ലൈല അന്‍വറിന്റെ A Message from the Whore of Babylon എന്ന പോസ്റ്റിന്റെ പരിഭാഷ
ബാബിലോണിയയിലെ വേശ്യയെക്കുറിച്ച് നിങ്ങളോട് എനിക്ക് സംസാരിക്കണം. നിങ്ങള്‍ ഇതിനുമുന്‍പ് കണ്ടിരിക്കാന്‍ ഇടയുള്ള വേശ്യകളെപ്പോലെയൊന്നുമല്ല അവള്‍. നിങ്ങളില്‍ പലരും അത്തരക്കാരികളെ കണ്ടിട്ടുണ്ടെന്നും എനിക്ക് നന്നായറിയാം. അവള്‍ നിങ്ങളുടെ സൃഷ്ടിയാണ്. അതിനാല്‍ അവളെ ശ്രദ്ധിക്കൂ.
സാധാരണക്കാരിയായ ഒരു ലൈംഗിക തൊഴിലാളിയോ, അഭിസാരികയോ അല്ല, ബാബിലോണിലെ അഭിസാരികയാണ് അവള്‍. ആ വാക്ക് ഒന്നുകൂടി ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, നിങ്ങള്‍ അതിനെ ഇഷ്ടപ്പെടുന്നു. ഗൂഢമായി കാംക്ഷിക്കുന്നു.
ഒരു വലിയ ഉദ്ധാരണം നിങ്ങളെ വലയം ചെയ്യുകയും കൂടുതല്‍ കരുത്തുനേടുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. ശക്തിയെ നിങ്ങള്‍ അളക്കുന്നത്, ഉദ്ധാരണത്തിന്റെ ബലത്തിലാണ്. നാളെ സംഭവിക്കാന്‍ ഇടയുള്ള ഉദ്ധാരണത്തില്‍; വ്യാജമായ ഉദ്ധാരണത്തില്‍; സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഉദ്ധാരണത്തില്‍. അതിന്റെയൊക്കെ ബലത്തിലാണ് നിങ്ങളുടെ ശക്തിയെ നിങ്ങള്‍ അളക്കുന്നത്.
ഉദ്ധാരണം പല രീതിയിലുമുണ്ട്. വിനോദത്തിനും വ്യായാമത്തിനും വേണ്ടിയുള്ളത്, മാനസികമായ ഉദ്ധാരണം, പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും മതപരവുമായ ഉദ്ധാരണങ്ങള്‍. തീര്‍ന്നില്ല. സൈനികവും, സാമ്പത്തികവും, അധികാര-അധിനിവേശസംബന്ധിയും, വിനാശകാരിയും ഉന്മൂലനപരവുമായ ഉദ്ധാരണങ്ങള്‍. ഓ..എന്തൊരു ശക്തി..നിങ്ങളുടെ ലൈംഗിക ഉദ്ധാരണങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. അശ്ലീലം കലര്‍ന്ന ഈ ദ്വയാര്‍ത്ഥം ക്ഷമിക്കണേ..മനപ്പൂര്‍വ്വം പ്രയോഗിച്ചതാണെങ്കിലും.
നോക്കൂ, എന്നെ തെറ്റിദ്ധരിക്കരുത്. ഈ വിഷയത്തിലോ അതുപോലുള്ള മറ്റേതെങ്കിലും കാര്യത്താലോ അല്ല ഞാന്‍ നിങ്ങളെ ക്രൂശിക്കാന്‍ പോകുന്നത്. അഥവാ, ഇനി അതിനുവേണ്ടിയായാല്‍പ്പോലും വലിയ കുഴപ്പമൊന്നും വരാനുമില്ല.
പ്രത്യേകിച്ചും, നിരവധി ജീവിതങ്ങളെ നിങ്ങള്‍ തകര്‍ക്കുക മാത്രമല്ല, ബലാത്ക്കാരം ചെയ്യുക പോലും ഉണ്ടായിട്ടുണ്ട് എന്നോര്‍ക്കുമ്പോള്‍. നിങ്ങള്‍ ജീവിതത്തെതന്നെ ബലാത്ക്കാരം ചെയ്തവരാണ്. ഞങ്ങളുടെ ജീവവായുവിനെപ്പോലും നിങ്ങള്‍ മാനഭംഗപ്പെടുത്തി. നിങ്ങള്‍ക്കിതൊന്നും പുത്തരിയല്ലായിരിക്കാം. അവ തമ്മിലുള്ള വ്യത്യാസം പോലും നിങ്ങള്‍ക്ക് അറിയില്ല...
