷ്ടപ്പെട്ടവരെ ഇസ്രായേല്‍ കാണുന്നത്‌ വലിയ ആദരവോടെയാണ്‌. കാരണം അവര്‍ രാജ്യത്തിനു വില നല്‍കിയവരാണ്‌. എനിക്കും കിട്ടേണ്ടതാണ്‌ അത്‌. പക്ഷേ, ഇന്ന് ഞാന്‍ പറയുന്നത്‌ കേള്‍ക്കാന്‍ ആരുമില്ല.

എല്ലാ ജറുസലേം ദിനത്തിലും (ജൂണ്‍ 7)സ്മദാറിന്റെ ചിത്രവുമേന്തിറാമി തെരുവില്‍ നില്‍ക്കും. സമാധാനപ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ച്‌ സംസാരിച്ച്‌. അയാളും കൊല്ലപ്പെടേണ്ടതായിരുന്നു എന്നാണത്രെ ആളുകള്‍ പറയുന്നത്‌!

"പ്രശ്നത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി ഇതാണ്‌". റാമി പറയുന്നു.

ഈ ജറുസലേം ദിനത്തിലും നിങ്ങളതു ചെയ്യുമോ?

ചെയ്യും. ആളുകള്‍ എന്നെ കാര്‍ക്കിച്ചുതുപ്പുകയും, ശപിക്കുകയും ചെയ്തേക്കാം. അത്‌ മനുഷ്യവികാരങ്ങളുടെ ഒരു ഭാഗം മാത്രമേ ആവുന്നുള്ളു. മറു ഭാഗത്തിനാണ്‌ നമ്മള്‍ പരിഹാരം തേടേണ്ടത്‌. ഞങ്ങള്‍ അതിനു നല്ലൊരു തുടക്കം ഇട്ടിട്ടുണ്ട്‌.

ഒരു സൈനിക അധിനിവേശം നടക്കുമ്പോള്‍, സമൂഹം എന്തു വിലയാണ്‌ കൊടുക്കേണ്ടിവരുന്നത്‌?

താങ്ങാന്‍ സാധിക്കാത്ത വിലയാണ്‌. ധാര്‍മികച്യുതിയില്‍ നിന്ന് അതാരംഭിക്കുന്നു. അതിര്‍ത്തി കടക്കാന്‍ ഗര്‍ഭിണികളെ അനുവദിക്കാതിരിക്കുകയും, അങ്ങിനെ കുട്ടികള്‍ മരിക്കാന്‍ ഇടവരുത്തുകയും ചെയ്യുമ്പോള്‍, നമ്മളും, ചാവേറുകളും തമ്മില്‍ വ്യത്യാസമില്ലാതാവുന്നു. നമ്മള്‍ മൃഗമായി അധഃപ്പതിച്ചുകഴിഞ്ഞു എന്നര്‍ത്ഥം.

മറ്റു രാജ്യങ്ങളിലെ ജൂതരോട്‌, ഉദാഹരണത്തിന്‌, -ഇസ്രായേലിനെ പിന്തുണക്കേണ്ടത്‌ തങ്ങളുടെ കടമയാണെന്നു കരുതുന്ന ബ്രിട്ടനിലെ ജൂതരോട്‌- നിങ്ങള്‍ക്ക്‌ എന്താണു പറയാനുള്ളത്‌?

