Sunday, July 13, 2008

നമുക്കിടയിലെ പടുപാട്ടുകള്‍

പാഠപുസ്തകങ്ങളും ആണവകരാറുമൊക്കെ ഇനി വരുന്ന നമ്മുടെ നാളുകള്‍ നീറിപ്പുകക്കുമെന്ന് തീര്‍ച്ചയാണ്‌. എങ്കിലും, ഈ കുറിപ്പ്‌ അതിനെക്കുറിച്ചൊന്നുമല്ല. കണ്ണും കാതും യാദൃശ്ചികമായി ഇന്നലെ മറ്റൊരു ചെറിയ ദൃശ്യത്തില്‍ പതിഞ്ഞു.അതിനെക്കുറിച്ചാണ്‌ ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്‌.

'എല്ലാരും പാടണ്‌' എന്ന റിയാലിറ്റി ഷോ. കൈരളിയിലോ മറ്റോ.

ഇന്നലെ അബദ്ധവശാല്‍ കാണാനിടയായി. ഇത്തരം റിയാലിറ്റി ഷോകളിലെ ചില വിധികര്‍ത്താക്കളുടെ മൂരിശൃംഗാരത്തെക്കുറിച്ചും, അസാമാന്യവളിപ്പുകളെക്കുറിച്ചുമൊക്കെ മറ്റുള്ളവര്‍ പറഞ്ഞത്‌ കേള്‍ക്കാനും ഇടക്ക്‌ നേരിട്ട്‌ കാണാനുമുള്ള ദുര്‍വ്വിധി ഉണ്ടായിട്ടുമുണ്ട്‌. പക്ഷേ ഇന്നലത്തെ ദൃശ്യം ഭയങ്കരമായിരുന്നു.അമ്പതിനോടടുത്ത ഒരു പാവം വീട്ടമ്മ ഒരു പാട്ടുപാടി. അവരെക്കൊണ്ടാവും വിധം. അതാ വരുന്നു ആ പതിവ്‌ അശ്ലീല ഭാവഹാദികളുമായി, വീട്ടമ്മയുടെ ശബ്ദം വികൃതമായി അനുകരിച്ച്‌, സ്വയം ആസ്വദിച്ച്‌, ശരത്‌ എന്ന നല്ല സംഗീതസംവിധായകന്റെ മനംപിരട്ടുന്ന കമന്റുകള്‍.

'പ്രിയതമാ..' എന്ന സുശീലാമ്മയുടെ പഴയ പാട്ടായിരുന്നു അവര്‍ പാടിയത്‌. അവരുടെ 'ഫാള്‍സ്‌' ശബ്ദത്തിനെയാണ്‌ നമ്മുടെ മഹാനായ സംഗീതസംവിധായകന്‍ നിര്‍ത്തി പൊരിച്ചത്‌. പാട്ടിന്റെ ചരണങ്ങളിലെ 'നാഥാ' എന്ന വിളി കേട്ടാല്‍ 'വല്ല്യമ്മ'യുടെ ഭര്‍ത്താവ്‌ ഓടിപ്പോകുമെന്നും, ഈ വിധത്തിലുള്ള കള്ളശബ്ദത്തില്‍ പാടിയിരുന്ന ഒരു പാട്ടുകാരി നമുക്കുണ്ടായിരുന്നുവെന്നുമൊക്കെ വെച്ചു കാച്ചി ഈ മഹാന്‍. കൂട്ടത്തില്‍, ആ സ്ത്രീയുടെ മകനോട്‌ ഒരു ഉപദേശവും, 'അമ്മയെ കാര്യങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കണ'മെന്ന്.

ആ സാധു സ്ത്രീ പതിവായി ഗാനമേളകളിലൊന്നും പങ്കെടുക്കുന്ന ആളായിരിക്കില്ലെന്നും, ഇത്തരമൊരു അവസരം വന്നപ്പോള്‍ ഒരുപക്ഷേ ഒരു തയ്യാറെടുപ്പുപോലുമില്ലാതെ പാട്ടിലുള്ള താത്‌പര്യം ഒന്നുകൊണ്ടു മാത്രം, മറ്റൊരു മത്സരാര്‍ത്ഥിയായ തന്റെ മകന്റെ കൂടെ ഇതില്‍ പങ്കെടുത്തതായിരിക്കുമെന്നും ഊഹിക്കാനുള്ള സാമാന്യവിവരം പോലുമില്ലാത്ത ഇത്തരം പരിഷകളെ എന്തിനാണ്‌ ഇത്തരം വിധികര്‍ത്താക്കളായി ഇങ്ങനെ എഴുന്നള്ളിക്കുന്നത്‌.

