Saturday, May 17, 2008

കുടിയൊഴിക്കൽ



ഓഫീസിലേക്കുള്ള യാത്രാമദ്ധ്യേ എന്നും കാണാറുള്ള ഒരു സ്ഥലമാണ്‌ ഷാർക്കിയ. എങ്ങിനെയാണ്‌ ഇത്തരത്തിലൊരു സ്ഥലം ഷാർജയിലെ റിയൽ എസ്റ്റേറ്റ്‌ പ്രഭുക്കന്മാരുടെയും അവരുടെ സിൽബന്തികളായ മുനിസിപ്പാലിറ്റിയുടെയും കണ്ണിൽപ്പെടാതെ, ഇപ്പോഴും നിലനിൽക്കുന്നതെന്ന്, കാണുമ്പോഴൊക്കെ അത്ഭുതപ്പെടുകയും ചെയ്തിട്ടുണ്ട്‌. നമ്മുടെ ഇന്ത്യന്‍ ധാരാവിയുടെ ഒരു ചെറിയ പതിപ്പ്‌.

ഏതായാലും പ്രതീക്ഷ തെറ്റിയില്ല.

ഷർക്കിയ ഭാഗത്തുള്ള പത്ത്‌ കുടുംബങ്ങളെ ഷാർജ മുനിസിപ്പാലിറ്റി അധികൃതർ ഒഴിപ്പിച്ചിരിക്കുന്നതായി ഇന്ന് വാർത്ത വന്നിരിക്കുന്നു.

തങ്ങളുടെ വീട്ടുസാമഗ്രികൾ എടുക്കാൻ പോലും അവരെ അനുവദിച്ചില്ലെന്നും വാർത്തയിലുണ്ട്‌. ഈ മഹാനഗരത്തിലെ മുനിസിപ്പൽ അധികൃതരുടെ വകതിരിവിനെക്കുറിച്ച്‌ ബോദ്ധ്യമുള്ളവർക്ക്‌ അത്‌ വിശ്വസിക്കാതിരിക്കാനാവില്ല. വർഷങ്ങളായി അവിടെ താമസിച്ചുവരുന്ന ഇരുന്നോറോളം കുടുംബങ്ങളിൽ ഭൂരിഭാഗവും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്‌, അഫ്ഘാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ്‌. ടാക്സിഡ്രൈവർമാരും, തുച്ഛവരുമാനക്കാരായ മറ്റു ജോലിക്കാരും അതിൽ പെടുന്നു. അവരെയൊക്കെയാണ്‌ ഒരു സുപ്രഭാതത്തിൽ കുടിയിറക്കിവിട്ടിരിക്കുന്നത്‌.

ഷാർജയിലെ സ്വാതിതിരുനാൾ തിരുമനസ്സും, തിരുമനസ്സിന്റെ മുനിസിപ്പൽ പ്രഭൃതികളും ഈ തെറ്റ്‌ തിരുത്തണം. ഒന്നുകിൽ, ഈ സാധുക്കളെ അവരുടെ രാജ്യങ്ങളിലെ സ്ഥാനപതികാര്യാലയങ്ങളിൽ ഏൽപ്പിക്കുകയോ, അതല്ലെങ്കിൽ, അവർക്ക്‌ ജീവിക്കാൻ ആവശ്യമായ എന്തെങ്കിലുമൊരു സംവിധാനം ചെയ്തുകൊടുക്കകയോ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്‌. അതുണ്ടായില്ല. അതിനുപകരം, ഇന്ത്യൻ മഹാനഗരങ്ങളിലെ പകൽക്കൊള്ളക്കാരായ നഗരസഭാപ്രഭുക്കന്മാരുടെ അതേ പാത പിന്തുടരുകയാണ്‌ ഇവരും ചെയ്യുന്നതും ഇപ്പോള്‍ ചെയ്തിരിക്കുന്നതും.

വളരെ ഉയർന്ന വരുമാനക്കാരല്ലാത്തവരാരും ഇവിടെ ജീവിക്കരുതെന്നാണെങ്കിൽ, അത്‌ തുറന്നുപറഞ്ഞ്‌, അതിനുള്ള നടപടികളെടുക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ നാട്ടുകാരുടെയും പ്രവാസികളുടെയും നിത്യജീവിതം ദുഷ്ക്കരമാക്കി, അവരെ പുകച്ചുപുറത്തുചാടിക്കുകയല്ല ശരിയായ മാർഗ്ഗമെന്ന് ഭരണാധികാരികൾ ഇനിയെങ്കിലും തിരിച്ചറിയണം.

