Wednesday, June 4, 2008

പൂര്‍വ്വാശ്രമത്തില്‍നിന്ന് ഒരേട് - അവസാന ഭാഗം

ബിര്‍ളയുടെ ക്ഷേത്രങ്ങള്‍ മലയാളികളുടെ ക്ഷേത്രസങ്കല്‍പ്പത്തില്‍നിന്ന് എങ്ങിനെ വ്യത്യസ്തമായിരിക്കുന്നുവോ, അതുപോലെയായിരുന്നു രാഘവാനന്ദമഠം എന്ന ആശ്രമവും. പ്രശാന്തമായ പരിസരവും, തളിര്‍ത്തുലയുന്ന വൃക്ഷലതാദികളും തികഞ്ഞ പാരസ്പര്യത്തില്‍ കഴിയുന്ന ആശ്രമമൃഗങ്ങളും ഒന്നുമുണ്ടായിരുന്നില്ല അവിടെ. കല്‍ബാദേവി ക്ഷേത്രത്തിനടുത്തുള്ള, ഗുലാല്‍വാഡിയിലെ കിക്കാ സ്ട്രീറ്റില്‍ അത്‌ തിങ്ങി ഞെരുങ്ങിനിന്നു. ശ്വാസം വിടാന്‍പോലും പഴുതില്ലാത്തവിധം. ഗ്രാന്റ് റോഡിലെ ചുവന്ന തെരുവില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തില്‍.

താഴെ നിലയില്‍ ഒരു വലിയ ഹാള്‍. അതിന്റെ മദ്ധ്യത്തില്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത ആലിംഗനബദ്ധരായ ശിവപാര്‍വ്വതിമാര്‍. മുകളില്‍ രണ്ടു വലിയ ഹാളുകള്‍. നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള സന്ന്യാസിമാര്‍ അതില്‍ വിരുന്നു പാര്‍ത്തു വന്നു. ഒരാഴ്ചയില്‍ കൂടുതല്‍ കാലം ഒരു സന്ന്യാസിയും വിരുന്നുപാര്‍ക്കാന്‍ പാടില്ലെന്നുള്ളായിരുന്നു ആശ്രമത്തിലെ അലിഖിത നിയമം. രണ്ടു വലിയ ഹാളുകള്‍ കൂടാതെ, രണ്ടു ചെറിയ മുറികളുണ്ടായിരുന്നത്‌, തലമൂത്ത സന്ന്യാസിമാര്‍ക്കായി മാറ്റിവെച്ചിരുന്നു. ദ്വാരകയിലെ ഇളംകൂറും ഞാനും അവിടെക്കൂടി. രണ്ടുദിവസത്തിനുശേഷം അമ്മാവന്‍ ദ്വാരകയിലേക്ക്‌ മടങ്ങിയപ്പോള്‍ ഞാന്‍ എന്റെ താമസം ഹാളിലേക്ക്‌ മാറ്റി.

പ്രേമാനന്ദന്‍ ഒരു അപൂര്‍വ്വ ജന്മമായിരുന്നു. കോട്ടയം സ്വദേശി. പണ്ടത്തെ നിലക്കല്‍ സമരത്തിലൊക്കെ പങ്കെടുത്തിരുന്ന ദേഹം. ശാക്തേയനാണ്‌. വി.കെ.എന്‍ പറഞ്ഞതുപോലെ, "ഇന്നതേ ആകാവൂന്ന്‌‌ല്ല്യാ”ത്ത കൂട്ടര്‍. വൈഷ്ണവരാകട്ടെ പരമഭക്തരും സാത്വികാംശം കൂടുതലുള്ളവരും. ദ്വാരകയില്‍ നമ്മളത്‌ കണ്ടതാണല്ലോ.

അവിടെ കൂടി. രണ്ടു മാസത്തോളം. പ്രേമാനന്ദന്റെ ദിവസം തുടങ്ങുന്നത്‌ അതിരാവിലെ എട്ടൊന്‍പത്‌ മണിയോടെയാണ്‌. പാചകക്കാരന്‍ ഒരാളുണ്ട്‌. ലംബു എന്നായിരുന്നു വിളിച്ചിരുന്നത്‌. ഒരു ദീര്‍ഘാപാംഗന്‍. സാധു. പത്തുമണിയാകുമ്പോഴേക്കും കുളിയും തേവാരവുമൊക്കെ കഴിഞ്ഞ്‌, പ്രേമാനന്ദന്‍ മൂന്നാം നിലയിലെ സ്വീകരണമുറിയിലെത്തുമ്പോഴേക്കും ലംബു രണ്ടു മൂന്നു കിലോ ശിവമൂലിയുമായി വന്നിട്ടുണ്ടാകും. കല്‍ബാദേവി ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള പീടികയില്‍നിന്നാണ്‌ ജടയന്റെ വരവ്‌. അവിടെ എപ്പോഴും അത്‌ സുലഭം. താഴത്തെ ഹാളില്‍നിന്ന് 'ഭേദപ്പെട്ട വീടുക'ളിലെ സാധുക്കളൊക്കെ അപ്പോഴേക്കും സ്വീകരണമുറിയിലെത്തിയിട്ടുണ്ടാകും.