ഈ മാന്യ ദുര്‍മ്മേദസ്സിന്‌ നന്നായി അറിയാവുന്ന മറ്റൊരു പണിയുണ്ടല്ലോ. നല്ലൊരു സംഗീതസംവിധായകനാണ്‌ ടിയാന്‍. ഇതെഴുതുന്നയാള്‍ക്ക്‌ അതില്‍ ഒരു സംശയവുമില്ല. മാത്രവുമല്ല, ഇത്തരം ആഭാസന്മാരായ വിധികര്‍ത്താക്കളെ ചെല്ലും ചിലവും കൊടുത്ത്‌ ക്ഷണിച്ചുവരുത്തുന്ന ചാനലുകാരെയാണ്‌ യഥാര്‍ത്ഥത്തില്‍ ആദ്യം പൂശേണ്ടത്‌ എന്നും ബോദ്ധ്യമുണ്ട്‌. പക്ഷേ ക്ഷണിച്ചു എന്ന ഒരൊറ്റ കുറ്റം കൊണ്ട്‌, ഒരു പ്രമുഖ ചാനലില്‍ വന്ന് എന്തു തോന്ന്യാസവും പറയാം എന്നു കരുതിയ, അഹങ്കാരത്തിന്‌ അവയവം വെച്ച ഇത്തരം ചവറുകളെ സഹിക്കേണ്ടിവരുന്ന നമ്മുടെയൊക്കെ ഒരു യോഗം. അതിനെയാണ്‌ ഞാന്‍ കുറ്റം പറയുക.

കൈരളിയില്‍ തന്നെ 'ഗന്ധര്‍വ്വസംഗീതം' എന്ന മറ്റൊരു റിയാലിറ്റി ഷോ നടക്കുന്നുണ്ട്‌. ജോണ്‍സണ്‍ എന്ന അതുല്യനായ മറ്റൊരു സംഗീതസംവിധായകനാണ്‌ അവിടെ വിധികര്‍ത്താക്കളില്‍ ഒരാള്‍. ജോണ്‍സണ്‍ കുട്ടികളെ വിലയിരുത്തുന്നതും, അവരുടെ തെറ്റുകുറ്റങ്ങളും വീഴ്ചകളും ചൂണ്ടിക്കാട്ടിക്കൊടുക്കുന്നതും കണ്ടിട്ടുണ്ടോ, ശരത്‌ എന്ന ഈ കോമാളി?

അതങ്ങിനെയാണ്‌. ചിലരില്‍ നല്ല സംഗീതവും നല്ല സംസ്കാരവും സമഞ്ജസമായി സമ്മേളിക്കും. താന്‍ അതിനൊരു അപവാദമാണെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌ ശരത്തിനെയും എം.ജയചന്ദ്രനെപ്പോലെയുമുള്ള പ്രതിഭാധനരെങ്കിലും അഹങ്കാരികളായ ചപ്പിലപ്പൂതങ്ങള്‍. ഈനാംപേച്ചിക്കെന്ന പോലെ, ചിലപ്പോള്‍ കൂട്ടിന്‌ നമ്മുടെ ശ്രീക്കുട്ടനും.

ദക്ഷിണാമൂര്‍ത്തിസ്വാമിയുടെയോ, ബാബുക്കയുടെയോ ദേവരാജന്‍ മാഷിന്റെയോ, രാഘവന്‍മാഷിന്റെയോ, രവീന്ദ്രന്‍ മാഷിന്റെയോ, ജോണ്‍സണ്‍ മാസ്റ്ററുടെയോ പകുതിയെങ്കിലും പ്രതിഭ ഇവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ കഥ?

18 comments:

Rajeeve Chelanat said...

നമുക്കിടയിലെ പടുപാട്ടുകള്‍

നജൂസ്‌ said...

ജയചന്ത്രനെ ഈ കൂട്ടാത്തില്‍ പെടുത്തണോ രാജീവ്‌. അയാളെ കണ്ടോടുത്തോളം കുഴല്ലാന്നാ തോന്നിയിട്ടുള്ളത്‌.

പോരാളി said...

പണവും പ്രശസ്തിയും വരുമ്പോള്‍ അഹങ്കാരം താനേ വരുമെന്നതെത്രയോ ശരി.

ജിജ സുബ്രഹ്മണ്യൻ said...

