Wednesday, October 3, 2007

അദ്ധ്യായം-7 ലാറിയ പണിത വീട്‌

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

ജലസിന്ധി, ഝബുവ (മദ്ധ്യപ്രദേശ്‌) - ലാറിയയും അയാളുടെ സഹ ഗോത്ര വര്‍ഗ്ഗക്കാരായ ഭിലാലകളും ഈ പ്രദേശത്താണ്‌ താമസിക്കുന്നത്‌. ഭൂമിശാസ്ത്രപരമായി പറഞ്ഞാല്‍ മദ്ധ്യപ്രദേശിന്റെ ഏറ്റവും താഴ്‌ന്ന ഭാഗത്തെ ഒരു സ്ഥലം. ആ ചെരുവില്‍ത്തന്നെ, ഏറ്റവും താഴത്ത്‌ ഒരു വീടും വയലുമുണ്ട്‌. നര്‍മ്മദയിലെ ജലം വൃഷ്ടിപ്രദേശത്ത്‌ ഉയരുമ്പോള്‍, ആദ്യം ജലസമാധിയടയുക ഈ വീടും വയലുമായിരിക്കും. ജലനിരപ്പ്‌ ഇപ്പോള്‍തന്നെ 83 മീറ്റര്‍ കടന്നിരിക്കുന്നു. ഇതാണ്‌ ലാറിയ നിര്‍മ്മിച്ച വീട്‌. ഈ വയല്‍ അയാളുടേതാണ്‌.

ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ ജില്ലകളില്‍ ഒന്നായ ഝബുവയിലെ മറ്റേതൊരു വീടുംപോലെ ലാറിയയുടെ വീടും വളരെ വിശാലമായ ഒന്നാണ്‌. മൂന്നു നിലകളില്‍, തേക്കും, മുളയും കൊണ്ട്‌ നിര്‍മ്മിച്ച ഒന്നായിരുന്നു അത്‌. മദ്ധ്യപ്രദേശിനെയും മഹാരാഷ്ട്രയെയും വേര്‍തിരിക്കുന്ന നര്‍മ്മദയുടെ തീരത്തുള്ള ജല്‍സിന്ധി എന്ന ഗ്രാമത്തിലാണ്‌ അയാളുടെ ഊര്‌. ഊരിലെ താമസക്കാരായ അയാളും, മറ്റ്‌ എട്ടു കുടുംബങ്ങളും തങ്ങളുടെ വീട്‌ വിട്ടുപോവാന്‍ തയ്യാറല്ല. മാത്രമല്ല, തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ അവരൊരുമിച്ച്‌ അദ്ധ്വാനിച്ച്‌ മറ്റൊരു വീടും ഇതിനകം നിര്‍മ്മിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്കായി ഒരു താവളം. സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ നിര്‍മ്മാണം മൂലം വീടുകള്‍ നഷ്ടപ്പെടാന്‍ പോവുന്ന വെറെ ചിലരും ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിലുണ്ടായിരുന്നു. അവരും പിടിച്ചുനില്‍ക്കുകയാണ്‌. ആദിവാസികളും, ദരിദ്രരും, നിരക്ഷരരുമായിരുന്നു ഇവരില്‍ ഭൂരിഭാഗവും.

ചെരുവിന്റെ താഴത്ത്‌, ലാറിയയുടെ ഭാര്യ, ബോഘി മഴയെ വരവേല്‍ക്കാന്‍ തന്റെ വയലിനെ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. താപനില 45 ഡിഗ്രി സെല്‍ഷ്യസിനോടടുപ്പിച്ചും. പാരവശ്യത്തോടെ ബോഘ ഇടക്കിടക്ക്‌ ആകാശത്തേക്ക്‌ കണ്ണോടിച്ചു. പാറകള്‍ നിറഞ്ഞ ചെരുവിനെ കൃഷിയോഗ്യമാക്കുക അത്ര എളുപ്പമുള്ള പണിയായിരുന്നില്ല. പക്ഷേ, ബോഘിയും, അവരുടെ ബന്ധു രേവകിയും പിന്മാറാന്‍ തയ്യാറല്ലായിരുന്നു. ഗോത്രത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഭാവയുടെ നേതൃത്വത്തില്‍ ആണുങ്ങള്‍ മറ്റൊരു വീട്‌ നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു. എന്തും സഹിക്കാനുള്ള അവരുടെ നിശ്ചയദാര്‍ഢ്യം വളരെ പ്രകടമായി കണ്ടു.

