Saturday, October 27, 2007

അതിരുകളില്ലാത്ത ബ്ലോഗ്ഗര്‍മാര്‍

സിറിയ ഭംഗിയുള്ള ഒരു രാജ്യമാണ്‌. ചുരുങ്ങിയ പക്ഷം ഞാന്‍ അങ്ങിനെയാണ്‌ വിചാരിക്കുന്നത്‌."ഞാന്‍ വിചാരിക്കുന്നത്‌' എന്ന് എടുത്തെഴുതിയത്‌, ഒരു പക്ഷേ, സാധാരണവും സുരക്ഷിതവുമായ ജീവിതാവസ്ഥയെ ഞാന്‍ 'ഭംഗി'യുമായി കൂട്ടിക്കുഴക്കുന്നതുകൊണ്ടായിരിക്കുമെന്ന് എനിക്കു തോന്നുന്നു. യുദ്ധത്തിനു മുന്‍പുള്ള ബാഗ്ദാദുപോലെത്തന്നെയാണ്‌ പല നിലക്കും ഡമാസ്കസ്സും. തിരക്കുള്ള തെരുവുകള്‍, ഗതാഗതക്കുരുക്കുകള്‍, ആളുകള്‍ തിങ്ങിനിറഞ്ഞ അങ്ങാടികള്‍. അതേസമയം, പല നിലയ്ക്കും അത്‌ ബാഗ്ദാദില്‍നിന്നു ഏറെ വിഭിന്നവുമാണ്‌. ഇവിടെ കെട്ടിടങ്ങള്‍ കൂടുതല്‍ പൊക്കമുള്ളവയാണ്‌, തെരുവുകള്‍ കൂടുതല്‍ ഇടുങ്ങിയതും. പിന്നെ, ഉന്നതശീര്‍ഷനായി, വിദൂരതയില്‍ ഈ ക്വാസിയോണ്‍ പര്‍വ്വതവും.

ബാഗ്ദാദില്‍നിന്നുള്ള മറ്റു പലരെയും പോലെ, മലകള്‍ എന്നെയും അത്ഭുതപ്പെടുത്താറുണ്ട്‌. വടക്കന്‍ ഇറാഖില്‍ പര്‍വ്വതങ്ങളുണ്ട്‌. പക്ഷേ ഇറാഖിന്റെ ബാക്കി ഭാഗങ്ങള്‍ വെറും സമതലങ്ങളാണ്‌. രാത്രികളില്‍ ക്വാസിയോണ്‍ മല ഇരുട്ടില്‍ വിലയം പ്രാപിക്കും. ഇടക്കിടക്ക്‌ മലമുകളിലെ ലൈറ്റ്‌ഹൗസുകളില്‍ നിന്നും ഭക്ഷണശാലകളില്‍നിന്നും വരുന്ന പ്രകാശരേണുക്കള്‍ മാത്രമാണ്‌ ക്വാസിയോണിനെ അപ്പോള്‍ ദൃശ്യമാക്കുക. ഞാന്‍ ഓരോ ചിത്രമെടുക്കുമ്പോഴും, അതില്‍ ക്വാസിയോണിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്റെ ക്യാമറക്കു മുന്‍പില്‍ വരുന്ന ഓരോ ആളുകളെയും അതിന്റെ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു.

ഇവിടെ ചിലവഴിച്ച ആദ്യത്തെ ചില ആഴ്ചകള്‍ എനിക്കു സമ്മാനിച്ചത്‌ വല്ലത്തൊരു അനുഭവമാണ്‌. ഇറാഖിലെ യുദ്ധകാലാനുഭവങ്ങള്‍ എനിക്കു നല്‍കിയ ചില ശീലങ്ങളില്‍നിന്ന് സ്വയം മുക്തമാവാന്‍ എനിക്ക്‌ മൂന്ന് മാസം വേണ്ടിവന്നു. നമ്മള്‍ സ്വയം വളര്‍ത്തിയെടുക്കുന്നചില ശീലങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ നല്ല തമാശ തോന്നും. ആ ശീലങ്ങളുടെ വിചിത്ര സ്വഭാവത്തെക്കുറിച്ച്‌ നമ്മള്‍ ബോധവാന്മാരാകുന്നേയില്ല. ഉദാഹരണത്തിന്‌, മറ്റുള്ളവരുടെ നോട്ടത്തെ അവഗണിച്ച്‌, കണ്ണുകള്‍ താഴെ നട്ട്‌ നടക്കുന്നതും, ഗതാഗതക്കുരുക്കില്‍പ്പെട്ട്‌ വണ്ടിയില്‍ ഇരിക്കുമ്പോള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നതും ഒക്കെ. തലയുയര്‍ത്തി നടക്കാനും, ഇടക്കിടക്ക്‌ പിന്‍തിരിഞ്ഞു നോക്കാതിരിക്കാനുമൊക്കെ ഞാന്‍ പഠിച്ചത്‌ ആഴ്ച്ചകളെടുത്തിട്ടാണ്‌.