ഭാര്‍തിയെക്കുറിച്ച്‌ നമ്മളൊന്നും പറഞ്ഞില്ലല്ലോ. തെലുങ്കത്തിയാണ്‌. ചെറുപ്പം. നല്ല തന്റേടം. ഹിന്ദിയും, മറാത്തിയും, തെലുങ്കും, മലയാളവും, തമിഴും, തുളുവും, എല്ലാം ഭംഗിയായി വീശും. കാവിമുണ്ട്‌. നല്ല ഇറുക്കമുള്ള ഫുള്‍സ്ലീവ്‌സ്‌ കാവിജുബ്ബ. നെറ്റിയില്‍ നീളത്തില്‍ കളഭവര. അതില്‍ കറുത്ത വലിയ പൊട്ട്‌. കാണാന്‍ നന്ന്.തീരെ പ്രവചിക്കാനാവാത്ത സ്വഭാവം. ഇടക്കിടക്ക്‌ പൊട്ടിത്തെറിക്കും. മുറിയില്‍ചെന്നിരുന്ന് ഉച്ചത്തില്‍ കരയുന്നത്‌ കേള്‍ക്കാം മറ്റുചിലപ്പോള്‍. പ്രേമാനന്ദനോടും ഇടക്ക്‌ വല്ലാതെ കയര്‍ക്കും. മൂപ്പരാകട്ടെ, അത്‌ നല്ലവണ്ണമാസ്വദിച്ച്‌, പിന്നെയും പിന്നെയും ഭാര്‍തിയെ ചൂടുപിടിപ്പിക്കുകയും ചെയ്യും. അത്യപൂര്‍വ്വമായി അടുക്കളയില്‍ ലംബുവിനെ സഹായിക്കാനും നില്‍ക്കും ഭാര്‍തി.

സ്വീകരണമുറിയില്‍ പ്രേമാനന്ദന്റെ തൊട്ടടുത്ത്‌ അവരും ഇരുന്നമരും. മുറിയില്‍ നിറയുന്ന സന്ന്യാസിവര്യന്മാര്‍ പ്രേമാനന്ദനും ഭാര്‍തിയുമായി അല്‍പം ചില ആചാര-ഭംഗിവാക്കുകള്‍ പങ്കിടും. ശിവമൂലി കുത്തിനിറച്ച ഹുക്കയും സാമ്പ്രാണിതാലത്തിലെ കനലുകളുമായി ലംബു എത്തും. പ്രേമാനന്ദന്റെ മുന്‍പിലുള്ള പാത്രത്തില്‍ നിര്‍വ്വാണവും പ്രതീക്ഷിച്ച്‌ ധ്യാനനിമഗ്നമായി, അക്ഷമയോടെ ഹുക്ക കാത്തിരിക്കുന്നുണ്ടാകും. ഏറ്റവും പ്രായം ചെന്ന ഏതെങ്കിലുമൊരു കാഷായധാരി സാമ്പ്രാണിതാലത്തില്‍നിന്ന് ഒരു കനലെടുത്ത്‌ ഹുക്കയില്‍ വെക്കും. അതോടെ ശിവസ്തുതികള്‍ ഉയരുകയായി. ഹുങ്കാരശബ്ദത്തോടെ. ആദ്യത്തെ പുക പ്രേമാനന്ദന്‌. അടുത്തത്‌ ഭാര്‍തി. ഹുക്കയുടെ പ്രയാണം തുടങ്ങുകയായി. ഒരു ഹുക്ക തീരുമ്പോഴേക്കും ലംബു അടുത്തത്‌ നിറച്ചിട്ടുണ്ടാകും. ഈ പൂജ സമാപിക്കുക പന്ത്രണ്ടുമണിയോടെയാണ്‌. ചത്ത കണ്ണുകളും കഫം നിറഞ്ഞ ചുമയുമായി സന്ന്യാസിമാര്‍ പിരിഞ്ഞുപോകും താഴത്തെ നിലയിലേക്ക്‌.

ഇനിയാണ്‌ പ്രേമാനന്ദന്റെ കര്‍മ്മം ആരംഭിക്കുക. സുദര്‍ശനചക്രവും വിവിധ ചക്രങ്ങളും ഇരുന്ന് വരക്കും. ഒരു കലാകാരന്റെ അനുഷ്ഠാനധ്യാനത്തോടെ. അരികില്‍ പാര്‍വ്വതിയെപ്പോലെ, നല്ല മൊഴികളുമായി ഭാര്‍തി. ഇരുന്ന് കുറേ മുഷിയുമ്പോള്‍ താഴത്തെ നിലയിലെ ഹാളിലും, പ്രാര്‍ത്ഥനാമന്ദിരത്തിലുമൊക്കെ ചുറ്റി നടക്കും ഭാര്‍തി. താഴെയുള്ള പ്രാര്‍ത്ഥനാമന്ദിരത്തില്‍ ഘനനിതംബികളും അതിസുന്ദരികളുമായ ഗുജറാത്തി-മാര്‍വാഡി സ്ത്രീകള്‍ പൂജയും ആരതിയും ഉഴിയുന്നുണ്ടാകും.