എന്തു വില കൊടുത്തും സ്റ്റേറ്റിനെ പിന്തുണക്കുകയല്ല, മറിച്ച്‌, യഥാര്‍ത്ഥ ജൂതമൂല്യങ്ങളോട്‌ വിശ്വസ്ഥത പുലര്‍ത്തുകയും, ഇസ്രായേലിലെ സമാധാന പ്രസ്ഥാനങ്ങള്‍ക്ക്‌ പിന്തുണ നല്‍കുകയുമാണ്‌ അവര്‍ ചെയ്യേണ്ടത്‌.പുറമേനിന്നുള്ള ജൂതന്മാരില്‍നിന്നും, സര്‍ക്കാരുകളില്‍നിന്നും, പൊതുജനാഭിപ്രായങ്ങളില്‍നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്കു മാത്രമേ ഈയൊരു ദുരന്തം അവസാനിപ്പിക്കാന്‍ കഴിയൂ. പകരം, ഈ നിശ്ശബ്ദതയും, ഒന്നും കണ്ടില്ല, കേട്ടില്ല മനോഭാവവും ഇനിയും തുടര്‍ന്നാല്‍, വിമര്‍ശകരെ ജൂതവിരുദ്ധരായി ചിത്രീകരിക്കുന്നത്‌ ഇനിയെങ്കിലും നിര്‍ത്തിയില്ലെങ്കില്‍, ഹോളോകാസ്റ്റിനെ നിശ്ശബ്ദമായി സഹിച്ച്‌ മാറിനിന്നവരില്‍നിന്ന് നമ്മളും ഒട്ടും വ്യത്യസ്ഥരാവില്ല. ആ കുറ്റത്തിനു നമ്മള്‍ കൂട്ടുനില്‍ക്കുന്നു എന്നതു മാത്രമാവില്ല അതിന്റെ അര്‍ത്ഥം. ഒരിക്കലും സമാധാനം പുലരില്ലെന്നു സ്വയം ഉറപ്പുവരുത്താനും, ശാന്തി ലഭിക്കില്ലെന്നു വരും തലമുറക്കു കൂടി ബോധ്യമാവാനും മാത്രമേ അത്‌ നമ്മെ സഹായിക്കൂ. അത്‌ സാമാന്യബുദ്ധിയാണോ?

പക്ഷേ അവര്‍ പറയുക, ഇസ്രായേല്‍ ചെറുത്തു നിന്നില്ലെങ്കില്‍, അറബികള്‍ അവരെ കടലില്‍ പുറന്തള്ളും എന്നാവാനും ഇടയില്ലേ?

ആര്‍ ആരെയാണ്‌ കടലില്‍ തള്ളുക? മധ്യപൂര്‍വ്വദേശത്തെ ഏറ്റവും ശക്തമായ സൈന്യമാണു നമ്മുടേത്‌. 2002ലെ വെസ്റ്റ്‌ ബാങ്ക്‌ ആക്രമണത്തി വെറും അഞ്ഞൂറുപേര്‍ക്കെതിരെ നമ്മള്‍ (ഷാരോണ്‍) അയച്ചത്‌ നാല്‌ സൈനിക വിഭാഗങ്ങളെയാണ്‌. ആരാണ്‌ നമ്മളെ കടലില്‍ തള്ളുക? ചിരിക്കാന്‍ വക നല്‍കുന്ന ഒരു പറച്ചില്‍ മാത്രമാണത്‌. ചെക്‌ക്‍പോയിന്റുകളിലാണ്‌ യഥാര്‍ത്ഥ സംഗതി നടക്കുന്നത്‌. രാവിലെ തന്റെ അമ്മ അപമാനിക്കപ്പെട്ടതറിയുന്ന പാലസ്തീനി ബാലന്‍ വൈകുന്നേരം ഒരു ചാവേറായി മാറാം. ഇരുന്നൂറു മീറ്റര്‍ അകലെ, നിസ്സഹായരായ ആളുകള്‍ അപമാനിക്കപ്പെടുന്നതും, പാലസ്തീനി കുട്ടികള്‍ വിശന്നുകരയുന്നതും കണ്ടുകൊണ്ട്‌, ഇസ്രായേലികള്‍ക്ക്‌ ചായക്കടകളിലിരുന്ന് തീറ്റയും കുടിയും നടത്താന്‍ കഴിയില്ല. ചാവേര്‍ എന്നത്‌ ഒരു കൊതുകു മാത്രമാണ്‌. അധിനിവേശമെന്ന ചളിക്കുണ്ടിലാണ്‌ അത്‌ പെറ്റുപെരുകുന്നത്‌.