ശരത്തിനെ കുറിച്ച് മുന്‍പും പരാതി ഉണ്ടായിരൂന്നതാണ്.അയാളുടെ ചില കമന്റുകള്‍ കേട്ടാല്‍ മനുഷ്യന്റെ തൊലി ഉരിയും.വൃത്തി കെട്ട മനുഷ്യന്‍ !! അയാളെ ഒക്കെ ജഡ്ജ് ആക്കി എഴുന്നള്ളിക്കുന്നവരേ വേണം പറയാന്‍..അവസരോചിതമായ പോസ്റ്റ്..

ബഷീർ said...

കല്‍കത്തയിലെ ഒരു ചാനല്‍ നടത്തിയ റിയാലിറ്റി ഷോയില്‍ ഒരു പെണ്‍ കുട്ടി അപമാനിതയായി കോമയിലായ വാര്‍ത്ത കണ്ടിരുന്നു. എന്റെ മകളൊന്നു മിണ്ടിയിരുന്നെങ്കില്‍ എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്‌..

ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കാന്‍ ആളുണ്ടാല്ലോ എന്നതാണു അത്ഭുതമുളവാക്കുന്നത്‌

Aneesh Dhananjayan said...

ശരത്തിന്റെ റിയാലിറ്റി ഷോയിലെ പ്രകടനത്തില്‍ കുറച്ചു തകരാരുണ്ടെങ്കിലും സംഗീത പ്രതിഭക്കു കുറവൊന്നുമില്ല ....

ജയചന്ദ്രനും കുറച്ചു അഹങ്കാരം കൂടുതല്‍ ഉണ്ടെന്നേ ഉള്ളൂ

പാമരന്‍ said...

പറയേണ്ടതു തന്നെ.

നരൻ said...

സത്യത്തില് ഞാന് പി.ജയചദ്രനെ ആരൊ കുറ്റം പറയുന്നു എന്നാ കരുതിയെ..പക്ഷെ വായിചപ്പോൽ കാര്യം മനസ്സിലായി..താങ്കള് പറങ്ങതിനോട് യോജിക്കുന്നു

മലമൂട്ടില്‍ മത്തായി said...

ഇതുമാതിരി ഒരു പരിപാടിയും കാണാറില്ല. ഇത് വായിച്ചതിനു ശേഷം, ഇനി കാണുന്നുമില്ല.

സുപ്രിയ said...

ശരത് മുമ്പും ഇങ്ങനെ മര്യാദയില്ലാതെ പെരുമാറുന്നതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അദ്ദേഹം നല്ല സംഗീതസംവിധായകനായിരിക്കാം. നല്ല വിധികര്‍ത്താവല്ല. ഇത്തരം ആളുകളെ വിളിച്ചുവരുത്തുന്ന ചാനലുകളെ പറഞ്ഞാല്‍ മതി.

ഓമനക്കുട്ടിയുടെയും, എം.ജി രാധാകൃഷ്ണന്റെയും പേരുകളയാന്‍ ഉണ്ടല്ലോ ഒരനിയന്‍ ശ്രീകുമാറും.


കഷ്ടം.

മത്തായി പറഞ്ഞപോലെ ഞാനും ഇത്തരം പരിപാടികള്‍ ഇപ്പോ കാണാറില്ല. വേറെ എന്തെല്ലാം പണി കിടക്കുന്നു.

കുഞ്ഞന്‍ said...

രാജീവ് മാഷെ..

ഇതേ വിഷയം 2 മാസം മുമ്പ് ബൂലോകത്ത് സജീവമായി വന്നതാ. എന്നിട്ട് ബൂലോകരെല്ലാം മാസ് പെറ്റീഷന്‍ കൈരളീയിലേക്ക് അയച്ചിരിന്നു. ( നന്ദു എന്ന ബ്ലോഗറാണ് അതിനു മുന്‍‌കൈ എടുത്തെതെന്നു തോന്നുന്നു )പ്രതികരണമായി ഇനിയുള്ള എപ്പിസോഡുകളില്‍ ശരത്തിനെക്കൊണ്ട് മാന്യമായി കമന്റിക്കാമെന്നുള്ള ഉറപ്പ് കൈരളിയിലെ ഏതൊ ഉദ്യോഗസ്ഥന്‍ നമ്മുടെ ഒരു പ്രമുഖ ബ്ലോഗറോട് നേരിട്ടു പറഞ്ഞുപോലും.

