Tuesday, August 12, 2008

ഞങ്ങളുടെ സ്വകാര്യ ജന്മഗേഹങ്ങളുടെ കാവല്‍ക്കാരന്‍

പതിവുപോലെ ഉഷ്ണമുള്ള ഒരു പ്രഭാതമായിരുന്നു അത്‌. പ്രഭാതങ്ങളെക്കുറിച്ച്‌ എനിക്ക്‌ അത്ര പിടിപാടില്ല. ആരോഗ്യമൊഴിച്ച്‌ മറ്റൊന്നിനെക്കുറിച്ചും കാര്യമായി ശ്രദ്ധിക്കാത്തവര്‍ പ്രഭാതസവാരിക്കിറങ്ങുന്ന സമയത്ത്‌, ഞാന്‍ എന്നും നല്ല ഉറക്കത്തിലായിരിക്കും. ആ ദിവസം എന്തോ നല്ല ഉറക്കം കിട്ടാതെ ഞാന്‍ ജനലിലൂടെ നോക്കുമ്പോള്‍ ഈ പതിവു പ്രഭാതസവാരിക്കാരെ എനിക്ക്‌ കാണാന്‍ കഴിയുന്നുണ്ടായിരുന്നു.ഉറങ്ങാന്‍ കഴിയില്ലെന്ന് എന്തോ എനിക്ക്‌ തോന്നുകയും ചെയ്തിരുന്നു. അതങ്ങിനെയാണ്‌ ചില ദിവസങ്ങള്‍. അത്തരം ദിവസങ്ങളെ ഞാന്‍ 'പിശാചിന്റെ ദിവസങ്ങള്‍' എന്നാണ്‌ വിളിക്കാറുണ്ടായിരുന്നത്‌. 'പിശാചിന്റെ ദിവസങ്ങള്‍' എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത്‌, ഭൂതകാലം വര്‍ത്തമാനകാലത്തെ ഉന്തി മാറ്റി, മുന്‍പില്‍ വന്ന്, 'എന്നോട്‌ സംസാരിക്ക്‌" എന്ന് എന്നോട്‌ മുരളാറുള്ള ദിവസങ്ങളെയാണ്‌. ഭൂതകാലം അങ്ങിനെ മുന്‍പില്‍ വന്ന് എന്നോട്‌ സംസാരിക്കുന്നതിനെ ആശ്രയിച്ചിരിക്കും ആ ദിവസം നല്ലതാണോ ചീത്തയണോ എന്നു ഞാന്‍ വിലയിരുത്തുക.

ആ ദിവസം അത്ര മോശമായിരുന്നില്ല. കാരണം, ഞാന്‍ ജനിച്ചുവളര്‍ന്ന സാഗറിലെ എന്റെ പഴയ ചില സുഹൃത്തുക്കളെക്കുറിച്ചുള്ള ഓര്‍മ്മകളാണ്‌ അത്‌ എനിക്ക്‌ കൊണ്ടുവന്നത്‌. അതില്‍ ഒരാള്‍ ദീപങ്കര്‍ സെന്‍ ആയിരുന്നു. എന്റെ ഏറ്റവും അടുത്ത ചങ്ങാതി. എന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും അവനുണ്ടായിരുന്നു. പല 'ആദ്യ'ങ്ങളിലും ഞങ്ങള്‍ ഒരുപോലെ പങ്കാളികളായിരുന്നു.

എന്തുകൊണ്ടാണ്‌ അതേ നിമിഷത്തില്‍ ഫോണില്‍ എന്റെ കണ്ണുകള്‍ ഉടക്കിയതെന്ന് എനിക്കിപ്പോഴും അറിയില്ല. ഞാന്‍ അത്‌ സൈലന്റില്‍ ആക്കിയിരുന്നു. നോക്കുമ്പോള്‍ ദീപങ്കറിന്റെ വിളിയാണ്‌. ഇതുപോലുള്ള യാദൃശ്ചികതകള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകാറുള്ളതുകൊണ്ട്‌, ഞാന്‍ അതിനെക്കുറിച്ചൊന്നും അധികം അത്ഭുതപ്പെടാന്‍ മിനക്കെടാറില്ലായിരുന്നു. അവന്റെ ശബ്ദത്തില്‍ വല്ലാത്ത സംഘര്‍ഷം ഉള്ളതുപോലെ തോന്നി. "എന്റെ സഹോദരന്‍ ജയിലിലാണ്‌. സര്‍ക്കാരിനെതിരെ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നതാണ്‌ അവര്‍ ചുമത്തിയ കുറ്റം" അവന്‍ പറഞ്ഞു.