ഹമാസ്‌ തട്ടിക്കൊണ്ടുപോവുകയും, വധിക്കുകയും ചെയ്ത ആരിക്‌ എന്ന പട്ടാളക്കാരന്റെ അച്ഛന്‍ ഷാക്‌ ഫ്രാങ്കെന്താള്‍ ആണ്‌ രക്ഷാകര്‍ത്തൃസംഘടനയുടെ തലവന്‍. ജറുസലേമില്‍ നടന്ന സമാധാന റാലിയില്‍ അദ്ദേഹം ചെയ്ത പ്രസംഗം അദ്ദേഹത്തിന്റെ വലിയ മനസ്സിന്റെ പ്രതിഫലനമായിരുന്നു. ഫ്രാങ്കെന്താള്‍ ചോദിച്ചു. "നിര്‍ദ്ദയരായ പാലസ്തീന്‍ കൊലയാളികളെക്കുറിച്ച്‌ സംസാരിക്കുന്നവരില്‍ സത്യസന്ധരായ വല്ലവരുമുണ്ടെങ്കില്‍, അവര്‍ ശരിക്കും കണ്ണാടിയിലേക്കു നോക്കട്ടെ. എന്നിട്ട്‌ അവര്‍ സ്വയം ചോദിക്കട്ടെ, തങ്ങള്‍ക്കാണ്‌ അധിനിവേശത്തില്‍ ജീവിക്കേണ്ടിവന്നിരുന്നതെങ്കില്‍, അവരെന്തു ചെയ്യുമായിരുന്നു? ഞാന്‍, ഷാക്‌ ഫ്രാങ്കെന്താള്‍ എന്റെ കാര്യം പറയാം, സംശയലേശമെന്യേ. ഞാന്‍ ഒരു വിമോചനപ്പോരാളിയാവുമായിരുന്നു. എനിക്കു കൊല്ലാന്‍ സാധിക്കുന്നയത്ര ആളുകളെ മറുഭാഗത്ത്‌ ഞാന്‍ കൊന്നേനെ. നമ്മളുമായി നിരന്തരം പോരാടാന്‍ പാലസ്തീനിയെ നിര്‍ബന്ധിക്കുന്നത്‌ ഇതേ വികാരം തന്നെയാണ്‌. നമ്മുടെ ഇരട്ടത്താപ്പുകൊണ്ട്‌, നമ്മള്‍ സൈനികധര്‍മ്മത്തെക്കുറിച്ച്‌ വാ തോരാതെ സംസാരിക്കുകയും, അതേ സമയം നിരപരാധികളായ കുട്ടികളെവരെ വേട്ടയാടുകയും ചെയ്യുന്നു. എന്റെ മകന്റെ മരണത്തിന്‌ ഉത്തരവാദികള്‍ പാലസ്തീനികളാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അതൊരു ഒഴിവുകഴിവു മാത്രമാണ്‌. കാരണം, അവരുമായി സന്ധിചെയ്യുന്നതില്‍ നമ്മളാണ്‌ വിമുഖത കാണിക്കുന്നത്‌. അവര്‍ക്കുമേല്‍ നിയന്ത്രണം വേണമെന്ന് നമ്മളാണ്‌ നിര്‍ബന്ധം പിടിക്കുന്നത്‌. അക്രമത്തിന്റെ ചക്രത്തെ നമ്മളാണ്‌ തിരിക്കുന്നത്‌. ഇത്‌ പറയുന്നതില്‍ എനിക്കു വേദനയുണ്ട്‌".



(തുടരും)

6 comments:

Rajeeve Chelanat said...

നീളമുള്ള വഴികള്‍..രണ്ടാം ഭാഗം.....ജോണ്‍ പില്‍ഗര്‍
തര്‍ജ്ജമ: രാജീവ്‌ ചേലനാട്ട്‌

ചില നേരത്ത്.. said...

