Tuesday, March 20, 2007

എഴുത്തിന്റെ പ്രവാസം

എഴുതാനിരിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രതിസന്ധി ഏതെന്നു ചോദിച്ചപ്പോള്‍, ശൂന്യമായ കടലാസ്സിന്റെ മുന്‍പിലുള്ള ആ ഇരിപ്പാണെന്നായിരുന്നു ഒരു എഴുത്തുകാരി പറഞ്ഞ മറുപടി.

ഒരുവിധത്തില്‍ എഴുത്തിന്റെ രാഷ്ട്രീയം തന്നെയാണ്‌ ആ ഒരു അഭിമുഖത്തിന്റെ നിമിഷം. മറുനാടന്‍ മലയാളിയുടെ എഴുത്തിനെക്കുറിച്ച്‌ വിലയിരുത്തേണ്ടത്‌ ഈയൊരു പശ്ചാത്തലത്തില്‍ വേണം. ഡയസ്പോറയും മറ്റും (ബെന്യാമിന്റെ ലേഖനം) ഈ രാഷ്ട്രീയത്തിന്റെ അനുബന്ധമായിനില്‍ക്കുന്ന വിഷയങ്ങള്‍ മാത്രമാണ്‌.

തന്റെ സാമൂഹ്യ-ചരിത്രപരിസരങ്ങളുമായി ഏകീകരിക്കുക്കന്നതിലൂടെ, തികച്ചും വൈയക്തികമായ ഒരു അനുഭവത്തെപ്പോലും എഴുത്തുകാരന്‍ ഒരു പുതിയ ലോകവീക്ഷണത്തിന്റെ പുനര്‍ജ്ജനിയിലൂടെ പ്രവേശിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. എഴുത്തിന്റെ രാഷ്ട്രീയമാണ്‌ അത്‌. കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ പഴഞ്ചന്‍ മനയുടെ മുകളില്‍ ഒളിച്ചിരിക്കുന്ന ഒരാളില്‍ ചെഗുവേരയെ കാണുമ്പോള്‍ ഒ.വി.വിജയന്‍ യഥാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത്‌ ഈയൊരു രാഷ്ട്രീയാനുഭവത്തെ തന്നെയാണ്‌. ബഷീറും, ദേവും, തകഴിയും, വര്‍ക്കിയും ആ രാഷ്ട്രീയത്തെയാണ്‌ തങ്ങളുടെ എഴുത്തില്‍ പ്രതിഫലിപ്പിച്ചത്‌. കവികളില്‍ ആശാനും,പിന്നീടു വന്ന വൈലോപ്പിള്ളിയും, നാടകരംഗത്ത്‌ സി.ജെയും, കെ.ടിയും,ഒക്കെ ഈയൊരു പുതിയ എഴുത്തിന്റെ ശക്തരായ പ്രതിനിധികളായിരുന്നു.

എഴുത്തിന്റെ ആ രാഷ്ട്രീയം ഇന്നും ഏറിയും കുറഞ്ഞും മലയാള സാഹിത്യ രംഗത്തുണ്ട്‌. കഥയിലായാലും, കവിതയിലായാലും. പരമ്പരാഗത ഭാഷയും, ചിന്താധാരയുമൊക്കെ നിര്‍ദ്ദയമായി അട്ടിമറിക്കപ്പെട്ടിട്ടുണ്ട്‌ പ്രതിഭാധനരായ ചില പുത്തന്‍ എഴുത്തുകാരിലൂടെയെങ്കിലും.

പക്ഷേ, പ്രവാസികളുടെ രചനകളില്‍നിന്ന് ഈയൊരു രാഷ്ട്രീയം കൈമോശം വന്നുകൊണ്ടിരിക്കുകയാണെന്നുവേണം കരുതാന്‍.തികച്ചും എകാന്തമായ തുരുത്തുകളിലാണ്‌ പ്രവാസി എഴുത്തുകാര്‍. വര്‍ഗബോധത്തിന്റെയോ, മാറ്റിപ്പണിയേണ്ട വര്‍ത്തമാന (ലോകമെന്നൊന്നും പറയുന്നില്ല..) സാഹചര്യത്തിന്റേപോലുമോ പ്രശ്നങ്ങള്‍ അവനെ അലട്ടുന്നില്ല. ഒരു പോരാട്ടത്തിനും അവനില്ല. അതിനു സാധ്യവുമല്ല ഈ നാട്ടില്‍ എന്നുള്ളത്‌, അവനെ സംബന്ധിച്ചിടത്തോളം സൗകര്യമായിത്തീര്‍ന്ന ഉര്‍വ്വശീശാപം മാത്രമാണ്‌. സാമൂഹ്യവും, സാംസ്കാരികവുമായ ഇടപെടല്‍ എന്ന നിലയ്ക്കാണ്‌ പോരാട്ടമെന്നതുകൊണ്ട്‌ ഇവിടെ വിവക്ഷിക്കുന്നത്‌.

