Monday, June 9, 2008

യു.എ.ഇ.യുടെ സ്വത്വാന്വേഷണപരീക്ഷകള്‍

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഐക്യ അറബി നാടിന്റെ സ്വത്വന്വേഷണത്തെക്കുറിച്ചുള്ള ചിന്തകള്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്‌ മാധ്യമങ്ങളിലും വിവിധ ഫോറങ്ങളിലും. ഒട്ടകത്തില്‍നിന്ന് കാഡില്ലാക്കുവരെയുള്ള വളര്‍ച്ചയുടെ പടവുകളില്‍വെച്ച്‌ തങ്ങള്‍ക്കു നഷ്ടമായി എന്ന് അവര്‍ വിശ്വസിക്കുന്ന മൂല്യങ്ങളെയും ദേശീയബോധത്തെയും തിരിച്ചുപിടിക്കാനുള്ള ഒരു സ്വത്വാന്വേഷണം എന്ന നിലക്ക്‌ അതിന്‌ യു.എ.ഇ.യിലും മറ്റ്‌ ഗള്‍ഫ്‌ നാടുകളിലും പ്രസക്തിയുമുണ്ട്‌.

'വരത്തന്‍'മാര്‍ക്കെതിരെ ദക്ഷിണാഫ്രിക്കയിലും മറ്റിടങ്ങളിലും നടക്കുന്ന ആക്രമങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ ആ പ്രസക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു.ഇതിനെക്കുറിച്ചുള്ള ഒരു പ്രവാസിയുടെ കാഴ്ചപ്പാടുകള്‍ക്കും വിലയിരുത്തലുകള്‍ക്കും, മനശ്ശാസ്ത്രപരമായും സാമൂഹ്യപരവുമായ പരിമിതകള്‍ ഏറെയുണ്ടാകാം. പ്രത്യേകിച്ചും, ഒരു ജനാധിപത്യ-റിപ്പബ്ലിക്കിനുള്ളില്‍ നിന്നുകൊണ്ടല്ല സംസാരിക്കുന്നത്‌ എന്നുവരുമ്പോള്‍.

ഒരു രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ തദ്ദേശീയരുടെ എണ്ണം 20-25 ശതമാനം മാത്രമാണെന്നു തിരിച്ചറിയുന്നത്‌ അത്ര സുഖകരമായ ഒരു കാര്യമല്ല. എങ്കിലും യു.എ.ഇ.യിലെ യാഥാര്‍ത്ഥ്യം അതാണുതാനും. അസംഖ്യം, ദേശ-വംശ-വര്‍ഗ്ഗ-ഭാഷാ വൈപുല്യങ്ങള്‍ക്കിടയില്‍ തങ്ങളുടേതായ വ്യക്തിത്വം-സ്വത്വം, പരിരക്ഷിക്കുക എന്നത്‌ കഠിനമായ ചില തിരിച്ചറിവുകളെയും, നയരൂപീകരണങ്ങളെയും, പ്രവൃത്തിമാര്‍ഗ്ഗങ്ങളെയും ക്ഷണിക്കുന്നുണ്ട്‌. അതിവൈകാരികവും ഉപരിപ്ലവമായ കാഴ്ചപ്പാടുകള്‍ പ്രശ്നപരിഹാരത്തിന്‌ തീരെ സഹായകമാവുകയില്ലെന്നു മാത്രമല്ല, അവയെ രൂക്ഷമാക്കാനും ഇടയുണ്ട്‌.

