Wednesday, July 23, 2008

ഒരേ തൂവല്‍ (ഇരട്ട)പ്പക്ഷികള്‍

ആനന്ദ്‌ പട്‌വര്‍ദ്ധന്റെ 'പിതാവും, പുത്രനും, പരിശുദ്ധയുദ്ധവും' എന്ന ഡോക്യുമെന്ററി പണ്ടു കണ്ടതാണ്‌. ഇന്നലെ ഒരിക്കല്‍ കൂടി കണ്ടപ്പോള്‍, അതിലെ ഒരു ഭാഗം പ്രത്യേകം ശ്രദ്ധയില്‍പ്പെട്ടു.ആ ഭാഗം, ചിത്രത്തിലെ അതേ സീക്വന്‍സില്‍ ഇവിടെ എടുത്തെഴുതുന്നു.

സീന്‍-1

രാത്രി. ശിവസേനയുടെ സമ്മേളനം.

സീന്‍ -2

ശംഭു മഹാരാജ്‌ എന്ന സന്ന്യാസിവര്യന്‍ പ്രസംഗിക്കുന്നു. സീനില്‍ രാത്രിയുടെ ആകാശം പശ്ചാത്തലമായി, ശുംഭന്റെ മുഖം.

"എപ്പോഴൊക്കെ ഉത്തമന്മാരായ രാജാക്കന്മാര്‍ ഈ രാജ്യം ഭരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ സന്ന്യാസിമാര്‍ മതപരമായ കാര്യങ്ങളില്‍ ഒതുങ്ങിക്കൂടി കഴിഞ്ഞിരുന്നു. പക്ഷേ ഭരണകര്‍ത്താക്കള്‍ ആ കര്‍ത്തവ്യത്തില്‍ പരാജയപ്പെടുന്നുവെന്ന് തോന്നുന്ന നിമിഷം, ജനങ്ങളെ ഉണര്‍ത്താന്‍ സാധുക്കള്‍ മുന്നോട്ട്‌ വന്നിട്ടുമുണ്ട്‌".

പശ്ചാത്തലത്തില്‍ ഉശിരന്‍ കയ്യടി. താടി ചെറുതായി ചൊറിഞ്ഞുകൊണ്ട്‌, കയ്യടിയിലെ ആവേശത്തെ നന്നായി ആസ്വദിക്കുന്ന ശംഭുവിന്റെ പുഞ്ചിരിക്കുന്ന മുഖത്തിന്റെ അരികില്‍നിന്നുള്ള ദൃശ്യം. വീണ്ടും ജല്‍പനം."ഹിന്ദുക്കളേ, ചിന്തിക്കൂ""ഇവര്‍ സന്താന നിയന്ത്രണം പാലിക്കുന്നില്ല. കഴിഞ്ഞ മുപ്പതു വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌, അവരുടെ സംഖ്യ വര്‍ദ്ധിക്കുന്നു എന്നാണ്‌. നമ്മളുടേത്‌ ചുരുങ്ങുകയും ചെയ്യുന്നു".

സീന്‍ -3

ചിന്താക്കുഴപ്പത്തിലാണ്ട രണ്ടു പുരുഷന്മാരുടെ മുഖത്തേക്ക്‌ ക്യാമറ പതുക്കെ നീങ്ങുന്നു. പശ്ചാത്തലത്തില്‍ ശംഭുവിന്റെ ശബ്ദം.

" കുറച്ചു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍, അവര്‍ ഭൂരിപക്ഷമാകും. ഞാന്‍ നിങ്ങളെ ആശീര്‍വ്വദിക്കുന്നു. നിങ്ങളോരോരുത്തര്‍ക്കും എട്ട്‌ പുത്രന്മാരുണ്ടാവട്ടെ"

സീന്‍ -4

സദസ്സിലെ സ്ത്രീകളുടെ ദൃശ്യം. മഹാശുംഭന്റെ ശബ്ദം പശ്ചാത്തലത്തില്‍."ആ ആണ്മക്കള്‍ക്ക്‌ ഓരോരുത്തര്‍ക്കും എട്ട്‌ ആണ്മക്കള്‍ വീതം ഉണ്ടാകട്ടെ എന്നും ഞാന്‍ ആശീര്‍വ്വദിക്കുന്നു".