സിറിയയില്‍ ഇന്ന് 1.5 മില്ല്യണ്‍ ഇറാഖികള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. ഞാനത്‌ വിശ്വസിക്കുകയും ചെയ്യുന്നു. ഡമാസ്കസ്സിന്റെ വഴികളില്‍ക്കൂടി യാത്ര ചെയ്യുമ്പോള്‍, എല്ലായിടത്തും നിങ്ങള്‍ക്ക്‌ ആ ഇറാഖി ശൈലി കേള്‍ക്കാനാകും. ജെറമാന, കുദ്‌സിയ പോലുള്ള ചില സ്ഥലങ്ങളില്‍ ഇറാഖി അഭ്യാര്‍ത്ഥികള്‍ തിങ്ങിഞ്ഞെരുങ്ങി കഴിയുന്നു. ഈ പ്രദേശങ്ങളില്‍, സിറിയക്കാര്‍ തീരെ കുറവാണ്‌. പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ മുഴുവന്‍ ഇറാഖി കുട്ടികളാണുള്ളത്‌. എന്റെയൊരു കസിന്‍ കുദ്‌സിയയിലെ ഒരു സ്കൂളിലാണ്‌. അവന്റെ ക്ലാസ്സില്‍ മാത്രം 26 ഇറാഖി കുട്ടികളാണുള്ളത്‌. സിറിയന്‍ കുട്ടികള്‍ വെറും അഞ്ചുപേരും. ചിലപ്പോള്‍ വിശ്വസിക്കാന്‍ തന്നെ പ്രയാസം തോന്നും. ജീവിത ചിലവും, വീട്ടുവാടകയും കഴിച്ചാല്‍, പിന്നെ, നീക്കിയിരുപ്പെന്നു പറയാന്‍ ഒട്ടുമിക്ക ഇറാഖി കുടുംബങ്ങള്‍ക്കും അധികമൊന്നും അവശേഷിപ്പില്ല.