ചക്രവ്യൂഹങ്ങള്‍ ചമച്ചതിനുശേഷം പ്രേമാനന്ദനും ഭാര്‍തിയുമിരുന്ന് കുറച്ചുനേരം ഹിന്ദി സിനിമകള്‍ കാണും. അമിതാഭും വിനോദ്ഖന്നയുമൊക്കെ ഉണ്ടാകും അക്കൂട്ടത്തില്‍. രണ്ടു രണ്ടരയാടെ വിശേഷാല്‍ പ്രതികളുമായി വിസ്തരിച്ചൊരൂണ്‌. പിന്നെ പള്ളിയറയിലേക്കു പോവുകയായി മാതാജിയും സ്വാമിജിയും. വൈകുന്നേരം അല്‍പ്പം ചെസ്സും, കാരംസുകളിയുമൊക്കെ കളിച്ച്‌, വീണ്ടും പ്രേമാനന്ദന്‍ ചക്രങ്ങളുമായി സഹവസിക്കും. സന്ധ്യക്ക്‌ താഴെ വിശാലമായ പൂജ. അപ്പോഴേക്കും വീണ്ടും സ്വീകരണമുറി തയ്യാറായിട്ടുണ്ടാകും. ഹുക്കയും സാമ്പ്രാണിതൈലവും വരും. പെരുമ്പറകൊട്ടുന്ന ശബ്ദത്തില്‍ വീണ്ടും സംഘം ചേര്‍ന്ന് ശിവസ്തുതി. ഹുക്കയുടെ ആത്മാഹുതി. അന്തരീക്ഷത്തില്‍ നീലനിറത്തിലുള്ള മാസ്മരികവലയങ്ങള്‍ തീര്‍ത്ത്‌ ശിവമൂലി കത്തിക്കയറി എരിഞ്ഞുതീരും. വീണ്ടും എന്തെങ്കിലും മൂന്നാംകിട സിനിമകള്‍. ഇടക്ക്‌ പ്രേമാനന്ദന്‍ താഴത്തെ ഹാളിലെ സന്ന്യാസികളുടെയിടയില്‍ ക്ഷേമാന്വേഷണവുമായി വരും. ആശ്രമത്തിനു വെളിയിലിറങ്ങി നാട്ടുകാരോടുള്ള കുശലപ്രശ്നങ്ങളും പ്രേമാനന്ദന്റെ രാത്രിയിലെ ദിനചര്യകളുടെ ഭാഗമാണ്‌.

ഇതൊക്കെയായിരുന്നു അവിടുത്തെ ദിനചര്യകള്‍. രാവിലത്തെ സംഘം ചേര്‍ന്നുള്ള ഗഞ്ചന്‍ പ്രയോഗത്തിനുശേഷം, ചക്രങ്ങളുമായി മല്ലിടുമ്പോഴാണ്‌ പ്രേമാനന്ദനെ കാണാന്‍ ആളുകള്‍ വരുക. പ്രേമാനന്ദന്‍ വെറും സ്വാമിജി മാത്രമല്ല. സ്ഥലത്തെ ഓണററി മജിസ്റ്റ്രേറ്റുകൂടിയായിരുന്നു മൂപ്പര്‍. ബോംബെ കോര്‍പ്പറേഷന്റെ ഒരു ചെറിയ കര്‍ത്തരി കര്‍മ്മണി പ്രയോഗം. നഗരസഭയുടെയും പോലീസിന്റെയും ജോലിഭാരം കുറക്കാനും, അവര്‍ക്ക്‌ ചെന്നെത്താന്‍ സാധിക്കാത്തതും അവര്‍ ചെയ്യാന്‍ ഭയപ്പെടുന്നതും മടിക്കുന്നതുമായ കാര്യങ്ങളില്‍ ഇടപെടാനും, വേണ്ടിവന്നാല്‍ പറഞ്ഞൊതുക്കാനും ഇനിയും വേണ്ടിവന്നാല്‍ കൈകാര്യം ചെയ്യാനുമാണ്‌ ഇത്തരം ഓണററി മജിസ്ത്രേറ്റുമാരെ വെച്ചിരിക്കുന്നത്‌. സ്ഥലത്തെ ഒരുമാതിരി അടിപിടികളും ലഹളകളുമൊക്കെ അവര്‍ നോക്കിക്കൊള്ളും. അധികാരവികേന്ദ്രീകരണസങ്കല്‍പ്പം കേരളത്തിലെത്തുന്നതിനും‌‌മുന്‍പാണ് ഇത്.

