ബ്രാഡ്‌ലി ബേസ്റ്റണ്‍
ചില സമയങ്ങളില്‍ - പ്രത്യേകിച്ചും, സ്കൂള്‍വളപ്പിലെ വെടിവെയ്പ്പുകള്‍ക്കും, തകരുന്ന കമ്പോളങ്ങള്‍ക്കും, പരാജയപ്പെടുന്ന യുദ്ധങ്ങള്‍ക്കും ഭരണത്തിനും, അതുപോലെയുള്ള പലതിനുമിടക്ക് - അമേരിക്കക്കാര്‍, ഇടക്കിടക്ക് ഒന്ന് സ്വയം വിലയിരുത്തിനോക്കാന്‍ മിനക്കെടാറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തിനെ ഗ്രസിച്ചിരിക്കുന്ന കലശലായ രോഗമെന്താണെന്നറിയാന്‍.
എന്താണ്, അമേരിക്കക്ക് പറ്റിയത്?
എന്നോട് ഈ ചോദ്യം ചോദിച്ചാല്‍, ആന്‍ കൗള്‍ട്ടറില്‍ നിന്നാവും ഞാന്‍ ആരംഭിക്കുക. മൂര്‍ച്ചയേറിയ നാവുകൊണ്ട് അവിഹിത താത്‌പ്പര്യങ്ങളുടെ യാഥാസ്ഥിതിക വിവരദോഷങ്ങള്‍ വിളമ്പി, ലോകമൊട്ടുക്കുള്ള വാര്‍ത്തശൃംഖലകളില്‍ അനുരണനങ്ങള്‍ സൃഷ്ടിച്ച്, ശ്രോതാക്കളെ പൊട്ടിത്തരിപ്പിക്കുന്ന, ആന്‍ കൗള്‍ട്ടര്‍ എന്ന വിശ്രുത കോളമിസ്റ്റില്‍നിന്ന്.
അമേരിക്ക എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന ശില ക്രിസ്തുമതത്തിന്റേതാണെന്നും, വൈറ്റ്‌ഹൗസില്‍ ഒരു ക്രിസ്ത്യന്‍ സഹപ്രവര്‍ത്തകനെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞ് ആവശ്യത്തിലേറെ കോലാഹലമുണ്ടാക്കിയ വൈറ്റ്‌ഹൗസിന്റെ ഭൈമീകാമുകന്‍, റിപ്പബ്ലിക്കന്‍ അംഗം ജോണ്‍ മാക്‍കൈന്‍ ചവുട്ടിക്കുഴച്ച ചെളിക്കുണ്ടിലേക്കാണ് ഇത്തവണ കൗള്‍ട്ടറും ഓടിക്കിതച്ചെത്തിയത്.
മാക്‍കെയിന്റെ അഭിപ്രായപ്രകടനം കഴിഞ്ഞ് ഒരു മാസം തികയുന്നതിനുമുന്‍പേ, രോഷാകുലനായ ഒരു ജൂത ടാക്-ഷോ അവതാരകനോട് കൗള്‍ട്ടര്‍ പറഞ്ഞത്, തന്റെ സ്വപ്നത്തിലെ സ്വര്‍ഗ്ഗം- അമേരിക്ക എന്നു വിവക്ഷ-എല്ലാവരും ക്രിസ്ത്യാനികളായിരിക്കുന്ന ഒരു സ്ഥലമാണെന്നാണ്.
ജൂതന്മാര്‍ എവിടെപ്പോവും? കൗള്‍ട്ടര്‍ നല്‍കിയ മറുപടി, ജൂതന്മാര്‍ ക്രിസ്ത്യാനികളായി പരിവര്‍ത്തനം ചെയ്യപ്പെടണം എന്നായിരുന്നു. എങ്കിലേ അവര്‍ 'പരിപൂര്‍ണ്ണ'രാകൂവെന്നും, ക്രിസ്ത്യാനികള്‍ക്ക് ദൈവവുമായി ഒരു 'എളുപ്പമാര്‍ഗ്ഗ'മുണ്ടെന്നുംകൂടി കൗള്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു.
CNBC യുടെ The Big Idea എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് കൗള്‍ട്ടറിനോട്, ഡോണി ഡച്ച് എന്ന അവതാരകന്‍ ചോദിച്ചത്, ഏതു തരത്തിലുള്ള ഒരു അമേരിക്കയെയാണ് വേണ്ടിവന്നാല്‍ അവര്‍ സ്വപ്നം കാണുകയെന്ന്.