പെട്രോളിന്റെ കണ്ടെത്തലോടെ, തീരെ പ്രതീക്ഷിക്കാത്ത ഒരു ചരിത്രപരിസരത്തിലേക്ക്‌ ഗള്‍ഫ്‌ നാടുകള്‍ സ്വയം പറിച്ചുനടപ്പെടുകയായിരുന്നു. വളര്‍ച്ചയുടെ ഓട്ടപ്പന്തയത്തിനിടയില്‍, പൊട്ടഭാഗ്യം കൊണ്ട്‌ ഫിനിഷിംഗ്‌ പോയിന്റിലെത്തിയ ഒരാളുടെ അന്ധാളിപ്പ്‌, ഗള്‍ഫ്‌ നാടുകളില്‍ ഇന്നും കാണാം. തീരെ പ്രതീക്ഷിച്ചിരിക്കാതെ, അവിശ്വസനീയമായ അളവിലുള്ള പണം കയ്യിലെത്തിച്ചേര്‍ന്ന ഒരാളുടെ സ്ഥിതി. സ്വന്തം ഭൂമിക്കടിയിലെ ആ പൊന്ന് കൈക്കലാക്കാന്‍ അന്യന്റെ സഹായം വേണ്ടിവരുക എന്നതൊരു ദുരന്തമാണെങ്കില്‍ അതും ഇക്കൂട്ടര്‍ക്ക്‌ അനുഭവിക്കേണ്ടിവന്നു.

ഇതൊക്കെയാണെങ്കിലും ഒരു പുതിയ രാഷ്ട്രരൂപീകരണത്തിന്റെ പാതയിലേക്ക്‌ ഇവര്‍ മെല്ലെമെല്ലെ നീങ്ങുന്നതാണ്‌ പിന്നെ നാം കാണുന്നത്‌. ഭൂമിശാസ്ത്രപരമായും പരമ്പരാഗതപൈതൃകങ്ങളാലും ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളെ, അവ വിരലിലെണ്ണാവുന്നവയാണെങ്കില്‍തന്നെയും, ഒരു പൊതു ധാരണയുടെ കീഴില്‍ അണിനിരത്താനും ദേശരാഷ്ട്രമായി സംഘടിപ്പിക്കാനും വളരെ എളുപ്പത്തില്‍ ഇവര്‍ക്ക്‌ കഴിഞ്ഞു. ആയുധബലവും, ബാഹ്യമായ ഇടപെടലുകളുമൊന്നുമില്ലാതെതന്നെ.

എണ്ണപര്യവേക്ഷണത്തിനും അതിനോടനുബന്ധിച്ചുള്ള അടിസ്ഥാനസൗകര്യനിര്‍മ്മാണത്തിനുമായി മറ്റ്‌ ജനവിഭാഗങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിവന്നതുമുതലാണ്‌ ഈ അന്യവത്‌ക്കരണത്തിന്റെ ആരംഭം. ആ പ്രാരംഭഘട്ടത്തിനെ സമയബന്ധിതമായി നിര്‍വ്വചിക്കാനോ നിയന്ത്രിക്കാനോ യു.എ.ഇ.ക്ക്‌(മറ്റ്‌ ഗള്‍ഫ്‌ നാടുകള്‍ക്കും) സാധിച്ചില്ല. ദേശനിര്‍മ്മാണം ആവശ്യപ്പെടുന്ന കനത്ത ബാദ്ധ്യതകള്‍ അവര്‍ ഏറ്റെടുത്തില്ല. മുപ്പത്തഞ്ചു കൊല്ലം എന്നത്‌ ഒരു പക്ഷേ അത്തരമൊരു ഏറ്റെടുക്കലിന്‌ മതിയായ കാലയളവല്ലെന്ന ന്യായം ഉയര്‍ന്നുവന്നേക്കാം. അത്‌ ശരിയുമാണ്‌. എങ്കിലും, തങ്ങളുടെ ആശ്രിതാവസ്ഥയെ ഇല്ലാതാക്കുന്നതിനുപകരം, അതിനെ കൂടുതല്‍ക്കൂടുതല്‍ വിപുലമാക്കുകയാണ്‌ ഇന്ന് യു.എ.ഇ. ചെയ്യുന്നത്‌.