സീന്‍ - 5

സന്ന്യാസിവര്യന്റെ നേര്‍ക്ക്‌ ക്യാമറ നീളുന്നു. അദ്ദേഹം തുടരുന്നു."അങ്ങിനെ നമുക്ക്‌ ഈ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കാം. നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരും"

സീന്‍ - 6

സ്ക്രീനില്‍ വീണ്ടും സ്ത്രീകളുടെ മുഖങ്ങള്‍, ആകാംക്ഷയോടെ.

സീന്‍ - 7

മഹാരാജന്റെ മുഖം, അരികില്‍നിന്നുള്ള ഷോട്ട്‌.

"ഹിന്ദുക്കള്‍ ആരും സന്താന നിയന്ത്രണം നടത്തരുത്‌. ഇതെന്റെ അപേക്ഷയാണ്‌".

സീന്‍ -8

സ്ത്രീകള്‍ തമ്മില്‍തമ്മില്‍ അടക്കം പറഞ്ഞ്‌ ചിരിക്കുന്നു. സ്തബ്ധവും, നിസ്സഹായവും, അല്‍പ്പം നാണം പുരണ്ടുതുമായ സ്ത്രീ-മുഖങ്ങളുടെ ദൃശ്യം.

************************************************

ഉറങ്ങാന്‍ കിടന്നു.

മറ്റൊരിടത്ത്‌, ഇതുപോലെ മറ്റു ചില ശുംഭന്മാര്‍ വേറെയേതോ അള്‍ത്താരകളില്‍ നിന്ന് ഇതേ ജല്‍പ്പനങ്ങള്‍ ഉരുവിടുന്നുണ്ടായിരിക്കും. ഇത്തരം അസന്മാര്‍ഗ്ഗികളുടെ കവലപ്രസംഗങ്ങള്‍ കേട്ട്‌, കേവല മന്ദബുദ്ധികളായ ചില പുരുഷന്മാര്‍ സ്ത്രീകളുടെ നേരെ സമുദായോദ്ധാരണ പരാക്രമങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടാകും. ഒരു ജന്മത്തില്‍ തന്നെ എന്തൊക്കെ ദുര്‍വ്വിധി അനുഭവിച്ചുതീരണമെന്ന നിസ്സഹായതയോടെ, ഈ മഹാരാജുകളെയും വ്യാജ ഇടയന്മാരെയും മനസ്സില്‍ നൂ‍റാവര്‍ത്തി പ്‌രാകി നിരവധി സ്ത്രീജന്മങ്ങളും കഴിയുന്നുണ്ടാകും.

രാത്രി വൈകി എപ്പോഴോ ഉറങ്ങി.

അതെ, ഉറക്കം സുഖമാണ്‌. ഈയിടെയായി നല്ല ഉറക്കവും കിട്ടുന്നുണ്ട്.

20 comments:

Rajeeve Chelanat said...

ഒരേ തൂവല്‍ (ഇരട്ട)പ്പക്ഷികള്‍

Bindhu Unny said...

"ആ ആണ്മക്കള്‍ക്ക്‌ ഓരോരുത്തര്‍ക്കും എട്ട്‌ ആണ്മക്കള്‍ വീതം ഉണ്ടാകട്ടെ എന്നും ഞാന്‍ ആശീര്‍വ്വദിക്കുന്നു".
"ഹിന്ദുക്കള്‍ ആരും സന്താന നിയന്ത്രണം നടത്തരുത്‌. ഇതെന്റെ അപേക്ഷയാണ്‌".
'മറ്റൊരിടത്ത്‌, ഇതുപോലെ മറ്റു ചില ശുംഭന്മാര്‍ വേറെയേതോ അള്‍ത്താരകളില്‍ നിന്ന് ഇതേ ജല്‍പ്പനങ്ങള്‍ ഉരുവിടുന്നുണ്ടായിരിക്കും. ഇത്തരം അസന്മാര്‍ഗ്ഗികളുടെ കവലപ്രസംഗങ്ങള്‍ കേട്ട്‌, കേവല മന്ദബുദ്ധികളായ ചില പുരുഷന്മാര്‍ സ്ത്രീകളുടെ നേരെ സമുദായോദ്ധാരണ പരാക്രമങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടാകും.'
ഈ ഡോക്യുമെന്ററി കണ്ടിടില്ല. കാലികപ്രാധാന്യമുള്ള വിഷയം. പോസ്റ്റിയതിന് നന്ദി.