ബോളിവുഡില്‍ നിന്ന് ഇറങ്ങിവരുന്നവരെപ്പോലെ തോന്നിച്ചിരുന്നു സ്വാമിജിയുടെ ആ പകല്‍ സന്ദര്‍ശകര്‍. ചിലപ്പോള്‍ രാത്രിയിലും അവര്‍ വരുക പതിവായിരുന്നു. സന്ദര്‍ശനമുറിയുടെ വാതില്‍ അടച്ചിട്ടുണ്ടാകും അപ്പോള്‍. അതിനുള്ളില്‍നിന്ന് അടക്കിപ്പിടിച്ച സംസാരവും അട്ടഹാസച്ചിരികളും ഉയരും.താഴെയുള്ള ഹാളിലെ ജീവിതം മറ്റൊന്നായിരുന്നു. പകല്‍ മുഴുവന്‍ ആ ഹാളുകളില്‍ നിശ്ശബ്ദത തളം കെട്ടിക്കിടക്കും. ചിലര്‍ മുകളില്‍ പ്രേമാനന്ദന്റെ കൂടെ. ചിലര്‍ നഗരസഞ്ചാര യത്നങ്ങളില്‍. ചിലര്‍ ഉറക്കം. ചിലര്‍ അദൃശ്യരൂപങ്ങളുമായി നീണ്ട സംഭാഷണങ്ങളിലായിരിക്കും. ചിരിയും കരച്ചിലുമായി. രാത്രികളില്‍ ആ രണ്ടു വലിയ ഹാളുകളും സജീവമാകും. പല ഭാഗത്തുനിന്നുമെത്തിയവര്‍. ചെറുപ്പക്കാര്‍, പ്രായം ചെന്നവര്‍. ശാന്തശീലര്‍, അസ്വസ്ഥരായവര്‍, സദാ പ്രസന്നമായ മുഖത്തോടുകൂടിയവര്‍, വെറുപ്പും, ദേഷ്യവും മായാത്ത മുഖങ്ങള്‍, ഒച്ചവെക്കുന്നവര്‍, കൂനിപ്പിടിച്ച്‌ സംശയദൃഷ്ടികളോടെ ചുറ്റും നോക്കി മൗനികളായിരിക്കുന്നവര്‍. ചീട്ടുകളിയുടെ ഉസ്താദുകള്‍. വെടിപറച്ചിലുകാര്‍. നിഗൂഢത ഒളിപ്പിച്ചുവെച്ച പെരുമാറ്റങ്ങളോടെ, കാണുന്നവരില്‍ ഭയബഹുമാനങ്ങള്‍ ഉണര്‍ത്തുന്നവര്‍. വി.കെ.എന്നും, എം.ടിയും, ബഷീറും, തകഴിയും, ഒ.വി.വിജയനും, പത്മനാഭനും, അക്കിത്തവും, ആനന്ദും, ജോണ്‍ എബ്രഹാമും, കെ.പി.നാരായണപ്പിഷാരടിയും എല്ലാം ഒരുമിച്ചൊരു മുറിയിലെത്തിയതുപോലെ ഒരു വിചിത്രലോകം. പാട്ടും നൃത്തവും തെറിയും ഭജനയും, പഴങ്കഥകളും, ചര്‍ച്ചകളുമെല്ലാമായി മദോന്മത്തമാകുന്ന രാത്രികാലങ്ങള്‍.

നാടോടികളും അഗതികളും, അനാഥരും, അശാന്തപ്രകൃതികളും, ക്ഷിപ്രകോപ-പ്രസാദികളുമായ ആ സന്ന്യാസിമാരുടെ കൂടെ ആ വലിയ ഹാളില്‍, ഒരു കിടക്കവിരിയും വിരിച്ച്‌, രണ്ടുമാസം കഴിച്ചുകൂട്ടി. ഇടക്കൊക്കെ രാത്രിയില്‍ ഉച്ചത്തിലുള്ള ബഹളവും പോര്‍വിളികളും കേട്ട്‌ ഞെട്ടിയുണരും. എന്തെങ്കിലും ചെറിയ കാര്യങ്ങളെച്ചൊല്ലിയുള്ള വന്‍ബഹളങ്ങള്‍. മുകളിലെ നിലയില്‍നിന്ന് പ്രേമാനന്ദനും ഭാര്‍തിയും ഉറക്കച്ചടവോടെയെത്തും. ഒതുക്കിത്തീര്‍ക്കും. എന്റെ തൊട്ടടുത്തുണ്ടായിരുന്ന ഒരാള്‍ നാസിക്കില്‍ നിന്നുള്ള ഒരാളായിരുന്നു. പന്ത്രണ്ടു വര്‍ഷമായി ഒരിക്കലും ഇരിക്കാത്ത ഒരാളാണെന്ന് പറഞ്ഞുകേട്ടു. രണ്ടു കാലുകളും നീരുവന്നു വീര്‍ത്തിരുന്നു. ഹാളിന്റെ ഉത്തരത്തില്‍ ഒരു കയര്‍കെട്ടി, അതില്‍ കാലുകള്‍ കയറ്റിവെച്ച്‌, ചുമരില്‍ ചാരിനിന്നായിരുന്നു രാത്രിയില്‍ അയാള്‍ ഉറങ്ങാറുണ്ടായിരുന്നത്‌.