ഇവിടെ വന്ന്, ഒരു മാസം കഴിഞ്ഞപ്പോള്‍ കേള്‍ക്കാന്‍ തുടങ്ങി, മറ്റു പല രാജ്യങ്ങളെപ്പോലെ സിറിയയും ഇറാഖികള്‍ക്ക്‌ വിസ നിര്‍ബന്ധമാക്കാന്‍ പോകുന്നുവെന്ന്. അങ്ങിനെ, ഒടുവില്‍, ഞങ്ങള്‍ ഇറാഖികളുടെ അവശേഷിച്ച രണ്ടു അഭയകേന്ദ്രങ്ങളെയും (ഡമാസ്കസ്‌, അമ്മാന്‍) ഞങ്ങളില്‍ നിന്ന് തട്ടിപ്പറിച്ചേ അടങ്ങൂവെന്ന് ഞങ്ങളുടെ പരിശുദ്ധ പാവ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് ഏറെക്കുറെ ഉറപ്പായി. സിറിയന്‍-ജോര്‍ദ്ദാന്‍ അധികാരികളുമായി അവര്‍ നടത്തിയ ചര്‍ച്ചക്ക്‌ അങ്ങിനെയൊരു ഗുണമുണ്ടായി എന്നു കരുതേണ്ടിയിരിക്കുന്നു. ആഗസ്റ്റ്‌ അവസാനത്തില്‍ ആരംഭിച്ച സംഭാഷണം, ഈയടുത്ത സമയം വരെ-ഒക്ടോബര്‍ ആദ്യവാരംവരെ-സംഭാഷണങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി. ഇനിമുതല്‍, സിറിയയില്‍ പ്രവേശിക്കുന്ന ഇറാഖികള്‍ സിറിയന്‍ കോണ്‍സുലേറ്റില്‍നിന്നോ, അവര്‍ എവിടെയാണോ ഇപ്പോഴുള്ളത്‌ ആ രാജ്യത്തിന്റെ എംബസ്സിയില്‍ നിന്നോ വിസ മേടിക്കണമെന്ന് തീരുമാനമായി. ഇറാഖില്‍ ഇപ്പോഴുമുള്ളവരുടെ കാര്യത്തിലാണെങ്കില്‍, അവര്‍ ഇതിനുള്ള അനുവാദം മേടിക്കേണ്ടത്‌, ആഭ്യന്തര മന്ത്രാലയത്തില്‍നിന്നാണ്‌ (ആഭ്യന്തര മന്ത്രാലയത്തിന്റെ സ്വന്തം ചുമതലയിലുള്ള ആയുധധാരികളായ സംഘങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇനി ഇറാഖികള്‍ക്ക്‌ ആവില്ലെന്നു ചുരുക്കം). അതിര്‍ത്തിയില്‍ വിസക്ക്‌ അന്‍പത്‌ ഡോളര്‍ മേടിച്ചുതുടങ്ങിയെന്നു ഇന്ന് (23.10.2007) കേട്ടു.

വിസ കൊടുത്തുതുടങ്ങുന്നതിനുമുമ്പ്‌ സിറിയയില്‍ എത്തിയവര്‍ക്കു വേണ്ടി, അതിര്‍ത്തിയില്‍, ഒരു മാസ കാലാവധിയുള്ള സന്ദര്‍ശക വിസ കിട്ടുന്നുണ്ടായിരുന്നു. ആ ഒരു മാസം കഴിഞ്ഞാല്‍ നിങ്ങള്‍ പാസ്പോര്‍ട്ടുമായി അടുത്തുള്ള ഇമ്മിഗ്രേഷന്‍ ബ്യൂറോയില്‍ പോവണം. നിങ്ങള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍, ഒരു രണ്ടു മാസം അധിക സമയം കൂടി അവര്‍ അനുവദിക്കും. അതായിരുന്നു പതിവ്‌. പക്ഷേ സിറിയന്‍ എംബസ്സിയില്‍ നിന്ന് വിസ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യത്തെ സന്ദര്‍ശകവിസ പുതുക്കുന്ന പരിപാടി സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ഞങ്ങള്‍ക്ക്‌ ഒരു ബുദ്ധി തോന്നി. വിസക്കും അത്‌ പുതുക്കുന്നതിനുമുള്ള തിരക്കു തുടങ്ങുന്നതിനുമുന്‍പുതന്നെ അതിര്‍ത്തിയില്‍ പോയി, ഇറാഖിലേക്കു കടന്ന്, സിറിയയിലേക്ക്‌ മടങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എല്ലാവരും അതായിരുന്നു ചെയ്തുകൊണ്ടിരുന്നത്‌. ഒരു രണ്ടു മാസത്തെ സാവകാശം അധികം കിട്ടുകയും ചെയ്യും.

സെപ്തെംബര്‍ ആദ്യവാരത്തിലെ നല്ല ചൂടുള്ള ഒരു ദിവസം ഞങ്ങള്‍ ആറു മണിക്കൂര്‍ യാത്ര ചെയ്ത്‌, വടക്കന്‍ സിറിയയിലുള്ള കാമേഷ്ലി എന്ന അതിര്‍ത്തി പട്ടണത്തിലെത്തി. അമ്മായിയും മകനും കൂടെ വന്നിരുന്നു. അവരുടെ വിസയും പുതുക്കേണ്ടതുണ്ടായിരുന്നു. കാമേഷ്ലിയിലാണ്‌ യാറൂബിയ എന്ന അതിര്‍ത്തി പോസ്റ്റ്‌. അവിടെ ഇറാഖ്‌, സിറിയന്‍ അതിര്‍ത്തികള്‍ക്കിടയിലെ ദൂരം ഏതാനും അടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ എളുപ്പമുള്ള ഒരു പരിപാടി. സിറിയന്‍ പ്രദേശത്തുനിന്ന് ഇറാഖിന്റെ പ്രദേശത്തെക്കു കടക്കുക. എളുപ്പം. സുരക്ഷിതം.