പ്രാരംഭഘട്ടത്തിലെ തൊഴിലാളികുടിയേറ്റത്തിന്‌ അനുയോജ്യമായ ഒരു സമ്പദ്‌വ്യവസ്ഥ യു.എ.ഇ. വളര്‍ത്തിയെടുത്തു. അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു പശ്ചാത്തലവികസനം. അടിസ്ഥാനനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ഉപഭോഗം, വിദ്യാഭ്യാസ-ആരോഗ്യ രംഗം, എന്നിങ്ങനെ, തൊഴില്‍ കുടിയേറ്റക്കാരുടെ സൗകര്യങ്ങള്‍ക്കാണ്‌ പ്രാഥമിക പരിഗണന ലഭിച്ചത്‌. അവയുടെ അളവ്‌ ആരെയും അമ്പരപ്പിക്കുന്നതുമായിരുന്നു. ഈ കുടിയേറ്റക്കാരുടെ ജീവിതത്തിലും, അവരുടെ ജന്മനാടിന്റെ സാമ്പത്തിക-സാമൂഹ്യ വളര്‍ച്ചയിലും ഇത്‌ വളരെ വലിയ മാറ്റങ്ങളാണ്‌ ഉണ്ടാക്കിയത്‌. നല്ലതിനായാലും അല്ലെങ്കിലും. അത്‌ മറ്റൊരു വിഷയം.

കമ്പോളത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും ഇത്‌ നിയന്ത്രിച്ചു. കമ്പോളത്തിന്‌, ലാഭമെന്ന ലക്ഷ്യമൊഴിച്ച്‌, സ്ഥായിയായ മറ്റൊരു സ്വത്വബോധവും ബാധകമല്ലാത്തതുകൊണ്ട്‌ അത്‌ വീണ്ടുംവീണ്ടും കുടിയേറ്റത്തെയും, അതിനോടനുബന്ധിച്ചുള്ള ഭീമമായി വളരുന്ന ആഗോളമാതൃകയിലുള്ള സമ്പദ്‌വ്യവസ്ഥയെയും നിര്‍മ്മിച്ചു.അപ്പോഴൊക്കെ, 60-ല്‍ നിന്ന് 30-ലേക്കും, 25-ലേക്കും ജനസംഖ്യയിലും രാജ്യത്തിന്റെ നിര്‍ണ്ണായകഘടകമെന്ന നിലയിലും തദ്ദേശീയര്‍ താഴുകയാണുണ്ടായത്‌.

ഈ പ്രക്രിയ ഇനിയും അവസാനിച്ചിട്ടില്ല എന്നുകൂടി വായിക്കുമ്പോഴാണ്‌ ഈ ദേശസ്വത്വത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങളുടെയും ചര്‍ച്ചകളുടെയും ഉപരിപ്ലവത്വം നമുക്ക് ബോദ്ധ്യമാവുക.