പക്ഷേ അവള്‍ക്കറിയാം. ദൈവത്തിനാണേ, എന്നെയും നിങ്ങളെയും ചലിപ്പിക്കുന്ന ശക്തിയാണേ, എനിക്ക് നിങ്ങളെ കാണാന്‍ കഴിയുന്നുണ്ട്.
നിങ്ങളില്‍ ചിലര്‍ കുറിയവരാണ്. ചിലര്‍ പൊക്കമുള്ളവരും. ചിലര്‍ മെലിഞ്ഞവരാണ്. മറ്റു ചിലരാകട്ടെ, സ്വന്തം ലിംഗം കാണാന്‍ കഴിയാത്തവിധം തടിയന്മാരും. സ്വന്തം ലിംഗം എവിടെയാണെന്നറിയണമെങ്കില്‍, ശരീരത്തിന്റെ വൃത്തികെട്ട ആ ദുര്‍മ്മേദസ്സുകളില്‍ തപ്പിനോക്കേണ്ടിവരും നിങ്ങള്‍ക്ക്. മറ്റു ചിലരോ? കൂട്ടനശീകരണ ആയുധത്തെപ്പോലെ അതും പ്രദര്‍ശിപ്പിച്ച് അങ്ങിനെ നടക്കുന്നു. എന്നെങ്കിലും അത് അനങ്ങുമെന്ന് വ്യാമോഹിച്ച് മറ്റു ചിലര്‍. പിടിക്കപ്പെടുമെന്ന് ഭയന്ന് ഇനിയും മറ്റു കുറേയാളുകള്‍. ബാബിലോണിലെ അഭിസാരിക ഇതെല്ലാം കാണുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തും ദൂരെയുമിരുന്ന്..
അവള്‍ക്കതിന്റെ ഗന്ധമറിയാം. ആ വഷളത്തരത്തിന്റെ ഞരക്കങ്ങള്‍ കേട്ടവളാണ് അവള്‍. ഇതിലും അധികം എന്താണ് അവളെ നിങ്ങള്‍ക്ക് പഠിപ്പിക്കാനാവുക?
ഓരോ രാത്രിയിലും, മെഴുകുതിരിവെട്ടത്തില്‍, അല്ലെങ്കില്‍ ഒരു മണ്ണെണ്ണവിളക്കിന്റെ തിരിവെട്ടത്തില്‍, അവള്‍ നിങ്ങളെ സുഖിപ്പിക്കുന്നു. അവള്‍ക്ക് മറ്റു നിവൃത്തിയില്ല. ഇരുട്ടത്ത്, വിശന്നുപൊരിഞ്ഞ ചില വയറുകള്‍ നിശ്ശബ്ദമായി കാത്തിരിക്കുന്നുണ്ട്. അവളെ സംബന്ധിച്ചിടത്തോളം അതാണ് വലുത്. നിങ്ങളേക്കാളൊക്കെ...ബാബിലോണിലെ വേശ്യക്ക് അറിയാം, ഏതിനാണ് പരിഗണന കൊടുക്കേണ്ടതെന്ന്.
അതുകൊണ്ട്, നിങ്ങളുടെ നാറ്റവും, നിങ്ങളുടെ മദ്യചൂരും, നിങ്ങളുടെ തെറിവിളികളും, അപമാനവും, ലൈംഗികപ്പേക്കൂത്തുകളും, നിങ്ങളുടെ തുപ്പലും, നിങ്ങളുടെ രോഗവും, നിങ്ങളുടെ നിസ്സംഗതയും, നിങ്ങളുടെ താന്തോന്നിത്തരവും..നിങ്ങളുടെ ഷണ്ഡത്വവും പോലും അവള്‍ക്ക് സഹിക്കേണ്ടിവരുന്നു. മറ്റു വഴികളോ സുഖങ്ങളോ ഇല്ലാത്തതുകൊണ്ടുമാത്രം..