റിയൽ എസ്റ്റേറ്റ്‌ ശക്തികളുടെ കമ്പോളമത്സരങ്ങൾക്ക്‌ അടിയറവുപറയുമ്പോൾ, ഭൂമിയെ പണയപ്പെടുത്തി ചൂതുകളിക്കുകയാണ്‌ ഭരണാധികാരികൾ ചെയ്യുന്നത്‌. അതിന്റെ ദൂഷ്യഫലങ്ങള്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്. അതിനിയും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയേയുള്ളു. ദുബായുടെ ചുവടുപിടിച്ച് ഷാര്‍ജയും, അജ്‌മാനും, ഫുജൈറയുമൊക്കെ ഈ നിരന്തരമായ ചൂതുകളിയിലൂടെ ഇന്നു ചെയ്യുന്നത്, തങ്ങളുടെ സ്വതന്ത്ര പരമാധികാര രാജ്യത്തെ ഏതാനും സ്വാര്‍ത്ഥമോഹികളായ കച്ചവടക്കാര്‍ക്ക് വിറ്റുതുലക്കുകയാണ്.

ഒരു നല്ല ജീവിതം സ്വപ്നം കണ്ട് ഇത്രനാളും ഈ നല്ല നാട്ടില്‍ മല്ലിട്ടു ജീവിച്ച, തങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്കിടയിലും ഈ ഐക്യ അറബി നാടിനെ സ്നേഹിച്ചവരെയാണ് ഇന്ന്, ഇന്നലത്തെ മഴക്ക് പൊട്ടിമുളച്ച ഈ റിയല്‍ എസ്റ്റേറ്റ് തകരകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കുടിയിറക്കുന്നത്. അനീതിയല്ലാ‍തെ മറ്റൊന്നുമല്ല ഇത്.

കുടിയിറക്കപ്പെടുന്നവന്റെ വേദന, അത്‌ പാലസ്തീനിലായാലും, മൂലമ്പള്ളിയിലായാലും, കൊച്ചമ്പാമ്പയിലായാലും, ഷാർക്കയിലായാലും ഒരുപോലെയാണെന്ന് തിരുമനസ്സുകൾ ഇനിയെങ്കിലും ഓർക്കണം. അതിനെ കണ്ടില്ലെന്നു നടിക്കരുത്‌.

10 comments:

Rajeeve Chelanat said...

ഓഫീസിലേക്കുള്ള യാത്രാമദ്ധ്യേ എന്നും കാണാറുള്ള ഒരു സ്ഥലമാണ്‌ ഷാർക്കിയ.

പ്രിയ said...

ആരോടാ രാജീവ് ഈ പറയുന്നത്?

ഫസല്‍ ബിനാലി.. said...

കുടിയൊഴിപ്പിക്കല്‍ സുനാമി. സര്‍വ്വവും കൊണ്ടേ പോകൂ. പറിച്ചു നടപ്പെട്ടവന്‍റെ അവകാശം ഇത്തിക്കണ്ണിയോളം അപ്പോള്‍ ജന്മ നാട്ടില്‍ വേരുകള്‍ പിഴുതെടുക്കപ്പെടുന്നു, അവിടെയോ? പിന്നയല്ലെ ഇവിടെ..

Ranjith chemmad / ചെമ്മാടൻ said...

Realy a good post
congrats the react....

ഭൂമിപുത്രി said...

നിയമപാലകറ് കൂടി എതിറ്വശത്തുനില്‍ക്കുമ്പോള്‍...
രാജീവ് ഇതാര്‍കേള്ക്കാനാണ്‍?സംഘടനയും സമരവുമൊന്നുമില്ലാത്ത നാടല്ലെ?
ഒളിമ്പിക്ക്സിനോടനുബന്ധിച്ച് ചൈനയിലും റിയലെസ്റ്റേറ്റ് രാക്ഷസന്മാറ് ഇറങ്ങിയിരിയ്ക്കുന്നതായി വായിച്ചിരുന്നു.