രാജീവെ,
നന്ദി.
നഷ്ടപ്പെട്ടവരിലൊന്നും നിന്റെ സഹോദരരില്ലെന്ന് ഞാന്‍ തെറ്റിദ്ധരിക്കുകയായിരുന്നു. എന്നിട്ടും നീയിതെന്തിന് പകര്‍ത്തിയെഴുതുന്നതെന്ന് ഞാന്‍ ചിന്തിക്കരുതായിരുന്നു. നീയും അവരെ പോലെ ഒരു മനുഷ്യസ്നേഹി. അതിനാണെന്റെ നന്ദി. ചതുപ്പില്‍ നിന്ന് കൂടുതല്‍ കൊതുകുകള്‍ പരക്കാതിരിക്കുന്നതിന് അവര്‍ തെളിക്കുന്ന മരുന്ന് പരിചയപ്പെടുത്തിയതിന് വളരെ സ്നേഹം .

Rajeeve Chelanat said...

ചില നേരത്തെ,

കത്തു കണ്ടു. താങ്കളുടെ "മികച്ച കര്‍ഷകന്‍"ഉം കണ്ടു. അസ്സല്‍ സാധനം. മറ്റു ലേഖനങ്ങള്‍ വഴിയേ വായിച്ചു അഭിപ്രായം അറിയിക്കാം. സമയംകൊല്ലികളല്ലാത്ത എഴുത്തുകളും ബൂലോഗത്ത്‌ ഉണ്ടാവുന്നു എന്നത്‌ ആശ്വാസം.

മിക്കവരും അവരുടെ പ്രൊഫെയിലില്‍പ്പോലും പേരും വിവരങ്ങളും നല്‍കാത്തതെന്തെന്നു അതിശയം തോന്നുന്നു. അല്ല, ഇനി അതാണെന്നു വരുമോ, ബൂലോഗത്തെ പ്രകൃതി നിയമം?

സ്നേഹപൂര്‍വം

Rasheed Chalil said...

ഇത് ഇപ്പോഴാ കണ്ടത്... ഇബ്രുവിന്റെ കമന്റിന് താഴെ എന്റേയും ഒരു കൈയൊപ്പ്.

Rajeeve Chelanat said...

വായിക്കാന്‍ മിനക്കെട്ടവര്‍ക്കും, അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി.

Mahi said...

മുറിവുകള്‍ ഒരു നിശബ്ദമായ വിശപ്പാണെന്ന്‌ എനിക്കു തോന്നാറുണ്ട്‌.അടുത്ത്‌ ഗോദാര്‍ദിന്റെ വീകെന്‍ഡ്‌ കണ്ടിരുന്നു.ഒരു നരഭോജന രംഗത്തിലാണ്‌ പടം അവസാനിക്കുന്നത്‌.നമ്മളൊക്കെ അങ്ങോട്ടേക്ക്‌ തന്നെയാണല്ലെ രാജീവ്‌.ബ്ലൊഗിലെ നിങ്ങളുടെ ഇടപെടലുകളേ അഭിനന്ദനം എന്ന വാക്കില്‍ ഒതുക്കാന്‍ കഴിയില്ല.എനിക്ക്‌.ലേഖനങ്ങളെല്ലാം വായിച്ചു വരുന്നു.സത്യത്തില്‍ ലേഖനങ്ങള്‍ കുറവാണ്‌ വായിക്കാറ്‌.വേറൊന്നും കൊണ്ടല്ല സമയം കിട്ടാറില്ല.സമയം കിട്ടാറില്ല എന്ന്‌ പറയുമ്പോഴും തെറ്റിദ്ധരിക്കരുത്‌.എന്റെ ബ്ലൊഗിങ്ങ്‌ ഓഫീസ്‌ സമയം കട്ടുമുടിച്ചാണ്‌ നടക്കുന്നത്‌.വീട്ടില്‍ കമ്പ്യൂട്ടറില്ല നെറ്റില്‍ പോകാനുള്ള ദുഡില്ല പക്ഷെ താങ്കളുടെ ലേഖനം വായിച്ചപ്പോഴാണ്‌ ഒരുപാട്‌ നഷ്ടപ്പെട്ടുവെന്ന്‌ തോന്നുന്നത്‌