Bindhu Unny said...
This comment has been removed by the author.
ഭൂമിപുത്രി said...

ഈ രംഗമിവിടെയവതരിപ്പിച്ചതിനു വളരെ നന്ദി രാജീവ്. ഡോക്യുമെന്ററി നെറ്റിലുണ്ടോ?

Rajeeve Chelanat said...

ഭൂമിപുത്രീ

നെറ്റില്‍ ഉണ്ടോ എന്നറിയില്ല. ആനന്ദിന്റെ ‘In Memory of Friends' എന്ന ഡോക്യുമെന്ററി യൂ-ട്യൂബിലുണ്ട്. ലിങ്ക് എവീടെയെന്നറിയില്ല. അന്വേഷിക്കാം. ഭഗത് സിംഗില്‍നിന്ന് പഞ്ചാബിലേക്കും, സാമൂഹ്യവിപ്ലവത്തെ തന്നിഷ്ടം പോലെ വ്യാഖ്യാനിക്കുന്നവരിലേക്കും നീളുന്ന ഒരു ചൂണ്ടുവിരല്‍.

ഓരോ പോസ്റ്റും എഴുതിക്കഴിയുമ്പോള്‍ തോന്നും, വൈരാഗ്യവും വെറുപ്പും ക്ഷണിച്ചുവരുത്തിയെന്ന്.
അടുത്ത തവണയെങ്കിലും, എല്ലാവരെയുമല്ലെങ്കില്‍തന്നെ, ആരെയെങ്കിലുമൊക്കെ സുഖിപ്പിച്ചുകൊണ്ട് എന്തെങ്കിലുമൊക്കെ എഴുതണമെന്ന്.

സാധിക്കുന്നില്ല. ഇങനെയൊക്കെയായിപ്പോയി. നന്നാവാനുള്ള പ്രായവും കടന്നു.

വായനകള്‍ക്ക് നന്ദി.

തോന്ന്യാസി said...

ഇനി വെള്ളിയാഴ്ച കുത്തുബയില്‍ സന്താനോല്പാദനം ഇരട്ടിയാക്കാനുള്ള നിര്‍ദ്ദേശം കൂടെ വന്നാല്‍ മുഴുവനായി........അവരായിട്ടെന്തിനാ കുറയ്ക്കുന്നത്?

ഓ.ടോ. രാജീവേട്ടന്‍ നന്നാവാതിരിയ്ക്കുന്നതാ നല്ലത്... :)

അനില്‍ശ്രീ... said...

രാജീവ്.

ഇത് തന്നെയാണ് വികസനം വികസനം എന്ന് പറയുന്നത്.

ഒരേ ഒരു സംശയം ...എല്ലാവര്‍ക്കും എട്ടും ആണ്മക്കള്‍ ആയാല്‍ പിന്നെ അവര്‍ ആരെ കെട്ടും? അയപക്കക്കാരന് എട്ടും പെണ്മ്ക്കള്‍ ആകട്ടെ എന്നു കൂടി അനുഗ്രഹിച്ചാലേ സംഗതി നടക്കൂ..

പാമരന്‍ said...

നമുക്ക്‌ എല്ലാത്തിനേയും ഉറങ്ങിത്തന്നെ തോല്‍പ്പിക്കാം.

ഗൗരിനാഥന്‍ said...