ഈ ഗ്രാമത്തിലെ ആളുകളുടെ മനോഭാവം വൈകാരികമായി മാത്രം രൂപപ്പെട്ട ഒന്നായിരുന്നില്ല. ഇനി അങ്ങിനെ ആണെങ്കില്‍തന്നെ അതിനവരെ കുറ്റം പറയാനും ആവുമായിരുന്നില്ല. 1951-ന്‌ ശേഷം ഇന്ത്യയില്‍ മൊത്തം കുടിയിറക്കപ്പെട്ട 26 ദശലക്ഷം ആളുകളില്‍, 40 ശതമാനത്തിലധികവും ആദിവാസികളാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ഒറീസ്സയിലും മദ്ധ്യപ്രദേശിലും ഈ അനുപാതം ഇനിയും കൂടുതലാണ്‌. ഈ വസ്തുതയും, തങ്ങളുടെ വീടുകളില്‍നിന്ന് എന്നന്നേക്കുമായി പിഴുതുമാറ്റപ്പെടുന്ന അവസ്ഥയും പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. പക്ഷേ, ഇതു മാത്രമല്ല, ഒഴിഞ്ഞുപോവാനുള്ള അവരുടെ വിസമ്മതത്തിനു പിന്നില്‍. സാമ്പത്തികമായ കാരണങ്ങളുമുണ്ടായിരുന്നു.

"ഇവിടെയുള്ള കാടുകളില്‍നിന്ന് ഞങ്ങള്‍ക്കാവശ്യമായ നിരവധി നിത്യോപയോഗ സാധനങ്ങളാണ്‌ കിട്ടിക്കൊണ്ടിരിക്കുന്നത്‌. ഗുജറാത്തിലേക്ക്‌ പോകേണ്ടിവന്നാല്‍ ഇതൊക്കെ ഞങ്ങള്‍ പൈസ കൊടുത്ത്‌ വാങ്ങേണ്ടിവരും", ലാറിയ പറഞ്ഞു. "അതിനാരു നഷ്ടപരിഹാരം തരും?" ഇതൊരു വാസ്തവമാണ്‌. ഭില്‍, ഭിലാല ഗോത്രങ്ങള്‍ക്ക്‌ തങ്ങളുടെ ഈ കാടുകളില്‍നിന്നു കിട്ടുന്ന നിരവധിയായ വനവിഭവങ്ങളെ പൈസയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുക എന്നത്‌ തീരെ എളുപ്പമുള്ള ഒന്നല്ല. "വിറക്‌ ഞങ്ങള്‍ ശേഖരിക്കുന്നത്‌ ഈ കാട്ടില്‍നിന്നാണ്‌. കന്നുകാലികള്‍ക്കുള്ള തീറ്റയും ഇതില്‍ നിന്നാണ്‌ കിട്ടുന്നത്‌. അതുപോലെ, സസ്യങ്ങളും, മരുന്നും. മഹുവ പൂക്കളും (മദ്യം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഒരു തരം പൂവ്‌)ഇവിടെയാണുള്ളത്‌. ഇവിടെ അടുത്തുള്ള പുഴയില്‍നിന്നാണ്‌ ഞങ്ങള്‍ മീന്‍ പിടിക്കുന്നത്‌. ഏതു പുനരധിവാസ പദ്ധതിയാണ്‌ ഇതിനെയൊക്കെ ഞങ്ങളുടെ സമ്പാദ്യങ്ങളായി കണക്കാക്കി അതിനുതക്കവണ്ണം നഷ്ടപരിഹാരം തരുക?"

അപ്പോള്‍, എന്താണ്‌ ലാറിയയും കൂട്ടരും സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്‌? "ഒന്നും വേണ്ട. ഞങ്ങളെ ഞങ്ങളുടെ പാട്ടിനു വിടുക. ഇവിടെ ജീവിക്കുന്നപോലെ മറ്റെവിടെയും ജീവിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അത്‌ നിങ്ങള്‍ക്ക്‌ നിഷേധിക്കാനാവുമോ?" എനിക്ക്‌ സാധിക്കില്ല. മൂന്നു ദിവസം അയാളുടെ വീട്ടിലും, അതുപോലെ ആ പ്രദേശത്തുള്ള മറ്റു ഗ്രാമങ്ങളിലും കഴിഞ്ഞതിനുശേഷം എനിക്കതു നന്നായി ബോധ്യപ്പെട്ടിരുന്നു. ഒരേയൊരു മരത്തില്‍നിന്നു മാത്രം നിത്യോപയോഗത്തിനുള്ള പന്ത്രണ്ടോളം വസ്തുക്കള്‍ ഒരു കുടുംബം ഉപയോഗിക്കുന്നതിന്‌ ഞാന്‍ സാക്ഷിയായിരുന്നു.