പുതിയ കണക്കനുസരിച്ച്‌, 2011- ആകുമ്പോഴേക്കും ഇവിടെ നിര്‍മ്മിതമാവുന്ന താമസകേന്ദ്രങ്ങളില്‍ 84 ശതമാനവും വിദേശീയരുടെ കയ്യിലായിരിക്കുമെന്ന് പുളകം കൊള്ളുന്നതിനോടൊപ്പമാണ്‌, നഷ്ടമാകുന്ന ദേശീയസ്വത്വത്തെക്കുറിച്ചുള്ള ഈ വിലാപങ്ങളും ഉയര്‍ന്നുവരുന്നത്‌. 42000 ദിര്‍ഹം മുന്‍കൂറായി കൊടുത്ത്‌ ‘ദുബായില്‍ ഒരു സാന്‍ഫ്രാന്‍സിസ്കോ സ്വന്തമാക്കൂ’ എന്നാണ്‌ ഒരു പരസ്യ ഏജന്‍സി, ഒരു ഉളിപ്പുമില്ലാതെ, ഈ മണ്ണില്‍നിന്നുകൊണ്ടുതന്നെ, ഈ സ്വത്വാന്വേഷികളെ ഉദ്‌ബോധിപ്പിക്കുന്നതും, ആ ഉദ്‌ബോധനത്തെ ബഹുവര്‍ണ്ണ പരസ്യ കവറില്‍ പൊതിഞ്ഞ്, ഇവിടുത്തെത്തന്നെ ഒരു പ്രമുഖ പത്രം വീട്ടുവരാന്തകളില്‍ നിക്ഷേപിക്കുന്നതും. ‍ഏഴു എമിറേറ്റുകളും ഇതില്‍ ഒന്നിനൊന്നു മെച്ചമായി മത്സരിക്കുകയും ചെയ്യുന്നു. അതിസമ്പന്നരെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള, അവര്‍ക്ക്‌ മാത്രം അതിജീവിക്കാനും പെറ്റുപെരുകാനുമുള്ള, ആഡംബര്‍പൂര്‍ണ്ണവും, കുമിളസദൃശവുമായ ഒരു സാമ്പത്തിക മേഖലയെയാണ്‌ ഈ രാജ്യം ഇന്ന് ലക്ഷ്യമാക്കുന്നത്‌. അതില്‍ തദ്ദേശീയരായ മദ്ധ്യവര്‍ഗ്ഗ സമൂഹത്തിനുപോലും സ്ഥനമില്ലാതായിക്കൊണ്ടിരിക്കുന്നു. സ്വന്തം മണ്ണും സാംസ്കാരികപരിസരവും വിദേശകമ്പോള ശക്തികള്‍ക്ക്‌ തീറെഴുതിക്കൊടുക്കുകയാണ്‌ യു.എ.ഇ.യും (ഗള്‍ഫ്‌ നാടുകള്‍ പൊതുവെയും) ചെയ്യുന്നത്‌. ഉപഭോഗത്തില്‍ മാത്രം അധിഷ്ഠിതമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുകയും, ആ സമൂഹത്തിനാവശ്യമായ വര്‍ദ്ധമാനമായ ഉപഭോഗ കമ്പോളം വീണ്ടും വീണ്ടും പുനസൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ദൂഷിതവലയത്തിനകത്താണ്‌ ഇന്ന് യു.എ.ഇ.

തങ്ങളുടെ ഭാഷയും സംസ്കാരവും പങ്കുവെക്കുന്ന മറ്റ്‌ അറബ്‌ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളെയായിരിക്കണം കൂടുതലായും കൊണ്ടുവരേണ്ടതെന്ന് പറയുന്ന ഡോക്‍ടര്‍ ജമാല്‍ അല്‍ സുവൈദിയെപ്പോലുള്ളവര്‍പോലും വെറും ബാലിശമായ വാദഗതികളാണ്‌ ഉയര്‍ത്തുന്നത്‌. എമിറേറ്റ്‌സ്‌ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ്‌ ആന്‍ഡ്‌ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറലാണദ്ദേഹം. അറബ്‌ ലോകം ഒരു ഏകശിലാരൂപമല്ലെന്ന സാമാന്യബോധമെങ്കിലും അദ്ദേഹത്തില്‍നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. അറബ് രാജ്യങ്ങള്‍ എന്നതുകൊണ്ട് ജി.സി.സി.യിലെ ആറു രാജ്യങ്ങളെയാണോ അല്‍ സുവൈദി ഉദ്ദേശിച്ചതെന്ന് വ്യക്തമാല്ല. അങ്ങിനെയാണെങ്കില്‍പ്പോലും മതവിശ്വാസത്തിലും വേഷധാരണത്തിലും, അതുപോലുള്ള ബാഹ്യമായ രീതികളിലും മാത്രമേ ഒരു പൊതു പാരമ്പര്യം ഈ ഗള്‍ഫ് നാടുകള്‍ പങ്കുവെക്കുന്നുള്ളു. (അറബികളെന്ന സംജ്ഞ ഈ ആറു ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല) അതില്‍പ്പോലും വ്യത്യാസങ്ങളും വൈജാത്യങ്ങളും ആവശ്യത്തിനുണ്ടുതാനും. എമിറേറ്റിലെ പുരുഷന്മാര്‍ വിദേശവനിതകളെ വിവാഹം ചെയ്യുന്ന പ്രവണതയെ വിലയിരുത്തുന്ന നജ്‌ല അവാധിയുടെ വീക്ഷണവും സസൂക്ഷ്മം പഠന-വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്‌. യു.എ.ഇ.യിലെയും (പൊതുവെ ഗള്‍ഫിലെയും) സ്ത്രീ-പുരുഷബന്ധങ്ങളുടെ സാമൂഹ്യതലത്തെ നജ്‌ല സ്പര്‍ശിക്കുന്നുണ്ടെന്നത്‌ ശ്രദ്ധേയമാണ്‌.