യാറൂബിയ അതിര്‍ത്തിയിലെത്തിയപ്പോഴാണ്‌, ഞങ്ങളെപ്പോലെ മറ്റുള്ള നിരവധി ആളുകള്‍ക്കും ഇതേ ബുദ്ധി ഉണ്ടായിരുന്നുവെന്ന് ബോദ്ധ്യപ്പെട്ടത്‌. അതിര്‍ത്തി പരിശോധന കേന്ദ്രത്തിലേക്കെത്താനുള്ള ആളുകളുടെ നിര കണ്ണെത്താദൂരം നീണ്ടുകിടക്കുകയാണ്‌. പാസ്പോര്‍ട്ടില്‍ എക്സിറ്റ്‌ വിസ അടിക്കാന്‍ നൂറുകണക്കിന്‌ ഇറാഖികളാണ്‌ അവിടെ തമ്പടിച്ചിരുന്നത്‌. ഞങ്ങളും കൂട്ടത്തില്‍ കൂടി. ആ നീണ്ട കാത്തിരുപ്പ്‌ തുടങ്ങി..

സിറിയന്‍ അതിര്‍ത്തി കടക്കാന്‍ നാലു മണിക്കൂറെടുത്തു. ഇനി വരുന്നത്‌ ഇറാഖി അതിര്‍ത്തി കേന്ദ്രമാണ്‌. അവിടെ ക്യൂവിന്റെ സ്ഥിതി പഴയതിലും ഭയങ്കരമായിരുന്നു. അക്ഷമരും, തളര്‍ന്നവശരുമായ ആ ഇറാഖികളുടെ കൂട്ടത്തില്‍ ഞങ്ങളും ചേര്‍ന്നു. "പെട്രോളിനുള്ള ക്യൂ പോലെയുണ്ട്‌", കസിന്റെ വക ഒരു നസ്യം. അടുത്ത മൂന്നു മണിക്കൂര്‍ കാത്തിരുപ്പിന്റെ ആരംഭമായിരുന്നു അത്‌. സൂര്യന്‍ ഒരു ദയയുമില്ലാതെ ജ്വലിക്കുന്നുണ്ടായിരുന്നു. നീണ്ട ആ നിര അടിവെച്ചടിവെച്ച്‌ ഇറാഖ്‌ അതിര്‍ത്തിപോസ്റ്റിലേക്കു നീങ്ങി.. ക്യൂവിന്റെ നീളവും ക്രമേണ നീളുന്നുണ്ടായിരുന്നു. ഒരിക്കല്‍ നോക്കിയപ്പോള്‍ അതിന്റെ രണ്ടറ്റവും കാണാന്‍ കഴിയാത്ത സ്ഥിതിവിശേഷംപോലുമുണ്ടായി. വെള്ളവും, ച്യൂയിംഗവും, സിഗരറ്റും വില്‍ക്കുന്ന കുട്ടികള്‍ ഓടിനടക്കുന്നുണ്ടായിരുന്നു. അതിലൊരുത്തനെ അമ്മായി വിളിച്ചു ചോദിച്ചു. "ഞങ്ങളുടെ മുന്‍പില്‍ ഏകദേശം എത്രപേരുണ്ടാകും?". അവനൊന്ന് ചൂളമടിച്ച്‌, അല്‍പ്പം പിന്നിലേക്കുമാറി രണ്ടറ്റത്തേക്കും വിഹഗവീക്ഷണം നടത്തി ഗൗരവത്തില്‍ പ്രഖ്യാപിച്ചു. "ഒരു നൂറോ ആയിരമോ". ചിരിച്ചുകൊണ്ട്‌ അവന്‍ അവന്റെ പണിയിലേക്കു മടങ്ങി.