വാക്നറിലെ മറ്റൊരു ഗ്രാമത്തില്‍വെച്ച്‌ (ഇത്‌ വൃഷ്ടിപ്രദേശത്ത്‌ ഉള്‍പ്പെട്ടിരുന്നില്ല) ഒരു കുടുംബം, കാട്ടില്‍ നിന്ന് തങ്ങള്‍ ശേഖരിച്ച മുപ്പതോളം സാധനങ്ങള്‍ കാണിച്ചു തന്നു. മാഹുവ, പുളി, നെല്ലിക്ക, സീതപ്പഴം തുടങ്ങി വിവിധ വനവിഭവങ്ങള്‍.

നദിയോരത്തെ ഈ ജനങ്ങള്‍ക്ക്‌ സ്വയംസമ്പൂര്‍ണ്ണമായ ഒരു സാമ്പത്തിക ചുറ്റുപാടാണുള്ളത്‌. ചന്തകളിലേക്ക്‌ അവര്‍ പോകുന്നത്‌, ഉപ്പും, അതുപോലുള്ള സാധനങ്ങളും വാങ്ങാന്‍ മാത്രമായിരുന്നു. "ഞങ്ങള്‍, പുഴയോരത്തുള്ളവര്‍ക്ക്‌ ഒരിക്കലും ദിവസക്കൂലിക്കു പോകേണ്ടിവരാറില്ല." ഭാവ പറഞ്ഞു. "ഈ കാടുതന്നെയാണ്‌ ഞങ്ങളുടെ ബാങ്കും, മുതലാളിയും എല്ലാം. ഇതിലെ തേക്കും മുളയുംകൊണ്ട്‌ ഞങ്ങള്‍ ഞങ്ങളുടെ വീടുകള്‍ ഉണ്ടാക്കുന്നു. കൊട്ടകളും, മെത്തയും, കലപ്പയും ഒക്കെ ഞങ്ങള്‍ ഉണ്ടാക്കുന്നത്‌ ഈ കാടുകളെ ആശ്രയിച്ചാണ്‌. ഈ കാട്ടിലെ മരങ്ങളും, ഇലകളും, ചെടികളും, വേരുകളും ഉപയോഗിച്ചാണ്‌ ഞങ്ങള്‍ മരുന്നുകള്‍ ഉണ്ടാക്കുന്നത്‌. ഞങ്ങളുടെ സമ്പാദ്യമെന്നു പറയാവുന്ന ഈ കന്നുകാലികള്‍ക്ക്‌ തീറ്റ കൊടുക്കുന്നതും ഈ കാടുതന്നെയാണ്‌. അവയ്ക്ക്‌ അവിടെ ഇഷ്ടം പോലെ മേയാന്‍ സ്ഥലമുണ്ട്‌. ഗുജറാത്തിലേക്ക്‌ പോകേണ്ടിവന്നാല്‍, ഇവക്കൊക്കെ ഞങ്ങള്‍ പൈസ കൊടുക്കേണ്ടിവരും. ഇവിടെ ഒരു എട്ടുപത്ത്‌ ദിവസം താമസിച്ച്‌, ദിവസത്തില്‍ എത്ര പൈസ നിങ്ങള്‍ക്ക്‌ ലാഭിക്കാന്‍ കഴിയുമെന്ന് നോക്കുക. അതിനുശേഷം കാവന്തിലോ, ഗുജറാത്തിലെ ഏതെങ്കിലുമൊരു പട്ടണത്തിലോ പോയി കുറച്ചു ദിവസം താമസിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക്‌ മനസ്സിലാകും ആ വ്യത്യാസം".