നിങ്ങളുടെ ആ വലിയ മുഴപ്പുകള്‍ ഉണ്ടായിട്ടുപോലും, ഒരു പുരുഷനായി നിങ്ങളെ അവള്‍ക്ക് കാണാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് അവള്‍ക്ക് നിങ്ങളെ സഹിക്കാന്‍ കഴിയുന്നത്..ഹോ..എന്തൊരു ശക്തിയാണ് നിങ്ങള്‍ക്ക്, അല്ലേ?
അവള്‍ക്ക് അതിലും വലിയ ദൗത്യങ്ങളുണ്ട്. ഞാന്‍ പറഞ്ഞില്ലേ? വിശന്നുകരഞ്ഞ് ഇരുട്ടത്ത് കഴിയുന്ന അവളുടെ കുട്ടികള്‍..അനങ്ങാനും കൂടി കഴിയാത്ത വൃദ്ധമാതാപിതാക്കള്‍..മനസ്സിനുള്ളില്‍ ബലമായി കുഴിച്ചുമൂടിയ ഒരു ഓര്‍മ്മയുടെ ഓര്‍മ്മയില്‍ അവള്‍ ആ ചലനങ്ങള്‍ വെറുതെ ആവര്‍ത്തിക്കുന്നു എന്നു മാത്രം..നിങ്ങള്‍ അവളെ ആക്രമിച്ചുകൊണ്ടിരിക്കുമ്പോഴും...
ഒടുവില്‍ നിങ്ങളുടെ വിയര്‍പ്പും ശുക്ലവും കഴുകി വൃത്തിയാക്കുമ്പോള്‍ അവളുടെ മനസ്സിലൂടെ ചില ചിത്രങ്ങള്‍ മിന്നിപ്പായുന്നുണ്ടാവാം..ഒരു നഷ്ടപ്രണയം..മെഹ്‌ദി രക്ഷകന്റെ ആളുകളാല്‍ കശാപ്പുചെയ്യപ്പെട്ട് ഇല്ലാതായ ഒരു ഭര്‍ത്താവ്, നിരങ്ങിനീങ്ങുന്ന ഒരു അച്ഛന്‍, തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം മുഖം വികൃതമാക്കപ്പെട്ട മകന്റെ ജഡത്തിലെ ഒരു ജോടി ട്രസറുകള്‍....ഇരുളിലെ നിന്റെ മുഖം പോലെ വികൃതമാക്കപ്പെട്ട അവന്റെ മുഖം..
ഒടുവില്‍ എല്ലാം കഴിഞ്ഞ്, അവള്‍ നിങ്ങളുടെ നാറ്റം കഴുകി വൃത്തിയാക്കുമ്പോള്‍-വെള്ളമുണ്ടെങ്കില്‍ മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണേ അത് -പിന്നെയും നിങ്ങളവളെ വിടാന്‍ ഭാവമില്ല്ല. വീണ്ടും നിങ്ങളുടെ ആക്രമണം തുടങ്ങുന്നു..'വിമോചന'ത്തെക്കുറിച്ച് നിങ്ങള്‍ വീണ്ടും അവളോട് വലിയ വായില്‍ ഛര്‍ദ്ദിക്കുന്നു..നിങ്ങളുടെ ഭാര്യയോ കാമുകിയോ അപ്പോള്‍ നിങ്ങളുടെ ചങ്ങാതിയുമായോ അയല്‍ക്കാരനുമായോ മറ്റേതെങ്കിലും പട്ടാളക്കാരനുമായോ സുരതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുണ്ടാകും...അല്ലെങ്കില്‍ കടലിനക്കരെനിന്നുള്ള 'പുതിയ ഇറാഖില്‍' നിന്ന് നീ അയച്ച പ്രണയലേഖനങ്ങള്‍ വായിച്ച് അംഗുലീ മര്‍ദ്ദനം ചെയ്ത് പുളകം കൊള്ളുന്നുണ്ടായിരിക്കും അവള്‍..
അവളോ? അവള്‍ അപ്പോള്‍ സ്വന്തം ആളുകളെക്കുറിച്ച് ആലോചിക്കുകയായിരിക്കും. നിങ്ങളില്‍നിന്നു മാത്രമല്ല, തന്റെ സഹോദരങ്ങളെന്ന് അകമഴിഞ്ഞ് വിശ്വസിച്ചിരുന്നവരുടെ കയ്യില്‍ നിന്നുപോലും നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍..തെറ്റായ പേരുണ്ടായി എന്ന ഒരേയൊരു കുറ്റത്തിന്..