ആ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായിരുന്നു. ചില പ്രത്യേക നിമിഷങ്ങളില്‍ എന്നെ ബാധിക്കാറുള്ള ഒരു തരം, ഗൃഹാതുരത്വവും, മുഷിപ്പും, ഭയവും ഒക്കെ എനിക്കു തോന്നാന്‍ തുടങ്ങി. ഞങ്ങളെ പുറത്തേക്കു വിട്ടില്ലെങ്കിലോ? അതിനു സാധ്യത തീരെ കുറവായിരുന്നു. പക്ഷേ, എന്തെങ്കിലും കാരണവശാല്‍ ഇനി അങ്ങിനെ സംഭവിച്ചാലോ? ഇത്‌ അവസാനത്തെ തവണയായിരിക്കുമോ ഞാന്‍ ഇറാഖി അതിര്‍ത്തി കാണുന്നത്‌? എന്തെങ്കിലും കാരണം പറഞ്ഞ്‌ അവര്‍ ഞങ്ങളെ ഇറാഖിലേക്ക്‌ കടത്താതിരിക്കുമോ? ഇവിടെ നിന്നു പോകാന്‍ അവര്‍ അനുവദിച്ചില്ലെങ്കില്‍ എന്തു ചെയ്യും?

നിന്നും, ഞരങ്ങിയും, ഇരുന്നും, ഞങ്ങള്‍ നാലു മണിക്കൂര്‍ ചിലവഴിച്ചു. സൂര്യന്‍ ഒരു ദാക്ഷിണ്യവുമില്ലാതെ എല്ലാവരേയും ഒരുപോലെ തളര്‍ത്തി. സുന്നികളെയും, ഷിയകളെയും, കുര്‍ദ്ദുകളെയും എല്ലാവരെയും. അമ്മായിയോട്‌ ബോധക്ഷയം അഭിനയിക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു. എങ്കില്‍ അനുകമ്പ തോന്നി അവര്‍ എളുപ്പത്തില്‍ എന്തെങ്കിലും ചെയ്തുതന്നാലോ? അവര്‍ എന്നെ ഒരു നോട്ടം കൊണ്ട്‌ ദഹിപ്പിച്ചു. എന്നിട്ടു വീണ്ടും പതിവു ശൈലിയില്‍ നിവര്‍ന്നു നിന്നു. ആളുകള്‍ സംസാരിച്ചും, ശപിച്ചും, മൂകരായും നിന്നിരുന്നു. ഇറാഖികളുടെ മറ്റൊരു കൂടിച്ചേരലായിരുന്നു അത്‌. പരസ്പരം കഥകള്‍ കൈമാറാനും, ദൂരെയുള്ള ബന്ധുക്കളുടെ വിശേഷങ്ങള്‍ അന്വേഷിച്ചറിയാനുമൊക്കെ പറ്റിയ ഒരു വിശേഷാവസരം.

ഞങ്ങളുടെ ഊഴം കാത്തിരിക്കുമ്പോള്‍ പരിചയത്തിലുള്ള രണ്ടു കുടുംബങ്ങളെ കണ്ടുമുട്ടാന്‍ ഇടവന്നു. ഏറെ നാളായി പിരിഞ്ഞിരുന്ന സുഹൃത്തുക്കള്‍ വീണ്ടും കണ്ടുമുട്ടിയാലെന്നപോലെ ഞങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്തു. മേല്‍വിലാസവും ഫോണ്‍ നമ്പറുകളും കൈമാറി. ഡമാസ്കസില്‍ തിരിച്ചെത്തിയ ഉടനെ വീണ്ടും കാണാമെന്നും വാക്കു കൊടുത്തു. അതിലൊരു കുടുംബത്തിലെ 23 വയസ്സുള്ള ഒരാണ്‍കുട്ടിയെ ആ കൂട്ടത്തില്‍ കണുന്നില്ലല്ലോ എന്ന് പെട്ടെന്നാണ്‌ ഞാന്‍ ശ്രദ്ധിച്ചത്‌. അവന്‍ എവിടെയാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്‌. പക്ഷേ മടി തോന്നി. ആകാംക്ഷ ഉള്ളിലൊതുക്കി ഞാന്‍. അവന്റെ അമ്മക്ക്‌ വളരെ പ്രായം ബാധിച്ച പോലെ തോന്നി. അവന്റെ അച്ഛനാകട്ടെ, എന്തോ കാര്യമായ ആലോചനയില്‍ മുഴുകിയിരുന്നു. ആലോചനയാണോ, അതോ സങ്കടമോ? തീര്‍ച്ച പറയാന്‍ എനിക്കാവില്ല. അവന്‍ ജീവിച്ചിരിക്കുന്നുണ്ടോ, മരിച്ചുവോ എന്നൊന്നും എനിക്ക്‌ അറിയണമെന്നുണ്ടായിരുന്നില്ല. അതിര്‍ത്തികളും വിസയുമൊന്നും അലട്ടാതെ അവന്‍ എവിടെയോ സുഖമായിരിക്കുന്നുവെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം.ഞാനൊന്നും ചോദിച്ചില്ല. അജ്ഞത ചിലപ്പോള്‍ അനുഗ്രഹമാണെന്നല്ലേ നമ്മള്‍ പറയാറ്‌?