ഒരു ഏകദേശ കണക്കെടുപ്പുപോലും അസാദ്ധ്യമായിരുന്നു. ഇവിടെ ലഭ്യമായ ചില സാധനങ്ങള്‍ പ്രദേശത്തെ ചന്തയില്‍ വില്‍പ്പനക്കു വെച്ചിരുന്നു. ഞങ്ങള്‍ ആ വില താരതമ്യം ചെയ്തു. മറ്റു ചില അന്വേഷണങ്ങളും കൂട്ടത്തില്‍ നടത്തി. അതില്‍നിന്നൊക്കെ ഞങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞ വസ്തുത, ഗുജറാത്തിലും മറ്റും പോയി താമസിച്ചാല്‍, ഇന്നത്തെ ഇവരുടെ ജീവിത നിലവാരം നിലനിര്‍ത്താന്‍ ഇവര്‍ക്ക്‌ മാസത്തില്‍ ചുരുങ്ങിയത്‌ 800 രൂപയെങ്കിലും ചിലവിടേണ്ടിവരുമെന്നായിരുന്നു. ഇതിന്റെ കൂടെ കന്നുകാലിത്തീറ്റയും മറ്റും കണക്കാക്കിയാല്‍, ചിലവിടേണ്ടിവരുന്ന സംഖ്യ ഇനിയും വളരെ കൂടും. ഈ ആളുകളുടെ വാര്‍ഷിക വരുമാനം, മൂവ്വായിരമോ പലപ്പോഴും അതിലും കുറവോ ആണെന്ന വസ്തുതയും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്‌.

കന്നുകാലിത്തീറ്റയുടെ കാര്യം പ്രധാനപ്പെട്ട ഒന്നാണ്‌. കാരണം, അവരുടെ മുഖ്യമായ ജീവനോപാധിയാണ്‌ ഈ കന്നുകാലികള്‍. "വിറകു ശേഖരിക്കാനും, കന്നുകാലികളെ മേയ്ക്കാനും ഗുജറാത്തില്‍നിന്ന് ആളുകള്‍ ഇവിടേക്കാണ്‌ വരുന്നത്‌", ജാനകി പറഞ്ഞു. ലാറിയയുടെ നാത്തൂനാണ്‌ അവര്‍. "അപ്പോള്‍ ഞങ്ങള്‍ അങ്ങോട്ട്‌ പോയാല്‍ എന്താവും സ്ഥിതി?". "ഭാവക്ക്‌ എഴുപതോളം ആടുകളും, 14 പശുക്കളും, 10 എരുമകളുമുണ്ട്‌. ആടു വളര്‍ത്തലാണ്‌ മിക്ക ആളുകളുടെയും പ്രധാന വരുമാനം. അവയാണ്‌ ഞങ്ങളുടെ രക്ഷ. ഞങ്ങളുടെയിടയില്‍ പൈസയുടെ ഇടപാടൊന്നും അധികം കണ്ടു എന്നു വരില്ല. പക്ഷേ, എന്തെങ്കിലുമൊരു അത്യാവശ്യം വന്നാല്‍, ഒരു ആടിനെ വിറ്റാല്‍ മതി. അഞ്ഞൂറോ അറുന്നൂറോ രൂപ കിട്ടും. അങ്ങിനെയാണ്‌ ഞങ്ങളിവിടെ കഴിഞ്ഞുകൂടുന്നത്‌. ഗുജറാത്തിലേക്കു പോയാല്‍, ബനിയക്കാരും, പട്ടീദറുമാരും ചേര്‍ന്ന് ഞങ്ങളെ ഞെരിക്കും".

"ഏറ്റവും പ്രധാനമായത്‌, സ്വാതന്ത്ര്യലബ്ധിക്കുശേഷം, ഇക്കാലംവരെ, ഈ ഗ്രാമങ്ങളില്‍ ഒരു തരത്തിലുമുള്ള വികസനവും ഉണ്ടായിട്ടില്ല എന്നതാന്‌", ഡല്‍ഹി സ്കൂള്‍ ഓഫ്‌ ഇക്കണോമിക്സിലെ ഡോ.അമിത ബാവിസ്കര്‍ പറയുന്നു. "അതിനുപുറമെയാണ്‌, വര്‍ഷങ്ങളായുള്ള അടിച്ചമര്‍ത്തലിനുശേഷമുള്ള ഈ കുടിയൊഴിപ്പിക്കല്‍. ഇതിലുള്‍പ്പെട്ടിട്ടുള്ള അന്യായം ഭയങ്കരമാണ്‌. ആരും ഇവരോട്‌ ഒന്നും സംസാരിച്ചിട്ടില്ല. അറിയിച്ചിട്ടുമില്ല. അവര്‍ക്ക്‌ ഗുജറാത്തിലേക്ക്‌ പോകാന്‍ ഇഷ്ടമല്ല".