ഇതുപോലുള്ള വാര്‍ത്തകള്‍ അധികം കേള്‍ക്കുക പതിവില്ലാത്തതിനാല്‍ എനിക്ക്‌ പെട്ടെന്നൊന്നും പറയാന്‍ സാധിച്ചില്ല. പിന്നെ ഞാന്‍ ഓര്‍ത്തു. അവന്‌ രണ്ട്‌ സഹോദരന്മരുണ്ട്‌. "ഏതു സഹോദരന്‍?" ഞാന്‍ ചോദിച്ചു. "ബിനായക്‌". അവന്‍ അത്‌ പറഞ്ഞപ്പോള്‍ന്‍ പല ചിന്തകളും എന്റെ ഉള്ളിലൂടെ മിന്നിമറഞ്ഞു. ദീപങ്കറുമായി സംസാരിച്ചിട്ട്‌ കുറേ കാലമായിരുന്നു. എനിക്ക്‌ വായിച്ചറിവുള്ള ബിനായക്‌ സെന്‍ ഇതേ ബിനായക്‌ ആണെന്നുള്ളതും എനിക്ക്‌ പുതിയ ഒരു അറിവായിരുന്നു. എന്റെ ദീപങ്കറിന്റെ ഏട്ടന്‍.

ഈ രണ്ടു സഹോദരന്മാരും തീര്‍ത്തും വ്യത്യസ്തരായിരുന്നു എന്നും എനിക്ക്‌ അപ്പോള്‍ ഓര്‍മ്മ വന്നു. ദീപങ്കര്‍ ആളൊരു രസികനായിരുന്നു. മുന്‍ശുണ്ഠിക്കാരനും, പരുക്കനും, ഉച്ചത്തില്‍ ചിരിക്കുകയും ബഹളം വെക്കുകയും ചെയ്യുന്ന നല്ല നര്‍മ്മബോധമുള്ള ഒരുവന്‍. എന്നാല്‍ ബിനായകോ, ശാന്തനും, മിതഭാഷിയും, പലരും പറഞ്ഞുകേട്ടതനുസരിച്ച്‌, ബുദ്ധിശാലിയുമായിരുന്നു. ദീപങ്കറില്‍നിന്നു മാത്രമല്ല, അന്ന് ഞങ്ങളുടെ സുഹൃദ്‌വലയത്തിലുണ്ടായിരുന്ന മറ്റു കുട്ടികളില്‍നിന്നൊക്കെ തീര്‍ത്തും ഭിന്നനായിരുന്നു ബിനായക്‌. പട്ടാളക്കാരുടെ മക്കളായിരുന്നു ഞങ്ങളുടെ സംഘത്തില്‍ അധികവുമുണ്ടായിരുന്നത്‌.

സാഗര്‍ വളരെ ചെറിയ ഒരു പട്ടണമായിരുന്നു. ഹരി സിംഗ്‌ ഗൗര്‍ എന്നു പേരുള്ള മഹാനായ ഒരാള്‍ സ്ഥാപിച്ചതും, പഠനനിലവാരത്തിന്‌ പുകള്‍പെറ്റതുമായ ഒരു സര്‍വ്വകലാശാലയുടെ നാടായിരുന്നു അത്‌. അതിനുമുന്‍പ്‌, ഇന്ത്യന്‍ പട്ടാളത്തിന്റെ 36-ആം ഡിവിഷന്റെയും മ്‌ഹാര്‍ റെജിമെന്റിന്റെയും കന്റോണ്‍മന്റ്‌ നിലനിന്നിരുന്നതും അവിടെയായിരുന്നു. ബ്രിട്ടീഷ്‌ നോവലിസ്റ്റായ ജോണ്‍ മാസ്റ്ററുടെ നോവലുകള്‍ വായിച്ചവര്‍ക്ക്‌ ആ സ്ഥലം പരിചയമുണ്ടാകും. മറ്റു പട്ടണങ്ങളിലെ കുട്ടികളുമായി സാഗറിലെ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നതും മറ്റും ജോണ്‍ മാസ്റ്റര്‍ തന്റെ നോവലുകളില്‍ എഴുതിയിട്ടുണ്ട്‌. ദീപങ്കറിന്റെയും ബിനായകിന്റെയും അച്ഛന്‍ സൈന്യത്തില്‍ ഡോക്ടറായി സ്ഥലം മാറിവന്നത്‌ ഇവിടേക്കായിരുന്നു.

