Sunday, August 10, 2008

ഒരു രാജ്യഭ്രഷ്ടന്‍ നാടുനീങ്ങുന്നു

അഭയാര്‍ത്ഥികളായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ചിന്നിച്ചിതറാന്‍ വിധിക്കപ്പെട്ട ഒരു ജനതക്കുവേണ്ടി, നീണ്ട അഞ്ചു ദശാബ്ദക്കാലത്തോളം വാക്കുകള്‍കൊണ്ട്‌ പൊരുതിയ ഒരു വലിയ കവി, മഹമൂദ്‌ ദാര്‍വിഷ്‌, ഭൂമിയിലെ തന്റെ അറുപത്തേഴുകൊല്ലത്തെ നീണ്ട പ്രവാസം അവസാനിപ്പിച്ചിരിക്കുന്നു.

സ്വന്തം മണ്ണില്‍നിന്ന് ഭ്രഷ്ടരാകുന്നതിന്റെ വേദനയും മുറിവും അനുഭവിച്ചറിഞ്ഞ ഒരു ജനതയുടെ കയ്യില്‍നിന്നാണ്‌, ഇന്ന്, ഫലസ്തീന്‍ ജനതക്ക്‌ ഭ്രഷ്ട്‌ ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്‌. ചരിത്രത്തിന്റെ ക്രൂരമായ നിരവധി ഫലിതങ്ങളില്‍ ഒന്നാണത്‌. ഫലസ്തീനില്‍നിന്ന് ലബനോണിലേക്കും, അവിടെനിന്ന് ലോകത്തിന്റെ മറ്റിടങ്ങളിലേക്കും ആ വിധി, ഫലസ്തീനികളെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു അറുപത്‌ വര്‍ഷമായി അവര്‍ അത്‌ അനുഭവിച്ചുതീര്‍ക്കുന്നു. ഇന്നും അതു തുടരുകതന്നെയാണ്.

ഒരു രാജ്യഭ്രഷ്ടന്‌ മറ്റൊരു രാജ്യഭ്രഷ്ടന്റെ വേദനയെ തിരിച്ചറിയാന്‍ കഴിയാതിരിക്കുന്നതിന്റെ അമര്‍ഷവും സങ്കടവും, അത്ഭുതവുമാണ്‌ മഹമൂദ്‌ ദാര്‍വിഷിന്റെ കവിതകളെ ഇത്രമേല്‍ പ്രചണ്ഡമാക്കിയത്‌.

അതിലൊന്ന്, ഇവിടെ സ്വതന്ത്രപരിഭാഷയുടെ രൂപത്തില്‍ എടുത്തെഴുതുന്നു. മഹമൂദ് ദാര്‍വിഷിന്റെ The exiles don't look back എന്ന കവിത.