അന്യസമൂഹങ്ങളോടുള്ള സഹിഷ്ണുതയുടെ കാര്യത്തില്‍, യു.എ.ഇ.യിലെ തദ്ദേശീയസമൂഹം മറ്റു രാജ്യങ്ങളേക്കാള്‍ ഏറെ മുന്‍പിലാണ്‌. വളരെ വിശാലവും ബഹുസ്വരതയുമുള്ള ഒരു ലോകവുമായുള്ള അവരുടെ കഴിഞ്ഞ മുപ്പതുകൊല്ലത്തെ മുഖമുഖം അവരെ സാമൂഹ്യപരമായി ഏറെ പുരോഗമനോന്മുഖമാക്കിയിട്ടുണ്ട്‌. എങ്കിലും, തങ്ങളുടേതായ പാരമ്പര്യത്തില്‍നിന്ന് അവര്‍ ബഹുദൂരം അകന്നുപോയ്‌ക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അറബ്‌ ഭാഷയുടെ വ്യാപനത്തിലും വളര്‍ച്ചയിലും പ്രകടമാകുന്ന ഉദാസീനത ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌. സ്കൂള്‍ കരിക്കുലത്തിനകത്തും പുറത്തും ഇത്‌ ദൃശ്യവുമാണ്‌. അറബ്‌ ഭാഷ പഠനത്തെ നിര്‍ബന്ധമാക്കാനോ, അതിനുതകുന്ന പാഠ്യപദ്ധതിയോ അദ്ധ്യാപകരേയോ വാര്‍ത്തെടുക്കാനും കഴിയാതെപോകുന്നു.

കമ്പോളത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞ സ്വകാര്യ മേഖലയിലുള്ള തദ്ദേശീയരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനോ, അവരെ അതിനു സന്നദ്ധമാക്കാനോ പരിശീലിപ്പിക്കാനോ ഉള്ള പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നില്ലെന്നുവേണം പറയാന്‍. നാമമാത്രമായ പ്രവര്‍ത്തനങ്ങളാണ്‌ അധികവും കാണുന്നത്‌. തദ്ദേശവത്‌ക്കരണം അധികവും ഒതുങ്ങുന്നത്‌ സര്‍ക്കാര്‍ മേഖലയിലാണ്‌. ആ സര്‍ക്കാര്‍ മേഖലതന്നെ, ഭീമന്‍ സ്വകാര്യ കോര്‍പ്പറേറ്റുകളുടെ അനുബന്ധമായി തരംതാഴുകയും ചെയ്തിരിക്കുന്നു.

ഒരു രാജ്യത്തിന്റെ വ്യക്തിത്വം അഥവാ, സ്വത്വബോധമെന്നത്‌, അതിന്റെ സാമ്പത്തികവും, സാമൂഹ്യവും, സാംസ്കാരികവുമായ പരമാധികാരവുമായി ബന്ധപ്പെട്ടതാണെങ്കില്‍, യു.എ.ഇ. അത്‌ ഓരോന്നോരോന്നായി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പറയേണ്ടിവരുന്നു.