ആദ്യം സൂചിപ്പിച്ചപോലെ ബിനായക്‌ വളരെ വ്യത്യസ്തനായിരുന്നു. എങ്കിലും അദ്ദേഹവും തന്റെ അച്ഛന്റെ പാത പിന്തുടര്‍ന്ന് ഒരു ഡോക്ടറായി. സാദൃശ്യം അവിടെ അവസാനിക്കുന്നു. അതോ അത്‌ അവിടെ അവസാനിക്കുന്നില്ല എന്നുണ്ടോ? അറിയില്ല. തന്റെ അച്ഛനില്‍ ഉണ്ടായിരുന്ന എന്തെന്ത്‌ വിപദിധൈര്യങ്ങളാണ്‌ ബിനായകിലും ഉണ്ടായിരുന്നതെന്ന് എനിക്കറിയില്ല. പക്ഷേ ബിനായകിന്റെ അമ്മയില്‍ ഉണ്ടായിരുന്ന സ്ഥൈര്യം അന്ന് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. 'ആന്റി' എന്ന് ഞങ്ങളൊക്കെ വിളിച്ചിരുന്ന ആ മഹതി, ഇന്ന് അവരുടെ എണ്‍പതാം വയസ്സിലും സ്വന്തമായി ഒരു സ്കൂള്‍ നടത്തുകയും, തന്റെ മകന്റെ മോചനത്തിന്‌ അക്ഷീണം പരിശ്രമിക്കുകയും ചെയ്യുന്നുവെന്നത്‌, എനിക്ക്‌ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു.

ഒരു ചെറിയ പട്ടണത്തില്‍ ബാല്യം ചിലവഴിക്കേണ്ടിവരുമ്പോള്‍ നിങ്ങളൊരു അയഥാര്‍ത്ഥലോകമാണ്‌ സ്വയം ചുറ്റിലും സൃഷ്ടിക്കുന്നത്‌. യാഥാര്‍ത്ഥ്യം എന്നത്‌ വിരസമോ പരുക്കനോ ആകും. വലിയ നഗരങ്ങളിലെ കുട്ടികള്‍ ആത്മനിഷ്ഠരാണ്‌ എന്ന് പറയുന്നവര്‍ക്ക്‌, ഈ ചെറിയ നഗരങ്ങളില്‍ വളര്‍ന്നുവരുന്ന കുട്ടികളെ ഒട്ടും അറിയില്ല. അവനും സ്വന്തം ഉള്ളിലേക്കുതന്നെയാണ്‌ ഉറ്റുനോക്കുന്നത്‌. അവന്റെ ഒരേയൊരു ലക്ഷ്യം തന്നെ, ഈ 'നരക'ത്തില്‍നിന്ന് എങ്ങിനെ പുറത്തു കടക്കാം എന്നുള്ളതാണ്‌.

ചെറിയ പട്ടണത്തില്‍ ജീവിക്കുമ്പോള്‍ നിങ്ങള്‍ക്കു തോന്നും. മറ്റെവിടേക്കെങ്കിലും രക്ഷപ്പെട്ട്‌ ജീവിതം കരുപ്പിടിപ്പിക്കണമെന്ന്. നമ്മളില്‍ മിക്കവരും ഒരിക്കലും പിന്തിരിഞ്ഞുനോക്കാതെ, എങ്ങിനെയെങ്കിലും ചാടി രക്ഷപ്പെടുകയും ചെയ്യുന്നു. വര്‍ഷങ്ങളെടുക്കും ഇതു സാധിക്കാന്‍. പക്ഷേ പെട്ടെന്നൊരു ദിവസമാണ്‌ ആ ബന്ധം മുറിഞ്ഞുവെന്ന് നിങ്ങള്‍ മനസ്സിലാക്കുക. നമ്മളും കൂട്ടുകാരുമൊക്കെ താമസിച്ചിരുന്ന വീടുകളില്‍ അപ്പോഴേക്കും മറ്റാരൊക്കെയോ താമസിക്കുന്നുണ്ടാകും. നമ്മുടെ മാത്രമെന്ന് സങ്കല്‍പ്പിച്ചിരുന്ന രഹസ്യസങ്കേതങ്ങളില്‍ മറ്റേതൊക്കെയോ കമിതാക്കള്‍ കൈകള്‍കോര്‍ത്ത്‌ ഇരിക്കുന്നുണ്ടാകും.