രണ്ടുമൂന്നുതവണ പ്രേമാനന്ദന്‍ എന്നെയും ക്ഷണിച്ചു രാവിലത്തെ സംഘം ചേരലില്‍. മുന്‍പരിചയമില്ലാത്ത വസ്തുവൊന്നുമായിരുന്നില്ല എനിക്കും ശിവമൂലി. പോരാത്തതിന്‌ പ്രേമാനന്ദനെന്ന ഗൃഹനാഥന്റെ സ്നേഹസാന്ദ്രമായ ക്ഷണവും, വിചാരിച്ചപോലെ കാര്യങ്ങളൊന്നും നീങ്ങാത്തതിന്റെ ഇരിപ്പുറക്കായ്കയും. ഹുക്കയെ ഭക്ത്യാദരങ്ങളോടെ ഞാന്‍ ആവാഹിക്കുന്നത്‌ ഇടംകണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു പ്രേമാനന്ദനും ഭാര്‍തിയും.

പ്രേമാനന്ദനാകുന്നതിനുമുന്‍പ്‌ പ്രേമാനന്ദന്‍ (മൂപ്പരുടെ പേരു വെളിപ്പെടുത്തുന്നത്‌ ശരിയാവില്ലെന്നതുകൊണ്ട്‌ അതൊഴിവാക്കുന്നു) ബോംബയിലെ സാമാന്യം തരക്കേടില്ലാത്ത ഒരു ചട്ടമ്പിയായിരുന്നുവത്രെ. കുത്തഴിഞ്ഞ ആ ജീവിതത്തിനിടയിലാണ്‌ മരണാസന്നനായി കിടക്കുന്ന ഒരാളെ കാണാനും പരിചയപ്പെടാനും, മരണം വരെ അയാളെ ശുശ്രൂഷിക്കാനും പ്രേമാനന്ദന്‌ ഇടവരുന്നത്‌. തന്നെ പരിചരിച്ച ദയാലുവായ ചട്ടമ്പിക്ക്‌ ആ വൃദ്ധന്‍ ദാനമായി നല്‍കിയതായിരുന്നു ആ കെട്ടിടം. അതിന്റെ ചുമതലക്കായി ഒരു ട്രസ്റ്റ്‌ രൂപീകരിക്കുകയും അതിന്റെ ചുമതലക്കാരനായി പ്രേമാനന്ദനെ അവരോധിക്കുകയും ചെയ്തിട്ടാണ്‌ രാഘവാനന്ദന്‍ സമാധിയാകുന്നത്‌.

അന്ന് അവിടെ ഒരു നിത്യമുക്താനന്ദനുമുണ്ടായിരുന്നു. തീരെ ചെറുപ്പം. സാക്ഷാല്‍ പറക്കും സ്വാമിയുടെ ശിഷ്യന്‍. യോഗയിലാണ്‌ സാമര്‍ത്ഥ്യം. രണ്ട്‌ മദാമ്മമാരുടെ ക്ഷണം കിട്ടിയതനുസരിച്ച്‌ ആസ്ത്രേലിയയിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പുമായി വന്നതായിരുന്നു നിത്യമുക്തന്‍. പരമസാത്വികന്‍. എന്നെപ്പോലെ, യാത്ര നീണ്ടു നീണ്ട്‌ അവിടെ അടിഞ്ഞതായിരുന്നു അയാളും. ഇടക്കിടക്ക്‌ ഞങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ചര്‍ച്ചയില്‍ ഏര്‍പ്പെടും. ദൈവവും ഭക്തിയും വിശ്വാസവും ഒക്കെയാണ്‌ വിഷയങ്ങള്‍. രാഷ്ട്രീയവും ഇടക്ക്‌ കയറിവരും. എടോ നിത്യമുക്താ എന്നും, വേണമെങ്കില്‍ മറ്റുള്ളവര്‍ കേള്‍ക്കാതെ, അല്‍പ്പം കടന്നുള്ള വിശേഷണങ്ങളിലൂടെയും അഭിസംബോധന ചെയ്യാം. മുഷിയില്ല. അത്രക്ക്‌ അടുപ്പം. ഭവാസനത്തിലൂടെ ലെവിറ്റേഷന്‍ (വായുവില്‍ പൊങ്ങിനില്‍ക്കുക) സാദ്ധ്യമാകുമെന്ന് ഒരിക്കല്‍ വാദിച്ചു മൂപ്പര്‍. എങ്കില്‍ അതൊന്നു കാണണമെന്നായി. ഇരുന്ന ഇരുപ്പില്‍ ഉയര്‍ന്നു കാണിച്ചാല്‍ ഭക്തിമാര്‍ഗ്ഗം കൂടാമെന്ന് വെച്ചുകാച്ചുകയും ചെയ്തു. എന്നെപ്പോലുള്ള അവിശ്വാസികളുടെ മുന്നില്‍ വെച്ച്‌ കാണിച്ചാല്‍ സ്വായത്തമാക്കിയ വിദ്യക്ക്‌ ഗുണമല്ലെന്നുപറഞ്ഞ്‌ തടിയൂരി നിത്യമുക്തന്‍. പിന്നെ, അതും പറഞ്ഞ്‌ രാത്രി ഞങ്ങള്‍ ഏറെനേരം ചിരിച്ചു. എവിടെയാണാവോ ഇന്നയാള്‍.