ഓരോ പോസ്റ്റും എഴുതിക്കഴിയുമ്പോള്‍ തോന്നും, വൈരാഗ്യവും വെറുപ്പും ക്ഷണിച്ചുവരുത്തിയെന്ന്.
അടുത്ത തവണയെങ്കിലും, എല്ലാവരെയുമല്ലെങ്കില്‍തന്നെ, ആരെയെങ്കിലുമൊക്കെ സുഖിപ്പിച്ചുകൊണ്ട് എന്തെങ്കിലുമൊക്കെ എഴുതണമെന്ന്.

സാധിക്കുന്നില്ല. ഇങനെയൊക്കെയായിപ്പോയി. നന്നാവാനുള്ള പ്രായവും കടന്നു

ദയവ് ചെയ്ത് ഇങ്ങനെ പറയരുത്..എഴുതുമ്പോള്‍ രാജീവിനു ലഭിക്കുന്ന ആ‍ത്മസംത്രുപ്തി ആരെങ്കിലും തരുമൊ?? തുടരു..ഞങ്ങളെ പൊലെ കുറച്ചാളുകള്‍ ഇതു കൊണ്ട് മാത്ര മാണ് ഈ ബ്ലോഗില്‍എത്തുന്നതു...

ശ്രീ said...

കഷ്ടം തന്നെ...

ഈ വിഷയം ഇവിടെ അവതരിപ്പിച്ചതിനു നന്ദി മാഷേ...

എ.ജെ. said...
This comment has been removed by the author.
എ.ജെ. said...

ഓരോ പോസ്റ്റും എഴുതിക്കഴിയുമ്പോള്‍ തോന്നും, വൈരാഗ്യവും വെറുപ്പും ക്ഷണിച്ചുവരുത്തിയെന്ന്.


ആരുടെ വെറുപ്പും വൈരാഗ്യവും ?
ഈ പോസ്റ്റുകള്‍ വായിച്ചിട്ട് ആരേലും രാജീവിനെ വെറുക്കുന്നേല് അവരാണു ശരിക്കും വെറുക്കപ്പെടേണ്ടവര്‍...

ഞങ്ങള്‍ ദേശീയ ബോധം ഉള്ള ഒരു പറ്റം മനുഷ്യര്‍ ഉണ്ട് രാജീവിന്റെ കൂടെ....
തുടര്‍ന്നും എഴുതൂ..

മൂര്‍ത്തി said...

ഒരു പ്രശ്നവുമില്ല രാജീവ്..തുടരുക..എല്ലാം വായിക്കുന്ന നിരവധി ആളുകള്‍ ഉണ്ട്..മനസ്സിലാക്കുന്നവരും..

Anonymous said...

വെശമം തോന്നാൻ ഇവിടെ ആരും ഒന്നും പറഞ്ഞില്ലല്ലോ.

എന്തായാലും വെശമ പരാമർശം ഏറ്റു. പോസ്റ്റൊക്കെ അവിടിട്ട് ആശ്വസ്സിപ്പിക്കാൽ പരിപാടി ആരംഭിച്ചല്ലോ.

ഒരു കരി ദിനം കൂടി ആയാലൊ?

ബിജു said...

Rajeevetta

Can i get a copy of this documtries. i met Mr padwardan when i was in chennai.During that time he shared his memmories about the shooting of documentry about POKHRAN -smile of budha. he is such a great personality
Biju

Anonymous said...

Dear Rajeev
i can understand your concern on this issue and i am sharing the same but my question is that always you question such things when there is some statements from the so called Hindu leaders and keep quite when the so called christian and muslims leaders issue such statements. hope you know what are the statements and no need to list it here. request you to have a secular view and stop this pseudo secular views. i dont think secularisam is not only criticizing hinuisam and hindu leaders and allow the non hindus to do what ever they want.

Rajeeve Chelanat said...