ദൈവമേ...എനിക്ക് ചിരിക്കാന്‍ തോന്നുന്നു..ഇതില്‍ തമാശയൊന്നും ഇല്ലെങ്കിലും..
പരിഹാസത്തിന്റെ പൊട്ടിച്ചിരി എന്നില്‍ നുരഞ്ഞുപതയുന്നു....എനിക്ക് നിര്‍ത്താന്‍ കഴിയുന്നില്ല.. കാരണം, എല്ലാ വേദനയുടെയും ദുരിതങ്ങളുടെയും ഉള്ളിലൂടെ, നിങ്ങളുടെ പരമാര്‍ത്ഥം വെളിവാകുന്നുണ്ട്...നിങ്ങളുടെ മാത്രമല്ല..നിങ്ങള്‍ എല്ലാവരുടെയും..
ഇഷ്‌താറിന്റെ* തുലാസ്സ് എന്റെ കയ്യിലുണ്ട്..നിന്റെ അഴുക്കുകള്‍ ഞാന്‍ അതില്‍ തൂക്കിനോക്കി, വിശുദ്ധമായ ഒരൊറ്റ ഊത്തു കൊണ്ട് അതിനെ പറത്തി ഇല്ലാതാക്കുന്നു..നിന്റെ അഴുക്കുകളെ അനന്തതയിലേക്ക് ചിതറിച്ചുകളഞ്ഞ്, കാറ്റ്, അതിനെ ശുദ്ധീകരിക്കുന്നു..
മെഴുകുതിരിവെട്ടത്തില്‍, മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍, എന്റെ ചമയല്‍ മുറിയിലെ ആള്‍ക്കണ്ണാടിക്കുമുന്‍പില്‍ ഞാന്‍ നില്‍ക്കുമ്പോള്‍...
*ഇഷ്‌താര്‍ - ലൈംഗികതയുടെയും യുദ്ധത്തിന്റെയും ഉര്‍വ്വരതയുടെയുമൊക്കെ ബാബിലോണിയന്‍ ദേവത.
Tuesday, August 26, 2008
Subscribe to:
Post Comments (Atom)
14 comments:
ബാബിലോണിലെ വേശ്യയില്‍നിന്ന് ഒരു സന്ദേശം
വായിച്ചു; അഭിപ്രായമൊന്നും പറയാന്‍ കഴിയുന്നില്ല മാഷേ.
ഈ പരിഭാഷയ്ക്കു നന്ദി.
ശ്രീ പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളത്...!!
വളരെ നന്ദി രാജീവ്.
ഇനിയുമിതുപോലെയുള്ള,മിസ്സ് ചെയ്യാൻ പാടില്ലാത്ത,വായനകളുമായി വരുമല്ലൊ
രാജീവ്ജി,
വായിച്ചു. നന്നായി എന്ന് തുടങ്ങുന്ന വാചകങ്ങള്‍ ഈ പോസ്റ്റിന്ന് കീഴെ എഴുതാനാവില്ല. എന്തൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു. പ്രത്യേകിച്ചും ഇന്നത്തെ ഒരു വാര്‍ത്തയില്‍ മനുഷ്യബോംബാവാന്‍ തയ്യാറെടുത്തു ചെന്ന ഒരു പെണ്‍കുട്ടിയെ ഇറാക്കില്‍ പോലീസ് പിടിച്ചതും, സയിദിന്റെ മരണവാര്‍ഷികവും, ഫ്ലോബേറിന് സിഫിലിസ് പിടിച്ചതും, ഭൂപ്രദേശങ്ങളുടെ ലൈംഗികവല്‍കരണവും. മറ്റും മറ്റും. ഇളകിമറിയുന്നു, മനസാകെ.
മൂലലേഖനത്തില്‍ പോയി നോക്കി; എന്താ ഒരു പ്രതികരണം!
നന്ദി രാജീവ്. ഈ ലേഖനം പരിചയപ്പെടുത്തിയതിന്.