സുഖകരവും, സ്വാസ്ഥ്യപൂര്‍ണ്ണവുമായ ചുറ്റുപാടുകളിലിരുന്ന്, ഇടക്കിടക്കു വൈയക്തികമായ സുഖ-ദുഃഖ മൂര്‍ച്ഛകളിലുഴലുക മാത്രമാണ്‌ പ്രവാസി എഴുത്തുകാരന്‍ ചെയ്യുന്നത്‌. പ്രതിഭയില്ലാഞ്ഞിട്ടല്ല. തീക്ഷ്ണമായ അനുഭവങ്ങളില്ല, ഉള്ളവരാകട്ടെ, അവയെ നേരിടുന്നത്‌ സ്വന്തം ജീവിതംകൊണ്ടാണ്‌, എഴുത്തുകൊണ്ടല്ല. എന്നു മാത്രമല്ല, എഴുത്തിന്റെ ആര്‍ഭാടം അനുഭവിക്കാനോ, ആസ്വദിക്കാനോ ഉള്ള സമയമോ, മാനസികാവസ്ഥയോ അവര്‍ക്കില്ല. പരുഷമായ കാലത്തെ നേരിടാന്‍ വിധിക്കപ്പെട്ടവരാണ്‌ അവര്‍. പ്രവാസികളെന്നു ആരെയെങ്കിലും വിളിക്കണമെന്നുണ്ടെങ്കില്‍ അവരെയാണു അങ്ങിനെ വിളിക്കേണ്ടത്‌.

നമുക്ക്‌ പ്രവാസം ഇടക്കിടയ്ക്ക്‌ അവധിയില്‍ പോയി മടങ്ങിവന്ന് വീണ്ടും തുടരേണ്ട ആഴ്ചവട്ടം മാത്രമാണ്‌. പലപ്പോഴും അത്‌ നമ്മള്‍ സ്വയമേവ തിരഞ്ഞെടുക്കുന്നതുമാകുന്നു. അതല്ലാത്തവരില്ലെന്നല്ല. അവര്‍, മുന്‍പ്‌ സൂചിപ്പിച്ചപോലെ, മറ്റൊരു ജനവിഭാഗമാണ്‌, അവരുടേത്‌ മറ്റൊരു ജീവിതവുമാണ്‌. സങ്കല്‍പ്പിക്കാന്‍പോലും നമുക്ക്‌ തീരെ ഇഷ്ടമില്ലാത്ത ഒരു ഭൂമിക.സ്വന്തം ദേശ-കാല ആവാസങ്ങളില്‍ നിന്നു നിര്‍ബന്ധിതമായി വേരറുക്കേണ്ടിവരുന്ന പ്രവാസവുമുണ്ട്‌ ആധുനിക മനുഷ്യന്റെ സമീപകാല ചരിത്രാനുഭവങ്ങളിലൊക്കെത്തന്നെ. നമ്മുടെ സ്വദേശാഭിമാനിയും, ബംഗാളിന്റെ ഷഷ്ഠി ബ്രതയും, അനുഭവിച്ച പ്രവാസം.

മറ്റൊന്ന്, രാജ്യത്തിന്റെയും, മതത്തിന്റെയും, തത്ത്വസംഹിതകളുടേയുമൊക്കെ പിടിവാശികളില്‍പ്പെട്ട്‌ സ്വന്തം വേരറുകളറുത്ത്‌, പലായനം ചെയ്യേണ്ടിവന്ന പ്രവാസികളാണ്‌. പ്രവാസത്തിന്റെ സമകാലികമായ ഇത്തരം അവസ്ഥകള്‍ നിലനില്‍ക്കുമ്പോഴാണ്‌, ഉപജീവനത്തിനു സ്വയം തിരഞ്ഞെടുത്ത മാര്‍ഗ്ഗത്തിന്റെ(ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ, അങ്ങിനെയല്ലാത്ത ലക്ഷങ്ങളെ മറന്നിട്ടല്ല, ഈ പ്രയോഗം) കുറുക്കുവഴിയിലൂടെ നമ്മള്‍ "പ്രവാസി"യാവുന്നതും, എഴുതുന്നതും, സാംസ്കാരികപ്രവര്‍ത്തനം നടത്തുന്നതും.

അങ്ങിനെ, ഒരു അനുഭവങ്ങളും ഇല്ലാത്ത ഒരു ചരിത്രശൂന്യ കാലഘട്ടത്തിലൂടെയാണ്‌ ആധുനിക മറുനാടന്‍ മലയാളി (പ്രവാസിയേ അല്ല അവര്‍) എഴുത്തുകാരന്‍/എഴുത്തുകാരി പോയ്ക്കൊണ്ടിരിക്കുന്നത്‌.

ഒരു ടെക്‌നോപാര്‍ക്ക്‌ ഉദ്യോഗസ്ഥനാണവന്‍. ജോലിസ്ഥലത്തേക്കും, തിരിച്ചുമുള്ള നിയതമായ പോക്കുവരവുകളുടെ നിത്യകാമുകന്‍. ഒരു ചെറുവിരലെങ്കിലുമനക്കേണ്ടുന്ന സ്ഥല-കാല സന്ധികളില്‍, അറുവഷളന്‍ കോട്ടുവായിട്ട്‌, സ്വന്തം ഉള്ളിന്റേയോ, സ്വയം തീര്‍ത്ത ചുവരുകളുടേയോ സ്വാസ്ഥ്യതയിലേക്കു തിരിഞ്ഞു കിടന്നുറങ്ങുന്നവന്‍. എല്ലാ ഡയസ്പോറകളെയും വിഫലമാക്കുന്നവന്‍.



രാജീവ്‌ ചേലനാട്ട്‌

1 comment:

Rajeeve Chelanat said...

എഴുത്തിന്റെ പ്രവാസം...എഴുതാനിരിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രതിസന്ധി ഏതെന്നു ചോദിച്ചപ്പോള്‍ ശൂന്യമായ കടലാസ്സിന്റെ മുന്‍പിലുള്ള ആ ഇരിപ്പാണെന്നായിരുന്നു ഒരു എഴുത്തുകാരി പറഞ്ഞ മറുപടി.