ബന്ധം മുറിയുമ്പോള്‍ മറ്റൊരു വിചിത്രമായ കാര്യം കൂടി സംഭവിക്കുന്നു. ഏതോ അന്യനാട്ടില്‍നിന്നെന്നപോലെ നമ്മുടെ വീടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മെ തേടിയെത്തുന്നു. ഇന്ത്യയുടെ ഹൃദയഭാഗത്തിന്റെ പ്രാകൃത-പിന്നോക്കാവസ്ഥയെക്കുറിച്ചൊന്നും വിശ്വാസം വരാത്ത നഗരവിഡ്ഢി ചോദിക്കുന്നു "നിന്റെ ആ പഴയ നാട്ടില്‍ ദളിതരെ കൊന്നൊടുക്കിയ വാര്‍ത്ത അറിഞ്ഞില്ലേ?" എന്ന്. സ്വന്തം നഗരത്തില്‍ നടക്കുന്ന പ്രാകൃതത്വങ്ങളെക്കുറിച്ചും, ഇരുട്ടിന്റെ മറവില്‍ വില്‍പ്പനച്ചരക്കാകുന്ന അസംഖ്യം കുട്ടികളെക്കുറിച്ചും ഒരു നിശ്ചയവുമില്ലാത്ത ആ പടുവിഡ്ഢിയെ അപ്പോള്‍ നമ്മള്‍ സഹതാപത്തോടെ നോക്കും.

വിഭജിതമായ മതസമുദായങ്ങളെക്കുറിച്ചും, മറ്റൊരാളുടെ മരണത്തില്‍ നമുക്ക്‌ തോന്നുന്ന നിര്‍വ്വികാരതയെക്കുറിച്ചുമൊക്കെ അയാളോട്‌ നമുക്ക്‌ എന്തൊക്കെയോ പറയണമെന്നുണ്ട്‌. എങ്കിലും, എന്തെങ്കിലുമൊന്ന് ഉറപ്പിച്ചുപറയാന്‍ തക്കവണ്ണമുള്ള ബന്ധമൊക്കെ, നമ്മുടെ നാടുമായി, നമുക്ക്‌ എന്നോ നഷ്ടമാവുകയും ചെയ്തിരിക്കുന്നു. മാത്രവുമല്ല, കേള്‍ക്കുന്നതും പറയുന്നതുമൊക്കെ സത്യമാണെന്ന ഭീകരമായ സംശയവും നമ്മെ ചൂഴുന്നുണ്ട്‌. ഈ വലിയ നഗരം നമുക്ക്‌ അഭയവും, പ്രതീക്ഷയും, സ്വയം പുനര്‍നിര്‍മ്മിക്കാനുള്ള അവസരവും തന്നിരിക്കുന്നുവെന്ന് നമ്മളൊക്കെ ഉള്ളില്‍ വിശ്വസിക്കുകയും ചെയ്യുന്നു. സംസാരിക്കാന്‍ തക്കവണ്ണം ഒന്നുമില്ലെന്നും എന്നാല്‍ ചെയ്തുതീര്‍ക്കാന്‍ ഒട്ടനവധിയുണ്ടെന്നും നമ്മള്‍ നമ്മളെത്തന്നെ വിശ്വസിപ്പിക്കുകയാണ്‌. പക്ഷേ സത്യത്തില്‍, നമ്മള്‍ ഞെട്ടിത്തരിച്ചുനില്‍ക്കുകയാണ്‌. ശൂന്യതയില്‍ നിന്നു പൊട്ടിമുളച്ചവരെപ്പോലെയാണ്‌ നമ്മള്‍ അഭിനയിക്കുന്നത്‌.