2004-ലെ റിപ്പബ്ലിക്കന്‍ സമ്മേളനത്തിന് സാക്ഷ്യം വഹിച്ച ന്യൂയോര്‍ക്ക് നഗരംപോലെ ഒരു സ്ഥലമായിരിക്കുമതെന്ന് കൗള്‍ട്ടര്‍ മറുപടിയും പറഞ്ഞു.
അതൊന്ന് വിശദീകരിക്കണമെന്നായി ഡച്ച്. '(ന്യൂയോര്‍ക്കില്‍)എല്ലാവരും സന്തോഷവാന്‍മാരായിരുന്നു. എല്ലാവരും ക്രിസ്ത്യാനികള്‍.സഹിഷ്ണുതയുള്ളവര്‍. അമേരിക്കക്കുവേണ്ടി പോരാടാന്‍ തയ്യാറായവര്‍".
ഡച്ചിനു പെട്ടെന്ന് ദേഷ്യം വന്നു. അയാളുടെ അഭിമാനത്തിന് കോട്ടം തട്ടി. എടുത്തടിച്ചപോലെ യാള്‍ ചോദിച്ചു. "എന്നു വെച്ചാല്‍, ഞങ്ങളൊക്കെ ക്രിസ്ത്യാനികളാകണമെന്നോ? ക്രിസ്ത്യാനികളായാല്‍ എല്ലാം ഭംഗിയാവുമെന്നോ?". അതെ എന്നായിരുന്നു കൗള്‍ട്ടറുടെ മറുപടി. മാത്രമല്ല, തന്റെ കൂടെ പള്ളിയില്‍ പ്രാര്‍ത്ഥനക്കു വരാന്‍ ഡച്ചിനെ ക്ഷണിക്കുകകൂടി ചെയ്തു അവര്‍.
ഡച്ച്: അപ്പോള്‍, ഞങ്ങളൊക്കെ ജൂതമതം വിട്ട്, ക്രിസ്ത്യാനികളാകണം, അല്ലേ".
കൗള്‍ട്ടര്‍ : അതെ.
ഡച്ച്: ശരിക്കും?
കൗള്‍ട്ടര്‍: അതെ. അത് വളരെ എളുപ്പമുള്ള ഒരു കാര്യമാണ്. ഒരു എളുപ്പവഴി.
കൗള്‍ട്ടറുടെ നിലപാടുകളും, ഇറാനിയന്‍ പ്രസിഡണ്ട് മഹമൂദ് അഹ്മ്മദി നിജാദിന്റെ നിലപാടുകളും തമ്മിലുള്ള സാമ്യത ഡച്ച് ചൂണ്ടിക്കാണിച്ചു.
ഡച്ച്: അതിനര്‍ത്ഥം, "ഭൂമിയില്‍ നിന്ന് ജൂതരെ ഉന്മൂലനം ചെയ്യുക", എന്നതുതന്നെയല്ലേ? ഒരു ജൂതനും വേണ്ട എന്ന്?
കൗള്‍ട്ടര്‍: അല്ല, ഞങ്ങള്‍ വിചാരിക്കുന്നത്.... ഞങ്ങള്‍ക്കു വേണ്ടത്, ജൂതന്മാരെ കൂടുതല്‍ സമ്പൂര്‍ണ്ണരാക്കുക എന്നതാണ്. ആ അര്‍ത്ഥത്തിലാണ്.
ഡച്ച്: ഹോ, പക്ഷേ അത് നിങ്ങള്‍ പറഞ്ഞില്ലല്ലോ, ഉവ്വോ?
കൗള്‍ട്ടര്‍: ഉവ്വ്.ക്രിസ്ത്യന്‍ മതമെന്നാല്‍ അതാണ്. പഴയ നിയമത്തിലൊക്കെ ഞങ്ങള്‍ക്കും വിശ്വാസമുണ്ട്. പക്ഷേ ഞങ്ങളുടേത് കുറച്ചുകൂടി വേഗതയുള്ളതാണ്. ഫെഡറല്‍ എക്സ്പ്രസ്സു പോലെ. നിയമം അനുസരിക്കേണ്ടവരാണ് നമ്മള്‍.