സത്യം പറഞ്ഞാല്‍ ആ പരിപാടി കണ്ടാല്‍ ആ ശരത്തിനെ രണ്ടു പൊട്ടിക്കാന്‍ എത്ര ശാന്തശീലനായ ആളും തയ്യാറാവും.. ബൂലോകത്തിലാണെങ്കില്‍ ശ്രീയെന്ന ബ്ലോഗര്‍ വളരെ മയത്തിലാണെല്ലാവരോടും പ്രതികരിക്കുന്നത് അദ്ദേഹം പോലും ഈ ശരത്തിനെ കൈ വച്ചു പോകും..അത്രക്കു വഷളത്തരമാണ് ശരത്തിന്റെ വായില്‍നിന്നും ബഹിര്‍ഗമിക്കുന്നത്( ശ്രീ എന്നോട് ക്ഷമീര്..ഇതില്‍ക്കൂടുതല്‍ ഉപമ എന്നേക്കൊണ്ടു വയ്യ )

ലൈഗീക മസാല പുരട്ടി ആളെ തേജോവധം ചെയ്യുന്ന ആ ശരത്തിനെ ഇനിയെങ്കിലും ആ തല്‍‌സ്ഥാനത്തു നീക്കാന്‍ കൈരളി അധികൃതര്‍ തയ്യാറാകട്ടെ..!

കുഞ്ഞന്‍ said...

ഇതാണ് ആ ലിങ്ക്.. പരാതി..

http://www.gopetition.com/online/19681.html

പ്രിയ said...

ശരത്തിനെ തല്ലിട്ടു കാര്യോന്നുണ്ടാവില്ല. (ഞാന്‍ നന്നാവില്ല ടൈപ്പ് ആവും ) അതോണ്ട് കൈരളി ടീവിക്കൊട്ടും ആ പ്രോഗ്രാമ്മിന്റെ സംവിധായകനൊട്ടും ഓരോ പൊട്ടിക്കല്‍ കൊടുത്തുനോക്ക്. ചെലപ്പോ നന്നായേക്കും

(പ്രോഗ്രാം കാണാറില്ല. ഐഡിയ സ്റ്റാര്‍ സിംഗര് കണ്ടു പേടിച്ചതാ. ആസ്വദിച്ചു കേട്ട പാട്ടിനെ, പാടിയ കുട്ടികളെ, അവര് അവരുടെതായ വഴിക്ക് കീറിമുറിക്കണ കണ്ടാ ഡിപ്രഷന് വരും )

Rajeeve Chelanat said...

കുഞ്ഞന്‍,

നന്ദുവിന്റെ പോസ്റ്റ് കണ്ടിരുന്നില്ല. പെറ്റീഷന്റെ ലിങ്കില്‍ പോയി വായിച്ചു. പേരു ചേര്‍ക്കുകയും ചെയ്തു. ഏതായാലും പ്രതികരിക്കാന്‍ ആളുണ്ടായല്ലോ. അതു മതി. പെറ്റീഷനില്‍ കൊടുത്തിരിക്കുന്ന (ശരത്തിന്റെ കമന്റുകള്‍)വായിച്ചാല്‍ തൊലിയുരിയും.എന്നിട്ടും ആരും ഈ വഷളനോട് പ്രതികരിച്ചില്ല എന്നത് വിശ്വസിക്കാനാവുന്നില്ല.

നജൂസ് - ജയചന്ദ്രന്‍ ഇത്തരത്തിലുള്ള കമന്റുകളൊന്നും പറയുമെന്ന് തോന്നുന്നില്ല. എങ്കിലും, അഹങ്കാരത്തിന് ഒരു ക്ഷാമവുമില്ല എന്ന് അടുത്തറിയുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനെയാണ് സൂചിപ്പിച്ചത്.

അനീഷ് - ശരത്തും ജയചന്ദ്രനും കഴിവുള്ള സംഗീതസംവിധായകര്‍ തന്നെയാണ്. അത് ഞാന്‍ വിട്ടുകളഞ്ഞിട്ടുമില്ല.

എല്ലാ വായനകള്‍ക്കും നന്ദി.

അഭിവാദ്യങ്ങളോടെ

മാരീചന്‍ said...