സ്വന്തം വീടിനു നമ്മെ ഉള്‍ക്കൊള്ളാനാകുന്നില്ലെങ്കില്‍, മറ്റെന്തു ചെയ്യാനാകും നമുക്ക്‌? എല്ലാവരും എല്ലാവരെയും സ്നേഹിച്ചിരുന്ന, എല്ലാ കുടുംബങ്ങളും ഒരുപോലെ സുഖദു:ഖങ്ങള്‍ പങ്കുവെച്ചിരുന്ന ഒരു സ്വപ്നഭൂമിയെ നമ്മള്‍ വെറുതെയെങ്കിലും ഉള്ളില്‍ നിരൂപിക്കും. കാരണം, നാട്ടുമ്പുറങ്ങളെ ഇന്നു കയ്യടക്കിയിരിക്കുന്നത്‌ വിസര്‍ജ്ജ്യങ്ങളാണ്‌. മത്സരിക്കാനുള്ള ത്രാണിയൊന്നും അവിടങ്ങളിലെ യുവത്വങ്ങള്‍ക്കില്ല. വിരലിലെണ്ണാവുന്നവരൊഴിച്ച്‌ എല്ലാവരും ജീര്‍ണ്ണിക്കുകയാണ്‌ അവിടെ. സ്വസ്ഥമായി ചാവാന്‍ വേണ്ടിയല്ലാതെ, ആരും ഇപ്പോള്‍ അവിടേക്കൊന്നും പോകുന്നില്ല.

ബിനായകിനെപ്പോലുള്ളവരൊഴിച്ച്‌ മറ്റാരും.

നമ്മളെല്ലാവരും അംഗങ്ങളായിരുന്ന ക്ലബ്ബ്‌ വിട്ട്‌ ക്ലബ്ബുകളേക്കുറിച്ച്‌ കേട്ടറിവുപോലുമില്ലാത്ത സ്ഥലങ്ങളിലേക്ക്‌ ബിനായക്‌ പോയി. ബിനായകിന്റെ സഹോദരന്‍, എന്റെ സുഹൃത്ത്‌ ദീപാങ്കര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു, സാഗറില്‍ കഴിച്ചുകൂട്ടിയ നാളുകള്‍ അയാള്‍ക്ക്‌ നരകതുല്യമായിരുന്നുവെന്നും, അതിനപ്പുറത്തേക്ക്‌ കടക്കാന്‍ എന്നെങ്കിലും കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും.

എന്റെ പൊന്നു ചങ്ങാതീ, നിന്റെ സഹോദരന്‍ അതിനേക്കാളും വലിയ നരകങ്ങളിലേക്കാണ്‌ യാത്രയായത്‌. സ്വന്തമിഷ്ടപ്രകാരം അയാളവിടെ താമസിക്കുകയും ചെയ്തു. എന്റെ കൂടെ മുംബൈയിലോ, എന്റെ സഹോദരിയുടെകൂടെ വാഷിംഗ്‌ടണിലോ, നിന്റെ രണ്ടാമത്തെ സഹോദരന്റെ കൂടെ തുര്‍ക്കിയിലോ, നിന്റെ കൂടെ ബെല്‍ജിയത്തിലോ പോകാമായിരുന്നില്ലേ അയാള്‍ക്ക്‌? ഒരു ഡോക്ടര്‍ എന്ന നിലക്ക്‌ വിജയം കൊയ്യാമായിരുന്നില്ലേ? പണ്ട്‌ നമ്മുടെ നാട്ടിലുണ്ടായിരുന്ന സാജിദ്‌ ഖാന്‍ എന്ന തമാശക്കാരന്‍ പറയാറുണ്ടായിരുന്നതുപോലെ, "വെറും പണക്കാരനല്ല, വമ്പന്‍ വമ്പന്‍ പണക്കാരന്‍' ആകാമായിരുന്നില്ലേ നിന്റെ ഏട്ടന്‌?