പ്രിയ said...

http://www.gulfnews.com/nation/Housing_and_Property/10213680.html

ഗള്ഫ് ന്യൂസില്‍ ഈ വാര്ത്താ വന്നിരുന്നു. സത്വ-റാഷിദിയ പോലുള്ള പഴയ ദുബായ് നഗരങ്ങളും ഇന്നു നഗരനവീകരണത്തിന്റെ ഭാഗമായ പൊളിച്ചു നീക്കലിന്റെ വക്കില്‍ തന്നെ. പക്ഷെ പകരം കുറഞ്ഞ വരുമാനക്കാര്‍ക്ക് താങ്ങാവുന്ന ഒരു താമസസൌകര്യവും നിലവിലില്ല. അതിനെക്കുറിച്ച്‌ ആരോടും പരാതി പറയാനും ഇല്ല. കാരണം വന്നുകയറിയവര് വന്ന പോലെ ഇറങ്ങി പോയ്ക്കൊള്ളുക.

Dinkan-ഡിങ്കന്‍ said...

മണ്ണ് ഒരു ചുവന്ന നുണയും, ആ‍കാശം നീല സത്യവും ആകു-ക്കു-കയാണ് :(

Rajeeve Chelanat said...

പ്രിയ,

പറഞ്ഞിട്ട് കാര്യമൊന്നുമില്ലെന്ന് നല്ല നിശ്ചയമുണ്ട്. എങ്കിലും പറയേണ്ട കാര്യങ്ങള്‍ പറയാതിരിക്കാനാവില്ലല്ലോ. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അവിവേകമായിരിക്കാം ഒരുപക്ഷേ ഞാന്‍ ചെയ്യുന്നത്. എങ്കിലും അത് ചെയ്യാതിരിക്കാനാവുന്നില്ല.

മറ്റൊരു നാടാണ്; അവിടെ അവരുടെ ഇഷ്ടത്തിനെതിരെ നില്‍ക്കാന്‍ നമുക്ക യാതൊരു അവകാശവുമില്ല, അവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ല എന്നൊക്കെയുള്ള ന്യായങ്ങള്‍ ഒരുപക്ഷേ അവരും, നമ്മളില്‍തന്നെ ചിലരും പറഞ്ഞേക്കാം. അതില്‍ ശരിയില്ലായ്കയുമില്ല. എങ്കിലും, ഇവിടെ വരാന്‍ നമുക്ക് അവര്‍ തന്ന അനുവാദത്തില്‍, നമുക്ക് ഈവക കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കൂടി ഉള്‍പ്പെടുന്നുണ്ടാകണം. പ്രത്യേകിച്ചും, ഒരു ശരിയുടെ ഭാഗത്തുനിന്ന് നമ്മള്‍ സംസാരിക്കുവോളവും, ആ ഒരു അതിര്‍വരമ്പുവരെയെങ്കിലും.

ജയശ്രീ, രഞ്ജിത്ത്, ഫസല്‍, ഡിങ്കന്‍, നന്ദി

Dinkan-ഡിങ്കന്‍ said...

...മറ്റൊരു നാടാണ്; അവിടെ അവരുടെ ഇഷ്ടത്തിനെതിരെ നില്‍ക്കാന്‍ നമുക്ക യാതൊരു അവകാശവുമില്ല, അവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ല എന്നൊക്കെയുള്ള ന്യായങ്ങള്‍ ഒരുപക്ഷേ അവരും, നമ്മളില്‍തന്നെ ചിലരും പറഞ്ഞേക്കാം....

രാജീവേ, ഓഫ് ടോപ്പിക്കാണോ എന്ന് നിശ്ചയമില്ല, എങ്കിലും ചിലത് പറയാതെ വയ്യ. - ഒരു വിദേശരാജ്യത്ത്, അതും കടുത്ത നിയമങ്ങളുള്ള ഒരു രാജ്യത്ത്, അവിടത്തെ പൌരനല്ലാത്തത് കൊണ്ട്- എന്നീ മുടന്തന്‍ ന്യായങ്ങളെങ്കിലും താങ്കള്‍ക്ക് “ഷാര്‍ക്കിയ”യെ കുറിച്ച് പറയാം.

എന്നാല്‍ അങ്ങ് ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍?
അതില്‍ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധത ഉണ്ടെന്ന് അഹങ്കരിക്കുക്ക ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ സംഭവിക്കുന്നതോ?
അവിടെ ഒരു ഷാര്‍ക്കിയ എങ്കില്‍ അവിടെ - മൂലമ്പിള്ളി,വല്ലാര്‍പാടന്‍, മുത്തങ്ങ, നൈനാംകോണം, കാറളം, പേരണ്ടൂര്‍, ചെങ്ങറ - ഒരുപാട് ഷാര്‍ക്കിയകള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു.