പിന്നെ ഒരു ചെറിയ കമ്മേഴ്സ്യല്‍ ബ്രേക്കിന്റെ സമയത്ത് കൗള്‍ട്ടര്‍ ഡച്ചിനോട് താന്‍ നടത്തിയ ആ "സമ്പൂര്‍ണ്ണ മനുഷ്യരാക്കുന്ന 'പരാമര്‍ശത്തെപ്പറ്റി അല്‍പം കൂടി വിശദീകരിക്കാന്‍ ഒരു അവസരം ചോദിച്ചു. ഈ പരാമര്‍ശം ജൂതന്‍മാരെ മുറിവേല്‍പ്പിക്കാനും, സെമിറ്റിക് വിരുദ്ധ വികാരം ഉളവാക്കാനും മാത്രമേ ഉപകരിക്കൂ എന്നൊന്നുമുള്ള വാദങ്ങള്‍ സമ്മതിച്ചുതരാന്‍ അവര്‍ തീരെ സന്നദ്ധയായില്ല.
അവരെ ഗൗരവമായി കാണുന്നതില്‍, ഈയടുത്തകാലം വരെ ഞാന്‍ ദയനീയമായി പരാജയപ്പെട്ടു എന്ന് എനിക്ക് ബോദ്ധ്യമായി. എനിക്ക് തെറ്റു പറ്റി.
"ആഭ്യന്തര വിമാന യാത്രകളില്‍ പാസ്സ്‌പോര്‍ട്ട് കര്‍ശനമാക്കണം. പാസ്സ്‌പോര്‍ട്ടുകള്‍ വ്യജമായി നിര്‍മ്മിക്കാന്‍ പറ്റുമായിരിക്കും. എങ്കിലും അതിന്റെ അടിസ്ഥാനത്തില്‍, സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെടുന്ന ഏതൊരു ഇരുണ്ടനിറമുള്ള പുരുഷനെപ്പറ്റിയും നമുക്ക് അന്വേഷിക്കാന്‍ സാധിക്കുന്നതാണ്" എന്ന്, സെപ്തംബര്‍ 11 നു ശേഷം ഒരിക്കല്‍ ഇവര്‍ നടത്തിയ പരാമര്‍ശത്തെ, ഒരു വെറും വര്‍ണ്ണവെറിയായി ഞാന്‍ എഴുതിതള്ളിയത് തെറ്റായിപ്പോയെന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു.
സ്ത്രീകളുടെ വോട്ടവകാശത്തെ അവര്‍ എതിര്‍ത്തതിനെയും, ജോണ്‍ എഡ്വേര്‍ഡിനെ, "തീവ്രവാദികളാല്‍ കൊല്ലപ്പെടേണ്ട സ്വവര്‍ഗ്ഗസംഭോഗി' എന്ന് വിളിച്ചതിനെയും, "നാറാത്തവരേയും, മുഹമ്മദ് എന്നു വിളിച്ചാല്‍ വിളി കേള്‍ക്കാത്തവരേയും കൊല്ലണമെന്ന് അകമഴിഞ്ഞ് വിശ്വസിക്കുന്നവരുടെ മതമാണ് ഇസ്ലാം' എന്ന അവരുടെ വ്യഖ്യാനത്തെയും, വെറും ജല്‍പനങ്ങളായി ഞാന്‍ എഴുതിതള്ളിയതും തെറ്റായിപ്പോയി.
കൂര്‍മ്മബുദ്ധിയും, ഉയര്‍ന്ന വിദ്യാഭ്യാസവും, മനോവൈകൃതത്താല്‍ അനുഗ്രഹീതയുമായ ഒരുവളായിട്ടായിരിക്കും ഒരു സാധാരണക്കാരന്‍ അവരെ വിലയിരുത്തുക എന്ന എന്റെ നിരീക്ഷണവും തീര്‍ത്തും തെറ്റായിരുന്നു.
അമിതയോഗ്യതകളുള്ള ഒരു വിദൂഷക മാത്രമാണവരെന്ന എന്റെ കണക്കുകൂട്ടലുകളും പിഴച്ചുപോയി. ഞാന്‍ അവരെ ഗൗരവമായി എടുക്കേണ്ടതായിരുന്നു.
ഈ കരുതിയതൊന്നുമല്ല ആന്‍ കൗള്‍ട്ടര്‍. അവര്‍ എന്റെ ശത്രുവാണ്. ആന്‍ കൗള്‍ട്ടറിന്റേതുപോലുള്ള ദേശാഭിമാനവും, രാഷ്ട്രീയ സ്വാധീനവുമുള്ള വിദ്വേഷവാഹകരാണ് അമേരിക്കയുടെ ഒരേയൊരു ശാപം.