തിരിച്ച്‌, സിറിയന്‍ അതിര്‍ത്തിയില്‍ ഞങ്ങള്‍ വീണ്ടും കാത്തു നിന്നു. വിശന്നും, തളര്‍ന്നും, വലിയൊരു ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞ്‌. പാസ്പോര്‍ട്ടുകളില്‍ സീല്‍ പതിക്കുന്നതും കാത്തുകാത്ത്‌. ഇമ്മിഗ്രേഷനിലെ സിറിയന്‍ ഓഫീസര്‍ ഓരൊരുത്തരെയായി പേരുകള്‍ വിളിച്ച്‌, മുഖത്തേക്കു സൂക്ഷിച്ചുനോക്കി, ക്ഷമയോടെ പാസ്പോര്‍ട്ടുകള്‍ തിരിച്ചേല്‍പ്പിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ നിന്നിരുന്ന ഹാളിന്റെ പിന്നില്‍ ഒരു ബഹളം കേട്ടു. "ദയവുചെയ്ത്‌ മാറിനില്‍ക്കൂ..വഴി തരൂ.." ആരൊക്കെയോ വിളിച്ചു പറയുന്നു. തിരിഞ്ഞുനോക്കി. ഒരാള്‍ കുഴഞ്ഞുവീണിരിക്കുന്നു. അയാളെ ഞാന്‍ തിരിച്ചറിഞ്ഞു.മക്കളുടെ സഹായത്തോടെ വടി കുത്തി അവിടെയൊക്കെ നടന്നിരുന്ന ഒരു വൃദ്ധനായിരുന്നു അത്‌.