"കുട്ടികളെയും ഭാര്യയെയും ബാങ്ക്‌ അക്കൗണ്ടിനെയും സ്നേഹിച്ചും' കഴിയാമായിരുന്നില്ലേ എന്നും വേണമെങ്കില്‍ ഇവിടെ ആലോചിക്കാവുന്നതാണ്‌. ബോളിവുഡില്‍ നിന്നുള്ള ആളല്ലാത്തതുകൊണ്ട്‌, കക്കൂസു മുതല്‍ ഉപരിവിദ്യാഭ്യാസംവരെയുള്ള എല്ലാ വിഷയത്തെക്കുറിച്ചും സംസാരിക്കാനോ അഭിപ്രായം പറയാനോ ഒന്നും ഒരുപക്ഷേ അദ്ദേഹത്തിന്‌ കഴിഞ്ഞില്ലെന്നുവരും. അതൊന്നും സാരമാക്കാനില്ല. അതൊക്കെ നികത്താന്‍ ബാങ്ക്‌ അക്കൗണ്ടുകള്‍ക്ക്‌ നിഷ്‌പ്രയാസം സാധിക്കുമല്ലൊ. എന്നിട്ട്‌, അദ്ദേഹം തിരഞ്ഞെടുത്ത സ്ഥലമോ? നല്ല പ്രവൃത്തികള്‍ക്കുള്ള പ്രതിഫലമായി ജയില്‍വാസം കിട്ടുന്ന സ്ഥലം. ഒരു ഡോക്ടറാണെന്ന കാര്യം കൂടി എഫ്‌.ഐ.ആറില്‍ സ്ഥിരീകരിക്കാന്‍ പോലീസ്‌ വിസമ്മതിക്കുന്ന സ്ഥലം. തലയുയര്‍ത്താന്‍ ഇനിയും ആരെങ്കിലും ധൈര്യപ്പെടുന്നുണ്ടെങ്കില്‍, അവര്‍ക്കും ഇതു തന്നെയാണ്‌ ഗതിയെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നവര്‍ ഭരണം കയ്യടക്കിയിരിക്കുന്ന സ്ഥലം. തന്റെ ഭര്‍ത്താവിനെ തിരിച്ചുകിട്ടാന്‍ ബിനായകിന്റെ ഭാര്യ ഒറ്റക്കുനിന്ന് പൊരുതുന്ന സ്ഥലം.

ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍ വേണ്ടി എന്റെ മുത്തച്ഛന്‍ ഉപേക്ഷിച്ചുപോയ അതേ ഗ്രാമമാണിത്‌. ഉത്തര്‍പ്രദേശിലെ ഒരു ക്ഷാമബാധിത ഗ്രാമം. എനിക്കും ജീവിതത്തില്‍ പലപ്പോഴും പൊരുതേണ്ടിവന്നിട്ടുണ്ട്‌. എങ്കിലും ബിനായകിന്റെ മുന്‍പില്‍ ഞാന്‍ തലകുനിക്കുന്നു. മാര്‍ക്സിസത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്ന ആളൊന്നുമല്ല ഞാന്‍. അധികാരം തോക്കിന്‍കുഴലിലൂടെ വരുമെന്നും ഞാന്‍ കരുതുന്നില്ല. ബിനായകും അങ്ങിനെ കരുതുന്നില്ലെന്ന് എനിക്ക്‌ ഉറപ്പുണ്ട്‌.

ബിനായകിനെപ്പോലുള്ളവര്‍ പറയുന്നതും അഭിസംബോധന ചെയ്യുന്നതുമായ വിഷയങ്ങളെ അവരിലൂടെ കാണാനും മനസ്സിലാക്കാനും ഇന്ത്യ പഠിക്കേണ്ടിയിരിക്കുന്നു. സഹിഷ്ണുതക്കുവേണ്ടിയുള്ള ബിനായകിന്റെ അഭ്യര്‍ത്ഥനയെ മാനിച്ചില്ലെങ്കില്‍ കൂടുതല്‍ അക്രമങ്ങളിലേക്ക്‌ രാജ്യത്തെ അത്‌ നയിച്ചേക്കും. ഓരോ പ്രദേശത്തിനും അതിന്റേതായ പ്രശ്നങ്ങളുണ്ട്‌. അതിന്റേതായ പരിഹാരമാര്‍ഗ്ഗങ്ങളും.

ഞാന്‍ പിന്നിലുപേക്ഷിച്ചുപോന്ന എന്റെ നിരവധി വീടുകളില്‍ ഒന്നിനുവേണ്ടിയെങ്കിലും സംസാരിച്ചതിന്‌ ബിനായക്‌ ദാ, നന്ദി.




കടപ്പാട് - തെഹല്‍ക്കയില്‍ സുധീര്‍ മിശ്ര എഴുതിയ ലേഖനത്തിന്റെ പരിഭാഷ. പ്രശസ്തമായ ചില സിനിമകളുടെ സംവിധായകനാണ്‌ സുധീര്‍ മിശ്ര. ഇന്ത്യയിലെ സമാന്തര നാടകവേദിയുടെ ആചാര്യനായ ബാദല്‍ സര്‍ക്കാരുമായുള്ള പരിചയത്തിലൂടെ പൊതുരംഗത്തേക്കു വന്ന ഒരു ചലച്ചിത്രകാരന്‍.