ഇനിയൊരിക്കലും ഞാന്‍ അവരെ മനസ്സിലാകുന്നതില്‍ പരാജയപ്പെടില്ല. ആന്‍ കൗള്‍ട്ടറിന്റെ പക്കല്‍ ജൂതരെ ലക്ഷ്യമാക്കിയുള്ള ഒരു പദ്ധതിയുണ്ട്. മുസ്ലിമുകള്‍ക്കുള്ള മറ്റൊരു പദ്ധതിയും അവരുടെ കയ്യിലുണ്ട്. ആ പദ്ധതികളൊക്കെ എങ്ങിനെ പ്രാവര്‍ത്തികമാക്കണമെന്ന നല്ല നിശ്ചയവുമുള്ളവരാണ് ആന്‍ കൗള്‍ട്ടറിനെപ്പോലുള്ള അമേരിക്കക്കാര്‍.
പരിഭാഷകക്കുറിപ്പ്
ഹാരെട്സ് (Haaretz)എന്ന ഇസ്രായേലി ദിനപ്പത്രത്തിലെ "നരകത്തില്‍ ഒരു പ്രത്യേക ഇരിപ്പിടം' എന്ന ബ്ലോഗ് പംക്തിയില്‍ നിന്ന് പരിഭാഷപ്പെടുത്തിയത്. ഇംഗ്ലീഷില്‍ എഴുതുന്ന, പ്രസിദ്ധനായ ഒരു ബ്ലൊഗ്ഗ് ആക്റ്റിവിസ്റ്റാണ് ബ്രാഡ്‌ലി ബേസ്റ്റണ്‍.
വര്‍ത്തമാനകാല അമേരിക്കന്‍-ഇസ്രായേലി ബന്ധങ്ങളുടെ ഉള്‍ച്ചുഴികള്‍ വ്യക്തമാക്കിത്തരുന്ന ഒരു കുറിപ്പാണിത്.പിടിച്ചതിനേക്കാള്‍ വലിയതാണ് മാളത്തിലുള്ളതെന്ന് ഒടുവില്‍ തിരിച്ചറിയേണ്ടിവരുന്ന ഈ ജൂതാനുഭവത്തെ ബ്രാഡ്‌ലിയും, ഡച്ചും എങ്ങിനെയാണ് നേരിട്ടിട്ടുണ്ടാവുക?
എന്തായാലും, ഒരേ സമയം ഇരയും വേട്ടക്കാരനുമായി അഭിനയിക്കേണ്ടിവരുക എന്നത് നര്‍മ്മരഹിതമായ ഒരു ചരിത്ര നാടക മുഹൂര്‍ത്തമാണെന്ന് പറയാതെ വയ്യ.
Subscribe to:
Post Comments (Atom)
8 comments:
ജൂതന്‍മാരില്ലാത്ത അമേരിക്ക - ഒരു ആന്‍ കൗള്‍ടര്‍ സ്വപ്നം
എന്തായാലും, ഒരേ സമയം ഇരയും വേട്ടക്കാരനുമായി അഭിനയിക്കേണ്ടിവരുക എന്നത് നര്‍മ്മരഹിതമായ ഒരു ചരിത്ര നാടക മുഹൂര്‍ത്തമാണെന്ന് പറയാതെ വയ്യ.
ഏത് രാജ്യത്തും ഉള്ളത് പോലെ തീവ്രവാദ നിലപാടുകള്‍ ഉള്ളവര്‍ അമേരിക്കയിലും ഉണ്ട്. അതിലെന്താണ് പുതുമ? ഇന്ത്യയില്‍ ഇത് പോലെ രാഷ്ട്രീയ സ്വാധീനവും ഉന്നത വിദ്യാഭാസവും ഉള്ള തീവ്രവാദ നിലപാടുകള്‍ ഉള്ളവര്‍ എത്രയോ ഇല്ലേ? കിട്ടാവുന്ന വടി കൊണ്ടൊക്കെ അമേരിക്കയെ പൂശുക എന്നുള്ളതും ചിലരുടെ അന്ധവും തീവ്രവാദപരവുമായ നിലപാടാണ്. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്.
vaayichchu...
“ഏത് രാജ്യത്തും ഉള്ളത് പോലെ തീവ്രവാദ നിലപാടുകള്‍ ഉള്ളവര്‍ അമേരിക്കയിലും ഉണ്ട്. ഇന്ത്യയില്‍ ഇത് പോലെ രാഷ്ട്രീയ സ്വാധീനവും ഉന്നത വിദ്യാഭാസവും ഉള്ള തീവ്രവാദ നിലപാടുകള്‍ ഉള്ളവര്‍ എത്രയോ ഇല്ലേ?ഇതിലെന്താണ് പുതുമ"?