ഈ പ്രദേശത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനത്തിനു പി.എച്ച്‌.ഡി ലഭിച്ച ഡോ.ബാവിസ്കര്‍, ഖേദൂട്‌ മസ്ദൂര്‍ ചേതന സംഘട്‌ (KMCS)എന്ന സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ഇവിടെയുള്ള 95 ഗ്രാമങ്ങളിലെ ആദിവാസികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നതിലും KMCS 1982 മുതല്‍ ഏര്‍പ്പെട്ടിരിക്കുന്നു. നര്‍മ്മദ ബചാവോ ആന്ദോളനവുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍തന്നെ, അണക്കെട്ടിനെതിരായ സമരങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നായിരുന്നില്ല ഇവരുടെ പ്രവര്‍ത്തനമണ്ഡലം. ഭൂമിയുടെയും, വനവിഭവങ്ങളുടെയുംമേലുള്ള ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ രാഷ്ട്രീയമായി അവരെ സംഘടിപ്പിക്കുന്നതിലും അവര്‍ ഏറെക്കാലമായി സജീവമായി രംഗത്തുണ്ട്‌.

"കുടിയൊഴിക്കലിനെ പ്രതിരോധിക്കാനായി വേണ്ടിവന്നാല്‍ ജലസമാധിക്കുപോലും തയ്യാറാണെന്ന ജലസിന്ധി ഗ്രാമത്തിന്റെ പ്രഖ്യാപനം ഒരുപക്ഷേ ബാലിശമായി തോന്നിയേക്കാം. കൂടുതല്‍ നേട്ടങ്ങള്‍ കൈവശപ്പെടുത്താനുള്ള തന്ത്രമായും ഇതിനെ വ്യാഖാനിക്കുന്നവരുണ്ടാകും. പക്ഷേ, ഇതൊരു ധീരമായ ചെറുത്തുനില്‍പ്പാണ്‌. തങ്ങളോട്‌ ചെയ്യുന്ന അനീതിക്കെതിരായി ഗ്രാമീണര്‍ നടത്തുന്ന ശക്തമായ പ്രതിരോധത്തിന്റെ പ്രതീകമാണ്‌ ഈ സമരം. തങ്ങള്‍ക്ക്‌ എല്ലാം നഷ്ടപ്പെടുമെന്ന്‌ അവര്‍ക്കറിയാം. പക്ഷേ അവര്‍ ചെറുത്തുനില്‍ക്കുകയാണ്‌", ഡോ. ബാവിസ്കര്‍ പറയുന്നു.

"ഇതെന്റെ വീടാണ്‌. എനിക്ക്‌ മറ്റൊരു വീട്‌ വേണ്ട. ഞങ്ങള്‍ ഇവിടെതന്നെ കഴിയും" ലാറിയ തറപ്പിച്ചു പറയുന്നു. താന്‍ അപ്പോള്‍ പണികഴിപ്പിച്ച ചുമരില്‍ ചാരി നില്‍ക്കുമ്പോള്‍, ലാറിയക്ക്‌ നിശ്ചയമുണ്ടായിരുന്നു, നീങ്ങാന്‍ അല്‍പ്പം പോലും പഴുതില്ലാത്ത ഒരിടത്തുനിന്നാണ്‌ താന്‍ യുദ്ധം ചെയ്യുന്നതെന്ന്. അയാളുടെ നോട്ടം, സാവധാനം ഉയരുന്ന പുഴയിലുമായിരുന്നിരിക്കണം.

എങ്കിലും അയാളുടെ ഹൃദയത്തില്‍ അപ്പോള്‍ ഉണ്ടായിരുന്നത്‌, ചെറുത്തുനില്‍ക്കാനുള്ള നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു.
ലാറിയ നിര്‍മ്മിച്ച വീടായിരുന്നു അത്‌.

2 comments:

Rajeeve Chelanat said...

"ഇതെന്റെ വീടാണ്‌. എനിക്ക്‌ മറ്റൊരു വീട്‌ വേണ്ട. ഞങ്ങള്‍ ഇവിടെതന്നെ കഴിയും" ലാറിയ തറപ്പിച്ചു പറയുന്നു. താന്‍ അപ്പോള്‍ പണികഴിപ്പിച്ച ചുമരില്‍ ചാരി നില്‍ക്കുമ്പോള്‍, ലാറിയക്ക്‌ നിശ്ചയമുണ്ടായിരുന്നു, നീങ്ങാന്‍ അല്‍പ്പം പോലും പഴുതില്ലാത്ത ഒരിടത്തുനിന്നാണ്‌ താന്‍ യുദ്ധം ചെയ്യുന്നതെന്ന്. അയാളുടെ നോട്ടം, സാവധാനം ഉയരുന്ന പുഴയിലുമായിരുന്നിരിക്കണം

സുജനിക said...

sainath original text entha peru...araa paublish cheythathu....athippo vaanggathe patillaannaayi...gambhiiram