ജോണ്‍ മാസ്റ്റര്‍ - ബംഗാളിലെ നിശാസഞ്ചാരികള്‍ (Nightrunners of Bengal) ഭവാനി ജങ്ങ്‌ഷന്‍ (Bhowani Junction) തുടങ്ങിയ നോവലുകളുടെ രചയിതാവ്‌.

9 comments:

Rajeeve Chelanat said...

ഞങ്ങളുടെ സ്വകര്യ ജന്മഗേഹങ്ങളുടെ കാവല്‍ക്കാരന്‍

അനോമണി said...

രാജീവ് ജി,

ബിനായക് സെന്‍‌ മോചിതനാകാന്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും കുറച്ച് ഏഴുതാമായിരുന്നു. (മുന്‍പ് എഴുതിയിരുന്നതായിരുന്നോ? ഞാന്‍ കാണാത്തതായിരുന്നോ?)

Rajeeve Chelanat said...

അനോമണി

എന്റെ ഒരു ഇംഗ്ലീഷ് ബ്ലോഗ്ഗില്‍ (Notes from hard times) ബിനായക് സെന്നിനെ പിന്തുണച്ചുകൊണ്ടുള്ള ഒരു വാര്‍ത്താശകലവും, അദ്ദേഹത്തെ വിട്ടയക്കാനുള്ള പെറ്റീഷനിലേക്ക് ചൂണ്ടുന്ന ഒരു ലിങ്കും കൊടുത്തിട്ടുണ്ടായിരുന്നു.

അഭിവാദ്യങ്ങളോടെ

vadavosky said...

എനിക്കും ജീവിതത്തില്‍ പലപ്പോഴും പൊരുതേണ്ടിവന്നിട്ടുണ്ട്‌. എങ്കിലും ബിനായകിന്റെ മുന്‍പില്‍ ഞാന്‍ തലകുനിക്കുന്നു.

പാമരന്‍ said...

"ഞാന്‍ പിന്നിലുപേക്ഷിച്ചുപോന്ന എന്റെ നിരവധി വീടുകളില്‍ ഒന്നിനുവേണ്ടിയെങ്കിലും സംസാരിച്ചതിന്‌ ബിനായക്‌ ദാ, നന്ദി."

K.V Manikantan said...

രാജീവ് ജി,
തലേക്കെട്ടിനു താഴെ തന്നെ എഴുതിയ ആളുടെ പേര്‍ ചേര്‍ത്താല്‍ നന്നായിരുന്നു. മുമ്പ് പറയണം എന്ന് വിചാരിച്ചതാണ്. ‘ഞാന്‍, എനിക്ക്’ എന്നിങ്ങനെ വരുന്ന പരിഭാഷകളില്‍, ലേഖകന്‍ രാജീവ് ജി ആണോ എന്ന് ഞാന്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. അതിനാല്‍ പറയുന്നതാണ്.

- ഈ ബ്ലോഗിന്റെ ഒരു സ്ഥിരം സന്ദര്‍ശകന്‍.

Jayasree Lakshmy Kumar said...

സങ്കുചിതൻ പറഞ്ഞതു പോലൊരു ചിന്ത എന്റെ മനസ്സിലും വന്നു. പക്ഷെ ടോപിക് മുഴുവൻ വായിച്ചാൽ തീരാവുന്ന സംശയം തന്നെ. നൈസ് ടോപിക് രാജീവ്.

Rajeeve Chelanat said...

സങ്കുചിതന്‍, ലക്ഷ്മി,

നിര്‍ദ്ദേശത്തിനു നന്ദി. ഇനി മുതല്‍ ശ്രദ്ധിച്ചുകൊള്ളാം.

അഭിവാദ്യങ്ങളോടെ

OpenThoughts said...

രാജീവ്ജീ,
സെന്നിനെ കുറിച്ചു ആഴ്ചകള്‍ക്ക് മുമ്പു ഒരു മലയാളം വീക്ക്‌ലിയില്‍ വായിച്ചിരുന്നു. ഈ പോസ്റ്റും വളരെ വിജ്ഞാനപ്രദം ..

സസ്നേഹം,
നവാസ് .