ശരിയാണ് ദില്‍ബന്‍.ഇന്ത്യയില്‍ ഇത് പോലെ രാഷ്ട്രീയ സ്വാധീനവും ഉന്നത വിദ്യാഭാസവും ഉള്ള തീവ്രവാദ നിലപാടുകള്‍ ഉള്ളവര്‍ നിരവധി ഉണ്ട്. പക്ഷെ ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ സൃഷ്ടിയും നിലനില്പും അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണെന്നും, അത് നിര്‍ണയിക്കുന്നതാവട്ടെ ഫൈനാന്‍സ് കാപിറ്റലിനു മേല്‍ നിയന്ത്രണമുള്ള മൂലധനനാഥന്മാരാണെന്നതും മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെയുള്ള ഒരു രാജ്യത്ത് വൈറ്റ്‌ഹൗസില്‍ ഒരു ക്രിസ്ത്യന്‍ സഹപ്രവര്‍ത്തകനെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞ റിപ്പബ്ലിക്കന്‍ അംഗം ജോണ്‍ മാക്‍കൈന്‍ പറഞ്ഞതിന്റെ തുടര്‍ച്ച തന്നെ അല്ലേ ആന്‍ കൗള്‍ട്ടറുടെ സ്വപ്നങ്ങളും? ഇതു പുതുമ അല്ലെന്നുണ്ടോ?
പക്ഷെ മാധ്യമങ്ങളും ബാങ്കുകളും എല്ലാം ജനസംഖയില്‍ 2% മാത്രം വരുന്ന ഒരു വിഭാഗം കൈയടക്കി വെയ്ക്കുന്നതിനെതിരായ പ്രതിഷേധം പതഞ്ഞുപൊങ്ങുന്നുണ്ട് അമേരിക്കയില്‍ എന്നതും കാണാതിരുന്നുകൂടാ. അത് വംശീയ വാദികള്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ട് എന്നുള്ളതും.
“ കിട്ടാവുന്ന വടി കൊണ്ടൊക്കെ അമേരിക്കയെ പൂശുക എന്നുള്ളതും ചിലരുടെ അന്ധവും തീവ്രവാദപരവുമായ നിലപാടാണ്. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍". എങ്ങനെയാണത് ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള് ആകുന്നത് എന്നത് വിശദീകരിച്ച് കണ്ടില്ല.
അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങളെ / അമേരിക്കയുടെ നേതൃത്വത്തിലുള്ള ഫൈനാന്‍സ് മൂലധനത്തിന്റെ കടന്നുകയറ്റത്തെ എതിര്‍ക്കുന്നതിനോടൊപ്പം തന്നെ അമേരിക്കയില്‍ തന്നെ വളര്‍ന്നുവരുന്ന യുദ്ധ വിരുദ്ധ -സമാധാന പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുക, ഇത്തരം നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പൊതുജനാഭിപ്രായത്തോട് , പ്രസ്ഥാനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക. ഇങ്ങനെയൊരു നിലപാട് എടുത്തുകൊണ്ടായിരിക്കണം മുന്നോട്ട് പോകേണ്ടത് എന്നു തോന്നുന്നു. ബ്രാഡ്‌ലി ബേസ്റ്റണിന്റെ ലേഖനംഅമേരിക്ക കൃസ്ത്യാനികള്‍ക്ക് മാത്രം എന്ന ഇടുങ്ങിയ വംശീയ ചിന്താഗതിയെ മുളയിലേ നുള്ളാനുള്ള ശ്രമമായതിനാല്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങളെ എതിര്‍ക്കുക, അമേരിക്കന്‍ ജനതയെ സ്നേഹിക്കുക...ഇതാവും ഏറ്റവും നല്ല വഴി . ഇതു മനസ്സിലായാല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാവില്ല എന്നു തോന്നുന്നു.
നന്ദി. ഇതിവിടെ വായനക്കായി തുറന്നിട്ടു തന്നതിന്.