നാടുകടത്തപ്പെട്ടവര്‍ പിന്തിരിഞ്ഞുനോക്കാറില്ല..
ഒരു പ്രവാസഭൂമിയില്‍നിന്ന് ഇറങ്ങിപ്പോരേണ്ടിവരുമ്പോള്‍
നാടുകടത്തപ്പെട്ടവര്‍ ഒരിക്കലും തിരിഞ്ഞുനോക്കാറില്ല
മുന്‍പില്‍ നിരവധി പ്രവാസഭൂമികള്‍ പിന്നെയും ബാക്കി
വൃത്താകാരമുള്ള പാത അവര്‍ക്ക്‌ പരിചിതമായിക്കഴിഞ്ഞു
മുന്‍പിലും പിന്നിലും
വടക്കും തെക്കും
ഒന്നുമില്ല
കമ്പിവേലികളില്‍നിന്ന് പൂന്തോട്ടത്തിലേക്ക്‌ അവര്‍ നാടുനീങ്ങുന്നു
വീടിന്റെ മുറ്റത്തിനുകുറുകെ ഓരോ ചുവടുകള്‍ വെക്കുമ്പോഴും
അവര്‍ ഒരു അഭിലാഷം ബാക്കിവെക്കുന്നു.
'ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍, ഈ ജീവിതം മാത്രം ഓര്‍മ്മിക്കുക"
അഭാവത്തിന്റെ നുള്ളുനുറുങ്ങുകള്‍ നിറച്ചുവെച്ച ഒരു ശവപ്പെട്ടിയുമായി
പുലര്‍ച്ചയുടെ പതുപതുപ്പില്‍നിന്ന്
അവര്‍ മദ്ധ്യാഹ്നത്തിന്റെ പൊടിയിലേക്ക്‌ യാത്ര ചെയ്യുന്നു
ഒരു തിരിച്ചറിയല്‍ രേഖ
മേല്‍വിലാസമറിയാത്ത ഏതോ പ്രിയപ്പെട്ടവര്‍ക്ക്‌ ഒരു കത്ത്‌
"ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍, ഈ ജീവിതം മാത്രം ഓര്‍മ്മിക്കുക"
മുറിവേറ്റ വിജയചിഹ്നവുമായി
വീട്ടില്‍നിന്നും തെരുവിലേക്ക്‌ അവര്‍ യാത്രയാവുന്നു
വഴിയില്‍ കാണുന്നവരെ അവര്‍ ഓര്‍മ്മിപ്പിക്കുന്നു
"ഞങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ട്‌,
അതുകൊണ്ട്‌,
ഓര്‍മ്മയില്‍നിന്നും ഞങ്ങളെ മായ്‌ച്ചുകളയുക“
ശ്വാസം വീണ്ടെടുക്കാന്‍,
സൂര്യവെളിച്ചത്തില്‍ മുങ്ങിക്കുളിക്കാന്‍,
കൂടുതല്‍ ഉയരത്തില്‍ പറക്കാന്‍,
അവര്‍ അവരുടെ കഥകളില്‍നിന്ന് പുറത്തേക്കുവരുന്നു
ഉയരുകയും താഴുകയും ചെയ്യുന്നു അവര്‍
‍വരുകയും പോവുകയും ചെയ്യുന്നു അവര്‍
ഏതോ പുരാതന ശിലാപ്രതലങ്ങളില്‍നിന്ന്
അവര്‍ നക്ഷത്രത്തിനുനേരെ കുതിക്കുന്നു
ആദിയും അന്തവുമില്ലാത്ത ഒരു കഥയിലേക്ക്‌
വീണ്ടും അവര്‍ പിന്മടങ്ങുന്നു
ഉറക്കച്ചടവില്‍നിന്ന് ഉറക്കത്തിന്റെ മാലാഖയിലേക്ക്‌
അവര്‍ ഓടിയകലുന്നു
ചിന്തിയ ചോരയെക്കുറിച്ചോര്‍ത്ത്‌
കണ്ണുകലങ്ങി,
വിളറിവെളുത്ത്‌
അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു
"ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍, ഈ ജീവിതം മാത്രം ഓര്‍മ്മിക്കുക"

8 comments:

Rajeeve Chelanat said...

ഒരു രാജ്യഭ്രഷ്ടന്‍ നാടുനീങ്ങുന്നു

simy nazareth said...

കവിതയുടെ വിവര്‍ത്തനം നന്നായി രാജീവ്.

ബഷീർ said...

വിവര്‍ത്തനം നന്നായി ഈ പരിചയപ്പെടുത്തലിനുനന്ദി

ഭൂമിപുത്രി said...

കേട്ടിട്ട്പോലുമില്ലാത്ത ഇതുപോലത്തെ വ്യക്തിത്വങ്ങൾ മുൻപിലെത്തിയ്ക്കുന്നതിനൊരു നമസ്ക്കാരം രാജീവ്

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ രാജീവ്,

മഹ്‌മൂദ് ദര്‍വീശ് ഓര്‍മയായി എന്ന പോസ്റ്റ് നോക്കുമല്ലോ. രാജീവിന്റെ പോസ്റ്റ് അധികവായനയ്ക്കായി നല്‍കിയിട്ടുണ്ട്.

Rajeeve Chelanat said...

സിമി, ബഷീര്‍, ഭൂമിപുത്രീ, വര്‍ക്കേഴ്സ് ഫോറം - വായനകള്‍ക്കു നന്ദി

അഭിവാദ്യങ്ങളോടെ

നജൂസ്‌ said...

കവിതയുടെ പരിഭാഷ നന്നായി രാജീവ്‌...
ഒരു കവി ഒരു രാജ്യമാവുന്നത്‌ ദര്‍വേശിലൂടെ മാത്രമേ കാണാന്‍ കഴിയൂ....

നന്മകല്‍

Anonymous said...

സോത്സെനിറ്റ്സെN എന്നൊരാളും ഈയിടെ മരിച്ചിരുന്നു.രാജ്യബ്ഭ്രശ്ടനും എഴുത്തുകാരനുമായിരുന്നു.