മൂലമ്പിള്ളിയിലെ സ്ഥലത്തിന് ഇപ്പോളുള്ള കമ്പോളവില ഏകദേശം 3മുതല്‍ 4 ലക്ഷം രൂപ വരെയാണെന്നാണറിവ്. അങ്ങനെയുള്ള സ്ഥലങ്ങള്‍ 8ല്‍ ഒന്ന് വിലയ്ക്ക് സര്‍ക്കാരിന് കൊടുക്കണം എന്ന് പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമൊ? അപ്പോള്‍ ബലപ്രയോഗം ഉണ്ടാകുന്നു.

കുടിയിഴിപ്പിക്കുന്നതിന് 6 മാസം മുന്നേ പുനരധിവാസം നടത്തണമെന്ന് 2001ല്‍ സുപ്രീം കോടതി വിധി ഉള്ളതാണ്. എന്നാല്‍ വല്ലാര്‍പാടത്ത് കുടിയൊഴിപ്പിക്കലുകള്‍ക്ക് “പുരനധിവാസം സാധ്യമല്ല“ എന്നാണ് കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. കോടതികളും കണ്ണടയ്ക്കല്‍ നയം സ്വീകരിക്കുന്നു. വികസനം മുന്നോട്ട് എന്ന മൂലമന്ത്രത്തില്‍ എല്ലാവരും മയങ്ങുന്നു. സ്മാര്‍ട്ട് സിറ്റിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കിയ 6 സെന്റ് ഭൂമി പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല.

ഇതിനെ കുറിച്ച് വിശദമായി ഒരു പോസ്റ്റ് ഇടണം എന്ന് കരുതിയതാണ് പക്ഷേ ചില തിരക്കുകളില്‍ പെട്ട് പോയി. ജനകീയ സമരങ്ങള്‍/ചര്‍ച്ചകള്‍ ഒക്കെ രാത്രിസമരാശ്ലീലത്തിലും മുങ്ങിപോയി. പറഞ്ഞു തുടങ്ങിയാല്‍ “ഭൂപരിഷ്ക്കരണം“ എന്ന പാതിമാത്രം നടപ്പിലാക്കാന്‍ സാധിച്ച ഒരു നിയമനടപടിയെ കുറിച്ച് പറഞ്ഞ് തടയിടലുകളുണ്ടാകും.

ഷാര്‍ക്കിയയില്‍ ഇത് ഓഫ്ടോപ്പിക്കാണെങ്കില്‍ ക്ഷമിക്കൂ. ഷാര്‍ക്കിയകള്‍ ഉണ്ടാകാതിരിക്കട്ടെ എന്ന ആഗ്രഹത്തോടെ നിര്‍ത്തുന്നു.

വിനയന്‍ said...

മൂലമ്പൈള്ളിയിലെ കുടിയിറക്ക് കണ്ടതിന് ശേഷം മറ്റേത് കുടിയിറക്ക് കണ്ടാലും ഒരു വിഷമവും തോന്നാറില്ല.യു എ യെ സംഭന്ധിച്ചേടത്തോളം ഇവടത്തെ സാമ്പത്തിക രംഗം ഇന്ന് ഏറെ ബന്ധപ്പെട്ടു കിടക്കുന്നത് റിയല്‍ ഏസ്റ്റേറ്റ് മേഖലയുമായാണ്.ആര്‍ത്തി പണ്ഡാരങ്ങള്‍ ആയ ഭരണാധികാരികള്‍ ആണ് ഇന്ന് ഈ നാട് ഭരിച്ചു കൊണ്ടിരിക്കുന്നത്.ബാങ്കുകളും റിയല്‍ എസ്റ്റേറ്റ് ഭീകരന്മാരും ലോകമൊന്നാകെ കൈയിലൊതുക്കി കൊണ്ടിരിക്കുകയാണ്.നമ്മുടേ നാടല്ലാത്തത് കൊണ്ട് മിണ്ടാതിരിക്കുക തന്നെ നാളെ പോവാന്‍ പറഞ്ഞാല്‍ പോയല്ലേ പറ്റൂ.ഒരു സ്റ്റാമ്പിന്റെ ബലത്തിലുള്ള ജീവിതം.എല്ലാ നഷ്ടപ്പെട്ടവനായി ശരാശരി പ്രവാസി എന്നും തുടരുന്നു.