ആശ്രമത്തിലെ പൂജയിലും മറ്റും പങ്കെടുക്കാതെ ഞാന്‍ ഒന്നൊന്നരമാസം രക്ഷപ്പെട്ടുനടന്നു. പിന്നെപ്പിന്നെ വൈകുന്നേരത്തെ പൂജയില്‍ പങ്കെടുക്കാന്‍ പ്രേമാനന്ദന്‍ നിര്‍ബന്ധിച്ചുതുടങ്ങി. ഞാന്‍ മറ്റൊരു താമസസ്ഥലം കണ്ടെത്തി പ്രേമാനന്ദനെ നയത്തില്‍ വിവരമറിയിച്ചു. ബോംബയിലെ ഏജന്റിനു മുഴുവന്‍ പൈസയും കൊടുത്തുകഴിഞ്ഞിരുന്നു. യാത്ര അടുത്തൊന്നും ശരിയാവുന്ന ലക്ഷണവുമില്ല. രാത്രി പ്രേമാനന്ദന്‍ മുറിയിലേക്ക്‌ വിളിപ്പിച്ചു."രാജുഭായ്‌, നിനക്കു താത്‌പര്യമില്ലെങ്കില്‍ പൂജയിലൊന്നും നീ പങ്കെടുക്കണമെന്ന് ഞാന്‍ നിര്‍ബന്ധിക്കില്ല. ആ ഒരു കാരണം കൊണ്ട്‌ നീ ഇവിടെനിന്ന് മാറുകയും വേണ്ട. പക്ഷേ നിന്റെ പൈസ ഏജന്റിന്റെ കയ്യിലാണ്‌. അതോര്‍മ്മവേണം. ഏതെങ്കിലുംവശാല്‍ നിന്റെ യാത്ര ശരിയായില്ലെങ്കില്‍, നീ ഏജന്റിനു കൊടുത്ത പൈസ ഞാന്‍ മേടിച്ചുതരും. പക്ഷേ നീ ഇവിടെനിന്ന് മാറിയാല്‍ പിന്നെ നീ എന്നെ പ്രതീക്ഷിക്കണ്ട. എന്റെ ഉത്തരവാദിത്ത്വം അതോടെ കഴിയും. ഇനിയൊക്കെ നിന്റെ ഇഷ്ടം".

ഉള്ളില്‍ പ്രേമാനന്ദനെ നമിച്ചു. തീരുമാനം മാറ്റി. പിന്നെയും ചില ദിവസങ്ങള്‍. സൗദിയിലേക്കുള്ള യാത്ര ശരിയായി. യാത്ര പുറപ്പെടുന്നതിനുമുന്‍പ്‌ പ്രേമാനന്ദനെ ചെന്നു കണ്ടു. കുംഭമേളക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലായിരുന്നു പ്രേമാനന്ദനും ഭാര്‍തിയും ലംബുവുമൊക്കെ. അവിടെ ചെന്നാല്‍ നീ ഞങ്ങള്‍ക്ക്‌ കത്തയക്കുമോടാ? നാട്ടില്‍ വരുമ്പോള്‍ ഇടക്ക്‌ വരണം.

പ്രേമാനന്ദന്റെയും പരിവാരത്തിന്റെയും കൂടെ ആ രാത്രി ആശ്രമത്തില്‍നിന്ന് ഇറങ്ങി. ഏജന്റിന്റെ ഓഫീസിലേക്കു പോകാതെ കുംഭമേളക്കു പോയാലോ എന്ന് ഒരുനിമിഷം ആലോചിച്ചു. അച്ഛനെയും അമ്മയെയും ഓര്‍മ്മവന്നു. അഭിനയിച്ചേടത്തോളമുള്ള ക്രമരഹിതമായ അവധൂതവേഷമൊക്കെത്തന്നെയും ആവശ്യത്തിലും ഏറെയും കസറിയിട്ടുണ്ടല്ലോ എന്ന് ഉള്ളില്‍തോന്നുകയും ചെയ്തു.

(അവസാനിച്ചു)

അനുബന്ധം

രണ്ട്‌ ഓര്‍മ്മകള്‍ കൂടി ബാക്കി.