നന്ദി രാജീവ്ജി.
:)
ശ്രീ.രാജീവ്.
No comment.
Thanks
താങ്കളുടെ തിരഞ്ഞെടുപ്പ് മഹനീയമായിരിക്കുന്നു.ആരും അശക്തരല്ലെന്നും,ആത്മാഭിമാനമുള്ളവര്‍ക്ക് അതുയര്‍ത്തിപ്പിടിക്കാനും യുദ്ധം ചെയ്യാനും തങ്ങളുടെ ഭാഷതന്നെ നല്ലൊരു ആയുധമാണെന്നും പ്രഖ്യാപിക്കുന്ന ആഖ്യാനശൈലി.
ദാരിദ്ര്യമോ,പീഢനമോ ഒന്നുമല്ല ... നഷ്ടപ്പെടുന്ന ആത്മബോധമാണ് കൊടിയ ശാപം.
കൊടിയ അപമാനത്തിലും കത്തിജ്വലിക്കാന്‍ കഴിയുന്ന ആത്മബോധത്തിന്റെ ഊര്‍ജ്ജ്യം ഒരു സമൂഹത്തെ മുഴുവന്‍ ഒന്നിപ്പിക്കുന്ന അഗ്നിയാണ്.
രാജീവ്
നിത്യ ജീവിതത്തില്‍ പറയാനറയ്ക്കുന്ന കാര്യങ്ങള്‍ ഇത്ര സഭ്യമായിത്തോന്നുന്ന അവസരങ്ങക്ക് വിരളം
വായനകള്‍ക്കു നന്ദി
ലൈലയുടെ ഭാഷ തീക്ഷ്ണമാണ്. ഒരു ദയയുമില്ലാത്ത പ്രയോഗങ്ങളും. അധിനിവേശത്തെക്കുറിച്ച് ഇടതടവില്ലാതെ എഴുതിക്കൊണ്ടിരിക്കുന്നു അവര്‍. രാജ്യത്തിനകത്തെ വിഘടനവാദശക്തികള്‍ക്കെതിരെയും അവര്‍ എഴുതുന്നുണ്ട്.
ഒരു കുഴപ്പമുള്ളത്, എല്ലാവരെയും സംശയദൃഷ്ടിയോടെ കാണാന്‍ അവര്‍ സ്വയം പാകപ്പെടുത്തുന്നു എന്നതാണ്. അവരുമായി നടത്തിയ കത്തിടപാടുകളില്‍ അത് സൂചിപ്പിക്കുകയുമുണ്ടായി. അതിനുള്ള അവരുടെ ന്യായം, അത്തരമൊരു അവസ്ഥയില്‍ ആ സംശയരോഗം അറിയാതെ ഉള്ളില്‍ സ്ഥാനമുറപ്പിക്കുന്ന ഒരു വികാരമാണെന്നായിരുന്നു. പൊതുമണ്ഡലത്തില്‍ നിന്നു ലഭിക്കാന്‍ ഇടയുള്ള ഐക്യദാര്‍ഢ്യത്തിന് ആ ഒരു വികാരം വിലങ്ങുതടിയാണെന്ന ബോദ്ധ്യവും അവര്‍ക്കുണ്ട്. അധിനിവേശജനതയില്‍നിന്ന് സുജന മര്യാദകളോ,സംസ്ക്കൃത ഭാഷയോ പ്രതീക്ഷിക്കുകയും വയ്യല്ലോ. അവയെയൊക്കെ അവര്‍ പ്രതിരോധത്തിന്റെ വാള്‍മുനത്തലപ്പുകളാക്കുകയാണ് ചെയ്യുന്നത്. അതാണ് വേണ്ടതും.
അഭിവാദ്യങ്ങളോടെ
ഇതിനു നന്ദി രാജീവ്. അതി ശക്തമായ വിവര്‍ത്തനം. ആ ബ്ലോഗില്‍ നിന്ന് വിവര്‍ത്തനം ചെയ്യാനുള്ള തിരഞ്ഞെടുപ്പില്‍ പുലര്‍ത്തിയ സൂക്ഷ്മത ശ്രദ്ധേയം.
മൂല കൃതിയേക്കാള്‍ നന്നെന്നു തോന്നിപ്പോവുന്നു..!
Post a Comment