സിറിയന്‍ അതിര്‍ത്തിയിലേക്ക്‌ തിരിച്ചുവന്ന്, കാമേഷ്ലിയിലേക്ക്‌ ഞങ്ങളെ തിരികെ കൊണ്ടുപോകാനുള്ള വണ്ടിയിലേക്ക്‌ നീങ്ങുമ്പോള്‍,ഇനി മുതല്‍ അഭയാര്‍ത്ഥികളാണ്‌ ഞങ്ങള്‍ എന്ന വാസ്തവവുമായി പൊരുത്തപ്പെടാന്‍ ഞാന്‍ പഠിച്ചിരുന്നു. ദിവസവും ഇന്റര്‍നെറ്റില്‍ ഞാന്‍ അഭയാര്‍ത്ഥികളെക്കുറിച്ച്‌ വായിക്കാറുണ്ടായിരുന്നു. ദിനപ്പത്രങ്ങളിലും. ടി.വി.യില്‍ അവരെക്കുറിച്ച്‌ നിത്യവും കേള്‍ക്കാറുമുണ്ട്‌. സിറിയയിലുള്ള ഒന്നര മില്ല്യണിലധികം വരുന്ന ഇറാഖി അഭയാര്‍ത്ഥികളെക്കുറിച്ച്‌ ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാന്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്‌, ഞാനും എന്റെ കുടുംബവും ആ കൂട്ടത്തില്‍ പെടുന്നവരല്ലെന്നായിരുന്നു. അഭയാര്‍ത്ഥികളെന്നു പറഞ്ഞാല്‍, ടെന്റുകളില്‍ താമസിക്കുന്നവരല്ലേ? വെള്ളവും, കക്കൂസുമൊന്നുമില്ലാത്തവര്‍? അവര്‍ സ്യൂട്ട്‌കേസുകളിലൊന്നുമലല്ലല്ലോ സാധനങ്ങള്‍ കൊണ്ടുപോവുക? ചുമലില്‍ തൂക്കിയ ഭാണ്ഡക്കെട്ടുകളിലല്ലേ? ഇന്റര്‍നെറ്റു നോക്കുകയും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും പതിവുണ്ടോ അവര്‍? പക്ഷേ, ഇപ്പോളിതാ, എന്റെ ജീവിതം തന്നെ അതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന മട്ടില്‍ പാസ്പോര്‍ട്ടും മുറുക്കിപ്പിടിച്ച്‌, സിറിയന്‍ അധികാരികള്‍ അതില്‍ ദയാപൂര്‍വ്വം പതിപ്പിച്ചുതന്ന രണ്ടുമാസത്തെ കാലാവധിയുമായി തിരിച്ചുപോരുമ്പോള്‍, അഭയാര്‍ത്ഥികളെക്കുറിച്ചുള്ള ആ മിഥ്യാധാരണകളൊക്കെ എന്നെ കൈവിട്ടിരുന്നു. ഞങ്ങളെല്ലാം ഇനി അഭയാര്‍ത്ഥികള്‍ മാത്രമാണ്‌. എത്ര സമ്പത്തും, വിദ്യാഭ്യാസവും, സുഖസൗകര്യങ്ങളുമെല്ലാമുണ്ടെങ്കിലും, അഭയാര്‍ത്ഥി എത്രയായാലും അഭയാര്‍ത്ഥി തന്നെയാണ്‌. ചതുര്‍ത്ഥികളാണവര്‍. ഏതുനാട്ടിലും. സ്വന്തം നാട്ടിലായാല്‍ വിശേഷിച്ചും...

ഞങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഞങ്ങളെക്കൂടാതെ മറ്റു രണ്ടു ഇറാഖി കുടുംബങ്ങളുമുണ്ടായിരുന്നു. മുകളിലെ നിലയിലുള്ള ക്രിസ്ത്യന്‍ കുടുംബം, വടക്കന്‍ ഇറാഖില്‍നിന്നും, പെഷ്മെര്‍ഗകളെ* പേടിച്ച്‌ ഓടിപ്പോന്നവരാണ്‌. താഴേ നിലയിലുള്ള മറ്റേ കൂട്ടര്‍ ബാഗ്ദാദില്‍ നിന്നു വന്ന കുര്‍ദ്ദുകളും. സ്വകാര്യ സേനകള്‍ അവരുടെ ബാഗ്ദാദിലെ വീട്‌ കൈവശപ്പെടുത്തിയിരുന്നു. സ്വീഡനോ സ്വിറ്റ്‌സര്‍ലാന്റോ പോലെയുള്ള ഏതെങ്കിലും യൂറൂപ്പ്യന്‍ അഭയകേന്ദ്രത്തിലേക്കു പോകാന്‍ തയ്യാറെടുത്തു നില്‍ക്കുകയായിരുന്നു അവര്‍.

സ്യൂട്ട്‌കേസുകള്‍ തൂക്കി, ക്ഷീണിച്ച്‌, ആത്മാഭിമാനത്തിനു മുറിവേറ്റ്‌ ഞങ്ങള്‍ അവിടെ എത്തിയ ആദ്യത്തെ സായഹ്നത്തില്‍ത്തന്നെ, അടുത്തുള്ള കുര്‍ദ്ദ്‌ കുടുംബത്തില്‍ നിന്ന് അവര്‍ ഒരു പ്രതിനിധിയെ അയച്ചു. ഒന്‍പതു വയസ്സുള്ള, മുന്വ്‌അശത്ത്‌ രണ്ടു പല്ലുകള്‍ നഷ്ടപ്പെട്ട ഒരു ബാലന്‍. അവന്റെ കയ്യില്‍ ഒരു ചെറിയ കഷണം കേക്കും ഉണ്ടായിരുന്നു. " ദാ..തൊട്ടടുത്തുള്ള അബു മൊഹമ്മദിന്റെ വീട്ടില്‍ നിന്നാണ്‌. അമ്മ പറഞ്ഞു, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടെന്ന്. ഇതാണ്‌ ഞങ്ങളുടെ ഫോണ്‍ നമ്പര്‍. അബു ദാലിയയുടെ കുടുംബക്കാര്‍ മുകളിലെ നിലയിലുണ്ട്‌. അവരുടെ നമ്പറും തന്നയച്ചിട്ടുണ്ട്‌. ഞങ്ങളൊക്കെ ഇറാഖികളാണ്‌. പുതിയ കെട്ടിടത്തിലേക്ക്‌ സ്വാഗതം".