സൂക്ഷ്മം

അതെ, പട്‌‌വര്‍ദ്ധന്‍ ഒരു കമ്മിറ്റഡ് ഫിലിം മേക്കറാണ്. സൂക്ഷ്മവും ജാഗ്രത്തുമായ കണ്ണും മനസ്സുമായി പ്രശ്നങ്ങളെ സമീപിക്കുന്ന ഒരാള്‍. ഡോക്യുമെന്ററികള്‍ എന്റെ കൈവശമുണ്ട്. ദുബായ് വഴി ആരെങ്കിലും വരുകയോ പോവുകയോ ചെയ്യുന്നുണ്ടെങ്കില്‍ അറിയിക്കുക.അയച്ചുതരാം.

അനോണീ

ക്രിസ്ത്യാനികള്‍ക്കെതിരെ ബ്ലോഗ്ഗില്‍ എഴുതാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി ഏര്‍പ്പാടാക്കിയ ആളാണ് ഞാന്‍ എന്നാണ് മറ്റു ചിലര്‍ തറപ്പിച്ചു പറയുന്നത്. മുസ്ലിം വിരോധിയാണ് ഞാന്‍ എന്ന് മറ്റു ചിലര്‍ക്കും തോന്നലുണ്ട്. താങ്കള്‍ക്ക് തോ‍ന്നുന്നതാകട്ടെ, ഇങ്ങനെയും. ശരിയല്ലാത്ത കാര്യങ്ങള്‍ എവിടെ കണ്ടാലും, അതിനെതിരെ എന്നെക്കൊണ്ടാവും വിധത്തില്‍ പ്രതികരിക്കുക എന്നതാണ് (ഇതുവരെ) ഞാന്‍ പുലര്‍ത്തിയിട്ടുള്ള നിലപാട്. ഇനിയും അങ്ങിനെതന്നെ ആയിരിക്കണമെന്നും ആഗ്രഹമുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും വെറും സന്താനോത്‌പാദനയന്ത്രങ്ങളാക്കാനും, മനുഷ്യരെ പരസ്പരവൈരികളുമാക്കാനും കച്ചകെട്ടിയിറങ്ങിയിരിക്കുന്ന എല്ലാ പുണ്യപിതാക്കന്മാരെയും കഴിയുന്നിടത്തെല്ലാം വെച്ച്, ഞാന്‍ കല്ലെറിയും. അതിനെ നിങ്ങള്‍ക്കെതിര്‍ക്കാം. അതു നിങ്ങളുടെ സ്വാതന്ത്ര്യം.

എന്റെ ബ്ലോഗ്ഗുകള്‍ അല്പം കൂടി സാവകാശത്തോടെ നോക്കിയിരുന്നെങ്കില്‍, താങ്കള്‍ക്ക് ഈ തെറ്റിദ്ധാരണ സംഭവിക്കില്ലായിരുന്നു എന്നുകൂടി അറിയിക്കട്ടെ.

അഭിവാദ്യങ്ങളോടെ

Anonymous said...

Dear Rajeevji
may be my oversight........ but i could not see a blog when the church asked all chrisitians to teach all christians in christian managed institutions , when the Minority rights are hurted in kashmir, when church issued a statement to increase the number of members in the family,when poverty of indians are measured based on caste and relegion, when hindu minorities attacked in Bangladesh and pakistan, when there was political killings in kannur etc etc. the list will be a big one. i know it is ur decision to decide to write or not to write a blog on all these issues.I do agree with you American policies and anti social elements who divides people based on caste and relegion should be defeated at any cost but at the same time it is not fare to have a policy that what ever hinduisam and America doing is wrong and what ever communists and the MINORITIES doing in india is right.

any way thanks for you to allow criticisms also in this blog.

Rajeeve Chelanat said...

അനോണീ,

ഈ പോസ്റ്റില്‍തന്നെ, ക്രിസ്ത്യന്‍ മേലധികാരികളുടെ ആഹ്വാനത്തെക്കുറിച്ച് പ്രത്യക്ഷമായി തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ‘ഇങ്ങനെ വേണം പഠിപ്പിക്കാന്‍’ ആദിയായ പോസ്റ്റുകളിലും അത്തരത്തിലുള്ള കാര്യങ്ങളില്‍ എന്റെ നിലപാടുണ്ട്. പോസ്റ്റുകളെ കൂടാതെ കമന്റുകളിലും ഇത്തരം നിലപാടുകള്‍ എടുത്തിട്ടുണ്ട്.