പണ്ടാരോ പറഞ്ഞ ഒരുദാഹരണം ഒന്നുകൂടി ആവര്‍ത്തിക്കാം... ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ ചില ഉല്‍പന്നങ്ങളില്‍ വേണ്ടത്ര ഗുണനിലവാരമില്ലാത്ത ഒന്നോ രണ്ടോ കണ്ടേയ്ക്കാം... ഓട്ടയോ കിഴുത്തയോ ഒക്കെയുളള അങ്ങനെയൊന്ന് ഉപയോഗിക്കുമ്പോള്‍ ദമ്പതികള്‍ കരുതുക, തങ്ങള്‍ സുരക്ഷിതരാണെന്നായിരിക്കും... കമ്പനി പറ്റിക്കും... വേണ്ടാന്നു കരുതി ചെയ്ത ക്രിയയും ചിലപ്പോള്‍ ഒരു പുതിയ ജനനത്തിന് കാരണമാവും..... വേണ്ടാന്നു കരുതിയിട്ടും ഉണ്ടായിപ്പോകുന്നവന്മാര്‍ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ശരത്..

സ്വന്തം മക്കളെ, പെങ്ങന്മാരെ, ഭാര്യയെ, അമ്മയെ ഒക്കെ ഇങ്ങനെ അപമാനിക്കുന്ന ഒരു മനോരോഗിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് കരണക്കുറ്റി തല്ലിപ്പൊളിക്കാന്‍ ആണുങ്ങളായി പിറന്ന ആരുമില്ല കേരളത്തില്‍... ഇളിഭ്യച്ചിരിയുമായി ഉളുപ്പില്ലാതെ പുരീഷഭാഷണം നടത്തുന്ന ഈ ചെറ്റയുടെ സംഗതി ചവിട്ടിയുടയ്ക്കാന്‍ ഉണ്ണിയാര്‍ച്ചകളുമില്ല.

അല്ലെങ്കിലും മാനാഭിമാനമുളളവര്‍ ഇവന്റെയൊക്കെ മുന്നില്‍ പാടാനും ആടാനും പോകുമോ... അനുഭവിക്കട്ടെ... അല്ലാതെന്തു പറയാന്‍.........

തറവാടി said...

രാജീവ് ,

സെയിം പിച്ച് :)
ഇത്ര വളിപ്പനെ കണ്ടിട്ടില്ല.

ഒരു കമ്പാരിസണായിട്ട് പറയുകയല്ല , അമൃത ടിവിയിലെ ആദ്യത്തെ റിയാലിറ്റി ഷോ ഉണ്ടായിരുന്നല്ലോ സൂപ്പര്‍ സ്റ്റാര്‍ , ആദ്യ എപ്പിസോഡ് , അതെത്രയോ ഭേതമായിരുന്നു , പിന്നീടതിനും ഈ അസുഖം ബാധിച്ചു.

പ്രസക്തി said...

Dear Rajeev
Thanks
pls find following blog
about Sharth


http://vasthavamdaily.blogspot.com/2008/05/blog-post_1390.html

Unknown said...

ദക്ഷിണാമൂര്‍ത്തിസ്വാമിയുടെയോ, ബാബുക്കയുടെയോ ദേവരാജന്‍ മാഷിന്റെയോ, രാഘവന്‍മാഷിന്റെയോ, രവീന്ദ്രന്‍ മാഷിന്റെയോ, ജോണ്‍സണ്‍ മാസ്റ്ററുടെയോ പകുതിയെങ്കിലും പ്രതിഭ ഇവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ കഥ?
ഈ അടുത്തകാലത്ത് മാതൃഭൂമി വീക്കലിയില്‍ ശ്രി.
ജാസി ഗിഫറ്റ് മായിട്ടുള്ള ഒരഭിമുഖം വായിക്കാന്‍ ഇടയായി അതില്‍ ജാസി പറയുന്നു.എന്താണ് ഈ അനശ്വരഗാനം?അങ്ങനെ ഒന്നുണ്ടൊ അതൊക്കെ നമ്മള്‍ തന്നെ ഉണ്ടാക്കുന്നതല്ലെ?എന്റെ അഭിപ്രായത്തില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അംഗികരിച്ച ഗാനമാണ് ലജ്ജാവതിയെ എന്നുള്ളത്.ജാസി പഴയകാല ഗായകരെ എല്ലാം അടിച്ചാക്ഷേപിക്കുന്ന ഒരു പ്രസ്താവനയാണ് ഇറക്കിയത്.
ഈ ശരതും ഏതാണ്ട് വല്ല്യ കൊമ്പത്തെ ആളാണെന്നാ മൂപ്പരുടെ ചിന്താഗതി.ശരിക്കും പറഞ്ഞാല്‍ ഇയ്യാളൊക്കെയാണ് നല്ല സംഗീതത്തെ നശിപ്പിക്കുന്നത്.
സസേനഹം
പിള്ളേച്ചന്‍