2003-ല്‍, ഞങ്ങളില്‍നിന്ന് അപഹരിക്കപ്പെട്ട ഐക്യം ഏറെക്കാലത്തിനുശേഷം, അതും വീട്ടില്‍ നിന്നും ഏറെ അകലെ ഇവിടെവെച്ച്‌, തിരിച്ചുകിട്ടിയപോലെയൊരു തോന്നല്‍ ഉള്ളില്‍ നിറഞ്ഞ്‌, ആ രാത്രി ഞാന്‍ കരഞ്ഞു.




* പെഷ്മെര്‍ഗ - കുര്‍ദ്ദിസ്ഥാനുവേണ്ടി പൊരുതുന്നവര്‍. ധാരാളം സ്ത്രീകളും ഈ സേനയിലുണ്ട്‌.

11 comments:

Rajeeve Chelanat said...

ബാഗ്ദാദ് കത്തിയെരിയുന്നു എന്ന ബ്ലോഗ്ഗിലെ പുതിയ പോസ്റ്റിന്റെ പരിഭാഷ പൂര്‍ണ്ണരൂപത്തില്‍.

Pramod.KM said...

പരിഭാഷക്ക് നന്ദി:)

ഗുപ്തന്‍ said...

വായിച്ചിരുന്നു :) പരിഭാഷ നന്നായി

അങ്കിള്‍. said...

തിരുവനന്തപുരത്ത്‌ സ്ഥിര താമസമായ ഞങ്ങളൊക്കെ എന്ത്‌ ഭാഗ്യവാന്മാര്‍, എന്നിട്ടും സ്വൊന്തം ചില ചില്ലറ കുറവുകളെ ഓര്‍ത്ത്‌ ദുഃഖിക്കുന്നു.

ആഷ | Asha said...

വളരെ നന്നായിരിക്കുന്നു പരിഭാഷ.

സഹയാത്രിക എഴുതിയതല്ലേ ഇത്?
ഇനിയും തുടരണേ
:)

വേണു venu said...

പരിഭാഷ നന്നായിരിക്കുന്നു.:)

ശെഫി said...

പരിഭാഷ നന്നായി. തുടരുക

സു | Su said...

:)

ദിലീപ് വിശ്വനാഥ് said...

ആ ബ്ലോഗ് ഞാന്‍ വായിച്ചിട്ടില്ല. ഇനി വായിക്കാന്‍ ഉദ്യേശിക്കുന്നുമില്ല. പരിഭാഷ ആണെങ്കിലും ഇതില്‍ ആധികാരികത കാണാന്‍ കഴിഞ്ഞതുകൊണ്ട് ഇതു ഒറിജിനല്‍ ആയി ഞാന്‍ consider ചെയ്യുന്നു.

Cartoonist said...

എന്താണ് ‘ഭൂസ്വത്ത്’ ?
ഒരു പാര്‍ട്ടിയും ഒരു സാംസ്കാരികനായകനും
വിശദീകരിച്ചിട്ടില്ല.
ഇന്നത്തെം കുഞ്ഞുങ്ങള്‍ക്ക് ആരെങ്കിലും ഇതൊക്കെ പറഞ്ഞുകൊടുക്കുന്നുണ്ടൊ !

അതീവ വിപ്ലവകരമായ കാര്യങ്ങളില്‍, എനിയ്ക്കു തോന്നിയിട്ടുള്ളത്, ഒന്ന് ആ ചോദ്യമാണ്.

രണ്ടാമത്തേത് വെറുമൊരു പുഞ്ചിരിയാണ്.

ഈ ശ്രമത്തിനൊരു കയ്യടി !

ശാലിനി said...

പരിഭാഷക്ക് നന്ദി