അതുപോലെ, മുസ്ലിം പൌരോഹിത്യത്തിനെയും,മുസ്ലിമുകളുടെ നേതൃത്വം അവകാശപ്പെടുന്ന ജപിച്ചൂത്തൂകാരെയും, കുഞ്ഞാലിക്കുട്ടിയെയും കാന്തപുരത്തിനെയുംപ്പോലെയുള്ള വിഷയലമ്പടന്മാരെയും വിഷവിത്തുകളെയും പോസ്റ്റുകളിലും കമന്റുകളിലും പരാമര്‍ശിച്ചിട്ടുണ്ട്.

കമ്മ്യൂണിസത്തിന്റെ കുത്തകാവകാശം കൊണ്ടുനടക്കുന്നതോടൊപ്പം, നവ-ലിബറല്‍ / വര്‍ഗ്ഗീയ / ബൂര്‍ഷ്വാ കൂട്ടിക്കൊടുപ്പ് പ്രത്യയശാസ്ത്രം പ്രസംഗിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന മാര്‍ക്സിയന്‍ പിണങ്ങളെയും ഞാന്‍ ഇതുവരെ തള്ളിപ്പറഞ്ഞിട്ടുണ്ട്.

വിഷയങ്ങളെ പ്രത്യേകം പ്രത്യേകമായി എടുത്തുനോക്കിയാല്‍, താങ്കളുടെ വാദം ശരിയാണ്, പലതിലും ഇടപെടാന്‍ കഴിഞ്ഞിട്ടില്ല എന്നത് സമ്മതിക്കുന്നു. സമയം, സൌകര്യം, കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര വ്യക്തതയില്ലായ്മ ആദിയായ മറ്റൂ പല പരിമിതികളും അതിനു കാരണമാണ്.

ഹിന്ദുത്വവും, ഇന്നത്തെ അമേരിക്കന്‍ ഭരണകൂടവും ചെയ്യുന്നതും, ആശയങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും എല്ലാം മനുഷ്യവിരുദ്ധമായ കാര്യങ്ങളാണ്. അത് അങ്ങിനെതന്നെയായിരിക്കുന്നിടത്തോളം കാലം, എനിക്കതിനെ എതിര്‍ക്കേണ്ടിവരികയും ചെയ്യം.മറ്റു നിവൃത്തിയില്ല. പിന്നെ, ന്യൂനപക്ഷങ്ങളോട് ഒരു പണത്തൂക്കം അധികം പരിഗണനയും സ്നേഹവും പ്രകടിപ്പിക്കുക എന്നത്,എല്ലാ രാജ്യങ്ങളുടെയും, ഭൂരിപക്ഷ സമൂഹങ്ങളുടെയും മൌലികമായ ഒരു ജനാധിപത്യ-മതേതരത്വ കടമയുമാണ്. അതിന്റെയര്‍ത്ഥം അവര്‍ വിമര്‍ശനാതീതരാണെന്നുമല്ല.

അഭിവാദ്യങ്ങളോടെ

വയനാടന്‍ said...

രാജീവ്
ഒരു സംശയം ,ഉള്ളടക്കത്തെക്കുരിച്ചല്ല...
എന്തിനായിരുന്നു തലവാചകത്തിലെ ആ ഇരട്ട
ഒരേ തൂവല്‍ പക്ഷികള്‍ക്ക് കുറേകൂടി അര്‍ത്ഥ പൂര്‍ണതയുണ്ടായിരുന്നു
ബ്രാക്കറ്റിലെ "ഇരട്ട "അതിനെ വികലമാക്കി .
വിഷയത്തിന് പിന്തുണ നൂറ്റി ഒന്ന് ശതമാനം
നന്ദി