യു.എ.ഇ.യിലെ പുതിയ തലമുറയുടെ വളര്‍ച്ചയില്‍, രാജ്യത്തിലെ അന്യനാട്ടുകാരായ വീട്ടുജോലിക്കാരുടെ സ്വാധീനം,അറബിഭാഷയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലീഷിനോട്‌ പുതിയ തലമുറക്കുള്ള അഭിനിവേശം, ആഗോളവത്‌ക്കരണത്തിന്റെ ഭാഗമായി പുതിയ തലമുറ പാരമ്പര്യങ്ങളെ കയ്യൊഴിയുന്നത്‌, അങ്ങിനെയങ്ങിനെ വിവിധ കാരണങ്ങളിലേക്കാണ്‌ സ്വത്വബോധത്തിന്റെ അന്വേഷണം നീളുന്നത്‌. എങ്കിലും ഇതൊക്കെ രോഗത്തിന്റെ കാരണങ്ങളല്ലെന്നും രോഗലക്ഷണങ്ങള്‍ മാത്രമാണെന്നുമുള്ള തിരിച്ചറിവ്‌ നഷ്ടമാകുന്നുമുണ്ട്‌ ഇത്തരം അന്വേഷണങ്ങളില്‍.

ഇന്നത്തെ രീതിയിലുള്ള വികസന സങ്കല്‍പ്പങ്ങളില്‍ നിന്ന് യു.എ.ഇ. വിടുതല്‍ നേടേണ്ടതുണ്ട്‌. ഉത്‌പാദനാധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയാണ്‌ ഏതൊരു രാജ്യത്തിന്റെയും പിന്‍ബലമാകേണ്ടത്‌. പ്രകൃതിവിഭവങ്ങളുടെ അപര്യാപ്തത, പ്രതികൂലമായ കാലാവസ്ഥ, മറ്റു സാഹചര്യങ്ങള്‍ എന്നിവ മൂലം ചില രാജ്യങ്ങളില്‍ അതിനുള്ള സാദ്ധ്യതകള്‍ കണ്ടില്ലെന്നും വരാം. എങ്കിലും മിനിമം സാമൂഹ്യപ്രതിബദ്ധതയെങ്കിലുമുള്ള ഒരു വാണിജ്യരംഗത്തിന്റെ പ്രയോഗവും അവക്ക് സാ‍മ്പത്തികരംഗത്തുള്ള അധീശത്വവും കൊണ്ട്‌ അത്തരം പരിമിതികളെ അതിവര്‍ത്തിക്കാനും നല്ലൊരു പരിധിവരെ സാധിക്കും. ഇവിടെ നമ്മള്‍ കാണുന്നത്‌ അത്തരമൊരു വീണ്ടുവിചാരമല്ലതന്നെ. തികച്ചും ഊഹാപോഹത്തില്‍ അധിഷ്ഠിതമായ കമ്പോളവ്യവസ്ഥയും, അതിന്റെ ഉള്ളുറപ്പില്ലാത്ത തറക്കല്ലിന്മേല്‍ പടുത്തുയര്‍ത്തിയ റിയല്‍ എസ്റ്റേറ്റ്‌-വിനോദവ്യവസായങ്ങളുടെ അംബരചുംബികളുമാണ്‌ ഐക്യ അറബി നാടിന്റെ സ്വത്വബോധ അന്വേഷണങ്ങളുടെ ആകാശങ്ങളിലേക്ക്‌ ഇന്ന് ഭീഷണമായ വിരല്‍ചൂണ്ടുന്നത്‌.


* തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ച ലേഖനം.

3 comments:

Rajeeve Chelanat said...

യു.എ.ഇ.യുടെ സ്വത്വാന്വേഷണപരീക്ഷകള്‍ - ഒരു അന്വേഷണം

കനല്‍ said...

nalla vekshanam,vilayiruthal

മൂര്‍ത്തി said...

വായിക്കുന്നുണ്ട്..തുടരുക