ദില്‍ബുവിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി വര്‍ക്കേഴ്സ് ഫോറം നല്‍കിയിട്ടുണ്ട്. ഒരു കാര്യം കൂടി ചേര്‍ക്കേണ്ടതുണ്ട്. അറബ് സ്വത്വ-ദേശീയതയെ എതിര്‍ക്കുന്ന കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളായ രാജ്യങ്ങളാണ് അമേരിക്കയും ഇസ്രായേലും. ആ പശ്ചാത്തലത്തില്‍ ഈ വസ്തുതകള്‍ വായിക്കുമ്പോളാണ് ആന്‍ കൌള്‍ട്ടറുടെ സ്വപ്നത്തിന്റെ അസംബന്ധവും, ബ്രാഡ്ലിയുടെയും, ഡച്ചിന്റെയും നിലപാടുകളും കൂടുതല്‍ വ്യക്തമാവുകയും ചെയ്യുന്നത്.
അമേരിക്കയെ അടിക്കാന്‍ എന്ന പ്രയോഗത്തിലെ സൂചനയും വ്യക്തം. അതിനും WF മറുപടി തന്നിട്ടുണ്ട്.
ജൂതന്‍മാരില്ലാത്ത അമേരിക്ക - ഒരു ആന്‍ കൗള്‍ടര്‍ സ്വപ്നം
എന്തായാലും, ഒരേ സമയം ഇരയും വേട്ടക്കാരനുമായി അഭിനയിക്കേണ്ടിവരുക എന്നത് നര്‍മ്മരഹിതമായ ഒരു ചരിത്ര നാടക മുഹൂര്‍ത്തമാണെന്ന് പറയാതെ വയ്യ
എന്ന് രാജീവേട്ടന്റെ കമന്റ് കണ്ടത് കൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. ഇത് അമേരിക്ക എന്ന രാജ്യത്തെ മൊത്തം ഉദ്ദേശിച്ചുള്ള കമന്റാണ് എന്നാണ് ഞാന്‍ ധരിച്ചത്. ആന്‍ കൌള്‍ട്ടറെയും അവരുടെ നിലപാടുകലേയും പറ്റിയാണ് ബേസ്റ്റണ്‍ പറഞ്ഞിരിക്കുന്നത് എന്ന് കാണാം. ഒരു വിഭാഗത്തിന്റെ അഭിപ്രായത്തെ അവരെ പോലെ ഉള്ള ചിലരുടെ തീവ്രവാദ നിലപാടുകള്‍ എങ്ങനെ അമേരിക്ക എന്ന രാജ്യം ജൂതമുയലുകള്‍ക്കൊപ്പം ഓടുകയും വേട്ടനായ്ക്കള്‍ക്കൊപ്പം വേട്ടയാടുകയും ചെയ്യുന്നു എന്ന് ജെനറലൈസ് ചെയ്യും? ഏതെങ്കിലും ഹിന്ദുത്വവര്‍ഗീയക്കാര്‍ നടത്തുന്ന ഒരു പ്രസംഗം ക്വോട്ട് ചെയ്ത് ഇന്ത്യയുടെ മതേതരത്വത്തിന്റെ നര്‍മ്മരഹിതമായ ഇര-വേട്ട നിലപാടാണ് എന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും? അത് പോലെ തന്നെ അല്ലേ ഇത്?
ദില്‍ബൂ,
ജൂതലോബിപോലെത്തന്നെ ശക്തമായി അമേരിക്കയില്‍ നിലനില്‍ക്കുന്ന ഒന്നാണ് ജൂതവിരോധവും. അതിന്റെ പ്രതിനിധിയായാണ് ആന്‍ കൌള്‍ട്ടറിനെപ്പോലുള്ളവരെ ഞാന്‍ കാണുന്നതും.
പക്ഷേ, അമേരിക്കയുടെ നിലനില്‍പ്പിനു (ജൂതവിരോധം)അത്ര നല്ലതാവില്ലെന്ന ശരിയായ അവബോധം ഉള്ളതുകൊണ്ടാണ് ഈ മനോഭാവം dormant ആയി കിടക്കുന്നത്.
ദില്‍ബു പറഞപോലെ, ഒറ്റപ്പെട്ട സംഭവങ്ങളെ എടുത്ത് സാര്‍വ്വത്രീകരിക്കുന്നതില്‍, അസാംഗത്യമുണ്ട്. തീര്‍ച്ച. എങ്കിലും, ചില ഒറ്റപ്പെട്ട സംഭവങ്ങളും, പ്രതികരണങ്ങളും, മറ്റൊരു പൊതുവികാരത്തിന്റെ നേര്‍ത്ത ബഹിര്‍സ്ഫുരണങ്ങളുമായേക്കാമെന്ന കരുതലും ആവശ്യമാണ്.
Post a Comment