ഒന്ന് ചിന്മയാനന്ദനുമായുള്ളത്. ഹൈസ്കൂള്‍ വിദ്യാഭ്യാസകാലത്ത്‌ സ്ഥിരമായി വര്‍ഷത്തിലൊരിക്കല്‍ ചിന്മയാനന്ദന്റെ ഗീതാ പ്രഭാഷണം കേള്‍ക്കാന്‍ എറണാകുളത്തുള്ള ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ പോകുമായിരുന്നു. ഏഴു ദിവസവും മുടങ്ങാതെ പോകും. ഒന്നും വിടാതെ കേള്‍ക്കും. കഴിയാവുന്നത്ര കുറിച്ചെടുക്കും. കുറേക്കാലത്തിനുശേഷം, കല്‍ക്കത്തയിലെ ജീവിതത്തിനിടക്കും ഒരിക്കല്‍ അവസരം കിട്ടി. അന്ന് മൂപ്പര്‍ ഒരു സിംഘാനിയയുടെ വീട്ടിലായിരുന്നു താമസം. അക്കാലമാകുമ്പോഴേക്കും ഉള്ളില്‍നിന്ന് ദൈവവും വിശ്വാസവുമൊക്കെ, മുഴുവനായല്ലെങ്കില്‍തന്നെ, ഏതാണ്ട്‌, പുറത്തു കടന്നിരുന്നു. പരിചയക്കാരെ മാത്രമേ സിംഘാനിയയുടെ വീട്ടുകാവല്‍ക്കാരന്‍ ഉള്ളില്‍ കയറ്റിവിടുന്നുണ്ടായിരുന്നുള്ളു. എങ്ങിനെയോ കണ്ണുവെട്ടിച്ച്‌, ചന്ദ്രനും ഞാനും ഉള്ളില്‍ കടന്നു. അന്നവിടെ കണ്ടതുപോലുള്ള ഒരു ആഭാസരംഗം അതിനുമുന്‍പോ പിന്‍പോ കാണാനിടവന്നിട്ടില്ല. അകത്ത്‌, ഒരു സിംഹാസനത്തില്‍ സ്വാമിജി വാണരുളുന്നു. രണ്ടു ശിഷ്യന്മാര്‍ വെഞ്ചാമരം വീശുന്നു. അതിശയോക്തിയല്ല, ഒരു ശിഷ്യ നിലത്തിരുന്ന് സ്വാമിജിയുടെ പാദാരവിന്ദങ്ങള്‍ ഒരു താലത്തിലെടുത്ത്‌ കഴുകിക്കൊണ്ടിരിക്കുന്നു. മാര്‍വാഡികളും, തമിഴന്മാരുമടക്കമുള്ളവര്‍ വലിയ നോട്ടുകെട്ടുകള്‍ ചിന്മയാനന്ധന്റെ കയ്യിലും കാല്‍ക്കലും വെച്ച്‌ തൊഴുത്‌, അനുഗ്രഹം വാങ്ങി, കുശലാന്വേഷണങ്ങള്‍ നടത്തി, നിര്‍വ്വാണസുഖത്തോടെ ദര്‍ശിച്ച് മടങ്ങുന്നു. ചിന്മയചിത്തനായി അന്ന് അവിടെനിന്നിറങ്ങിയതില്‍പിന്നെയാണ്‌ ആനന്ദമെന്നത്‌ ശരിക്കുമറിയുന്നത്‌. സംശയം തോന്നിത്തുടങ്ങിയിരുന്ന വിഗ്രഹങ്ങള്‍ പൂര്‍ണ്ണമായും തച്ചുടയുന്നതിന്റെ പരമാനന്ദം. എല്ലാ ഹിന്ദുക്കളും അവരവുടെ വീടുകള്‍ക്കുമുകളില്‍ കാവിക്കൊടി കെട്ടണമെന്നൊക്കെയുള്ള ഒരു തിരഞ്ഞെടുപ്പുകാലത്തെ, മൂപ്പരുടെ പുലമ്പലുകള്‍ 'വെളിക്കിറ'ങ്ങുന്നത്‌ അതിനുംശേഷമായിരുന്നു.

രണ്ടാമത്തേത്‌ 96-ലാണ്‌. ഗള്‍ഫ്‌ ജീവിതത്തിനിടക്ക്‌ രണ്ടുവര്‍ഷം തൊഴിലില്ലാതെ നാട്ടില്‍ കഴിയുമ്പോള്‍ നിത്യചൈതന്യയതിയുടെ ബൃഹദാരണ്യകാപനിഷത്തിന്റെ ഒരു ഭാഗം കോഴിക്കോടുവെച്ച്‌ വായിക്കാനിടയായി. മറ്റൊരാളുടെ പുസ്തകം. മുഴുവനും വായിക്കണമെന്നു തോന്നി. തൃശ്ശൂരും പാലക്കാട്ടും അന്വേഷിച്ചു. അവിടെയൊന്നും കിട്ടാനുണ്ടായിരുന്നില്ല. യതിക്ക്‌ എഴുതി. വിലയെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. കൃത്യം ഒരാഴ്ചക്കുള്ളില്‍ പ്രീ-പെയ്‌ഡ്‌ തപാലില്‍ മൂന്നു ഭാഗങ്ങളും എത്തി. യതിയുടെ കുറിപ്പില്‍ പുസ്തകവില 850 ആണെന്നും എഴുതിയിരുന്നു. പുസ്തകം കിട്ടിയ വിവരവും പൈസയെത്തിക്കാന്‍ അല്‍പ്പം സാവകാശം വേണമെന്നും കാണിച്ച്‌ മറുപടിയെഴുതി. അതാ വരുന്നു അടുത്ത മറുപടി. പൈസയുടെ കാര്യം സൂചിപ്പിച്ചുവെന്നേയുള്ളു, സൗകര്യം പോലെ അയച്ചാല്‍ മതി, ഇനി അഥവാ സാധിച്ചില്ലെങ്കിലും കാര്യമാക്കേണ്ടതില്ല. പുസ്തകം വായിക്കുന്നതില്‍ പക്ഷേ അമാന്തം കാണിക്കരുതെന്നും അതില്‍ എഴുതിയിരുന്നു. ആദ്യത്തെ കത്തില്‍ എന്റെ കാഴ്ചപ്പാടുകളെക്കുറിച്ച്‌ ഞാന്‍ കുത്തിക്കുറിച്ച വിവരദോഷങ്ങള്‍ക്കും അജ്ഞതക്കും, സാമാന്യം ദീര്‍ഘമായി തന്നെ അദ്ദേഹം മൂന്നു പേജുവരുന്ന മറുപടിയും എഴുതിയിരുന്നു. തൊട്ടടുത്ത ആഴ്ചകളില്‍ "റൂമി പറഞ്ഞ കഥ'യും, 'യാത്ര'യും, 'ഭാരതീയ മനശ്ശാസ്ത്രത്തിനൊരാമുഖ'വും തപാലില്‍ പ്രീപെയ്‌ഡായിതന്നെ ഒന്നിനുപിറകെ ഒന്നായി ഫേണ്‍ഹില്ലില്‍നിന്നും വരുകയുമുണ്ടായി. അഞ്ചാറുമാസങ്ങള്‍ക്കുശേഷമാണ്‌ ആ കടം വീട്ടാന്‍ എനിക്ക്‌ കഴിഞ്ഞത്‌.

ഗുരുക്കന്മാരെയും ആനന്ദന്‍മാരെയുംകുറിച്ചൊക്കെ കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും ഇത്തരം ഗുരുലഘുത്വങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വിടാതെ പിന്തുടരുകയും ചെയ്യാറുണ്ട്‌. നിത്യവും.

9 comments:

Rajeeve Chelanat said...

പൂര്‍വ്വാശ്രമത്തിന്റെ അവസാനം

Pramod.KM said...

ഓര്‍മ്മകളിലൂടെ ഗുരുലഘുത്വങ്ങളുടെ അന്തരങ്ങള്‍ പങ്കുവെച്ചതിന് നന്ദി.

Unknown said...

അവസാനഭാഗവും വായിച്ചു , അഭിവാദ്യങ്ങള്‍ !

സൂര്യോദയം said...

ആ അനുഭവങ്ങള്‍ക്കും ഈ നല്ല എഴുത്തിനും മുന്നില്‍ നമിക്കുന്നു :-)

Rajeeve Chelanat said...

പ്രമോദ്,കെ.പി.എസ്, സൂര്യോദയം, നന്ദി.

കെ.പി.എസ്

മദ്ധ്യവയസ്സു കഴിഞ്ഞിട്ടും യുക്തിയിലും അതിന്റെ പ്രത്യയശാസ്ത്രപരമായ ശരിയിലും തന്റേEടത്തോടെ ഉറച്ചുനില്‍ക്കുന്ന താങ്കളെയും ജബ്ബാറിനെപ്പോലെയുള്ളവരെയും കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ചില്ലറയല്ല(കഴിഞ്ഞ ലക്കത്തില്‍ താങ്കളെഴുതിയ കമന്റിനെക്കുറിച്ച്).

ആജ്ഞേയതയിലേക്കോ ആദ്ധ്യാത്മികതയിലേക്കോ മുതലക്കൂപ്പു നടത്തുന്നവരാണ് ചുറ്റുവട്ടത്തില്‍ അധികവും.

അഭിവാദ്യങ്ങളോടെ

Anonymous said...

ആറ്റിങ്കരയിലും നായ നക്കിയേ കുടിക്കൂ എന്നു കേട്ടിട്ടുണ്ടോ? പ്രേമാനന്ദന്‍ എന്ന അമ്മാമനെക്കുറിച്ച് എഴു

Anonymous said...

രാജീവ്,
നേരത്തെ എഴു

nandakumar said...

രാജീവ് ഇപ്പോഴാണ് വായിക്കാന്‍ സാധിച്ചത്. നന്നായിരിക്കുന്നു അനുഭവക്കുറിപ്പ്.ഉടഞ്ഞ വിഗ്രഹത്തെക്കുറിച്ച് (ചിന്മയ) പറഞ്ഞത് അത്ഭുതമുളവാക്കി! നന്നായിരിക്കുന്നു. നല്ല സമയത്തു തന്നെ ഈ അനുഭവക്കുറിപ്പ്.

Harold said...

ആദ്യഭാഗത്തിന്റെ ലിങ്ക് കൂടി ഇതില്‍ തന്നെ കൊടുക്കാമായിരുന്നു